(കുമ്മി)
ആടിക്കളിക്കുവിൻ തോഴിമാരെ, പാടിരസിക്കുവിൻ മോദമോടെ, ആടിയും പാടിയും, തേടിയും മോദത്തെ കൂടിക്കളിക്കുവിനാസ്ഥയോടെ.
ആശകൾപത്തും രഥംനടത്തും രാജാദശരഥൻ വാണീടേണം, മിത്രം കളത്രങ്ങൾ പുത്രരുമൊന്നിച്ചു പാർത്തലംതന്നിൽ ജയിച്ചിടേണം.
പണ്ടുസുരാസുരസാഗരത്തിൽ കണ്ടിവാർവേണിയാം കൈകയിയെ കൊണ്ടുപോയ്തന്നുടെ പാടവംകാണിച്ച ചണ്ഡപരാക്രമൻ വാണിടേണം.
മന്ഥര - ഹാ. എനിക്കു ഈ പാട്ടു കേട്ടപ്പോൾ മറന്നുകിടന്നിരുന്ന ഒരു കാർയ്യം ഓർമ്മവന്നു. അതു ഈശ്വര വിലാസം തന്നെ. പണ്ടു കൈകയിദേവിയെ സുരാസുരയുദ്ധത്തിൽ കൊണ്ടുപോയ കഥയല്ലെ, ഇവർ പാടിയത്. അതു മടങ്ങിവന്നപ്പോൾ മഹാരാജ്ഞി എന്നോടു പറഞ്ഞതു ഞാൻ മറന്നിട്ടില്ല. ആ കഥ ഇവർ എന്നെ ഓർമ്മപ്പെടുത്തിയതു നന്നായി. കാർയ്യങ്ങൾ എങ്ങിനെയെല്ലാം യോജിച്ചുവരുന്നു ! ഈ പാട്ടു കേട്ടിരുന്നില്ലെങ്കിൽ ഈ കഥ ഞാൻ ഓർമ്മിക്കയില്ലായിരുന്നു. ആട്ടെ ഞാൻ മഹാരാജ്ഞിയെ ചെന്നു കാണട്ടെ.
(പോയി)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.