ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി (ഗദ്യനാടകം)

രചന:മൂർക്കോത്തു കുമാരൻ

[ 1 ]

ഒരു മഹാ സത്യം


അഥവാ


കൂനിയുടെ കുസൃതി


ഒരു ഗദ്യനാടകം



ഗ്രന്ഥകൎത്താവ്:

മൂൎക്കോത്തു കുമാരൻ



വില അണാ 12.
പകൎപ്പവകാശം.



CANNANORE:

THE CAXTON PRINTING WORKS.

[ 2 ]

ഒരു മഹാ സത്യം


അഥവാ


കൂനിയുടെ കുസൃതി


ഒരു ഗദ്യനാടകം



ഗ്രന്ഥകൎത്താവ്:

മൂൎക്കോത്തു കുമാരൻ



വില അണാ 12.
പകൎപ്പവകാശം.



CANNANORE:

THE CAXTON PRINTING WORKS.

[ 3 ]

കൂനിയുടെ കുസൃതി


അങ്കം 1. രംഗം 1.


[ഒരു രാജവീഥി അലങ്കരിച്ചുകൊണ്ടു പാടികളിച്ചു ചില പെൺകുട്ടികൾ പ്രവേശിക്കുന്നു. ഇതു കണ്ടുകൊണ്ട് മന്ഥര പ്രവേശിക്കുന്നു.]


മന്ഥര‌ ‌- കുട്ടികളെ, നിങ്ങൾക്കെന്താണ് ഇന്നിത്ര സന്തോഷം? നിങ്ങളെന്താണ് തെരുവീഥികളൊക്കെ അലങ്കരിക്കാൻ പുറപ്പെട്ടത്? കൌസല്യാദേവി മറ്റൊരു കുട്ടിയെ കൂടി പ്രസവിച്ചുവൊ? മഹാരാജാവിന്നു മറ്റൊരു സന്താനം കൂടി ഉണ്ടായൊ? ശാന്തദേവി ഭൎത്താവോടുകൂടി രാജധാനിക്കു എഴുന്നെള്ളുന്നുണ്ടൊ? നിങ്ങൾക്കെന്താണ് ഇന്നിത്ര സന്തോഷം?


ഒന്നാംകുട്ടി‌ ‌- അതെന്തെ, രാജ്യം മുഴുവൻ പരസ്യമായ സന്തോഷവൎത്തമാനം നിൻറെ ചെവിയിൽ മാത്രം എത്തിയില്ലെന്നൊ?
[ 4 ]
രണ്ടാംകുട്ടി - മന്ഥര എവിടെയായിരുന്നു? അയോദ്ധ്യയിൽ ഇല്ലായിരുന്നുവൊ?


മൂന്നാംകുട്ടി‌ ‌- മന്ഥര കിടന്നുറങ്ങിപ്പോയി. ഇന്നലെ ഉണ്ടായ നിശ്ചയങ്ങളൊന്നും അറിഞ്ഞതേ ഇല്ല.


മന്ഥര‌ ‌- എന്തു നിശ്ചയം? ഞാനൊന്നും അറിഞ്ഞില്ല. പറവിൻ.


ഒന്നാംകുട്ടി‌ ‌- ഞാൻ പറയാം. ഞാൻ പറയാം. നിങ്ങളാരും മിണ്ടരുത്. മന്ഥരെ, നീ ഞാൻ പറയുന്നതേ വിശ്വസിക്കാവു. ഇവരൊക്കെ വലിയ പരിഹാസക്കാരാണ്.


മന്ഥര‌ ‌- ആരെങ്കിലും പറവിൻ. കേൾക്കട്ടെ.


ഒന്നാംകുട്ടി‌ ‌- ഈ അയോദ്ധ്യയിൽ രോഗികളും, അംഗഭംഗമുള്ളവരും, ദുഷ്ടരും ആയ ചിലരുണ്ടെന്നു മഹാരാജാവു തിരുമനസ്സുകൊണ്ടു അറിഞ്ഞിരിക്കുന്നു.


മന്ഥര‌ ‌- അതുകൊണ്ട്? അവരെയൊക്കെ രാജ്യത്തുനിന്നു പുറത്താക്കികളവാൻ തീർച്ചയാക്കിയൊ?


ഒന്നാംകുട്ടി‌ ‌- നീ കേൾക്കൂ. മഹാരാജാവു തിരുമനസ്സുകൊണ്ട് ഇന്നലെ വസിഷ്ഠമഹൎഷിയെ വരുത്തി ഇങ്ങിനെ പറഞ്ഞു : "ഞാൻ വളരെ സത്യസന്ധതയോടുകൂടി രാജ്യപരിപാലനം ചെയ്തുവരുന്ന ഈ കാലത്ത് എൻറെ രാജ്യത്ത് ഇത്ര അധികം രോഗികളും, [ 5 ] അംഗഭംഗമുള്ളവരും ഉണ്ടായിരിക്കയെന്നതു വലിയ കഷ്ടമാണ്. അവരുടെ രോഗങ്ങളും അംഗഭംഗങ്ങളും ഇല്ലായ്മ ചെയ്‌വാൻ അവിടുന്നു തന്നെ ഒരു ഉപായം കാണണം." ഇതു കേട്ടപ്പോൾ വസിഷ്ഠമഹർഷി അശ്വനിദേവകളെ അയോദ്ധ്യയിൽ ക്ഷണിച്ചുവരുത്തുവാൻ തീർച്ചയാക്കിയിരിക്കുന്നു. ദേവകളെ സ്വീകരിക്കാനാണ്‌ ഞങ്ങൾ തെരുവീഥികളെ അലങ്കരിക്കുന്നത്.


രണ്ടാം കുട്ടി‌ ‌- മന്ഥരയ്ക്കു ഇനി സുഖമായിപ്പോയി.


മന്ഥര‌ ‌- എനിക്കു അല്ലെങ്കിലെന്താണ് സുഖക്കേട്‌?


മൂന്നാം കുട്ടി‌ ‌- അതല്ലെ പറയുന്നു? മന്ഥരക്കെന്താണ് കൈ ഒടിഞ്ഞിരിക്കുന്നുവൊ, കാലൊടിഞ്ഞിരിക്കുന്നുവൊ, കണ്ണു പൊട്ടീട്ടുണ്ടൊ?


ഒന്നാംകുട്ടി‌ ‌- കൂനുണ്ടൊ?


മന്ഥര‌ ‌- മതി കുട്ടികളെ, മതി. നിങ്ങളുടെ പരിഹാസം മതി. കൂനു ദൈവം തന്നതാണ്. അതിനെപ്പറ്റി അത്ര പരിഹസിക്കാനൊന്നുമില്ല. ദൈവം വിചാരിച്ചാൽ നിങ്ങൾക്കും കൂനുണ്ടാക്കാൻ പ്രയാസമില്ല. പരിഹാസം നന്നല്ല.


രണ്ടാം കുട്ടി‌ ‌- ശരിയാണ്. "പാരം പരിഹസിച്ചീടുന്നവർകൾക്കു ഘോരനരകമെന്നുണ്ടുവേദോക്തിയും"-എന്നു നിങ്ങൾ കേട്ടിട്ടില്ലെ? ആട്ടെ, മന്ഥര ഇനി പേടിക്കേണ്ട. അശ്വനിദേവകൾ അയോദ്ധ്യയിൽ എഴു
[ 6 ]

ന്നെള്ളുന്ന നിമിഷത്തിൽ കൂനു മാറി മന്ഥര നമ്മെപ്പോലെ ആയിത്തീരും.

ഒന്നാംകുട്ടി‌ ‌- ആവു, മന്ഥരയ്ക്കു കൂനില്ലെങ്കിൽ എന്തൊരു സുന്ദരിയായിരിക്കും! കൈകയിദേവികൂടി ഇത്ര സുന്ദരിയായിരിക്കില്ല. നിശ്ചയം.
മന്ഥര‌ ‌- കുട്ടികളെ, നിങ്ങൾക്കു എന്തൊ ആപത്തു നേരിട്ടിരിക്കുന്നു. നിങ്ങളെപ്പോലുള്ള കുട്ടികളുള്ള രാജ്യത്തിനും അതിലെ രാജാവിനും എന്തൊ അനൎത്ഥം നേരിടാതിരിക്കയില്ല.
ഒന്നാംകുട്ടി‌ ‌- ഓഹോ, രാജദ്രോഹി, നീ രാജാവിന്നു അനൎത്ഥം ആശംസിക്കുന്നുവൊ? മഹാപാപി, അനൎത്ഥമൊ? നീ അറിഞ്ഞിട്ടില്ലെ, ഇല്ലെങ്കിൽ പറഞ്ഞുതരാം. നാളെ ശ്രീരാമദേവനെ യുവരാജാവാക്കി അഭിഷേകം ചെയ്യുന്നു. കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ കേട്ടോളു . അതിന്നാണ് ഞങ്ങൾ രാജവീഥി അലങ്കരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ സന്തോഷിച്ചു പാടുന്നത്. രാജ്യത്തിന്നു അനൎത്ഥമൊ, രാമദേവൻ യുവരാജാവായാൽ രാജ്യത്തിന്നു അനൎത്ഥമൊ, മഹാപാപി? ഇത്ര ശാന്തനും ധൎമ്മിഷ്ഠനും സത്യവാനും പരോപകാരതൽപരനും മഹാത്മാവുമായ ശ്രീരാമസ്വാമി യുവരാജാവാകുന്ന അവസരത്തിൽ നീ അമംഗളം പറയുന്നുവോ കൂനീ?
മന്ഥര‌ ‌- നിങ്ങളുടെ ധിക്കാരം മതി. നിങ്ങൾ പാടുവിൻ, നിങ്ങളാടുവിൻ, മദിക്കുവിൻ, സന്തോഷിക്കുവിൻ.
[ 7 ]

ശ്രീരാമൻ യുവരാജാവ്! ആട്ടെ, അതു കാണാമല്ലൊ. ചെറുപ്പത്തിൽ അയാൾ എൻറെ കൂനിന്മേൽ കല്ലെറിഞ്ഞു പരിഹസിച്ചത് ഞാൻ മറക്കുമൊ? ഈ കൂന് എൻറെ പുറത്തുള്ള കാലത്തോളം ഞാൻ മറക്കുകയില്ല. പ്രതികാരത്തിന്നുള്ള അവസരം ഇതാണ്. (ബദ്ധപ്പെട്ടു പോകുന്നു.)


കുട്ടികൾ‌ ‌- (പാടുന്നു)
പരശുരാഗം_ ആദിതാളം.
(ഇന്നാളവലഗാതെ_എന്നമട്ട്)

പോടീ നീ ചേടി പോടീ, പോടീ കൂനീ,

എന്തുനീ ചെയ്യുവാ, നെന്തുനീ ചെയ്യുവാൻ?

ചെന്താമരാക്ഷനോടു_ പോടീനീ_)

താമരസാക്ഷനെ, രാമനെ, രാജനെ,

നീമതിയോ, പെണ്ണെ ഭീപെടുത്തീടുവാൻ?

നീയാരൊ, രാമനാരൊ,

പൊല്ലാപ്പു ചൊല്ലാതെ, പോടീനീ_)

ബാലനിശേശനെ, താരക നാഥനെ,

ശ്വാവിളിച്ചോപെണ്ണെ ഭീപെടുത്തീടുവാൻ,

പാപീനീ, പോ, കൂനീ

നാശങ്ങളേശാതെ,__പോടീനീ_)

ഒരു സന്യാസി പ്രവേശിക്കുന്നു.


സന്യാസി - കുട്ടികളെ നിങ്ങൾ ആരെയാണ് ഇങ്ങിനെ അപഹസിക്കുന്നത്.
[ 8 ]
ഒന്നാംകുട്ടി‌ ‌- മഹാനുഭാവനായ അങ്ങേക്കു നമസ്കാരം. മന്ഥരയെന്ന കൂനി മഹാരാജാവിനെയും രാമദേവനെയും അയോദ്ധ്യയിലെ പൌരന്മാരെയും ശപിച്ചതുകേട്ടു കോപംകൊണ്ടു ഞങ്ങൾ ആ വിധം പറഞ്ഞുപോയതാണ്.
സന്യാസി‌ ‌- നിങ്ങൾ ആ കൂനിയുടെ അംഗഭംഗത്തെ അടിസ്ഥാനമാക്കി അവളെ പരിഹസിച്ചു ഇല്ലെ? ശരി. എനിക്കു മനസ്സിലായി. നിങ്ങൾ ചെയ്തതു വലിയ തെറ്റാണ്. നിങ്ങൾ തൽക്കാലത്തെ വിനോദത്തിന്നു വേണ്ടി പറഞ്ഞതായിരിക്കാം. എന്നാൽ അതുകൊണ്ട് എന്തെല്ലാം അനൎത്ഥം ആൎക്കെല്ലാം ഉണ്ടാവാൻ സംഗതിയുണ്ടെന്നു നിങ്ങൾക്കു ഇപ്പോൾ ഊഹിപ്പാൻ കഴികയില്ല. എത്രയൊ ശിഥിലമായ ഈ കാൎയ്യത്തിൽനിന്നു എത്ര ഭയങ്കരമായ അനൎത്ഥങ്ങൾ അനുഭവമാകുമെന്നു നിങ്ങൾ ക്രമേണ അറിയും. ആരേയും പരിഹസിക്കരുതു. ആരുടേയും മനസ്സു വേദനപ്പെടുത്തുന്ന കാൎയ്യങ്ങൾ പറകയൊ ചെയ്കയൊ ചെയ്യരുതു.
രണ്ടാംകുട്ടി‌ ‌- ഭഗവാനെ, ഇവിടുന്നു അരുളിചെയ്തതു കേട്ടു ഞങ്ങൾ വളരെ ഭയപ്പെടുന്നു.
സന്യാസി‌ ‌- ഇനി ഭയപ്പെട്ടിട്ടു ഫലമില്ല. ചെയ്യേണ്ടതു ചെയ്തു_ പറയേണ്ടതു പറഞ്ഞു. അതിന്റെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല. മന്ഥര എന്താണ് പറഞ്ഞത്?
[ 9 ]
ഒന്നാംകുട്ടി‌ ‌- "ശ്രീരാമൻ യുവരാജാവാകുന്നതു കാണാമല്ലൊ. അയാൾ ചെറുപ്പത്തിൽ എൻറെ കൂനിന്മേൽ കല്ലെറിഞ്ഞതു ഞാൻ മറന്നിട്ടില്ല. പ്രതികാരത്തിനുള്ള അവസരമാണിത്"-എന്നാണ് അവൾ പറഞ്ഞത്.
സന്യാസി ‌ ‌- കഷ്ടം! ഈ വക മംഗളകൎമ്മങ്ങളെ അമംഗളമാക്കാൻ വെറും നിസ്സാരന്മാർ വിചാരിച്ചാലും സാധിക്കും. അഥവാ, ഈശ്വരകല്പിതം വല്ലവൎക്കും തടുപ്പാൻ കഴിയുമൊ?
ഒന്നാംകുട്ടി‌ ‌- ഇവിടുന്നു അങ്ങിനെ പറഞ്ഞതിൻറെ അർത്ഥമെന്താണ്? രാമചന്ദ്രന്നു വല്ല സങ്കടവും വരാൻ പോകുന്നുണ്ടൊ?
സന്യാസി ‌ ‌- കുട്ടികളായ നിങ്ങൾക്ക് അതൊന്നും അറിഞ്ഞിട്ടു ആവശ്യമില്ല. നിങ്ങൾ പാടി കളിച്ചുകൊൾവിൻ.
(സന്യാസി പോയി)


ഒന്നാംകുട്ടി‌ ‌- എനിക്കു ഈ സന്യാസിയുടെ വാക്കുകേട്ടു വളരെ ഭയമാകുന്നു. നമ്മൾ ചെയ്തതു തെറ്റിപ്പോയെന്നല്ലെ തോന്നുന്നത്. ഇനി നാം എന്താണ് ചെയ്യേണ്ടത്.
മൂന്നാം കുട്ടി‌ ‌- നമ്മൾ പോയി കൌസല്യാദേവിയോടു ഈ വിവരം പറയുക.
ഒന്നാംകുട്ടി‌ ‌- അതാണ് നല്ലത്.
(എല്ലാവരും പോയി)



[ 10 ]
രംഗം 2.

(മന്ഥരയും കൊട്ടാരത്തിലെ ഒരു ദാസിയും പ്രവേശിക്കുന്നു.)


മന്ഥര‌ ‌- കൈകയിദേവി ഈ വൎത്തമാനം കേവലം അറിഞ്ഞിട്ടില്ലെന്നാണൊ നീ പറയുന്നത്?
ദാസി‌ ‌- ഇല്ല. അറിഞ്ഞിട്ടില്ല. ഞാൻ ഇതാ മഹാരാജ്ഞിയുടെ അടുക്കൽനിന്നാണ് വരുന്നത്. അങ്ങിനെ ഒരു വിവരം അറിഞ്ഞിരുന്നുവെങ്കിൽ അതിനെപ്പറ്റി എന്നോടും മറ്റു ദാസികളോടും പറയാതെ ഇരിക്കയില്ല.
മന്ഥര‌ ‌- മഹാരാജാവു ഇന്നലെ രാത്രി എവിടെയായിരുന്നു?
ദാസി‌ ‌- കൌസല്യാദേവിയുടെ കൊട്ടാരത്തിലായിരുന്നു.
മന്ഥര‌ ‌- ശരി. ഭരതനും ശത്രുഘ്നനും എവിടെയാണുള്ളത്.
ദാസി‌ ‌- ആ വിവരം നിങ്ങൾ അറിഞ്ഞിട്ടില്ലെ?
മന്ഥര‌ ‌- ഞാൻ പോയിട്ടു ഒരു മാസമായില്ലെ. ഇന്നു കാലത്തെയാണ് മടങ്ങിവന്നത്. മടങ്ങി ഞാൻ വീട്ടിൽ പോയിട്ടുകൂടി ഇല്ല.
ദാസി‌ ‌- രാജകുമാരന്മാർ ഇരുവരും കേകയരാജ്യത്ത് പോയിട്ട് അല്പദിവസമായല്ലൊ. യുദ്ധാജിത്ത്‌രാജാവിൻറെ ക്ഷണനപ്രകാരമാണത്രെ ഭരതദേവൻ പോയത്. ശത്രുഘ്നദേവനും ഒന്നിച്ചുപോയി.
[ 11 ]
മന്ഥര‌ ‌- അങ്ങിനെയാണൊ? അവർ ഇന്നു മടങ്ങി വരുമൊ?
ദാസി‌ ‌- അതിൻറെ യാതൊരു വിവരവുമെനിക്കില്ല. എപ്പോൽ മടങ്ങിവരുമെന്നും നിശ്ചയമില്ല.
മന്ഥര‌ ‌- അഭിഷേകത്തിനു വന്നുചേരാൻ അവരെ ക്ഷണിച്ചിരുന്നില്ലെന്നൊ?
ദാസി‌ ‌- അതും എനിക്കു നിശ്ചയമില്ല.
മന്ഥര‌ ‌- ആട്ടെ, നീ ഇപ്പോൾ എങ്ങട്ടാണ് പോകുന്നത്?
ദാസി‌ ‌- ഞാൻ മടങ്ങി കൊട്ടാരത്തിലേക്കുതന്നെ പോകയാണ്.
മന്ഥര‌ ‌- നിന്നോടു മറ്റൊരു കാൎയ്യം ചോദിക്കേണമെന്നു വെച്ചാണ് നിന്നെ വിളിച്ചു നിറുത്തിയത്. കഴിഞ്ഞപ്രാവശ്യം ഞാൻ കൈകയിദേവിയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ ഉടുത്തിരുന്ന ചേല തന്നെ നീ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നുവല്ലൊ? എന്താണ് നിണക്ക് ആ ചേലയോടു ഇത്ര ആഗ്രഹമുണ്ടൊ?
ദാസി‌ ‌- എനിക്ക് ആഗ്രഹമുണ്ടായിട്ടെന്താണ്? അത്ര നല്ല ചേലധരിപ്പാൻ എനിക്കു യോഗ്യതയുണ്ടൊ? ആവിധമൊന്നു വാങ്ങാൻ എനിക്ക് പണമുണ്ടൊ?
മന്ഥര‌ ‌- നീ വിലകൊടുത്തു വാങ്ങേണമെന്ന് ആർ പറഞ്ഞു? ആ ചേല ഞാൻ നിണക്ക് സമ്മാനിക്കാൻ
[ 12 ]

വിചാരിക്കുന്നു. നാളരാവിലെ നീ വീട്ടിൽവരണം. കേട്ടുവോ?

ദാസി‌ ‌- (വിചാരം) എന്താണാവോ എന്നോടു ഇത്ര പെട്ടെന്ന് ഇത്ര ദയയുണ്ടാവാൻ കാരണം. (പ്രത്യക്ഷം)_ എനിക്ക് വളരെ സന്തോഷമായി. നാളെ ശ്രീരാമദേവൻറെ അഭിഷേകാവസരത്തിൽ എനിക്ക് ആ ചേല ധരിക്കാമല്ലൊ. അഭിഷേകത്തിൻറെ ഓൎമ്മയായി ഞാൻ അതു മരിക്കുന്നതുവരെ സൂക്ഷിക്കും. എന്നാൽ ഞാൻ ഇപ്പോൾ പോകട്ടെ. മഹാരാജ്ഞി എന്നെ കാണാതെ കോപിക്കുന്നുണ്ടായിരിക്കും.(പോകാൻ ഭാവിക്കുന്നു)
മന്ഥര‌ ‌- നോക്കൂ_ പോകാൻ വരട്ടെ; നീ ഒരു കാൎയ്യം വേണം. എന്നെ കണ്ടവിവരം മഹാരാജ്ഞിയെ അറിയിക്കരുത്.
ദാസി‌ ‌- ഒരിക്കലുമില്ല. ചേലക്കു ഞാൻ നാളെ എപ്പഴാണ് വരേണ്ടത്.
മന്ഥര‌ ‌- രാവിലെ വന്നോളൂ. നാളേക്കു അഭിഷേകം നിശ്ചയിച്ച വിവരം മഹാരാജ്ഞി ഇനിയും അറിഞ്ഞിട്ടില്ലെങ്കിൽ നീ അതു പറയേണമെന്നില്ല. ഞാൻതന്നെ വന്നു ദേവിയെ അറിയിച്ചുകൊള്ളാം.
ദാസി‌ ‌- അങ്ങിനെ ആവട്ടെ. വിവരം ആദ്യം അറിയിക്കുന്ന ആൾക്ക് മഹാരാജ്ഞി വല്ല സമ്മാനവും കൊടുക്കാതിരിക്കയില്ല.
[ 13 ]
മന്ഥര‌ ‌- അങ്ങിനെ വല്ലതും കിട്ടിയെങ്കിൽ അതു ഞാൻ നിണക്കു തരും. നീ ഇപ്പോൾ പോയിക്കോളൂ.
ദാസി‌ ‌- ചേലക്കു രാവിലെ എത്ര മണിക്കു വരേണമെന്നാണ് പറഞ്ഞത്?
മന്ഥര‌ ‌- നന്ന രാവിലെ വന്നോളൂ.
ദാസി‌ ‌- അങ്ങിനെയാവാം. അവിടേത്തന്നെ ഉണ്ടാകുമല്ലൊ. ഞാൻ പോകുന്നു.
(ദാസി പോയി)


മന്ഥര‌ ‌- (വിചാരം)

ഈ അഭിഷേകം നിശ്ചയമായും മുടക്കണം. അതു മന്ഥര വിചാരിച്ചാൽ സാധിക്കും. ആ ചെറിയ പെൺകുട്ടികൾ എന്നെ പരിഹസിച്ചതു കണ്ടില്ലെ? എന്നെ ഇവറ്റയൊക്കെ എന്തറിഞ്ഞു? രാമന്നു തന്നെയും എന്നെ പരിഹാസം. ഞാൻ ഒരു കൂനി! കൂനിക്കു ചെയ്വാൻ കഴിയുന്ന വൻകാൎയ്യങ്ങളും ഉണ്ടെന്നു ധരിക്കട്ടെ. അംഗഭംഗമല്ല കാൎയ്യം_ ലോകം മുഴുവൻ പ്രകാശിക്കുന്ന സൂൎയ്യഭഗവാൻറെ സാരഥി ആരാണ്? പംഗുവല്ലെ? എൻറെ നാവ് എൻറെ വായിലും, ബുദ്ധി തലയിലും ഉള്ള കാലത്തു ഞാൻ ഈ അഭിഷേകം മുടക്കി രാമനെ കാട്ടിലാക്കും.

(അണിയറയിൽ പാട്ടുകേൾക്കുന്നു)

[ 14 ] (കുമ്മി)

ആടിക്കളിക്കുവിൻ തോഴിമാരെ, പാടിരസിക്കുവിൻ മോദമോടെ, ആടിയും പാടിയും, തേടിയും മോദത്തെ കൂടിക്കളിക്കുവിനാസ്ഥയോടെ.

ആശകൾപത്തും രഥംനടത്തും രാജാദശരഥൻ വാണീടേണം, മിത്രം കളത്രങ്ങൾ പുത്രരുമൊന്നിച്ചു പാർത്തലംതന്നിൽ ജയിച്ചിടേണം.

പണ്ടുസുരാസുരസാഗരത്തിൽ കണ്ടിവാർവേണിയാം കൈകയിയെ കൊണ്ടുപോയ്തന്നുടെ പാടവംകാണിച്ച ചണ്ഡപരാക്രമൻ വാണിടേണം.

മന്ഥര - ഹാ. എനിക്കു ഈ പാട്ടു കേട്ടപ്പോൾ മറന്നുകിടന്നിരുന്ന ഒരു കാർയ്യം ഓർമ്മവന്നു. അതു ഈശ്വര വിലാസം തന്നെ. പണ്ടു കൈകയിദേവിയെ സുരാസുരയുദ്ധത്തിൽ കൊണ്ടുപോയ കഥയല്ലെ, ഇവർ പാടിയത്. അതു മടങ്ങിവന്നപ്പോൾ മഹാരാജ്ഞി എന്നോടു പറഞ്ഞതു ഞാൻ മറന്നിട്ടില്ല. ആ കഥ ഇവർ എന്നെ ഓർമ്മപ്പെടുത്തിയതു നന്നായി. കാർയ്യങ്ങൾ എങ്ങിനെയെല്ലാം യോജിച്ചുവരുന്നു ! ഈ പാട്ടു കേട്ടിരുന്നില്ലെങ്കിൽ ഈ കഥ ഞാൻ ഓർമ്മിക്കയില്ലായിരുന്നു. ആട്ടെ ഞാൻ മഹാരാജ്ഞിയെ ചെന്നു കാണട്ടെ.

(പോയി) [ 15 ] രംഗം.3

(കൌസല്യയും സീതയും പ്രവേശിക്കുന്നു)

കൌസല്യ - മകളെ, നാളെ മുതൽക്കു, നിനക്കു വലുതായ ഭാരവാഹിത്വം ഉണ്ടായിരിക്കുന്നു. ഇതുവരെ നീ വെറും ഒരു കുട്ടിയായിരുന്നു. നാളെമുതൽ ഒരു രാജ്ഞിയായി. ഇത്ര പെട്ടെന്നുണ്ടാകുന്ന ഈ മാറ്റത്തെപറ്റി നീ വിസ്മയിക്കാനൊന്നുമില്ല. രാമൻ ശിവചാപം, മുറിച്ച ആ തീയ്യതി മുതൽ നീ പ്രതീക്ഷിക്കേണ്ടിയിരുന്ന ഒരു പദവിയാണിത്. എന്നെന്നില്ലാതെ നീ ഒരു രാജ്ഞിയായി തീരുമെന്നു അന്നുതന്നെ -- ആ നിമിഷത്തിൽതന്നെ -- നീ ധരിക്കേണ്ടതായിരുന്നു. നിൻറെ വിനയസ്വഭാവംകൊണ്ടു നിണക്ക് അങ്ങിനെ ഒരു വിചാരം ഉണ്ടായിരുന്നില്ലായിരിക്കാം.

സീത -- അമ്മെ, ഞാൻ ഒരു കാലത്തു ഒരു മഹാ രാജ്ഞിയായിത്തീരുമെന്നുള്ളതു ഒരിക്കലെങ്കിലും എൻറെ മനസ്സിൽ കൂടി കടന്നുപോയിട്ടുകൂടി ഇല്ല. എനിക്കു വല്ല അഭിമാനവും ഉണ്ടായിരുന്നുവെങ്കിൽ അതു ഒരു മഹാത്മാവിൻറെ ഭാർയ്യയാവാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നുവെന്നു മാത്രമാണ്. ഇപ്പോൾ ഉണ്ടാവാൻ പോകുന്ന മാറ്റം ഇന്നവിധമായിരിക്കുമെന്നു എനിക്കു ഊഹിക്കാൻപോലും കഴിയുന്നില്ല. അഥവാ, മഹാരാജ്ഞിയും സ്ത്രീതന്നെയല്ലെ ? ഒരു രാജ്ഞിയായി [ 16 ] കഴിഞ്ഞാൽ എൻറെ പ്രകൃതിക്കും സ്വഭാവത്തിന്നും എങ്ങിനെയാണ് ഒരു മാറ്റം ഉണ്ടാവുകയെന്നു എനിക്കു മനസ്സിലാകുന്നില്ല.

കൌസല്യ - നിണക്കു മനസ്സിലാകാത്തതിൽ അത്ഭുതപ്പെ ടാനില്ല മകളെ. പ്രകൃത്യാ വിനയഗുണാന്വിതയായ നിണക്കു അതു മനസ്സിലാകയില്ല. എന്നാൽ ഞാൻ നിന്നോടു പറഞ്ഞുതരാം. ഞാൻ പറയുന്നതിൻറെ തത്വം നീ നിൻറെ ചുറ്റും നോക്കുന്നതായാൽ നിണക്കുതന്നെ നല്ലവണ്ണം ധരിപ്പാൻ സാധിക്കും. അധികാരവലിപ്പത്തിന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ വളരെ ഉണ്ട്. അധികാരം കിട്ടിക്കഴിഞ്ഞാൽ അങ്ങിനെയുള്ളവർ സ്വാർത്ഥത്തിന്നുവേണ്ടി പല അന്യായങ്ങളും പ്രവർത്തിക്കുന്നതു കാണാം. തങ്ങൾക്കു സ്നേഹമുള്ളവരെ സഹായിക്കണം, ഈർഷ്യയുള്ളവരെ ദ്രോഹിക്കണം, എന്നല്ലാതെ ന്യായം പ്രവർത്തിച്ചു ലോകത്തിൽ ക്ഷേമം ഉണ്ടാക്കണമെന്നു വിചാരിക്കുന്നവർ ദുർല്ലഭമായിരിക്കും. ന്യായം പാരിപലിപ്പാനും സാധുക്കളെ സംരക്ഷിപ്പാനുമാണ് അധികാരം ഉപയോഗിക്കേണ്ടത്. സ്വാർത്ഥം പരിപാലിപ്പാനും സാധുക്കളെ ദ്രോഹിപ്പാനുമല്ല.

സീത - അമ്മെ, ഞാൻ രാവണൻ എന്നൊരു രാക്ഷസനെ പ്പററി കേട്ടിട്ടുണ്ട്. ഇന്നാൾ അരുന്ധതീദേവി അവനെപ്പാറി പറഞ്ഞിരുന്നു. അങ്ങിനെയുള്ള രാക്ഷസന്മാരല്ലാതെ അധികാരമത്തന്മാരായി വല്ലതും പ്രവർത്തിക്കു പതിവുണ്ടോ ? [ 17 ] കൌസല്യ - സീതെ, നീ കുട്ടിയാണ്. നിണക്കു ലോകം അറിഞ്ഞുകൂടാ. അറിവാനുള്ള പ്രായവും ആയിട്ടില്ല. സത്യസന്ധന്മാരാണെന്നു ശ്രുതിപ്പെട്ട മഹാരാജാക്കന്മാർപോലും അധികാരമത്തന്മാരെപോലെ പ്രവർത്തിക്കേണ്ടിവരാം.

സീത - അമ്മ പറഞ്ഞതു എനിക്കു അശേഷം മനസ്സിലായില്ല.

കൌസല്യ - രാവണരാക്ഷസൻ അവൻറെ സഹജാലുള്ള ദുസ്സ്വഭാവം കൊണ്ടാണ് ആവിധം പ്രവർത്തിക്കുന്നത്. മഹാന്മാരായ ചിലർ അവർ സ്നേഹിക്കുകയൊ അവർക്കു അനുരാഗം ഉണ്ടായിത്തീരുകായൊ ചെയ്തുവരെ സന്തോഷിപ്പിക്കാൻ വെണ്ടി ചിലപ്പോൾ രാക്ഷസ പ്രവൃത്തി ചെയ്യേണ്ടിവരും. അതുകൊണ്ടാണ് നിണക്കു ഭാരവാഹിത്വമുള്ള ഒരു പദവിയാണ് കിട്ടാൻ പോകുന്നതെന്നു നിന്നെ ഞാൻ ഓർമ്മപ്പെടുത്തുന്നത്. എൻറെ മകൻ രാമൻറെ സ്വഭാവം ഞാൻ നല്ലവണ്ണം അറിയും. നിന്നെ സന്തോഷിപ്പിക്കാൻപോലും അവൻ അന്യായകർമ്മം ചെയ്കയില്ല. രാജാവിൻറെ പ്രഥമകൃത്യം പ്രജകളുടെ ക്ഷേമത്തെ പരിപാലിക്കുകയാണെന്നു അവന്നറിയാം. അതുപോലെതന്നെ അവൻ പ്രവർത്തിക്കുകയും ചെയ്യും. പ്രജകളുടെ ക്ഷേമത്തെ പരിപാലിക്കുന്നതിൽ അവൻ പ്രാണവല്ലഭയായ നിൻറെ ഹിതത്തെപോലും അനുവർത്തിച്ചില്ലെന്നു വരാം. ആ കാർയ്യത്തിൽ എനിക്കു ധൈർയ്യമുണ്ട്. [ 18 ] അതുകൊണ്ടു നീ രാമന്നു യഥാർത്ഥത്തിൽ സഹധർമ്മചാരിണിയായിരിക്കണം. നിൻറെ സ്വന്തം കാർയ്യസാദ്ധ്യത്തിനുവേണ്ടി രാജകാർയ്യത്തിന്നു വിഘ്നം വരുത്തത്തക്ക യാതൊന്നും ചെയ്യരുതു. അവൻറെ ഗുണത്തെ ദുർയ്യുപയോഗപ്പെടുത്താൻ ഇടവരുത്തൊല്ല.

സീത - അമ്മ ഒടുവിൽ പറഞ്ഞതിൻറെ അർത്ഥം ഞാൻ ഗ്രഹിച്ചില്ല.

കൌസല്യ - ഞാനതു വിവരിച്ചു പറഞ്ഞുതരാം. രാമൻ ഒരിക്കൽ ഒരു വാക്കു പറഞ്ഞുപോയാൽ അതിന്നു വിപരീതമായി പ്രവർത്തിക്കില്ല. അങ്ങിനെയുള്ളവനെകൊണ്ടു നിൻറെ ആവശ്യത്തിന്നുവേണ്ടി വല്ല സത്യവാക്കും പറയിക്കരുതു. അങ്ങിനെ ചെയ്യുന്നതായാൽ അവൻറെ സത്യസ്വഭാവത്തെ ദുർയ്യുപയോഗപ്പെടുത്താൻ സംഗതിവരുത്തുകയാണ്. ചുരുക്കിപാഞ്ഞാൽ നിൻറെയും ഭർത്താവിൻറെയും ദേഹവും ജീവനും ഒന്നാണെന്നു കരുതണം. അവന്നു ഹിതമല്ലാത്തതൊ, അവന്നു അനുകൂലമല്ലാത്തതൊ, അവൻറെ ഉദ്ദേശതിന്നു അനുകൂലിക്കാത്തതൊ ആയ യാതൊരു പ്രവൃത്തിയും നീ ചെയ്യരുതു; യാതൊന്നും പറയരുതു; യാതൊന്നും മനസ്സിൽ വിചാരിക്ക പോലും ചെയ്യരുതു. ലോകയാത്രയിൽ ഭാർയ്യയും ഭർത്താവും ഒരേദിക്കിൽ എത്താൻ, ഒരേവഴിക്കു പോകുന്ന, തോണി തുഴയുന്നവരാണെന്നു വിചാരിക്കണം. [ 19 ] നല്ല ശാന്തമായ കടലിലും, കാറ്റും കോളുമുള്ള കടലിലും, നിങ്ങൾ അന്യോന്യ സഹായികളായി ഒത്തുതുഴയണം. അല്ലാതിരുന്നാലുള്ള ഫലം നിനക്കറിയാമല്ലൊ.

സീത - അമ്മെ, ഞാൻ നിങ്ങൾ പറഞ്ഞുതന്നിട്ടുള്ളതിന് അനുസരിച്ചല്ലാതെ ഒരിക്കലും പ്രവർത്തിക്കില്ല. ഒരു മാഹാരാജ്യം ഭരിക്കുന്ന രാജാവാണ് എൻറെ ഭർത്താവെങ്കിൽ ഞാൻ അദ്ദേഹത്തിൻറെ സഹധർമ്മിണിയായ ഭാർയ്യ; വനാന്തരത്തിൽ സഞ്ചരിച്ചുഴലുന്ന ഒരു നിർഭാഗ്യനാണ് എൻറെ ഭർത്താവെങ്കിൽ അവിടെയും ഞാൻ അദ്ദേഹത്തിൻറെ സഹധർമ്മിണിയായ ഭാർയ്യ.

കൌസല്യ - മകളെ, നിൻറെ വാക്കു കേട്ടു ഞാൻ വളരെ സന്തോഷിക്കുന്നു. നിണക്കു ഒരു മഹാരാജ്ഞിയായി ഇരിക്കാനല്ലാതെ മറിച്ചു യോഗം വരുന്നതല്ല. നീ ഇവിടെ വരുമ്പോൾ നിണക്കു കഷ്ടിച്ച് എട്ടുവയസ്സെ ഉണ്ടായിരുന്നിരിക്കയുള്ളു. അന്നു മുതൽ ഞാൻ നിൻറെ സർവ്വ പ്രവൃത്തികളേയും സൂക്ഷിച്ചുവരാറുണ്ട്. നീ നിൻറെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നു മാത്രമല്ല, പതിവ്രതമാർക്കു ഭർത്താവാണ് ദൈവമെന്നുള്ള ആപ്തവാക്യത്തെ നീ അക്ഷരംപ്രതി അനുഷ്ഠിക്കുന്നുണ്ട്. ഭർത്താവിനെ മാത്രമല്ല, ഭർത്താവിൻറെ അമ്മയായ എന്നെയും എൻറെ സപത്നിമാരായ മറ്റു രണ്ട് അമ്മമാരെയും നീ ഒരുപ്പോലെ സ്നേഹിച്ചു ബഹുമാനിക്കുന്നു. [ 20 ] രാമൻറെ സഹോദരന്മാരോടു നീ യാതോരു അനാദ രവും കാണിക്കുന്നില്ല. അവർ നിന്നെയും വളരെ ബഹുമാനിക്കുന്നു. ഇവിടെയുള്ള ഭൃത്യജനങ്ങൾ പോലും നിന്നെപ്പറ്റി അത്യന്തം സന്തോഷിക്കുന്നു. നീ ഒരാളോടും ഒരിക്കലും ഒരു കോപവാക്കുകൂടി പറഞ്ഞതായി എനിക്കു ഓർമ്മയില്ല. നിന്നെപ്പോലെയുള്ള ഒരു പെൺകുട്ടിയെ ഭാർയ്യയായി ലഭിക്കാൻ വളരെ പുണ്യം ചെയ്യണം. നിൻറെ പേർ ലോകമുള്ളന്നും സതീരത്നത്തിന്നു പർയ്യായമായി പ്രശോഭിക്കും. ഞാൻ ഇതൊക്കെ നിന്നോടു ഇപ്പോൾ തുറന്നുപറഞ്ഞത് എന്തിന്നാണെന്നു നീ സംശയിക്കും. നിണക്കു ഇതുവരെ ഉണ്ടായ നല്ല പേരിനെ നീ മലിനപ്പെടുത്താതെ പരിപാലിച്ചുകൊള്ളണം. മനുഷ്യർക്കുള്ള നല്ല പേർ അവർ അറിഞിരിക്കണം. എന്നാൽ മാത്രമെ അതിനെ പരിപാലിക്കാൻ അവർക്കു തൃഷ്ണയുണ്ടാകയുള്ളു. നമ്മുടെ ഗുണങ്ങളേപ്പറ്റി കേൾക്കുമ്പോൾ നാം അഹംകരിക്കയല്ല വേണ്ടത്. ബുദ്ധിയും ആലോചനയും ഉള്ളവരാരും അങ്ങിനെ ചെയ്കയില്ലല്ലൊ.

സീത - അമ്മെ, എനിക്കു വല്ല ഗുണവും ഉണ്ടെങ്കിൽ നിങ്ങളുടെയും മറ്റും സമ്പർക്കും കൊണ്ടുണ്ടായതാണ്. ഞാൻ ഇവിടെ വരുമ്പോൾ എനിക്ക് ഇതു വെറും ഒരു അന്യഗൃഹമായിരുന്നില്ലെ ? നിങ്ങൾ എന്നോടു പെരുമാറുകയും എന്നെ രക്ഷിച്ചുപോരുകയും എന്നെ ഉപദേശിച്ചു ശിക്ഷിക്കയും ചെയ്യുതിൽ കാണിക്കുന്ന [ 21 ]

കാരുണ്യസ്വഭാവംകൊണ്ടല്ലയൊ എനിക്ക് ഈ ഗൃഹം സ്വൎഗ്ഗതുല്ല്യമായത്. അതുകൊണ്ടു അമ്മ ഇതൊന്നും പറയേണമെന്നില്ല. സീതയുടെ പേർ ലോകത്തിൽ സൽഗുണത്തിനു പൎയ്യായമായി പ്രചരിക്കുമെങ്കിൽ അതു സീതയുടെ ഗുണംകൊണ്ടു മാത്രമല്ലെന്നു ലോകം മനസ്സിലാക്കും. ഇങ്ങിനെയുള്ള ഒരു ഭൎത്താവിന്റെ കീഴിൽ, ഇങ്ങിനെയുള്ള അമ്മമാരുടെ ശിക്ഷയിൽ, വളൎന്നതുകൊണ്ടുള്ള അനുഭവമാണ് അതെന്നു ലോകം അറിയും.


കൌസല്യ‌ ‌- സീതെ, നീ അരുന്ധതീദേവിയെപോലെ സംസാരിക്കുന്നു. നിന്നെയും നിന്റെ ഭൎത്താവിനേയും സൎവ്വേശ്വരി കാത്തുരക്ഷിക്കട്ടെ. എന്റെ വാക്കുകൾ കേട്ടിട്ടു നിന്റെ മനസ്സുവളരെ ക്ഷോഭിച്ചിട്ടുണ്ടായിരിക്കാം. നമ്മൾ രണ്ടുപേരുടെയും മനസ്സു കുറെ വിശ്രമിക്കട്ടെ. നീ ഒരു പാട്ടു പാടു.
(സീത ഒരു പാട്ടു പാടുന്നു.)


കൌസല്യ‌ ‌- ഇനി എന്റെ മകൾ പോയി വിശ്രമിച്ചോളൂ. എന്താണ് തെരുവിൽ ഒരു പാട്ടു കെൾക്കുന്നത്. [അണിയറയിൽ കുട്ടികളുടെ പാട്ടു, രണ്ടുപേരും ശ്രദ്ധിച്ചതിന്നു ശേഷം]


കൌസല്യ‌ ‌- എന്റെ പോറ്റുമക്കൾ അഭിഷേകത്തെ സൂചിപ്പിച്ചു സന്തോഷിച്ചു പാടുകയാണ്. സീതെ, നിണക്കിന്നു വ്രതമല്ലെ, നീ ഇവിടെ നിൽക്കേണമെന്നില്ല.
[ 22 ]
(സീത പോകുന്നു_ കുട്ടികൾ പ്രവേശിക്കുന്നു)


കൌസല്യ‌ ‌- കുട്ടികളെ, നിങ്ങൾ ഇത്ര ബദ്ധപ്പെട്ടു വന്നതിന്റെ സംഗതി എന്താണ്?


ഒന്നാംകുട്ടി‌ ‌- അമ്മെ, ഞങ്ങൾ രാമദേവന്റെ കൊട്ടാരത്തിന്നു മുമ്പിലുള്ള രാജവീഥി മുഴുവൻ അലങ്കരിച്ചു കഴിഞ്ഞു.


കൌസല്യ‌ ‌- നല്ലത്.


ഒന്നാംകുട്ടി‌ ‌- ഞങ്ങൾ അവിടെ അലങ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സംഭവമുണ്ടായി.


കൌസല്യ‌ ‌- അതെന്തായിരുന്നു?


ഒന്നാംകുട്ടി‌ ‌- അവിടെ മന്ഥര വന്നു. ഞങ്ങൾ പാടിക്കളിക്കുന്നതെന്തിനാണെന്നു ചോദിച്ചു. അവൾ അഭിഷേകവൎത്തമാനം അറിയാഞ്ഞതിനെപ്പറ്റി ഓൎത്തു. ഞങ്ങൾ അവളെ പരിഹസിച്ചു. അവൾ കോപിച്ചു. പലതും പറഞ്ഞു. അപ്പോൾ ഞങ്ങൾ അഭിഷേകവൎത്തമാനം അവളെ അറിയിച്ചു. ഇതുകേട്ടപ്പോൾ അവൾ പൂൎവ്വാധികം കോപിച്ചു ചിലതു പുലമ്പി.


കൌസല്യ‌ ‌- അവൾ എന്താണ് പറഞ്ഞത്.


ഒന്നാംകുട്ടി‌ ‌- ശ്രീരാമദേവൻ അവളെ ചെറുപ്പത്തിൽ പരിഹസിച്ചിരുന്നുവെന്നും അതുകോണ്ടു ഈ അവസരത്തിൽ അതിന്നു പ്രതിക്രിയ ചെയ്യുമെന്നും അവൾ പറഞ്ഞു.
[ 23 ] കൌസല്യ - ആട്ടെ അവൾ എന്തെങ്കിലും പറയട്ടെ.

നിങ്ങൾ പോവിൻ. അതിനെപ്പറ്റി ആലോചിക്കേണ്ടതില്ല. ഈ വിവരം ആരോടും പറയേണ്ടതുമില്ല.

(കുട്ടികൾ പോകുന്നു)

കൌസല്യ - (വലത്തുകൈ ചലിക്കുന്നതായി നടിച്ചിട്ട്)

ഹാ ! ദൈവമെ ദുർല്ലക്ഷണങ്ങളും കാണുന്നുവല്ലൊ. ഈ മന്ഥര പരമദുഷ്ടയാണ്. മഹാരാജാവു കൈകയിയിൽ വലഞ്ഞൂമിരിക്കുന്നു. ഈശ്വരൻതന്നെ സഹായം.

(കർട്ടൻ.) [ 24 ]


അങ്കം 2. രംഗം 1.


[ഒരു സോഫയിൽ ഇരുന്നുകൊണ്ടു കൈകയി പ്രവേശിക്കുന്നു. ഒരു ദാസി വീശിക്കൊണ്ടിരിക്കുന്നു]


കൈകയി‌ ‌- ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതിന്റെ അൎത്ഥം എന്തായിരിക്കുമെന്നു വസിഷ്ഠമഹൎഷിയെ കണ്ടെങ്കിൽ ചോദിക്കാമായിരുന്നു.


ദാസി‌ ‌- സ്വപ്നം എന്താണെന്നു അടിയനു കേൾക്കാമൊ?


കൈകയി‌ ‌- ഞാൻ എവിടെയൊ സഞ്ചരിക്കുകയായിരുന്നു. മഹാരാജാവും ഒന്നിച്ചുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടി ഒരു മലയിടുക്കു കടന്നുചെന്നപ്പോൾ ദിക്കിൽ വലിയൊരു വീടുകണ്ടു. അതിന്റെ സമീപത്തെങ്ങും ആരും ഇല്ല. കേവലം വിജനമാണെന്ന് തോന്നി. അപ്പോൾ രാക്ഷസിയെപോലുള്ള ഒരു സ്ത്രീ അടുത്തുവന്നിട്ട് എന്നെ തൊഴുതു.


ദാസി‌ ‌- രാക്ഷസിയെ കണ്ടപ്പോൾ തിരുമനസ്സിലേക്കു ഭയമുണ്ടായില്ലെ? ഇന്നാൾ അടിയൻ ഒരു രാക്ഷസനെ സ്വപ്നം കണ്ടു ഭയപ്പെട്ടു ഉറക്കെ കരഞ്ഞുപോയി.
[ 25 ] കൈകയി - എനിക്കു ഭയമൊന്നും ഉണ്ടായില്ല. എന്നു

മാത്രമല്ല, രാക്ഷസിയെ കണ്ടപ്പോൾ ഞാൻ അവളെ എവിടെയോ കണ്ടിരുന്നുവെന്നു തോന്നി. അവൾ എന്നോടു "ആ കാണുന്ന വീട്ടിൽ വളരെ വിലപിടിച്ച് രത്നങ്ങൾ ഉണ്ട്, അവയിൽ വിശേഷിച്ച് വലിയൊരു രത്നമുണ്ട്, അതു ഭരതന്നു കഴുത്തിൽ കെട്ടി നടക്കാൻ വളരെ നല്ലതാണ്," എന്നു പറഞ്ഞു.

ദാസി - രാജകുമാരൻ ഇവിടുത്തെ ഒന്നിച്ചുണ്ടായിരുന്നുവൊ?

കൈകയി - ഇല്ല. ഞാനും മഹാരാജാവും മാത്രമെ ഉള്ളു. ഞങ്ങൾ വേഗം വീട്ടിലേക്കു ചെന്നു. അപ്പോൾ അവിടെ ഒരു മുറിയിൽ സൂർയ്യൻ ഉദിച്ചുവരുമ്പോലുള്ള ഒരു പ്രകാശം കണ്ടു. അതിൽ ചെന്നുനോക്കിയപ്പോൾ അനവധി രത്നങ്ങൾ കണ്ടു. ഞാൻ ഓടിച്ചെന്നു അതെടുക്കാൻ ഭാവിച്ചപ്പോൾ ഒരു സർപ്പമുണ്ട് അതിന്മേൽ കിടക്കുന്നു.

ദാസി - അയ്യൊ അടിയനാണെങ്കിൽ ഉറക്കെ നിലവിളിച്ചു കോവിലകത്തുള്ളവരെയൊക്കെ ഉണർത്തുമായിരുന്നു. ഇവിടുന്നു നിലവിളിച്ചില്ലെ ?

കൈകയി - ഇല്ല- കേൾക്കൂ. സർപ്പം എന്നെ ഒന്നും ഉപദ്രവിച്ചില്ല. ഞാൻ ഉടനെ മഹാരാജാവിൻറെ പിറകിലേക്കു ഓടി, "പാമ്പിനെ കൊല്ലണം, പാമ്പിനെ കൊല്ലണം" എന്നു ആവശ്യപ്പെട്ടു. സർപ്പത്തെ കൊല്ലാൻ പാടില്ല. അതു മഹാപാപമാണ്". [ 26 ] പാമ്പിൻറെ ശാപമുണ്ടായിരിക്കും. എന്നൊക്കെ രാജാവു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. രാജാവു വാൾ ഊരി പാമ്പിനെ വെട്ടി. അപ്പോൾ എന്തു പറവാൻ, അതു പാമ്പായിരുന്നില്ല. വളരെ വിലയുള്ള ആഭരണമായിരുന്നു. ആഭരണം രണ്ടു കഷണങ്ങളായി അതിൽ ഒരു കഷണം രാമകുമാരനും മറ്റെക്കഷണം ലക്ഷ്മണകുമാരനും ആയിതീർന്നു. എൻറെ ഉറക്കം ഞെട്ടിപ്പോയി.

(മന്ഥര പ്രവേശിക്കുന്നു)

കൈകയി - ഹോ ! മന്ഥരയൊ ? ഇരിക്കൂ. നിണക്കു സ്വപ്നത്തിൻറെ അർത്ഥം പറവാൻ അറിയോ ?

മന്ഥര - സ്വപ്നത്തിൻറെ അർത്ഥം പറയേണ്ടുന്ന അവസരമല്ലിത്. ആപത്തുവന്നടുക്കുമ്പോൾ സ്വപ്നാർത്ഥവും കഥകളും മറ്റും പറഞ്ഞു രസിക്കയല്ല വേണ്ടത്.

കൈകയി - എന്താപത്ത് ? ആർക്ക് ? എന്ത് ?

മന്ഥര - പറഞ്ഞുതരാമല്ലൊ. സ്വകാർയ്യം പറയേണ്ടതാണ്.

ഈ ദാസിയെ ഇവിടുന്നു പറഞ്ഞയക്കേണം.

(കൈകയി ആംഗ്യംകാണിച്ചു ദാസി പോയി)

മന്ഥര - ഇവിടുന്നു എന്താണ് ഒന്നും അറിയാത്തവരെ പോലെ ഇരിക്കുന്നത് ?

കൈകയി - വിശേഷിച്ചറിവാൻ എന്താണുള്ളത്.

മന്ഥര - ശരി, കിടന്നുറങ്ങിക്കോളു. സ്വപ്നം കണ്ടോളു. വരട്ടെ- സർപ്പം കടിക്കാൻ വരട്ടെ. സ്വപ്നത്തിൻറെ [ 27 ] വർത്തമാനം ഞാൻ പുറത്തുനിന്നു കേട്ടു. അതോ സ്വപ്നത്തിൽ- ഇതാ, ജാഗ്രത്തിലും കടിപ്പാൻ വരുന്നു. കിടന്നുറങ്ങിക്കോളു. സ്വപ്നം കണ്ടോളു.

കൈകയി - എനിക്കു നീ പറയുന്നതിൻറെ അർത്ഥം ഒന്നും മനസ്സിലാകുന്നില്ല.

മന്ഥര - മനസ്സിലാക്കിത്തരാമല്ലൊ. ഈ ജാലകത്തിൻറെ ഉള്ളിൽകൂടി ഒന്നു നോക്കുവിൻ.

(കൈകയി എഴുന്നേറ്റു നോക്കുന്നു)

കൈകയി - എന്താണ് തെരുവുകൾ എല്ലാം അലങ്കരിക്കുന്നത് ? ഇതിൻറെ ആവശ്യം എന്താണ് ? (ഇരിക്കുന്നു)

മന്ഥര - നാളെ കൌസല്യയുടെ മകനെ ഉപരാജാവായി വാഴിക്കുന്നു. അതുതന്നെ ആവശ്യം.

കൈകയി - നോരൊ ? വളരെ സന്തോഷമായി. ഇത്ര സന്തോഷകരമായ ഒരു വരുമാനം പറഞ്ഞതു കൊണ്ടു നിണക്കു എന്തൊരു സമ്മാനമാണ് തരേണ്ടതെന്നറിഞ്ഞില്ല. ആട്ടെ തൽക്കാലം നീ ഈ വള എടുത്തോളു. (വള ഊരികൊടുക്കുന്നു)

മന്ഥര - ഇവിടുന്നു തരുന്ന സമ്മാനം ഏതുവിധമായാലും സ്വീകരിക്കാതിരിപ്പാൻ പാടില്ല. (വള വാങ്ങുന്നു) എന്നാൽ ഇവിടുന്നു ഇത്ര ശുദ്ധ ഹൃദയയായിപ്പോയതിനെപ്പറ്റി ഞാൻ അത്ഭുതപ്പെടുന്നു. ഇവിടുത്തേക്കു വരാനിരിക്കുന്ന ആപത്തിനെ അറിയുന്നില്ലല്ലൊ. [ 28 ] കൈകയി - എന്താപത്ത് ! രാമൻ ഉപരാജാവാകുന്നതിൽ എന്താപത്ത് ! അവൻ എന്നെ കൌസല്യയെക്കാൾ സ്നേഹിക്കുന്നുണ്ട്. ഞാനും അവനെ എൻറെ പുത്രനെപ്പോലെ സ്നേഹിക്കുന്നു. എൻറെ രാമനെ എന്തു കൊണ്ടാണ് ഉപരാജാവാക്കി അഭിഷേകം കഴിക്കാത്തതെന്നു മഹാരാജാവോടു ചോദിക്കേണമെന്നു ഞാൻ വിചാരിച്ചിരുന്നു. നീ എന്താണ് അനർത്ഥമെന്നു പറഞ്ഞത് ?

മന്ഥര - ഞാൻ ലോകത്തിൽ ശുദ്ധ ഹൃദയരായ വളരെ പേരെ കണ്ടിട്ടുണ്ട്. ഇവിടുത്തെപ്പോലെ സാധു പ്രകൃതിക്കാരെ ഒരു ദിക്കിലും കണ്ടിട്ടില്ല. രാമൻ യുവരാജാവാകട്ടെ. നല്ലതുതന്നെ. എന്നാൽ എന്തുകൊണ്ടായിരുന്നു മഹാരാജാവ്, ഈ നിശ്ചയം ലോകം മുഴുവനും പരസ്യപ്പെടുത്തീട്ടും തിരുമനസ്സിലെ പ്രിയപത്നിയായ കൈകയിയെ അറിയിക്കാതിരുന്നത് ?

കൈകയി - മന്ഥരെ, നീ എന്തോ ഒരു ചീത്തവിചാരത്തോടുകൂടി വന്നതാണെന്നല്ലെ തോന്നുന്നത്. എന്നെ വല്ലതും പറഞ്ഞു ഭേദിപ്പിക്കാൻ വന്നതാണൊ ? നീ ഒരു കാർയ്യം ആലോചിക്കണം. രാമൻ എൻറെ സ്വന്തം പുത്രനല്ലെന്നു ഞാൻ ഇതുവരെ വിചാരിച്ചിട്ടില്ല. രാമനെയും ഭരതനെയും രണ്ടമ്മമാർ പ്രസവിച്ചിരിക്കുന്നുവെന്നേയുള്ളു. അവർ തമ്മിൽ അത്രമേൽ സ്നേഹവിശ്വാസങ്ങളിലാണ്. അതുകൊണ്ടു ഈ കാർയ്യം എനിക്കു വളരെ സമ്മതമാണെന്നു [ 29 ] മാത്രമല്ല, അത്യന്തം സന്തോഷമുള്ളതാണെന്നുകൂടി മനസ്സിലാക്കണം.

മന്ഥര - (വിചാരം) ഈ പാപിയെ പറഞ്ഞു ഭേദിപ്പിക്കാൻ പ്രയാസമാണെന്നല്ലെ തോന്നുന്നത്. ആട്ടെ നോക്കട്ടെ. ഇവിടെ സാധിച്ചില്ലെങ്കിൽ വേറെ മാർഗ്ഗങ്ങൾ ആലോചിക്കാം.

(പ്രകാശം) - എന്നോടു തിരുവുള്ളക്കേടുണ്ടാകരുതു. ഞാൻ ഇവിടുത്തെ ചോറു തിന്നുന്നതു വളരെ കാലമായി. ഇവിടുത്തെ ഗുണത്തിന്നുവേണ്ടിയല്ലാതെ ഞാൻ യാതൊന്നും ഒരിക്കലും പ്രവർത്തിക്കയില്ല.

കൈകയി - അതെനിക്കറിയാം. എനിക്ക് അഹിതമായി നീ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ല, പറഞ്ഞിട്ടുമില്ല.

മന്ഥര - പിന്നെ വെറുതെയല്ല, എന്നെ ഇവിടുന്നു ശങ്കിക്കുന്നത് ? ഞാൻ ഒന്നും പറയരുതെന്നാണ് ഇവിടുത്തെ ഇഷ്ടമെങ്കിൽ ഇവിടെനിന്നു ഞാൻ പോയിക്കളയാം. അതിന്നു വിട തരണം.

കൈകയി - അങ്ങിനെ മുഷിഞ്ഞു പോകേണമെന്നില്ല. നീ എന്താണ് പറവാൻ ഭാവിച്ചത്. കേൾക്കട്ടെ.

മന്ഥര - (വിചാരം) ആകട്ടെ, കേവലം ഇച്ഛാഭംഗത്തിനു വഴിയില്ല. (പ്രകാശം) എന്നാൽ എൻറെ ചോദ്യത്തിന്നു ഉത്തരം പറയേണമെന്നു അപേക്ഷിക്കുന്നു. രാമദേവൻറെ അഭിഷേകവർത്തമാനം രാജ്യം [ 30 ] മുഴുവൻ അറിഞ്ഞിട്ടും ഭവതി അറിയാഞ്ഞതെങ്ങിനെ ? ദശരഥമഹാരാജാവിനു കൈകയിരാജ്ഞിയിൽനിന്നു മറച്ചുവെക്കേണ്ടതായ യാതൊരു വർത്തമാനവും ഇല്ലെന്നു പ്രസിദ്ധമല്ലെ. ഇതോ ഏറ്റവും മുഖ്യമായ ഒരു വർത്തമാനമാണുതാനും. പിന്നെ, ഈ കാർയ്യം ഞാൻ പറഞ്ഞിട്ടുവേണ്ടിയിരുന്നുവൊ ഇവിടുന്നു അറിവാൻ ?

കൈകയി - മഹാരാജാവുതന്നെ എന്നോടു വന്നു പറയുമായിരിക്കാം. എനിക്കു സമ്മതവും വളരെ സന്തോഷവും ഉള്ള കാർയ്യമാണെന്നു അറിഞ്ഞതുകൊണ്ടായിരിക്കാം ഇതിൽ എൻറെ അഭിപ്രായത്തെ ക്ഷണിക്കാതിരുന്നത്.

മന്ഥര - അങ്ങിനെ ആവട്ടെ. ഭരതകുമാരൻ ഇപ്പോൾ എവിടെയാണ് ?

കൈകയി - ഭരതനെ ജ്യേഷ്ഠൻ ക്ഷണിച്ചിട്ടു പോയിരിക്കയാണ്. ശത്രുഘ്നനും പോയിട്ടുണ്ട്.

മന്ഥര - ക്ഷണിച്ചിട്ട് ! അല്ലെ ? ഇവിടുന്നു കണ്ടിരുന്നുവോ ക്ഷണനക്കത്ത് ? യുധാജിത്ത് രാജാവിൻറെ കൊട്ടാരത്തിൽനിന്നു വന്ന ഭൃത്യൻ ഭവതിയെ കാണാതെ പോകുമെന്നു വിശ്വസിക്കാൻ തരമുണ്ടോ ?

കൈകയി - അങ്ങിനെ ഒരു ക്ഷണനം ഇല്ലാതെയാണ് പോയതെന്നാണൊ നീ പറയുന്നത്.

മന്ഥര - ക്ഷണനമുണ്ടായിരുന്നു. പക്ഷെ യുധാജിത്ത് മഹാരാജാവിൻറെ കൊട്ടാരത്തിൽ നിന്നായിരുന്നില്ല. [ 31 ]
കൈകയി‌ ‌- (അതു വരെ ചാരിക്കിടന്ന ദിക്കിൽനിന്ന് എഴുന്നേറ്റു ഇരുന്നിട്ട്) മന്ഥരെ, നീ പറയുന്നതിന്റെ അൎത്ഥം എനിക്ക് മനസ്സിലാകുന്നില്ല.


മന്ഥര‌ ‌- കാൎയ്യകാരണസംബന്ധമറിവാൻ പാടവമുള്ള ഭവതിക്ക് ഈ കാൎയ്യം മനസ്സിലാകുന്നില്ലെന്നുള്ളത് അത്ഭുതമായിരിക്കുന്നു. കളവായ ഒരു ക്ഷണനക്കത്ത്; അതിന്റെ ഫലമായി ഭരതൻ ദൂരത്തുപോയി. ആ അവസരത്തിൽ രാമദേവന്റെ അഭിഷേകം മഹാരാജാവു നിശ്ചയിച്ചു. അത്ര ബദ്ധപ്പെട്ടു അത് കുറിക്കാൻ യാതൊരു സംഗതിയും പ്രത്യക്ഷത്തിൽ കാണുന്നില്ല. എന്നു മാത്രമല്ല, ആ വിവരം രാജ്യം മുഴുവനും അറിഞ്ഞിട്ടും ഭരതമാതാവോടു രാജാവാകട്ടെ വേറെ വല്ലവരുമാകട്ടെ പറയുന്നില്ല. ഇതിൽ നിന്നൊക്കെ എന്താണ് അനുമാനിക്കേണ്ടതെന്ന് ഭവതി തന്നെ പറയു. എന്റെ വാക്ക് ഇവിടുത്തേക്ക് രസിക്കുന്നില്ലെങ്കിൽ ഞാൻ പോകുന്നു (പോകാൻ ഭാവിക്കുന്നു)


കൈകയി‌ ‌- പോകാൻ വരട്ടെ_ മന്ഥര ഇരിക്കൂ.(വിചാരം) ഇവൾ പറയുന്നതിൽ എന്തൊ കുറെ കാൎയ്യമുണ്ടെന്നു തോന്നുന്നുവല്ലൊ.


മന്ഥര‌ ‌- എന്റെ തന്ത്രം ഫലിക്കുന്നുണ്ടെന്നു തോന്നുന്നുവല്ലൊ. ഈ തറച്ചതിന്മേൽ അടിച്ചേ
[ 32 ] കൈകയി - രാമനല്ലെ, മഹാരാജാവിൻറെ മൂത്ത മകൻ ? അവനല്ലെ യുവരാജാവാകേണ്ടത്. അതിന്നു ഞാനൊ ഭരതനൊ മുടക്കമൊന്നും പറഞ്ഞിട്ടില്ലല്ലൊ. പിന്നെ, ഈ രഹസപ്രവൃത്തികളൊക്കെ എന്തിനു ?

മന്ഥര - (വിചാരം) ഇവിടെ വെള്ളം പകർന്നാൽ ചോരാത്ത ഒരു കളവു പറയാതെ നിവൃത്തിയില്ല. (പ്രകാശം) എന്നാൽ ഞാൻ ഭവതിയാടു ഒരു രഹസ്യം പറഞ്ഞു തരാം. രണ്ടുദിവസം മുമ്പു ഇവിടെ നാരദമഹർഷി എഴുന്നെള്ളിയിരുന്നു.

കൈകയി - അതു ഞാനും അറിയും. രാമചന്ദ്രനെ കണ്ടു സംസാരിച്ചിരുന്നെന്നു കേട്ടു.

മന്ഥര - രാമഭദ്രനെ മാത്രമല്ല, മഹാരാജാവിനേയും കണ്ടിരുന്നു. ബ്രഹ്മാവിൻറെ ആജ്ഞപ്രകാരമാണ് മഹർഷി എഴുന്നെള്ളിയത്.

കൈകയി - എന്തായിരുന്നു ബ്രഹ്മാവിൻറെ ആജ്ഞ ?

മന്ഥര - ചില രാക്ഷസന്മാരെക്കൊണ്ടു ദേവന്മാർക്കും മഹർഷിമാർക്കും വളരെ ബുദ്ധിമുട്ടുണ്ടത്രെ. ആ രാക്ഷസന്മാർ, തങ്ങളെ മനുഷ്യർക്കല്ലാതെ കൊല്ലാൻ പാടില്ലെന്നു വരം വാങ്ങിയവരാണ്. അതുകൊണ്ടു മഹാരാജാവിൻറെ മക്കളിൽ ഏതെങ്കിലും രണ്ടുപേരെ കുറെ കൊല്ലം കാട്ടിൽ അയക്കേണമെന്നും അവർ രാക്ഷസന്മാരെ ഒടുക്കാൻ വേണ്ടതു ചെയ്യേണമെന്നും ആണ് ബ്രഹ്മാവിൻറെ ആജ്ഞ. [ 33 ] കൈകയി - ഓഹോ, എനിക്കെല്ലാം മനസ്സിലായി. ഇങ്ങിനെ എന്തോ ഒന്ന് ഞാനും കേട്ടിരുന്നു. എൻറെ മകനെ കാട്ടിലയക്കാൻ മഹാരാജാവും കൌസല്യയും കൂടി തീച്ചയാക്കി. ഹാ ! കഷ്ടം. എൻറെ ഏകപുത്രനെ വനാന്തരത്തിലയക്കാനൊ ആ മഹാപാപി കൌസല്യ ശ്രമിക്കുന്നത് ? ഇതൊക്കെ അവളുടെ വിദ്യയല്ലെ. ഈശ്വരാ ഞാൻ ഇനി എന്തുചെയ്യും.

മന്ഥര - മഹാരാജ്ഞിക്കു ഇപ്പോൾ എല്ലാം മനസ്സിലായല്ലൊ ഇനിയെല്ലാം യുക്തംപോലെ ചെയ്താലും. ഞാൻ പോകുന്നു (പോകാൻ ഭാവിക്കുന്നു)

കൈകയി - മന്ഥരെ നീ എന്നെ സഹായിക്കണം. നീയല്ലാതെ എനിക്ക് ആരും സഹായമില്ല. ഞാൻ നിന്നെ ആദ്യം ആക്ഷേപിച്ചു പറഞ്ഞതൊക്കെ ക്ഷമിക്കണം. ഞാൻ വെറും ശുദ്ധ ഹൃദയയാണ് എനിക്ക് ഈ കുസൃതികളൊന്നും മനസ്സിലാകയില്ല. എൻറെ മകനെ എനിക്ക് ഇപ്പോൾ കാണണം. അതിന്നു വേണ്ടുന്ന ഉപായം മുഴുവൻ നീതന്നെ ഉപദേശിക്കണം.

മന്ഥര - ഇവിടുത്തെ പുത്രനെ കാണാൻ മാത്രമല്ല അദ്ദേഹത്തെ രാജാവാക്കി വാഴിക്കാനും രാമനെ കാട്ടിലയക്കാനും വേണ്ടുന്ന വിദ്യകൾ ഞാൻ പറഞ്ഞുതരാം. ഇവിടുന്നു ഞാൻ പറയുന്നതുപോലെ ചെയ്തുകൊണ്ടാൽ മതി. [ 34 ] കൈകയി - ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. എൻറെ പുത്രൻ കാട്ടിൽ പോകാതിരുന്നാൽ മതി.

മന്ഥര - അതു പോരാ, ഇവിടുന്നു കൌസല്യയുടെ ദാസിയാകാതിരിക്കയും വേണം. കൌസല്യാപുത്രൻ വേണം കാട്ടിൽ പോകാൻ.

കൈകയി - അതിന്നു ഞാൻ എന്താണ് ചെയ്യേണ്ടത് ?

മന്ഥര - കേട്ടോളു. മഹാരാജാവ് പണ്ടു ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയതും അന്ന് ഭവതികൂടി പോയതും ഓർമ്മയുണ്ടോ. ആ അവസരത്തിൽ മഹാരാജാവ് യുദ്ധക്കളത്തിൽവെച്ച് തേരിൽ മൂർഛിച്ചു വീണപ്പോൾ ഭവതിയായിരുന്നില്ലെ കാത്തു രക്ഷിച്ചത്. മഹാരാജാവ് സന്തോഷിച്ചു രണ്ടു വരം തരാൻ ഭാവിച്ചു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു ഭവതി അപ്പോൾ സ്വീകരിച്ചില്ല.

കൈകയി - ശരി. എനിക്ക് അവയൊക്കെ ഇപ്പോൾ ഓർമ്മ വന്നു. അതു ഇപ്പോൾ എങ്ങിനെ ഉപകരിക്കും ?

മന്ഥര - ഞാൻ പറയാം. ഇവിടുന്നു ഉടനെ ക്രോധാലയം പ്രാപിക്കണം. മഹാരാജാവ് വരുമ്പോൾ കിടന്നുരുണ്ടു കരഞ്ഞുകൊൾക. കാരണം ചോദിച്ചാൽ ആദ്യം ഒന്നും പറയരുത്. ഇവിടുത്തെ ഇഷ്ടം അനുവർത്തിക്കുമെന്നു ഒന്നാമത് സത്യം ചെയ്യിക്കണം. അതിൻറെ ശേഷം വരത്തിൻറെ കാർയ്യം ഓർമ്മപ്പെടുത്തുക. അവയിൽ ഒന്ന് ഭരതനെ രാജാവാക്കി [ 35 ] വാഴിക്കേണമെന്നും മറ്റേത് രാമനെ പതിന്നാലു കൊല്ലം കാട്ടിലേക്ക് അയക്കേണമെന്നും ആയിരിക്കേണമെന്നു പറയുവിൻ. ഭവതിയുടെ കാർയ്യം സാധിച്ചു. ബ്രഹ്മാവിൻറെ ആവശ്യവും നിവർത്തിച്ചു. മനസ്സിലായില്ലെ ?

കൈകയി - എനിക്കു മനസ്സിലായി. ഞാൻ നീ പറഞ്ഞതു പോലെ ചെയ്യും. ഈ സഹായം നീ എനിക്കു ചെയ്തുതന്നതു ഞാൻ ഒരിക്കലും മറക്കുകയില്ല. ഞാൻ ഇതാ പോകുന്നു.

(കൈകയി പോയി)

മന്ഥര - ഹാ- എൻറെ കാർയ്യം സാധിച്ചു. കൂനി ! അല്ലെ ? കൂനി കൊളുത്തിയ ഈ തീ അയോദ്ധ്യരാജ്യം മുഴുവൻ കത്തിക്കട്ടെ.

(പോയി)

രംഗം 2.

ശ്രീരാമനും ലക്ഷ്മണനും പ്രവേശിക്കുന്നു)

രാമൻ - എൻറെ മനസ്സിൽ എന്തൊ ഒരു വല്ലായ്മ തോന്നുന്നു. [ 36 ] ലക്ഷ്മണൻ - പട്ടാഭിഷേകാവസരത്തിൽ ചെയ്വാനുള്ള കർമ്മങ്ങളെ ആലോചിച്ചായിരിക്കാം ജ്യേഷ്ഠന്നു ആ വിധം തോന്നുന്നത്.

രാമൻ - അല്ല; എന്താ ഒരു ആപത്തു സംഭവിക്കാൻ പോകുമ്പോൾ ഉള്ള മുന്നറിപ്പു പോലെയാണ് തോന്നുന്നത്.

ലക്ഷ്മണൻ - ജ്യേഷ്ഠൻ അങ്ങിനെ പറയരുത് . എന്താപത്താണ് ഈ മംഗളാവസരത്തിൽ പ്രതീക്ഷിക്കാവുന്നത്. ദേവന്മാരുടെയും ഗുരുക്കന്മാരുടെയും പ്രസാദം സിദ്ധിച്ചിരിക്കുന്ന ജ്യേഷ്ഠന്നു വല്ല ആപത്തും വരാനു ഇടയുണ്ടെന്നു പ്രതീക്ഷിക്കാവുന്നതാണൊ ?

രാമൻ - ലക്ഷ്മണാ, നീ ലോകതത്വം അറിയാത്തവനെ പോലെ സംസാരിക്കുന്നുവല്ലൊ ? ലോകത്തിൽ ആപത്തു സംഭവിപ്പാൻ പാടില്ലാത്ത ജനങ്ങൾ ഉണ്ടെന്നൊ നീ വിശ്വസിക്കുന്നത്.

ലക്ഷ്മണൻ - എന്നു ഞാൻ വിശ്വസിക്കുന്നില്ല. ദുഷ്ടന്മാരും പാപികളുമായ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന കാലത്തോളം സജ്ജനങ്ങൾക്ക് ആപത്തു വന്നുകൂടെന്നില്ല. സജ്ജനങ്ങളെ ദ്രോഹിക്കേണമെന്നും വഞ്ചിക്കേണമെന്നും അവമാനിക്കേണമെന്നും ആണ് പാപികളുടെ വിചാരിച്ചും പരിശ്രമവും. അതിന്നനുസരിച്ചു സജ്ജനങ്ങൾ അനർത്ഥങ്ങളും അപവാദങ്ങളും സഹിക്കേണ്ടിവരും. [ 37 ] രാമൻ - എന്നാൽ നീ വിചാരിക്കുമ്പോലെ നമ്മൾ സജ്ജനങ്ങളാണെങ്കിൽതന്നെ നമ്മൾ എങ്ങിനെ ആപത്തിൽ നിന്നൊഴിയും ?

ലക്ഷ്മണൻ - പക്ഷെ, ജ്യേഷ്ഠൻറെ കാർയ്യത്തിൽ ഒരു വിശേഷവിധിയുണ്ട്.

രാമൻ - എന്താണത്?

ലക്ഷ്മണൻ - ജ്യേഷ്ഠനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവർ ഈ അയോദ്ധ്യയിൽ ആരുമില്ല. പാപികൾ പോലുമില്ല. അതുകൊണ്ടു ജ്യേഷ്ഠന്ന് ആരും ആപത്തുകൾ ആശിക്കയില്ല.

രാമൻ - എന്തൊ ഞാൻ അറികയില്ല. എന്നാൽ ഒരു കാർയ്യം പറയാം. എനിക്കീരാജൈശ്വർയ്യത്തിൽ മോഹമില്ല. ഞാൻ പട്ടാഭിഷേകം ചെയ്യപ്പെട്ടാലും യഥാർത്ഥത്തിൽ രാജാവു നീ ആയിരിക്കണം. എനിക്ക് ഈ സംസാരത്തിലുള്ള ആഡംബരങ്ങളൊക്കെ ത്യജിച്ച് സ്വതന്ത്രനായി ജീവിക്കണമെന്നാണ് മോഹം. രാജപദവിക്കുള്ള ഭാരവാഹിത്വവും അസ്വാതന്ത്രതയും ആലോചിക്കുമ്പോൾ, അതു സംസാരമാകുന്ന ബന്ധനത്തിൽ ഏകാന്തബന്ധനമായി എനിക്കു തോന്നുന്നു.

ലക്ഷ്മണൻ - അങ്ങിനെ കല്പിക്കരുതു. അത് അച്ഛന്ന് ഇഷ്ടമാകയില്ല; അമ്മമാർക്ക് ഇഷ്ടമാകയില്ല; പ്രജകൾക്കാർക്കും ഇഷ്ടമാകയില്ല. പ്രജകളൊക്കെയും ജ്യേഷ്ഠൻ രാജ്യഭാരം വഹിക്കുന്നതും കാത്തുനിൽക്കയാണ്. [ 38 ] എന്നു മാത്രമല്ല, അതാതു പദവിയിൽ ജനിക്കുന്നവർക്കു ചെയ്യേണ്ടതായി ഓരോ ധർമ്മമില്ലയൊ ? ആ വക ധർമ്മങ്ങളെ ഒഴിക്കാവുന്നതാണോ ?

(ഒരു ഭൃത്യൻ പ്രവേശിക്കുന്നു)

ഭൃത്യൻ - തിരുമനസ്സുകൊണ്ടു വിജയിയായി ഭവിച്ചാലും; തിരുമേനിയെ മുഖം കാണിക്കാൻ മന്ഥര വന്നു വെളിയിൽ നിൽക്കുന്നു. തിരുമുമ്പിൽ പ്രവേശിപ്പാൻ അനുവാദത്തെ അപേക്ഷിക്കുന്നു. രാമൻ വരാൻ പായൂ.

രാമൻ - വരാൻ പറയൂ.

(ഭൃത്യൻ പോയി)

ലക്ഷ്മണൻ - എനിക്കു ആ സ്ത്രീയെ അശേഷം ഇഷ്ടമില്ല. അവൾ ഒരു ദുഷ്ടയും പാപിയുമാണ്.

(മന്ഥര പ്രവേശിക്കുന്നു)

രാമൻ - മന്ഥര എന്താണ് വന്നത് ?

ലക്ഷ്മണൻ - ജ്യേഷ്ഠനെ ഈ അവസരത്തിൽ അഭിനന്ദിക്കാനായിരിക്കും. അല്ലെ ?

മന്ഥര - അതാണ് അടിയൻറെ ഒന്നാമത്തെ കൃത്യം. എന്നാൽ അടിയന്നു മറ്റൊരു ആവശ്യകൂടി ഉണ്ട്.

രാമൻ - എന്താണത് ?

മന്ഥര - അടിയൻ തിരുമേനിയുടെ അച്ഛൻറെ ചോറുതിന്നു വളർന്നവളാണ്. അതുകൊണ്ടു ഇവിടുത്തേക്കു വല്ല ആപത്തും വരാൻ പോകുന്നത് അറിഞ്ഞാൽ അതി [ 39 ] നെപ്പററി മുന്നറിവു തരേണ്ടത് അടിയൻറെ കടമയാണ്.

രാമൻ - ആട്ടെ, കാർയ്യം. പറയൂ.

മന്ഥര - അടിയൻ പറവാൻ പോകുന്ന കാർയ്യം അടിയനാണ് പറഞ്ഞതെന്നറിഞ്ഞാൽ അടിയന്നു വലിയ ആപത്തിന്നു സംഗതിയുണ്ട്. അതുകൊണ്ടു അടിയനെ ഇവിടുന്നു രക്ഷിച്ചുകൊള്ളണം.

ലക്ഷ്മണൻ - നീ വന്ന കാർയ്യം വേഗത്തിൽ പറയൂ. ജ്യേഷ്ഠൻ ആശ്രിതവത്സലനാണെന്നു നീ ഓർമ്മപ്പെടുഇത്തേണ്ടതുണ്ടോ ? ജ്യേഷ്ഠന്നു എന്താപത്താണ് വരാൻ പോകുന്നത് ? ക്ഷണം പറയണം.

മന്ഥര - കൈകയിരാജ്ഞി അഭിഷേകവിഘ്നം വരുത്താൻ യത്നിക്കുന്നു.

ലക്ഷ്മണൻ - എന്ത് ? ആര് ? എന്തുചെയ്വാൻ യത്നിക്കുന്നു ?

രാമൻ ലക്ഷ്മണാ, നീ അടങ്ങൂ. അവൾ മുഴുവൻ പറയട്ടെ.

മന്ഥര - അടിയന്നു ഇത്രയെ പറവാനുള്ളൂ. ഇതു അടിയൻ അന്തഃപുരത്തിൾ വെച്ചു കേട്ട വർത്തമാനമാണ്. കൈകയിരാജ്ഞി അവിടുത്തെ പ്രിയപ്പെട്ട ദാസിയായ മാലിനിയോടു സംസാരിക്കുന്നത് അടിയൻ കേട്ടതാണ്.

ലക്ഷ്മണൻ - എന്താണ് സംസാരിച്ചത് ? [ 40 ] മന്ഥര - "എന്നോടു ഒരു വാക്കുപോലും പറയാതെയല്ലെ അഭിഷേകം നിശ്ചയിച്ചത്. ഭരതൻ ഇവിടെ ഇല്ലാത്ത തരം നോക്കി ഇത് ഇത്ര തിരക്കിൽ നിശ്ചയിച്ച തിൻറെ അർത്ഥമെന്താണ് ? ആട്ടെ, കാണട്ടെ, അഭിഷേകം നടക്കുന്നത് കാണട്ടെ' എന്നൊക്കെ പറയുന്നതു അടിയൻ കേട്ടു.

ലക്ഷ്മണൻ - ജ്യേഷ്ഠാ, ഇവൾ പറയുന്നത് മഹാകളവാണ്. ഞാൻ ഈ കൂനിയെ ഇപ്പോൾ ഇവിടെ പിടിച്ചു കെട്ടും. എന്നിട്ട് കൈകയിമാതാവോടു വിവരം ചോദിക്കും. വാ, നീ.

രാമൻ - ലക്ഷ്മണാ, ആയാസപ്പെടരുത്. ഈ സാധു എന്തൊ തെറ്റിദ്ധരിച്ചുവെന്നാണ് തോന്നുന്നത്. അവളെ ഉപദ്രവിക്കണ്ടാ. മന്ഥരെ, നീ പോയിക്കൊ, ഈ വിവരം നീ മറ്റാരോടും പറയരുത്. എൻറെ അമ്മയെ അറിയിക്കരുത്.

മന്ഥര - അടിയൻ ആരോടും പറയുന്നില്ല. എന്നാൽ അടിയൻ ഈ വിവരം പറഞ്ഞത് ഓർമ്മിക്കണം.

(മന്ഥര പോയി)

ലക്ഷ്മണൻ - ജ്യേഷ്ഠാ.

രാമൻ - നീ എന്തു വിചാരിക്കുന്നു ?

ലക്ഷ്മണൻ - ഇതൊക്കെയും ആ കൂനിയുടെ കുസൃതിയാണെന്നു വിചാരിക്കുന്നു. [ 41 ] രാമൻ - അവൾ എന്തിനായിട്ടു കളവു പറയണം.

ലക്ഷ്മണൻ - ഈ ശുഭാവസരത്തിൽ വല്ല അമംഗളവും ഉണ്ടാക്കാൻ.

രാമൻ - അവൾക്കു പിന്നീടുണ്ടാകുന്ന ആപത്ത് അവൾ ഓർമ്മിക്കയില്ലെന്നൊ ? കാർയ്യം അതൊന്നുമല്ല. അതു നമ്മൾക്കു പിന്നെ ആലോചിക്കാം.

(ചില കുട്ടികൾ പ്രവേശിക്കുന്നു. രാമൻറെ കാൽക്കൽ ഫലപുഷ്പാദികൾ വെച്ചു പാടിക്കൊണ്ടു പ്രദക്ഷിണം ചെയ്യുന്നു)

പാട്ട്.

(സുന്ദരിമാർ മണി-- എന്ന പോലെ)

വന്ദെരഘുരാമചന്ദ്രാ - ഗുണം വന്നീടവേണമനിശം. സുന്ദരരൂപാ, വിജയം- നിണ‌- ക്കെന്നുമുദിക്കുകവേണം. ശത്രുജനങ്ങളെയെല്ലാം- നിൻറെ പത്രികൾകൊണ്ടുഹനിച്ചു. മിത്രജനങ്ങൾക്കുസൌഖ്യം- പര- മെത്തീടുമാറുജയിക്കൂ. ആഴികളേഴും ചുഴന്ന നല്ലോ- രൂഴിഭരിക്കുവാനായി. തോയജനാഭൻ മുകുന്ദൻ- നിത്യം, മായമൊഴിഞ്ഞുതുണക്കും. [ 42 ] രാമൻ - കുട്ടികളെ, നിങ്ങളുടെ അഭിവന്ദനവും മംഗളാശംസയും കേട്ടു ഞാൻ വളരെ സന്തോഷിക്കുന്നു. വരൂ നാം അമ്മയുടെ അടുക്കലേക്ക് പോകുക.

(എല്ലാവരും പോയി)

രംഗം 3.

(നിലത്തുവീണുകിടക്കുന്ന കൈകയി കാണപ്പെടുന്നു. അണിയറയിൽ ദുഃഖസൂചകമായ പാട്ട്)

(ദശരഥൻ പ്രവേശിക്കുന്നു)

ദശരഥൻ - (ബദ്ധപ്പെട്ടു അടുത്തുചെന്നിട്ട്) ഭദ്രെ ഇതെന്തു കഥ ? നീ എന്താണിങ്ങിനെ ഈ വെറും നിലത്തു കിടക്കുന്നത്. വല്ല സുഖക്കേടും പിടിപെട്ടുവോ ? പറയൂ. എഴുന്നേൽക്കൂ. എൻറെ ആത്മാവിനു ആശ്വാസമായിരിക്കേണ്ടുന്ന നീ ഇങ്ങിനെ ദുഃഖിച്ചു കാണുമ്പോൾ എൻറെ ഹൃദയം പിളരുന്നു. ഭദ്രെ എഴുന്നേൽക്ക്. നിന്നോടു വല്ലവരും വല്ല അപരാധവും ചെയ്തുവൊ. വല്ലവരും നിണക്കു വിരോധമായി പ്രവർത്തിച്ചുവൊ ? വല്ലവരും നിൻറെ ഇഷ്ടത്തിന്നു പ്രറ്റികൂലമായി വല്ലതും ചെയ്തുവൊ ? പറയൂ, എന്നോടു പറയൂ. ആരായാലും അവരെ ഞാൻ [ 43 ] കഠിനമായി ശിക്ഷിക്കും. നീ വ്യസനിക്കരുത്. കുബേരൻ താനായാലും അവനെ ഒരു ക്ഷണത്തിൽ നല്ലൊരു പാഠം പഠിപ്പിക്കാൻ എനിക്കു സാധിക്കും. ദശരഥൻറെ ശക്തിയിൽ നിണക്കു വിശ്വാസമില്ലയൊ ? അതല്ല, വല്ല രാജശിക്ഷയിലും കുടുങ്ങിയവരെ രക്ഷിക്കേണമെന്നാണോ നിൻറെ ആഗ്രഹം ? എന്നാൽ അതു പറയൂ. സംശയം കൂടാതെ അവരെ രക്ഷിച്ചു തരാമല്ലൊ ? വല്ല ദരിദ്രനേയും ധനവാനാക്കേണമെന്നു നിണക്കു വിചാരമുണ്ടൊ ? ഈ നിമിഷത്തിൽ എനിക്കതു സാധിക്കാം. വല്ല ധനവാനേയും ദരിദ്രനാക്കേണമന്നു നിണക്കു മോഹമുണ്ടൊ ? നിണക്കുവേണ്ടി അതുചെയ്വാനും ഞാൻ മടിക്കയില്ല. ഇന്നു ലോകത്തിൽ എന്തു ചെയ്വാനും എനിക്കു സാധിക്കും. നിൻറെ ഈ ദുഃഖം കണ്ടുസഹിക്കാൻമാത്രം ഞാൻ ശക്തനല്ല.

കൈകയി - (സാവധാനത്തിൽ എഴുന്നറ്റിട്ട്) മഹാരാജാവെ ഇവിടുന്നു എന്തിനാണ് ഈ ഭംഗിവാക്കു പറയുന്നത് ?

ദശരഥൻ - ഭംഗിവാക്കൊ ? ഹ ! കഷ്ടം ! എന്നെ ഇത്ര കാലം പരിചയിച്ചിട്ടും എൻറെ പ്രിയപത്നി ഇപ്പോൾ ഇങ്ങിനെയൊ പറയുന്നത് ? ഭദ്രെ, എന്നാണനിന്നാണ, സത്യം - എൻറെ പ്രിയപുത്രനായ ശ്രീരാമനാണ സത്യം - നിൻറെ ഇഷ്ടമെന്താണെന്നു പറഞ്ഞാൽ ഞാൻ അതിനെ അനുവർത്തിക്കാം. ദുഃഖിക്കൊല്ല, നിൻറെ ആഗ്രഹം പറയൂ. [ 44 ] കൈകയി - (നല്ലവണ്ണം എഴുന്നേറ്റു ഇരുന്നിട്ട്) മഹാരാജാവെ, ഇവിടുന്ന് ആ വിധം സത്യം ചെയ്ത അവസ്ഥക്ക് ഞാൻ പറയാം. സൂർയ്യവംശരാജാക്കന്മാർ സത്യഭംഗം ചെയ്യുന്നവരെല്ലെന്ന് എനിക്ക് നല്ലവണ്ണം അറിയാം. പണ്ട് സുരാസുര യുദ്ധത്തിൽ ഇവിടുന്ന് എനിക്ക് രണ്ടുവരം തരാൻ പ്രതിജ്ഞചെയ്തത് ഓർമ്മയുണ്ടൊ ?

ദശരഥൻ - ഉണ്ട്. ഞാൻ തേരിൽ മൂർഛിച്ചു വീണപ്പോൾ നീ എന്നെ രക്ഷിച്ചപ്പൊഴല്ലെ ?

കൈകയി - അതെ, ആ രണ്ടുവരങ്ങളും ആവശ്യപ്പെടുമ്പോൾ ഞാൻ ചോദിച്ചുകൊളളാമെന്നു പറഞ്ഞിരുന്നു. ആ രണ്ടു വരങ്ങളും എനിക്കു ഇപ്പോൾ തരേണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

ദശരഥൻ - നിശ്ചയമായും തരാം. അതിനെന്തു മുടക്കം.

കൈകയി - അങ്ങിനെ പറഞ്ഞാൽ പോരാ. തരാമെന്നു സത്യം ചെയ്യണം.

ദശരഥൻ - ഹ ! വിശ്വാസമില്ലാത്തവളെ, ഞാൻ ആദ്യം തന്നെ സത്യം ചെയ്തുവല്ലൊ ? എന്നാണ, നിന്നാണ സത്യം, എൻറെ പ്രിയപുത്രനായ ശ്രീരാമനാണ സത്യം. വസിഷ്ഠ മഹർഷിയുടെ പാദാരവിന്ദങ്ങളാണ സത്യം. പണ്ട് സുരാസുരയുദ്ധത്തിൽ ഞാൻ നിന്നേയും കൂട്ടി യുദ്ധത്തിന്നുപോയ അവസരത്തിൽ സംഗതിവശാൽ ഞാൻ മൂർഛിച്ചു വീണപ്പോൾ, നീ [ 45 ] എന്നെ രക്ഷിച്ചതിനെ അനുസ്മരിച്ചു നിണക്കു തരാമെന്നു പ്രതിജ്ഞ ചെയ്ത വരങ്ങൾ രണ്ടും നിണക് ഇപ്പോൾ തരാം.

കൈകയി - എന്നാൽ കേട്ടോളു. ഒന്നാമത്തെ വരം, നാളെ എൻറെ മകൻ ഭരതനെ യുവരാജാവായി വാഴിക്കണം. രണ്ടാമത്തേത്, രാമനെ പതിന്നാലുകൊല്ലത്തേക്ക് നാളത്തന്നെ കാട്ടിലേക്ക് അയക്കണം.

ദശരഥൻ - ഹ ! ദുഷ്ടെ ! രാക്ഷസി ! നീ എന്നെ ചതിച്ചുവൊ ? (മോഹാലസ്യപ്പെട്ടു വീഴുന്നു. അണിയറയിൽ ദുഃഖസൂചകമായ പാട്ട്)

(മൂർഛയിൽനിന്ന് നിവർത്തനായശേഷം,)

ഹാ ! ദൈവമെ, ഞാൻ സ്വപ്നം കണ്ടതാണൊ ? അതല്ല, മനസ്സിൻറെ വെറും വിമോഹമൊ ?

(കൈകയിയെ സൂക്ഷിച്ചു നോക്കീട്ട്)

അല്ല, ഇതാ, ആ ദുഷ്ട ഇരിക്കുന്നു ! പശുവെ വെട്ടിക്കൊന്ന കത്തിവാൾ പിന്നെയും നിഷാദൻറെ കൈയിൽ ഇരുന്നു തിളങ്ങുംപോലെ, ഈ ദുഷ്കൃതകാരിയുടെ നാവ് ഇപ്പഴും അവളുടെ വായിൽ കിടക്കുന്നുവല്ലൊ. അല്ലയൊ, കുലത്തെ മുടിക്കാൻ ഒരുങ്ങിയ നിഷ്ഠരെ, രാമൻ നിന്നോട് എന്തു തെറ്റു ചെയ്തു ? ഞാൻ എന്തു തെറ്റു ചെയ്തു ? രാമൻ നിന്നെ സ്വന്തം മാതാവെപോലെ കരുതിയല്ലയൊ പ്രവർത്തിച്ചുപോരുന്നത് ? അവന്നല്ലയൊ നീ അനർത്ഥം [ 46 ] മൊഴിച്ചിടുന്നത് ? രാജപുത്രിയെന്നു വിചാരിച്ച് ഒരു വ്യാളത്തെയൊ ഞാൻ എൻറെ ഗൃഹത്തിൽ കൈ പിടിച്ചു കയറ്റിയത് ? സർവ്വ പ്രജകളും നിത്യം രാമനെ സ്തുതിക്കുന്നു. ഞാൻ പിന്നെ എന്തു പറഞ്ഞാണ് അവനെ കാട്ടിൽ കളയേണ്ടത് ? ഞാൻ സുമിത്രയെയും, കൗസല്യയെയും, നിണക്കുവേണ്ടി ഉപേക്ഷിക്കാം. എൻറെ സർവ്വസ്വവും ഞാൻ ത്യജിക്കാം. രാമനെ പിരിഞ്ഞിരിക്കാൻ ഞാൻ ശക്തനല്ല. രാമനെ കാണാതെ എൻറെ ആത്മാവ് ശരീരത്തിൽ കുടികൊള്ളുകയില്ല. അയ്യൊ കൈകയി, ഞാൻ നിൻറെ, കാലിന്നു നമസ്കരിക്കാം. നീ ഈ ശാഠ്യം വിടു.

കൈകയി - മഹാരാജാവെ, എന്താണിങ്ങിനെ അവിവേകം പ്രവർത്തിക്കുന്നത് ?

ദശരഥൻ - നീ എന്നെ പരീക്ഷിക്കയാണൊ. എനിക്കു ഭരതനോട് എത്രമേൽ സ്നേഹമുണ്ടെന്ന് അറിവാൻ വേണ്ടിയുള്ള നിൻറെ വിദ്യയാണൊ ഇത് ? ഭരതൻ രാജാവായിക്കൊള്ളട്ടെ. രാമനെ എന്തിന്നു കാട്ടിലയക്കണം ?

കൈകയി - അതാണൊ നിങ്ങളുടെ സത്യം. സത്യത്തിൽ പകുതി അനുഷ്ടിച്ചാൽ പകുതി ഫലമുണ്ടാകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടൊ ? പകുതി തിന്നാൽ പകുതി നിറയും എന്ന പ്രമാണം ഇതിലും പറ്റുമെന്നൊ വിശ്വസിക്കുന്നത്. മഹാരാജാവെ, സത്യ [ 47 ] ത്തിന്ന് ഭാഗവും ഭിന്നിതവും ഇല്ല. സത്യം അഭേദ്യമായ സമ്പൂർണ്ണവസ്തുവാണ്.

ദശരഥൻ - പരമദുഷ്ടെ, മറ്റുള്ളവരുടെ മനോവേദനയിൽ അനുകമ്പയില്ലാത്ത രാക്ഷസി,- നിൻറെ ഭർത്താവായ എന്നെ നീ ഈ വിധം ദുഃഖിപ്പിക്കുമ്പോൾ, മറ്റുള്ള വരെ നീ എങ്ങിനെ ദുഃഖിപ്പിക്കും. ഇക്കാലത്ത് ആരെ വിശ്വസിക്കാം. മനുഷ്യൻ സ്വാർത്ഥിയായിത്തീരുമ്പോൾ രാക്ഷസനെക്കാൾ കഠിനനും നിർദ്ദയനുമായിരിക്കും. മുയൽ ഒരു നിരുപദ്രവജീവിയായിരിക്കുന്നത് സ്വന്തം കുക്ഷിപൂരണത്തിന്നു പുല്ലും ഇലയും കൊണ്ട് തൃപ്തിപ്പെടുന്നതിനാൽ മാത്രം. നീ ഇതുവരെ എന്നോടും മറ്റുള്ളവരോടും എത്ര ദയയും സ്നേഹവും കാണിച്ചു ? രാമനോടു തന്നെയും അത്രമേൽ പ്രിയമുണ്ടെന്ന് നീ നിൻറെ ഓരൊ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കാണിച്ചില്ലെ. അവയൊക്കെ ഇത്ര പെട്ടെന്നു എങ്ങിനെ ഭേദിച്ചു ? ആരാണ് നിണക്കു കുസൃതികൾ ഉപദേശിച്ചത്. രാമനെ കാട്ടിൽ അയക്കേണമെന്നു ഉപദേശിക്കത്തക്ക ദുഷ്ടന്മാർ അയോദ്ധ്യയിലുണ്ടോ ? രാമനെപറ്റി ഒരാളെങ്കിലും പരിവാദമൊ അപവാദമൊ പറഞ്ഞു കേട്ടിട്ടില്ലല്ലൊ. അവൻ സർവ്വ ജനങ്ങളെയും സാമോക്തികൊണ്ട് സന്തോഷിപ്പിക്കുന്നുണ്ടല്ലൊ. അവൻറെ ദാനം സ്വീകരിക്കാൻ ഇടവരാത്ത ദീനരുണ്ടൊ, അവൻറെ സേവകൊണ്ട് സന്തോഷിക്കാത്ത ഗുരുക്കന്മാരുണ്ടൊ ? അവനോടു കാട്ടിൽ പോകാൻ ഞാൻ എങ്ങിനെ പറയും ? [ 48 ] കൈകയി - രാജാവെ, ഇങ്ങിനെ ഒരു നിമിഷത്തിൽ വരവും തന്നു, മറ്റെ നിമിഷത്തിൽ അനുതപിക്കയാണെങ്കിൽ, ലോകത്തിൽ നിങ്ങൾ എങ്ങിനെ ധർമ്മിഷ്ഠത പ്രസംഗിക്കും ? നിങ്ങൾ ഇപ്പോൾ ചെയ്യുമ്പോലെ മറെറാരു രാജാവു ചെയ്തിരുന്നുവെങ്കിൽ അയാളുടെ തലയിൽ അധർമ്മവും കെട്ടിവെച്ചു, അയാളോടു യുദ്ധത്തിന്നു പുറപ്പെടാൻ അതുതന്നെ പോരെയൊ ? തൻറെ ജീവനെ രക്ഷിച്ച ഒരാളോടു കൃതഘ്നത കാണിക്കുന്ന ഒരു പൌരനെ കണ്ടെങ്കിൽ അവനെ അയോദ്ധ്യയിൽ വെച്ചേക്കുമോ ? നിങ്ങളുടെ ജീവനെ രക്ഷിച്ചവളോടു വാഗ്ദാനം ചെയ്ത വരങ്ങളെ അവൾക്കു കൊടുക്കാത്തതെന്തായിരുന്നു, എന്നു നിങ്ങളേ പോലുള്ളവർ ചോദിച്ചാൽ എന്തുത്തരം പറയും ?

ദശരഥൻ - കൈകയി, നേരെ മറിച്ചും നീ ആലോചിക്കൂ. മന്ത്രികളോടും യോഗ്യരായ പൌരന്മാരോടും സാമന്ത രാജാക്കന്മാരോടും ആലോചിച്ചു, രാമൻറെ അഭിഷേകം നിശ്ചയിച്ച എന്നോടു അവരെല്ലാംകൂടി, എന്തു കൊണ്ടാണീ അഭിഷേകം മുടക്കിയത്, എന്നു ചോദിച്ചാൽ ഞാൻ എന്തുത്തരം പറയും. കൈകയിയെ സന്തോഷിപ്പിക്കാനും ഭരതനെ വാഴിക്കാനും വേണ്ടി രാമൻറെ അഭിഷേകം മുടക്കിയെന്നു പറവാനൊ ? രാമൻറെ അമ്മയോടു ഞാൻ എന്തു പറയും. കൈകയിയെ സന്തോഷിപ്പിക്കാൻ മൂത്തമകനെ കാട്ടിലാക്കിയെന്നു പറവാനൊ ? സീതയോടു ഞാൻ എന്തു [ 49 ] പറയും ? കാട്ടിൽ തള്ളിക്കളയത്തക്ക തെറ്റ് എൻറെ ഭർത്താവ് എന്തുചെയ്തുവെന്നു ജാനകി ചോദിക്കുമ്പോൾ ഞാൻ എന്തു പായും ?

കൈകയി - നിങ്ങൾ എന്തുപറഞ്ഞാലും കൊള്ളാം. വരം തന്നിട്ട് അതിന്നു വിപരീതം പ്രവർത്തിക്കരുതു. യോഗ്യന്മാരാരും പണ്ടങ്ങിനെ ചെയ്തിട്ടില്ല.

ദശരഥൻ - ഇല്ലത്ത് യോഗ്യന്മാരാരും ഇങ്ങിനെ സ്ത്രീജിതരായി ചാപല്യം പ്രവർത്തിച്ചിട്ടില്ല. യോഗ്യന്മാരാരും ഒരു സ്ത്രീയെ സന്തോഷിപ്പിക്കാൻ മൂത്തമകനെ കാട്ടിലാക്കീട്ടില്ല.

കൈകയി - രാജാവെ, വെറുതെ ഓരോന്നെ പറഞ്ഞു സമയം കളയേണ്ടുന്ന ആവശ്യമില്ല. എനിക്കു വാഗ്ദാനം ചെയ്ത വരം തരണം തന്നെ. തന്നില്ലെങ്കിൽ നിങ്ങളുടെ മുമ്പിൽവെച്ചു ഞാൻ വിഷം തിന്നു മരിക്കും. സത്യം പരിപാലിക്കാമെന്ന് ച്ചിട്ട് ഒരു സ്ത്രീയെ കൊന്നുവെന്നുള്ള അപവാദം ത്തിൽ കയറ്റിവെക്കണ്ട.

ദശരഥൻ - ഹാ ദൈവമെ ഞാൻ ഇനി എന്തുചെയ്യും. രാമനെ പിരിഞ്ഞാൽ ഉടനെ ഞാൻ മരിക്കും. അതു കൊണ്ടു മാത്രം എൻറെ ജീവൻ ഉടനെ എന്നെ കൈ വിട്ടില്ലെങ്കിൽ ഭർത്താവെ പിരിഞ്ഞ സീതയെയും പുത്രനെപിരിഞ്ഞ കൌസല്യയെയും കാണുന്ന മാത്രയിൽ ഞാൻ മരിക്കും. സ്വർഗ്ഗത്തിലുണ്ടാകുമൊ എനിക്കു സുഖം. ദേവന്മാർ രാമൻറെ കുശലത്തെപ്പറ്റി ചോദിക്കുമ്പോൾ ഞാൻ എന്തു പറയും. [ 50 ] പുത്രനില്ലാതെ ക്ലേശിച്ചശേഷം ഉണ്ടായ മക്കളിൽ മൂത്തവനെ അനാവശ്യമായും അന്യായമായും വെറും ഒരു സ്ത്രീയെ സന്തോഷിപ്പിക്കാൻവേണ്ടി കാട്ടിലയക്കേണ്ടിവന്നുവെന്നൊ ? അവർ രഹസ്യത്തിൽ എന്നെ പരിഹസിച്ചു ചിരിച്ചയില്ലയൊ ? ഹാ, ദൈവമെ, കാട്ടിൽ പോകാൻ ഞാൻ കല്പിച്ചാൽ രാമൻ മറുത്തു പറയുമൊ ? പറഞ്ഞെങ്കിൽ എത്ര നന്നായിരുന്നു ! പറയുമൊ ? ഒരിക്കലും അവൻ മറുത്തുപറകയില്ല. അതല്ലയൊ കഷ്ടം. കൈകയി നീ ദയചെയ്യണം. ഞാൻ ഒരു വൃദ്ധനല്ലയൊ ? ഞാൻ നിനക്ക് അധീനനല്ലയൊ ? ഒരു മഹാരാജാവല്ലെ ഞാൻ ? ഞാൻ നിൻറെ കാലുപിടിച്ച് അപേക്ഷിക്കുന്നതു നിണക്കു സമ്മതിച്ചുകൂടെയൊ ? രാജ്യം മുഴുവൻ ഞാൻ നിണക്കു തരാം. നീ അതു രാമന്നു ദാനംചെയ്തു കൃതാർത്ഥയാകുക.

കൈകയി - ദശരഥമഹാരാജാവിൻറെ സത്യനിഷ്ഠയെപ്പററി ലോകം പരിഹസിക്കത്തക്ക നില വരുത്തരുതു. ശൈബ്യരാജാവ് ഒരു പക്ഷിയോടു ചെയ്ത വാഗ്ദാനത്തെ നിറവേറ്റാൻവേണ്ടി സ്വന്തം ശരീരത്തെയല്ലെ അതിന്നു കൊടുത്തത് ? സ്വന്തം കണ്ണു ചുരന്നെടുത്തു കൊടുത്ത ആ ബ്രാഹ്മണനെ ഓർക്കരുതൊ ?

ദശരഥൻ - നിന്നെ ഞാൻ എൻറെ ഭാർയ്യയാക്കി അഗ്നി സാക്ഷിയായി കൈപിടിച്ച ആ അവസരത്തെ ഞാൻ ശപിക്കുന്നു. രാമനെ കാട്ടിലയച്ചു കണ്ടതു കൊണ്ടു മാത്രമല്ല, ഞാൻ മരിച്ചു കണ്ടതുകൊണ്ടും [ 51 ] നീ ഉടനെ സന്തോഷിക്കും. രാമാഭിഷേകത്തിനു ഒരുക്കിയ ഒരുക്കങ്ങളെക്കൊണ്ട് ഭരതാഭിഷേകമല്ല, എൻറെ ഉദകക്രിയ ചെയ്യേണ്ടിവരും. നീയും നിൻറെ മകനും എൻറെ ഉദകക്രിയ ചെയ്യരുതു. ഞാൻ ധർമ്മക്കുടുക്കിൽ പെട്ടു. ഈശ്വരൻ സഹായം. ഇതാ നേരം പുലർന്നുവരുന്നു. ഇത്ര ഭയങ്കരമായ ഒരു ദിനം ലോകത്തിൽ ഒരിക്കലും ഒരു കാലത്തും പുലർന്നിട്ടില്ല. എന്നും അയക്കുന്ന കിരണങ്ങളെത്തന്നെയാണൊ ഇന്നും സൂർയ്യൻ ഭൂമിയിലേക്കയക്കുന്നത് ? എന്നും പാടുന്ന സ്വരത്തിലാണൊ ഇന്നും പക്ഷികൾ പാടുന്നത് ?ഇതാ വന്ദികളുടെയും ഗായകന്മാരുടെയും സ്വരം കേൾക്കുന്നു. കൈകയി, നിൻറെ ഇഷ്ടം സാധിക്കട്ടെ. നീ സന്തോഷിക്കട്ടെ. ലോകത്തിൽ മേലാൽ സ്ത്രീകളെ അവിശ്വാസത്തിലല്ലാതെ പുരുഷന്മാർ സംസാരിക്കാൻകൂടി സംഗതിവരാതെയാകട്ടെ.

(മൂർഛിക്കുന്നു)

(കർട്ടൻ) [ 52 ] അങ്കം 3. രംഗം 1.

[ മാലിനിയെന്നും സൌദാമിനിയെന്നും രണ്ടു സ്ത്രീകൾ രണ്ടുഭാഗത്തുനിന്നായി പ്രവേശിക്കുന്നു. ]

സൌദാമിനി - മാലിനിയൊ ? നീ എങ്ങട്ടാണ് ഇത്ര ബദ്ധപ്പെട്ടു പോകുന്നത് ? കൊട്ടാരത്തിൽ എന്താണൊരു കോലാഹലം ?

മാലിനി - നീ വിവരമൊന്നും അറിയാത്തവളെപ്പോലെയല്ലെ പറയുന്നത് !

സൌദാ - ശരിയാണ് നീ പറഞ്ഞത്. ഞാൻ യാതൊന്നും അറികയില്ല. ഇന്നാൾ നീ എന്നെ കണ്ടിരുന്നില്ലെ ? അന്നു പോയിട്ട് ഞാൻ ഇന്നു മടങ്ങിവരികയാണ്. ഞാൻ വർത്തമാനം ആരോടും ചോദിച്ചില്ല. ചോദിക്കാതെതന്നെ എന്തൊ ഒരു അസാധാരണ സംഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്കു തോന്നി. ജനങ്ങളുടെ മുഖസ്വഭാവത്തിലും, അവർ കൂട്ടംകൂട്ടമായി ഓരൊ ദിക്കിൽ നിന്നു സംസാരിക്കുന്ന സമ്പ്രദായത്തിലും, എന്തിന്നുപറയുന്നു, അയോദ്ധ്യയിലെ ആകാശമണ്ഡലത്തിൽതന്നെയും, ഒരു അസാധാരണസംഭവത്തിൻറെ സൂചനകൾ കാണുന്നുണ്ട്. ഞാൻ അഭിഷേക [ 53 ] വർത്തമാനം കേട്ടിട്ടാണ് ബദ്ധപ്പെട്ടു വന്നത്. എന്നാൽ ഈ സൂചനകൾ ശുഭസൂചനകളായി തോന്നാത്തതുകൊണ്ട്, ആരോടും ഒന്നും ചോദിപ്പാൻ എനിക്കു ധൈര്യമുണ്ടായില്ല. മഹാരാജാവിന്ന് സുഖക്കേടൊന്നുമില്ലല്ലൊ. അതാ, നോക്കു കുറെ ജനക്കൂട്ടം കൊട്ടാരത്തിലേക്കു ബദ്ധപ്പെട്ടു പോകുന്നതു നോക്കൂ. സർവ്വരും പരിഭ്രമിച്ചിരിക്കുന്നു. ഇതിൻറെയൊക്കെ അർത്ഥമെന്ത്. അറിവാൻ എനിക്കു ബദ്ധപ്പാടായിരിക്കുന്നു.

മാലിനി - ഞാനെന്താണ് പറയേണ്ടത് ! നമുക്കൊക്കെ അത്യനർത്ഥം നേരിട്ടിരിക്കുന്നു.

സൌദാ - എന്താണത്, ? വേഗം പറയൂ.

മാലിനി - ശ്രീരാമദേവൻറെ അഭിഷകം മുടക്കി, അദ്ദേഹത്തെ കാട്ടിൽ അയപ്പാൻ തീച്ചയാക്കി. ഭരതകുമാരന്ന് അഭിഷകം നിശ്ചയിച്ചു.

സൌദാ - അയ്യൊ ദൈവമെ,- ഇതെന്തു കഥ ? ലോകം കീഴുമേൽമറിയുന്നുവൊ ? ഇതു സംഭവിപ്പാൻ പാടുള്ളതാണൊ ? എനിക്കിതു വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇതിനെന്തു സംഗതി. പെട്ടെന്ന് ഈ വിധം സംഭവിപ്പാൻ ഗൌരവമുള്ള വല്ല സംഗതിയും ഉണ്ടായിരിക്കണമല്ലൊ.

മാലിനി - സംഗതി അസൂയയും സ്വാർത്ഥവും തന്നെ.

സൌദാ - ആരുടെ അസൂയ ? ആരുടെ സ്വാർത്ഥം ? [ 54 ] മാലിനി - കൈകയിരാജ്ഞിയുടെയല്ലാതെ മറ്റാരുടെ ?

സൌദാ - മഹാപാപി! ശ്രീരാമദേവനെപ്പറ്റി മഹാരാജ്ഞി ഇന്നാൾ എന്തൊക്കെ സ്തുതിച്ചുപറഞ്ഞിരുന്നു. രാമദേവനെപ്പറ്റി അവിടുത്തേക്ക് എന്തൊരു സ്നേഹമായിരുന്നു. പിന്നെ ഇത്രവേഗം ഈ കൊടുങ്കാറ്റ് അടിപ്പാൻ കാരണമെന്ത് ?

മാലിനി - തൻറെ പുത്രന്ന് രാജ്യം കിട്ടണമെന്ന് ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക.

സൌദാ - അതിന്നു രാദേവനെ കാട്ടിലയക്കുന്നതെന്തിന്ന് ?

മാലിനി - രാമദേവനോടുള്ള വിരോധമാണെന്നല്ല തോന്നുന്നത്. കൌസല്യാദേവിയോടുള്ള അസൂയയാണ്. അസൂയ എന്തൊക്കെ പാപത്തിന്നു കാരണമാകും ! നീ കാണുന്നില്ലെ, ഈ ധർമ്മഭൂമിയിൽതന്നെ അസൂയാലുക്കളെകൊണ്ടുള്ള ബുദ്ധിമുട്ടുകൾ കാണുന്നില്ലെ ? ? ഒരാൾ വല്ല വിധത്തിലും നന്നാകുന്നത് ഈ ദുഷ്ടന്മാർക്കു പൊറുക്കാമൊ ? ഒരാൾ സ്വന്തം അദ്ധ്വാനം കൊണ്ടു കുറെ ദ്രവ്യം സമ്പാദിച്ചെങ്കിൽ, അവൻ കട്ടിട്ടൊ ചതിച്ചിട്ടൊ സമ്പാദിച്ചതാണെന്നു പറഞ്ഞുണ്ടാക്കും. ഒരുവൻ വിദ്വാനായിത്തീർന്നാൽ അവൻറെ കുലത്തെ പഴിക്കും. കുലമാഹാത്മ്യംകൊണ്ടു കീർത്തിപ്പെട്ടവൻറെ തലയിൽ അപവാദം ചുമത്തും.

സൌദാ - രാമദേവന്ന് എന്തു കുറ്റം പറഞ്ഞാണ് അദ്ദേഹത്തെ നാടുകടത്തുന്നത്. [ 55 ] മാലിനി - കസ്തൂരി മൃഗത്തിന്ന് എന്തു കുററംപറഞ്ഞാണ അതിനെ ജനങ്ങൾ തല്ലിക്കൊല്ലുന്നത് ?

സൌദാ - ശരി, മനുഷ്യൻ സ്വാർത്ഥത്തിന്നുവേണ്ടി പരദ്രോഹം ചെയ്യുന്നു. എന്നാൽ ദശരഥമഹാരാജാവുള്ളപ്പോൾ കൈകയിരാജ്ഞിക്ക് ഇതെങ്ങിനെ സാധിച്ചുവെന്നാണ് എനിക്കു മനസ്സിലാകാത്തത്.

മാലിനി - മഹാരാജാവ് മുൻകൂട്ടിത്തന്നെ എന്തൊ ഒരു സത്യം ചെയ്തുപോയിരുന്നുപോൽ. അതിൻറെ വിവരം മുഴുവൻ ഞാൻ അറിഞ്ഞുകഴിഞ്ഞില്ല.

സൌദാ - ആകപ്പാടെ സാധു മഹാരാജാവ്, അനേക കളത്രത്വത്തിൻറെ ഒഴിച്ചുകൂടാത്ത ഫലം അനുഭവിക്കുകയാണെന്നാണ് തോന്നുന്നത്. പ്രകൃതിയുടെ ശിക്ഷയിൽനിന്ന് ഒഴിവാൻ മഹാരാജാക്കന്മാർക്കും സാധിക്കയില്ല.

വിലത്തിന്നകത്തുംപുറത്തുംവസിക്കും മഹാസർപ്പമാർജ്ജാരകന്മാർക്കമദ്ധ്യേ അകപ്പെട്ടൊരാഖ്യപ്രവീരന്നുതുല്യം ഭയപ്പെട്ടിടുംഭാർയ്യരണ്ടുള്ളമർത്യൻ.

പഠിക്കട്ടെ - പുരുഷന്മാർ പഠിക്കട്ടെ. ഇതിൻറെ മുഴുവൻ വിവരം അറിവാൻ എന്താണ് വിദ്യ ?

മാലിനി - ഞാൻ അതിന്നുവേണ്ടി പോകയാണ്. രാമദേവനെ മഹാരാജാവ് അടിയന്തരമായി ക്ഷണിച്ചു [ 56 ] വരുത്തിയിരുന്നുവെന്നും അന്തഃപ്പുരത്തിൽവെച്ചു എന്തൊ രഹസ്യമായി ചില സംഭാഷണങ്ങൾ നടന്നിരുന്നുവെന്നും, രാമൻദേവൻ കുണ്ഠിതനായി മടങ്ങിപ്പോയെന്നും കേട്ടു. സംഭാഷണം നടന്ന അവസരത്തിൽ സുമന്ത്രരും ഉണ്ടായിരുന്നു. അതുകൊണ്ടു നമ്മൾ സുമന്ത്രരുടെ അടുക്കൽ പോയാൽ എല്ലാ വിവരവും അറിവാൻ നമ്മൾക്കും കഴിയും.

സൗദാ - അതാണ് നല്ലത്. എന്നാൽ നമ്മൾ പോക.

രംഗം 2.

(കൌസല്യാദേവി പ്രവേശിക്കുന്നു)

കൌസല്യ - ആരാണ് ആ വരുന്നത്? എൻറെ മകനെ പ്പോലെ ഇരിക്കുന്നുവല്ലൊ ? ഛെ, ആയിരിക്കയില്ല. ഇങ്ങിനെ സ്വകാർയ്യം വരാൻ സംഗതിയില്ലല്ലൊ. അതെ, രാമൻ തന്നെ. എന്താണ് ഇങ്ങിനെ തല താഴ്ത്തി വിചാരമഗ്നനായി നടന്നുവരുന്നത് ?

(ശ്രീരാമൻ പ്രവേശിക്കുന്നു. കൌസല്യ അടുത്തുചെന്നു പിടിച്ചാലിംഗനം ചെയ്തിട്ട്)

മകനെ, നീ എന്താണ് ഈ വിധം സ്വകാർയ്യം നടന്നുവന്നത് ? നിൻറെ മുഖം വാടിയിരിക്കുന്നു [ 57 ] വാല്ലൊ. നീ എന്താണ് പരിഭ്രമിക്കുന്നത്. എൻറെ മകന്നു വിശക്കുന്നുവൊ - വരൂ- ഇരിക്കൂ. ഭക്ഷിപ്പാൻ വല്ലതും കൊണ്ടുവരട്ടയൊ ?

രാമൻ - അമ്മെ, എനിക്ക് ഇപ്പോൾ ഭക്ഷിപ്പാൻ സമയമില്ല. വിശക്കുന്നതുമില്ല. അമ്മക്കു വളരെ വ്യസനമുണ്ടാകത്തക്കു ഒരു കാർയ്യം പറവാനാണ് ഞാൻ വന്നത്.

കൌസല്യ - എന്താണത് ? മഹാരാജാവിന്നു വല്ലതും സംഭവിച്ചുവോ ? സീതക്കൊ ലക്ഷ്മണന്നൊ വല്ല സുഖക്കേടുമായൊ ? ഭരതശത്രുഘ്നന്മാർക്കു വഴിക്കൽ വല്ല ആപത്തും നേരിട്ടുവോ ?

രാമൻ - അമ്മെ, അവർക്കാർക്കും യാതൊരു സുഖക്കേടും ഇല്ല. ഞാൻ പറവാൻ പോകുന്ന സംഗതി കേട്ടുകഴിഞ്ഞാൽ അമ്മ അശേഷം വ്യസനിക്കയില്ലെന്നു പറയണം. വ്യസനിപ്പാൻ കാരണമില്ല. ഞാൻ അച്ഛൻറെ ഇഷ്ടത്തെ അനുവർത്തിപ്പാനാണ് പോകുന്നത്. പിതാക്കളുടെ ഹിതത്തെ അനുവർത്തിക്കുകയല്ലയൊ മക്കളുടെ കൃത്യം ? അച്ഛൻ എന്നോടു വല്ലതും കല്പിച്ചാൽ ഞാൻ അത് ഉടനെ ചെയ്യേണ്ടതല്ലയൊ ?

കൌസല്യ - നിശ്ചയമായും ചെയ്യണം. അതിൽപരം പുത്രകൃത്യമില്ല. പക്ഷെ എനിക്കു വ്യസനകരമായ സാംഗതിയാണെന്നുള്ള നിൻറെ വാക്കുകേൾക്കുകയും നിൻറെ ഈ പരിഭ്രമം കാണുകയും ചെയ്യുമ്പോൾ [ 58 ] എൻറെ ഹൃദയം പിളരുന്നു. കാർയ്യമെന്താണെന്നു വേഗം പറയുക.

രാമൻ - അമ്മെ, ഞാൻ കാട്ടിലേക്കു പോകുന്നു.

കൌസല്യ - കാട്ടിലേക്കൊ ? എന്തിന് ? ഇന്നു നിൻറെ അഭിഷേകമല്ലയൊ ?

രാമൻ - അതെ, അഭിഷേകംതന്നെ. പക്ഷെ കാടുഭരിപ്പാനാണ് അച്ഛൻ എന്നെ ഏല്പിച്ചിരിക്കുന്നത്.

കൌസല്യ - മകനെ, നീ എന്താണ് പറയുന്നതെന്നു എനിക്കു മനസ്സിലാകുന്നില്ലല്ലൊ.

രാമൻ - ഞാൻ പറയാം. അച്ഛൻ കൈകയിമാതാവിന്നു പണ്ടു രണ്ടു വരം കൊടുത്തിരുന്നുപോൽ.

കൌസല്യ - ശരി, അതിനെപ്പററി മഹാരാജാവ് എന്നോടു പറഞ്ഞിരുന്നു. എന്നു മാത്രമല്ല, അത് അക്കാലത്ത് രാജ്യത്തൊക്കെ പ്രസിദ്ധമായ ഒരു സംഗതിയായിരുന്നു.

രാമൻ - ആ വരം ഇപ്പോൾ കൊടുക്കേണമെന്ന് കൈകയി മാതാവ് ആവശ്യപ്പെട്ടിരിക്കുന്നു. അച്ഛൻ അതു സമ്മതിക്കേണ്ടിയും വന്നിരിക്കുന്നു. അവയിൽ ഒന്നു ഞാൻ പരിന്നാലുകൊല്ലം കാട്ടിൽ സഞ്ചരിച്ചു കാലം കഴിക്കേണമെന്നും മറ്റേതു ഭാതൻ യുവരാജപട്ടം വഹിക്കേണമെന്നും ആകുന്നു.

കൌസല്യ - അയ്യൊ, മകനെ, കൈകയി ചതിച്ചൊ ?

(കണ്ണുപൊത്തികരയുന്നു) [ 59 ] രാമൻ - അമ്മെ, നിങ്ങൾ വ്യസനിക്കരുത് - എനിക്കു കാട്ടിൽ പോകുന്നതിന്ന് അശേഷം മടിയോ വ്യസനമോ ഇല്ല. നിങ്ങൾക്ക് അതുനിമിത്തം സങ്കടമുണ്ടാകുന്നതാണ് എനിക്കു സഹിച്ചുകൂടാത്തത്. അമ്മെ, കാർയ്യമാലോചിച്ചാൽ നാടുവാഴുന്നതിനെക്കാൾ പ്രയാസംകുറഞ്ഞ പ്രവൃത്തിയാണ് കാടുവാഴുന്നത്. കൈകയിമാതാവ് എൻറെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിച്ചത്. അമ്മ വ്യസനിക്കരുത്. കൈകയി മാതാവോടോ, ഇതുനിമിത്തം മറ്റു വല്ലവരോടുമോ, അമ്മയുടെ മനസ്സിൽ യാതൊരു കോപവും ജനിക്കരുത്. ഞാൻ അച്ഛൻറെ ഹിതത്തെ അനുവർത്തിക്കുകയാണെന്ന് അമ്മ ഓർമ്മിക്കുമല്ലൊ.

കൌസല്യ - മഹാരാജാവ് നിൻറെ മുഖത്തുനോക്കി കാട്ടിൽ പോവാൻ പറഞ്ഞുവോ ?

രാമൻ - അച്ഛൻ നേരിട്ട് എന്നോടൊന്നും പറഞ്ഞില്ല അച്ഛൻ അപാരമായ ദുഃഖത്തിൽ കിടന്നു വലഞ്ഞിരിക്കുകയാണ് കൈകയിമാതാവാണ് അച്ഛൻ കല്പനയെ എന്നോടു പറഞ്ഞത്.

കൌസല്യ - ഞാൻ ഇതൊരു കാലത്തും അനുവദിക്കയില്ല. കൈകയിയുടെ ആവിധമുള്ള ദുഷ്ടവിചാരത്തിന്ന് അനുകൂലമായി എൻറെ മകനെ കാട്ടിലയക്കാൻ രാജാവിന്ന് അധികാരമില്ല.

രാമൻ - അമ്മെ, അച്ഛൻറെ അധികാരത്തെപ്പററി ചോദ്യം ചെയ്വാൻ നമ്മൾ ആരാണ് ? അച്ഛൻ എന്തു [ 60 ] കല്പിച്ചാലും അതു ഉടനെ അനുസരിക്കേണ്ടതല്ലയോ മക്കളുടെ കൃത്യം ?

കൌസല്യ - അച്ഛൻറെ കല്പന മാത്രമല്ല, അമ്മയുടെ കല്പനയും മക്കൾ അനുസരിച്ചു നടക്കേണ്ടത് ആവശ്യമാണ്. കാട്ടിൽ പോകേണമെന്ന് അച്ഛൻ നിന്നോടു കല്പിക്കയാണെങ്കിൽ പോകരുതെന്നു ഞാനും കല്പിക്കും. മകൻറെമേൽ അച്ഛനെപ്പോലെതന്നെ അമ്മക്കും അധികാരമുണ്ട്. നീ പിന്നെ ആലോചിപ്പാനുളളത് ആരുടെ കല്പനയാണ് ന്യായമെന്നാണ്.

രാമൻ - അതാ വസിഷ്ഠമഹർഷി വരുന്നു.

(വസിഷ്ഠൻ പ്രവേശിക്കുന്നു. രണ്ടു പേരും വന്ദിച്ച് ഇരുത്തുന്നു)

കൌസല്യ - മഹർഷെ, ഞാൻ ഈ പരമസങ്കടത്തിൽ അകപ്പെട്ട ഈ അവസരത്തിൽ അവിടുന്ന് എഴുന്നെള്ളിയതു മഹാ ഭാഗ്യമായി. മഹാരാജാവ് എൻറെ മകനെ കാട്ടിലയക്കാൻ തീർച്ചയാക്കിയത് ഇവിടുന്നു കേട്ടില്ലെ ? ഇതിന്ന് ഇവനും ഞാനും എന്തൊരു പിഴയാണ് ചെയ്തത്.

വസിഷ്ഠൻ - ഞാൻ എല്ലാം അറിഞ്ഞു. നിങ്ങൾ വളരെ വ്യസനിച്ചിരിക്കുമെന്നു വിചാരിച്ചിട്ട് ആശ്വസിപ്പിക്കാനാണ് ഞാൻ വന്നത്. ഇങ്ങിനെയുള്ള ആപത്തുകൾ ഇന്ന സമയത്തേ വന്നുകൂടുവെന്നില്ല. [ 61 ] കൌസല്യ - ഇവൻ കാട്ടിൽ പോകേണമെന്ന് ഇവൻറെ അച്ഛൻ കല്പിക്കയാണെങ്കിൽ പോകരുതെന്നു ഞാനും കല്പിക്കും. ഇവിടുന്നു എല്ലാം അറിയുന്ന ആളാണല്ലൊ.

വസിഷ്ഠൻ - എന്നാൽ കാർയ്യത്തിൻറെ യഥാർത്ഥസ്ഥിതി ആലോചിച്ചുനോക്കുക. കൈകയി ആദ്യം മഹാരാജാ വിനെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു. തനിക്കു കൊടുക്കാമെന്നു പറഞ്ഞിരുന്ന വരങ്ങൾ രണ്ടും ഈ തരവസരത്തിൽ കൊടുക്കാതിരിക്കയില്ലെന്നു മഹാരാജാവ് കാർയ്യമറിയുന്നതിന്നു മുമ്പിൽ സത്യവും ചെയ്തു. മഹാരാജാവിൻറെ സത്യത്തെ പരിപാലിക്കാതെ നിവൃത്തിയുണ്ടോ ?

കൌസല്യ - മഹർഷെ, എനിക്ക് ഈ വക വിഷയത്തിൽ പരിചയമൊന്നും ഇല്ല. കാർയ്യമറിയാതെ ഒരാൾ സത്യം ചെയ്യുന്നതു ന്യായമാണോ ?

വസിഷ്ഠൻ - അതു ചോദിച്ചിട്ട് ഇനി കാർയ്യമില്ല. ന്യായമായാലും അന്യായമായാലും, ചെയ്യേണ്ടതു ചെയ്തു. മഹാരാജാക്കന്മാർ സ്വേഛാനുസൃതം ചെയ്യുന്ന കാർയ്യങ്ങളുടെ ന്യായാന്യായങ്ങളെപ്പറ്റി പിന്നീടു പറഞ്ഞിട്ടു ഫലമില്ല. രാജാവു തങ്ങളോട് അനേഷിക്കാതെ അന്തപ്പുരങ്ങളിൽവെച്ചു തീർച്ചപ്പെടുത്തുന്ന കാർയ്യങ്ങൾക്കു മന്ത്രിമാരും ആചാർയ്യന്മാരും ഉത്തരവാദികളല്ല. സർവ്വ സംഗതികളിലും, ന്യായസ്ഥനും സത്യവാനും പ്രജകളോട് അത്യന്തം കാരുണ്യമുള്ള [ 62 ] ആളും ഭരണനിപുണനും, ആണന്നു തെളിയിച്ചിരിക്കുന്ന ഒരു മഹാരാജാവു, സംഗതിവശാൽ ഒരു അബദ്ധം തന്നെ ചെയ്തുപോയാലും, അതു മന്ത്രിമാരും പ്രജകളും ഗൌരവമായി വിചാരിച്ചെന്നു വരുന്നതല്ല.

കൌസല്യ - മന്ത്രിമാരും പ്രജകളും ഗൌരവമായി വിചാരിച്ചു ഇതിൽ വല്ലതും പ്രവർത്തിക്കേണമെന്നു ഞാൻ ആവശ്യപ്പെടുന്നില്ല. ഞാനത് ആലോചിക്കുന്നുമില്ല. ഇത് എൻറെ കാർയ്യമാണ്. പ്രജകളുടെ കാർയ്യമല്ല. ഞാൻ പെറ്റമകനെ കാട്ടിലയക്കുന്നതു തടയുവാൻ എനിക്ക് അധികാരമുണ്ടോ എന്നാണ് അറിയേണ്ടത്. അതുകൊണ്ടു, കാർയ്യമറിയുന്നതിന്നു മുമ്പിൽ ഒരാൾ തൻറെ പ്രണയിനിയാടു അന്തപ്പുരത്തിൽ വെച്ചു ചെയ്യുന്ന സത്യത്തിന്നു വിലയുണ്ടോ എന്നു പറഞ്ഞുതരണം.

വസിഷ്ഠൻ - സത്യതിന്ന് എപ്പോഴും ഏതുനിലയിലും വിലയുണ്ട്. വാഗ്ദാനം ഒരിക്കലും ലംഘിച്ചുകൂടാ. അറിയാതെ ചെയ്തുപോയ വാഗ്ദാനമാണെന്നു പിന്നെ പറഞ്ഞാൽ മതിയാകുന്നതല്ല. വാക്കുകൾ ലംഘിച്ചു പ്രവർത്തിക്കുന്നവർ മനുഷ്യരല്ല. അങ്ങിനെ ഒരു കാർയ്യം ഈ യുഗത്തിൽ നടപ്പാൻ പാടില്ലാത്തതുമാകുന്നു. കലിയുഗത്തിലല്ലാതെ വാഗ്ദാനലംഘനം ഉണ്ടാകുന്നതല്ല. ആ യുഗത്തിൽ ആരും വിശ്വസിക്കുകയില്ല. മനുഷ്യൻ ഒരു നിമിഷത്തിൽ പറഞ്ഞതു മറ്റേ നിമിഷത്തിൽ തെറ്റിപ്പറയും. [ 63 ] ആ കാലത്തു വാഗ്ദാനം ഉണ്ടാകയില്ല. എല്ലാം "രേഖാദാന"മായിരിക്കും. എഴുതി രേഖപ്പെടുത്തി സാക്ഷിപ്പെടുത്തിയില്ലാതെ ഒരാളുടെ വാക്കു മറെറാരാൾ വിശ്വസിക്കുകയില്ല. കലികാലത്തു വാഴുന്ന രാജാക്കന്മാർ ആ വിധം രേഖകളെ സാക്ഷ്യപ്പെടുത്തുവാൻ പ്രത്യേകം രാജ്യഭൃത്യരെ ഏർപ്പെടുത്തേണ്ടിവരും. ഈ യുഗത്തിൽ വാക്കിന്നാണ് വില. എന്നാൽ ഇന്നും അന്നും സത്യംതന്നെ ലോകത്തെ ഭരിക്കും. കലിയുഗത്തിൽ പോലും അസത്യവാദികൾ തൽക്കാലം ജയിക്കുമെങ്കിലും ഒടുവിൽ അവർ അതിൻറെ ഒഴിച്ചുകൂടാത്ത സങ്കടഫലം അനുഭവിക്കും. ദശരഥമഹാരാജാവ് വല്ലവിധത്തിലും സത്യം ചെയ്തുപോയി. അതു പരിപാലിക്കാതെ നിവൃത്തിയില്ല.

രാമൻ - അതിന്ന് എൻറെ സഹായം വേണം. എനിക്ക് എൻറെ അമ്മയുടെ സഹായം വേണം. രാമൻ രാജ്യം കൊതിച്ചിട്ട്, അച്ഛനെ അസത്യവാദിയാക്കിയെന്നു ലോകം മേലാൽ പറവാൻ സംഗതിവരുത്തരുതമ്മെ.

(ലക്ഷ്മണൻ പ്രവേശിക്കുന്നു)

ലക്ഷ്മണൻ - മാതാവെ, ജ്യേഷ്ഠനെവിടെ ?

കൌസല്യ - മകനെ, നിൻറെ ജ്യേഷ്ഠനിതാ, വനത്തിൽ പോകാൻ സന്നദ്ധനായിരിക്കുന്നു. എന്നെയും നിന്നെയും വെടിഞ്ഞു എൻറെ മകൻ കാട്ടിൽ പോകുന്നു. [ 64 ] ലക്ഷ്മണൻ - ഒരിക്കലും പാടില്ല. ഈ വിധം അന്യായമായ കല്പനക്കു വഴങ്ങി വീടും നാടും ഉപേക്ഷിച്ചു കാട്ടിൽ പോകുന്നതു ഭീരുത്വമാണ്. ജ്യേഷ്ഠാ, ഞാനിത് ഒരിക്കലും അനുവദിക്കുകയില്ല.

വസിഷ്ഠൻ - അങ്ങിനെ പറയരുത്. പുത്രന്മാർ അച്ഛൻറെ കല്പനയെ ഏതുവിധത്തിലും അനുസരിക്കേണ്ടതല്ലയൊ ?

ലക്ഷ്മണൻ - മഹർഷെ, ഈ അവസരത്തിൽ ഞാൻ വല്ലതും പറയുന്നതു ധിക്കാരമായി വിചാരിക്കരുത്. എന്നോടു അതുനിമിത്തം മുഷിയുകയും അരുതു. അന്യായമായ ഈ കല്പന കേട്ടതിനാൽ എൻറെ മനസ്സിൽ ഉണ്ടായിരിക്കുന്ന ക്ഷോഭംനിമിത്തം എൻറെ വാക്കുകൾ പക്ഷെ, ധിക്കാരമുള്ളവയായി തോന്നിയേക്കാം. ഞാൻ കരുതിക്കൂട്ടി യാതൊരു അനാദരവും മനസ്സിൽ വിചാരിക്കുന്നില്ല.

രാമൻ - ലക്ഷ്മണാ, ആചാർയ്യരോടു സംസാരിക്കുന്നത് സൂക്ഷിച്ചിട്ടുവേണം.

വസിഷ്ഠൻ - ലക്ഷ്മണൻ പറയട്ടെ. മനസ്സിലെ വ്യസനം, പറയേണ്ടതു തുറന്നു പറഞ്ഞാൽ തന്നെ, കുറെ ശമിക്കും. ലക്ഷ്മണാ, ഞാൻ നിൻറെ വാക്കിൽ യാതൊരു അനാദരവും ഉള്ളതായി വ്യാഖ്യാനിക്കുകയില്ല. വാക്കുകളുടെ ഗുണാഗുണങ്ങളെയും ഫലാഫലങ്ങളെയും ഗണിക്കുന്നതിൽ സന്ദർഭത്തെകൂടി ആലോചിക്കേണ്ടതുണ്ടല്ലൊ. [ 65 ] ലക്ഷ്മണൻ - ഞാൻ പറവാൻ വിചാരിച്ചിരുന്നതു മറ്റൊന്നുമല്ല. അച്ഛൻറെയെന്നല്ല, ഏതു ഗുരുക്കന്മാരുടെയും ഏതു കല്പനയും അനുസരിപ്പാൻ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടതാണെങ്കിലും, നമ്മൾ അങ്ങിനെ ശ്രദ്ധയുള്ളവരാണെന്നു ഗുരുക്കന്മാരും ധരിച്ചിരിക്കേണ്ടതാണ്. കാളകൾ ഭാരം പേറാൻ ഉള്ളവയാണെന്നു വിചാരിച്ചു, അവയുടെ നടുവെല്ല് ഒടിയുന്നതുവരയുള്ള ഭാരം പുറത്ത് ഏറ്റിവെപ്പാൻ വല്ലവരും വിചാരിക്കുമൊ ? മനുഷ്യരെ സംബന്ധിച്ചു, അതിലും ഗൗരവമായി വിചാരിക്കേണ്ടുന്ന സംഗതികളുണ്ട്. മനുഷ്യൻ സ്വാതന്ത്ര്യത്തെ ഇഛിക്കുന്നു. മനുഷ്യന്നു സ്വാതന്ത്രബുദ്ധി പ്രായത്തിനനുസരിച്ചു അഭിവൃദ്ധി പ്രാപിക്കുന്നതിനെ തടയുവാൻ ഗുരുക്കന്മാരുടെ പ്രവൃത്തികൾ ഇടയാകരുതല്ലൊ. എന്നു മാത്രമല്ല, അച്ഛനായാലും ഗുരുവായാലും, ഏതുവരെ അവരുടെ കല്പനകൾ സ്വീകാർയ്യങ്ങളായിരിക്കുമെന്നു നമ്മൾ ആലോചിക്കേണ്ടയൊ ? ഈ ചിത്തഭ്രമമുള്ള ഒരു പിതാവ്, കല്പിക്കുന്ന കല്പനകൾ പുത്രന്മാർ അനുസരിക്കുമൊ, അനുസരിക്കേണമൊ ? ഞങ്ങളുടെ അച്ഛൻ ഒരു സ്ത്രീയിൽ വലഞ്ഞ നിലയിൽ കല്പിക്കുന്ന കല്പനകൾ ഒരു ഭ്രാന്തൻറെ കല്പനപോലെ കരുതേണ്ടതാണ്. അതുകൊണ്ട് അച്ഛനെയും കൈകയിമാതാവിനെയും ഭരതനെയും ഞാൻ ഈ നിമിഷം പിടിച്ചു കെട്ടി ജ്യേഷ്ഠൻറെ അഭിഷേകം നിർവ്വഹിക്കും. ജ്യേഷ്ഠാ വരീൻ, മാതാവെ, വ്യസനിക്കരുത്. [ 66 ] രാമൻ - ലക്ഷ്മണാ, നീ ഇഞ്ഞിനെ കോപിക്കരുത്. എല്ലാ കാർയ്യങ്ങളും സാവധാനത്തിൽ ആലോചിക്കണം. കോപിക്കുമ്പോൾ ന്യായം തോന്നുകയില്ല. അതുകൊണ്ട് നീ കോപം അടക്കി കാർയ്യത്തിൻറെ സ്വഭാവം നല്ലവണ്ണം ആലോചിക്കുക.

ലക്ഷ്മണൻ - ഞാൻ കാർയ്യത്തിൻറെ സ്വഭാവം നല്ലവണ്ണം ആലോചിച്ചിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് കോപം ഉണ്ടായത്. ഇതൊക്കെ മുൻകൂട്ടി കരുതിക്കൂട്ടി ചെയ്ത ഒരു പ്രവൃത്തിയാണ്. ആ കൂനി ജ്യേഷ്ഠനോടു പറഞ്ഞത് ഓർമ്മയില്ലെ ?

കൌസല്യ - ഏതു കൂനി ? മന്ഥരയൊ ? ഹ ! എനിക്കൊരു കാർയ്യം ഓർമ്മ വന്നു. ആ മന്ഥര രാമൻറെ അഭിഷേകം മുടക്കുമെന്നു ശപഥംചെയ്തിരുന്നുവെന്ന് എൻറെ പോറ്റുമക്കൾ എന്നോടു വന്നു പറഞ്ഞിരുന്നു.

രാമൻ - എന്നോടു അവൾ അങ്ങിനെയല്ല പറഞ്ഞിരുന്നത്. ഈ അഭിഷേകം മുടക്കുവാൻ കൈകയിമാതാവു ശ്രമിക്കുന്നുണ്ടെന്നാണ് അവൾ എന്നോടു പറഞ്ഞത്.

കൌസാല്യ - എനിക്കീ മഹാമായയൊന്നും മനസ്സിലാകുന്നേ ഇല്ല.

ലക്ഷ്മണൻ - ഞാൻ പറഞ്ഞില്ലെ, ആ കൂനിയെ ഞാൻ വിശ്വസിക്കയില്ലെന്ന്. അവൾ മഹാ ദുഷ്ടയാണ്. [ 67 ] വസിഷ്ഠൻ - എന്തിന്നു മന്ഥരയെ കുറ്റം പറയുന്നു, എന്തിന്നു കൈകയിയെ കുറ്റം പറയുന്നു, എന്തിന്നു മഹാരാജാവെ കുറ്റം പറയുന്നു, മനുഷ്യന്നു വരാനിരിക്കുന്നതു വരാതെ നിവൃത്തിയില്ല. മനുഷ്യൻ കഴിഞ്ഞ ജന്മത്തിൽ ചെയ്തിരുന്ന കർമ്മത്തിൻറെ ഫലം അനുഭവിക്കേണ്ടി വരും. അതിന്നു മറ്റുള്ളവരെ കുററം പറയരുത്. അവർ അതിന്നു തൽകാലം കാരണമായി തിരുന്നതേഉള്ളൂ. രാമൻ കാട്ടിൽ പോയിട്ടു ലോകത്തിന്ന് ഉപകാരമുള്ള വല്ല കാർയ്യവും ചെയ്യണമെന്നു ദൈവം കരുതീട്ടുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം ഈവിധമൊക്കെ വന്നുകൂടിയതെന്നും വിചാരിച്ചുകൂടയൊ ? അതുകൊണ്ട് ആരെയും കുററപ്പെടുത്തരുത്. നമ്മൾ ഈ കാർയ്യത്തിൽ ഇത്രയെ വിചാരിക്കേണ്ടതുള്ളൂ. മഹാരാജാവ് കൈകയിയെ സർവ്വാത്മനാ വിശ്വസിച്ചിരുന്നതിനാൽ ആ വിധം സത്യം ചെയ്തുപോയി. അതിനെ പരിപാലിക്കാൻ രാമൻ ബാദ്ധ്യസ്ഥനായിരിക്കും. അതിന്നു ലക്ഷ്മണൻ മുടക്കം പറയരുതു. കൌസല്യാദേവി വ്യസനിക്കരുതു. ഈ വംശത്തിൻറെ ആചാർയ്യൻറെ നിലയിൽ, അതിൻറെ ഭാവിശ്രേയസ്സിനെ കാംക്ഷിച്ചു, ഞാൻ തരുന്ന ഈ ഉപദേശത്തെ അനുസരിക്കുവിൻ. എല്ലാം ശുഭമായും സുഖമായും വന്നു കലാശിക്കും.

കൌസല്യ - മഹാത്മാവും ഞങ്ങൾക്ക് ഈ അവസരത്തിൽ ഏക ശരണവും ആയ അങ്ങുന്നു പറയുന്നതിനെ അനുസരിക്കാതെ നിവൃത്തിയില്ല. ലക്ഷ്മണാ ഇത് [ 68 ] നമ്മളുടെ വിധിയാണ്. ഹാ ദൈവമെ ഞാൻ ആ ചെറിയ പെണ്ണിൻറെ മുഖത്തെഞ്ഞിനെ നോക്കും. ഭർത്താവ് ഒരു മഹാരാജാവായി സർവ്വ ഐശ്വർയ്യങ്ങളും അനുഭവിക്കുന്നതിനെ കണ്ടു സുഖിക്കേണ്ടുന്ന സീത, ആ ഭർത്താവ് ഒരു കാട്ടിൽ സഞ്ജരിച്ച് ഉടലുന്നതിനെ ഓർത്തു കണ്ണുനീർ വാർത്തു കാലം കഴിക്കുന്നതും കണ്ടു എങ്ങിനെ ഞാൻ ജീവനെ ധരിച്ചിരിക്കും.

(സുമിത്ര പ്രവേശിക്കുന്നു)

സുമിത്ര - അയ്യൊ ! ഈശ്വരാ ! ഞാൻ ഈ കേട്ടതു നേരാണെന്നല്ലെ തോന്നുന്നത്.

കൌസല്യ - സുമിത്രെ, നീ കേട്ടതു നേരുതന്നെ. കൈയിക്കുവേണ്ടി മഹാരാജാവ് എൻറെ മകനെ കാട്ടിലേക്കയക്കുന്നു. ഞാനിതാ അവളെ യായിരിക്കുന്നു. കാട്ടിൽ പോകാൻ ഞാൻ എൻറെ മകന് അനുവാദം കൊടുത്തിരിക്കുന്നു.

സുമിത്ര - എന്നാൽ നമ്മളെന്തിന്ന് ഇവിടെ നില്ക്കുന്നു, നമ്മൾക്കൊക്കെ രാമൻറെ ഒന്നിച്ചു കാട്ടിൽ പോയി ക്കൂടയൊ.

കൌസല്യ - അയ്യൊ എനിക്കത് ആദ്യം പറവാൻ തോന്നിയില്ലല്ലൊ.

വസിഷ്ഠൻ - അതു പാടില്ല. നിങ്ങളുടെ ഭർത്താവ് ജീവനോടുകൂടി രാജാവായി ഇരിക്കുന്ന കാലത്തോളം നിങ്ങൾക്ക് വനവാസം പാടില്ല. [ 69 ] ലക്ഷ്മണൻ - ഈ വിധികളും ന്യായങ്ങളുംകൊണ്ടു മനുഷ്യരൊക്കെ കെട്ടിയിട്ട പശുക്കളെപ്പോലെ ആയിരിക്കുന്നു.

സുമിത്ര - ഹത വിധി,- എന്നാൽ ഇതിനൊക്കെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കാരണമെന്തായിരിക്കാം ?

കൗസല്യ - കാരണം ഭരതൻ രാജാവായിരിക്കേണമെന്നായിരിക്കാം.

സുമിത്ര - ഭരതൻ രാജാവായി വാണുകൊള്ളട്ടെ. രാമൻ വനത്തിൽ പോകുന്നതെന്തിന്ന്. ആരെങ്കിലും പോയേ കഴിയുമെങ്കിൽ എനിക്കു രണ്ടുണ്ടല്ലൊ മക്കൾ, അവരിൽ ഒരാളെ രാജാവയച്ചുകൊള്ളട്ടെ.

ലക്ഷ്മണൻ - അമ്മെ, നിങ്ങളെപോലുള്ള ഒരു മാതാവിൻറെ വയറ്റിൽ ജനിപ്പാനുണ്ടായ ഭാഗ്യത്തെ ഞാൻ ശ്ലാഘിക്കുന്നു. ആ വിധം ഒരു ചാരിതാർത്ഥ്യം ഭരതന്നും ഉണ്ടായിരുന്നെങ്കിൽ ? -- ആട്ടെ, അമ്മയോട് എനിക്കൊരു അപേക്ഷയുണ്ട്. ജ്യേഷ്ഠൻറെ ഒന്നിച്ചു, അവർക്കു സഹായമായി കാട്ടിൽ പോകാൻ എന്നെ അനുവദിക്കണം.

സുമിത്ര - അപക്ഷയൊ മകനെ, ഞാൻ നിന്നോട് അത് കല്പിക്കാൻ ഭാവിക്കുകയായിരുന്നു. നിണക്കത് തോന്നിയതു നന്നായി. നിൻറെ ജ്യേഷ്ഠൻറെ കൂടെ നീയും പോകണം. [ 70 ] രാമൻ - ലക്ഷ്മണാ, വേണ്ട, നീ എൻറെ അമ്മക്കു സഹായമായി ഇവിടെ ഇരുന്നുകൊള്ളു.

ലക്ഷ്മണൻ - ജ്യേഷ്ഠാ, വേണം - ജ്യേഷ്ഠനില്ലാത്ത അയോദ്ധ്യയിൽ ഞാൻ ഇരിക്കയില്ല. നിങ്ങൾ എന്നെ മുടക്കരുത്. ഞാൻ ഒന്നിച്ചു വരാതിരിക്കുകയില്ല.

വസിഷ്ഠൻ - ലക്ഷ്മണൻ കൂടെ വന്നുകൊള്ളട്ടെ. വനത്തിൽ നിണക്കൊരു തുണയിരിക്കട്ടെ. ഇനിയും നമ്മൾ സംസാരിച്ചു കാലം കഴിക്കരുതു. വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുക.

(എല്ലാവരും പോയി‌) [ 71 ] അങ്കം 4.

രംഗം 1

(ഒരു മൈതാനിയിൽ കുറെ പട്ടാളക്കാരും, പടനായകന്മാരും ആൾക്കൂട്ടവും പ്രവേശിക്കുന്നു. ആർപ്പുവിളിയും കോലാഹലവും)

ഒരു പടനായകൻ - എല്ലാവരും ഇരിക്കുവിൻ. ആരും സംസാരിക്കരുതു. നമ്മുടെ നായകനായ പ്രഭാകരൻ പറയുന്നതിനെ എല്ലാവരും ശ്രദ്ധിച്ചു കേൾക്കുക.

പ്രഭാകരൻ - ഈ സാമ്രാജ്യത്തിൽ പണ്ടൊരിക്കലും ഉണ്ടാകാതിരുന്ന അന്യായവും അനർത്ഥവുമാണ് ഇപ്പോൾ നേരിട്ടിരിക്കുന്നതെന്നു നിങ്ങളൊക്കെ അറിയുന്നതാണല്ലൊ. ഈ അവസരത്തിൽ രാജഭടന്മാരായ നമ്മൾ പ്രവർത്തിക്കേണ്ടുന്ന ചില മുറകളുണ്ട്. അവ എങ്ങിനെയാണ് നമ്മൾ നിർവഹിക്കേണ്ടതെന്നു, പട്ടാളക്കാരും പൌരന്മാരുമായ നിങ്ങളോടു ആലോചിപ്പാനാണ് നമ്മളൊക്കെ ഇവിടെ ഈ അവസരത്തിൽ കൂടിയിരിക്കുന്നത്.

കൂട്ടത്തിലൊരാൾ - അത്ര ആലോചിപ്പാൻ എന്തുള്ളു. കൈകയിരാജ്ഞിയെയും മഹാരാജാവിനെയും പിടിച്ചു [ 72 ] കെട്ടി ശ്രീരാമൻറെ അഭിഷേകം മുറക്കു നടത്തുക തന്നെ.

പ്രഭാകരൻ - ബദ്ധപ്പെടരുത്. നിങ്ങൾക്കൊക്കെ ഈ അവസരത്തിൽ ഉള്ള സങ്കടവും ക്ഷോഭവും ഇന്നവിധമാണെന്ന് എനിക്കറിയാം. പക്ഷെ, ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ആലോചിക്കാതെ യാതൊന്നും പ്രവർത്തിക്കരുത്.

ചിലർകൂടി - ശരിയാണ്. ശരിയാണ്, കേൾപ്പിൻ കേൾപ്പിൻ.

മറ്റുചിലർ - എന്താലൊചിപ്പാൻ ? ഒന്നും ആലൊചിപ്പാനില്ല. ലഹള, ലഹള.

അനേകർകൂടി - ലഹള, ലഹള, വരീൻ, കൈകയിയെ പിടിച്ചു കെട്ടാം. വരീൻ.

പ്രഭാകരൻ - എൻറെ വാക്കുകൾ ക്ഷമയോടുകൂടി കേൾക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഞാനും നിങ്ങളുടെ അഭിപ്രായക്കാരനാണ്.

അനേകർകൂടി - കേൾപ്പിൻ, കേൾപ്പിൻ,

പ്രഭാകരൻ - നിങ്ങൾ ഇങ്ങിനെ പലരും പലതും സംസാരിച്ചാൽ ഞാൻ എങ്ങിനെ പറയും. അതു ശരി. അങ്ങിനെ അല്പനേരം മിണ്ടാതിരിക്കുവിൻ. ഇപ്പോൾ സംഭവിച്ചിട്ടുള്ളത് എന്താണെന്നു നമ്മൾ ആലോചിക്കുക. സർവ്വ ജനങ്ങൾക്കും പ്രീതിഭാജനമായി, സർവ്വ ഗുണസമ്പൂർണ്ണനായ ശ്രീരാമദേവനെ[ 73 ] ജനങ്ങൾ -- ശ്രീരാമജയ, ശ്രീരാമജയ.

പ്രഭാകരൻ -- ശ്രീരാമദേവനെ, ഇന്നു യുവരാജാവായി വാഴിക്കേണ്ടതായിരുന്നു. അതിന്നുള്ള ഒരുക്കങ്ങളൊക്കെ നമ്മൾ ചെയ്തു. ഇന്നേത്തെ ദിവസം പുലർന്നുകാണ്മാൻ അത്യാശയോടുകൂടി കാത്തിരുന്ന നമ്മളിൽ അനേകം പേരും, ഇക്കഴിഞ്ഞ രാത്രിയെ ശപിച്ചുകൊണ്ടു ഉറക്കം ഒഴിച്ചിരുന്നു. നേരം പുലർന്നപ്പോൾ നമ്മൾക്കുണ്ടായ അനുഭവം എന്താണ് ? ഇന്നലെ രാത്രി നമ്മൾ പ്രതീക്ഷിച്ചിരുന്നതെന്തായിരുന്നു ? പറിക്കാൻ കൈനീട്ടിയ പഴം കൈയിലാകുന്നതിനുമുമ്പിൽ അതിന്ന് എന്തൊക്കെ മുടക്കം വരാം. ഒരു ദിവസമൊ, ഒരു മണിക്കൂറൊ, ഒരു വിനാഴികയൊ, കഴിയുന്നതിന്നു മുമ്പിൽ നമ്മൾക്ക് അനുഭവമാകാനിരിക്കുന്ന സംഗതികൾ നമ്മുടെ അറിവിൽ പെടാതിരിക്കത്തക്കവിധത്തിൽ മറച്ചുവെക്കുന്ന ചൈതന്യത്തെപ്പററി ആലോചിച്ചു നോക്കുവിൻ. ഈവിധം സംഭവിപ്പാൻ പോകുന്നതായി നമ്മൾ ഇന്നലെ അറിഞ്ഞിരുന്നുവെങ്കിൽ ! അതിരിക്കട്ടെ- നമ്മൾ പ്രതീക്ഷിച്ചപ്രകാരം ശ്രീരാമദേവൻറെ അഭിഷേകം ഇന്നു നടക്കുന്നില്ല. ആട്ടെ, നമുക്കതു പൊറുക്കാം. നാളയൊ മറ്റന്നാളൊ നടക്കുമെന്നു ആശയുണ്ടെങ്കിൽ നമുക്കതു പൊറുക്കാം. ഒരു മാസം കഴിഞ്ഞാൽ നടക്കുമെന്നുണ്ടെങ്കിൽ നമുക്കു പൊറുക്കാം. ഒരു കൊല്ലമായാലും പൊറുക്കാം. പതിന്നാലുകൊല്ലം ! പതിന്നാലുകൊല്ലം കഴിയണം പോൽ. [ 74 ] പതിന്നാലുകൊല്ലം പൊറുക്കാൻ നമ്മിൽ ആർക്കു ശേഷിയുണ്ട്.

ജനങ്ങൾ -- ആർക്കും ഇല്ല, ആർക്കും ഇല്ല.

പ്രഭാകരൻ -- എനിക്കില്ല. നിശ്ചയം.

ജനങ്ങൾ -- ഹാ. കേൾപ്പിൻ കേൾപ്പിൻ, എത്ര സത്യം. ഞങ്ങൾക്കാർക്കും ഇല്ല.

പ്രഭാകരൻ -- ഈ നിലയിൽ നമ്മൾ എന്തുചെയ്യണം എന്നാണ് ആലോചിക്കേണ്ടത്. എന്തുചെയ്യണം എന്നുആലോചിക്കുന്നതിന്നു മുമ്പിൽ ഈ അഭിഷേകം മുടങ്ങുവാൻ എന്താണ് കാരണമെന്നും, ആരാണു കാരണമെന്നും ആലോചിക്കണം. മഹാരാജാവു മന്ത്രികളോടും ആചാർയ്യനോടും ആലോചിച്ചു, രാമാഭിഷേകം നിശ്ചയിച്ച അവസരത്തിൽ, ആസ്ഥാനമണ്ഡപത്തിൽ ഞാൻ ഹാജരുണ്ടായിരുന്നു. നിങ്ങളിൽ ചിലരും അവിടെ ഉണ്ടായിരുന്നുവല്ലൊ. എത്ര സന്തോഷത്തോടും എത്ര ഉന്മേഷത്തോടും കൂടിയായിരുന്നു മഹാരാജാവു അഭിഷേകവർത്തമാനത്തെപ്പററി പറഞ്ഞിരുന്നത് ! രാജാവ് ആ അവസരത്തിൽ ചെയ്തിരുന്ന പ്രസംഗത്തിൽ ശ്രീരാമദേവനെപ്പററി എത്ര വാത്സല്യത്തോടു കൂടിയായിരുന്നു സംസാരിച്ചിരുന്നത് ! അഥവാ, ദശരഥമഹാരാജാവിന്ന് തൻറെ പുത്രനോടുള്ള സ്നേഹാതിരേകത്തെപററി ആർ സംശയിക്കുന്നു ? അതുകൊണ്ട് ഈ അഭിഷകവിഘ്നം ദശരഥമഹാരാജാവിൻറെ [ 75 ] പൂർണ്ണമനസ്സാലെ സംഭവിച്ചതല്ല. ദശരഥന്ന് അതിയായ പുത്രവാത്സല്യമുണ്ട്; ദശരഥൻ സന്തോഷത്തോടുകൂടി പുത്രൻറെ അഭിഷകം നിശ്ചയിച്ചു; ദശരഥൻ അന്തഃപുരത്തിൽ പ്രവേശിച്ചു ; ദശരഥൻ അഭിഷേകം മുടക്കി. ഇവയിൽനിന്ന് നമ്മൾ അനുമാനിക്കേണ്ടത് എന്താണ് ? അന്തപ്പുരത്തിൽ ഈ മാറ്റം വരുത്താനുള്ള ശക്തി ഏതാണ് ?

ഒരാൾ - കാന്തശക്തിയല്ലാതെ മറ്റെന്ത് ?

പ്രഭാകരൻ - അതെ, അഭിഷകവിഘ്നത്തിന്നു തുടർച്ചയായി മറ്റൊരു സംഗതികൂടി ഉണ്ടല്ലൊ. രാമൻറെ അഭിഷകം മുടക്കിയാൽ പോരാ - രാമൻ കാട്ടിൽ പോയാൽ പോരാ - ഭരതനെ രാജാവാക്കണംപോൽ, ഭരതനോടു നമ്മൾക്കാർക്കും വിരോധമില്ല. ദീപത്തോടു നമ്മൾക്കാർക്കാനും വിരോധമുണ്ടായിട്ടാണൊ, സൂർയ്യനിരിക്കേ ദീപം കത്തിക്കാത്തത് ? രാമനിരിക്കെ ഭരതനെ രാജാവാക്കേണ്ടുന്ന ആവശ്യമെന്ത് ?

ഒരാൾ - ഭരതമാതാവിനെ സന്തോഷിപ്പിപ്പാൻ.

പ്രഭാകരൻ - അതെ, അതുതന്നെ. കൈകയിരാജ്ഞിയാണ് ഇതിൻറെയൊക്കെ അടിയിൽ - ആ രാജ്ഞിക്കു രാജാവു പണ്ടെങ്ങാൻ കൊടുത്തിരുന്ന വരങ്ങൾ ഇപ്പോൾ കൊടുക്കേണ്ടിവന്നുപോൽ.

ഒരാൾ - അച്ചികടിച്ച പുല്ലുതന്നെ കുട്ടിയും കടിക്കുന്നു. [ 76 ] പ്രഭാകരൻ - ആരാണ് അച്ചികടിച്ച പുല്ലിനെപ്പററി പറഞ്ഞത്. ജനഹിതത്തിന്നു വിരോധമായി ഒരാൾ പ്രവർത്തിക്കുമ്പോൾ, അയാളെപ്പററിയുള്ള അപവാദങ്ങൾ പുറത്തുവരും. കൈകയി രാജ്ഞിയുടെ അമ്മ ഒരു വരത്തെ സംബന്ധിച്ചു, തൻറെ ഭർത്താവിനെ ഉപേക്ഷിച്ചിരുന്നു. കേകയരാജാവിന്നു കിട്ടിയ വരവും അതുസംബന്ധിച്ചു, അദ്ദേഹത്തിൻറെ ഭാർയ്യ ചെയ്തതും അറിയാത്തവർ ആരുണ്ട് ? അതിനെപ്പറ്റി പറഞ്ഞിട്ടാവശ്യമില്ല. നമ്മൾ ഇനി ചെയ്യേണ്ടത് എന്താണെന്ന് ഇപ്പോൾ വ്യക്തമായൊ.

ജനങ്ങൾ - വ്യക്തമായി. കൈകയിരാജ്ഞിയെ പിടിച്ചു കെട്ടി, രാമാഭിഷേകം നടത്തുകതന്നെ-വരീൻ- എല്ലാവരും കോവിലകത്തേക്കു പോകുക.

(ആർപ്പുവിളിയിലിടക്ക്, വസിഷ്ഠൻ പ്രവേശിക്കുന്നു. ജനങ്ങൾ ആർപ്പുവിളി നിവർത്തി മിണ്ടാതിരിക്കുന്നു)

വസിഷ്ഠൻ - മഹാജനങ്ങളെ, അടങ്ങിയിരിക്കുവിൻ. നിങ്ങൾ എന്തുചെയ്വാനാണ് ആരംഭിക്കുന്നത് ?

പ്രഭാകരൻ - ഞങ്ങൾ കൈകയിയെ പിടിച്ചുകെട്ടി രാമാഭിഷേകം നടത്തുവാൻ ഭാവിക്കുന്നു.

വസിഷ്ഠൻ - നിങ്ങൾക്കതു സാധിക്കും. പക്ഷെ, രണ്ടു വാക്കു പറവാൻ എന്നെ അനുവദിക്കണം. ശ്രീരാമദേവനോടു എനിക്കുള്ളതിൽ അധികം സ്നേഹമുള്ളവർ [ 77 ] ഈ കൂട്ടത്തിലില്ല. രാമനോടു മാത്രമല്ല, സൂർയ്യവംശത്തോടും അതിലെ സർവ്വ അംഗങ്ങളോടും എനിക്കുള്ള സ്നേഹത്തെ അതിശയിക്കുന്ന സ്നേഹമുള്ളവർ ആരുമില്ല. രാമനെ യുവരാജാവായി കാണുന്നതിൽ എനിക്കുള്ള ആഗ്രഹത്തേക്കാൾ അധികം ആർക്കുമില്ല. ഈ അത്യാപത്തിന്നു കാരണം കൈകയിയാണെന്നു വിധിച്ചു, ആ രാജ്ഞിയെ ശിക്ഷിപ്പാൻ ഒരുങ്ങുന്നതിന്നു മുമ്പിൽ അവർക്കു പറവാനുള്ളതുകൂടി കേൾക്കേണ്ടതു ന്യായമല്ലയൊ ?

ചില - അതുശരി, അതുശരി.

വസിഷ്ഠൻ - എന്നുമാത്രമല്ല, കൈകയിയെ ശിക്ഷിച്ചാലും ശ്രീരാമൻ അതിന്ന് അനുകൂലിക്കുമന്നും അദ്ദേഹം കാട്ടിൽ പോകാതെ അഭിഷേകത്തിന്നു വഴങ്ങുമെന്നും മുൻകൂട്ടി അറിയേണ്ടതല്ലയൊ ? അല്ലാതെ, നമ്മളുടെ പ്രവൃത്തിക്ക് ഫലമെന്ത് ?

പലരും - അത് ആലോചിക്കേണ്ടുന്ന സംഗതിയാണ്.

വസിഷ്ഠൻ - എന്നാൽ, രാമനിതാ സീതാദേവിയോടു വിട വാങ്ങാൻ പോയിട്ടുണ്ട് നമ്മൾ അദ്ദേഹത്തെ ചെന്നു കാണുക.

എല്ലാവരും പോയി. [ 78 ] രംഗം 2.

(രാമൻ സീതയും പ്രവേശിക്കുന്നു) സീത - ഇങ്ങിനെയുള്ള കാർയ്യങ്ങൾ നേരം പോക്കായിട്ടു പോലും ആരോടും പറയരുത്. ദയവിചാരിച്ചു സന്തോഷകരമായ വല്ല വർത്തമാനവും പറയേണമെന്ന് അപേക്ഷിക്കുന്നു.

രാമൻ - ഞാൻ പറഞ്ഞതു നീ വിശ്വസിക്കാത്തതിൽ അത്ഭുതമില്ല. കാർയ്യം അത്ര ഭയങ്കരമായതാണ്. പക്ഷെ അച്ഛനെപറ്റിയും എൻറെ ഒരു മാതാവിനെപ്പറ്റിയും നേരംപോക്കായിട്ടു ഞാൻ ആ വിധം പറയുമെന്നു നീ വിചരിക്കുന്നുവോ ?

സീത - അയ്യൊ ! ഈശ്വരാ ! ഇവിടുന്നു പറഞ്ഞതു പരമാർത്ഥമാണൊ ? കൈകയിമാതാവിന്ന് നമ്മളോട് ഈ വിധം പ്രവർത്തിപ്പാൻ തോന്നിയോ ? ഹ !, ദൈവമെ ! ഇതിന്നു ഞാൻ ഒരു കാരണം കാണുന്നില്ലല്ലൊ.

രാമൻ - കാരണം ഒന്നും വേണമെന്നില്ല. എൻറെ കഷ്ടകാലമെന്നെ ഞാൻ വിചാരിക്കുന്നുള്ളു. വന്നതിനെ പ്പററി ഇനി ആലാപിച്ചിട്ടു ഫലമില്ല. അച്ഛൻറെ സത്യം പരിപാലിക്കേണ്ടത് എൻറെ ധർമ്മമാണ്. [ 79 ] അതിന്നു നീ വിടതരണം. ലക്ഷ്മണനും എൻറെ ഒന്നിച്ചു വരുന്നുണ്ട്. നീ വ്യസനിക്കരുത്. പതിന്നാലു കൊല്ലം കഴിഞ്ഞാൽ ഞാൻ വരും.

സീത - ആ കാർയ്യം മാത്രം എന്നോടു പറയരുത്. അച്ഛൻ മകനെ കാട്ടിൽ അയപ്പാൻ തീർച്ചയാക്കിയതോടുകൂടി, മകൻറെ ഭാർയ്യയേയും കാട്ടിൽ അയപ്പാൻ തീർച്ചയാക്കിയതായി വിചാരിക്കണം. സീത ഭർത്താവോടുകൂടി കാട്ടിൽ പോകാതിരിക്കില്ലെന്ന് അച്ഛന്നറിയാം. കൈകയിമാതാവിന്നും അറിയാൻ. അതുകൊണ്ട് ഇവിടുന്നു പുറപ്പെടുന്നുണ്ടെങ്കിൽ ഞാൻ വേണം മുന്നിൽ പുറപ്പെടാൻ.

രാമൻ - ഭദ്രെ, നീ പറയുന്നതിൻറെ ഗൌരവം നീ തന്നെ മനസ്സിലാക്കീട്ടുണ്ടെന്നു തോന്നുന്നില്ല. കാട്ടിൽ പോകുന്നതു മിഥിലാരാജ്യത്തു പോകുംപോലെയാണെന്നു നീ വിചാരിച്ചിരിക്കയാണൊ ? കാട്ടിലെ സ്ഥിതി എന്താണെന്നു നിനക്കറിയാമോ ?

സീത - എനിക്കു ധാരാളം അറിയാം. മിഥില കാടല്ലെന്നും, കാടു മിഥിലയല്ലെന്നും എനിക്കറിയാം.

രാമൻ - അറിയാമെങ്കിൽ നീ എൻറെ ഒന്നിച്ചു വരാൻ ഒരുങ്ങിയതെങ്ങിനെയാണ്. കാട്ടിൽ സഞ്ചരിക്കുന്നതു കാൽനടയായിട്ടുവേണം. രഥങ്ങളും പല്ലക്കുകളും കാട്ടിലുണ്ടാകയില്ല. കാട്ടിൽ രാജവീഥിയും ഇല്ല. ഭയങ്കരങ്ങളായ വൃക്ഷങ്ങളും വള്ളികളും നിറഞ്ഞു സൂർയ്യകിരണം [ 80 ] കൂടി കടക്കാതെ ഇരുട്ടു നിറഞ്ഞ ദിക്കുകളിൽകൂടി കല്ലും മുള്ളും പാറയും ചളിയും ഉള്ള സ്ഥലങ്ങളിൽകൂടി നടന്നുപോകണം. കണ്ടാൽ അറെക്കുന്ന ഇഴജന്തുക്കളും വിഷമുള്ള പാമ്പുകളും ആന, നരി, കരടി മുതലായ ദുഷ്ടജന്തുക്കളും കാട്ടിൽ അനവധിയുണ്ടാകും. മനുഷ്യരെ പിടിച്ചുതിന്നുന്ന രാക്ഷസന്മാരും അവിടെ ദുർല്ലഭമല്ല. അങ്ങിനെയുള്ള കാട്ടിൽകൂടി നീ സഞ്ചരിക്കയൊ ?

സീത - അങ്ങിനെയുള്ള കാട്ടിൽകൂടി എൻറെ ഭർത്താവു സഞ്ചരിക്കയൊ ?

രാമൻ - നാം തമ്മിൽ സ്ത്രീപുരുഷന്മാർ എന്ന വ്യത്യാസമില്ലയൊ ?

സീത - ഭാർയ്യാഭർത്താക്കന്മാർ എന്ന സംബന്ധവും ഇല്ലയൊ ?

രാമൻ - ഭദ്രെ, അതെനിക്കറിയാം.

സീത - ഇവിടുത്തേക്ക് അത് അറിയാമെങ്കിൽ ഭാർയ്യയുടെ പാർപ്പ് എപ്പോഴും ഭർത്താവിൻറെ ഒന്നിച്ചായിരിക്കേണമെന്നും ഇവിടുന്നു അറിയാതിരിക്കുമൊ ? ഭാർയ്യാഭർത്താക്കന്മാർ തമ്മിലുള്ള സംബന്ധം കോകിലവും തേന്മാവും പോലെയാണൊ ? മാവു തളിർത്തു നിൽക്കുന്ന അവസരത്തിൽ മാത്രം വന്നു അതിൻറെ തളിർ ഭക്ഷിച്ചു സുഖിച്ചു, തൻറെ കളകണ്ഠസ്വരംകൊണ്ടു മാവിന്ന് ആനന്ദമുണ്ടാക്കി, വസന്തം കഴിഞ്ഞാൽ മാവിനെ ഉപേക്ഷിക്കുന്ന കോകിലത്തെപ്പോലെ ഭർത്താവിൻറെ [ 81 ] സമ്പൽക്കാലത്തു മാത്രം അദ്ദേഹത്തെ ആശ്രയിച്ചു നിന്നു ആപൽക്കാലത്തു വിട്ടുപിരിയുന്നവളാണൊ ഭാർയ്യ ? പകുതിയും മനുഷ്യന്നു ഭാർയ്യയാണെന്നല്ലെ പറയുന്നത്. പകുതി ശരീരം ഇവിടെ ഉപേക്ഷിച്ചു, ബാക്കി പകുതിയുംകൊണ്ടാണൊ ഭവാൻ കാട്ടിലേക്കു പോകുന്നത് ? അങ്ങിനെയാണൊ നമ്മൾ വിവാഹാവസരത്തിൽ ചെയ്തിരുന്ന സത്യത്തിൻറെ താല്പർയ്യം.

രാമൻ - പ്രിയെ നീ ഇങ്ങിനെ ശഠിക്കരുത്.

സീത - ഞാൻ ശഠിക്കയല്ല. ഒന്നാമത്, നാടും വീടും വിട്ടു പോകുന്ന അങ്ങേക്കു ഞാൻ അരികെ ഉണ്ടായാൽ ദുഃഖത്തിന്നു പൊറുതിയുണ്ടാകും. രണ്ടാമത്, എന്നെ ഇവിടെ വിട്ടേച്ചു പോയാൽ എന്നെപ്പറ്റി ആലോചിച്ചു ദുഃഖം വർദ്ധിക്കും. അതുകൊണ്ടു ഞാൻ കൂടി ഒന്നിച്ചു പോരികയാണ് യുക്തം; അതാണ് ന്യായം.

രാമൻ - ഭദ്രെ, എൻറെ അമ്മ എന്നെ പിരിഞ്ഞാൽ അത്യന്തം ദുഃഖപരവശയായി കാലം കഴിക്കേണ്ടിവരും അവരെ ശുശ്രൂഷിപ്പാൻ അവർക്കു സഹായമായി നീ ഇവിടെത്തന്നെ ഇരിക്കേണ്ടത് ആവശ്യമല്ലയൊ ?

സീത - അമ്മക്കു എന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ വ്യസനം വർദ്ധിക്കുകയാണു ചെയ്യുക. ഞാൻ വിരഹവ്യഥ അനുഭവിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോൾ അവർക്കു രണ്ടു വിധം വ്യസനമുണ്ടാകും. ഞാൻ കൂടി ഇവിടുത്തെ ഒന്നിച്ചുണ്ടെന്നറിയുമ്പോൾ കുറെ ആശ്വാസമുണ്ടായിരിപ്പാനാണ് സംഗതി. [ 82 ] രാമൻ - നിന്നെ വിട്ടുപിരിയുന്നതിൽ എനിക്ക് എത്രമേൽ വ്യസനമുണ്ടെന്ന് ഞാൻ വിശേഷിച്ചു പാഞ്ഞറിയിക്കേണ്ടതില്ല. പക്ഷെ കാട്ടിലെ അവസ്ഥ വിചാരിക്കുമ്പോൾ എനിക്കു നിന്നെക്കൂടി ഒന്നിച്ചു കൊണ്ടുപോവാൻ മടിയുണ്ട്. നേരത്തിനു ഭക്ഷണം കിട്ടുകയില്ല. കണ്ട കായോ കനിയാ, തിന്നേണ്ടിവരും. കുടിപ്പാൻ നല്ല വെള്ളം കൂടി കിട്ടുന്നത് പ്രയാസമായിരിക്കും.

സീത - ഈ പ്രയാസമൊക്കെ ഇവിടുത്തേക്കു കാട്ടിൽ നേരിടുമെന്നു കേൾക്കുമ്പോൾ, എനിക്കു കൂടി ഇവിടുത്തെ ഒന്നിച്ചു വരാനുള്ള ഉൽകണ്ഠ വർദ്ധിക്കുന്നു. ഇവിടുന്നു അഭവിക്കുന്ന ആ വിധം സങ്കടങ്ങളിൽ പങ്കുകൊള്ളാതെ ഇരുന്നാൽ പിന്നെ ഇവിടുത്തെ പത്നിയാണെന്നുള്ള പേരിനെ ഞാൻ എങ്ങിനെ അർഹിക്കും ? ഭർത്താവിനെ കാട്ടിൽ പോവാൻ അനുവദിച്ചു സീത രാജധാനിയിലെ സുഖങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്നു എന്നെ ലോകം അപഹസിപ്പാൻ സംഗതിയാക്കരുതെന്നു ഞാൻ അങ്ങയുടെ പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് അപേക്ഷിക്കുന്നു. ഇവിടുത്തെ പാദശുശ്രൂഷചെയ്തു മരണംവരെ കഴിയേണമെന്നുള്ള എൻറെ വ്രതത്തിന് ഇവിടുന്ന് മുടക്കം വരുത്തരുതു. ഞാൻ ചുരുക്കിപറയാം. ഇവിടുന്നു എന്നെക്കൂടി കാട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നില്ലെങ്കിൽ മടങ്ങി വരുമ്പോൾ സീതയെ ദേഹത്തോടുകൂടി കാണുവാൻ സംഗതിവരുമെന്ന് ആഗ്രഹിക്കരുത്. [ 83 ] രാമൻ - ഭദ്രെ, നീകൂടി പോരികതന്നെ. ഇതുനിമിത്തം കൈകയിമാതാവിന്ന് കുറേകൂടി സന്തോഷത്തിന്ന് അവകാശം സിദ്ധിച്ചെങ്കിൽ അതു നമുക്കും കൃതാർത്ഥതക്കു വഴിയായല്ലൊ ? നീ അമ്മമാരോടു രണ്ടുപേരോടും അനുവാദം വാങ്ങി കാട്ടിൽപോകാൻ ഒരുങ്ങി കൊൾക. എന്നെ കാണുവാൻ ചില പടനായകന്മാർ വന്നിട്ടുണ്ട്. ഞാൻ പോയി അവരോടു വിവരം അന്വേഷിച്ചു വരാം.

(രണ്ടു പേരും പോകുന്നു)

(ഒരു ഭടൻ പ്രവേശിക്കുന്നു)

ഭടൻ - രാമഭദ്രനെ ചെന്നു കണ്ടു അദ്ദേഹത്തിൻറെ ഹിതമറിവാൻ പോയവർ ഇനിയും വന്നില്ലല്ലൊ. എന്തായിരിക്കാം ഈ താമസത്തിന്നു കാരണം ? തൻറെ അച്ഛൻറെ കല്പനക്കനുസരിച്ചു വനത്തിൽ പോകാനല്ലാതെ ഇനി, അഭിഷേകം ചെയ്യപ്പെടാൻ അദ്ദേഹം അനുവദിക്കുമെന്നു തോന്നിയില്ല. കൈകയിയെ ദ്രോഹിപ്പാനും ജനങ്ങൾ ഒരു ലഹളയുണ്ടാക്കുവാനും ഒരിക്കലും അനുവദിക്കുകയില്ല. ഇതാ ദിലീപസിംഹൻ വരുന്നു. [ 84 ] (ദിലീപസിംഹൻ പ്രവേശിക്കുന്നു)

ഭടൻ - എന്താണ് വർത്തമാനം ?

ദിലീപൻ - അതു നമ്മൾ ആദ്യം വിചാരിച്ചതുപോലെ തന്നെ രാമഭദ്രന്ന് അങ്ങിനെ ഒരു അഭിപ്രായം കേൾപ്പാൻപോലും ആഗ്രഹമില്ലെന്നു അദ്ദേഹം ഖണ്ഡിച്ചു പറഞ്ഞു. കൈകയിദേവിക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നവർ മഹാരാജാവിന്നു പ്രതികൂലമായി പ്രവർത്തിക്കുന്നവരാണെന്നും അവർ തൻറെ ശത്രുക്കളാണെന്നും വളരെ വ്യസനത്തോടും ധൈർയ്യത്തോടും കൂടി അദ്ദേഹം പറഞ്ഞു. ഒടുവിൽ പടനായകന്മാർ കുറേകൂടി ഉഷ്ണിച്ചു സംസാരിച്ചപ്പോൾ രാമഭദ്രൻറെ സ്വഭാവം കേവലം മാറി ഇങ്ങിനെ പറഞ്ഞു: -- ഒരു കാർയ്യം നിങ്ങൾ മനസ്സിലാക്കണം. അച്ഛൻറെ സത്യത്തെ പരിപാലിപ്പാനാണ് ഞാൻ കാട്ടിൽ പോകുന്നത്. നിങ്ങളുടെ പ്രവൃത്തി അതിന്നു തടസ്സമായിത്തീരാനാണ് പോകുന്നത്. അതുകൊണ്ട് ഞാൻ കാട്ടിൽ പോകുന്നതിന്ന് അല്പം വിളംബിക്കുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ലഹള അമർത്തേണ്ടതിന്നുവേണ്ടി മാത്രമായിരിക്കും. അതു വാക്കുകൊണ്ടു സാധിക്കയില്ലെങ്കിൽ, ഈ ആയുധംകൊണ്ടു ഞാൻ സാധിക്കും." എന്നു പറഞ്ഞു വില്ലുമമ്പും ചൂണ്ടിക്കാണിച്ചു. ശിവ, ശിവ, അതു പറയുമ്പോളുണ്ടായിരുന്ന ഭാവവികാരവും, അതു കേട്ടപ്പോൾ ഭടന്മാരിലുണ്ടായ അനുഭവവും ഇന്നവിധമാണെന്നു കണ്ടുതന്നെ അറിയേണ്ടതായിരുന്നു. അതു [ 85 ] വാര, ജനങ്ങൾക്ക് അനുകൂലമായി ഒന്നു രണ്ടു വാക്കുകൾ പറഞ്ഞിരുന്ന ലക്ഷ്മണൻ, രണ്ടടി പിന്നോട്ടു വെച്ചും, തലതാഴ്ത്തി നിന്നു. വസിഷ്ഠഭഗവാൻ താനും ഒന്നു ഞെട്ടിപ്പൊയില്ലെ എന്നു സംശയിക്കുന്നു.

ഭടൻ - വസിഷ്ഠഭഗവാൻ ജനങ്ങൾക്ക് അനുകൂലമായിട്ടായിരുന്നുവോ സംസാരിച്ചിരുന്നത്.

ദിലീപൻ - ഛേ - അവിടെ എത്തിയപ്പോൾ അദ്ദേഹത്തിൻറെ പ്രകൃതമൊക്കെ മാറിപ്പോയി. ജനങ്ങളെ ഈ ഉദ്യമത്തിൽനിന്നു വിരമിപ്പിക്കുവാൻ ഉപദേശം ചെയ്കയാണ് അദ്ദേഹം ചെയ്തത്.

ഭടൻ - ദിവാകരനും മററും പിന്നെ എന്തു പറഞ്ഞു ?

ദിലീപൻ - എന്തു പറഞ്ഞുവെന്നൊ ? അവരുടെയൊക്കെ ചുമല് താണുപോയി. ലക്ഷം ഭടന്മാരോടു രാമഭദ്രൻറെ ആയുധം ഒന്നു പോരെയൊ ?

ഭടൻ - കഷ്ടം ! ഇതൊക്കെ കാണാനും കേൾപ്പാനും ഞാൻ അവിടെ ഉണ്ടായില്ലല്ലൊ. ആട്ടെ, എപ്പഴാണ് രാമഭദ്രൻ കാട്ടിലേക്കു പുറപ്പെടുന്നത്.

ദിലീപൻ - ഇതാ അവരൊക്കെ വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു. ഒന്നുകൂടി കൈകയിയെ കണ്ടിട്ടെ പോകുന്നുള്ളുവെന്നാണ് വെച്ചത്. ലക്ഷ്മണനും സീതാദേവിയും ഒന്നിച്ചു പോകുന്നുണ്ട്. അതു നീ അറിയുമല്ലൊ ? [ 86 ] ഭടൻ- സീതാദേവിയും പോകുന്നുണ്ടൊ ? കാട്ടിലേക്കൊ- പതിന്നാലുകൊല്ലം കാട്ടിൽ പാക്കാനോ ?

ദിലീപൻ - അതെ- ആ സതീരത്നം, ഭർത്താവിനെ കാട്ടിയച്ചു, വീട്ടിൽ പാർക്കുമെന്നു തോന്നിപ്പോയൊ ? അതാ, സുമന്ത്രരുടെ രഥം പോകുന്നു. നമ്മൾ കൈകയിയുടെ കൊട്ടാരത്തിലേക്കു പോകുക. വരൂ.

(രണ്ടുപേരും പോയി)

രംഗം 4.

(രാമനും ലക്ഷ്മണനും കാവിവസ്ത്രം ധരിച്ചുകൊണ്ടും, സീത സ്വന്തം ഉടുപ്പിലും വസിഷ്ഠമഹർഷിയും അരുന്ധതിയും, കൈകയിയും ദാസിമാരും വേരെ ചിലരും പ്രവേശിക്കുന്നു.)

രാമൻ - മാതാവെ നിങ്ങളുടെ ഹിതത്തിന്നും, അച്ഛൻറെ കല്പനക്കും അസരിച്ചു ഞാൻ വനത്തിൽ പോകുവാൻ ഒരുങ്ങി വന്നിരിക്കുന്നു. എൻറെ ഈ സഹോദരൻ ഒന്നിച്ചു വരാൻ തീർച്ചയാക്കിയിരിക്കുന്നു. സീത എന്നെ പിരിഞ്ഞു ഇവിടെ ഇരിപ്പാൻ ശക്തയല്ലായ്കയാൽ അവളും കൂടെ വരുന്നു. ഞങ്ങൾക്കു കാട്ടിൽ, പാടുള്ളത്ര സുഖങ്ങൾ ഉണ്ടായിരിപ്പാൻ അനുഗ്രഹിക്കണം. (മൂന്നുപേരും വണങ്ങുന്നു) [ 87 ] കൈകയി - നിങ്ങൾ മൂന്നുപേരും പോകുന്നുവോ ? ലക്ഷ്മണൻ കൂടി വരാൻ സുമിത്ര അനുവദിച്ചുവോ ?

ലക്ഷ്മണൻ - ജ്യേഷ്ഠൻ സ്വകാർയ്യം വനത്തിൽ പോകുന്നത് എൻറെ അമ്മക്കു വിചാരിപ്പാൻകൂടി സാധിച്ചില്ല. അതുകൊണ്ട് അവർക്കു സഹായമായി എന്നെക്കൂടി അയപ്പാൻ തീർച്ചയാക്കിയിരിക്കുന്നു. ജ്യേഷ്ഠൻറെ കൂടെ പോകാൻ അമ്മ കല്പിച്ചത് ഞാനൊരു അനുഗ്രഹമായി വിചാരിക്കുന്നു. ജ്യേഷ്ഠന്നു പകരം ഞാൻ പോയാൽ മതിയെങ്കിൽ അതിന്നും ഞാൻ ഒരുക്കമാണ്. എൻറെ അമ്മക്ക് അതു സന്തോഷവുമാണ്.

രാമൻ - ലക്ഷ്മണാ, അതു പറവാനല്ലൊ നമ്മളിവിടെ വന്നത് !

കൈകയി - സീതയും കാട്ടിൽ പോവാൻ ഉറച്ചുവോ ?

സീത - അതിനെപ്പറ്റി എന്താണമ്മെ സംശയിപ്പാനുള്ളത് ? പതിവ്രതമാർക്കു ഭർത്തൃസമീപമെന്നല്ലാതെ കാടെന്നും, നാടെന്നും ആലോചിപ്പാൻ അവകാശമുണ്ടൊ ? അത് അമ്മതന്നെ നല്ലവണ്ണം അറിയുന്നുവല്ലോ.

കൈകയി - അതു ഞാൻ അറിയുന്നു. മഹാരാജാവു യുദ്ധത്തിന്നുപോയ സമയത്തുപോലും ഞാൻ ഒന്നിച്ചു പോയിരുന്നു.

ലക്ഷ്മണൻ - അതിപ്പോൾ അറിയാത്തവരുണ്ടൊ ? [ 88 ] കൈകയി - നീ ഈ വസ്ത്രത്തോടും അലങ്കാരത്തോടും കൂടിയാണൊ കാട്ടിൽ പോകുന്നത് ?

(എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു)

സീത - ഈ ആഭരണങ്ങൾ കാട്ടിലേക്ക് അനുചിതം തന്നെയാണ്. അതു ഞാൻ ഓർത്തില്ല.

രാമൻ - അതാ, അരുന്ധതിദേവി. നീ ആഭരണങ്ങളൊക്കെ ദേവിക്കു ദാനംചെയ്യ്തുകൊൾക.

(സീത അപ്രകാരം ചെയ്യുന്നു)

അരുന്ധതി - മകളെ നിണക്കു വനദേവതമാർ തുണയായിരിക്കും വനം നിണക്ക് അന്തപ്പുരംപോലെ ആനന്ദകരമായിരിക്കട്ടെ.

കൈകയി - ആരവിടെ ?

(ഒരു ദാസി മുമ്പോട്ടു വരുന്നു)

ദാസി - അടിയൻ. കൈകയി - ആ ചീരവസ്ത്രം എവിടെ. അത് കൊണ്ടുവരൂ.

(ലക്ഷ്മണൻ കോപിച്ചു മുന്നോട്ടു അടുക്കാൻ ഭാവിക്കുന്നു. രാമൻ ലക്ഷ്മണനെ പിടിച്ചടക്കി സ്വകാർയ്യം സംസാരിക്കുന്നു. അരുന്ധതി വസിഷ്ഠരോടും മററുള്ളവർ അന്യോന്യവും സ്വകാർയ്യം സംസാരിക്കുന്നു. ദാസി വസ്ത്രം കൊണ്ടുവന്നു കൈകയിയുടെ കൈയിൽ [ 89 ] കൊടുക്കുന്നു, കൈകയി അതു സീതക്കു കാണിക്കുന്നു. സീത കുണ്ഠിതഭാവത്തോടുകൂടി രാമന്റെ മുഖത്തു നോക്കുന്നു]

രാമൻ - ഭദ്രെ, എന്തിന്നു മടിക്കുന്നു ? അമ്മയോടു ചീരവസ്ത്രം വാങ്ങിക്കോളു. അപൂർണ്ണമായി യാതൊരു കാര്യവും ചെയ്യരുത്. അത് ഈ അമ്മ അറിയും പോലെ മറ്റാരും അറിയുന്നില്ല.

[സീത അതു വാങ്ങി വസ്ത്രത്തിന്റെ മേലെ ധരിക്കുന്നു. രാമനും ലക്ഷ്മണനും വസിഷ്ഠരും കൈകയിയും ഒഴികെ എല്ലാവരും കണ്ണുപൊത്തി കരയുന്നു. ലക്ഷ്മണൻ കൈ ചുരുട്ടിപ്പിടിച്ചു കണ്ണുരുട്ടി ദ്വേഷ്യം അഭിനയിക്കുന്നു.]

വസിഷ്ഠൻ - ഹ! ദുഷ്ടെ ! ഞാൻ നിന്നെ ഇതുവരെ, ഈ പേരു ചൊല്ലി വിളിച്ചിരുന്നില്ല. ഇപ്പോൾ അതും വേണ്ടിവന്നു. ദുഷ്ടെ, സീതാദേവിക്കു വൽക്കലം കൊടുപ്പാൻ നിണക്ക് എങ്ങിനെ മനസ്സു വന്നു ? സ്ത്രീകളുടെ ഹൃദയത്തിനു കാഠിന്യമുണ്ടായാൽ ഇത്രമേൽ ഉണ്ടാവാമൊ ? ശ്രീരാമൻ പറഞ്ഞ വാക്കിന്റെ അർത്ഥം നിണക്കു മനസ്സിലായൊ ? “അപൂർണ്ണമായി യാതൊരു കാർയ്യവും ചെയ്യരുത്. അത് ഈ അമ്മ അറിയും പോലെ മററാരും അറികയില്ല" - എന്നു പറഞ്ഞതിന്റെ അർത്ഥം നിണക്കു മനസ്സിലായൊ ? നിന്റെ കഠിനപ്രവൃത്തി മുഴുവനാക്കുവാൻ നീ ഈ ഒരു കാർയ്യം മാത്രമെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നുള്ളുവെന്നും [ 90 ] അതും നീ ചെയ്തുവെന്നും ആണ് രാമൻ പറഞ്ഞതിന്റെ അർത്ഥം. നീ ചെയ്ത ദുഷ്കൃത്യത്തെ ഒന്നു പർയ്യാലോചിച്ചു നോക്കൂ. ഈ രാജ്യനിവാസികളുടെ കണ്ണിലുണ്ണിയായ രാജകുമാരനെ സ്വാർത്ഥത്തിന്നു വേണ്ടി നീ ദണ്ഡകാരണ്യത്തിലേക്ക് അയക്കുന്നു. അതുനിമിത്തം അവന്റെ അമ്മയെ മാത്രമല്ല, പുരവാസികളെ ഒട്ടുക്കും നീ സങ്കടസമുദ്രത്തിൽ തള്ളിവിട്ടു. അതാ അവന്റെ അച്ഛനും ജനങ്ങളുടെ മഹാരാജാവും നിന്റെ ഭർത്താവും ആയ ആ മഹാത്മാവു മരിക്കാറായിരിക്കുന്നു. ഇതൊക്കെകൊണ്ടും തൃപ്തിപ്പെടാതെ ഈ പെൺകുട്ടി കാട്ടിൽ പോകുന്നത് നിണക്കു സന്തോഷമാണെന്നു നീ കാണിക്കുന്നു.

[ലക്ഷ്മണൻ അസ്വാസ്ഥ്യം ഭാവിക്കുന്നു. രാമൻ പിടിച്ചടക്കുന്നു. പലരും നെഞ്ഞത്തു കൈവെച്ചു "ശിവ, ശിവ," എന്നു പറയുന്നു]

നിന്റെ കൈകൊണ്ടു ആ കുട്ടിക്കു ചീരം കൊടുത്തില്ലയൊ ? ആ കൈക്ക് എന്നിട്ടും ചൈതന്യമുണ്ടല്ലൊ ! കാട്ടിൽ പോകാൻ ഒരുങ്ങിയ സീതയെ കണ്ടാലെങ്കിലും നിണക്കു മനസ്സിൽ കാരുണ്യം ജനിക്കുമെന്നു വിചാരിച്ചായിരുന്നു ഞാൻ ഈ കൂടിക്കാഴ്ചക്ക് ഏർപ്പാടുചെയ്തത്. അതുകൊണ്ടുള്ള ഫലം നേരെ വിപരീതമായി. അഥവാ, നിന്റെ ദുഷ്ടതയെ ജനങ്ങൾ ശരിയായി മനസ്സിലാക്കാൻ സംഗതിയായി. അയോദ്ധ്യയിലെ പൗരന്മാരും ഭടജനങ്ങളും നിന്നെ പിടിച്ചുകെട്ടി [ 91 ] എന്തുചെയ്യുമായിരുന്നുവെന്ന് ആരറിഞ്ഞു ? അതിൽ നിന്നു നിന്നെ രക്ഷിച്ചത്, നീ ആർക്ക് ഈ ദോഷമെല്ലാം വരുത്തിക്കൂട്ടിയൊ, ആ രാമനാണെന്നു നീ അറിഞ്ഞുകൊൾക.

രാമൻ - അല്ലയൊ ഭഗവൻ, ഇതൊക്കെ ഈ അവസരത്തിൽ പറയേണ്ടുന്ന ആവശൃമുണ്ടെന്നു തോന്നുന്നില്ലല്ലൊ.

വസിഷ്ഠൻ - ശരിതന്നെ. അതെനിക്കറിയാം. എന്തു ചെയ്യും ? ഞാനും ഈ അവസരത്തിൽ സംസാരിയായിത്തീർന്നിരിക്കുന്നു. ഈശ്വരകോപമുള്ള ഈ പാപിഷ്ഠയെ എന്റെ മുമ്പിൽ കാണുമ്പോൾ, എനിക്കു കോപം വർദ്ധിക്കുന്നു. പാപിഷ്ഠെ, ഈ ക്ഷണത്തിൽ ദഹിച്ചുപോവാറൻ നിനക്കു മനസ്സില്ലെങ്കിൽ എൻറ ദൃഷ്ടിയിൽ നിന്നു കഴിയുന്ന വേഗത്തിൽ പിൻമാറിക്കോളു.

(കൈകയിയും ദാസിമാരും വേഗത്തിൽ നടന്നുപോകുന്നു)

രാമൻ - ഇവിടുന്നു ഈ വിധം കോപിക്കരുത്. അതു ഞാൻ ഉപദേശിക്കേണ്ടതല്ല. ഞങ്ങൾ പൂർവ്വജന്മത്തിൽ ചെയ്തിരുന്ന കർമ്മഫലം അനുഭവിക്കുകയാണ്. കൈകയിമാതാവ് ഈ അവസരത്തിൽ അതിന്നൊരു കാരണമായിരുന്നതായിരിക്കാം. അവരോടു പിന്നെയെന്തിന്നു കോപിക്കുന്നു ?

വസിഷ്ഠൻ - രാമാ, നീയും ഞാനും പൂർവ്വജന്മവൃത്താന്തങ്ങളെ അറിഞ്ഞു അവക്കനുസരിച്ചുള്ള ഫലങ്ങൾ അനുഭ [ 92 ] വിക്കുമ്പോൾ മന്ദഹസിപ്പാനൊ, തലകുലിക്കാനൊ, പ്രാപ്തരായിരിക്കാം. ലോകത്തിൽ അധികജനങ്ങളും അങ്ങിനെയുള്ളവരല്ലല്ലൊ. അവരുടെ ആത്മാഭിവൃദ്ധിക്കു സഹായമായിത്തീരത്തക്ക ശിക്ഷകളും ഉപദേശങ്ങളും യഥാവസരത്തിൽ നൽകേണ്ടത് ആവശ്യമാകുന്നു. മഹർഷിമാരായ നങ്ങൾ അനുഗ്രഹിക്കുന്നതു പോലെതന്നെ ശപിക്കുന്നതും ഇങ്ങിനെയുള്ള ഉദ്ദേശങ്ങളോടുകൂടിയാണ്. അതൊന്നും തെറ്റിദ്ധരിക്കരുത്. ഏതായാലും ഈ കാർയ്യങ്ങൾ ഭരതൻറെ അറിവോടുകൂടിയാണെന്നു നീ വിചാരിക്കരുത്.

രാമൻ - ഭരതന്നു ഇതിൽ യാതൊരു കൈയും ഇല്ലെന്നു ഞാനും അറിയുന്നുണ്ട്. നോരം വഴുകുന്നു. കാട്ടിലേക്കാണ് പോകുന്നതെങ്കിലും അതും ശുഭമുഹൂർത്തത്തിൽ തന്നെ വേണമല്ലൊ.

വസിഷ്ഠൻ - കാട്ടിലേക്കു പോകുമ്പഴാണല്ലൊ ശുഭമുഹൂർത്തത്തെ അധികം ഗണിക്കേണ്ടത്.

രാമൻ - എന്നാൽ ഞങ്ങൾക്കു വിടതരണം. അച്ഛനെ ഞാൻ, ഭഗവാൻറെ കൈയിൽ ഏല്പിക്കുന്നു. എൻറെ അമ്മയെ ഇവിടുന്നു പറഞ്ഞാശ്വസിപ്പിക്കണം. അവർക്ക് വ്യസനിപ്പാൻ സംഗതി വരുത്താതെ പതിന്നാലുകൊല്ലം രക്ഷിപ്പാൻ വേണ്ടതു ചെയ്തുകൊള്ളണം.

(നമസ്കരിക്കുന്നു. വസിഷ്ഠൻ പിടിച്ചെഴുന്നേല്പിക്കുന്നു)

വസിഷ്ഠൻ - രാമാ, നിനക്കു കാട്ടിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകയില്ല. മനശ്ശക്തിയുള്ളവർക്കു കാടെന്നും നാടെ [ 93 ] ന്നു ഇല്ല. കാടു നാടാക്കുന്നതും നാടു കാടാക്കുന്നതും അവനവൻറെ മനസ്സാണ്. ലോകോപകാരം ചെയ്വാൻ കാട്ടിലും, തഞ്ജവും സൗകർയ്യവും ഉണ്ടാകും. കാട്ടിൽ ചെന്നിരുന്നു, നാട്ടിനെ നോക്കുമ്പോഴാണ് നാട്ടിൻറെ ഗുണദോഷങ്ങൾ ശരിയായി കണ്ടറിയുക. നീ കാട്ടിൽ പോയിട്ട്, ഈ നാട്ടിൻറെ ദോഷപരിഹാരത്തിന്നു പരിശ്രമിക്കുക. ഈശ്വരൻ നിന്നെ അനുഗ്രഹിക്കും.

ലക്ഷ്മണം - ഭഗവാനെ, ജ്യേഷ്ഠൻറെ ഒന്നിച്ചു പോവാൻ അനുഗ്രഹിക്കണം. (നമസ്കരിക്കുന്നു )

വസിഷ്ഠൻ - (പിടിച്ചെഴുന്നേല്പിച്ചിട്ട്) വത്സാ, നിന്നെ പ്പോലെ സഹോദരസ്നേഹവും ഗുരുഭക്തിയും ഉള്ളവർ ലോകത്തിൽ ആരും ഇല്ല. നിണക്കു മംഗലം ഭവിക്കട്ടെ.

സീത - ഭഗവാനെ, സീത നമസ്കരിക്കുന്നു.

വസിഷ്ഠൻ - വത്സെ, ഇതാണല്ലൊ എനിക്കു സഹിച്ചുകൂടാത്തത്. കേവലം ഒരു ഋഷിയായ എന്നെക്കൂടി ഇത്രമേൽ സങ്കടപ്പെടുത്തുന്ന കാർയ്യം ഗൃഹസ്ഥന്മാരായവരെ എത്ര പീഡിപ്പിക്കും ? പതിവ്രതെ, നിൻറെ പേർ ആചന്ദ്രതാരം സൽഗുണങ്ങൾക്കു പർയ്യായമായി പ്രശോഭിക്കട്ടെ.

സീത - ഭഗവാനെ എൻറെ അച്ഛൻ എന്നെ\പറ്റി അന്വേഷിക്കുമ്പോൾ എല്ലാവിവരവും പറഞ്ഞു ധരിപ്പിക്കേണം. [ 94 ] വസിഷ്ഠൻ - ആ എല്ലാ ഭാരവും ഞാൻ നിങ്ങളുടെ അപേക്ഷകൾ കൂടാതെതന്നെ കൈയേൽക്കേണ്ടതായിട്ടാണല്ലൊ വന്നിരിക്കുന്നത്. നിങ്ങൾ പോവിൻ. നിങ്ങൾക്കു മംഗലം ഭവിക്കട്ടെ.

(വസിഷ്ഠനും അരുന്ധതിയും ഒഴികെ എല്ലാവരും പോകുന്നു)

വസിഷ്ഠൻ - ഹ ! ഈ ലോകം എന്തൊരു നാടകം ! മനുഷ്യരൊക്കെ ആ നാടകത്തിലെ ഏതെല്ലാം തരം വേഷക്കാർ ! ഇതൊക്കെ എന്തിനാണെന്നും ഇതിനെയൊക്കെ നിയന്ത്രണം ചെയ്യുന്ന ശക്തിയേതാണെന്നും അറിഞ്ഞിരുന്നാൽ ആർ വ്യസനിക്കും, ആർ കോപിക്കും, ആർ സന്തോഷിക്കും ?

(രംഗം അവസാനിച്ചു) [ 95 ] അങ്കം 5. രംഗം 1.

(മാലിനിയും സൌദാമിനിയും പ്രവേശിക്കുന്നു)

മാലിനി - ഇതെന്തൊരു ലോകമാണീശ്വരാ ! രാജകുമാരന്മാരും സീതാദേവിയും വനത്തിൽ പോയതിനാൽ ഉണ്ടായ വ്യസനം തന്നെ പോയിപ്പോയി. എനിക്ക് അത്രമേൽ കോപമാണുണ്ടായത്.

സൌദാമിനി - നീ എന്നു സൂചിപ്പിച്ചാണു പറയുന്നത് ?

മാലിനി - ജനങ്ങൾ പറയുന്ന അപവാദത്തെപ്പറ്റിയാണ്. നീ കേട്ടില്ലെ, ആ സ്ത്രീകൾ അവിടെ ഇരുന്നു പറയുന്നത് ? സീതാദേവി കാട്ടിൽ പോയതു വളരെ അനുചിതമായിപ്പോയിപോൽ ! "സീത എത്രയായാലും ഒരു പെണ്ണല്ലെ; ഒരു പെണ്ണ് അങ്ങിനെ കാട്ടിലേക്കു തുള്ളിച്ചാടി പുറപ്പെട്ടുപോകാമൊ ?" എന്നും മറ്റും ആ സ്ത്രീകൾ പറഞ്ഞു കേട്ടപ്പോൾ എൻറെ രക്തം പതച്ചുപായി. ഈ വിധം മനുഷ്യരും ഉണ്ടല്ലൊ !

സൌദാ - അതല്ലെ, പറയുന്നു ! അവർ പറയുന്നതു കേട്ടാൽ സീതാദേവി ഒരു അന്യപുരുഷൻറെ ഒന്നിച്ചു കാട്ടിലേക്കു ചാടിപ്പോയിരിക്കയാണെന്നു തോന്നും. [ 96 ] മാലിനി - ഞാനതു ചോദിച്ചില്ലെ ? "സീതാദേവി അവരുടെ ഭർത്താവിൻറെ ഒന്നിച്ച് പോയത്, അതിന്നു നിങ്ങൾ ആ പതിവ്രതയെ സ്തുതിക്കുന്നതിനു പകരം ദുഷിക്കയാണൊ വേണ്ടത് ?" - എന്നു ഞാൻ ചോദിച്ചില്ലെ ? ചോദിക്കാതെ വിടുന്ന പെണ്ണാണൊ ഞാൻ ?

സൗദാ - എന്നിട്ടെന്തായിരുന്നു മറുപടി പറഞ്ഞത് ?

മാലിനി - എന്തു മറുപടി പറവാൻ ! ഇവറ്റയൊക്കെ വല്ലതും ആലോചിച്ചു പറയുന്നതാണൊ ? വല്ലവരേയും ദൂഷിക്കണം, അതിന്നു വല്ല പഴുതും കിട്ടണം. അതു ന്യായമൊ അന്യായമൊ എന്നൊന്നും ആലോചിക്കയില്ല. ആർക്കൊണ്ടാണ് പറയുന്നതെന്നുണ്ടൊ ? ഒരുത്തി എന്നോടു പറകയാണ്', - "ഓ, പതിവ്രത ! ഞങ്ങളാരും പതിവ്രതമാരല്ലെ; ഞങ്ങളെന്താണ് ഭർത്താവിൻറെ ഒന്നിച്ചു പോകുന്ന ദിക്കിലൊക്കെ ചാടിപ്പോകയാണൊ?" - എന്ന്. ഇങ്ങിനെ പറയുന്നവറ്റയോടു എന്താണ് മറുപടി പറയേണ്ടത് ?

സൗദാ - മറുപടി പറയുന്നു ! ഇത്രയെങ്കിലും ചോദിച്ചതു നീ ആയിട്ടല്ലെ. ഞാനാണെങ്കിൽ വല്ല പട്ടിയൊ മറ്റൊ കുരക്കുന്നതാണന്നു വെക്കുകയെ ഉള്ളൂ. സീതാദേവിയെ കുററം പറയുന്ന ഈ ജാതി മറ്റുള്ളവരെ എന്തൊക്കെ പറയും  ? പക്ഷെ എനിക്ക് ഈ വക അപവാദങ്ങൾ പറയുന്നവരെപ്പററിയല്ല അത്ഭുതം. പ്രമാണികളാണ്, യോഗ്യന്മാരാണ്, വിദ്വാ [ 97 ] ന്മാരാണ് എന്നൊക്കെ പറയപ്പെടുന്ന ചില ബ്രഹ്മാണ്ഡവങ്കന്മാരുണ്ടല്ലൊ, അവർ ഈ വക അപവാദങ്ങൾ വല്ല കൊള്ളാത്തവരും പറയുന്നതിനെ, കൊണ്ടാടുന്നതല്ലെ അത്ഭുതം. ഞാൻ ഈ പ്രത്യേകം സംഭവത്തെപ്പററി പറകയല്ല, സാധാരണ നടവടി പറകയാണ്.

മാലിനി - യോഗ്യന്മാർ രണ്ടുതരത്തിലല്ലെ ? -- യഥാർത്ഥഗുണംകൊണ്ടു യോഗ്യന്മാരായവർ, സംഗതിവശാൽ കുറെ പണമുണ്ടായതുകൊണ്ടൊ, വലിയ തറവാട്ടിൽ ജനിപ്പാൻ ഇടയായതുകൊണ്ടൊ, യോഗ്യന്മാരാണെന്നു പറയപ്പെടുന്നവർ. രണ്ടാമത്തെ കൂട്ടർക്ക് ആദ്യം പറഞ്ഞവരെ വല്ലവിധത്തിലും അവമാനത്തിലാക്കുന്നത് വലിയ രസമാണ്. അതാണ് ഈ വക അപവാദങ്ങൾ മുളച്ച ദിക്കിൽ നശിക്കാതെ, വളർന്നു പടരാൻ സംഗതിവരുന്നതിൻറെ രഹസ്യം. കാണുന്നില്ലെ, തടിച്ചു കൂറ്റനായി ഭയങ്കരനായ ഒരു പട്ടിയെ കാണുമ്പോൾ, ധനവാൻറെ മടിയിൽ കിടന്നു വളരുന്ന ചെറിയ ജാതി പട്ടികൾ കുരച്ചു ലഹളകൂട്ടുന്നതു കാണുന്നില്ലെ. ആ വലിയ പട്ടി തിരിഞ്ഞു നോക്കുകകൂടി ചെയ്യുന്നില്ല.

സൌദാ - എന്നുമാത്രമല്ല, കോവിലകത്തിൻറെ പുറമതിൽ നീ കണ്ടുവോ ? വെള്ളവലിച്ചു എത്ര ഭംഗിയാക്കി വെച്ചിരിക്കുന്നു. അതിനെ എത്ര പേരാണ്, രാജവീഥിയിലെ മണ്ണുചവിട്ടി, കാലടിപതിപ്പിച്ചു അല [ 98 ] ങ്കോലപ്പെടുത്തിയിരിക്കുന്നത് ! ജനങ്ങളിൽ ചിലരുടെ സ്വഭാവമാണത്. ശുഭ്രമായി നിർമ്മലമായ വസ്ത്രവെ കണ്ടുസഹിപ്പാൻ അവരുടെ ദുഷ്ടമനസ്സിനു കഴികയില്ല. അതിന്നു ചളിവാരിതേക്കണം. യഥാർത്ഥത്തിൽ യോഗ്യരായ മനുഷ്യരുടെ യോഗ്യത മറ്റു ചിലർക്കു കണ്ടുസഹിപ്പാൻ കഴിയാത്തതിനാൽ അതിനെ മലിനപ്പെടുത്തുവാൻ ചെയ്യുന്ന ശ്രമങ്ങളാണ് ഈ അപവാദങ്ങൾ.

മാലിനി - ശരിയാണു നീ പറഞ്ഞത്. ആട്ടെ, അതൊക്കെ പറഞ്ഞിരിപ്പാൻ നമ്മൾക്ക് സമയമില്ല.

സൌദാ - നേരാണ്. നമ്മൾ നമ്മളുടെ കാർയ്യം പറയുക. മഹാരാജാവു തീപ്പെട്ടുപോയതു പുത്രശോകംകൊണ്ടാണെന്നല്ലെ നീ പറഞ്ഞത് ? അതിനെപ്പററി ഞാൻ അരുന്ധതിദേവിയാടു ചോദിച്ചു.

മാലിനി - ദേവി എന്തു പറഞ്ഞു ?

സൌദാ - മഹാരാജാവിന്ന് ഒരു ശാപം ഉണ്ടായിരുന്നുപോൽ.

മാലിനി - ശാപമൊ ? എന്തുശാപം ? മഹാരാജാവിന്നെന്തു ശാപം ?

സൌദാ - പുത്രന്മാരെ കാണാതെ മരിക്കാൻ സംഗതിവരണമെന്ന് ഒരു മഹർഷി ശപിച്ചിരുന്നുപോൽ.

മാലിനി - നേരൊ അതിനെന്തു സംഗതി ? [ 99 ] സൌദാ - ഒരിക്കൽ മഹാരാജാവു കാട്ടിൽ നായാട്ടിന്നു പോയിരുന്നുപോൽ. ഒരുദിവസം രാത്രി കാട്ടാനയെ കൊല്ലേണമെന്നു വിചാരിച്ചു സരസ്സിൻറെ കരയിൽ ഒളിച്ചിരുന്നു. അപ്പോൾ വെള്ളത്തിൽ ഒരു ഒച്ച കേട്ടു. ആന തുമ്പിക്കരംകൊണ്ടു വെള്ളം വലിച്ചെടുക്കുന്ന ഒച്ചയാണെന്നു വിചാരിച്ചു രാജാവു അസ്ത്രമയച്ചു. ഉടനെ ഒരു മനുഷ്യൻറെ ദീനപ്രലാപമാണു കേട്ടതു. രാജാവു ഭയപ്പെട്ടു പരിഭ്രമിച്ചു ഓടിച്ചെന്നു നോക്കിയപ്പോൾ ഒരാൾ അസ്ത്രമേറ്റു വീണതു കണ്ടു. അയാൾ പാത്രത്തിൽ വെള്ളം കോരിയെടുക്കുന്ന ശബ്ദമായിരുന്നു രാജാവു കേട്ടിരുന്നത്.

മാലിനി - അയ്യൊ കഷ്ടം ! അയാൾ മരിച്ചുപോയി. ഇല്ലെ ? അയാളായിരുന്നുവോ ശപിച്ചത് ?

സൌദാ - അല്ല.. കേൾക്കൂ. അയാളുടെ വൃദ്ധനായിരുന്ന അച്ഛൻ കണ്ണുകാണാതെ ദൂരത്ത് ഒരു ദിക്കിൽ ഇരിക്കുകയായിരുന്നു. ദാഹിച്ചു വെള്ളം കുടിപ്പാൻ ആഗ്രഹിച്ചിട്ടു മകനെ വെള്ളത്തിന്നു പറഞ്ഞയച്ചതായിരുന്നു. ദശരഥൻ ആ വൃദ്ധൻറെ അടുത്തത്തി വിവരം പറഞ്ഞപ്പോൾ, ആ സാധു ഋഷി, പുത്രശോകംകൊണ്ടു മരിക്കുകയും മരിക്കുമ്പോൾ "നീയും പുത്രശോകംകൊണ്ടു മരിക്കണം; പുത്രമുഖം കണ്ടു മരിപ്പാൻ നിണക്കു സംഗതിവരരുതു," എന്നു രാജാവിനെ ശപിക്കുകയും ചെയ്തു. [ 100 ] മാലിനി - അതു ഭാഗ്യം തന്നെ. അത്രയല്ലെ ശപിച്ചുള്ളൂ. അബദ്ധത്തിൽ ചെയ്തുപോയതാണെന്ന് അറിഞ്ഞിട്ടായിരിക്കാം അത്രയെങ്കിലും ദയതോന്നിയത്.

സൌദാ - അതിന്നു സംശയമുണ്ടൊ ?

മാലിനി - എന്നാൽ കൈകയിദേവിയെ അത്രമേൽ കുററപ്പെടുത്തുവാനില്ല.

സൌദാ - അതുകൊണ്ടു കൈകയിദേവിയുടെ തെറ്റു ക്ഷമിക്കത്തക്കതായി വരുന്നതല്ല. എണ്ണത്തോണിയിൽ ഇട്ടിരിക്കുന്ന ഭർത്തൃദേഹം കണ്ടുകൊണ്ടു ആ പാപി എങ്ങിനെ ജീവിക്കുന്നുവെന്നാണ് എനിക്ക് ആശ്ചർയ്യം.

മാലിനി - ഇനി എത്ര ദിവസം ഇങ്ങിനെ എണ്ണതോണിയിൽ കിടക്കണം ?

സൌദാ - ഭരതനും ശത്രുഘ്നും വരുന്നതുവരെ. അവർ ഇന്നിവിടെ എത്തുമെന്നല്ലെ കേൾക്കുന്നത്.

മാലിനി - അവിടെ എന്താണ് ആൾക്കൂട്ടം കാണുന്നത് ? അതാ അങ്ങട്ടു നോക്കൂ.

സൌദാ - (നോക്കീട്ട്) ശരിതന്നെ. രാജകുമാരന്മാർ വരികയാണെന്നു തോന്നുന്നു. അവർ കോവിലകത്തേക്കു പോകുകയാണ്. നമ്മളും പോയി വിവരം അറിയുക

(രണ്ടുപേരും പോയി) [ 101 ] രംഗം 2.

(ഭരതനും ശത്രുഘ്നനും പ്രവേശിക്കുന്നു)

ഭരതൻ - ഇവിടെ ആരാണുള്ളത്.

(ഒരു ഭൃത്യൻ പ്രവേശിക്കുന്നു)

നീ പോയി, നിൻറെ കൈകയിരാജ്ഞിയോടു ഞങ്ങൾ വന്നിട്ടുണ്ടെന്നു പറയുക. (ഭൃത്യൻ പോയി) ശത്ര്യുഘ്നാ, ലക്ഷ്മണനാണു ഭാഗ്യവാൻ. അവന്നു ജ്യേഷ്ഠൻറെ ഒന്നിച്ചുതന്നെ പോകുവാൻ സാധിച്ചുവല്ലൊ. ജ്യേഷ്ഠനെ ശുശ്രൂഷിച്ചുകൊണ്ടു ജീവിപ്പാൻ ഉണ്ടാകുന്ന ഭാഗ്യമല്ലയൊ ഭാഗ്യം. രാജപദവി, ഹ !അതെത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു പദവി, എന്തൊരു ബന്ധനം ! പല്ലക്കും രാജഗൃഹവും, കാരാഗൃഹം പോലെ അനുഭവിക്കുന്ന ബന്ധനം ! മന്ത്രിമാരെന്നും അകമ്പടിക്കാരെന്നും വന്ദികളെന്നും വൈതാളികളെന്നും വ്യാജനാമം ധരിക്കുന്ന കാവൽക്കാരാൽ നിത്യം രക്ഷിക്കപ്പെടുന്ന ബന്ധനം ! -- അല്ലാതെ രാജപദവി മറ്റെന്താണ് ? നിണക്കീ ധനത്തിലും ആഡംബര ത്തിലും മോഹമുണ്ടൊ ?

ശത്രുഘ്നൻ - അശേഷമില്ല.

ഭരതൻ - ഉണ്ടെങ്കിൽ പറഞ്ഞോളൂ. എല്ലാം നിന്നെ ഏല്പിച്ചു ഞാൻ ജ്യേഷ്ഠനെ അന്വേഷിച്ചു പോകുവാൻ ഒരു [ 102 ] ങ്ങിയിരിക്കുന്നു. ജ്യേഷ്ഠപാദം ശുശ്രൂഷിച്ചു കാലം കഴിപ്പാനാണ് എൻറെ ആഗ്രഹം. പൂജനീയനല്ലയൊ ജ്യേഷ്ഠൻ. നീ ഇവിടെ രാജാവായി വാണുകൊൾക.

ശത്രുഘ്നൻ - രാജ്യം ഭരിക്കേണ്ടത് ഭരതനാണ്. ജ്യേഷ്ഠനെ ശത്രുഭയത്തിൽനിന്നു രക്ഷിക്കേണ്ടുന്ന പണി ശത്രുഘ്നൻറെതാണ്.

ഭരതൻ ഓ ! നീ പേരിൻറെ അർത്ഥത്തെ അടിസ്ഥാനമാക്കിയൊ സംസാരിക്കുന്നത് ! എന്നാൽ രാമലക്ഷ്മണന്മാർ കാട്ടിലാണൊ പോകേണ്ടത് ? അഥവാ, വനവാസം നമ്മൾ വിചാരിക്കുംപോലെ ദുർഘടമല്ല. മനുഷ്യൻ ഏതു ദിക്കിലായാലും ബുദ്ധിശക്തികൊണ്ട് ആ സ്ഥലത്തെ തൻറെ ജീവിതത്തിന്ന് അനുകൂലമായതാക്കാം. യഥേഷ്ടം ഒരു കുടിഞ്ഞിൽ കെട്ടിയുണ്ടാക്കി, ഫലമൂലാദികൾ ഭക്ഷിച്ചും, ശുദ്ധജലം പാനംചെയ്തും, നിർമ്മലവായു ശ്വസിച്ചും പക്ഷികളുടെ മനോഹര ശബ്ദം ശ്രവിച്ചും, പ്രകൃതിദേവിയുടെ അകൃത്രിമഭംഗി കണ്ടാനന്ദിച്ചും കാലം കഴിക്കുന്നതിലുള്ള മനസ്സുഖം കാട്ടിലല്ലാതെ നാട്ടിൽ ലഭിക്കുമൊ ?

ശത്രുഘ്നൻ - ആദ്യം കുറെ ദിവസം ആവക സുഖങ്ങൾ തോന്നും.

ഭരതൻ - അല്ല. ആദ്യം കുറെ ദിവസം ദുർഘടമായി തോന്നും. വനവാസത്തിൻറെ സുഖം അനുഭവിക്കുന്തോറും അധികം അനുഭവിപ്പാൻ ആസക്തിയുണ്ടാകും. [ 103 ] ശത്രുഘ്നൻ - ഇതാ കൈകയിമാതാവ് വരുന്നു.

(കൈകയി പ്രവേശിക്കുന്നു)

കൈകയി - മകനെ, നീ വന്നുവോ ? ഞാൻ നിന്നെയും കാത്തിരിക്കയാണ്. നിണക്കു ഞാനിതാ ഒരു മഹാരാജ്യം സമ്പാദിച്ചുവെച്ചിരിക്കുന്നു (ആലിംഗനം ചെയ്വാൻ ഭാവിക്കുന്നു. ഭരതൻ തെററി ദൂരെ നിൽക്കുന്നു)

ഭരതൻ - മഹാരാജ്യം സമ്പാദിച്ചിരിക്കുന്നുവോ ? എങ്ങിനെ സമ്പാദിച്ചു ? അച്ഛനെ കൊന്നിട്ടൊ, രാജ്യാവകാശിയായ ജ്യേഷ്ഠനെ ചതിയായി രാജ്യഭ്രഷ്ഠനാക്കീട്ടൊ ?

കൈകയി - മകനെ, നിണക്കിതു സന്തോഷമാകുമെന്നല്ലയൊ ഞാൻ വിചാരിച്ചിരുന്നത് ?

ഭരതൻ - ഏത് ? അച്ഛനെ കൊന്നതും ജ്യേഷ്ഠനെ കാട്ടിൽ അയച്ചുതുമൊ ?

കൈകയി - അച്ഛനെ കൊല്ലുകയൊ ?

ഭരതൻ - അതെ, ജ്യേഷ്ഠൻ പോയ സങ്കടം സഹിപ്പാൻ കഴിയാഞ്ഞതിനാൽ അച്ഛൻ മരിച്ചു; ദുഃഖിച്ചു ഹൃദയം പൊട്ടി മരിച്ചു. അതിന്നു കാരണം ആരാണ് ? നിങ്ങൾ -- നിങ്ങളാണ് അച്ഛനെ കൊന്നത്.

കൈകയി - അല്ലയൊ മകനെ, നിന്നെ പെററ അമ്മയല്ലയൊ ഞാൻ. എൻറെ മുഖത്തുനോക്കി നീ ഇങ്ങിനെ പറയാമൊ ? [ 104 ] ഭരതൻ - അമ്മതന്നെ. എന്തുചെയ്യും ! അതിനെപ്പറ്റി ഞാൻ വളരെ വ്യസനിക്കുന്നു. ഇന്നുമുതൽ നിങ്ങൾ എൻറെ അമ്മയല്ല. നിങ്ങളുടെ വയറ്റിൽ ജനിപ്പാനുണ്ടായ നിർഭാഗ്യത്തെ ഞാൻ ശപിക്കുന്നു. ഞാനിതാ പോകുന്നു. ഞാനും കാട്ടിലേക്കു പോകുന്നു. നിങ്ങൾ രാജ്യം ഭരിച്ചു സുഖമായി ഇരുന്നുകൊൾക.

കൈകയി - ഇതൊ നിൻറെ കൃതജ്ഞത ! നിണക്കുവേണ്ടി ഒരു മഹാരാജ്യമല്ലയൊ ഞാൻ സമ്പാദിച്ചു തന്നത് ? നിന്നെയും എന്നെയും കൌസല്യയുടെ അടിമകളാകുന്നതിൽനിന്നു രക്ഷിച്ചതിന്നുള്ള ഫലമൊ ഇത് ? മഹാരാജാവു, രാമൻറെ അഭിഷേകം നിശ്ചയിച്ചു, ലോകമൊട്ടുക്കും പരസ്യം ചെയ്തിട്ടും എന്നോടു ഒരു വാക്കെങ്കിലും പറഞ്ഞുവോ ? ഈ തെരുവുകളും കൊട്ടാരവും മറ്റും അലങ്കരിക്കുന്നതു കണ്ടിട്ടും ജനങ്ങൾ അഹങ്കരിച്ചു പാടുന്നതു കേട്ടിട്ടും ആയിരുന്നില്ലെ, ഞാനത് അറിഞ്ഞത്. കളവായ ഒരു എഴുത്തെഴുതിയല്ലെ നിന്നെ കേകയരാജ്യത്ത് ആകർഷിച്ചുകൊണ്ടു പോയത് ! നിങ്ങളിൽ ഒരാളെ കാട്ടിലയക്കേണമെന്ന് ബ്രഹ്മാവിൻറെ ആജ്ഞയുണ്ടെങ്കിൽ അതു നീ തന്നെ ആയിരിക്കേണമോ ?

ഭരതൻ - കളവായ എഴുത്തൊ ? ബ്രഹ്മാവിൻറെ ആജ്ഞയൊ ? ആരാണ് നിങ്ങളോടു ഈ കുസൃതികളൊക്കെ പറഞ്ഞുതന്നത് ? അമ്മാമന്നു സുഖക്കേടായിട്ടല്ലെ, ഞാൻ പോയത് ? നിങ്ങൾ വ്യസനിക്കു [ 105 ] മെന്നു വിചാരിച്ചു നിങ്ങളോടു ആ വിവരം പറഞ്ഞില്ല. നിങ്ങളോടു ആരാണ് ഈ കളവുകളൊക്കെ പറഞ്ഞുതന്നത് ?

കൈകയി - വിശ്വസിക്കത്തക്ക ഒരാളാണ് എന്നോടു പറഞ്ഞത്.

ശത്രുഘ്നൻ - ആളെന്നു മാത്രം പറഞ്ഞാൽ പോരാ. ആളിയായിരിക്കണം.

ഭരതൻ - ശത്രുഘ്ന, നീ എന്താണ് അങ്ങിനെ പറഞ്ഞത് ?

ശത്രുഘ്നൻ - കൌസല്യാമാതാവു മന്ഥരയെപ്പററി പറഞ്ഞതു ജ്യേഷ്ഠന്നു ഓർമ്മയില്ലെ ?

ഭരതൻ - ശരി. (കൈകയിയോട് ) ഞങ്ങൾ നിങ്ങളെ കാണുന്നതിന്നു മുമ്പിൽ കൌസല്യാമാതാവെ കണ്ടു നമസ്കരിച്ചിരുന്നു. (ശത്രുഘ്നനോടു) ശരിതന്നെ, അമ്മ മന്ഥരയെപ്പറ്റി പറഞ്ഞതു എനിക്കു ഓർമ്മയായി. (കൈകയിയോടു) മന്ഥരയല്ലെ നിങ്ങളെ ഈ കളവൊക്കെ പറഞ്ഞു ഫലിപ്പിച്ചത് ?

കൈകയി - മന്ഥര നിൻറെയും എൻറെയും ഗുണത്തിന്നു വേണ്ടി പറഞ്ഞതല്ലെ ?

ഭരതൻ - എനിക്ക് ആ കാർയ്യം അറിഞ്ഞാൽ മതി. മന്ഥരയാണ് ഈ കളവു പറഞ്ഞതെന്ന് അറിഞ്ഞാൽ മതി. ശത്രുഘ്നാ നീ പോയി മന്ഥരയെ പിടിച്ചുകൊണ്ടുവരൂ. [ 106 ] കൌസല്യാമാതാവിൻറെ പോറ്റുമക്കളിൽ വല്ലവരേയും കണ്ടെങ്കിൽ ഇങ്ങട്ടു വരാൻ പറയു. ക്ഷണം വരണം.

(ശത്രുഘ്നൻ പോയി)

ഭരതൻ - ചെറിയൊരു കളവു മതി, നിസ്സാരനായ ഒരുവനൊ ഒരുവളൊ പറഞ്ഞുണ്ടാക്കുന്ന ചെറിയൊരു കളവു മതി, ലോകത്ത് അനേകം മഹാരഥന്മാർക്ക് ആപത്തുകൾ ഉണ്ടാക്കുവാൻ. എത്ര ആപത്തുകൾ, എന്തെല്ലാം അനർത്ഥങ്ങൾ, ചെറിയൊരു കളവുനിമിത്തം ഉണ്ടാകുന്നു ! മഹാരാജാക്കന്മാർ തമ്മിൽ ഭയങ്കരങ്ങളായ യുദ്ധങ്ങളും തന്നിമിത്തം അനേകലക്ഷം ജനങ്ങൾക്കു നാശവും പലവിധ നഷ്ടങ്ങളും ചെറിയൊരു കളവിൻറെ ഫലമായി ഉണ്ടാകുന്നില്ലെ ? അതാണ് സത്യമാണു ലോകത്തെ ഭരിക്കുന്നതെന്നു പറയുന്നതിൻറെ സാരം. ലോകത്തെ സമാധാനത്തിൽ ഭരിക്കുന്നതു സത്യമാണ്. സത്യമാണു സർവ്വസൌഭാഗ്യങ്ങളുടെയും ബീജം. എൻറെ ജ്യേഷ്ഠനെ കാട്ടിലാക്കാനും അച്ഛനെ കൊല്ലാനും കാരണമായ നിസ്സാരമായ ഈ അസത്യത്തിൻറെ ഉത്ഭവസ്ഥാനം ഞാൻ കണ്ടുപിടിക്കും. അതു ലോകത്തിന്ന് ഒരു പാഠമാക്കും. [ 107 ] (ശത്രുഘ്നനും മന്ഥരയും രണ്ടു ദാസികളും കുറെ കുട്ടികളും പ്രവേശിക്കുന്നു.)

ഭരതൻ - മന്ഥരെ, ഇവിടെ വന്നുനിൽക്കു. ഞാൻ അമ്മാമ ൻ അടുക്കലേക്കു പോയത് അവിടുന്നു കത്തുവരാതെയാണെന്നു നീ അമ്മയോടു പറഞ്ഞുവോ ?

കൈകയി - അവൾ നമ്മളുടെ ഗുണത്തിന്നുവേണ്ടിയല്ലാതെ ഒന്നും ചെയ്കയില്ല.

ഭരതൻ - നിങ്ങൾ അല്പം ക്ഷമിക്കുവിൻ. ഞാൻ ഇവളോടു ചോദിക്കട്ടെ. (മന്ഥരയോടു) നീ അങ്ങിനെ പറഞ്ഞുവോ എന്നാണ് ഞാൻ ചോദിക്കുന്നത്.

മന്ഥര - ഏതോ ഒരു ദൂതൻ വന്നിട്ട് ഇവിടുന്നു പോയി എന്നാണ് അടിയൻ പറഞ്ഞത്.

ഭരതൻ - ആരൊ ഒരു കള്ളക്കത്തയച്ചിട്ട് എന്നെ ആകർഷിച്ചുകൊണ്ടു പോയതാണെന്നു നീ പറഞ്ഞില്ലെ ?

മന്ഥര - അങ്ങിനെ അടിയൻ പറഞ്ഞതായി ഓർമ്മയില്ല.

ഒരുകുട്ടി - എനിക്കൊന്ന് ഉണർത്തിപ്പാനുണ്ട്. ഞങ്ങൾ രാമദേവൻറെ കൊട്ടാരത്തിനടുത്തുള്ള തെരുവ് അലങ്കരിക്കുമ്പോൾ ഈ മന്ഥര അവിടെ വന്നു. രാമദേവൻറെ അഭിഷേകത്തിനാണ് ഞങ്ങൾ അങ്ങിനെ ചെയ്യുന്നതെന്നു പറഞ്ഞപ്പോൾ ഇവൾ വളരെ കോപിച്ചു. രാമദേവൻ ചെറുപ്പത്തിൽ ഇവളുടെ കൂനിന്നു [ 108 ] കല്ലെറിഞ്ഞു പരിഹസിച്ചിരുന്നുവെന്നും അതിന്നു പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. രാമദേവൻറെ അഭിഷേകം മുടക്കുമന്നു ഇവൾ ശപഥം ചെയ്തു.

ഭരതൻ - ഇതു നേരല്ലെ ?

മന്ഥര - അടിയനെ ഈ കുട്ടികൾ പരിഹസിച്ചതു കേട്ടപ്പോൾ ഉണ്ടായ കോപംകൊണ്ടു അടിയൻ എന്തൊക്കയൊ പറഞ്ഞുപോയിരുന്നു.

ഒരുദാസി - അതു കഴിഞ്ഞു വരുമ്പോളായിരിക്കണം ഇവൾ അടിയനെ കണ്ടത്. മഹാരാജ്ഞിയാടു അഭിഷേകത്തിൻറെ വിവരം അടിയൻ പറയരുതെന്നും അവൾ തന്നെ ചെന്നു പറയുമെന്നും പറഞ്ഞു. അടിയന്നൊരു ചേലതരാമെന്നു വാഗ്ദാനം ചെയ്തു. ചേല ഇതുവരെ തന്നിട്ടില്ല.

മറെറാരുത്തി - ശ്രീരാമദേവനെ കാട്ടിലയപ്പാൻ തീർച്ചയാക്കിയ ദിവസം ഇവൾ ദുർഗ്ഗാക്ഷേത്രത്തിൽ വന്നിരുന്നു. അപ്പോൾ അവിടെ അടിയനും ഉണ്ടായിരുന്നു. ഇവൾ "ഭഗവതി, എൻറെ ആഗ്രഹം സാധിച്ചതിന്നു ഞാൻ ഒരു വഴിപാടു കഴിക്കാം" എന്നു പ്രാർത്ഥിക്കുന്നത് അടിയൻ കേട്ടു.

കൈകയി - (വിചാരം) ആകപ്പാടെ ഇവൾ എന്നെ വഞ്ജിച്ചതായിരിക്കുമോ ? [ 109 ] മന്ഥര - ഇവരൊക്കെ "കുണ്ടിൽ വീണ പന്നിക്കു കല്ലും പാറയും തുണ" - എന്നു പറഞ്ഞതുപോലെ അടിയനെ ദ്രോഹിപ്പാൻ ഒരുമ്പെട്ടതാണ്.

ഭരതൻ - ശരിയാണ് നീ പറഞ്ഞത്. പഴഞ്ചൊല്ലിൽ പതിരില്ല. കുണ്ടിൽ വീണ പന്നിക്കു കല്ലും പാറയും തുണ. പന്നിയാണെങ്കിൽ മാത്രം. പശുവാണു കുണ്ടിൽ വീണതെങ്കിൽ അതിനെ കുണ്ടിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പാനെ ആളുകൾ ശ്രമിക്കുകയുള്ളൂ. ആകട്ടെ, ജ്യേഷ്ഠൻറെ അടുക്കൽ പോയിട്ട് എന്താണു പറഞ്ഞത് ?

മന്ഥര - അടിയൻ എന്തു പറവാൻ ?

ഭരതൻ - ശത്രുഘ്നാ, വസിഷ്ഠഭഗവാൻ എന്തായിരുന്നു നമ്മളോടു അരുളിചെയ്തത്.

ശത്രുഘ്നൻ - കൈകയിമാതാവ് അഭിഷേകം മുടക്കുവാൻ ആലോചിക്കുന്നുണ്ടെന്നു ഇവൾ ജ്യേഷ്ഠനോടു ചെന്നു പറഞ്ഞുവെന്ന്.

കൈകയി - എപ്പോൾ പറഞ്ഞുവെന്ന് ?

ശത്രുഘ്നൻ - അഭിഷേകം നടക്കേണ്ടിയിരുന്ന ദിവസത്തിൻറെ തലേദിനം വൈകുന്നേരം.

കൈകയി - ഹ ! ദുഷ്ടെ, നീ അങ്ങിനെ ചെയ്തുവോ ? നീയല്ലെ, ഇതൊക്കെ എന്നെക്കൊണ്ടു ചെയ്യിച്ചത്. [ 110 ] ഇതൊക്കെ എൻറെ ഗുണത്തിന്നുവേണ്ടിയാണു നീ പറഞ്ഞതെന്നല്ലെ ഞാൻ ധരിച്ചുപോയത് ? ഇത്ര വലിയ മഹാ പാപം എന്നെക്കൊണ്ടു നീ ചെയ്യിച്ചുവോ ?

ഭരതൻ - അങ്ങിനെ വരട്ടെ. ഇനി നടന്ന സംഗതികളൊക്കെ വിവരിച്ചു പറവിൻ.

കൈകയി - ഇവളാണ് അഭിഷേകവിവരം എന്നോടു ആദ്യം വന്നു പറഞ്ഞത്. അപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഇവൾക്ക് ഒരു വള സമ്മാനിച്ചു. ഇവൾ അതു സ്വീകരിപ്പാൻ മടിച്ചു. രാക്ഷസന്മാരെ കൊല്ലേണ്ടതിന്നു മഹാരാജാവിൻറെ പുത്രന്മാരിൽ രണ്ടുപേരെ കാട്ടിലേക്ക് അയപ്പാൻ ബ്രഹ്മാവു കല്പിച്ചതായി നാരദമഹർഷി വന്നു പറഞ്ഞിരുന്നുവെന്നും നിന്നെ കാട്ടിലയപ്പാൻ മഹാരാജാവു തീർച്ചയാക്കിയിരിക്കുന്നുവെന്നും ഇവൾ എന്നെ ധരിപ്പിച്ചു. അതിന്നു വേണ്ടിയാണു നിന്നെ ദൂരത്ത് അകറ്റിയതെന്നും ജ്യേഷ്ഠൻ കത്തയച്ചിരുന്നില്ലെന്നും കൌസല്യ ഒരു കള്ളക്കത്ത് അയച്ചതാണെന്നും എന്നെ മനസ്സിലാക്കി. ഞാനതു വിശ്വസിച്ചു. അതുകൊണ്ടായിരിക്കും മഹാരാജാവ് അഭിഷേകവിവരം എന്നെ അറിയിക്കാഞ്ഞതെന്നു ധരിച്ചുപോയി. വരത്തെപ്പററി ഓർമ്മപ്പെടുത്തിയതും ഇവളായിരുന്നു. മഹാരാജാവിനെക്കൊണ്ട് ആദ്യം സത്യം ചെയ്യിക്കേണമെന്നു ഉപദേശിച്ചതും ഇവളായിരുന്നു. ഇതൊക്കെ ചെയ്തിട്ടു [ 111 ] രാമചന്ദ്രനോട് നേരെ മറിച്ചു ചെന്നു പറഞ്ഞു, ഇല്ലെ ? മകനെ, നീ ക്ഷമിക്കണം. ഞാൻ വലിയൊരു അപരാധമാണ് ചെയ്തത്. ആ സാധു കുട്ടികളെ ഞാൻ കാട്ടിലാക്കി. അതുനിമിത്തം ഭർത്താവു മരിച്ചു. ഈശ്വരാ എന്നെക്കാൾ വലിയ പാപം ചെയ്തവർ ലോകത്തിൽ ആരുണ്ട് ?

ഭരതൻ - അമ്മക്ക് ഈ വിധം പശ്ചാത്താപം ഉണ്ടായിതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് കേവലം അമ്മയുടെ തെററല്ലെന്നറിഞ്ഞു ഞാൻ ആശ്വസിക്കുന്നു. അമ്മയോടു ഞാൻ കാലുഷ്യമായി സംസാരിച്ചതു ക്ഷമിക്കണം. ഏതായാലും ഈ കൂനിയെ വെറുതെ വിടുവാൻ പാടില്ല. ശത്രുഘ്നാ, ഈ കൂനിയെ കാട്ടിൽ കൊണ്ടുപോയി ഇവളുടെ നാവ് അറുത്തു, ഇവളെ അവിടെ വിട്ടേച്ചു പോരണം. ഈ വിധം മഹാപികൾക്കു തക്കതായ ശിക്ഷ അതാണ്. അസൂയ, ദുഷ്ടത, മുതലായ ദുർഗ്ഗുണങ്ങൾ നിറഞ്ഞു, പരനിന്ദയും പരദ്രോഹവും തൊഴിലാക്കി നടക്കുന്ന ഈ വക മഹാപാപികൾക്ക് അയോദ്ധ്യയിൽ ജിവിപ്പാൻ അവകാശമില്ല. ഈ വക മന്ഥരകൾ നമ്മളുടെ നാട്ടിൽ വേറേയും പലരുണ്ട്. ഇവരുഉള്ളതുംതിന്നു സ്വസ്ഥരായിരിക്കുമ്പോൾ യോഗ്യരെ ദുഷിക്കുകയും ഏഷണി പറഞ്ഞു തമ്മിൽ തല്ലിക്കുകയും ആണ് അവർക്കു പണി. ഈ വക ദുഷ്ടകളുടെ നാവുകൾകൊണ്ടു മാത്രമെ അസ്ത്രങ്ങളുടെ മുനകൾ ഉണ്ടാക്കുവാൻ സാധിക്കയുള്ളൂ എന്നു [ 112 ] വന്നെങ്കിൽ എത്ര നന്നായിരുന്നു. അവരാണ് ലോകത്തിലെ സർവ്വ നിർഭാഗ്യങ്ങൾക്കും ആപത്തുകൾക്കും കാരണം. അവർക്കൊക്കെ ഒരു പാഠമാകത്തക്ക വണ്ണം ഇവളെ നാവരിഞ്ഞു വിടുക. ശത്രുഘ്ന വേഗം കൊണ്ടുപോക.

(ശത്രുഘ്നൻ മന്ഥരയെ കൂട്ടി പോകുന്നു. കുട്ടികളും ദാസികളും പിന്നാലെ പോകുന്നു)

അമ്മെ, നമ്മൾ എല്ലാവരും ജ്യേഷ്ഠനെ അന്വേഷിച്ചു പോകണം. അവരെ മൂന്നുപേരെയും തിരികെ കൂട്ടിക്കൊണ്ടുവരുവാൻ ശ്രമിക്കണം.

കൈകയി - മകനെ, എനിക്കതു വളരെ സന്തോഷമാണ്. ശ്രീരാമൻ മടങ്ങിവന്നു രാജ്യത്തിലേക്കു സർവ്വ മംഗളങ്ങളും സർവ്വ സൌഭാഗ്യങ്ങളും ഉണ്ടാകത്തക്കവണ്ണം രാജ്യപരിപാലനം ചെയ്യട്ടെ.


ശുഭം. [ 113 ] താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/113 [ 114 ] താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/114 [ 115 ] താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/115