ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-10-
വിചാരിക്കുന്നു. നാളരാവിലെ നീ വീട്ടിൽവരണം. കേട്ടുവോ?
ദാസി - (വിചാരം) എന്താണാവോ എന്നോടു ഇത്ര പെട്ടെന്ന് ഇത്ര ദയയുണ്ടാവാൻ കാരണം. (പ്രത്യക്ഷം)_ എനിക്ക് വളരെ സന്തോഷമായി. നാളെ ശ്രീരാമദേവൻറെ അഭിഷേകാവസരത്തിൽ എനിക്ക് ആ ചേല ധരിക്കാമല്ലൊ. അഭിഷേകത്തിൻറെ ഓൎമ്മയായി ഞാൻ അതു മരിക്കുന്നതുവരെ സൂക്ഷിക്കും. എന്നാൽ ഞാൻ ഇപ്പോൾ പോകട്ടെ. മഹാരാജ്ഞി എന്നെ കാണാതെ കോപിക്കുന്നുണ്ടായിരിക്കും.(പോകാൻ ഭാവിക്കുന്നു)
മന്ഥര - നോക്കൂ_ പോകാൻ വരട്ടെ; നീ ഒരു കാൎയ്യം വേണം. എന്നെ കണ്ടവിവരം മഹാരാജ്ഞിയെ അറിയിക്കരുത്.
ദാസി - ഒരിക്കലുമില്ല. ചേലക്കു ഞാൻ നാളെ എപ്പഴാണ് വരേണ്ടത്.
മന്ഥര - രാവിലെ വന്നോളൂ. നാളേക്കു അഭിഷേകം നിശ്ചയിച്ച വിവരം മഹാരാജ്ഞി ഇനിയും അറിഞ്ഞിട്ടില്ലെങ്കിൽ നീ അതു പറയേണമെന്നില്ല. ഞാൻതന്നെ വന്നു ദേവിയെ അറിയിച്ചുകൊള്ളാം.
ദാസി - അങ്ങിനെ ആവട്ടെ. വിവരം ആദ്യം അറിയിക്കുന്ന ആൾക്ക് മഹാരാജ്ഞി വല്ല സമ്മാനവും കൊടുക്കാതിരിക്കയില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.