വർത്തമാനം കേട്ടിട്ടാണ് ബദ്ധപ്പെട്ടു വന്നത്. എന്നാൽ ഈ സൂചനകൾ ശുഭസൂചനകളായി തോന്നാത്തതുകൊണ്ട്, ആരോടും ഒന്നും ചോദിപ്പാൻ എനിക്കു ധൈര്യമുണ്ടായില്ല. മഹാരാജാവിന്ന് സുഖക്കേടൊന്നുമില്ലല്ലൊ. അതാ, നോക്കു കുറെ ജനക്കൂട്ടം കൊട്ടാരത്തിലേക്കു ബദ്ധപ്പെട്ടു പോകുന്നതു നോക്കൂ. സർവ്വരും പരിഭ്രമിച്ചിരിക്കുന്നു. ഇതിൻറെയൊക്കെ അർത്ഥമെന്ത്. അറിവാൻ എനിക്കു ബദ്ധപ്പാടായിരിക്കുന്നു.
മാലിനി - ഞാനെന്താണ് പറയേണ്ടത് ! നമുക്കൊക്കെ അത്യനർത്ഥം നേരിട്ടിരിക്കുന്നു.
സൌദാ - എന്താണത്, ? വേഗം പറയൂ.
മാലിനി - ശ്രീരാമദേവൻറെ അഭിഷകം മുടക്കി, അദ്ദേഹത്തെ കാട്ടിൽ അയപ്പാൻ തീച്ചയാക്കി. ഭരതകുമാരന്ന് അഭിഷകം നിശ്ചയിച്ചു.
സൌദാ - അയ്യൊ ദൈവമെ,- ഇതെന്തു കഥ ? ലോകം കീഴുമേൽമറിയുന്നുവൊ ? ഇതു സംഭവിപ്പാൻ പാടുള്ളതാണൊ ? എനിക്കിതു വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇതിനെന്തു സംഗതി. പെട്ടെന്ന് ഈ വിധം സംഭവിപ്പാൻ ഗൌരവമുള്ള വല്ല സംഗതിയും ഉണ്ടായിരിക്കണമല്ലൊ.
മാലിനി - സംഗതി അസൂയയും സ്വാർത്ഥവും തന്നെ.
സൌദാ - ആരുടെ അസൂയ ? ആരുടെ സ്വാർത്ഥം ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.