കൈകയി - നിങ്ങൾ മൂന്നുപേരും പോകുന്നുവോ ? ലക്ഷ്മണൻ കൂടി വരാൻ സുമിത്ര അനുവദിച്ചുവോ ?
ലക്ഷ്മണൻ - ജ്യേഷ്ഠൻ സ്വകാർയ്യം വനത്തിൽ പോകുന്നത് എൻറെ അമ്മക്കു വിചാരിപ്പാൻകൂടി സാധിച്ചില്ല. അതുകൊണ്ട് അവർക്കു സഹായമായി എന്നെക്കൂടി അയപ്പാൻ തീർച്ചയാക്കിയിരിക്കുന്നു. ജ്യേഷ്ഠൻറെ കൂടെ പോകാൻ അമ്മ കല്പിച്ചത് ഞാനൊരു അനുഗ്രഹമായി വിചാരിക്കുന്നു. ജ്യേഷ്ഠന്നു പകരം ഞാൻ പോയാൽ മതിയെങ്കിൽ അതിന്നും ഞാൻ ഒരുക്കമാണ്. എൻറെ അമ്മക്ക് അതു സന്തോഷവുമാണ്.
രാമൻ - ലക്ഷ്മണാ, അതു പറവാനല്ലൊ നമ്മളിവിടെ വന്നത് !
കൈകയി - സീതയും കാട്ടിൽ പോവാൻ ഉറച്ചുവോ ?
സീത - അതിനെപ്പറ്റി എന്താണമ്മെ സംശയിപ്പാനുള്ളത് ? പതിവ്രതമാർക്കു ഭർത്തൃസമീപമെന്നല്ലാതെ കാടെന്നും, നാടെന്നും ആലോചിപ്പാൻ അവകാശമുണ്ടൊ ? അത് അമ്മതന്നെ നല്ലവണ്ണം അറിയുന്നുവല്ലോ.
കൈകയി - അതു ഞാൻ അറിയുന്നു. മഹാരാജാവു യുദ്ധത്തിന്നുപോയ സമയത്തുപോലും ഞാൻ ഒന്നിച്ചു പോയിരുന്നു.
ലക്ഷ്മണൻ - അതിപ്പോൾ അറിയാത്തവരുണ്ടൊ ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.