കൈകയി - രാമനല്ലെ, മഹാരാജാവിൻറെ മൂത്ത മകൻ ? അവനല്ലെ യുവരാജാവാകേണ്ടത്. അതിന്നു ഞാനൊ ഭരതനൊ മുടക്കമൊന്നും പറഞ്ഞിട്ടില്ലല്ലൊ. പിന്നെ, ഈ രഹസപ്രവൃത്തികളൊക്കെ എന്തിനു ?
മന്ഥര - (വിചാരം) ഇവിടെ വെള്ളം പകർന്നാൽ ചോരാത്ത ഒരു കളവു പറയാതെ നിവൃത്തിയില്ല. (പ്രകാശം) എന്നാൽ ഞാൻ ഭവതിയാടു ഒരു രഹസ്യം പറഞ്ഞു തരാം. രണ്ടുദിവസം മുമ്പു ഇവിടെ നാരദമഹർഷി എഴുന്നെള്ളിയിരുന്നു.
കൈകയി - അതു ഞാനും അറിയും. രാമചന്ദ്രനെ കണ്ടു സംസാരിച്ചിരുന്നെന്നു കേട്ടു.
മന്ഥര - രാമഭദ്രനെ മാത്രമല്ല, മഹാരാജാവിനേയും കണ്ടിരുന്നു. ബ്രഹ്മാവിൻറെ ആജ്ഞപ്രകാരമാണ് മഹർഷി എഴുന്നെള്ളിയത്.
കൈകയി - എന്തായിരുന്നു ബ്രഹ്മാവിൻറെ ആജ്ഞ ?
മന്ഥര - ചില രാക്ഷസന്മാരെക്കൊണ്ടു ദേവന്മാർക്കും മഹർഷിമാർക്കും വളരെ ബുദ്ധിമുട്ടുണ്ടത്രെ. ആ രാക്ഷസന്മാർ, തങ്ങളെ മനുഷ്യർക്കല്ലാതെ കൊല്ലാൻ പാടില്ലെന്നു വരം വാങ്ങിയവരാണ്. അതുകൊണ്ടു മഹാരാജാവിൻറെ മക്കളിൽ ഏതെങ്കിലും രണ്ടുപേരെ കുറെ കൊല്ലം കാട്ടിൽ അയക്കേണമെന്നും അവർ രാക്ഷസന്മാരെ ഒടുക്കാൻ വേണ്ടതു ചെയ്യേണമെന്നും ആണ്
ബ്രഹ്മാവിൻറെ ആജ്ഞ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.