താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌദാ - ഒരിക്കൽ മഹാരാജാവു കാട്ടിൽ നായാട്ടിന്നു പോയിരുന്നുപോൽ. ഒരുദിവസം രാത്രി കാട്ടാനയെ കൊല്ലേണമെന്നു വിചാരിച്ചു സരസ്സിൻറെ കരയിൽ ഒളിച്ചിരുന്നു. അപ്പോൾ വെള്ളത്തിൽ ഒരു ഒച്ച കേട്ടു. ആന തുമ്പിക്കരംകൊണ്ടു വെള്ളം വലിച്ചെടുക്കുന്ന ഒച്ചയാണെന്നു വിചാരിച്ചു രാജാവു അസ്ത്രമയച്ചു. ഉടനെ ഒരു മനുഷ്യൻറെ ദീനപ്രലാപമാണു കേട്ടതു. രാജാവു ഭയപ്പെട്ടു പരിഭ്രമിച്ചു ഓടിച്ചെന്നു നോക്കിയപ്പോൾ ഒരാൾ അസ്ത്രമേറ്റു വീണതു കണ്ടു. അയാൾ പാത്രത്തിൽ വെള്ളം കോരിയെടുക്കുന്ന ശബ്ദമായിരുന്നു രാജാവു കേട്ടിരുന്നത്.

മാലിനി - അയ്യൊ കഷ്ടം ! അയാൾ മരിച്ചുപോയി. ഇല്ലെ ? അയാളായിരുന്നുവോ ശപിച്ചത് ?

സൌദാ - അല്ല.. കേൾക്കൂ. അയാളുടെ വൃദ്ധനായിരുന്ന അച്ഛൻ കണ്ണുകാണാതെ ദൂരത്ത് ഒരു ദിക്കിൽ ഇരിക്കുകയായിരുന്നു. ദാഹിച്ചു വെള്ളം കുടിപ്പാൻ ആഗ്രഹിച്ചിട്ടു മകനെ വെള്ളത്തിന്നു പറഞ്ഞയച്ചതായിരുന്നു. ദശരഥൻ ആ വൃദ്ധൻറെ അടുത്തത്തി വിവരം പറഞ്ഞപ്പോൾ, ആ സാധു ഋഷി, പുത്രശോകംകൊണ്ടു മരിക്കുകയും മരിക്കുമ്പോൾ "നീയും പുത്രശോകംകൊണ്ടു മരിക്കണം; പുത്രമുഖം കണ്ടു മരിപ്പാൻ നിണക്കു സംഗതിവരരുതു," എന്നു രാജാവിനെ

ശപിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/99&oldid=207731" എന്ന താളിൽനിന്ന് ശേഖരിച്ചത്