കിരണാവലി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കിരണാവലി (കവിതാസമാഹാരം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1925)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 2 ]

ഉദ്ബോധനം
[തിരുത്തുക]

ജീവിതപ്പോരിലപജയം തെല്ലാർന്ന
യൗവനയുക്തനാമായുഷ്മാനേ!
എന്തു മേൽ വേണ്ടതെന്നേതുമറിയാതെ
ഹന്ത! നീ നില്ക്കയോ സോദരനേ?
പോരും തളർന്നതു! പോരും തളർന്നതു!
പുരുഷചൈതന്യപ്പൊൽത്തിടമ്പേ!
താടിക്കു കൈകുത്തിത്താഴോട്ടു നോക്കാതെ,
ചൂടെഴും വീർപ്പൊന്നുമിട്ടിടാതെ,‌
‌നിന്മിഴി മങ്ങാതെ, പാദം കുഴയാതെ,
നട്ടെല്ലു തെല്ലും വളഞ്ഞിടാതെ,
ധീരനായ് മുന്നോട്ടു ചാടിക്കുതിച്ചു നീ
പോരുക! പോരുക! പുണ്യവാനേ!
വെറ്റിയും തോൽവിയും പോർക്കളത്തിൽച്ചെന്നാൽ
പറ്റും; ഇതിനതു മീതേയല്ല.
എന്തിന്നുവേണ്ടി നീയെങ്ങനെ പോർചെയ്തു?
ചിന്തിച്ചിടേണ്ടതീ രണ്ടുകൂട്ടം.
നന്മയ്ക്കുവേണ്ടി നീ നേർവഴിയിൽനിന്നു
ധർമ്മയുദ്ധംചെയ്തു തോറ്റുപോയാൽ
പോകട്ടേ! ആത്തോൽവിതന്നെ ജയമെന്നു
ലോകർ കടശ്ശിയിൽസ്സമ്മതിക്കും.
കാലത്തിരിപ്പിൽക്കറങ്ങുമീയൂഴിയിൽ
മേലുകീഴങ്ങിങ്ങു കീഴ്മേലാകെ
മേനിക്കരുത്തിൻ കുറവല്ല തോല്പതു;
വീഴ്വതടവിൻപിഴയുമല്ല.
വീഴുകിൽ വീഴട്ടേ; മാറിടത്തിൽ കുറെ-
ച്ചേറുപുരണ്ടാൽ പുരണ്ടി‌ടട്ടേ.
വീണെടത്തല്പം കിടക്കുകയോ, ചെറു-
പാണിതൻ തുമ്പാൽ തുടയ്ക്കുകയോ
ചെയ്താലേയുള്ളു കുറച്ചി, ലെഴുന്നേറ്റു
ചെല്ലുക മുന്നോട്ടു ധീരാത്മാവേ!
കാണുന്നീലേ നീയോരല്പമകലെക്കൺ-
കോണിനാൽ നിൻനിലയുറ്റു നോക്കി
തൃക്കൈയിൽ കല്പകമാലയുമായ് വന്നു

[ 3 ]

നില്ക്കും ജയമലർമങ്കയാളെ?
പഞ്ചസാരത്തരിപ്പുഞ്ചിരി തഞ്ചിന
തേഞ്ചോരിവായ്മലോരുടുകൂടി
നിന്നെയൊരല്പം പരീക്ഷിച്ചു നില്ക്കുമ-
മ്മിന്നൽക്കൊടി മറഞ്ഞീടും മുമ്പേ
ചേലിൽ സഹജൻ സമക്ഷത്തു ചെല്ലുകിൽ
മാലയിട്ടീടുമാ മാനിനിയാൾ.
ശ്ലാഘ്യപുമാനേ! നിൻമാറിലെച്ചേറവൾ
മാർഗ്ഗമദക്കുറിക്കൂട്ടായ്ക്കാണും.
രണ്ടുനിമിഷമൊരിടത്തിരിപ്പാന-
ത്തണ്ടലർത്തയ്യലാൾ തയ്യാറല്ലേ!
കർത്തവ്യമൂഢനായ്ക്കൈകെട്ടി നിൽക്കൊല്ലേ!
കല്യാണവേള കഴിഞ്ഞുപോമേ!

സന്തതമാർക്കും പകിടയൊരേമട്ടിൽ
പന്തിരണ്ടാകയി,ല്ലാകവേണ്ട!
വെൺചായം മാത്രം വരച്ചോരു ചിത്രത്തിൽ
വൻചാരുതയ്ക്കെന്തു മാർഗ്ഗമുള്ളു?
ഭൂവിൽ പ്രഥിതരാം പൂർവികന്മാരുടെ
ജീവിതത്തൂവെള്ളത്താളുകളിൽ
ദൈവം കറുത്ത മഷിയാൽ ചിലേടം തൃ-
ക്കൈവിളയാട്ടം കഴിക്കമൂലം
അത്താളുകൾക്കൊളി വാ, ച്ചവ നമ്മൾക്കു
നിത്യപാരായണാർഹങ്ങളായി.
പിന്നോട്ടു കാലൊന്നു വയ്ക്കേണ്ടതായ് വന്നാൽ
മുന്നോട്ടേയ്ക്കാഞ്ഞു കുതിച്ചുചാടാൻ
ആ വയ്പു, പയുക്തമാക്കേണം നാ, മെങ്കിൽ
ദൈവം വിരൽ മൂക്കിൽ വച്ചുപോകും.
മെയ്യിലേ മേദസ്സുരുകും വിയർപ്പൊരു
വെൺമുത്തുമാലയായ്പ്പൂണ്ടുകൊൾവാൻ
ആശിച്ചു നീണ്ടുനിവർന്ന തൻകൈകൾകൊ-
ണ്ടായമട്ടെല്ലാം പണിയെടുപ്പോൻ
അണ്ഡകടാഹത്തിലേതൊരു വിഘ്നത്തെ-
ക്കണ്ടാൽ ഭയപ്പെട്ടൊഴിഞ്ഞു മാറും?
വിഘ്നമേ! വാ! വാ! വിഷത്തീവമിപ്പതിൽ
വ്യഗ്രമാം കാളിയപന്നഗമേ!
നിന്മസ്തകങ്ങളിൽ നൃത്തംചവിട്ടുവാ-
നിമ്മർതൃഡിംഭരിലേകൻ പോരും.
പ്രത്യുഹാഭിഖ്യമാം പാരാവാരത്തിനെ-
പ്പൈക്കുളമ്പാക്കും പ്ലവഗമില്ലേ?
നാഡിയിലൂടെസ്സരിക്കുന്ന രക്തത്തെ

[ 4 ]

നാണംകെടാതെ പുലർത്തുവോനേ!
അമ്മയ്ക്കു താരുണ്യനാശത്തിനായ് മാത്രം
ജന്മമെടുക്കാത്ത സൽപുമാനേ!
താരുണ്യശ്രീമാനേ! നിന്നെക്കണ്ടാൽ ദൂരെ
മാറും തടസ്സമേ മന്നിലുള്ളു.
വിഘ്നാഭിഭൂതനാം വീരപുമാൻ രാഹു-
ഗ്രസ്തമാം മാർത്താണ്ഡബിംബത്തോടും
കർക്കടകത്തിലെക്കാർമുകിൽമാലകൾ
തിക്കിത്തിരക്കും ഗഗനത്തോടും
നേരാ, മവനത്തടസ്സമകലവേ
വാരൊളിവായ്ക്കുവതൊന്നു വേറെ.
കാച്ചിയ തങ്കത്തെക്കാളുമൊളി നിന-
ക്കാർജ്ജിക്കും വിഘ്നം വിരിഞ്ചാചാര്യൻ
സാത്വികസമ്രാട്ടായ് നിന്നെ വാഴിക്കുവാൻ
പേർത്തും നടത്തും ഹിരണ്യഗർഭം!

അന്ധനുമേഡനും പംഗുവും രോഗിയും
ഹന്ത! നടക്കും നെടുവഴിയിൽ
കണ്ടകമില്ല, പനിനീർപ്പൂവുമില്ല,
മക്ഷികയില്ല, മധുവുമില്ല.
ആരുടെ കാല്പാടും നാമറിയൂന്നീല;
നമ്മുടെ കാല്പാടും നൂനമാരും.
നൂതനമായെത്ര പാതയോ വെട്ടുവാൻ
മേദിനി നമ്മോടിരന്നിടുന്നു.
ആരോഗ്യംകോലുന്ന കൈകാലുകൾ ദൈവം
കൂറോടുതന്നതിന്നെങ്ങനെ നാം
നിഷ്കൃതികാട്ടുന്നു ലോകർക്കു സഞ്ചാര-
സൗഖ്യം വളർത്താൻ ശ്രമിച്ചിടാഞ്ഞാൽ?
പാഴരണ്യത്തിൽ പതിക്കട്ടെ, പാദങ്ങൾ
പാഷാണംകൊണ്ടു മുറിഞ്ഞിടട്ടെ;
കുന്നും കുഴിയും നിറയട്ടെ, മദ്ധ്യത്തിൽ
വന്യമൃഗങ്ങളലറിടട്ടെ;
അന്തഃകരണം തിരിച്ചുവിടുംവഴി-
യന്തരമെന്നിയേ നാം തുടർന്നാൽ
എത്തും ചെന്നെത്തേണ്ട ദിക്കിൽ; നവമായോ-
രുത്തമഘണ്ടാപഥവുമുണ്ടാം.
വെട്ടുക നീയാഞ്ഞു നിൻ കൈരണ്ടും പൊക്കി-
പ്പെട്ടപൊളിയുമിപ്പാറയിപ്പോൾ;
വെള്ളപ്പളുങ്കൊളിശ്ശീതജലമുടൻ
നല്ലോരുറവയിൽനിന്നു പൊങ്ങും.
നിൻദാഹം തീർത്തു നടകൊൾക നീ;യതു

[ 5 ]

പിന്നീടൊരു പുഴയായൊഴുകി
നിന്നനുകമ്പാത്സരിപോലെ മിന്നിടും
മന്നിടത്തിൽ കല്പകാലത്തോളം
മാർഗ്ഗക്ലമമെന്നൊന്നില്ല; കുറേയടി-
യൂക്കിൽ നടപ്പോർക്കു വാനവന്മാർ
ഗന്ധദ്രവമാ വഴിക്കു തളിപ്പതും
സന്താനപുഷ്പം വിതറുവതും
പട്ടുപാവാട വിരിപ്പതും കണ്ടിടാ-
മൊട്ടുമിതിലൊരത്യുക്തിയില്ല.
സങ്കടം മർത്യർക്കു ശർമ്മമായ് മാറ്റിടാം;
സങ്കല്പകല്പിതമല്ലീ സർവം?
സുസ്ഥിരമായിസ്സുനിർമ്മലമായൊരു
ഹൃത്തിരുന്നീടേണ, മത്രേ വേണ്ടു!
ഇപ്രപഞ്ചപ്പാൽസമുദ്രം കടയുവാൻ
കെല്പിൽ മുതിർന്നീടുമെൻ യുവാവേ!
മംഗലാത്മാവേ! നീയിദ്ദിനം കണ്ടതു
പൊങ്ങീടുമേട്ടയും കാകോളവും,
പാഴ്പ്പുക മുന്നിൽപ്പരത്താതേ താഴത്തു
പാവകനുണ്ടോ സമുല്ലസിപ്പൂ?
കൈരണ്ടുകൊണ്ടും കടയുക മേൽക്കുമേ,-
ലോരോ പദാർത്ഥങ്ങൾ കൈവരട്ടേ;
ആന, കുതിര, പശു, മണിതൊട്ടുള്ള
മാനിതസാധനപങ്‌ക്തിയേയും
കോമളത്താമരപ്പൂമടവാരേയും
നീ മഥിതാർണ്ണവൻ കൈക്കലാക്കും.
ആയവകൊണ്ടു മതിവരൊല്ലേ! വെറും
ഛായയെ രൂപമായ്ക്കൈക്കൊള്ളല്ലേ!
വീണ്ടും കടയട്ടേ! വീണ്ടും കടയട്ടേ!
നീണ്ടുള്ള നിൻ കൈകളസ്സമുദ്രം.
അപ്പോളതിൽനിന്നുയരുവതായ്ക്കാണാ-
മത്ഭുതമാമൊരമൃതകുംഭം!
സംസൃതിനാശനമാകുമതാർജ്ജിച്ചേ
സംതൃപ്തിനേടാവൂ സോദര! നീ!
കൈക്കഴപ്പും തീർക്കും, മെയ്ക്കഴപ്പും തീർക്കു,-
മക്കലശസ്ഥമമൃതയൂഷം
ആഫലകർമ്മാവാം നീയാ രസായന-
മാകണ്ഠമാസ്വദിച്ചന്ത്യനാളിൽ
ആയുഷ്മാനാമെൻ സഖാവേ! പരബ്രഹ്മ-
സായുജ്യമാളുക; ശാന്താത്മാവേ.

[ 6 ]

ഓമനേ നീയുറങ്ങ്!
[തിരുത്തുക]

മനേ, നീയുറങ്ങെന്മിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്റെ തങ്കം!
ആടിയും പാടിയും ചാടിയുമോടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയർത്ത മുഖാംബുജത്തോടെന്നെ-
ത്തേടി നീയന്തിയിൽ വന്നനേരം
നിൻകവിൾത്തങ്കത്തകിട്ടിങ്കൽപ്പിഞ്ചുമ്മ-
യെൻകണ്ണിലുണ്ണി! ഞാനെത്ര വച്ചൂ!
നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു
പറ്റിക്കിടന്ന കുറുനിരകൾ
കോതിപ്പുറകോട്ടൊതുക്കി വെൺമുത്തൊളി-
സ്വേദബിന്ദുക്കൾ തുടച്ചുമാറ്റി
ആരോമൽപ്പൈതലേ! ഞാനെത്ര നിന്നെയെൻ
മാറോടണച്ചു പുണർന്നു നിന്നു!
അൻപാർന്നു വെള്ളിത്തളികയിൽ ഞാൻ നല്‌കും
പൈമ്പാൽപ്പൊടിയരിച്ചോറെൻ കുട്ടൻ
പാർവണത്തിങ്കളിൽത്തങ്ങുമമൃതൊരു
ഗീർവാണബാലൻ ഭുജിക്കും‌പോലെ
മിഷ്ടമായ് ഭക്ഷിച്ചുറങ്ങുകയായ് പൂവൽ
പ്പട്ടുമേലാപ്പണിത്തൊട്ടിലിതിൽ
വാനിൽക്കതിരൊളി വീശിത്തിളങ്ങീടും
തൂനക്ഷത്രത്തിൻ ശരിപ്പകർപ്പേ!
ആണിപ്പൊൻ‌ചെപ്പിനകത്തു വിലസീടും
മാണിക്യക്കല്ലിന്നുടപ്പിറപ്പേ

ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻ‌കുഴമ്പെന്റെ തങ്കം!

II


തങ്കക്കിണ്ണം നീയെടുത്തൊരു കുട്ടക-
ത്തിങ്കലിടും വിധമെൻ മകനേ!
ചെങ്കതിരോനെയെടുത്തു സായങ്കാലം
വങ്കടലിലിട്ടു മുക്കിടുന്നു,
ദൂരെപ്പടിഞ്ഞാറായ് വാനത്തു മഞ്ഞയും
ചോരച്ചുവപ്പും കലർന്ന കാന്തി
അർക്കനാം സ്വാമിയെയാറാടിക്കും ദേവർ
വയ്ക്കും വെടിക്കെട്ടിൻ ദീപ്തിയാവാം
പാരാം കടലാസ്സിൽ പാടേ പരക്കുവാൻ

[ 7 ]

പോരും കരിമഷി വാനിൽനിന്നും
താഴോട്ടു കുപ്പി കമിഴ്ത്തിയൊഴിക്കുന്നു
തായാട്ടു കാട്ടുന്ന പൈതലേതോ!
ഓമനപ്പൂർവാദ്രിശൃംഗക്കാൽത്തട്ടേറ്റ
ശീമക്കമലപ്പന്തെന്നപോലെ.
മാനത്തു പൊങ്ങിന പൗർണ്ണമാസിത്തിങ്കൾ
വാനവബാലർ കരസ്ഥമാക്കി.
അമ്പിളി വെൺകതിരെന്ന കപടത്താ-
ലൻപിലിരവാകുമംഗനയാൾ
തന്മടിയിങ്കൽ കിടത്തിയീലോകത്തെ-
യമ്മിഞ്ഞ നല്കിയുറക്കിടുന്നു.
വിൺപുഴത്തങ്കത്തരിമണലപ്പം വ-
ച്ചുമ്പർകിടാങ്ങൾ കളിക്കുംപോലെ
അന്തമില്ലാതുള്ള താരങ്ങൾ മേൽക്കുമേ-
ലന്തരീക്ഷത്തിൽ വിളങ്ങീടുന്നു.
മാങ്കന്നിച്ചെന്തളിർത്തല്ലജം തിന്നൊരീ-
യാൺകോകിലപ്പൈതലെന്മകനേ!
തൻചെറുകണ്ഠമാം പീപ്പി പിടിച്ചൂതി
നിൻചെവിക്കിമ്പം വളർത്തിടുന്നു.
തൈമണിപ്പൂന്തെന്നൽ തള്ളിക്കടന്നൊരുൾ-
പ്രേമത്തഴപ്പെഴു'മായ'പോലെ
നിങ്കണിത്താരൊളി മേനിച്ചടപ്പു തൻ
പൊൻകൈവിശറിയാൽപ്പോക്കിടുന്നു.
മംഗല്യാലങ്കാര വാടാവിളക്കായ് വ-
ന്നെൻഗൃഹമാളുമൊളിത്തിടമ്പേ!
നിൻനിഴലിൻപടി കാണ്മൂ ഞാൻ കത്തുമി-
പ്പൊന്നിൻനിലവിളക്കന്തികത്തിൽ,
നന്ദനനേ! മനോനന്ദനനേ! നല്ല
നന്ദനാരാമ നറുമലരേ!
ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്റെ തങ്കം!

III


താമരയല്ലിപ്പൊതിപ്പിഞ്ചിതൾമിഴി-
യോമനേ! ചിമ്മിയുറങ്ങീടും നീ
പാവയും പീപ്പിയും പമ്പരവും പന്തും
പാവങ്ങൾ--ചുറ്റും കിടപ്പതൊന്നും
കാണുന്നീലല്ലോ; കറയറ്റ നിൻ പുറം
പ്രാണങ്ങളല്ലീയിവറ്റയെല്ലാം?
മുല്ലപ്പൂമൊട്ടൊളിപ്പല്ലിൻകുരുന്നുകൾ

[ 8 ]

മെല്ലവേ തെല്ലു വെളിക്കു കാട്ടി
ചെല്ലച്ചെറുചിരിക്കള്ളത്താൽ തത്വം നീ
ചൊല്ലിത്തരുന്നു; ഞാൻ വിഡ്ഢിതന്നെ!
ആയായ്! ഈ മൺകളിപ്പണ്ടങ്ങളെങ്ങോ? നി-
ന്നായത്താനന്ദമുറക്കമെങ്ങോ ?
നിദ്രയാം ദേവിതൻ വാത്സല്യപൂർണ്ണമാം
ഭദ്രദപ്പൊൽക്കരത്താലോലത്തിൽ
ഞങ്ങൾക്കു ചിന്തിപ്പാൻപോലുമശക്യമാം
മംഗളമല്ലോ നിനക്കധീനം.
വാനത്തുനിന്നു വരിവരിയായെത്ര
വാനവമാനിനിമൗലിമാരോ
തിങ്കൾക്കുളിർക്കതിർക്കോണിവഴിയായ് വ-
ന്നെൻകുഞ്ഞേ! നിന്മെയ്‌തലോടി നില്പൂ!
ബ്രഹ്മാനന്ദപ്രദമായ്ച്ചില പാട്ടുക-
ളമ്മാൻകിശോരമിഴിമാർ പാടി
മെല്ലവേ പീയൂഷയൂഷം പൊഴിപ്പൂ നിൻ
ചെല്ലക്കുരുന്നു ചെവിയിണയിൽ.
വിണ്ണവർകോനുടെ പള്ളിവില്ലിൽപ്പെടും
വർണ്ണങ്ങൾകോലും കിളിച്ചെണ്ടുകൾ
കല്പകപ്പൂക്കളാൽക്കെട്ടിക്കളിപ്പാനെ-
ന്നപ്പനു നല്കുന്നുണ്ടാ വധുക്കൾ.
പാലാഴിപെറ്റ സുരഭിയാം പൈയിനെ-
ച്ചാലേ കറന്നു ചുടുനറുംപാൽ
അപ്പാലു കാച്ചിയുറച്ച തയിർ കട-
ഞ്ഞപ്പാടേ നേടിയ വെണ്ണയുമായ്
മംഗല്യഗാത്രിമാരാമവർ നല്കുന്നു-
ണ്ടെൻ കണ്മണിക്കു ഭുജിച്ചുകൊൾവാൻ.
വാരാശിമേഖലത്തയ്യലാളാമമ്മ!
നാരായണസ്വാമിയാകുമച്ഛൻ;
ദേവതമാരാകും ചേടിമാർ; ഓമന-
പ്പൂവൽമെയ്ത്താരങ്ങളാ വയസ്യർ;
ഈവണ്ണമുള്ളോരാൽ പോഷിതമാകും നിൻ
കേവലസ്വപ്നസുഷുപ്തിസൗഖ്യം
എൻപാഴുറക്കുപാട്ടെന്തിന്നു ഭഞ്ജിപ്പു?
നിൻപാട്ടിൽ നീയുറങ്ങെന്റെ തങ്കം!
എന്മാംസദൃഷ്ടികൾക്കെത്രയോ ദൂരയാ-
ണിമ്മാന്യഗാർഹികയോഗക്ഷേമം.
ശൈശവസ്വാപസുഖാവൃതനാം നിന-
ക്കാശീർവചസ്സെന്തു ഞാനുരയ്പൂ?
എന്തധികാരമെൻ നാവിന്നതോതുവാൻ!

[ 9 ]

ഹന്ത! ഞാൻ മണ്ണിലേ മണ്ണുമാത്രം!
ത്രൈലോക്യശില്പി ഹിരണ്യഗർഭൻ തന്റെ
ചേലുറ്റ സൃഷ്ടിസൗധത്തിൽനിന്നും
പുത്തനായ് വാർത്തു പുറത്തിറക്കും തങ്ക-
പ്പത്തരമാറ്റൊളി വിഗ്രഹമേ;
ചേറുമഴുക്കും ചെറുതും പുരളാത്ത
ചാരുകളേബരതല്ലജമേ!
പാഴാകും പാപനരകക്കടലിന്റെ
താഴത്തെത്തട്ടിൽക്കിടക്കുമെന്നെ
നീയായ തൂവെൺമുഴുമുത്തിനുത്തമ-
ശ്രീയാർന്ന ശുക്തികയാക്കി ദൈവം.
തന്ത്രവിധിയറിയാത്ത ഞാൻ നിൻ പൂജ-
യന്തഃകരണത്താൽ മാത്രം ചെയ്യാം.
എന്മകനേ! നിൻ വിശുദ്ധസംസർഗ്ഗത്താൽ
നന്മയെനിക്കു വളർന്നീടട്ടേ.
സ്മേരമായ് സ്വാപത്തിൽ മിന്നും നിന്നാനന-
സാരസത്തെക്കണ്ടുചാരിതാർത്ഥ്യം
ചേരുമെനിക്കതുതന്നേ സഗുണമാം
താരകബ്രഹ്മമായ്ത്തീർന്നീടട്ടേ.
കൈച്ചെങ്കോൽ ദൂരത്തുവച്ചോരു രാജാവേ!
വജ്രമിളക്കാത്തോരുമ്പർകോനേ!
ഭീകരശക്തി വെടിഞ്ഞ കുമാരനേ!
യോഗദണ്ഡേന്താത്ത ലോകഗുരോ!
ആരോമലേ! നിന്നെപ്പോലൊരു പൈതലി-
ബ്‌ഭാരതഭൂമിയിൽപ്പണ്ടൊരിക്കൽ
കാന്തിക്കുളിർക്കതിർക്കറ്റയുതിർത്തീടും
പൂന്തിങ്കൾക്കുട്ടനായ് വാനിലേറി.
നിന്നിൽ നിലീനമാം പ്രാഭവമോർക്കുമ്പോൾ
നിന്നെയുമെന്നെയും ഞാൻ മറപ്പൂ,
ഓമനേ, നീയുറങ്ങെൻ‌മിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്റെ തങ്കം!

കപീരദാസൻ
[തിരുത്തുക]

"മുണ്ടുവേണോ മുണ്ട്? നാലണയ്ക്കാരെങ്കിലും
കൊണ്ടുകൊള്ളുവി,നൊറ്റച്ചില്ലി കൂടുതൽ വേണ്ട."
ശുദ്ധസത്യമായുള്ള സൂക്തിയൊന്നീമട്ടോതി
മുഗ്ദ്ധരൂപനാമൊരു മുസ്ലിമീൻ ചെറുബാലൻ
കാശിതൻ പുണ്യവീഥീകർണ്ണശഷ്ക്കുലികളെ-

[ 10 ]

പ്രശിതപിയൂഷങ്ങളാക്കുവാൻ പ്രയത്നിപ്പൂ.
കാപട്യംകൊണ്ടല്ലാതെ കൈകാര്യമില്ലാത്തൊരാ-
പ്പാപത്തിൻ പൂന്തോട്ടമാം പട്ടണപ്പാഴ്ച്ചന്തയിൽ
സത്യവാക്കാരോതുവാൻ? ഓതിയാലാർ കേൾക്കുവാൻ?
ഗർദ്ദഭസദസ്സിലോ ഗന്ധർവഗീതോദ്യമം?
"നാലണയോടാ! കട്ട നാറ നാടൻശീലയ്ക്കു?
ബാല! നീയേതന്ധനെപ്പറ്റിപ്പാൻ നടക്കുന്നു?
രണ്ടണ തരാം; ബാക്കിക്കിനിയും നീ ചെന്നൊരു
മുണ്ടങ്ങേപ്പുറത്തെങ്ങാൻ മോഷ്ടിച്ചു വിറ്റേ പറ്റു."
ഇത്തരമോരോവിധം ഹാസ്യവാങ്നാചാരങ്ങൾ
ശുദ്ധനാമബ്ബാലൻ‌തൻ സുകുമാരമാം ഹൃത്തിൽ
മേല്ക്കുമേലാഞ്ഞു കുത്തിത്തിരുകിത്തുടങ്ങിനാർ
ഭോഷ്കുതാൻ മുലപ്പാലായ് ഭുജിച്ച പണ്യാജീവർ
വിശ്വപാവനിയായ ജാഹ്നവിതൻ തീരത്തിൽ
വിശ്വനാഥസ്വാമിതൻ ദിവ്യസന്നിധാനത്തിൽ,
സത്യദേവതേ! സാധ്വി! നിനക്കു രക്ഷാസ്ഥാനം
പ്രത്യക്ഷശൂന്യമെന്നോ! പാതകമേ പാതകം!

ബാലനും പരിതസ്പമാനസൻ ചുടുബാഷ്പം
ചാലവേ തൻ കൈമുണ്ടു നനയുംവിധം തൂകി,
മത്യന്തരത്തിലോർത്താൻ; "ദൈവമേ! ഹാ! ദൈവമേ!
സത്യവാക്കോതുന്നോനിച്ചന്തയിൽ തനിക്കള്ളൻ!
നൂലിനും കൂലിക്കുമായ് നൂനം ഞാൻ കാൽരൂപയ്ക്കു
മേലിതിൽക്കണ്ടീ, ലതേ ചോദിപ്പാനുമോർത്തുള്ളു.
ഇച്ഛ ചെറ്റിതിൽപ്പരമില്ല ഞാൻ കൈകൂപ്പുമെ-
ന്നച്ഛനമ്മമാ,ർക്കവരല്പലബ്ധസന്തോഷർ.
നാലണയിതേമട്ടിൽ ഞങ്ങൾക്കു നൽകീടുവാൻ
നാളെയും സർവലോകനാഥനങ്ങിരിപ്പീലേ?
പിന്നെയെന്തിനി,ക്കെന്നെയാരെത്ര പുച്ഛിക്കിലും.
നിന്നെ ഞാൻ വെടിയില്ല; നിന്മെയ്യാം സത്യത്തേയും"
എന്നവനോർത്തു വീണ്ടുമെഴുന്നേറ്റാ വസ്ത്രം തൻ-
പൊന്നണിക്കരങ്ങളിൽ പൂണ്ടു വില്ക്കുവാൻ നിന്നാൻ
നേരമന്തിയാവാറാ,യാരുമാ മുണ്ടു വാങ്ങാൻ
ചാരത്തു വരുന്നുമി,ല്ലെന്തൊരു ദുരദൃഷ്ടം!
ആ വസ്ത്രമൂല്യംകൊണ്ടു തണ്ഡുലം വാങ്ങിവേണ-
മാവശ്യം കഴിയുവാൻ തനിക്കും പിതാക്കൾക്കും!
മുറ്റുമപ്പൊഴേക്കൊരു മുസൽമാൻ ഫക്കീർ വന്നു
ചെറ്റുമേ ശങ്കവിട്ടച്ചെറുബാലനോടോതി:
"അപ്പനേ! തങ്കക്കുടം! ദൈവത്തെയോർത്തിങ്ങോട്ടാ-
വില്പനക്കുള്ള മുണ്ടു വെറുതെ നൽകേണമേ!

[ 11 ]

ശീതബാധിതനാമിദ്ദഗ്ദ്ധവൃദ്ധനെക്കാളു—
മേതുപാത്രത്തിൽ ചേർന്നാൽ നിൻ‌ദാനം ഫലപ്പെടും?
നിന്നാണെ മടിക്കേണ്ട; നീയെനിക്കിന്നീ വസ്ത്രം
തന്നാലേ മതിയാകൂ! താമസിപ്പതെന്തുണ്ണീ?
നാലണ നിനക്കേകും നമ്മെക്കാത്തിടും ദൈവം;
ബാല! നീ ശങ്കിക്കേണ്ട! പാവുമുണ്ടിങ്ങിട്ടേക്കൂ.
അദ്ദാനം താൻ ചെയ്യുകിലച്ഛനമമ്മയ്ക്കുമ—
ന്നത്താഴമില്ലാതെപോം; വയസ്സുചെന്നോരവർ:
ശർമ്മമുണ്ടാവാൻ പണി ദാനം താൻ ചെയ്യാഞ്ഞാലി-
ദ്ധർമ്മസങ്കടഖണ്ഡധാരയിൽപ്പെട്ടീടവേ
ഹന്താതിമാത്രം ബാലനാമവൻ‌തൻ മാനസം
ചിന്താദോലാരൂഢമായ് തീർന്നതിലെന്തത്ഭുതം?
"പാതിവസ്ത്രം ഞാൻ തരാമെന്നപ്പൂപ്പനു; മറ്റെ—
പ്പാതി വിറ്റരിവാങ്ങിയമ്മയെയേല്പിക്കണം;
അത്താഴപ്പട്ടിണിക്കു ഞാൻ തയ്യാ,റരക്കഞ്ഞി
മത്താതമാതാക്കൾക്കു മാത്രമേകിയേ പറ്റൂ.
ഏകപുത്രൻ ഞാനവർക്കെൻ പ്രത്യാഗതി നോക്കി—
ശ്ശോകമറ്റങ്ങു വാഴ്വൂ ശുദ്ധമാനസരവർ."

എന്നവൻ തൻ വാക്കു കേട്ടേധമാനക്രോധനായ്
പിന്നെയും ചൊല്ലീടിനാൻ പിതൃസന്നിഭൻ ഫക്കീർ:
"പാതിമുണ്ടിനായേവൻ പ്രാർത്ഥിപ്പൂ, നൽകുന്നെങ്കിൽ
നീ തികച്ചും നൽകണം നിൻ‌മുണ്ടു മുഴുവനായ്;
അല്ലെങ്കിൽ നിന്റെയർദ്ധദാനമങ്ങിരിക്കട്ടെ:
നല്ല കുട്ടികളുണ്ടോ വേറെയും? നോക്കട്ടെ ഞാൻ."
എന്നോതിയിച്ഛാഭംഗഖിന്നനായ് വടി കുത്തി
മുന്നോട്ടു പോയീടുവാൻ മുതിരും സ്ഥവിരനേ
വീണ്ടും വന്ദനംചെയ്തു ചൊല്ലിനാനബ്ബാലകൻ:
"പൂണ്ടുകൊൾകയേ വേണ്ടൂ മദ്വസ്ത്രം മഹാത്മാവേ!
ഇന്നത്തേ വാണിജ്യത്തിലെനിക്കു സിദ്ധിച്ചതാ—
മുന്നതലാഭത്താൽ ഞാനുത്തരോത്തരം ധന്യൻ,
ഒരുനാളത്താഴമൂണൂർദ്ധ്വമായാലെന്തെനി—
ക്കരുളുന്നൂ സൽപാത്രദാനൈകധനം ദൈവം!
ദൈവമേ സത്യരൂപ! ദൈവമേ ത്യാഗരൂപ!
ദൈവമേ ധർമ്മരൂപ! വിജയിപ്പൂതാക നീ!"
എന്നോതിത്തൻ‌കോടിമുണ്ടെടുത്തു ഫക്കീരിന്നു
പൊന്നോമൽക്കുമാരകൻ പൊലിച്ചാൽ സമ്മാനമായ്.
രോമാഞ്ചതരംഗിതഗാത്രനായതു വാങ്ങി—
യാ മാന്യമഹമ്മദസന്യാസി നടകൊണ്ടാൻ.
രിക്തപാണിയെന്നാലും കൃതകൃത്യനായ് ദൈവ—
ഭക്തനബ്ബാലകനും തിരിച്ചു ഗൃഹം പൂക്കാൻ.

[ 12 ]

ആ വീട്ടിലപ്പോളങ്ങൊരാശ്ചര്യം! അകസ്മാത്താ‌-
യേവനോ സാർത്ഥവാഹനൊരുവൻ കണക്കെന്ന്യേ
ആഹാരാദിവസ്തുക്കളവിടെക്കൊണ്ടുവന്നു
മഹാഭാഗ്യവാന്മാരാം ബാലൻതൻ പിതാക്കളെ

വേണ്ടവയെല്ലാം വേഗം വാങ്ങുവാൻ യാചിക്കുന്നു;
വേണ്ട വേണ്ടൊരുവകയെന്നവർ പിന്മാറുന്നു.

"അന്തിയായല്ലോ നേര,മരിയുംമറ്റുംകൊണ്ടു
പന്തിക്കു വന്നെത്തിടും ബാലകൻ കപീരിപ്പോൾ;
വേലചെയ്തു കിട്ടുന്ന കൂലിയൊന്നുകൊണ്ടത്രേ
കാലക്ഷേപം ഞങ്ങൾക്കു; കാംക്ഷയില്ലൊന്നിങ്കലും;
മറ്റുള്ളോരേകുന്നതു വാങ്ങിയാൽ കയർത്തിടും
മുറ്റുമബ്ബാലൻ, അവൻ മുഖത്തിൽ കറുപ്പാർന്നാൽ
നഷ്ടജീവരാം ഞങ്ങൾ; ധർമ്മം ചെയ്‌വാനങ്ങെയ്ക്കോ
പട്ടണം മുഴുവനും പാത്രങ്ങൾ സുലഭങ്ങൾ;
ആകയാലിവയെല്ലാമപരർക്കാർക്കാനുമ-
ങ്ങേകണ"മെന്നോതുന്ന ദമ്പതിമാരെ നോക്കി
ആ വണിക്ശ്രേഷ്ഠൻ ചൊന്നാൻ; "അക്കപീരാർജ്ജിച്ചതാ-
ണീവകയെല്ലാ,മിതിൽ ഞാൻ വെറും സംവാഹകൻ."
എന്നുരചെയ്തപ്പുമാനെങ്ങോ പോയദൃശ്യനായ്;
വന്നുകേറിനാനുള്ളിൽ ബാലനാം കപീരനും.
അത്താഴപ്പട്ടിണിക്കു ഹാ! താൻ വാങ്ങിയ ചീട്ടു
തത്താതമാതാക്കളെക്കാണിപ്പാൻ സന്നദ്ധനായ്
വന്നൊരബ്ബാലൻ കണ്ട കാഴ്ചയെന്തോതീടേണ്ടൂ?
കുന്നുപോൽ പൊന്നും നെല്ലുമന്നവും കറികളും
എങ്ങനെയവയങ്ങു വന്നുചേർന്നതെന്നവൻ!
എങ്ങനെയവയവൻ നേടിക്കൊണ്ടതെന്നവർ!
സംഗതി ധരിച്ചപ്പോൾ സന്തുഷ്ടരായ് മൂവരും;
മംഗലസ്വരൂപനാം ദൈവത്തെ വാഴ്ത്തിക്കൊണ്ടാർ.
പിന്നെയാ രാത്രിതന്നെ ചുറ്റിലും വസിപ്പോരെ—
ച്ചെന്നുകൂട്ടിക്കൊണ്ടു വന്നവർക്കാസ്സാമാനങ്ങൾ
ഒന്നൊഴിയാതെ നൽകിയുദഞ്ചദ്രോമാഞ്ചനായ്
തന്നുടെ ശയനീയം തേടിനാൻ കപീർദാസൻ.
ആദിത്യനുദിക്കവേ പിറ്റെന്നുമെഴുന്നേറ്റു
പാതി താൻ തലേദ്ദിനം നെയ്തൊരുക്കിയ വസ്ത്രം
പൂർത്തിയാക്കിച്ചന്തയിൽകൊണ്ടുചെന്നവൻ വിറ്റു
പേർത്തുമത്താഴം തന്റെ പിതാക്കൾക്കൂട്ടിടിനാൻ.
അന്നാളത്തെയത്താഴമസ്സലാമമൃതവും,

[ 13 ]

മുന്നാളത്തേതു ഹാ ഹാ! മുഴുതിക്തകവുമായ്
അക്കപീരിന്നു തോന്നി—അല്ല തോന്നിച്ചു സാക്ഷാൽ
മക്കവും ശ്രീകാശിയും വാണിടും മഹേശ്വരൻ.

ഒരു സുഹൃച്ചരമം
[തിരുത്തുക]

ദാരിദ്ര്യദാവശിഖി കത്തിയെരിഞ്ഞിടുന്നു;
ഭൂരിജ്വരച്ചുഴലി ചുറ്റിയടിച്ചിടുന്നു;
പാരിച്ച പാരിനുടെ ഭാവുകപാദപത്തിൻ-
വേരിൽക്കടന്നു വിധി വെണ്മഴുവെച്ചിടുന്നു!        1

ലോകം കിടന്നു കിഴുമേൽത്തകിടംമറിഞ്ഞു
ഭൂകമ്പഭൂതകരകന്ദുകമായിടുന്നു!
ഹാ! കഷ്ടമപ്പൊഴുതു പിന്നെയുമെന്തു കേൾപ്പൂ!
ശോകപ്പെരുങ്കടലിലേപ്പുതുവേലിയേറ്റം.        2

ഏതേതു ദുർവിഷമരുത്തുകൾ കാലഭോഗി-
യൂതേണമെങ്കിലവ നിന്നിൽ മുഴുക്കെയൂതി.
കാതേ! തുലഞ്ഞു തവ കന്മഷശക്തിയെന്നു
ഹാ! തേറി ഞാനഗതി; സംഗതി തെറ്റിയല്ലോ;        3

ഹാ! ഹാ! രസജ്ഞകവിപണ്ഡിതസാർവഭൗമ—
ശ്രീഹാരമധ്യമണി; ശിഷ്ടജനാഗ്രഗണ്യൻ;
വ്യാഹാരദേഹിയുടെ വത്സലഗർഭദാസൻ;
നീഹാരനിർമ്മലയശസ്സിനു നിത്യഗേഹം;        4

എൻ പന്തളക്ഷിതിധവൻ; കവിതാരസാല—
ക്കൊമ്പത്തു മിന്നിയൊരു കോകിലചക്രവർത്തി:
ഇമ്പത്തിൽ മാതൃമൊഴിയെക്കനകാഭിഷേക—
സമ്പന്നയാക്കിയ മഹാൻ; ചരിതാർത്ഥജന്മാ;        5

തേനായിടഞ്ഞ മൊഴി തൂകി മനീഷികൾക്കു
ഭൂ നാകമാക്കിയൊരു പുഷ്കലപുണ്യശാലി:
നാനാഗുണങ്ങളുടെ നർത്തനവേദി... ഹാ ഹാ!
ഞാനാരോടെന്തു പറയുന്നു—ചതിച്ചു ദൈവം! (കുളകം)        6

ആയില്ല നാല്പതു വയ,സ്സഴലാർന്ന ദീന—
പ്പായിൽ കിടന്നതു പരശ്രുതി കേട്ടതില്ല;
തീയിൽപ്പതിച്ച ജലബിന്ദുവൊടൊപ്പമെങ്ങോ
പോയിക്കഴിഞ്ഞിതവിടുന്നതിനുള്ളിലയ്യോ!        7

[ 14 ] <poem>

ഞാനാ മഹാനുമതുമട്ടവിടുന്നെനിക്കും സ്നാനാശനസ്വപനകേളിവയസ്യരായി ഈ നാൾവരയ്ക്കിളയിൽ വാണതു വിസ്മരിച്ചു ഭൂനാഥമൗലി ഭുവനാന്തരപാന്ഥനായി!        8


സൗഹാർദ്ദമെന്ന പദമെത്ര മഹ,ത്തതിന്റെ മാഹാത്മ്യമെത്ര വിലയേറിയതെന്ന തത്വം സ്നേഹാർദ്രമായ മിഴികൊണ്ടവിടുന്നു തന്റെ ദേഹാത്യയംവരെയെനിക്കറിയിച്ചുപോന്നു.        9


ആമട്ടമർന്നൊരവിടുന്നകലത്തു മാറി: വാമത്വമാർന്നു വിധി; വഞ്ചിതബന്ധുവായ് ഞാൻ ഹാ! മന്ദഭാഗ്യരിൽ മികച്ചവനാമെനിക്കെ— ന്തീമർത്ത്യജന്മമിനിമേലിരുളേണ്ടതുള്ളു!        10


ഹാ! പന്തളംനൃപനു മദ്ധ്യവയസ്സിലീമ- ട്ടാപത്തണഞ്ഞിടുവതാരു നിനച്ചിരുന്നു! സ്വാപത്തിലും കരുതിയില്ലിതു ദൈവമേ ഞാൻ! നീ പശ്യതോഹരരിൽ നിഷ്പ്രതിമാഗ്രഗാമി.        11


വാരുറ്റവാഴ്ചയവിടേയ്ക്കു വരും, നിനക്കു പേരും തുലോം പെരുമയും പെടു,മെന്നു ഞങ്ങൾ ആരും നിനച്ചതതിശീഘ്രമബദ്ധമാക്കി കാരുണ്യമറ്റ വിധി; കൈരളി! കഷ്ടകാലം!        12


പൂമെത്ത പുകരുതു കൈരളി! മേലിൽ നിന്നെ— ക്കൈമെയ്‌മറന്നു...കമിതാക്കളില്ലേ നാമെന്തു ചെയ്യുവതു! ദൈവവിധക്കെവർക്കു— മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ.        13


ധീവമ്പു, വൈദുഷി, രസജ്ഞത, സൽകവിത്വം, ശ്രീവർദ്ധനത്തിനുതകും ശിവമായ ശീലം ഈ വശ്യവസ്തുനിര കൂട്ടിയിണക്കി വിശ്വൈ— കാവർജ്ജനത്തിനവിടുന്നവതാരമാർന്നു.        14


മായം വെടിഞ്ഞഹഹ! മാംസളഹർമ്മ്യരത്ന— ച്ഛായയ്ക്കു മിന്നിയൊരു നൽഗുണതല്ലജങ്ങൾ സായന്തനാർക്കരുചിതട്ടിയ ശക്രചാപ— ച്ചായങ്ങളെന്നകഥ ഞങ്ങൾ ധരിച്ചതില്ല.        15


[ 15 ]

നീയുറ്റ നന്മ മുഴുവൻ നിനയാതെ നൽകി—
പ്പോയുള്ള പൂരുഷരിലീർഷ്യ വഹിക്കകൊണ്ടോ
ആയുസ്സവർക്കരുളിടുമ്പൊളമുക്തഹസ്ത—
സായൂജ്യമേന്തുവതഹോ! ചതുരാസ്യബാഹോ?       16

കന്ദർപ്പസാദൃശി പെടും കമനീയകായം;
നന്ദജ്ജനപ്രകരമാം നയനാന്തപാതം;
മന്ദസ്മിതാർദ്രവദനം; മധുരസ്വഭാവം;
സന്ദർഭശുദ്ധികലരും സരസോക്തിരീതി;—       17

ആരോടു ചൊൽ‌വതഴൽ ഞാ,നളവറ്റബാഷ്പ—
പൂരോദരത്തിൽ മുഴുകും മിഴിയോടുകൂടി
ഓരോ നിമേഷവുമിതൊക്കെ നിനച്ചു കേഴാ—
മീരോദനത്തിനിളവേതിവനുള്ള നാളിൽ! (യുഗ്മകം)        18

ദിവ്യസാന്ത്വനം
[തിരുത്തുക]

"അയ്യോ! മാലോകരേ! ജീവൻ വെടിഞ്ഞോരെൻ
തയ്യോമൽക്കുഞ്ഞിൻ തളിർമെയ് കാണ്മിൻ!
മാതാപിതാക്കളേ! ജായാപതികളേ!
ഭ്രാതാക്കന്മാരേ ഭഗിനിമാരേ!
നെഞ്ഞലിവുള്ളോരേ! നിങ്ങളൊടൊന്നു ഞാ–
നഞ്ജലിക്കൂപ്പിയിരന്നിടുന്നേൻ;
പാവമിക്കുഞ്ഞിനെപ്പാലിപ്പിനാരാനും
പാവനജീവനഭൈക്ഷമേകി."

ശ്രോത്രംതുളയ്ക്കും കണ കണക്കീമട്ടൊ–
രാർത്തനിനാദമഭൂതപൂർവം
ശ്രാവസ്തിയാകും പുരിതൻ മുഖത്തിന്നു
വൈവർണ്ണ്യമേകി വലിഞ്ഞുയർന്നു,
ഉൽഗളൽ‌പഞ്ചമമാമൊരു ഗാനത്തിൽ
കർക്കശാപസ്വരം വാച്ചപോലെ;
ഉന്മീലൽ സൗരഭമാമൊരുദ്യാനത്തിൽ
ചെമ്മീനിൻ ദുർഗ്ഗന്ധം ചേർന്നപോലെ;
ഉദ്ദാമലാവണ്യമാമൊരു ഗാത്രത്തിൽ
ശ്വിത്രാമയവ്രണം പെട്ടപോലെ;
ആപ്പുരിതൻമുത്താം പാല്പായസത്തിലീ
വേപ്പിലച്ചാറെടുത്താരൊഴിച്ചു?

ശ്രാവസ്തിയാം പാൽക്കടലിന്നു മംഗള–
ദേവതയായ 'വിശാഖാ'ദേവി

[ 16 ]

‌ആഭിജാത്യം വയ്പോ, ളെങ്ങും ഗുണമൃഗ-
നാഭിപരിമളം വീശിനില്‌പോൾ;
സാദരം തൻ ദഹരാകാശവീഥിയിൽ
വേദസ്വരൂപനെ വെച്ചുവാഴ്വോൾ;
ആറ്റുനോറ്റുണ്ടായൊരുണ്ണിതൻ നല്ലുയിർ-
ക്കാറ്റു കരാളമാം കാളസർപ്പം
കുത്തിത്തുരന്നു കുടിക്കവേ വല്ലാതെ
കത്തിയെരിയും കരളുമായി
അങ്ങനെയോരോ മുറവിളിക്കൂട്ടിക്കൊ-
ണ്ടങ്ങിങ്ങു പാഞ്ഞുപോയ്—അയ്യോ പാവം!
ലോകപ്രശസ്തമായ്ത്താൻ വളർത്തീടിനോ-
രേകസന്താനത്തെദ്ദുഷ്ടദൈവം
പുത്തനൊഴുക്കറപ്പെട്ടിയിൽ‌വെച്ചതാ-
മർത്ഥത്തെയേതോ മറവൻപോലെ
തട്ടിയെടുക്കവേ തായതന്നുൾത്തട്ടു
പൊട്ടിത്തകർന്നതിലെന്തു ചിത്രം!

പാരിടമെങ്ങും തനിക്കു പരന്നതാം
കൂരിരുട്ടിൽക്കൂടിക്കോമളാംഗി—
ഹാ പശുവിൽ പശു—തൻ കുഞ്ഞിനെക്കൈയിൽ—
ദീപം പൊലിഞ്ഞ തിരികണക്കെ
ഏന്തി നടന്നു നിലവിളിച്ചാൾ മുഴു-
ഭ്രാന്തപോലപ്പുരവീഥിതോറും
പേശലഗാത്രിയാൾ പേർത്തുമിരപ്പതു
കാശല്ലരിയല്ല; വസ്ത്രമല്ല;
പ്രാണനാ, ണാരതു നൽകുവാൻ? നല്കുക-
വേണമെന്നോർത്താലുമെന്തുമാർഗ്ഗം?
വില്പനയ്ക്കുള്ളോരു സാധനപങ്‌ക്തിയി-
ലുൾപ്പെടുത്തീലല്ലോ ജീവൻ ദൈവം!
ഭൈക്ഷമരുളുവാൻ വന്നവളക്കാഴ്ച-
യീക്ഷണംചെയ്ത കുടുംബിനിമാർ
തണ്ഡുലപൂർണ്ണമാം തൽപാണിപാത്രത്തെ-
ക്കണ്ണുനീർക്കൊണ്ടു കഴുകിനിന്നു.
ബാലകർ വീഥിയിൽത്തങ്ങൾ തുടർന്നോരു
ലീലകളെല്ലാം ക്ഷണത്തിൽ നിർത്തി
കേവലമക്കാഴ്ച കണ്ടു വെറും മര-
പ്പാവകൾപോലെ പകച്ചുനിന്നു.
വൃദ്ധരായുള്ളവർ, "വത്സേ! കരയരു-
തിത്ഥം," എന്നോതാൻ മുതിർന്നിടവേ
മദ്ധ്യത്തിൽത്തൊണ്ടയിടർച്ചയാൽ മൂകരായ്-

[ 17 ]

ക്കർത്തവ്യമൗഢ്യം കലർന്നുനിന്നു.
അംബുജനേത്രയാൾക്കാശ്വാസനം നൽകാൻ
മുൻപു ഞാൻ മുമ്പു ഞാനെന്നു ചൊല്ലി
പാഞ്ഞ തരുണർ പരവശരായ്‌നിന്നു
കാഞ്ഞകരളുമായ്ക്കൈതിരുമ്മി.
മാമുനിമാരും മഹീശരുമെന്നല്ല
മാടപ്പിറാക്കളും--അന്യർക്കായി
ക്ഷിപ്രം ശരീരം ത്യജിക്കാൻ മടിക്കാത്ത
സൽപ്രജേ! ഭാരതരത്നഗർഭേ!
നിന്മക്കളാമാ യുവാക്കളവൾക്കായ് ത-
ജ്ജന്മബലിക്കു തയ്യാറുതന്നെ;
ഹാ! വഴിമാത്രമറിയാതെ ചുറ്റുന്നു
പാവങ്ങൾ--പണ്ടത്തേപ്പാരല്ലല്ലോ!

ഇങ്ങനെ നേരം കുറേക്കഴിഞ്ഞപ്പോളാ
മംഗല്യഗാത്രീമണിയേ നോക്കി
ഏകനലിവാർന്നുരചെയ്തു; "സോദരി!
നീ കരയേണ്ട! നിനക്ക് ഭൈക്ഷം
കൈവളർത്തീടൂവാൻ സംഘാരാമത്തിങ്കൽ
ദേവൻ തഥാഗതനുണ്ടിരിപ്പൂ!
മാരജിത്താകുമബ്ഭിക്ഷു സഗുണമാം
താരകബ്രഹ്മത്തിൻ സാക്ഷാദ്രുപം.
നേർന്നാലും ചെന്നുടൻ നീയബ്ഭഗവാനേ-
പ്പാർ നാലും പത്തും പണിയുവോനേ."
കാതിലമൃതം കനക്കെത്തെളിക്കുമാ
സ്വാദിമകോലും സുഹൃദ്വചനം
ആക്രന്ദനം നിർത്തിക്കേട്ടാ സ്ഥലത്തേക്കു
ശീഘ്രംഗമിച്ചാൾ ശിരീഷഗാത്രി.

രോഗവും താപവും ദാരിദ്ര്യവുംകൊണ്ടു
ലോകം വലവതു നോക്കിനോക്കി,
അന്തഃകരണമലിഞ്ഞലിഞ്ഞായവ-
യ്ക്കന്തംവരുത്തുവാനാഞ്ഞുഴറി,
കട്ടപ്പൊൻ സാമ്രാജ്യക്കൈത്തൃച്ചെങ്കോൽ വെറും
പൊട്ടപ്പുല്ലാക്കിപ്പുറത്തുതള്ളി,
സങ്കടമേതും സഹിച്ചുകൊണ്ടീടുവാൻ
കങ്കടംകെട്ടിക്കടന്നുകേറി,
സർവാഗമാബ്ധിയും താനേ മഥിച്ചഗ്ര്യ
നിർവാണപീയൂഷകുംഭം നേടി,

[ 18 ]

ഭാരതവർഷപ്രശസ്തിമന്ത്രത്തിന്നു
പാവനമാകും പ്രണവമായി

നില്ക്കും ചരിതാർത്ഥജന്മാവാം രാജർഷി,
ചിൽകുഹരത്തിലെസ്സിംഹസിംഹം;

മാരനെക്കൊല്ലാതെ കൊന്നോരു സർവജ്ഞൻ!
മാന്മിഴിയാൾ തോറ്റ ഗാഥിസൂനു;

ഭൂതകാരുണ്യത്തിൻ പുഷ്കലവിഗ്രഹം;
ഭൂതലത്തിൻ പൂർവപുണ്യഫലം;

ഹിംസാപിശാചിക്കു കൈകണ്ട മാന്ത്രികൻ;
സംസാരവ്യാധിക്കു ധന്വന്തരി;-

ദണ്ഡനമസ്കൃതി തേടുമദ്ദീനയാം
പുണ്ഡരീകാക്ഷിതൻ ബാഷ്പപൂരം

മുഗ്ദ്ധകാരുണ്യകടാക്ഷമാം നീലപ്പ-
ട്ടുത്തരീയത്താൽ തുടച്ചുമാറ്റി

നാരാചവിദ്ധമായ് നട്ടംതിരിഞ്ഞീടു-
മാ രാജഹംസത്തെക്കാത്തുകൊൾവാൻ

പണ്ടുഴറീടിന പാവമാം പാണി
രണ്ടുമുയർത്തിയാശിസ്സു നല്‌കി

കാതിണ കാതരയാമവളേകീടു-
മാതിഥ്യമേല്ക്കുവാൻ സജ്ജമാക്കി

ആസ്സംഘാരമശുകബ്രഹ്മം ശോഭിച്ചു
വാത്സല്യബാഷ്പസ്നപിതനേത്രൻ.


ഓതിനാൾ മന്ദം വിശാഖ: "ഭഗവാനേ!
മേദിനീവ്യോമത്തിൻ ഭാനുമാനേ!

അങ്ങയെച്ചൊല്ലിയിരിക്കുന്നു പേർത്തുമൊ-
രംഗനയന്യശരണമറ്റോൾ.

തൃക്കൺ പാർക്കേണമേ ജീവൻ പിരിഞ്ഞതാ-
മിക്കമ്രബാലകവിഗ്രഹത്തെ

ഡിംഭനാശത്താൽ മഹാത്മാവേ! മേലങ്ങേ-
ക്കുംഭദാസിക്കൂഴി കുംഭീപാകം!

അയ്യയ്യോ! നാരിമാർ ഞങ്ങളെശ്ശുദ്ധമേ
ഹൈയംഗവീനഹൃദയമാരായ്

[ 19 ] <poem>

തീർത്തു വിരിഞ്ചൻ വിഷാദവിഷവഹ്നി പേർത്തും ജ്വലിപ്പിപ്പൂ നാലുപാടും.

പൂരുഷർക്കുള്ള വിളയാട്ടുപണ്ടങ്ങൾ; പാരിൻ വെളിപ്പുറം മാത്രം കാണ്മോർ

ഹാ പരമാർത്ഥപ്രകൃതികൾ; വേഗത്തിൽ താപവും ഹർഷവും മാറി വായ്‌പോർ;--

മംഗല്യജീവിതസർവസ്വമെന്തുള്ളൂ ഞങ്ങൾക്കു മന്നിലപത്യമെന്ന്യേ?

സന്തതിയൊന്നല്ലോ സാധുക്കൾ ഞങ്ങൾക്കു ഹന്ത! തപസ്സിൻഫലപ്രകാണ്ഡം

മണ്ണിലുരുണ്ടുവരുന്ന മനോജ്ഞരാ- മുണ്ണിക്കിടാങ്ങൾതൻ പൂവൽമേനി

പുത്തൻ ചെഞ്ചായം പുരട്ടും പുടവയാൽ മുഗ്ദ്ധത ഞങ്ങൾക്കിരട്ടിക്കുന്നു.

പൈതലിൻ ശാഠ്യമിവർക്കു വിനോദനം; രോദനം നൂതനവീണാഗാനം;

ലീലാസന്താഡനം കല്പകപ്പൂവർഷം; ലാലാനിപാതം പയോഭിഷേകം.

നാളിൽ നാളിൽ ഞങ്ങളിങ്ങനേ ബാലരേ ലാളിച്ചും പോറ്റിയും നിർവിശങ്കം

ഏകാന്തസ്വപ്നസുഖാമൃതാസ്വാദത്താൽ- ക്കൈകാര്യം ചെയ്തു കഴിപ്പൂ കാലം

അങ്ങനേയുള്ളോരബല ഞാൻ-എന്നോടെ- ന്തിങ്ങനേ കാട്ടുവാൻ ദുഷ്ടദൈവം?

[1]ധൂമോർണ്ണേ! മച്ചി നീ; അല്ലെങ്കിൽ നിൻപതി- ക്കീ മേദുരാംഹസ്സിൽ കൈയറയ്ക്കും.

മായമയമിപ്രപഞ്ചം നിരന്തര- മാ,യാമയം നൽകി ഞാൻ വലഞ്ഞേൻ,

മായാത നൂതനകീർത്തി പുലർത്തിന മായാതനൂജ! തുണയ്ക്കണമേ!

എങ്ങീ നിരാശ്രയയായ വിധവ ഞാൻ?

എങ്ങീ ഹതദൈവവജ്രാഘാതം? [ 20 ]


ആയുസ്സിക്കുഞ്ഞിന്നരുളണേ പാരിന്നു
തായും തകപ്പനുമായുള്ളോനേ!"

നാനാവികാരശബളിതമായിടു-
മാ നാരിമൗലിതന്നാക്രന്ദനം

ആകർണ്ണനംചെയ്തരുളിനാനുത്തരം
ലോകജിത്തായുള്ള ലോകബന്ധു:

"ഹാഹാ! മൽസോദരി! ബാലമൃതിയാൽ നീ
മോഹാന്ധകൂപത്തിൽ വീണുപോയി.

ആതുരയാകും നീ കൺകൊണ്ടു കാണ്മീല;
കാതുകൊണ്ടേതുമേ കേൾക്കുന്നീല;

എന്നേ മറിച്ചു ധരിക്കൊലാ വത്സേ! നീ;
നിന്നെപ്പോൽ ഞാനൊരു മർത്യൻ മാത്രം,

ജീവനഭൈക്ഷമരുളുവാൻ ഞാനൊരു
ദേവന,ല്ലായാലും ചെയ്കയില്ല,

കേവലമൊന്നു ഞാൻ ചോദിച്ചുകൊള്ളട്ടേ;
സാവധാനം നീ ശ്രവിപ്പൂതാക,

ഈ നഗരിക്കകം നമ്മെക്കണക്കെത്ര
മാനവർ മേവുന്നുണ്ടെൻ വിശാഖേ?

ഏഴുലക്ഷം ജനമല്ലേയിദ്ദേശത്തിൽ
വാഴുവ,തങ്ങേപ്പുറം കടന്നാൽ

'കോടാനുകോടി' വിഷയത്തേയും മുറ-
യ്ക്കീടാർന്നതിലെല്ലാം മർത്യരേയും

ധാതാവിൻ സൃഷ്ടിമഹത്ത്വം വിളിച്ചോതി
മാതാവാം ഭൂമി വഹിപ്പതില്ലേ?

പോരാഞ്ഞാലീ മദ്ധ്യലോകത്തിനു ചുറ്റും
ധാരളമായ്പ്പെടും ഗോളങ്ങളിൽ

ബ്രഹ്മാവുതൊട്ടിങ്ങേയറ്റമുറുമ്പോളം,
വന്മാമലതൊട്ടിളംപുല്ലോളം,

വിധ്യണ്ഡഭാണ്ഡവിചണ്ഡപ്രകാണ്ഡത്തിൽ
സത്യസ്വരൂപപ്രതിമകളായ്

ജംഗമസ്ഥാവരാകാരത്തിലേതേതു
മംഗലവസ്തുക്കൾ വായ്പതില്ല?

[ 21 ]


ഏതാണിവയിലനശ്വരം? അക്ഷയം?
ഏതാണനാമയം? അപ്രകമ്പം?

കാണും വകയെല്ലാം ഞെട്ടറ്റ പൂ; ലോകം
രുണിളകീടിന പാഴ്ക്കൂടാരം;

ഒപ്പം മറിഞ്ഞത്രേ വീഴേണ്ടതൊക്കെയു-
മിപ്പൊഴോ നാളെയോ—മറ്റെന്നാളോ!

അദ്യുമണിയേയും നൂനം വെറുമൊരു
വിദ്യുൽസ്ഫുലിംഗമാക്കുന്ന ദൈവം

അണ്ഡഗോളങ്ങളെക്കൊണ്ടു കളിക്കുന്നു
ദണ്ഡമറ്റന്വഹം ചെപ്പും പന്തും

ആകട്ടെ, മറ്റൊന്നു ചോദിക്കാം; വത്സേ! നീ
ലോകവ്യൂഹത്തിലെ സൃഷ്ടികളിൽ

ഓരോന്നും നിൻസുതനെന്നോർക്ക; പോയോരീ-
യാരോമൽ പൈതലിൻ ഭ്രാതാവെന്നും

കൃത്രിമഭാവനയല്ലതു ഹൃത്തൊന്നു
വിസ്തൃതമാകണമത്രേ വേണ്ടു.

കാറ്റും വെളിച്ചവുമല്പമതിനക-
മേറ്റുകൊണ്ടാലെല്ലാം നേരെയാകും

എത്ര തനൂജർ മരിപ്പു നിനക്കപ്പോ-
ളെത്ര തനൂജർ ജനിപ്പൂ നിത്യം,

ഒന്നിനെച്ചൊല്ലിക്കരകയും വേണ്ട മ-
റ്റൊന്നിനെച്ചൊല്ലിച്ചിരിക്കയും നീ.

രണ്ടും വരട്ടേയിരവും പകലുമായി;
രണ്ടിലും തേടേണ്ട ഭാവഭേദം

ദൈവത്തെയാവഴിക്കല്ലാതെ വെല്ലുവാ-
നാവതല്ലല്ലോ നമുക്കു ഭദ്രേ!

എന്നും വയസ്സു പതിനാറായുള്ളവ-
നൊന്നുമാ ത്രം മുനി മാർക്കണ്ഡേയൻ.

ഓ രോ പുമാ നേയുമക്കണക്കാക്കുവാ-
നാരോർക്കു, മോർക്കുവതുത്തമമോ?

അത്രയ്ക്കു ദീർഘായുസ്സാവശ്യമില്ലല്ലോ
മർത്യർക്കു നിർവാണസൗഖ്യം നേടാൻ

[ 22 ] <poem>

ചിത്തം തെളിഞ്ഞാലരനിമിഷം മതി; ചിത്തമിരുണ്ടാൽ യുഗങ്ങൾ പോരാ

വിസ്താരം ഹൃത്തിനു വായ്ക്കാതെയെങ്ങെങ്ങ ഹസ്താമലകം തിരഞ്ഞീല ഞാൻ?

എന്നിട്ടൊടുവിൽത്തെളിവുറ്റോരെന്മതി- യെന്നിലെദ്ദീപമെനിക്കു കാട്ടി

ഇന്നു ഞാൻ നിൽക്കുന്നു കാലുറച്ചൂഴിയി- ലെന്നൂടെ തത്വമറിഞ്ഞവനായ്

സോദരീ!ഞാൻ നിനക്കിപ്പോളരുളിന നൂതനജ്ഞാനവിലോചനത്താൽ

നോക്കുക വീണ്ടും നീ മുന്നിൽ, പരേതനാ- മിക്കുമാരൻ നിനക്കാരു വത്സേ?

മാതൃസുതബന്ധമെന്നതിനെന്തർത്ഥം? രോദിപ്പതേവ,ർക്കാരെന്തിന്നായി?

ഭീതിയും ശങ്കയും താപവും താഴ്ത്താതെ നീ തികച്ചും നിൻ സ്വയം‌പ്രഭയിൽ

മൂരിനിവർന്നെഴുനേൽക്കുക കല്യാണി പാരിടത്തിന്നു കെടാവിളക്കായ്!"

നിർവ്വാണപ്രാപകമീ വാഗമൃതമ- സ്സർവാർത്ഥസിദ്ധൻ സമന്തഭദ്രൻ

കാരുണ്യസിന്ധുവിൽനിന്നു ലഭിച്ചൊരാ- ത്താരുണ്യശാലിനിതൻ ഹൃദയം

നിശ്ചലം, മൃഷ്ടം, വികചം, വിശങ്കടം, സ്വച്ഛന്ദജ്ഞാനത്തിൻ സ്വസ്തികമായ്

ലാലസിച്ചീടവേ ചൊന്നാൾ പ്രത്യുത്തരം മൂലപ്രകൃതിപ്രതികൃതിയാൾ:

"സ്വാമിൻ! ജയിച്ചേൻ ഞാൻ; സ്വാമിൻ! ജയിച്ചേൻ ഞാൻ കാമിതം നേടിനേൻ കാരണാത്മൻ!

എൻകിടാവല്ലിതു; ഞാനിതിൻ തായല്ല; ശങ്കിനിയല്ല ഞാൻ; തപ്തയല്ല;

തത്വോപദേശത്താൽ ധന്യയായ്ത്തീർന്നേൻ ഞാൻ

ശുദ്ധോദനാന്വയശുക്ലഭാനോ! [ 23 ]


ഇസ്സംഘാരാമത്തിൽ ഞാനും വസിക്കുന്നേൻ
സത്സംഗമോന്മുഖമെൻ ഹൃദന്തം."

ഏവം വിശാഖയെയാശ്വസിപ്പിച്ചോര-
ദ്ദേവൻ ജയിക്കട്ടെ ശാക്യസിംഹൻ.

അമ്മേ! ഭാരതധരണി! ഭവതിതൻ
നെന്മേനിവാകമലർമടിയിൽ

ധന്യമുത്താനശയനമാർന്നാരോമൽ
സ്തന്യം നുകർന്നവരത്രെ മക്കൾ

ശോകഹർഷാബ്ധികൾ തുല്യമായ് ലംഘിച്ചു
ലോകഗുരുക്കളായ്ത്തീർന്നതില്ല

എച്ചിലിലയ്ക്കു കടിപിടികൂട്ടിപ്പൂ
പശ്ചിമഭൗതികശാസ്ത്രബോധം;

ആപ്പൊട്ടമിന്നാമിനുങ്ങൊളിക്കില്ലൊരു
തീപ്പെട്ടിക്കോലിൻ വെളിച്ചംപോലും!

മദ്ധ്യാഹ്നഭാനുബിംബത്തിൽക്കരിതേയ്ക്കു-
മദ്ധ്യാത്മജ്ഞാനമാം ദിവ്യദീപം

ആ നിൻകിടാങ്ങൾ കൊളുത്തിയതിപ്പൊഴും
ഹാനിപറ്റാതെ സമുജ്ജ്വലിപ്പൂ.

മാതാവേ! മോഹാന്ധർ ഞങ്ങളും നിന്മക്കൾ,
ഹാ താദൃശർക്കു സമാനോദര്യർ.

തിണ്ണമിടുക്കും തൊഴുത്തിൽക്കുത്തുംകൊണ്ടു
തിണ്ണം തെളിഞ്ഞീടും സ്വാർത്ഥലുബ്ധർ!

നിന്മക്കൾ ഞങ്ങളേ വേണ്ടുംപ്രകാരത്തിൽ
നിന്മക്കളാക്കിജ്ജഗത്തു പോറ്റി

കാലവ്യത്യാസത്താലമ്മയ്ക്കു കൈവന്ന
വൈലക്ഷ്യം മാറ്റട്ടേ ദേവദേവൻ.

ഭാരതീയപ്രാർത്ഥന
[തിരുത്തുക]

<poem> രണ്ടായി കൊല്ല,മടർകൊണ്ടുലകം കിടന്നു തിണ്ടാടിടുന്നു; തിരുമേനിയിതെന്തുറക്കം? കണ്ടാലുമിക്കെടുതി; കൺമുനയൊന്നുഴിഞ്ഞു

ഭണ്ഡാന്തകേ! ജനനി! ഭവ്യമിയറ്റിയാലും. [ 24 ]


ഈയാംഗലേയരെയുമായവരോടെതിർക്കും
ഭൂയാതുധാനരെയുമൊന്നു തിരിച്ചുനോക്കി
നീയാർക്കിണങ്ങുമിവരിൽജ്ജയലക്ഷ്മിയെന്നായ്
ന്യായാവകാശവഴി തീർച്ചവരുത്തിയാലും.

ഏതോ നിനച്ചെവിടെയോ പെടുമേവനോ ചെ-
ന്നേതോ നൃപന്റെ സുതനെക്കൊലചെയ്തുപോലും!
ഏതോകണക്കിലുടനൂഴി തനിക്കു നേടാൻ
ചേതോഭിവാഞ്ഛ ബത ! കൈസറുമാർന്നുപോലും!

നൂറ്റിൽപ്പരം സമകൾ ചെന്നോരുടമ്പടിക്കു
കാറ്റിൽപ്പറപ്പൊരു വെറും കടലാസുതുണ്ടും
നീറ്റിൽപ്പതിഞ്ഞ വരയും സമമായി; വാക്കു
മാറ്റിപ്പറഞ്ഞിടുകിൽ മാനവുമായിതിപ്പോൾ!

പീരങ്കിയുണ്ടു; വെടിയുണ്ടകളുണ്ടു; ശാസ്ത്ര-
സാരം കിടക്കുമവിടെ,ബ്ബലമൊന്നു മാത്രം
പാരം കിരീടമണിവോർക്കവലംബമെന്ന-
ന്നേരം കിശോരമതി കൈസർ നിനച്ചുപോയി!

തഞ്ചാരെയെത്തിടുമരാതിയെ നോക്കി ലേശ-
മഞ്ചാതെകണ്ടബല ബെൽജിയഭൂമി ഹൃത്തിൽ
അഞ്ചാമനാകുമൊരു ജോർജ്ജിനെയോർത്തിരുന്നു
പാഞ്ചാലപുത്രി ഭഗവാൻ ഹരിയെക്കണക്കേ.

'പേടിക്കവേണ്ട സഖി! സിംഹപതാക മന്നി-
ലാടിക്കളിപ്പളവതിക്രമബാധയില്ല;
കൂടിക്കഴിച്ചിലിനു ഞാൻ വരു'മെന്നു ചൊല്ലി-
യീടിൽക്കടന്നടരിനാംഗലനാടുമെത്തി.

പാരല്പമെങ്കിലുമടക്കണമെന്നതല്ല;
ചോരത്തിളപ്പിൽ മിഴിമങ്ങൽ വളർന്നതല്ല;
പോരത്രമേൽ ദുരിതമെന്നറിയായ്കയല്ല;
ധീരർക്കു ധർമ്മരതി സൃഷ്ടിയിലുള്ളതല്ലോ.

ആരാണിതിങ്കലപരാധി? കുറെശ്ശെ യുക്തി
പോരാകിലപ്പുറവുമിപ്പുറവും കിടക്കും.
നേരാകമാനമൊരിടം; നെറികേടശേഷം
പാരാതെ മറ്റൊരിട;മിങ്ങനെയെങ്ങുമില്ല.

[ 25 ]


ധർമ്മം ജയിപ്പതു, നശിപ്പതധർമ്മമെന്നു
നർമ്മത്തിനല്ല മറ പണ്ടരുൾചെയ്തതെങ്കിൽ
ശർമ്മത്തിനില്ല വഴി സർവവിരോധിയാമി-
ശ്ശർമ്മണ്യനാട്ടിനതു ഞങ്ങൾ ധരിച്ചിരിപ്പൂ.       

എന്നാലുമെത്രദിനമായിനിയെത്രകൂടി-
ച്ചെന്നാകിലാണവധി?യീയടർമിന്നൽ തട്ടി
മന്നാകമാനമൊരുപോലെ കരിഞ്ഞിടുന്നു;
നിന്നാണെ സത്യമിതു നീയറിയേണമമ്മേ!       

പോരാളിമെയ്ച്ചുടുനിണപ്പുഴയങ്ങൊരേടം;
തോരാതെയുള്ള മിഴിനീർപ്പുഴ മറ്റൊരേടം;
പാരായപാരിലൊരു പാതിവരയ്ക്കുമിന്നു
നീരാടിടുന്നു നിലവിട്ടിവ രണ്ടിലൊന്നിൽ.       

പാരിച്ചിടുന്ന പണമൊക്കെയുമിക്കടുത്ത
പോരിൽപ്പൊരിഞ്ഞു പുകയാകുക കാരണത്താൽ
പാരിങ്കലെങ്ങുമൊരുപോലെ നടന്നു ഘോര-
ദാരിദ്ര്യദേവത കളിച്ചു പുളച്ചിടുന്നു.       

കോയിക്കൽതൊട്ടു കുടിലോളവുമുല്ലസിക്കു-
മീയിൻഡ്യയമ്മയുടെ മക്കളിലെത്ര വീരർ
സ്ഥായിക്കണഞ്ഞരികൾ നിർത്തിന 'വല്യതോക്കിൻ'
വായിൽപ്പതിപ്പു ജനനിക്കഭിമാനമേകി!       

ഏതായിടട്ടെ തൊലി,യുള്ളൊരുപോലെയാണീ-
ശ്വേതാസിതർക്കു വിധി നല്കു‌വതെന്ന തത്വം
വീതാവലേപമടരിൽ ക്രിയകൊണ്ടു കാട്ടും
ഭ്രാതാക്കൾ നിങ്ങൾ ചരിതാർത്ഥരിലഗ്രഗണ്യർ!       

ഒറ്റശ്ശരീരമുയിരോ, പണസഞ്ചി കാശോ,
ചെറ്റങ്ങു പേറുകിലതിന്നവകാശലേശം
മറ്റല്പമാർക്കിവിടെയാംഗലചക്രവർത്തി-
യ്ക്കറ്റംവരെയ്ക്കുമടിയങ്ങളധീനരമ്മേ!       

ആ മാനി ജോർജ്ജന്യവരന്റെ കഴുത്തിലോമൽ-
പ്പൂമാലചേർത്തു ജയലക്ഷ്മി പുണർന്നിടാതേ
നാമാരു പിന്തിരിയു,മക്കടവെത്തുവോള-
മീമാതിരിക്കടരിനിൻഡ്യ തയാറുതന്നെ!       

[ 26 ]


കേൾക്കുന്നു സാദ്ധ്വികൾ പുലർത്തിടുമാർത്തനാദം;
വായ്ക്കുന്ന ദുഷ്ടതവഹിപ്പൊരു വൈരിവൃന്ദം
തോൽക്കുംദിനം വരുവതു,ണ്ടതു നീ കനിഞ്ഞു
നോക്കുന്നുവെങ്കിലിനി വന്നതുതന്നെയമ്മേ!       

ആളെത്ര ചത്തു! പണമെത്ര തുലഞ്ഞു! പോരിൽ
നാളെത്ര പോയി! നലമേറിടുമാംഗലേയർ
ചീളെന്നു നിൻ കരുണയാൽ ജയമേതുകൊണ്ടും
നാളെയ്ക്കു നേടുവതു നേടണമിന്നു തന്നെ       

ഏതുഗ്രമൂർത്തിയെയുമെന്നുമടക്കിവയ്പാൻ
ചാതുര്യമേറിന മിഴിത്തല തെല്ലിളക്കി
നീ തുച്ഛമിപ്പൊഴിതിലിപ്പടയെന്നു ചൊന്ന
ചാദുർദ്ദശത്തിനൊരു ശാന്തി വരുത്തുകമ്മേ!       


ഹീര
[തിരുത്തുക]

<poem> പാതിയും രാവിൽപ്പോയി; പാഴമാവാസ്യപ്പാമ്പു വാ തുറന്നയ്യോ! പാരും വാനവും വിഴുങ്ങുന്നു; അക്കൊടും മലമ്പാമ്പിൻകൂരിരുൾക്കാകോളത്തിൽ- ച്ചിക്കെന്നിച്ചരാചരം സർവവും മൂർച്ഛിക്കുന്നു. തന്മണാളനെത്തേടീ രാത്രിദേവിയാൾ വാടി നന്മുടിക്കെട്ടഴിഞ്ഞു നാലുപാടും ചിന്നുന്നു; രണ്ടു യാമം കാത്തിട്ടും നാഥനെക്കാണാഞ്ഞിട്ട- ക്കൊണ്ടൽ‌വേണിതന്മുഖം മേൽക്കുമേൽക്കറുക്കുന്നു.

രണ്ടുമൂന്നു താരങ്ങളങ്ങിങ്ങു മങ്ങിക്കാൺ‌മു വിൺതമാലക്കാട്ടിലെത്തൈമിന്നാമിനുങ്ങുകൾ. ആയവ താഴത്തേക്കു വീശിന നിഴൽപോലെ രാജഗേഹത്തിൽ ചില റാന്തലുമെരിയുന്നു. തീരെയുൾക്കനംവിട്ടു ദീനരായ്ത്തരളരാ- യാരെയപ്പൊൻ'ഡ്രസ്സ'ണിപ്പാറാക്കാർ പേടിക്കുന്നു? ഇത്തരം ഭീ നിങ്ങൾക്കുമേകുവാൻ പോരുന്നതോ കുത്താകുത്തിരുട്ടിന്റെ കൂത്തടിക്കോലാഹലം? ആയതാവില്ല ഹേതു; പോക നാമകത്തേയ്ക്കു; കായുമൂള്ളോടങ്ങൊരു കാർവേണിയിരിക്കുന്നു ഹാനിയെന്തന്യായമായ്പ്പറ്റിപ്പോയ്ത്തദാനനം? ഹാ! നിശീഥാംഭോജത്തിൻ സാധർമ്മ്യം വഹിക്കുന്നു?

രാജമാനപ്രഭാവയത്തന്വിയല്പം മുമ്പു രാജസ്ഥാനസാമ്രാജ്യലക്ഷ്മിതൻ സപത്നിയാൾ; [ 27 ] <poem> അപ്പൊഴോ ശത്രുക്കളാൽ വഞ്ചിച്ചു കൊല്ലപ്പെട്ട തൽബ്‌ഭർത്താവിനെപ്പിരിഞ്ഞാർത്തയായ്ക്കേഴുന്നവൾ! അയ്യയ്യോ! ചക്രവാകി! തീരാത്തതല്ലോ നിൻ രാ;- വന്യജന്മത്തിൽ മാത്രമായതിൻസൂര്യോദയം. നടകൊള്ളിപ്പു നിന്നെ മടവാർമുത്തേ! വിധി ചുടുകണ്ണീർ തൂകിച്ചു ചുടലക്കളത്തോളം.

 ആയതിൻരോമന്ഥത്ത, ലല്ലവൾക്കപ്പോളാധി,-

യായാതമാമെന്നോർത്താണന്യമാമത്യാഹിതം ആർത്തിപ്പെണ്ണിനെ ദൈവം തക്ക തോഴിമാരോടു ചേർത്തല്ലാതയപ്പീല മർത്ത്യരെപ്പീഡിക്കുവാൻ. ഭാഗ്യമാം സേതു പൊട്ടിപ്പാഞ്ഞീടും കാളിന്ദിതാൻ പാർക്കിലാപ,ത്തെന്നെങ്ങതൊറ്റത്തുള്ളിയായ് വീഴ്വൂ? കൈയിലുണ്ടവൾക്കൊരു കാഞ്ചനക്കറ്റക്കിടാ,- വായപത്യത്തെപ്പെറ്റിട്ടബ്ദം രണ്ടാകുംമുന്നേ മാന്യനാമതിൻതാതൻ മാരിതനായിപ്പോയി! ശൂന്യമായിപ്പോയി തത്സാമ്രാജ്യസിംഹാസനം! ആരകാണ്ഡത്തിൽ കൊന്നു മന്നനെ;ത്തജ്ഞാതീയ- ഗ്ഘോരഘാതകൻ 'നക്രബാഷ്പ'വാരുണാസ്ത്രത്താൽ പൗരരെബ്ബന്ധിച്ചയ്യോ! നിർല്ലജ്ജം വിശ്വസ്തയാ- മാ രാജ്യശ്രീയെത്തന്റെ ശുദ്ധാന്തമാക്കീടിനാൻ. ഭൂമി തൃഷ്ണയാലെത്ര പൂതിഗന്ധമായ്! കാണ്മിൻ സ്വാമിഹത്യയ്ക്കുമീതേ സാധ്വിതൻ ബലാത്കാരം!

 ചെന്തളിരുടന്തടിപട്ടടക്കിടക്കയ്ക്കും

തൻദഗ്ദ്ധമെയ്ക്കും നടുക്കീശ്വരൻ മുൻപേതന്നേ ഹത്യതന്നാത്മാവിനു നൽകായ്‌‌വാൻ വരച്ചിട്ട സത്യവാഗ്രേഖപോലെ ശോഭിക്കും തദർഭകൻ; താരുണ്യോഷഃകാലത്തിൽ സാമ്രാജ്യകിരീടമാ സൂരനെശ്ശിരസ്സിങ്കൽ ചൂടേണ്ട പൂർവാചലം; തൻകുലം വിളക്കിയും താങ്ങിയും നിന്നീടേണ്ട മഗല്യമണിദീപം, മദ്ധ്യമാണിക്യസ്തംഭം, തൻകരത്തൈവള്ളിയിൽത്തത്തിടും മണിത്തത്ത; കൺകുളിർക്കണിത്തൊത്തു; കൈവല്യപ്പൊന്നിൻകുടം ആയതിന്നത്യാപത്തൊന്നാരാവിലാസന്നമെ- ന്നായതാക്ഷിയോടാരോ ചൊൽകയാണശരീരി അന്തരാത്മാവോ? കുലദൈവമോ? മറ്റെന്തൊന്നോ? ഹന്ത തയ്യലാൾ കാണ്മു തദ്വാക്യം ഭൂതാർത്ഥമായ്- എന്തുകൊണ്ടു പാടില്ല? ദുഷ്ടമർത്ത്യനാം ഹിംസ്ര- ജന്തുവിൻ‌തിന്മയ്ക്കുണ്ടോ മാനവും മര്യാദയും? താമരം കോടാലിയാൽ കണ്ടിച്ച കൊടുങ്കൈയ്ക്കു

താമരക്കുരുന്നുതൈ നുള്ളുവാൻ നഖം പോരെ? [ 28 ]

അഞ്ചിടാ, തേതു പാപക്കോഴകൊണ്ടും മന്നന്റെ
പുഞ്ചിരിപ്പൂമ്പട്ടാരു പൂണ്ടിടാൻ മോഹിപ്പീല?
സൂനാഗാത്രനാം തന്റെ സൂനുവിന്നന്നേദിനം
സൂനക്കല്ലായിത്തീരാം സൂതിഗേഹത്തൊട്ടിലും.
'വാതല്ക്ക‌ലാരോ വന്നു മുട്ടുന്നു;' 'ശങ്കിക്കേണ്ട,
ഘാതകന്മാരല്ലതു; യാമികൻ ജഗൽപ്രാണൻ. ട
'ജാലകം വഴിക്കാരോ നോക്കുന്നു;' പേടിക്കേണ്ട,
കാലദൂതരല്ലതു; കട്ടിക്കൂരിരുൾപിണ്ഡം.'

തന്നോടിമ്മട്ടോരോന്നു താനേ സല്ലപിക്കുമ-
പ്പൊന്നോമനത്തയ്യലിൻപൂങ്കവിൾക്കണ്ണാടിയിൽ
നൂനമേതോ വൈവർണ്യം പുത്തനായ് പുളപ്പതും
തൂനെറ്റിത്തിങ്കൾ വേർപ്പിൻ‌തുള്ളിയിൽ‌ക്കുളിപ്പതും
കണ്ടുകണ്ടമ്പരന്നു കല്യയാം തദ്ദാസിയാൾ
കൊണ്ടൽവേണിയോടൊന്നു കൂപ്പുകൈയായോതിനാൾ;
"എന്തമ്മേ! തമ്പുരാട്ടി! യെന്തിപ്പോളാലസ്യമെ-
ന്നെന്നോടു കല്പിക്കണേ! താമസിക്കൊല്ലേ തെല്ലും!
പണ്ടിടപഴകിയ ബാധകൾ വിടുപണി-
കൊണ്ടിരിക്കേണ്ട പുത്തൻമാൽപ്പിശാചിതേതയ്യോ!"
റാണിയോടിമ്മട്ടോതിത്തൻനെറ്റിവേർപ്പൊപ്പിനാൾ
പാണിത്തൂവാലത്തുമ്പാൽ പാവമേ പാവം ദാസി.

അന്യയല്ലല്ലോ സാർവഭൗമസിംഹക്കുട്ടിയെ
സ്തന്യപാനം ചെയ്യിക്കും ധാത്രിയാമത്തന്വിയാൾ,
തന്റെ നായികയ്ക്കൊ‌പ്പം നവ്യവൈധവ്യവ്യഥ
ഹന്ത! പൂണ്ടങ്ങേ വാഴ്വോൾ താനും തൻ കിടാവുമായ്,
വാരിളന്തളിരൊളി വായ്ക്കുമക്കിടാവിൻമെയ്
വാരി മാറിൽ ചേർത്തണച്ചുമ്മവച്ചുപോമാരും.
ആ രണ്ടു മാതാക്കളുമാരോമൽക്കുഞ്ഞുങ്ങളും
ചേരേണ്ടോർതന്നെ തമ്മിൽ വൈരവും പൊന്നുംപോലെ,
തൻകിടാവിൽ ധാത്രിയാൽ ചക്രവർത്തിനിക്കെന്തു
കൈങ്കര്യം തനിക്കവൾ തോഴിയും ജ്യേഷ്ഠത്തിയും!

ഓതിനാൾ റാണി, "യയ്യോ! ഹീരേ! ഞാനെന്തോതേണ്ടു
ഖേദ,മെൻ ഹൃത്തി രാത്രി കാളരാത്രിയായ്ക്കാണ്മൂ!
നിന്മണിക്കൈത്താലോലമാർക്കുള്ളം കുളീർപ്പിപ്പൂ;
നിന്മുലപ്പാലാലാർക്കു നിത്യസൗഹിത്യം വായ്പൂ;
തിങ്കൾനേർമുഖം കോലുമക്കിടാ, വെന്നോമന-
ത്തങ്ക, മെൻ നേത്രാഞ്ജന,മെൻ പ്രാണാധികപ്രാണൻ.
തൂവെൺ പുഞ്ചിരിക്കതിർ തൂകിത്തൂകിത്തൊട്ടിലിൽ
പൂവൽമെയ് തണുപ്പിച്ചു പുണ്യാത്മാവുറങ്ങുന്നു.
ഈ നിദ്രവിട്ടില്ല മേൽകൺമിഴിപ്പെൻപൈതലി-

[ 29 ]

ന്നാ നന്മന്ദഹാസംതാ നന്ത്യമാമാച്ഛാദനം;
എന്നു ഞാനറിഞ്ഞുപോയ് സൂക്ഷ്മമാ, യയ്യോ പിന്നെ-
യെന്നുടപ്പിറപ്പേ! ഞാനേതുമുട്ടുഴലേണ്ടൂ!
ഘാതകന്മാരുണ്ടതാ തയ്യാറായ് വാതിൽ‌,ക്ക”ലെ-
ന്നോതിയും പൊട്ടിക്കരഞ്ഞോരോന്നു പുലമ്പിയും
താഴെ വീണുഴന്നിടും തന്വിയെത്താങ്ങികൊണ്ടു
പാഴുറ്റുത്തരം ദാസി ഭാവജ്ഞ ചൊന്നാളേവം;

"വേണ്ടവേണ്ടമ്മേ! ഖേദം; ഞാനിതിന്നൊരുവഴി
വേണ്ടമട്ടുണ്ടാക്കീടാം; വിശ്വേശൻ തുണയ്ക്കട്ടേ!
തന്നുണ്ണിത്തമ്പുരാന്റെ ചാരുവേഷഭൂഷക-
ളെന്നുണ്ണി പൂണ്ടിപ്പൊഴിത്തൊട്ടിലിൽക്കിടക്കട്ടെ!
ഏതൊന്നിനായ് മാത്രം ഞാ, നേകിനേൻ പിറപ്പവ,-
ന്നേതൊന്നു ചെയ്താലവൻ പൗരനും പുമാനുമാം,
സ്വാമിക്കുവേണ്ടിത്തന്റെ ജീവനെ ത്യജിക്കെന്നോ-
രാ മഹത്താം ധർമ്മത്തെ-യാത്മജന്മോദ്ദേശ്യത്തെ-
ഇപ്പോഴോ പത്തൻപതു വത്സരം കഴിഞ്ഞിട്ടോ
മൽപുത്രൻ സാധിച്ചാലേ മാതാവേ! മതിവരൂ!
പിന്നെ ശ്ശുഭസ്യശീഘ്ര'മെന്നില്ലേ? നടക്കട്ടേ-
യിന്നു വേണ്ടതാം കാര്യമീ മുഹൂർത്തത്തിൽത്തന്നെ.
പങ്കമേ പറ്റാത്തതാം പ്രായത്തിൽ ചെയ്തീടട്ടെ-
യെങ്കിക്കിടാവതിൻകൃത്യമേകാഗ്രഹൃദ്യയമായ്.
തന്നെത്തൻകുലത്തോടും തജ്ജന്മദേശത്തോടും
ധന്യമാക്കീടട്ടേയപ്പൈതലിൻ‌പ്രാണാധ്വരം.
ഇപ്പോഴേ ചക്രവർത്തിക്കൊച്ചുതമ്പുരാനെ ഞാ-
നിപ്പുഷ്പമഞ്ജുഷയിൽ മറ്റൊരു പൂമാലയായ്
വച്ചൊളിച്ചുകൊണ്ടുപോയ്‌ വല്ലേടത്തും ചെന്നെത്തി
നിശ്ചയം വളർത്തുവൻ നിന്തിരുവടിയാണേ!"

ഏവമോതിനാൾ ഹീര-യല്ല, ധീര-യെന്നിട്ടു
ദേവിയെസ്സാകൂതമായ് നോക്കിനാളരക്ഷണം
ആ മഹാരാജ്ഞിയസ്തപ്രജ്ഞയായ്ക്കിടക്കുന്നു;
താമസിച്ചാലോ തെറ്റീ സർവ രക്ഷോപായവും;
നന്മയിൽപ്പെട്ടെന്നുണ്ണിത്തമ്പുരാന്റെ വേഷത്തിൽ-
ത്തൻമണിക്കിടാവിനെത്തങ്കത്തൊട്ടിലിൽ ചേർത്താൽ,
കണ്ടാലും കരഞ്ഞാലും രണ്ടുമൊപ്പംതാനെന്നു
കൊണ്ടാടിവാഴ്ത്തിക്കൊണ്ടാളുൾപ്പൂവാൽ സർവ്വേശനെ,
തന്മുഖം കുനിച്ചതിൻ താരിതൾക്കവിൾത്തട്ടി-
ലമ്മയൊന്നുമ്മവച്ചാ ളശ്രുമുത്തണിയിച്ചാൾ.
ശീഘ്രമായ്പ്പിന്നെക്കൊച്ചുമന്നൻതൻ പൂമെയ്മാല
പ്പൂക്കുടയ്കത്താക്കിപ്പുരിച്ച മോദത്തോടും

[ 30 ]

മറ്റു പൂമാലത്തോഴർ ചൂഴവേ പോയാൽ, കൊണ്ടു
തെറ്റെന്നക്ഷൃഹം വിട്ടു ധീരോദാത്തയാം സതി.
ജയിക്കു രാജഭക്തി നാരിയായ് ജനിച്ചോളേ!
ജയിക്കൂ രാജസ്ഥാനസാമ്രാജ്യം രക്ഷിച്ചോളേ!
എത്രമേലമാവാസ്യക്കൂരിരുട്ടെതിർത്താലു-
മുൾത്തിങ്കൾ മാർഗ്ഗം കാട്ടും; പോക നീ സഹോദരീ!
ചേലിൽ നിൻ ഭാരം സാക്ഷാൽ ശ്രീഭൂകാന്തനെങ്കില-
ക്കാളിന്ദീപ്രവാഹം നിൻ കാല്പടം നനയ്ക്കുമോ?
കേവലം ഭീരുവല്ല നീയിപ്പൊ, ളേതോ മഹാ-
ദേവതാചൈതന്യം നിൻ ദേഹത്തിൽ സ്ഫുരിക്കുന്നു!

വീണില്ല ബോധം റാണിക്ക, പ്പോഴേയ്ക്കുമങ്ങെത്തി
പാണിയിൽ ഖഡ്ഗംപൂണ്ട പാപികൾ രണ്ടാളുകൾ;
പ്രാണിപീഡാരാക്ഷസീപാണിപീഡനം കോലും
ക്ഷോണിതൻ കളങ്കങ്ങൾ; മർത്ത്യമെയ്ക്കശാപ്പുകാർ;
കാലണയ്ക്കേവന്റെയും കണ്ഠഖണ്ഡനംചെയ്തു
കാലനൂണേകീടുന്ന കാരിരുമ്പിൻ‌തുണ്ടുകൾ
കേറിനാർ തുറന്നിട്ട വാതിൽമാർഗ്ഗമായുള്ളിൽ;
തേറിനാർ മഹാരാജ്ഞി സുപ്തയെ, ന്നനന്തരം
തോട്ടിലിൽപ്പതുക്കെപ്പോയ് നോക്കിനാരുറങ്ങുന്ന
കുട്ടിയെ-ദ്ദൈവത്തിന്റെ കോമളപ്രതിമയെ.
പാതിക്കൺ മിഴിച്ചിട്ടും പാതി വാ തുറന്നിട്ടും
പാതി വെൺപൂപ്പുഞ്ചിരിപ്പാൽ മെയ്യിൽ പകർന്നിട്ടും;
ചേലിൽക്കേൾക്കയുംചെയ്താർ പൈതലിൻ രണ്ടോ മൂന്നോ
കാലണിത്തങ്കത്തളക്കാതിമ്പക്കിലുക്കങ്ങൾ.
ജന്തുജീവാപഹാരം നിത്യകർമ്മമാവോരോ-
ടെന്തുതാനാക്കാഴ്ചയ്ക്കും കേൾവിക്കും സാധിക്കാവൂ?
ചെന്തീക്കും ശുഷ്കമാകുമിന്ധനത്തൊടാം പ്രിയം;
ഹന്തുകാമന്നോ തുല്യം ഡിംഭനും സ്ഥവിരനും!
മറ്റെന്തുരപ്പൂ രണ്ടു മാരണക്കാർകൊണ്ടലും
തെറ്റെന്നു ഹാഹാ! തൻ കൈമിന്നൽ വാളുലയ്ക്കുന്നു;
താഴുന്നു ചെന്നൊന്നതിൽത്താരൊളിത്തങ്കത്തിന്റെ
പാഴറ്റു വായ്പോരിളങ്കണ്ഠകന്ദളത്തിങ്കൽ.
തൃഷ്ണയാം പിശാചിയെത്തൃപ്തയാക്കാനക്കൂട്ടർ
പൊട്ടിച്ച ഗൗരീഗാത്രത്തേങ്ങതൻ മുറിരണ്ടും
ചുറ്റുഭാഗവും കാൺമൂ ശോണമാ, യുഴിഞ്ഞിട്ട
തെറ്റിപ്പൂക്കളാൽപ്പോലെ, ചെഞ്ചോരക്കണങ്ങളാൽ
സ്വാമിക്കായ് പ്രാണാഹുതി ശൈശവത്തിലേ നൽകു-
മാ മണിക്കുഞ്ഞിൽദേഹിയംബരത്തിൽ പാഞ്ഞുപോയ്
പുത്തനാം നക്ഷത്രമായ്-ദൈവത്തിൻകരത്തിൽ നി-
ന്നിത്രിലോകി നേടിന കീർത്തിമുദ്രയായ്‌മിന്നി

[ 31 ]

"ചങ്ങാതി! കാണെൻ വാളിൽച്ചായമേ പുരണ്ടില്ല;
മങ്ങാതെ കാച്ചെട്ടെയോ തള്ളതൻ കഴുത്തു ഞാൻ?"
"വേണ്ട വേണ്ടപ്പാ! പോരും; വേണമെന്നാലെൻ വാളു
പൂണ്ടു പൊയ്ക്കൊൾകേവേണ്ടു മന്നവൻ തന്മുന്നിൽ നീ."
എന്നോതിക്കൊണ്ടു ദുഷ്ടർ തദ്‌ഗൃഹം വിട്ടീടിനാർ;
പൊന്നോമലാൾ റാണിയും മൂർച്ഛവിട്ടെഴുന്നേറ്റാൾ.

ഭിമമാകുമക്കാഴ്ച ദേവിതൻ കനീനികാ-
തോമരം‌പോലെ കണ്ടാൽ; വാവിട്ടു മുറയിട്ടാൾ;
ഹീരതൻ ലോകോത്തരസ്വാമിഭക്തിയോർത്തപ്പോ-
ളാ രുക്മഗാത്രിക്കാധിയായിരം മടങ്ങേറി;
"എന്തപൂർവസാഹസംചെയ്തു നീ ഹാഹാ! ഹീരേ?
ഹന്ത! നിൻപൈതലെന്റെ മൗഢ്യത്താൽ മരിച്ചല്ലോ!
ആരാന്റെയും കുഞ്ഞിനായ് തൻകിടാവിനെബ്ബലി-
ക്കാരേകും പെറ്റമ്മമാർ? ഭീമം നിൻ സ്വാർത്ഥത്യാഗം!
എൻകിടാവിന്റെ കുറ്റം മന്നനായ്പ്പിറന്നതാം,
നിൻകിടാവെന്തുചെയ്തു മൂഢഗർഭമായ്ത്തീരാൻ?
ഹാ, ജഗത്തിൻ മംഗലപ്പൊൻവാടാവിളക്കു നീ;
രാജസ്ഥാനേശവംശപ്രതിഷ്ഠാപയിത്രി നീ;
ത്യാഗസാമ്രാജ്യത്തിന്റെ ധന്യചക്രവർത്തിനി;
ഭൂഗർഭപൂർവപുണ്യശുക്തികാമുക്താമണി!
ഹീരേ! മദ്വയസ്യേ! മൽസോദരി! മന്മാതാവേ!
പാരേഴുരണ്ടാലും നിൻ പാദകാണിക്കയ്ക്കാമോ?
ഓമനേ! തനിത്തളിൽത്തങ്കമേ! ഹാഹാ! നിന്റെ
കോമളപ്പൂമെയ്യിലോ ഘോരമാം ഖഡ്ഗം വീണു?
പാതിയേ വിരിഞ്ഞുള്ളൂ പൈതലേ! നിന്മുട്ട നീ,
യേതുമട്ടയ്യോ! പറന്നെത്തുന്നു വാനിൽപ്പിന്നെ?
നവ്യമാം സന്താനത്തിൻ നാമ്പടച്ചല്ലോ വിധി
ദിവ്യനിർത്സരവക്ത്രം ചെങ്കല്ലാൽ പടുത്തല്ലോ!"
എന്നുരച്ചു പിന്നെയും മോഹിച്ചാൾ മഹാരാജ്ഞി
.....................................................................
വന്നുദിക്കുമോ വേഗം വല്ലമട്ടിനും സൂര്യൻ?

പോരും നീ ഞെളിഞ്ഞതു പൊട്ടക്കൂരിരുട്ടേ! നിൻ
മാരണശംഖൂതുന്നു മന്ദ്രമായ്‌പ്പൂങ്കോഴികൾ.
ധർമ്മദ്രോഹിയാം നിന്നെത്തച്ചുകൊല്ലുവാൻതന്നെ
കർമ്മസാക്ഷിസ്വാമിതൻ കല്യാണകാല്യോദയം
ചെന്തീയിൽപ്പഴുപ്പിച്ച മുഗ്ദരം ചിത്രായസം
നിൻതലയ്ക്കാഞ്ഞോങ്ങുന്നു ലക്ഷോപലക്ഷം വിഭു
നിൻകള്ളക്കരിമ്പൂച്ചു നീങ്ങിപ്പോയ് ലോകത്തിങ്ക-
ലങ്കുരിക്കയായ് വീണ്ടുമസ്തനിദ്രമാം ബോധം!

[ 32 ]

അത്യുൽക്കടാംഹശ്ശാഖിയപ്പൊഴേ ഫലം കായ്ക്കു-
മിത്തത്വമാ പ്രത്യൂഷം വ്യക്തമായ് വ്യാഖ്യാനിച്ചു.
യോഗ്യനായ് രാജ്യംവാഴും ദ്രോഹിതാൻ തത്സ്വാമിതൻ
പാഴ്ക്കൃതാന്തനെന്നപ്പോൾ പൗരന്മാർ ബോധിക്കയായ്,
തൽസുതൻതന്നെക്കൊൽവാൻ ധാർഷ്ട്ര്യവാനാമപ്പാപി-
ക്കൗൽസുക്യം തലേദ്ദിനം വാച്ചതും ധരിക്കയായ്.
സംഘംചേർന്ന ദുഷ്ടനെസ്സക്രോധം വധിച്ചാര-
സ്സംവർത്തകാലോന്മീലച്ചണ്ഡസ്പ്താർച്ചിസ്സുകൾ.
ചേണുറ്റ സിംഹാസനം വാഴുവാൻ ദൈന്യം‌വാച്ച
റാണിയെത്താൻ കല്പിച്ചാർ രാജഭക്താഗ്രേസരർ.

റാണിയും മന്ത്രീന്ദ്രരാൽ ചൂഴപ്പെട്ടുടൻ ഹീര
വാണിടും ഗൂഢസ്ഥാനം പ്രാപിച്ചാൾ ദുഃഖാർത്തയായ്.
ശങ്കവിട്ടമ്മങ്കതന്നങ്കപര്യങ്കത്തിങ്കൽ
തങ്കുന്നു തൻകൺമണി രിംഖൽ തങ്കക്കിങ്കിണി.
തന്റെ വംശസ്ഥാപനം സാധിച്ച തൻദാസിയെ-
യിണ്ടൽ‌പൂണ്ടശ്രു വാർത്തു മാറിൽച്ചേർത്തണച്ചവൾ
ഉണ്ടായവൃത്തമൊട്ടുക്കോതിനാളൊരുമട്ടിൽ-
ത്തൊണ്ടയിൽ തടഞ്ഞീടും വാക്കാലുമാംഗ്യത്താലും.
ആ വർത്തമാനം കേട്ടാളാദ്യന്തം മനസ്വിനി
ഭാവഭേദമേശാതെ, ധന്യയായ്, സംതൃപ്തയായ്.
തന്മണിക്കുഞ്ഞിൻ നഷ്ടം തപ്തബാഷ്പം വീഴാതെ-
യമ്മങ്ക കാതാൽ വാങ്ങിജ്ജന്മസാഫല്യം പൂണ്ടാൾ
'ഹീരേ! മദ്ധീരേ! പോകാം കോലകത്തേ'യ്ക്കെന്നോതു-
മാ രാജ്ഞിയാളെത്തടുത്തപ്പുറമുണർത്തിനാൾ:
'സ്വീകരിച്ചാലും ശീഘ്രം! സ്വീകരിച്ചാലും ദേവി!
ലോകാനന്ദകന്ദമാമീയോമൽക്കിടാവിനെ.
ഈ മണിത്തിങ്കൾത്തെല്ലിൻ പൂനിലാവിനാൽ മേന്മേൽ
വ്യോമവും പാരും നേടും ശൈത്യവും ധാവള്യവും.
കുട്ടനെക്കൈയാൽ വാങ്ങിക്കൊണ്ടുപോയ്‌ക്കൊട്ടാരത്തിൽ
ഭട്ടിനി! വളർത്താലും! ഭാവുകം ഭവിക്കട്ടെ!
ഞാനെന്റെ ജന്മോദ്ദേശം സാധിച്ചോൾ; മേലെന്തിനി-
ക്കൂനമറ്റനുഷ്ഠിപ്പാനൂഴിയിൽ കൃത്യാന്തരം?

അങ്ങതാ!-വാനത്തുനിന്നൻപാർന്ന നിൻ‌തായെയെൻ
മംഗലപ്പൊൻപൈതലേ! മാടി നീ വിളിക്കുന്നോ?
എന്മുലപ്പാൽ ഞാൻ നിനക്കേകുവാനിതാ വന്നു!
കണ്മണി! കരയാതെ കാൽക്ഷണം കിടക്കണേ!,
എന്നോതിയെങ്ങോ പോവാൻ തയ്യാറായ് നിന്നാൾ ഹീര;
തന്നോടു ചൊല്ലും തത്ത്വം രാജ്ഞിയും ധരിച്ചീല.
"ഹീരേ! ഹാ| ഹീരേ! നീയെന്തോതുന്നു പിച്ചും ഭ്രാന്തും?
പോരൂ, പോരെന്നോടൊപ്പം കോലകത്തേയ്‌ക്കെൻസഖി!

[ 33 ]

ഇത്തങ്കത്തിനാരമ്മ നീയല്ലാതെന്നോമനേ!
ദുഗ്ദ്ധാന്നദാനംകൊണ്ടും മൃത്യുഭീത്രാണംകൊണ്ടും?
വാഴിപ്പൻ നിന്നെത്തന്നേ റാണിയായ് ഞാനെന്നിഷ്ട-
തോഴീ! യയ്യോ! വേർപെട്ടുപോകൊല്ലേ! പോകൊല്ലേ! നീ!"
ഓരോന്നു ചൊന്നാൾ റാണി, ഹീരതൻ ചെവിക്കുള്ളിൽ
തീരെയാ വാക്യങ്ങൾക്കു ചെന്നെത്താൻ സാധിച്ചീല;
സ്വാമിഭക്ത്യാദർശമായ് ശോഭിച്ചോരദ്ദാസിയാൾ
കാമമാത്മജപ്രേമം മൂർച്ഛിക്കും മാതാവപ്പോൾ.
രാജ്ഞിയെസ്സാഷ്ടാംഗമായ് മേൽക്കുമേൽ വണങ്ങിയ
പ്രാജ്ഞി-പോരല്ലോ പ്രാജ്ഞ-യാ സ്ഥലം വെടിഞ്ഞുടൻ
തോക്കുവിട്ടു പാഞ്ഞീടുമുണ്ടയേക്കാൾ വേഗത്തി-
ലൂക്കെഴും സമീപത്തെ, യാറ്റിൽപോയ്ച്ചാടീടിനാൾ
പേർത്തുമാ സ്ഥലത്തുണ്ടാം ബുദ്ബുദങ്ങൾ ചെയ്തതാ-
മൗർദ്ധ്വദേഹികപ്രസംഗാന്തത്തിങ്കൽ മാത്രമേ
റാണിക്കും മറ്റുള്ളോർക്കുമങ്ങെത്താൻ കഴിഞ്ഞുള്ളു;
ക്ഷോണി മന്ദഭാഗ്യയായ്; തദ്ദീപം പൊലിഞ്ഞുപോയ്.
ചെന്നവർ പുഴശ്ശവക്കല്ലറയ്ക്കകം ചേർത്താർ
കണ്ണുനീർക്കണക്കുടമുല്ലത്തൂമലർമാല്യം.
ഏറ്റവും വിലപിച്ചു വാങ്ങിനാർ പിന്നെത്തിരി-
ച്ചാറ്റോളമനുയാത്രയെന്നല്ലോ പഴമൊഴി.

ഹീരയെദ്ദഹിപ്പിച്ച ദിക്കിൽത്തൽസ്മൃതിക്കായി,-
ച്ചാരുവാമൊരാലയം റാണിയാൾ തീർത്തീടിനാൾ.
അന്നന്മഠത്തെക്കാണാമാറ്റുവക്കത്തിപ്പോഴും
മന്നാം പാന്ഥാശ്രമത്തിൽ മഞ്ജുളാലേഖ്യംപോലെ.

മഹാമേരുവിന്റെ മനസ്താപം
[തിരുത്തുക]

മേരുമേരുവെന്നുള്ള പേരുപൂ,ണ്ടില്ലേ മഹാ-
ചാരുരൂപനാമൊരു ശൈലരാജൻ?
അജ്ജഗജ്ജോതിസ്സാകുമദ്രിതൻമേൽപ്പണ്ടൊരു
കൊച്ചടയ്ക്കാക്കുരുവി കൂടുകെട്ടി.
വേരിലും സ്കന്ധത്തിലും കൊമ്പിലും പുതുമഞ്ഞ-
ത്താരിടതിങ്ങിനിൽക്കും കണിക്കൊന്നയിൽ
ഓമനമന്ദാകിനിത്തൂമലർമണംതൂകും
തൈമണിക്കുളിൽക്കാറ്റിൻ തലോടലേൽക്കെ
പാടിയും പക്ഷം വിരിച്ചാടിയും ബ്രഹ്മാനന്ദം
നേടിയും വാണീടുമച്ചെറുകിളിയെ
സ്വപ്നസൗഖ്യത്തിൽനിന്നും ശ്രോത്രശല്യമാമേതോ
തപ്തദീർഘശ്വസിതം തടഞ്ഞുണർത്തി

[ 34 ]

ആ നെടുവീർപ്പു സാക്ഷാലദ്രിസമ്രാട്ടാം രത്ന-
സാനുവിൻ ഹൃത്തട്ടിൽനിന്നുയർന്നതത്രേ.
ആശ്ചര്യമത്യാശ്ചര്യമായതിൻ മൂലമെന്തേ-
ന്നാച്ചെറുപക്ഷിയോർത്തോർത്തമ്പരന്നു.
ഏതും പൊരുൾ തിരിയാഞ്ഞേറുമാ യാതനതൻ
ഹേതു ഹേമാദ്രിയോടു ചോദ്യം ചെയ്തു;
"എന്തന്തെന്തെൻ പിതാവേ! കേൾപ്പതെൻ‌ചെവി? ദുഃഖം
നിന്തിരുമേനിയിലും നിലീനമെന്നോ.
സാനുവും നിതംബവും ശൃംഗവുമാമൂലാഗ്രം
നൂനമങ്ങേയ്ക്കു പൊന്നും മണിയുമല്ലേ?
സൂര്യബിംബവും സാക്ഷാൽ ശൗരിതൻ തൃച്ചക്രവു-
മാര്യനാമങ്ങേശ്ശിലാശകലമല്ലേ?
ഇത്രിലോകത്തയ്യലിന്നങ്ങല്ലേ മാർത്തട്ടിലേ
മുത്തണി...യും കെടാവിളക്കും?
നന്ദനാരാമംവിട്ടു നാഥരൊത്തെത്തും നാക--
സുന്ദരിമാർക്കെങ്ങല്ലേ സുഖൈകഗേഹം?
കാമമെന്തങ്ങേക്കിനിക്കൈവരേണ്ടതൊന്നുള്ളൂ
കാമനീയകക്കതിർക്കളിത്തിടമ്പേ?

ഓതിനാൻ പ്രത്യുത്തരമുത്തമാദ്രീന്ദ്രൻ: "അഴ-
ലേതെനിക്കെന്നോ? കേൾ നീ! കിളിക്കിടാവേ.
മുന്നം ഞാനുണ്ടായനാൾ മുറ്റുമെൻമെയ്യിങ്കലും
നിന്നോടോപ്പം രണ്ടസ്സൽച്ചിറകിരുന്നു
അച്ചിറക്-അയ്യയ്യോ! മദ്‌ഭാഗ്യവിപര്യയമേ!‌-
വജ്രമുലച്ചു വെട്ടിക്കളഞ്ഞു ശക്രൻ.
ഞാനവനോടൊന്നിനും പോയതി"ല്ലെന്നന്വയ-
മൂനപക്ഷമാക്കാനന്നുഴറി വജ്രി.
ആ വഴിക്കേറ്റു ഞാനും ഹാ! ശതകോടിപാത-
മാവാതെ'ന്തന്നുമുതൽക്കിവണ്ണമായി.
എന്തിനു ദൈവമെനിക്കേകിയാപ്പക്ഷച്ഛദം?
എന്തിനു പിന്നീടതു തിരിച്ചെടുത്തു?
സൂരദത്തമാം പക്ഷം സുന്ദരം വീണ്ടുമാർന്ന
ശൂരസമ്പാദി വത്സൻ സുകൃതിതന്നെ;
ആവിധമൊരു മോക്ഷമാരെനിക്കേകുന്നു? ഞാൻ
ഹാ! വിധേ! ജീവച്ഛവം കടശ്ശിയോളം!
വാസവൻ വാനോർകുലനാഥനെന്നെത്തൻസുഖ-
വാസഗേഹമായിത്തീർപ്പൂ മഹാമദാന്ധൻ;
ആയിരമുണ്ടെങ്കിലുമക്ഷിയെന്നുൾത്തട്ടിലെ-
ത്തീയവൻ കാണുന്നീല ദയാദരിദ്രൻ.
ആർപ്പും വിളിയുമാളും തദ്വധുക്കൾക്കെൻ നെടു-

[ 35 ]

വീർപ്പു കേൾപ്പാനുണ്ടാമോ ശ്രവണരന്ധ്രം?
വേണ്ട,വരെന്നെക്കൊണ്ടേ മേൽക്കുമേൽ സുഖിക്കട്ടേ;
വേണ്ടമട്ടതിൻപുണ്യമെനിക്കു ചേരും
മുപ്പുരം ലോകങ്ങളേ മുറ്റുമട്ടുലയ്ക്കവേ
ചില്പുമാൻ ശർവനെന്നെക്കുലവില്ലാക്കി
ഇന്ദ്രനെപ്പാലിച്ചില്ലേ? വെന്നതാരന്നേദ്ദിനം?
ഛിന്നപക്ഷനാം ഞാനോ? കുലിശഭ്യത്തോ?
പാദപം പാദപമായ് നിൽക്കുകിൽക്കുളിർനൽകും;
പാഴ്വിറകായ്പ്പതിച്ചാൽ കുളിരകറ്റും,
ചേലിലുമതിന്മട്ടു മാലിലും സത്തുക്കൾ തൻ
വേലയൊന്നത്രേ നൂനം-പരോപകാരം.
ആകയാൽ ശതമന്യുവാശപോലെന്മെയ്യിൽ വാ-
ണാകവേ പുണ്യഫലം ഭുജിച്ചിടട്ടെ;
നഷ്ടമെല്ലാമങ്ങോർക്കും ലാഭമെല്ലാമെനിക്കും
വിഷ്ടപേശൻ നൽകുന്നു വിചിത്രവൃത്തൻ!
എങ്കിലും വല്ലപ്പോഴുമെൻ ചിറകില്ലെന്നുള്ള
സങ്കടംതള്ളിക്കേറിത്തലക്കൊള്ളുന്നു;
പക്ഷമൂലം ശൂന്യമായ്പ്പാർത്തുകാണവേ ചിത്തം
തൽക്ഷണം വല്ലായ്മയ്ക്കു വശപ്പെടുന്നു.
വത്സ! നീ പക്ഷം വിരിച്ചാടവേ നിന്നെക്കണ്ടു
മസമാധാനത്തിനൊരിടച്ചിൽ വന്നു.
പള്ളിവില്ലാക്കീടിന ഭർഗ്ഗനൊരമ്പായെന്നെ
ത്തള്ളിവിട്ടീലല്ലോ! ഞാൻ തനിച്ച പാപി!
അങ്ങനെയായിരുന്നാലക്ഷണം വീണ്ടുമൊരു
ജംഗമമായേനേ ഞാൻ; ജയംപൂണ്ടേനേ.
അന്തരീക്ഷത്തിൽപ്പറന്നർദ്ധനിമേഷം വാഴ്‌വാൻ
ഹന്ത! പറ്റീലല്ലോ! ഞാൻ ഹതവിഭവൻ?
എന്നതു നിൻകാഴ്ചയാലെൻ മനമോർത്തത്രേ ഞാ-
നിന്നെടുവീർപ്പിട്ടതെൻ സഹോദരനേ!
ഹാ! ചരമായ്പ്പിറന്നു ഞാൻ വെറുമചരമാ-
യീ ജഗത്തിലെത്രനാൾക്കഴിച്ചുകൂട്ടും?
ജന്മമയ്യയ്യോ! പാഴാമിമ്മലയ്ക്കുപയോഗം
പൊന്മണികളാലെന്തു വരേണ്ടതുള്ളൂ?
ഭാരമേ ഭാരമിവ പാരിനുമെന്മേനിക്കു-
മാരിവയ്ക്കായ്‌ത്തിരിച്ചെൻ ചിറകു നൽകും?
ഈക്കഥ നീ കേട്ടതായ്‌വയ്ക്കവേ വേണ്ട; പാട്ടു
കീഴ്ക്കടപോലെ പാടിത്തകർക്കൂ കുഞ്ഞേ!"

 ഏവമോരോന്നു ചൊല്ലിദ്ദേവതാത്മാവാകുമ-
സ്ഥാവരസാർവഭൗമൻ വിരമിക്കവേ,

[ 36 ]

"ദൈവമേ! നിഷ്പക്ഷൻ നീ; നിൻ വരവിതരണ-
മേവനിലും തുല്യം" എന്നെടുത്തുകുറി
ത്രോടിവിടുർത്തി വീണ്ടുമീശ്വരനെപ്പുകഴ്ത്തി-
പ്പാടിയുമാടിയുമപ്പതത്രി വാണു.


ഒരു വീരമാതാവ്
[തിരുത്തുക]

പെരുമ്പടപ്പൂഴി പടർന്നിരുന്ന
പെരുമ്പടപ്പൂഴിയിൽ മുമ്പൊരിക്കൽ
കോയിക്കലുച്ചയ്ക്കമറേത്തിനായ്ച്ചെ-
ന്നിരുന്നു രാജന്യകുമാരനേകൻ.       1

അടർക്കളം തേടിനൊരഗ്രജർക്കു-
ള്ളനന്തരോദന്തമറിഞ്ഞിടാതേ
പൊന്നുണ്ണിതൻ പൂങ്കവിൾ വിട്ടിരുന്നു
താരുണ്യമർപ്പിച്ച ചുവപ്പുചായം.       2

ദുരന്ത ചിന്താവിഷമജ്വരത്താൽ
ദൂനൻ നൃപന്നപ്പൊളടിക്കലത്തിൽ
കായം കുറെ കൈക്രിയ കാട്ടിയാലും
പ്രാണൻ രണക്ഷോണിയിലായിരുന്നു.       3

മനസ്വിനീമൗക്തികമാലയായ
മാടക്ഷമാമണ്ഡലഭാഗ്യലക്ഷ്മി
തൻതൈക്കിടാവിങ്കലണച്ചിരുന്നു
താല്പര്യവിസ്താരിതദൃഷ്ടിപാതം.       4

ഓടിക്കിതച്ചെത്തിന ദൂതനേക-
നൊരോലയപ്പോൾത്തിരുമുമ്പിൽ വച്ചു:
അവന്റെ കണ്ണീരിൽ നനഞ്ഞൊരക്ക-
ത്തച്ഛപ്രകാശാക്ഷരമായിരുന്നു.       5

ഒറ്റക്കരം സ്വല്പമൊരന്നഗോളം;
മറ്റേക്കരം മർമ്മഗപത്രബാണം;
ഇമ്മട്ടിലേന്തും പ്രഭുവിൻ വയസ്സ-
ന്നേറെക്കവിഞ്ഞാൽപ്പതിനെട്ടുമാത്രം!       6

സ്വദുർല്ലലാടാക്ഷരമാലതന്റെ
സൂക്ഷ്മപ്രതിച്ഛന്ദകമെന്നപോലേ
കാണായൊരപ്പത്രമെടുത്തു നോക്കീ
കരൾത്തുടിപ്പേറിന കാശ്യപീന്ദു.       7

[ 37 ]

"പകച്ചിറങ്ങിപ്പടവെട്ടിയെന്റ
രണ്ടേട്ടരും പെട്ടരുളിക്കഴിഞ്ഞു;
അങ്കം നടക്കുന്നു മുറയ്ക്കു; തായേ!
ഞാനെന്തു മേൽ വേണ, മതോതിയാലും."       8

എന്നോതി വീർപ്പേറിയിടയ്ക്കു വാക്കു
തട്ടിത്തടഞ്ഞോരു കഴുത്തുയർത്തി
തപ്താശ്രു തങ്ങും മിഴിരണ്ടുമോമൽ-
ത്തങ്കക്കുടം തായുടെ നേർക്കയച്ചു.       9

സന്ധ്യാംബരംപോലെ മകന്റെ നോട്ടം
ശങ്കാതമിസ്രാങ്കമിയന്നു കാൺകേ
തണ്ടാർ തള,ർന്നാമ്പൽവിരിഞ്ഞിടാത്ത
വാപിക്കു നേരായ് ജനനിക്കു വക്ത്രം.       10

ആ വീരമാതാവിനതേവരയ്ക്കു-
മപത്യവാത്സല്യമനോരമങ്ങൾ
ആ ലാക്കിൽ നേത്രങ്ങൾ പകർന്നു കാണാ-
യാക്ഷേപരൂക്ഷേക്ഷണദക്ഷിണങ്ങൾ.       11

വളഞ്ഞ ചില്ലിക്കൊടി ചൊവ്വിൽവച്ചും
വഹ്നിസ്ഫുലിംഗം മിഴികൊണ്ടുതിർത്തും
മകന്റെനേർക്കമ്മ വലിച്ചുവിട്ടാൾ
വാഗ്രൂപമായുള്ളൊരു വജ്രബാണം.       12

"എന്തോതി നീയെന്മകനേ? 'മരിച്ചു
രണ്ടേട്ടരും; ഞാനിനിയെന്തുവേണം?'
എന്നോ നിനക്കമ്മയെയെന്നെനോക്കി-
ച്ചോദിക്കുവാൻ തോന്നിയ ചോദ്യമിപ്പോൾ?       13

ആദ്യം കുലോദ്ധാരകരാകുവാൻ ര-
ണ്ടാണ്മക്കളുണ്ടായ്ച്ചരിതാർത്ഥയാം ഞാൻ
തദ്ദൃഷ്ടിദോഷം മറവാനൊടുക്കം
പെൺപെട്ടയെ പെറ്റൊരു പൊട്ടിയായി!       14

കാഴ്ചയ്ക്കതും പുരുഷനെന്നു തോന്നി;
കാര്യംവരുമ്പോളൊരു ഭീരുമാത്രം!
തങ്കത്തിനും പൂച്ചിനുമുള്ള ഭേദം
ശാണോപലാന്ദോളനവേള കാട്ടി!       15

അന്തഃപുരത്തിന്നകമക്കിടാവു
കണ്ണും നിറച്ചിന്നു കരഞ്ഞിടട്ടേ;
അല്ലതെയെന്തെൻ രസനയ്ക്കുരയ്ക്കാം?
അവീരയാം ഞാനസഹായയല്ലോ.       16

[ 38 ]

'ഞങ്ങൾക്കു മാനം കുലദൈവ'മെന്നു-
ള്ളാദർശവാക്യം പൊരുളുള്ളതാക്കി
മാടക്ഷമാനാഥരിതേവരേയ്ക്കും
വാണാർ; അതയ്യോ! നിഗദോതിമേലിൽ!       17

തടുത്ത നിൻ ജ്യേഷ്ഠരെ വെട്ടിവീഴ്ത്തി-
സ്സാമൂതിരിപ്പാടടരാടിടുമ്പോൾ
കണ്ണുംമിഴിച്ചിങ്ങനെ നിൽക്കയെന്നോ
കർത്തവ്യമൗഢ്യാന്തരിലഗ്രഗൻ നീ?       18

തേജോധനം ക്ഷത്രിയജന്മമാണു
ജഗത്തിൽ നീയിന്നു ചരിപ്പതെങ്കിൽ
എൻപൈതലേ! നിൻ കരളിന്നിതല്ല
സന്ദേഹദോലാവിഹൃതിക്കു കാലം.       19

ദൂരത്തിലെങ്ങോ പടപോലു, മിങ്ങു
പൊക്കുന്നു വെള്ളക്കൊടി നിൻകപോലം!
ഇത്താളിലോ മാറ്റലർ നിൻകുലത്തിൻ
കീർത്തിക്കൊലച്ചീട്ടു കുറിച്ചിടേണ്ടൂ?       20

ഈ മാടരാജാന്വയ,മെന്റെ കുക്ഷി,
മരിച്ചൊരേട്ടർക്കു സഗർഭ്യഭാവം
നിൻജന്മ, മിച്ചൊന്നതിനൊക്കെ മേന്മ-
യേകുന്ന ഘണ്ടാപഥമേകുമല്ലോ!       21

ശ്വാസംവിടും ശുഷ്കശവങ്ങളെത്ര
മണ്ണോടു മണ്ണായ് മറവാർന്നിടാതെ
പെറ്റമ്മയാം പാരിനു മാലണയ്പ്പൂ
ഭൂയിഷ്ഠദുർഗ്ഗന്ധമലീമസങ്ങൾ!       22

അഖണ്ഡചൈതന്യജനുസ്സുമൂല-
മക്ഷയസൽകീർത്തിവപുസ്സു നേടി
കാലജ്ഞ ലംഘിപ്പവരേറെയില്ല
കല്യാണധാമാക്കൾ മൃകണ്ഡുപുത്രർ.       23

ശ്വസിച്ചു ചാകുന്നതിലെത്ര മെച്ചം
മരിച്ചു ജീവിപ്പതു മന്നിടത്തിൽ!
അതോർത്തു നീ ചെയ്യുക നിന്റെ ധർമ്മം:
അങ്ങേപ്പുറത്തെക്കധികാരി ദൈവം!       24

മാടക്ഷിതിദ്രൗപദിതൻപുകൾപ്പ-
ട്ടരാതിദുശ്ശാസനനാരഴിക്കും?
അസ്സാദ്ധ്വിതന്നാർത്തനിനാദമെത്തീ
പൂർണ്ണത്രയീശശ്രുതിമണ്ഡലത്തിൽ."       25

[ 39 ]

ആദ്യത്തിൽ നിന്ദാരസതിക്തമായു-
മനന്തരം വത്സലചതുരമായും
തൻമാതൃവാഗാമലകീഫലത്തെ
മന്നന്റെ കർണ്ണം സുഖമായ് ഭുജിച്ചു.       26

അടിക്കലം വിട്ടെഴുനേറ്റു ശീഘ്രം
കൈവറ്റുകൂടിക്കഴുകാതെ മന്നൻ
തൻവാൾ വലിച്ചൂരിയുലച്ചുകൊണ്ടു
സംഗ്രാമികക്ഷോണിയിലേക്കു പാഞ്ഞു.       27

കണ്ണീർക്കണത്താൽ നനയാതിരുന്ന
കൈയക്കുമാരൻ രണഭൂവിലെത്തി
പ്രക്ഷാളനംചെയ്തു വിപക്ഷസേനാ
കണ്ഠസ്ഥലീഗൈരികനിർത്സരത്തിൽ.       28

അടർക്കളപൊയ്കയിലുല്ലസിച്ചൊ-
രരാതിഭൂപാലയശോമൃണാളം
അന്നാൾ ബുഭുക്ഷയ്ക്കടിപെട്ടിരുന്നൊ-
രാ രാജഹംസം വഴിപോലശിച്ചു.       29

രണാങ്കണത്തിങ്കലസുക്കളറ്റു
വീണാൻ നൃപൻ സാധിതപൂരുഷാർത്ഥൻ;
കല്യാണമാല്യം ജയലക്ഷ്മി ചാർത്തീ
വീരവ്രണം മിന്നിന തൻഗളത്തിൽ.       30

തത്ത്വചിന്ത
[തിരുത്തുക]

ന്നവൻതന്മുടിത്തങ്കകിരീടത്തിൽ
മിന്നിത്തിളങ്ങുന്ന വൈരങ്ങളേ!

ഒന്നു വല്ലപ്പോഴുമോർകുകപോലുമി-
ല്ലുന്നതർ നിങ്ങൾ കഴിഞ്ഞകാര്യം.

ആദിത്യരശ്മിയടുക്കലണയാത്ത
പാതാളലോകപ്പടുകുഴിയിൽ

കൂരിരുട്ടിൽപ്പെട്ടു, ദുർവിഷക്കാറ്റേറ്റു,
ചേറിൽ പുതഞ്ഞോരു മേനിയുമായ്

അങ്ങെങ്ങോ ദൂരത്തനേകായിരം വർഷം
മങ്ങിമയങ്ങിക്കിടന്നോർ നിങ്ങൾ

സാഹസവൃത്തിയിൽ സാധകം ചെയ്തോരാ
ലോഹഖനിക്കൂലിവേലക്കാരൻ

[ 40 ]

കഞ്ഞികുടിക്കാതെ കായും വയറോടു
പഞ്ഞത്തുണിക്കീറരയിൽച്ചുറ്റി

താഴത്തിറങ്ങിത്തളരാതെ നിങ്ങളെ-
ത്തപ്പിയെടുത്തു കരയ്ക്കു കേറ്റി

ശാപവിമോചനം നിങ്ങൾക്കു നല്കിയാ-
ത്താപസപ്രായൻ കൃതാർത്ഥനായി.

ഹാ! നിങ്ങൾ- വജ്രഹൃദയങ്ങൾ- തെല്ലുമ-
പ്രാണിദയാർദ്രനെച്ചിന്തിപ്പീല.

അന്യോപകാരികൾക്കായതുകൊണ്ടേതും
ഖിന്നതയില്ല,ല്ലവനിദ്ദിനവും

നിങ്ങൾക്കു സോദരരായോരെ മേന്മേലാ
വൻകുണ്ടിൽനിന്നു കരേറ്റിടുന്നു!

നിങ്ങൾക്കു മാതാവാമകരഭുവില്ലേ?
മംഗലശീലയാമക്ഖനിയാൾ

നിങ്ങൾ വിധിബലംമൂലമിന്നാർന്നിടും
തുംഗമാം സ്ഥാനവും നന്ദികേടും

കേൾക്കുകിൽ സന്തോഷസന്താപബാഷ്പങ്ങൾ
വാർക്കും സമ്മിശ്രമായ് കണ്ണിൽനിന്നും,

വാർമഴവില്ലൊളി നാലുപാടും വീശു-
മോമനശ്ശീമക്കമലങ്ങളേ!
 
പാൽക്കടൽപ്പെൺകടക്കൺമധു സേവിച്ചു
കീഴ്ക്കട തീരെ മറന്നിടൊല്ലേ!

ആയൊളി തെല്ലൊന്നകത്തേക്കും പാറിപ്പി-
നല്ലെന്നാൽ നിങ്ങൾ കരിക്കട്ടകൾ!

ഓമനസീമന്തിനീമണിയാളുടെ
കോമളകൈശികതല്ലജത്തിൽ

വാനത്തുഷസ്സിൽദ്ദിനമണിപോലേറും
വാസനറോസാമലരുകളേ!

തിങ്കൾമുഖിമണിയാൾതൻ വലമ്പിരി-
ശ്ശംഖൊളിക്കണ്ഠമതല്ലികയിൽ

വർണ്ണവും വർണ്ണവും ചേർന്നു വിളങ്ങിടും
വെൺനറുമൗക്തികക്കല്ലുകളേ!

കാന്തമാർതങ്കുലത്തങ്കപ്പതക്കത്തിൻ
മാന്തളിർച്ചെഞ്ചെടി....കണക്കേ

[ 41 ]


ദർപ്പണക്കുപ്പികൾക്കുള്ളിൽത്തിളങ്ങിടു-
മത്ഭുതമുന്തിരിസ്സത്തുകളേ!

പൈമ്പാൽ മൊഴിയാളിളങ്കൈ വിരലുകൾ
കമ്പികൾ തൻവഴിക്കോടിക്കവേ

ഭൂരിപീയൂ ഷത്താൽക്കർണ്ണം കുളിർപ്പിക്കും
വാരൊളിത്തങ്കവിപഞ്ചികളേ!

നട്ടുവളർത്തിയോരുദ്യാനപാലനോ
മുങ്ങിയെടുത്തോരു മുക്കുവനോ

യന്ത്രം കറക്കിവിടും പണിക്കാരനോ
ഹന്ത! വാദ്യംതീർക്കും ശില്പിതാനോ

നിങ്ങളാലോർക്കപ്പെടുന്നീല ലേശവു,-
മിങ്ങനെതന്നെയോ ലോകധർമ്മം?

നന്ദിയാം വാക്കിലേ രണ്ടക്ഷരങ്ങളിൽ
മിന്നും പൊരുളിനെക്കൈതൊഴുവിൻ!


എന്തിന്നു ഞാനിതുരയ്ക്കുന്നു? ചിന്തിച്ചാ-
ലെന്തുണ്ടിവയ്ക്കുമെനിക്കും ഭേദം?

കല്ലോ, കരടോ, കടലാടിയോ, കള്ളി-
മുള്ളോ, മുരിങ്ങയോ, മൂർക്കപ്പാമ്പോ,

ഈയലോ, പാറ്റയോ, മൂട്ടയോ, ഞാഞ്ഞൂളോ,
പേനോ, കൊതുകോ, കുഴിയാനയോ

മറ്റോ വടിവാർന്നു ഹാ! ഹാ! പടുകുഴി
പറ്റിക്കിടന്നൊരു പാപിയെന്നെ

അങ്ങെങ്ങോ ദൂരത്തുനിന്നു തിരഞ്ഞെടു-
ത്തിങ്ങനെ പൊക്കിക്കരയ്ക്കുകേറ്റി

എൻതമ്പുരാനേ! ഭഗവാനേ! പോറ്റി! നീ
നിൻതിരുവുള്ളപ്പെരുവെള്ളത്തിൽ,

തേച്ചുകഴുകിത്തുടച്ചു വെടിപ്പാക്കി-
യാശ്ചര്യമാകുമീ രൂപമേകി

സർവചരാചര സാമ്രാജ്യപ്പൊൻചെങ്കോ-
ലെൻവലങ്കൈയിൽ സമർപ്പിച്ചീലേ?

മോഹാന്ധകൂപത്തിൽ മുങ്ങിയും പൊങ്ങിയും
ഹാ! ഹാ! കൃതഘ്നശിരോമണി ഞാൻ

സത്യസ്വരൂപനേ സർവലോകങ്ങൾക്കും
കർത്താവേ! ഭർത്താവേ! സംഹർത്താവേ!

[ 42 ]


രക്ഷിതാവങ്ങയേയോർക്കാതെയെൻ ജന്മം
കുക്ഷിംഭരിയായ്ത്തുലയ്ക്കാമെങ്കിൽ

കല്ലിന്നും പൂവിന്നും നന്ദിയില്ലെന്നു ഞാൻ
ചൊല്ലുന്നതിൽപ്പരം മൗഢ്യമുണ്ടോ?

എന്നെ ഞാൻ നന്നാക്കാനോർത്താൽ മതി, പിന്നെ-
യന്യവസ്തുക്കളും നേരെയാകും.

ശീമക്കമലമേ! റോസേ! നറുമുത്തേ!
കോമളമുന്തിരിസ്സത്തേ! വീണേ!

നൂനം ഭ്രാതാക്കളെ! നിങ്ങളെശ്ശാസിപ്പാൻ
ഞാനല്ലധികാരി; തെറ്റിപ്പോയി.

മാപ്പെനിക്കേകുവിൻ! നാമെല്ലാം നന്നാവാ-
നൊപ്പം കനിയട്ടെ ചിത്സ്വരൂപൻ.

കാവ്യപ്രഭാവം[തിരുത്തുക]

തപമനവധി ചെയ്തു താന്തനായി-
ത്തനതുടജത്തിൽ വസിച്ചിരുന്ന ശുക്രൻ
ഭയദമൊരശരീരിവാക്കു കേട്ടാൻ
പ്രളയഘനാഘനഗർജ്ജനം കണക്കേ       1
                                      
"ബലി പടയിൽ മരിച്ചു;പേർത്തുമങ്ങേ-
പ്പെരുമ നിലച്ചു; ജയിച്ചു ദേവരാജൻ;
കഥയിനിയുമി തൊട്ടറിഞ്ഞതില്ലേ?
കവിയഥവാ പകലും കിനാവുകാണ്മോൻ!       2

കരുതുക കരണീയം" എന്ന വാക്യം
കടുവികടസ്ഫുടമുത്തരോത്തരോച്ചം
ജവമൊടു ഗഗനത്തിൽനിന്നുയർന്നു
ജലധിയിൽനിന്നു ഹലാഹലംകണക്കെ.        (യുഗ്മകം)3

മുഹരിതഹരിദന്തമാ വചസ്സിൽ
മുഖവുരയാം ചെറുവാക്യമൊന്നുമാത്രം
മുനിയുടെ ചെവിയിൽത്തറച്ചു മുറ്റും
മുനയൊരു മൂന്നുകലർന്ന വേലുപോലെ.       4

ഭൃശമുടനൊരു ഞെട്ടൽ ഞെട്ടി, വാനിൽ
ഭൃഗു നിലവിട്ടു പകച്ചു നോക്കിനിന്നു;
വിളറി കവിൾ; വിയർത്തു നെറ്റി; മങ്ങീ
മിഴി, ഗതചേതനനായി മാമുനീന്ദ്രൻ.       5

[ 43 ]


പുനരപി ധൃതസംജ്ഞനായ ദാന്തൻ
സ്ഫുടമിടനെഞ്ഞടി വിട്ടുമാറിടാതെ
ഒരുവിധമെഴുന്നേറ്റു ചിന്തചെയ്താ-
നൊടുവിൽ "ഇതെന്തൊരകാലജ്രപാതം?        6

ബലി-ശരി,മമ ശിഷ്യൻ-ഏതു ദിക്കിൽ-
പ്പടയവനിപ്പോ? ഴരാതിയേതൊരുത്തൻ?
അടരിനു വഴിയെന്തു? തോൽവിയെന്ന-
ല്ലപമൃതികൂടിയതേതുമട്ടിൽ നല്കി?        7

വിധി, നിജതനയൻ സനൽക്കുമാരൻ
വിധൃതവിരോചനസഖ്യനെന്നു കാണ്മൂ;
അഴൽ മഹിതകയാധുജാന്വയത്തി-
ന്നരുളുകയില്ലസുരാരി സത്യസന്ധൻ"        8

വിഭു ബലി തനതിഷ്ടദേവനെന്നായ്
വിഷമശരാരിയെ വിശ്വസിപ്പിച്ചിരിപ്പു;
ദൃഢമവനൊടു വൈരഹേതുസൃഷ്ടി-
സ്ഥിതിലയകൃത്തുകൾ മൂന്നുപേർക്കുമില്ല.        (യുഗ്മകം)9

അസുരരോടു സുരർക്കു ചേർച്ച പാർത്ത-
ലസുലഭമെങ്കിലുമസ്സഹോദരന്മാർ
അവികലമൊരു സന്ധിചെയ്കകൊണ്ടി-
ന്നടരവർത്തമ്മിലുമത്ര ശീഘ്രമല്ല.        10

ശതമഖനൊരുവേള പോരിടട്ടേ;
ശകലിതമാവതവന്റെ ഗാത്രമല്ലേ
ഇഹ ബലി മൃതിയാർന്നുപോലും! എന്തു-
ണ്ടിനിയധരോത്തരമൊന്നെനിക്കു കേൾപ്പാൻ!        11

കളവു പറകയോ കടന്നൊരുത്തൻ?
ഖലനവനെൻകഥ കേട്ടുകേൾവിയില്ലേ?
വഴിയതിനുമരിപ്പം; എങ്ങുനിന്നോ
വരുവതു വന്നു; ചുരുക്കമത്രതന്നെ."        12

അരഞൊടിയിട താൻ സമാധിയാർന്നാ-
ലറിയുമശേഷ;മതിന്നു ശക്തിയെന്യേ
പരിമതുമിതുമേവമോർത്തു ചിന്താ-
പരവശനായ് ഭഗവാൻ പരാപരജ്ഞൻ.        13
 
മമതയിൽ മനതാർ മയങ്ങി മായാ-
മലിനമഹാന്ധുവിലന്ധനായ്പ്പതിച്ചാൽ
മറയുടെ കരകണ്ട മാമുനിക്കും
മനുജകൃമിക്കുമശേഷമെന്തുഭേദം?        14

      
[ 44 ]


"ഇവിടമിനി വെടിഞ്ഞു ശിഷ്യരെക്ക-
ണ്ടിതിനുടെ മേല്പണി നോക്കിടേണട"മെന്നായ്
ത്സടിതി മുനി നിനച്ചു ചെന്നു ചേർന്നൂ
ചരമശിലോച്ചയചാരുശൃംഗഭൂവിൽ.       15

മയനുടെ കരശില്പസൂമയായും,
മഹിതമഹീധരമൗലിഭുഷയായും,
അവിടെയതിമനോജ്ഞഹർമ്മ്യമൊന്നു-
ണ്ടരിയ വിരോചജനാധിവാസഗേഹം.       16

ചപലത ലവമറ്റു മിന്നുവോരോ-
ച്ചരമഗിരീശ്വരശാശ്വതാർക്കബിംബം
കടുതരവിവൃതാസ്യമാം തമസ്സാൽ
കബളിതമായ്ക്കരിതേച്ചപോലിരുന്നു.       17

തുരുതുരെയവിടത്തിൽനിന്നു പൊങ്ങും
തുമുലരവം, മുനിയൊട്ടടുത്തനേരം
കടലിനുടെയിരമ്പലല്ല മുറ്റും
ക്രതുഭുഗരാതിവിലാപമെന്നറിഞ്ഞു;       18

തവിടുപൊടി തകർന്നുതാഴെവീഴും
തനതുമനോരഥമേട നോക്കിനോക്കി
തരളമതി തപസ്വി പാഞ്ഞുചെന്നു
ദനുജകുലാധിപരാജധാനിതന്നിൽ,       19

അതിനകമുശനസ്സണഞ്ഞനേര-
ത്തഹഹഹ! കണ്ടൊരുകാഴ്ചയെന്തു ചൊൽവൂ?
കഠിനം! അസുരർതന്നവസ്ഥയാർക്കും
കരളുരുകുംപടി കഷ്ടമായിരുന്നു       20

ഉടലൊടു തല വേർപിരിഞ്ഞു;വക്ഷ-
സ്സടവുകലർന്നു, കരോടി ചൂർണ്ണമായി,
കഴൽ കരമിവയ,റ്റസൃക്കിൽമുങ്ങി-
ക്കവി പല ശിഷ്യകളേബരങ്ങൾ കണ്ടു.       21

നടുപദവിയിൽ വിപ്രചിത്തി,ജംഭൻ,
നമുചി, വലൻ മുതലായ സൈന്യനാഥർ
തടിയിടിപൊടിയായ്ക്കിടപ്പു ഹാ ഹാ!
തപനതനുജനികേതനാദ്ധ്വനീനർ       22

വളരെയസുരവീരർ ഗോർദ്ദ, മന്ത്രം
വപയിവ വൈകൃതമായ് വെളിക്കു ചിന്നി
ചുടുനിണവുമണിഞ്ഞു ഹാ ശയിപ്പൂ
ചുവടുമറിഞ്ഞ മരാമരങ്ങൾപോലെ       23

[ 45 ]


അതുപൊഴുതു, മധീശരായിരുന്നോ--
രവരെയകമ്പടിസേവചെയ്തുകൊൾവാൻ
ബഹുഭടർ കുതികൊണ്ടു തുള്ളിനില്പൂ
വെറുമപമൂർദ്ധകളേബരാവശീഷ്ടർ!       24

തടവിനിടപെടാതെ സഞ്ചരിക്കും
ദനുജബലം സകലം സമൂലഘാതം
ശിവശിവ! ചിതറിക്കിടപ്പു ചുറ്റും
ശിലയടിച്ചു തകർന്ന കപ്പൽപോലെ.       25

ദനുസുതരിതുമട്ടു താറുമാറായ്--
ത്തറയിൽ മറിഞ്ഞു മലർന്നൊരന്നികേതം
പരമരമനയെന്ന മട്ടുമാറി--
പ്പടുചുടലക്കളമായ്ച്ചമഞ്ഞിരുന്നു.       26

അതിനകമൊരിടത്തസഹ്യമോർപ്പാ--
നസുരകുലേശനവാപ്തകാലധർമ്മൻ
ശിഥിലതനു കിടപ്പു ജിഷ്ണുശസ്ത്രം
ചിറകുമുറിച്ച ശിലോച്ചയംകണക്കേ       27

ധമനനിരയരഞ്ഞു, സന്ധിബന്ധം
തവിടുപൊടിഞ്ഞു, വെളിക്കു ബുക്ക ചാടി.
ഗളമിടയിൽ മുറിഞ്ഞു, തുണ്ടുതുണ്ടായ്--
ക്കരളുഞെരിഞ്ഞു, കശേരുകാസ്ഥിപൊട്ടി       28

തലയുടെ വെളിയോടുടഞ്ഞു, ചുറ്റും
തറയിലതിന്നകമാർന്ന ചോര ചിന്നി
നലമുടയ മുഖം ചതഞ്ഞു, ഹാ ഹാ!
നയനമടഞ്ഞു, രദോൽക്കരം നുറുങ്ങി.       29

പരവശനിലയിൽ പ്രതിപ്രതീകം
പരപരിഭൂതി പരം വിളിച്ചുചൊല്ലി
ഒരു കുണാപമെഴുന്നതാണു ദൈത്യർ--
ക്കുടയവനാം ബലിപോലും! എന്തുമാറ്റം!        (വിശേഷകം)30

തുടുതുടെയൊരിടത്തൊഴുക്കിയന്നും,
ത്വരിതമിരുണ്ടൊരിടത്തു കട്ടയായും,
സ്ഫുടതരമതിൽനിന്നു ചെമ്പരുത്തി--
പ്പുതുമലർനീരെതിർചോര ചിന്നിടുന്നു.       31

ബലിമഹിഷി വിശിഷ്ടയായ വിന്ധ്യാ--
വലി പതിതൻ വികൃതോത്തമാംഗപിൺഡം
മടിയിൽ മമതയാർന്നെടുത്തണച്ചും
മനതളിൽ മൂർച്ഛയിൽ മഗ്നമാക്കിവച്ചും,       32

[ 46 ]


വിധിയെയപലപിച്ചു, മാർത്തനാദം
വിവിധമുയർത്തിയു, മശ്രുധാര വാർത്തും,
തളിരൊളിതനു തല്ലിയും തൊഴിച്ചും,
തറയിലുരുണ്ടുപിരണ്ടു കേണിടുന്നു        (യുഗ്മകം)33

അഴൽനിഴൽ കണികണ്ടീടാതിരിപ്പോ--
നസുരജഗത്തിനനന്തരആവകാശി,
അരികിൽ മുറയിടുന്നു ബാണനും വീ--
ണഹഹ! കിശോരനപേതതാതപാദൻ       34

അചലമതി ജിതേന്ദ്രിയൻ ഗഭീരർ--
ക്കണിമണിതുല്യ സുവർണ്ണചൂർണ്ണഖണ്ഡൻ
ഭൃഗുവിനുമവയൊക്കെ നോക്കിയപ്പോൾ
ഭൃശമഴൽവന്നു; വരാതെയെന്തുചെയ്യും?       35

പലതവണയതിന്നുമുമ്പുമോരോ
പടയിൽ മഖാശികളോടു തോറ്റു മാറി
അസുരരവശരായ്‌ത്തിരിച്ചനാളു
ണ്ടവയെ മഹർഷിയപസ്മരിച്ചതല്ല.       36

അടരിരുതലവാ,ളതിൽപ്പെടുമ്പോ--
ളപജയമാർക്കു വരില്ല; വന്നിടട്ടേ:
പരമൊരുവകഭംഗമിന്നതെന്നായ്
ബലിയറിയി,ല്ലെതുമന്നറിഞ്ഞിടട്ടെ;       37

അഴൽവരുമൊരുവന്നു; വന്നുവെന്നാ--
ലതിനൊരുമാതിരി കൈകണക്കു കാണും;
ഇരുളധികമെഴും കറുത്തവാവി--
ന്നിരവിലുമിത്തിരി നാട്ടുവെട്ടമുണ്ടാം;       38

അടിമുതൽ മുടിയോളമറ്റമറ്റു--
ള്ളശരണഭാവമദൃഷ്ടപൂർവമേവം
അസുരസമുദായത്തിലാകമാനം
ഹതവിധിനൽകിയതന്നൊരിക്കൽമാത്രം        (വിശേഷകം)39

തുരുതുരെ മിഴിനീർ വഴിഞ്ഞിടും മെയ്
തുകിലിനെഴുന്നൊരു ഉതുമ്പിനാൽ തുവർത്തി
വലിയൊരു നെടുവീർപ്പുമിട്ടു വിന്ധ്യാ--
വലിയുടെ മുന്നിലലഞ്ഞു മന്മുനീന്ദ്രൻ.       40

കരുണയൊടണിമെയ് തലോടി, "വത്സേ!
കരയരു"തെന്നു പറഞ്ഞുകൊണ്ടു കാവ്യൻ
കരതലമവൾതൻ ശിരസ്സിൽ വച്ചാൻ;
കമനിയുമർദ്ധഗതാസു കൺമിഴിച്ചാൾ.       41

[ 47 ]


വിരവൊടു മിഴിരണ്ടുമോമനക്കൈ-
വിരലുകൾകൊണ്ടു തുടച്ചു മുന്നിൽ നോക്കി
കുലഗുരുസവിധസ്ഥനെന്നരിഞ്ഞ-
ക്കുവലയദ്യക്കെഴുന്നേറ്റു കൂപ്പുകൈയായ്.        42

ജലമൊരുപടി ശീഘ്രമർഘ്യപാദ്യാ-
ചമനവിധിക്കുതകുന്ന നേത്രയുഗ്മം
അരിയ ഗുരുപദങ്ങളിൽപ്പതിപ്പി-
ച്ചരിവയർമുത്തഭിവാദ്യമാചരിച്ചു.        43

"മതി മതി മകളേ! വിഷാദ"മെന്ന-
മ്മതിമുഖിയാളൊടു ഗദ്ഗദസ്വരത്തിൽ
അരുളി നിജകരങ്ങൾ മൗലിയിൽ ചേർ-
ത്തവളെ നിതാന്തമനുഗ്രഹിച്ചു ദാന്തൻ.        44

കവിയുടെ കരുണാബലത്തിനാൽ തൻ
കദനനിരുദ്ധഗളത് വ്അമൊട്ടുമാറി
കരളെരിയുമൊരന്നതാംഗി ബാഷ്പ-
സ്ഖലിതപദം ചിലതപ്പൊഴുച്ചരിച്ചു:        45

"തിലകിതബൃഗുവംശ! ദീനന്ധോ
ദിതിജഗുരോ! ഭഗവാൻ ത്രികാലവേദി;
അടിമലരവലംബ, മാർത്തയാമീ-
യടിനതിൽപ്പരമെന്തുണർത്തിടേണ്ടൂ?        46

ഹരിയെ വിബുധബന്ധുവാക്കിയാലെ-
ന്തരിയഗുരുദ്വഹനായ് ഭവാനെ നൽകി
നിയതിനിരവലംബർ ദൈത്യരിൽത്താൽ
നിയതമണയ്പു നിതാന്തപക്ഷപാതം.        47

കതിപയനിമിഷങ്ങൾ വേണമെങ്കിൽ
ഖലർ സുരരെത്തുണച്ചെയ്തിടട്ടെ കാലൻ;
കനമെഴുമസുരർക്കു താങ്ങലില്ലേ
കവി കരുണാനിധി കാലകാലശിഷ്യൻ?        48

'അദിതിജപതിയാകുവോനെയങ്ങോ-
ട്ടജഗരമാക്കി വെളിക്കു തള്ളുവാനും,
അരമൊരു പറയന്നുകൂടി വേറി-
ട്ടമരുലകം പണിചെയ്തുകൊള്ളുവാനും,        49

കഴിയുമനഘരാം തപോധനന്മാർ
കഴൽതൊഴുമങ്ങു കനിഞ്ഞു കാത്തിടുമ്പോൾ
കദനമെവിടെനിന്നുമെത്തിടട്ടേ;
കരബദരീകൃതകാക്ഷിതാർത്ഥർ ഞങ്ങൾ.'        50

[ 48 ] <poem>

ഇതുവരെയുമിവണ്ണമോർത്തിരുന്നോ- രിവരെയുമിന്നു കിനാവിൽനിന്നുണർത്തി അരിയൊരു നിജശക്തി ബോധ്യമാക്കും ഹതവിധിതന്നെയവാപ്തചാറിതാർത്ഥ്യൻ!        (വിശേഷകം) 51


വിഗതപിതൃകനിക്കുമാരനയ്യോ! വിധവ ഭവല്പദപത്മഭംഗിയാം ഞൻ; വിഷയമിതുകനാഥ, മെന്തുവേണം വിമതകുലത്തിനിതിൽപ്പരം വിനോദം?        52


കരുതിമരുവിടുന്നു നമൊരെണ്ണം; കരഗതമായ്ച്ചമയുന്നു മറ്റൊരെണ്ണം അമൃതമനുഭവിപ്പതിന്നു പോയാ- രസുര,രവർക്കു ലഭിച്ചതാത്മനാശം        53


ശരിയതു ഭവിതവ്യശക്തിയാവാം; ശചിയുടെ 'ശുക്ര'ദശാവിലാസമാവാം; അടിയനതറിയേണ്ട, വേണ്ടതെന്തെ- ന്നവിടെ നിനയ്ക്കുകിലത്തലസ്തമിക്കും.        54


ശകലവുമസുരാന്വയത്തിനാപ- ദ്ധനമവിടുന്നറിയാത്ത തത്ത്വമില്ല; ദനുഭവർ പരിപാലനീയർ യുഷ്മ- ച്ചരണയുഗൈകശരണ്യർ തമ്പുരാനേ!"        55


പലതുമവളിവണ്ണമോതി വീണ്ടും പദതളിരിൽപ്പരിതപ്തയായ്പ്പതിക്കേ പരിണതകരുണാകുലാന്തരംഗൻ പകരമുരച്ചുതുടങ്ങി പാരികാംക്ഷി        56


"അതുതരുതഴൽ ശുക്രനല്ലയോ നി- ന്നരികിലണഞ്ഞ,തവൻ സജീവനല്ലേ? അതു മതി മകളേ! നിനക്കു മാലേ?- തരഞൊടി നീയൊരു പേക്കിനാവുകണ്ടു.        57


അവിരതമഭിവാദനത്തിനാശിസ്സ- രുളുകിൽ നിത്യസുമംഗലീപദം ഞാൻ മകളുടെ വിഷയത്തിലുച്ചരിപ്പൂ; മമ മൊഴി സത്യവുമർത്ഥവത്തുമല്ലേ?        58


അതിദിജർ സുധ തെല്ലു സംഭരിക്കാ- മതൊരു പതത്രി ഹരിച്ചുകൊണ്ടുപോകാം; അമ്രതഘടമെഴുന്നതസ്മദീയർ- ക്കപരമഖണ്ഡതപോലാഭിധാനം.        59

[ 49 ]


പരിമൃദിതപരേതരാജദർപ്പൻ,
പശുപതി മൽഗുരു ഭക്തപാലനോല്ക്കൽ;
മൃഡനു‌ടെ‌‌ വരമെങ്ങു? തുച്ഛമാമീ
മൃതബലിജീവനമേ,ങ്ങതോർത്തുമോക്കൂ.       60

അസുരപതി മദീയശിഷ്യനെന്നു-
ള്ളറിവുവെടിഞ്ഞളികത്തികത്തിലാത്മയോനി
അതുമിതുമവതാളമായ് വരച്ചാ-
ലണകകുലാലരിലഗ്രഗണ്യനങ്ങോർ!        61

ചില ചെ‌‌ടി കവരം മുറിച്ചുവിട്ടേ
ചിതമൊരു വാച്ചു തഴച്ചിടുന്നുള്ളു;
പരകൃതപരിഭൂതി ദാനവർക്കും
പരമതുമട്ടിലുദർക്കഭവ്യഹേതു.        62

അരഞ്ഞൊടി പിരിയാത്ത ഞാനഹോ നി-
ന്നനുകനെയന്നനുയാത്ര ചെയ്തില്ല!
അവിരതമവിവേക പാദത്തി-
ന്നനുശയസസ്യമവശ്യഭാവിതന്നെ.        63

അതിനിതു ഫലമാട്ടെ; തോറ്റു നാമെ-
ന്നരികളുരയ്പതളീകവീരവാദം;
മഹിതസാരനദിക്കു മന്നിലെത്താൻ
മണലണകൊണ്ടൊരു മാർഗ്ഗരോധമുണ്ടോ?        64

കരയരുതു കുമാരി! കാൺക വേണ്ടേ
കളി ചിലതൊക്കെ നിനക്കു? കൺമിഴുക്കൂ!
മധുരതരമഹേന്ദ്രജാലവിദ്യാ-
മരതകപിഞ്‌ഛിക മത്തപോമതല്ലി,"        65

ബഹുവിധമിതുമട്ടുരച്ചു കാവ്യൻ
ബലിദയിതയ്കു വിശേഷസ്വാന്തനമേകി;
ശവമൊരു വസന്തത്തിനാൽ മറച്ചാൻ;
ശ്രവണപുടങ്ങളിൽ മന്ത്രമുച്ചരിച്ചാൻ        66അവയവതതി പാണികൊണ്ടു തൊട്ടാ-
നലിവൊ‌ടനന്തരമാനനം മുകർന്നാൻ;
ഒടുവിലുണരുകെൻറെ വത്സനെന്നാ;-
നെരുനിമിഷത്തിലിതൊക്കെയും കഴിഞ്ഞു.        (യുഗ്മകം)67ത്സടിതി "പശുപതേ! മദേകബന്ധോ!
ജയ ജയ ദേശിക! ഭാർഗ്ഗവാന്വയേന്ദോ!?"
ഇതി വിവിധവചസ്സുരച്ചുകൊണ്ട-
ന്നിളയെ വെടിഞ്ഞഴുന്നേറ്റു ദാനവേന്ദ്രൻ.        68


[ 50 ]


ചതവുടവിവയില്ല മെയ്യിലെങ്ങും;
ശകലമിടയ്ക്കൊരു പോറൽപോലുമില്ല;
ചടമൊരു ലവമില്ല; നെറ്റിയിന്മേൽ
ശ്രമജലബിന്ദുവുമൊന്നുകൂടിയില്ല!       69

ശിരസ്സിൽ മകുടത്തൊടും നിറുകയിൽ ത്രിപുണ്ഡ്രത്തൊടും
കഴുത്തിലിഴമുത്തൊടും കരതലത്തിലസ്ത്രത്തൊടും
കടന്നു ഗുരുവിന്റെ കാൽത്തളിരിലാശു സാഷ്ടാംഗമായ്
പ്പതിച്ചു സുരവൈരികൾക്കശനിപാണി വൈരോചനി.       70

കന്യാകുമാരിയിലെ സൂര്യോദയം
[തിരുത്തുക]

നിത്യനായുള്ള ഭഗവാനേ! പോറ്റി! നീ
സത്യത്തൂണൊന്നു നടുക്കു നാട്ടി;
മുറ്റും നീലാംബരംകൊണ്ടു മേൽക്കെട്ടിയും
ചുറ്റും വെളിയടപ്പട്ടും കെട്ടി;
സൂരസുധാകരവൈദ്യുതറാന്തലും
താരകഗ്ലോപ്പും മുകളിൽത്തൂക്കി;
ആഴിയാം മാഹേന്ദ്രനീലക്കൽ ചുറ്റിലു-
മൂഴിയാം പച്ചക്കൽ മദ്ധ്യത്തിലും
മേനിയിൽ വച്ചുറപ്പിച്ചു വിളങ്ങുമീ
മാനുഷഗോളമണിക്കൂടാരം
നാലുവഴിക്കും മനോജ്ഞമിരുപത്തി-
നാലും മണിക്കൂറുമേതുനാളും!
എങ്കിലുമെൻ വിഭോ! നേരം പുലരുമ്പോ-
ളെങ്കരൾത്താമരത്തൂമലരിൽ
ചെങ്കതിരോന്റെ തിരുപ്പുറപ്പാടേകും
വൻകുതുകോന്മദമൊന്നു വേറെ!
നിന്തിരുമേനിയെ നേരിട്ടു കണ്ടു ഞാൻ
ബന്ധവിമുക്തനായ്ത്തീരുവോളം
അന്യപ്രകൃതിപ്രദർശനമെന്തെന്നെ-
ദ്ധന്യനാക്കാനുള്ളു തമ്പുരാനെ!

പാരിച്ച വാനിൻനിഴൽപോലെ മൂടിയ
കൂരിരുൾക്കട്ടിക്കരിമ്പടത്തേ
തന്മെയ്യിൽനിന്നു വലിച്ചകലെക്കള-
ഞ്ഞിമ്മഹീമണ്ഡലപ്പൊൻ മണ്ഡപം
മൂരിനിവർന്നെഴുന്നേറ്റൊരു നോക്കതാ!
നേരേ കിഴക്കോട്ടു നോല്ലിനില്പൂ.
അന്തിതുടങ്ങി വെളുപ്പോളം കൂത്താട്ടം

[ 51 ]

പന്തിയിലാടിത്തളർന്ന ചന്ദ്രൻ
തൂനക്ഷത്രങ്ങളാം ചങ്ങാതിമാരോടും
വാനക്കളിത്തട്ടു വിട്ടുപോയി.
അങ്ങിങ്ങു താരങ്ങളൊന്നുരണ്ടൊട്ടൊട്ടു
മങ്ങിത്തിളങ്ങി മയങ്ങിക്കാണ്മൂ:
മാതാവായ് വേറിട്ടു മാർഗ്ഗം തിരിയാതെ
ഖേദിക്കും ഖേചരബാലർപോലെ;
തെറ്റിത്തറയിൽപ്പതിച്ച വിൺമങ്കത-
ന്നൊറ്റക്കൽമൂക്കുത്തി വൈരംപോലെ;
എന്തിന്നു ശങ്കിച്ചു നില്ക്കുന്നു വത്സരേ!
പിന്തിരിഞ്ഞങ്ങെങ്ങാനോടിക്കൊൾവിൻ;
ജ്യോതിസ്സ്വരൂപനെഴുനള്ളുമാറായി;
പാതയിൽനിന്നു വിലകിക്കൊൾവിൻ.
മന്ദാനിലൻ നവമാർജ്ജനിയാൽ തൂത്തും
മന്ദാകിനിപ്പുഴ നീർ തളിച്ചും
മന്ദാരശാഖി മലർനിര വർഷിച്ചും
നന്നായ്‌വിളങ്ങുമീയഭ്രവീഥി
കുഞ്ജരനേർനടമാരുടെ നർത്തന
മഞ്ജുളമഞ്ജീരശിഞ്ജിതത്താൽ
മാറ്റൊലികൊള്ളേണ്ട കാലമായ്! കൂട്ടരേ!
മറ്റൊരു ദിക്കിൽ മറഞ്ഞുകൊൾവിൻ.

ചിക്കെന്നു നോക്കുക! ചൊവ്വേ കിഴക്കോട്ടു
ചക്രവാളത്തിന്റെയറ്റത്തായി
മോടിയിൽ സാഗരം വിട്ടു കരയേറി
ക്രീഡിക്കും യാദോനികരംപോലെ;
അല്ലെങ്കിലാഴിയിൽ വാനോർ കൃഷിക്കായി-
ത്തല്ലിയുറപ്പിച്ച മുട്ടുപോലെ;
പോരെന്നാൽ തൻതല തെല്ലൊന്നുയർത്തിടും
വാരുറ്റ മൈനാകശൈലംപോലെ;
നീളെസ്സമുദ്രത്തെത്തൊട്ടുകിടക്കുന്ന
നീലവലാഹകമാലകളിൽ
ഈടെഴും ചീനാശുകത്തിന്റെയറ്റത്തു
പാടലപ്പെട്ടുകസവുപോലെ
തങ്കരേക്കിട്ടു തുടങ്ങി പുലർവേല
മങ്കയാൾ ചുറ്റിലും മന്ദമന്ദം.
ചേണാർന്ന നീലക്കൽക്കേമണത്തിൻ മീതെ
മാണിക്യരത്നം പതിക്കുകയോ;
ശാണോപലത്തിൽ തെരുതെരെയോരോ പൊൻ-
നാണയമാറ്റുര നോക്കുകയോ;
വൻഗജപങ്‌ക്തിയെ പ്രാങ്‌മുഖമായ് നിർത്തി-

[ 52 ]

ത്തങ്കത്തലക്കെട്ടണിയിക്കയോ;
വാരൊളിക്കാർമുകിൽപ്പാത്രത്തിലോമന-
ത്താരത്തനിദ്രവം കാച്ചുകയോ;
ഭാവിപ്പതെന്തു നീ? ദേവതേ! കൊണ്ടലിൽ
സ്ക്രൂ വച്ചു മിന്നലുറപ്പാക്കിയോ?
താപിഞ്ഛകാനനം ചുറ്റിപ്പിടിപ്പോരു
ദാവച്ചെന്തീയോ തഴച്ചു നില്പൂ?
ജ്യോതിസ്സിതിങ്കൽ ജ്വലിക്കുന്നു കാർമുകിൽ.
പാതികരിഞ്ഞ ഹവിസ്സുപോലെ.

ഈ മഹാമംഗലപ്പണ്ഡികയിൽ പര-
മാമോദോന്മാദപരവശരായ്
കാമം വയസ്യമാർ പ്രാചിതൻമേനിമേൽ
കാശ്മീരഗന്ധദ്രവം തളിപ്പൂ.
ഹന്ത! പൂർവാശാനതാംഗിക്കു തൃക്കഴൽ-
പ്പൊൻതളിരിന്നു ചെമ്പഞ്ഞിച്ചാറായ്;
ആകശമധ്യത്തിന്നത്ഭുതമാംപത്മ-
രാഗമലമണിമേഖലയായ്;
മാറിടത്തിന്നു പരിമളധോരണി
പാറും പനിനീർപ്പൂ മാലികയായ്;
തങ്കക്കവിൾത്തടങ്ങൾക്കു തുടുതുടു-
പ്പങ്കുരിപ്പിച്ചീടും ശോണിതമായ്;
തേനൂറും ചുണ്ടിന്നു ശീമച്ചെഞ്ചായമായ്;
തൂനെറ്റിക്കോമനച്ചിത്രകമായ്;
തൂനെറ്റിക്കൊമനച്ചിത്രകമായ്;
ജീമൂതമേചകസീമന്തവീഥിക്കു
കോമളസിന്ദൂരരേഖയുമായ്;
ശശ്വൽ പ്രകൃതീശ്വരി വിതറീടുമീ
വിശ്വസമ്മോഹനശോണചൂർണ്ണം
ശാതക്രതവിദിഗംഗനാമണ്ഡന
മേതേതെല്ലാമ്മട്ടിയറ്റുന്നീല!
സ്മേരയാം പ്രാചീനഭഗവതി!യിപ്പുതു-
വീരവാളിപ്പട്ടണിഞ്ഞ നിന്നെ,
ഓരോ ദലവും നിൻ നാഥനാമിന്ദ്രൻത-
ന്നാരോമൽക്കണ്ണിന്നു തുല്യമായി
നീളേ വിരിഞ്ഞു നിറം കലർന്നീടുന്ന
ചേലുറ്റ ചെന്താമരമലരാൽ
നീരന്ധ്രമായുള്ള പൊയ്കയായ്ക്കാണുന്നു
ദൂരത്തു നില്ക്കുമെൻ ചിത്തഭൃംഗം.

മാറിത്തുടങ്ങി നിറമതാ! കുങ്കുമ-
ച്ചാറു സൗവർണ്ണദ്രവമായ്ത്തീർന്നു.

[ 53 ]

ചക്രവാളാഗ്രത്തിൽ പ്രത്യുഗ്രജ്യോതിസ്സിൽ
പ്രക്രമമേതോ പരിസ്ഫുരിപ്പൂ.
മഞ്ഞയും ചോപ്പും കറുപ്പും വെളുപ്പുമായ്
രഞ്ജിച്ചു മേവിടുമാ പ്രദേശം
ആകവേ ഹാരിദ്രവാരിയിലാറാടി
ലോകമനോഹരമായ്ലസിപ്പൂ.
അങ്ങോട്ടു നോക്കുവിൻ! ദ്യോവും സമുദ്രവും
ഭംഗിയിൽ മേളിക്കും ദിക്കിൽനിന്നും
പൊന്മയമായൊരു സാധനം പൊന്തുന്നു;
കണ്മിഴി രണ്ടും തുടച്ചു കാണ്മിൻ
ആദികൂർമ്മത്തിൻ നടുമുതുകോ ദിവ്യ
ശ്വേതരക്താംബുരഹ ബിസമോ?
കത്തും കരിങ്ങാലിക്കാതൽച്ചിരട്ടയോ?
പുത്തൻ ദീപാരാധനത്തട്ടമോ?
ഓമനക്കല്പകത്തൂമലർച്ചട്ടിയോ?
ഹോമബലിക്കല്ലിൽ മേലേത്തട്ടോ?
വാനവക്രീഡാവളവരവഞ്ചിയോ?
വാരിധിയാടിടും കാവടിയോ?
തൃക്കടമങ്കതൻ കേളീവ്യജനമോ?
ശക്രൻറെ കൊറ്റക്കുടശ്ശീലയോ?
വർത്തുളത്തങ്കപ്പുതുത്തുരുത്തോ? പരി-
ശുദ്ധപീയൂഷമണികുംഭമോ?
പൊന്തിക്കഴിഞ്ഞു മുഴുവനിത്തേജസ്സു
സിന്ധുവിൻ പൂർവ്വഭാഗത്തുനിന്നും.
ആഴിതൻ വീചീമണിമാളികയിലി-
ത്താഴികപ്പൊൽക്കുടമാരു വച്ചു?
പ്രാണനിശ്വാസമടക്കിജ്ജലസ്തംഭം
കാണിക്കുമീ മഹായോഗിയേവൻ?
കാച്ചിയുറച്ച സുരഭിതൻ ദുഗ്ദ്ധത്തിൽ
വാച്ചിടും വെണ്ണയിതാരുരുട്ടി?
ചക്രവാളത്തിൻ പ്രഭാതസമാധിക്കു
പുഷ്കലപത്മാസനംകണക്കേ
ചേലുറ്റു മിന്നുമിദ്ദിവ്യമഹസ്സല്ലോ
ബാലദിവാകരദേവബിംബം?
കൈകളുയർത്തുവിൻ! കണ്ഠം കുനിക്കുവിൻ!
കൈവല്യമൂർത്തിയെക്കുമ്പിടുവിൻ!

ജ്യോതിർന്നേതാവേ! സവിതാവേ! വിശ്വൈക-
ചൈതന്യദാതാവേ! മൽപിതാവേ!
സത്യപുമാനേ! ഭഗവാനേ! ഭാസ്വാനേ!
പ്രത്യക്ഷദൈവമേ! ലോകബന്ധോ!

[ 54 ]

ദണ്ഡംവെടിഞ്ഞെന്നെക്കാത്തുകൊള്ളേണമേ!
ദണ്ഡനമസ്കാരം തമ്പുരാനേ!
അന്തിയിലിന്നലെയയ്യോ! മഹാത്മാവേ!
നിന്തിരുമേനി നിരസ്തപങ്കൻ
വന്തിരപ്പതിയുയർത്തിയ പശ്ചിമ—
സിന്ധുവാം രാഹുവിൻ വക്ത്രത്തിങ്കൽ
ഹന്ത! പതിക്കവേ ലോകം മുഴുവനു—
മന്ധതാമിസ്രത്തിലാണ്ടുപോയി!
കാമിക്കോ പാമ്പിനോ കള്ളനോ മൂങ്ങയ്ക്കോ
കാമിതം നൽകിടും രാത്രികാലം
പുരുഷചര്യ ചരിക്കുന്ന ഞങ്ങൾക്കു
തീരുന്നു വിശ്രമത്തിന്നുമാത്രം.
വീണ്ടും തിരുമേനി ഞങ്ങളെപ്പാലിപ്പാൻ
വേണ്ടും ഘടികയിലെത്തിയല്ലോ!
എത്രദൂരം ഭവാനൂളിയിട്ടീടണ—
മെത്ര തിരമാല ലംഘിക്കേണാം;
എത്ര യാദസ്സും ദൃഷത്തും കടക്കണ—
മിത്രവേഗം വന്നിവിടെപ്പറ്റാൻ?
മേക്കുവശ്അത്തു മറഞ്ഞതാം പൊൽപ്പന്തു
ലാക്കിൽക്കിഴക്കുവശത്തേച്ചെപ്പിൽ
മാറ്റിമറിച്ചു പുറത്തുകാട്ടും കാല്യ
മാഹേന്ദ്രജാലം മഹാവിശേഷം.
ദേവ! ഭവാന്റെ വിയോഗത്തിങ്കൽ ദ്യോവും
ഭൂവും കറുപ്പുടുപ്പാർന്നിരുന്നു;
ദുഷ്ടനിയതിച്ചിലന്തി നെടുനീളേ
കെട്ടിയ മാറാലമാലപോലെ.
പേർത്തും ത്വൽസുതൻ ഗരുഡാഗ്രജൻ വന്നു
തൂത്തുതുടച്ചു കളകമൂലം
ലേശമിങ്ങങ്ങും സമക്ഷത്തു കാണ്മീലാ
മൂശേട്ടാതന്നുടേ മൂടുപടം.
ബാന്ധവത്തീയിൽ ഭവാനുരുക്കീടിന
ഹാടകപുണ്യദ്രവപ്പുഴയിൽ
നീരാടിക്കൊള്ളുവാൻ സജ്ജമായ് നിൽക്കുന്നു
പാരാരപാരെല്ലാം ഭാനുമാനേ!
നീളെബ്ഭവാനെ പ്രതീക്ഷിച്ചു നിൽക്കുമീ
ത്രൈലോക്യത്താരപ്പൂഞ്ചോലയിൽ
ഓമനത്തൃക്കൺകടക്കോണയച്ചാലും
പ്രേമസർവ്വസ്വമണിത്തിടമ്പേ!
തന്നുൾക്കളത്തിലേ വാഞ്ഛപോലീ ലോക—
വൃന്ദാവനത്തിൽ വിഹരിക്കുവാൻ

[ 55 ]

ശീഘ്രമായ്ക്കെട്ടഴിച്ചിങ്ങോട്ടു വിട്ടാലും
ഗോക്കളെയൊക്കെയും ചിൽപ്പൂമാനേ!

ആനന്ദമാനന്ദം! എന്തൊരൊഴുക്കതു
ഭാനുബിംബത്തിൽനിന്നുൽഗളിപ്പൂ!
പെട്ടെന്നു മേരുവിൽനിന്ന്ഉ ഭൂകമ്പത്താൽ
പൊട്ടിയൊലിക്കും സിലാദ്രവമോ?
വാനംവാരാമത്തിൽ ഗന്ധവാഹശ്രേഷ്ഠി
വാറ്റിയെടുക്കും മലർത്തൈലമോ?
അപ്സരസ്ത്രീകൾ കുളിർമേനിയിൽപ്പൂശും
ശില്പമലയാജകർദ്ദമമോ?
അശിനീദേവർ കുറുക്കിയരിച്ചിടും
വിശ്വജീവാതുമരുന്നുചാറോ?
ആയിരമല്ല പതിനായിരമല്ല
മായമറ്റംബുജബന്ധുബിംബം
മാറ്റും നിറവും മനസ്സാൽ മതിക്കുവാൻ
മാനുഷർക്കാവതല്ലാത്ത മട്ടിൽ
കോടാനുകോടിക്കണക്കിനുതിർക്കുന്നു
പാടലപ്പൊൽക്കതിർക്കന്ദളങ്ങൾ.
നേരറ്റു കത്തീടും വട്ടപ്പൂക്കുറ്റിയോ?
കൂരമ്പു തീരാത്ത തുണീരമോ?
ഓരോ കതിരും ഭഗവാൻ മിഹിരന്റെ
ചാരുകരമാണ, തിഞ്ഞുനീട്ടി
പ്രാസാദശ്രുംഗത്തിൽപ്പാരിൻപതിയേയും
പാഴ്ക്കുപ്പപ്പാട്ടിൽപ്പറയനേയും
താനൊൻനുപോലേ തലോടിയീത്തമ്പുരാൻ
ദീനതപോക്കിസ്സുഖിപ്പിക്കുന്നു.
ഈസ്സദ്രസായനബുക്തിയാൽ വൈവശ്യം
വാശ്ശതും നീങ്ങിന ലോകർ വീട്നും
വേഗമരയും തലയും മുറുക്കുന്നു;
പോകുന്നു ജീവിതപ്പോർക്കളത്തിൽ.
അങ്ങ്നേ പോകുവിൻ കൂട്ടരേ! നിങ്ങൾക്കു
മംഗലം ൻ അൽകും മരീചിമാലി.
നാഴിക മുപ്പതുണ്ടല്ലോ! തരിമ്പതു
പാഴിൽക്കളയായ്‌വിൻ ഭ്രാതാക്കളേ!

അങ്ങയാം വാരൊളിക്കൊന്നമലർത്തൊത്താ-
ലെങ്കൺ കണികാണ്മതെൻ പിതാവേ!
ഭൂവിലെനിക്കെതിനിബ്ഭയം? ധീരനായ്
ജീവിതയാത്രയ്ക്കൊരുങ്ങട്ടേ ഞാൻ.
ആർണ്ണവഹോമകുണ്ഡത്തിൽനിന്നിക്ഷണം

[ 56 ]

സ്വർണ്ണമയമായ പാത്രവുമായ്
പൊങ്ങും ഭവാന്റെ കിരണമധുരാന്നം
മംഗലമൂർത്തേ! ലഭിക്കമൂലം
ഞാനെൻ ത്രിവിധകരണസന്താനങ്ങ--
ളൂനപ്പെടുകയില്ലെന്നുറച്ചേൻ.
ഏതോ മണിയൊന്നു സത്രാജിത്തിന്നങ്ങു
ജാതാദരം പണ്ടരുളിപോലും!
ഹാഹാ! ദിനമണി,യന്തരീക്ഷമണി,
ലോകത്തിൻ കണ്മണിയാം ഭഗവാനേ!
ഹസ്താമലകമായ്ക്കാണുമെനിക്കിന്നു
മറ്റു മണി ചരൽക്കല്ലുപോലെ.
നട്ടുച്ചനേരഹ്തു യാജ്ഞവല്ക്യന്നങ്ങു
ചട്ടറ്റവേദമുപദേശിച്ചു
യാതൊരുപദേശവും വേണ്ട, താവക
പാദപരിചര്യചെയ്യുകിൽ ഞാൻ
പാകാരിപുത്രനാകായ്കിലും ദ്രോണർക്കൊ-
രേകലവ്യനായ് ക്രമത്തിൽത്തീരും.
കർമ്മസാക്ഷിൻ! ഞാൻ ഭവാനെദ്ദിനവുമെൻ
കർമ്മമോരോന്നിനും സാക്ഷിയാക്കി
കാലം നയിക്കട്ടേ; കാലാന്തരത്തിങ്കൽ
കാലൻ കയർപ്പതു കണ്ടിടട്ടെ.
വേദസ്വരൂപ! ഭഗവാനേ! യങ്ങയേ--
മാതൃകയാക്കി നടന്നിടുകിൽ
ഐഹികപാരത്രികഭയബാധയി--
ദ്ദേഹിയെയെങ്ങനെ തീണ്ടിടുന്നു?
ദേവ! മനുഷ്യകൃമിമാത്രമെങ്കിലും
ഭാവനാദത്തപതത്രനാം ഞാൻ
ഒട്ടൊട്ടു മിന്നിത്തെളിഞ്ഞും ത്വല്പ്രാഭവ--
മൊട്ടൊട്ടു മങ്ങിയൊളിഞ്ഞും കാണ്മൂ,
എൻകരൾക്കണ്ണു മുഴുവൻ വിളക്കുവാൻ
നിൻകനിവുണ്ടാകിൽ ഞാൻ ജയിച്ചു!
സച്ചിൽസ്വരൂപനേ! തങ്കമണിത്തേരിൽ
പച്ചക്കുതിരകലേഴും പൂട്ടി
ചമ്മ്റ്റീയുമോങ്ങി നിൽക്കുന്നു സജ്ജനായ്--
ത്വന്മനസ്സിന്നിണങ്ങുന്ന സൂതൻ.
സാറട്ടെഴുന്നള്ളത്തിന്നു സമയമായ്:
പോരും നിറുത്തിനേൻ പാട്ടിതാ ഞാൻ.
കാരണപൂരുഷ! കല്യാണവിഗ്രഹ!
കാമിതദാനൈകകല്പശാഖിൻ!
ആര്യ! ഭവാന്റെ തുണയാലെൻ ഹൃത്തൊരു

[ 57 ]

സൂര്യകാന്തിപ്പൂവായ് വായ്‌പൂതാക!
ആ മലർപ്പൊന്നരിമ്പാലെൻപരിസര--
സീമ നിതാന്തം ലസിപ്പൂതാക!
ത്വൽകടാക്ഷശ്രീകളിന്ദജാവീചിയി--
ലിക്കുംഭദാസൻ കളിപ്പൂതാക!

കപിലവാസ്തുവിലെ കർമ്മയോഗി
[തിരുത്തുക]

ഭാഗീരഥിയും കളിന്ദകുമാരിയു--
മേകിഭവിക്കും പ്രയാഗതന്നിൽ
ആരാധനീയനാം ഭിക്ഷുവൊരാൾ വാഴ്വൂ
നാരായണന്റെ നവാവതാരം.
പത്തരമാറ്റൊളിത്തങ്കനേർമേനിയിൽ--
പ്പുത്തൻമഞ്ഞപ്പട്ടുടുപ്പുൿഹാർത്തി
മിന്നുമിപ്പുണ്യവാൻ പാരിലെക്കൂരിരുൾ
വെന്നുവിളങ്ങും വിഭാകരനോ?
ചില്ലികൾ ജോടിയിൽ കാമക്രോധങ്ങളെ
മല്ലിൽമടക്കിയൊരേപൊഴുതിൽ
വെല്ലുവിളിപൂണ്ടു വിശ്രാന്തിനേടിന
വില്ലുകൾപോലെ സമുല്ലസിപ്പൂ.
തെല്ലുമഴുക്കുമിളക്കവും തന്നുള്ളി--
നില്ലെന്നു കണ്മിഴിക്കണ്ണാടികൾ
കാണിപ്പൂ കാരുണ്യമൂറുമുറവകൾ
കാൺതക്കതിർ ചിന്തും താരകകൾ.
കല്ലിലും നെല്ലിലും കാട്ടിലും നാട്ടിലും
ചെല്ലുന്നേടത്തും നിനപ്പേടത്തും
തന്നെയേ കാൺ‌കയാൽദ്ദാന്തന്നു വക്ത്രാബ്ജം
മന്ദഹസിതമരാളരമ്യം!
ഇദ്ധന്യനാരെന്നു ചൊല്ലേണമോ? സാക്ഷാൽ
ബുദ്ധഭഗവൽപാദങ്ങൾതന്നെ.
മൈത്രിയാം ഗായത്രീമന്ത്രത്തിൻ മാഹാത്മ്യം
ധാത്രിയിലോതിജ്ജനത്തിനെല്ലാം
കാപഥം കൈവിടാൻ ദേശികനായ്ത്തീർന്ന
കാപിലവസ്തുവുൻ കർമ്മയോഗി
ഏകാകിയായ് നദീതീരത്തിരിക്കുന്നു
ലോകാഭ്യുപപത്തിബദ്ധദീക്ഷൻ.

"എത്തിനാനദ്ദിക്കിലപ്പോളൊരു പാപി
പത്തിയുയർത്തിന പാമ്പുപോലെ
തിന്മവിത്തൊന്നേ വിതച്ചിട്ടും കൊയ്തിട്ടും

[ 58 ]

ജന്മം തുലയ്ക്കുന്ന പാഴ്ക്കൃഷകൻ.
തൊള്ളതുറന്നാൽത്തൊഴിയുന്നതിലെല്ലാം
വെള്ളുള്ളിനാറ്റവും വേപ്പിൻകൈപ്പും
അത്തരമുള്ളോരസ,ത്തങ്ങേയറ്റത്തെ
മദ്ധ്യമലോകമഹാകളങ്കം.
കൈരണ്ടുമേവർക്കും കാണൂമ്പോൾകൂമ്പിപ്പോം
കൈവല്യമൂർത്തിതന്നന്തികത്തിൽ
തെല്ലും മടിയാതെ ചെന്നോരോ പേവാക്കാം
കല്ലും കൊഴിയുമെറിഞ്ഞുനിന്നാൻ.

ഒട്ടും തലയ്ക്കൊരകം പുറമില്ലാത്ത
നട്ടുച്ചഭ്രാന്തനോ നില്പൂ മുന്നിൽ?
തങ്കക്കിരീടം തറയിലെറിഞ്ഞൊരു
വങ്കൻ മികച്ച മരത്തലയൻ
തെണ്ടിത്തിരിയുന്നു തെക്കും വടക്കുമി--
ന്നണ്ടികളഞ്ഞിള്ളോരണ്ണാൻപോലെ.
പാരെഴുത്താണിയാൽപ്പാള പിടിക്കുവാൻ
പാരിനുടയോൻ പരണ്ടിക്കൊണ്ടാൽ
അത്തലയെമ്മട്ടരശുമുടി ചൂടി?
അട്ടയ്ക്കു പെട്ടതു പൊട്ടക്കുളം!
പാതിയുറക്കത്തിൽ ഭാര്യയെക്കവിട്ട
പാതകി പച്ചക്കലിക്കോമരം
ലോകം നന്നാക്കുവാൻ ചാടിപ്പുറപ്പെട്ടു!
മോഹമേ! നിന്നെത്തൊഴുതേപറ്റൂ.
കാഷായവസ്ത്രത്താൽ കാപട്യം മൂടിക്കൊ--
ണ്ടാഷാഡഭൂതികൾക്കഗ്രഗണ്യൻ
പാടേ സനാതനധർമ്മസരണിയിൽ
കാടും പടലും കലർത്തിടുന്നു.
പിട്ടുംപിശിട്ടും പിരട്ടുപിണ്ണാക്കുമീ
മൊട്ടത്തലയൻ പ്രസാദമായി
മട്ടും മതിയും മറന്നണയുമെട്ടും--
പൊട്ടുംതിരിയാത്ത പിള്ളേയ്ക്കേകി
നല്ലൊരു നാട്ടിന്നു നാശംപിടിപ്പിപ്പൂ
പുല്ലോളം പോരാത്ത പുള്ളിക്കാരൻ.
ഏതുമറിയാത്തോൻ സർവജ്ഞനായ്ത്തീർന്നു;
ബോധം നശിച്ചവൻ ബുദ്ധനായും
കാലം കിടന്നു കരണംമറിയുന്നു!
വാലങ്ങുകേറിത്തലയാകുന്നു!
മാറ്റിയെക്കണ്ട മഹാപാപം തീരുവാ--
നാറ്റിലിറങ്ങിക്കുളിക്കട്ടേ ഞാൻ."

[ 59 ]

അമ്മട്ടുതൻ നാവാമായസച്ചക്കില--
ധർമ്മരാജർഷിയെക്കൊട്ടയാട്ടി
അമ്പോ! ഞെളിഞ്ഞവൻ നിന്നാൻ കൃതാർത്ഥനായ്
ശംഭോ! മഹാദേവ ശാന്തം പാപം!
കാടിമ്മട്ടോതുമക്കണ്ണറ്റ പാതാള--
ക്കാടിക്കുഴിപ്പാഴ്ക്കെടുനീർക്കിടം
ആകാശഗംഗയിൽത്തത്തിടും ഹംസത്തിൻ
ലോകാതിഗമഹസ്സെന്തുകണ്ടു?
ദുർവാരകോപത്താലേതു മഹർഷിയും
ദുർവാസസ്സാകുമാ വാക്കുകേട്ടാൻ
ക്ഷാന്തിക്കധിഷ്ഠാനദേവതയും ക്രോധ--
ഭ്രാന്തിൽക്കൊടും കൃത്യമായിപ്പോകും.
വേക്ആനപ്പാമരൻ മേന്മേൽവിറകുക--
ളാകാശത്തോളമടുക്കിക്കൂട്ടി
വീശിയുമൂതിയും നോക്കി പണിപ്പെട്ടു
വാശിയിലാവതുമപ്പുറവും.
പാഴീറത്തീപ്പൊരി പാറുന്നീലങ്ങെങ്ങും
കീഴിലെപ്പോലെതാൻ മേലും ബുദ്ധൻ.
നിർവാണോപജ്ഞാതൃ നിർദ്വന്ദ്ന്മാനസം
നിർവാതവിക്രിയരത്നദീപം.
ഘോരക്രോധാപസ്മാരത്തെച്ചവിട്ടുന്ന
മാരജേതാവിനാ വാക്കോരോന്നും
മാതൃമുലപ്പാൽ നുകരും മണിക്കുഞ്ഞിൻ
മാഴമഴലമൊഴിയായ്ത്തീർന്നു.
പേക്കൂത്തു മുന്നിൽനിന്നോരോന്നു കാണിക്കു--
മാക്കൂളപ്പാപിയെശ്ശാക്യസിംഹൻ
പ്രേമം വഴിയും കടമിഴികൊണ്ടൊന്നു
തൂമയിൽ നോക്കുകമാത്രം ചെയ്താൻ.
താനങ്ങോട്ടെത്ര തകർത്താലും ദാന്തനിൽ
മൗനവും മന്ദസ്മിതവുമെന്യേ
കാണാഞ്ഞു മറ്റൊന്നും, തെല്ലു പകച്ചാന
ക്കാറ്റിൻഎത്താഡിക്കും കൈയുടയോൻ.
"മണ്ണുമല്ലിസ്സത്വം ചാണകവുമല്ല;
പെണ്ണുമല്ലാണുമ,ല്ലെന്തുകഷ്ടം!
പൗരുഷമെന്നതിൻ പേരുമറിയാത്ത
കാരുവിന്നേർപ്പെട്ട ദാരു മാത്രം!
ചൂടുള്ള ചെഞ്ചോരത്തുള്ളിയൊന്നെങ്കിലു--
മോടുന്നീലൻഗ്ങൊരു നാഡിയിലും;
അല്ലാഞ്ഞാലാസ്യമൊരല്പം കയർക്കണ്ടേ?
മല്ലാടാൻ നാക്കു തരിച്ചിടണ്ടേ?

[ 60 ]

വച്ചകണക്കിനുതന്നെയിരിക്കുന്നു
പച്ചച്ചിരിയും ചിരിച്ചു പാഴൻ.
പോക്കറ്റു പൊട്ടശ്ശവത്തിന്റെ നേർക്കോ ഞാൻ
വാക്കമ്പൂ മേന്മേൽ വലിച്ചുവിട്ടു?
ബുദ്ധ! മതി നിന്നബദ്ധച്ചിരി,യിതെ-
ന്തുത്തരം മുട്ടിയാൽ കൊഞ്ഞനമോ?
വാവാ നമുക്കല്പം വാദിച്ചു നോക്കീടാം;
നീ വാ തുറന്നൊന്നു കണ്ടോട്ടേ ഞാൻ."
എന്നായ് മടുത്തൊരെതിരാളി; ബുദ്ധനോ
നിന്നാൻ ചലിയാതെ മുന്നെപ്പോലെ.
ശീതകൃപാമൃതശീകരസേചന-
ചാതുരി വായ്ക്കും കടാക്ഷത്തോടും.

മന്നിടം മാരിപൊഴിച്ചു കുളിർപ്പിക്കാൻ
വന്നിടും വാരിദങ്ങൾക്കു തെല്ലും
നെഞ്ചകത്താൾ ഭേദം വായ്പീ,ലവയ്ക്കൊപ്പം
പഞ്ചയും പാഴ്മണൽക്കാറ്റുമല്ലോ!
അന്യാനുകൂല്യമാമർഥ്ഹമുതിർക്കുന്ന
ധന്യാത്മവിശ്വജിദ്യാജികളേ!
ഇജ്ജഗന്മങ്ഗലത്തിന്നായ്ജ്ജനിക്കുന്നു
സ്വച്ഛന്ദന്ന്മാർ യുഷ്മാദൃശർ.
പൂഴി പുല്ലാത്ത പൂമേനി പൂണ്ടുല്ലോ-
രൂഴിക്കനകക്കതിരവരേ!
കൂകട്ടേ ക്രോഷ്ടാക്കൾ! മോങ്ങട്ടേ മൂങ്ങകൾ;
ലോകത്തെയെന്തക്കൃമികൾ കണ്ടു!
ഉന്മിഷൽകന്മഷദുർമ്മഷിദൂഷിത-
മിമ്മഹീമണ്ഡലമാകമാനം
വെണ്മ മുഴുപ്പിച്ചും നമ തഴപ്പിച്ചും
ജന്മം കൃതാർത്ഥീകരിപ്പൂ നിങ്ങൾ.

കായുന്നു ചേതസ്സാം കമ്രാക്ഷയപാത്ര-
മായതിൽനിന്നു മേൽ പൊങ്ങിപ്പൊങ്ങി
തൂയ കനിവുപാൽ പുഞ്ചിരിമെയ്യാർന്നു
പായുന്നു ദേവന്നു മുന്നിലെങ്ങും.
ചാരത്തു നിൽക്കുന്ന സൗഗതാക്രോഷ്ടാവിൻ
കാരൊളിമെയ്യിലാ മന്ദഹാസം
കാമം പതിക്കുന്നു കൗശേയച്ചാർത്തായു-
മോമല്പ്രസാദപ്പൂമാലയായും.
തന്മേനിയേതോ പൂതുതാം തണുപ്പാർന്നു
ജന്മസാഫല്യം ലഭിച്ചപോലെ
നിന്നാനവനും വിശുദ്ധിസോപാനത്തി-

[ 61 ]

നൊന്നാമ്പടി നോക്കിക്കാലുയർത്തി
സമ്പൂർണ്ണാനുഗ്രഹം ശാക്യമഹർഷിയും
തൻപൂർവനിങ്കകന്നേകിടുവാൻ
പള്ളിരസനയാം വാങ്മയകോശത്തിൽ
വെള്ളിരദനത്തഴുതു നീക്കി:
"സ്വാഗതം ഭ്രാതാവേ! സ്വാഗതമങ്ങേയ്ക്കും;
സ്വീകരിച്ചാലുമെന്നാതിഥേയം.
അങ്ങനെക്കാണ്മാന്വസരംവന്നതു
മംഗലത്തിന്നൊരു മാർഗ്ഗമായി.
മാധവദേവനെപ്പണ്ടു ഭൃഗുപോലെ
ക്രോധത്തിലെന്നെപ്പരീക്ഷിക്കുവാൻ
ആവിർഭവിച്ചുള്ളോരാചാര്യനായങ്ങേ-
ബ്ഭാവിച്ചുകൊണ്ടേൻ ഞാനായുഷ്മാനേ!
മാരനൊരിക്കലെൻ രാഗത്തെശ്ശോധിച്ചു;
വീമ്നാമങ്ങിന്നെൻ ദ്വേഷത്തെയും.
രൺറ്റുമെന്നുള്ളത്തിലില്ലെന്നു സൂക്ഷ്മമായ്-
ക്കണുകൊണ്ടല്ലോ സഖാക്കൾ നിഗ്ങ്നൾ.
നല്ലോരു നാക്കു വെറുതേ കഴച്ചതായ്
തെല്ലോർത്തുമാഴ്കൊല്ലേ തെറ്റായ് സോമ്യൻ;
ആ നിഷകത്തിലെന്നുൾപ്പൊന്നുരപെട്ടു
ഹാനിപിണയാതെ മിന്നിയല്ലോ!
നന്മയുംന്തിന്മയും ശ്ലാഘയും നിന്ദയു-
മെന്മനസ്സിന്നെല്ലാമേകരൂപം.
കല്ലും കരിമുള്ളും മണ്ണും മരത്തുണ്ടും
പുല്ലും പുഴുവന്മെൻ സോദരങ്ങൾ.
തർക്കമറ്റാകയാലങ്ങു വമിച്ചോരു
കർക്കശാക്രോശനമെൻ ചെവിയിൽ
തൂകുകയായ് മേന്മേൽ തൂനറും പൂവേരി
കോകിലകാകളീപാകത്തിങ്കൽ.
വന്നാലും വത്സ! ഭവാനെൻ സമീപത്തി-
ലെന്നാവിന്നങ്ങയെക്കണ്ടനേരം
മൗനവ്രതത്തിനു പാരണയായുള്ള
മൗഖര്യചര്യയ്ക്കു ഭാവിക്കുന്നു.
വിശ്വജയത്തിന്നു ജിഹ്വ മനുഷ്യന്നു
ശശ്വല്പ്രകൃതിപ്രക്ലിപ്തമായി
വായ്പ്പോരു വാളല്ലോ, കാമിതം സർവവും
കായ്പ്പോരു കല്പകവല്ലിയല്ലോ.
ആയതുകൊണ്ടു കഴുത്തറുത്തീടുവാ-
നായിത്തുടങ്ങീടുമാത്മഘാതി
നിർവാണമാകും പൂമർത്ഥം ലഭിക്കുവാൻ

[ 62 ]

നിർവാഹം കാണാത്ത നിത്യബദ്ധൻ.
എത്രയ്ക്കു കാഴ്ചയിൽ മൂർച്ച കുറഞ്ഞീടു-
മത്രയ്ക്കു കാര്യത്തിൽ മൂർച്ചകൂടും;
അങ്ങനെയല്ല്ലോരീയായുധംകൊണ്ടൊരു-
മങ്ങവതാളത്തിൽ ക്രീഡിക്കൊല്ലേ!
നാലാമതാമുമിദ്ദിവ്യേന്ദ്രിയത്തിന്നു
നാമം രസജ്ഞയെന്നല്ലീ ബന്ധോ!
നജ്ഞിൽപ്പചിച്ചാൽ നളപാകമാകിലും
രഞ്ജിപ്പീലെന്നതറിയുന്നീലേ?
ആഗന്തുകർക്കായിട്ടർപ്പിക്കുമബ്ഭക്ഷ്യം
ലോകരുചികരബാഹ്യമായാൽ
ആയതിൽസ്വാമി ഗൃഹസ്ഥനതെത്രയ്ക്കു
കായമനഃക്ലേശഹേതുവല്ല?
പോരാ! രസന പൊഴിക്കും ദുർവാക്യങ്ങൾ
ഘോരാഭിചാരജദുർഭൂതങ്ങൾ;
നേരക്കുമവ ചെന്നെതിരാളിയോടല്പം;
തോൽക്കുമ്പോഴേക്കും തിരിഞ്ഞുകേറും.
മാനത്തു തുപ്പിയാലല്പമുയരെപ്പോയ്
നൂനമത്തുപ്പൽ തൻ മാറില്വീഴും.
കാറ്റിന്നെതിരായെറിയും മണൽത്തരി-
യേറ്റുകിടക്കും തൻ കണ്ണിൽതന്നെ.
വാനാറ്റംകൊണ്ടു വസുധയടക്കുവാൻ
ഹാ നാം നിനയ്ക്കുവതെത്രമോശം!
ലാക്കിന്നുകൊള്ളാൻ കരുത്തക്കണയ്ക്കില്ല;
മൂക്കിനെത്തോൽപ്പിക്കാൻ മാത്രം കൊള്ളാം.
നമയ്ക്കേ തിന്മതൻ നാമ്പടപ്പിക്കാവൂ;
വെണമ്യ്ക്കേ കൂരിരുൾ വെന്നിടാവൂ.
ഉഷ്ണത്തേയുഷ്ണം ശമിപ്പിപ്പീലെന്നത്രേ
ശ്ലക്ഷണാസദാചാരവൈദ്യതത്ത്വം.
തണ്ണീർതലയ്ക്കാടിത്തീഭ്രാന്തടക്കണാ-
മെണ്ണമേലാടിക്കടലിൻ ഭ്രാന്തും:
എന്നകണക്കിലരിശപ്പിശാചിനെ
വെന്നിടാൻ ക്ഷാന്തിദേവിക്കേ പറ്റൂ.
പാൽക്കതിർ പാരിൽ പരത്തും പനിമതി
നായ്ക്കുരകേട്ടു നടുങ്ങുന്നില്ല;
ശങ്കവിട്ടാ നായ്ക്കു ചാടിക്കളിക്കുവാ-
നങ്കണം വെങ്കലിയിട്ടിടുന്നു.
മേഘച്ചെറുചൂൽ വഴിമറച്ചീടട്ടേ;
രാഹുവിൻ നാക്കിണ നക്കീടട്ടേ;
താനതിലൊന്നും കുലുങ്ങാനെ പൊങ്ങുന്ന

[ 63 ]

വാനത്തേത്തിങ്കൾ നമുക്കാദർശം.
എണ്ണമറ്റാകാശവീഥിയിൽ മിന്നുമീ--
യണ്ഡഗോളങ്ങശേഷമയ്യോ!
കാലചക്രക്കറക്കത്തിൽ തെറിക്കുന്ന
ലോലസ്ഫുലിംഗങ്ങൾ മാത്രമല്ലീ?
ആയവയിലൊരണുവാമവനിയിൽ
കായം ഞൊടിക്കാർന്ന മർത്യകീടം
തൻകോപവഹ്നിയിൽ സർവം ദഹിപ്പിപ്പാൻ
സങ്കോചം തേടുന്നീ,ലെത്ര ചിത്രം!
എങ്ങു കിടപ്പൂ പുമർത്ഥപ്രാപ്യസ്ഥാനം!
എങ്ങു കാമക്രോധകാളഗർത്തം!
നേരറ്റതാമിപ്രഹസനത്തിന്നൊരു
ദൂരനമസ്കാരമൊന്നേ വേണ്ടൂ!"

എന്നുരചയ്തു നിറുത്തി മഹാമുനി--.
യൊന്നുമറിയാത്ത ശ്രാവകനും
കണ്ണിർപ്പുഴയിൽ മുഴുകിന മെയ്യോടും
ദണ്ഡനമസ്കൃതി പൂണ്ടിരുന്നാൻ.
കാലീയശീർഷത്തിൽ കാൽത്താരണി ചേർത്ത
ബാലമുരളീധരനെയോർക്കെ
കോൾമയിർപ്പൂമ്പട്ടു ചാർത്തിക്കുതികൊള്ളു--
മോമനക്കാലസഹോദരിയെ
അച്ഛസ്ഫടികനിറംതേച്ചു വാഴിപ്പാ-
നിച്ഛകലരുമലക്കരങ്ങൾ
പേർത്തുമുയർത്തിപ്പെരുത്താശിസ്സേകിനാൾ
ബുദ്ധന്നു ശുദ്ധയാം ഗംഗാദേവി.

വിചാരധാര [തിരുത്തുക]

ആകാശവും ഭൂമിയുമൊപ്പമർക്ക-
നന്തിക്കതിർപ്പൊന്നിലലങ്കരിക്കെ
ഓതുന്നു തൻപൈതലൊടുമ്മറത്തി-
ലൊരോമനപ്പെൺകൊടിപ്രകാരം:

"നീ ചേർക്കു! തങ്കക്കുടം! ആ വരുന്ന
'നീലിപ്പുലക്കള്ളി'യിൽ നിന്റെ നോട്ടം!
കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന
കാലേയകാലം കനിവറ്റതല്ല.

തടിച്ച പുൽക്കെട്ടു ശിരസ്സിലൊന്നു
താങ്ങിത്തളർന്നെത്തിടുമി'ക്കിടാത്തി'

[ 64 ]

തൃണത്തിലും തൻ നില താഴെയെന്നു
തീർത്തോതിടുന്നുണ്ടൂ ജനത്തൊടെല്ലാം.

ജനിച്ചനാൾ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവൾക്കു പാർത്താൽ
ചപ്രത്തലക്കെട്ടയഥാർഹമല്ല;
തള്ളയെക്കെഴും ദുർഗ്ഗതി പിള്ളകൾക്കും.

ഇവൾക്കു ദരിദ്ര്യഹലത്തിൽ മേന്മേൽ
ചിന്താവ്യഥക്കാളകൾ ചേർത്തുപൂട്ടി
ദൈവം തുടർന്നൊരുഴവിന്റെ ചാലു
കാണാമ്മ് ചുളുക്കാർന്ന കപോലഭൂവിൽ.

മുട്ടിന്നുമേലോളമിറക്കമാർന്ന
മുഷിഞ്ഞമുണ്ടൊന്നിവൾ തന്നരയ്ക്കൽ
ദിങ്‌നാരി കൊണ്ടൽപ്പൊളൊപോലെ ചുറ്റി
'മാനം' മറയ്ക്കുന്നിതു വല്ലപാടും.

പ്രത്യുഷകാലം മുതൽതിയോളം
പാടാത്തിലോരോ പണിചെയ്തു നിത്യം
പ്രഭാകരൻതൻ കരമേൽക്കുവോരി--
പ്പാവത്തിനംഗം പ്രചുരാന്ധകാരം!

തൂവേർപ്പണിത്തുള്ളികൾ കൊണ്ടിവൾക്കു
നെറ്റിത്തടത്തിൽ വളർമുത്തുപട്ടം!
പാടത്തിലെപ്പാഴ്‌ചെളിനീരുകൊണ്ടു
പാടീരപങ്കദ്രവം! എന്തു ചെയ്യാം!

കണ്ടാൽ വെറും പ്രാകൃതയാമിവൾക്കു
കൈവന്നിടും മേന്മയൊരല്പമോർക്കാം;
അതാരു ചിന്തിപ്പവർ? ചർമ്മദൃഷ്ടി--
ക്കഗോചരൻ പ്രാണദനാം സമീരൻ.

ചരാചരം സർവവുമൊപ്പമേതു
പെറ്റമ്മതൻ ലാളനമേൽക്കമൂലം
ജീവിപ്പൂ; കല്യാണിനിധാത്രിയാമ--
ദ്ദേവിക്കു ശുശ്രൂഷികയിക്കുമാരി.

പ്രകൃത്യധീശിത്രി വഹിക്കുമോമൽ--
പ്പലാശവർണ്ണാഞ്ചിതകേശപാശം
ശരിക്കു ചീകിച്ചിട വേർപെടുത്തും
വിദഗ്ദ്ധസൈരന്ധ്രിയുമിക്കുമാരി.

മൗലിക്കുമേൽ ബാലതൃണം ചുമന്നു
വരുന്നൊരിസ്സോദരിയെന്റെ കണ്ണിൽ

[ 65 ]

തലയ്ക്കു ശഷ്പാഭരണം ധരിക്കും
സർവ്വം‌സഹാദേവികണക്കിരിപ്പൂ.

അതാ പുറപ്പെട്ടു തൊഴുത്തിൽനിന്നു
'ഹമ്മാ'രവം ശ്രോത്രമനോഭിരാമം
ഘ്രാണത്തിനാൽ ഗോവു ഭുജിച്ചുപോയി
തദന്നപൂർണ്ണേശ്വരിതൻ പ്രസാദം.

ഏതിന്റെ മെയ്യാർന്നിടുമൂഴിമാതിൻ
സ്തന്യം ലഭിക്കെപ്പൃഥു ധന്യനായി
ഏതിൻ ചുരന്നോരകിടാതിഥേയൻ
കുംഭോത്ഭവന്നക്ഷയപാത്രമായി!

ഏതിന്നുവേണ്ടി, ക്രതുയൂപബന്ധം[2]
കൈകൊണ്ടു വാജസ്രവസാത്മജാതൻ;
സുദർശനം ദൂരെവെടിഞ്ഞു പുത്താൻ
കോലേന്തിയമ്പാടികണിക്കിശോരൻ;

ഈയാർഷധർമ്മം തുടരുന്ന നമ്മൾ--
ക്കേതിന്നുമേൽ ദൈവതമൊന്നുമില്ല;
ഇബ്ഭാരതോവിർക്കിയലും യശസ്സി--
ന്നേതിൻ കൃപാനുഗ്രഹമാദിമമ്ലം.

അക്ഷോ, വഹിംസാവ്രതചാരുചര്യയ്-
ക്കാദർശ,മന്യോപകൃതിപ്രവീണം;
അനന്തകല്യാണഗുണാഭിരാമം;
അതിന്നു തീൻ നൽകിന കൈയ്ക്കു കൂപ്പാം ( കുളകം)‌

ഇസ്സാധു കൈക്കൊൾവു മനസ്സിൽ മോദം
ഗോവിന്നു ഗാരുത്മതരത്നമേകി;
മഥിക്കവേ പണ്ടു സമുദ്രവീചി
ഗോവിന്ദനക്കൗസ്തുഭമെന്നപോലെ.

ഈയർഹണം നന്ദിനിയാല്ക്കു പണ്ടു
സുദക്ഷിണാദേവി കുറെദ്ദിനങ്ങൾ
നടത്തി വേണ്ടുന്നതു നേടി; നീലി!
നിനക്കിതോ നിസ്പൃഹ നിത്യകർമ്മം?

ഗോവിന്റെ കുക്ഷിക്കകമേ ചരിച്ചു
ഹിരണ്യഗർഭോത്സവമാർന്ന ശഷ്പം
മുറയ്ക്കു ദുഗ്ദ്ധാകൃതി പൂണ്ടുകൊണ്ടു
രുദ്രാഭിഷേകാർഹത നേടിടുന്നു.

[ 66 ]


ഇപ്പാഴ്ചിറച്ചേറു വിടുർത്തിടുന്ന
ചെന്താമരപ്പൂമണിമച്ചിനുള്ളിൽ
പാലാഴി വിട്ടെത്തിന പദ്മനാഭ-
പ്രാണാധികപ്രേയസി പാർത്തിടുന്നു.

മല്സ്തന്യവും മാമക 'നീലി' നൽകും
ശഷ്പം ഭുജിക്കും പശുവിന്റെ പാലും
നിന്നെപ്പുലർത്തീടുകകൊണ്ടു കുഞ്ഞേ!
ദൈമാതുരൻ നീ,യതിനില്ല വാദം.

മേലുള്ള ജ്ന്മങ്ങളിൽ മംഗലങ്ങ-
ളിവൾക്കു മേളിപ്പതിനീശനോടായ്
പ്രാർത്ഥിച്ചു നിൽക്കും പശുവിന്റെ പാട്ടു
നീയേറ്റുപാടാൻ നിതരാം നിബദ്ധൻ.

നിജാഹ്നികവ്യാപൃതി നിർവഹിച്ചു
കൃതാർത്ഥയായ്പ്പോമിവളെസ്സലീലം
തൻപോക്കുമഞ്ഞക്കതിരാൽത്തലോടി-
സ്സമാനധർമ്മാവരുന്ന് ലസിപ്പു.

തിരിച്ചു പോയോരിവൾ കുട്ടനെക്ക--
ണ്ടാത്മാർത്ഥമാം പുഞ്ചിരി തൂകിടുന്നു.
അതേറ്റു വാങ്ങാൻ കുനിയട്ടെ കണ്ഠ,-
മാമ്മുത്തുമാലയ്ക്കൊരശുദ്ധിയില്ല!

പോ! തോഴി! പോ! നീ ഭുവനത്തിലുള്ള
പൊൻവെള്ളിതൊട്ടുള്ളൊരു വസ്തുവൊന്നും
ചാളയ്ക്കകം വന്നണയാത്തതോർത്തു
സാംസ്കാരികാർത്തിക്കടിമപ്പെടൊല്ലേ!

വാഴേണ്ടനാളിത്തരിശിന്നു മേലു,--
ണ്ടിങ്ങേക്കുഴിക്കങ്ങൊരു കുന്നു കാണും;
ഇന്നിന്നലത്തേതിലുമെത്രഭേദം?
ഈമട്ടു മന്നുൽഗതി കൊൾകയല്ലീ?

കുളത്തിലെപ്പാഴ്ക്കെടുനീറ്റിലല്ല
കൂത്താടിനിൽക്കുന്നതു നോകമിപ്പോൾ;
കുതിച്ചു രത്നാകരസഖ്യമാളും
കൂലങ്കഷയ്ക്കുള്ള പയസ്സിലല്ലോ.

കഴിഞ്ഞകാലം വസുധാംഗനയ്ക്ക്
കൗമാരമായ്സ്സോദരി കല്യർ കണ്മൂ;
വരുന്നതോ യൗവനമായവൾക്കു;
വാഴ്വൂ വയസ്സന്ധിയെ നോക്കി നമ്മൾ.

[ 67 ]


ന്യായസ്ഥനായും സമദർശിയായും
ജഗന്നിയന്താവു ജയിച്ചിടുന്നു;
കാലജ്ഞനക്കർഷകനോർമ്മയുണ്ടു
വിത്തിട്ടവണ്ണം വിളയിച്ചുകൊൾവാൻ.

മൂഡന്റെ പൊന്നും മണിയും മനീഷി
കാണുന്നു ചോറും ചരലും കണക്കേ;
വരും പണം പോകുമതൊന്നിലല്ലീ--
യാത്മാവുറപ്പിച്ചതു വിശ്വശീല്പി.

പോ! തോഴി! പോ! നീ പതറാതെ നിന്റെ
പൊട്ടപ്പുരക്കൂട്ടിനുമേലുമിപ്പോൾ
സുധാമയൂഖൻ ഗഗനത്തിൽനിന്നു
തൂവെൺകുതിരപ്പൂനിര തൂകുമല്ലോ!

അന്തർവിടങ്കത്തിൽ നിനക്കു കത്തു-
മവ്യാജവിശ്വേശ്വരഭക്തിദീപം
അഖണ്ഡനിർവാണപദത്തിലെത്താ-
നറ്റംവരയ്ക്കും വഴികാട്ടിടട്ടേ"

തായേവമോരോന്നുരചെയ്തതിന്റെ
താത്പര്യമെന്തച്ചെറുപൈതൽ കണ്ടു?
എന്നാലുമക്കുഞ്ഞു പറഞ്ഞു; "പാവം!
ഹാ പാവമേ! നമ്മുടെ നീലി"യെന്നായ്.


മലർന്നു മങ്കയ്ക്കതു കേട്ടനേരം
വക്ത്രാബ്ജ,മെന്നിട്ടിവ"ളീ വിചാരം
എന്നോമനയ്ക്കേറണമെന്നുമെന്നു--"
മെന്നോതിയക്കുട്ടനെയുമ്മവയ്പൂ.

ശ്രീമൂലനക്ഷത്രമാല
[തിരുത്തുക]

ശ്രീപത്മനാഭചരണാംബുജമുൾക്കുരുന്നിൽ--
ക്കാപട്യമ്റ്റു കരുതിക്കലിതാണുഭാവം.
സ്വാപത്തിലും സുകൃതിയായ് വിലസുന്നു മൂല--
ഭൂപർഷഭൻ ഭുവനമംഗലരത്നദീപം.       1

സത്യത്തോടുള്ള രതി, സാധൂജനാനുകമ്പ,
കൃത്യത്തിൽ നിഷ്ഠ, കൃതകേതരദൈവഭക്തി,
അത്യന്തമാം വിനയ,മാത്മദമം തുടങ്ങി
സ്തുത്യർഹമായ സുഗുണം പലതും കലർന്നോൻ       2

[ 68 ]


കാലാനുകൂലനയഭേദമുരീകരിച്ചു
വേലാവലിലംഘി കുശലം പ്രജകൾക്കു നൽകി
ചേലാർന്നു മിന്നുമൊരു തന്നുടെ നാടുയർത്തി
നാലാഴികാഞ്ചിനടുനായകമാക്കിടുന്നോൻ.       3

ഘോരാപരാധശതമേതൊരു പഞ്ചപാപി
പാരാതെ ചെയ്കിലുമതിൽപ്പരമാണുപോലും
വാരാളുകുൾത്തളിരിൽ വൈരമുദിച്ചിടാത്ത
ധീരാഗ്രഹൻ; കലിയുഗത്തിലജാതശത്രു.       4

സമ്പത്തിൻവച്ചു മദമില്ല; വിപൽദ്രുമത്തിൽ-
കൊമ്പത്തു ദുർവിധി കയറ്റുകിലത്തലില്ല;
കമ്പത്തെ വിട്ടു കരളിൽക്കമലാമണാളൻ--
തൻ പത്തു രണ്ടു പൊഴുതും കരുതുന്ന ധന്യൻ;       5

പേരിന്നുവേണ്ടിയൊരു കൃത്രിമചര്യയില്ല;
ഭൂരിപ്രശംസയിലശേഷമസൂയയില്ല;
പാരിൽ ഫലത്തെ നിനയാതെ പരാർത്ഥകർമ്മം
നേരിട്ടു ചെയ്‌വൊരു നിരീഹരിലദ്വിതീയൻ.       6

അന്നമ്മഹാരജതജൂബിലിയുത്സവത്തിൽ
തൻനല്പ്രജാവലി പിരിച്ച ധനത്തിനാലേ
"അന്നം ദരിദ്രനരുളീടണ"മെന്നുമാത്ര--
മുന്നമ്രമോദമുരചെയ്തൊരുദാരശീലൻ;       7

സവ്യാപസവ്യകരയുഗ്മമുയർത്തി നിത്യ--
മവ്യാജഭക്തിയോടു തൻ പ്രജകൾക്കുവേണ്ടി
ഭവ്യാപ്തി നേർന്നു പരിതൃപ്തിയെ നേടിടുന്ന
ദിവ്യാമലാത്ഭുതചരിത്രപവിത്രിതാശൻ;       8

ധർമ്മത്തിനാശ്രയപദം; ധര നട്ട പുണ്യ--
കർമ്മദ്രുമത്തിൽ വിലസുന്ന ഫലകാണ്ഡം;
ശർമ്മത്തിനുള്ള വിളഭൂമി; സമസ്തശാസ്ത്ര--
മർമ്മത്തിനും മഹിതടീക;മഐയഭൂപൻ (കുളകം)       9

ഈ നല്ല വഞ്ചിവസുധാവലശാസനന്റെ
മാനംവരയ്ക്കുയരുവോരപദാനമോർത്താൽ
നൂനം കരിങ്കരളനും കളവല്ല കണ്ണി--
ലാനന്ദബാഷ്പമറിയാതെ നിറഞ്ഞുപോകും       10

[ 69 ]


സീമാതിരിക്തഗുണനാമവിടേയ്ക്കെഴുന്ന
നാമാക്ഷരങ്ങൾ ചെവിയിൽ കയറും ക്ഷണത്തിൽ
ഈ മാനവർക്കു മുടിതൊട്ടടിയോളമെങ്ങും
രോമാഞ്ചമഞ്ചുകിതമായ്ച്ചമയുന്നു കായം       11

പുത്തൻ പുരാതന,മിവറ്റയിലേകഭാവ-
മൊത്തമ്പുമുള്ളിനൊടു രണ്ടിലുമുള്ള സാരം
ഇത്തമ്പുരാൻ സമമെടുത്തു വിശിഷ്ടകീർത്തി-
വിത്തം പുലർത്തുവതു വിശ്രുതവിശ്വവൃത്തം       12

ഏതായതാക്ഷി ലവമൊന്നു തിരിഞ്ഞുനോക്കാൻ
ശ്വേതാതപത്രമെഴുവോർ പുറകേ നടപ്പൂ;
ശ്രീതാവുമപ്പുകൾവധൂടി ഭുജിഷ്യയാണി--
പ്പൂതാശയൻ പുരുഷസിംഹനു ഭൂരിഭാഗ്യം!       13

"നീ താത! പൊന്നുതിരുമേനിയെ നിൻഗുണത്താ--
ലേതാനുമെന്നനുകരിക്കുവതമ്മ കാണും?"
മാതാവു തൻമടിയിൽവച്ചു കിടാവൊടേവ-
മോതാതെ വഞ്ചിയിലൊരേടവുമില്ല കാണ്മാൻ       14

ശ്രീരാമനെന്നതൊരു കല്പതനാം പുമാന്റെ
പേർആകുവോർക്കുമതുമട്ടിൽ മനുഷ്യസൃഷ്ടി
ധാരാളമബ്ജഭവനൊത്തിടുമെന്നു കാട്ടു--
മീ രാജമൗലി നവമാമിതിഹാസപാത്രം.       15

വാരാകരം ഗുണഗണത്തിനു, വഞ്ചിമൂല--
ശ്രീരാമവർമ്മധരണീരമണാവതംസം
സീരായുധാവരജദിവ്യകൃപാവിടങ്ക--
പാരാവതാഗ്രിമപദത്തിൽ വിളങ്ങിടുന്നു.       16

ഹന്താമിതപ്രഭയെഴുന്നൊരു വഞ്ചിഭൂപ-
സന്താനമിപ്പൊഴുതു മൂലനൃപോദയത്താൽ
പൊൻതാഴികക്കുടമമഴ്ത്തി വിളങ്ങിടുന്ന
ചിന്താതിവർത്തി രുചിയാം മണിമേടയായി.       17

വാചാമഗോചരമഹത്വമോടാദിശങ്ക--
രാചാര്യർതൻ ജനനിയായൊരു വഞ്ചിഭൂവേ!
ധീചാതുരിക്കവധിയാമിവിടുന്നു വേട്ടു
നീ ചാരിതാത്ഥ്യമെഴുവോക്കണിരത്നമായി.       18

[ 70 ]


എന്തായിരുന്നു കഥ പ,ണ്ടതു മാറിയിപ്പോ--
ളെന്തായി നിന്റെ നില? നീയൊരു മുപ്പതാണ്ടിൽ
ഹന്താതിമാത്രമഭിവൃദ്ധിയെ നേടിയല്ലോ;
നിൻതാലി ചെയ്ത് സുകൃതം നിബരീസമമ്മേ!       19

അത്യത്ഭുതപ്രഥയെ നേടിയശേഷലോക--
സ്തുത്യർഹമായ് വിലസ്സുമിസ്സുജനൈകരത്നം
"പ്രത്യക്ഷമായ പരദൈവത"മെന്ന വാക്യം,
പ്രത്യക്ഷരം പ്രതിപദം പരമാർത്ഥമല്ലോ.       20

കൊട്ടാരവും കുടിലുമൊപ്പമനല്പകീർത്തി--
ത്വിട്ടാൽ വിളക്കിടുമൊരിത്തിരുമേനിയിപ്പോൾ
പട്ടായിടത്തെ പദപല്ലവയുഗ്മമൻപ-
ത്തെട്ടാമതാം തിരുവയസ്സിലെടുത്തുവയ്പൂ.       21

ഭൂവാകെയുള്ള മലയാളികൾ വിസ്മരിച്ചു--
പോവാമൊരിക്കൽ വിഷുവും തിരുവോണനാളും;
ആ വാസരത്തിലുമവർക്കകതാരിൽനിന്നി-
ക്ഷ്മാവാസവന്റെ തിരുനാൾ മറവാൻ പ്രയാസം       22

ഹിന്ദുക്കൾ, കൃസ്തവർ, മഹമ്മദർ, ജൂതർ-ഭേദ-
മെന്തുള്ള ചൊൽവതിനു സോദ്രർ നമ്മൾ തമ്മിൽ?
മുന്തുന്ന ഭക്തിയൊടു മൂലനൃപന്റെയാജ്ഞ-
യെന്തും വഹിപ്പതിനു നമളൊരുക്കമല്ലീ?       23

ഏതാണ് മറ്റൊരവലംബനം? ഏവരന്യർ
മാതാപിതാക്കൾ? കുലദൈവവുമൊരു വേറേ?
ഏതാനുമൊന്നു പറവാനറിയുന്നുവോ നാം?
ഭൂതാക്കളേ! സകലവും തിരുമേനിയല്ലേ?       24

മൂലയ്ക്കുമൂല മുടിമന്നർ മുറയ്ക്കു വായിക്ക-
മൂലം പരർക്കു ഞെളിയാം; എളിയോർ നമുക്കോ
മൂലംമുതൽശ്ശിഖവരെച്ച്എറുപൈതലൊന്നും
മൂലക്ഷമാപതിയുമേ മുതലുള്ളുവല്ലോ!       25

നാമിദ്ദിനത്തിൽ നവമാം കുശലത്തെയസ്മൽ--
സ്വാമിക്കു നേർന്നു ചരിതാർത്ഥത നേടിടാഞ്ഞാൽ
കാമിച്ചുപെറ്റു കനിവോടു വളർത്തി വഞ്ചി--
ഭൂമിക്ക് മക്കൾ വെറുതേ ചുമടിന്നു മാത്രം!       26

[ 71 ]


ധാരാളമാം ഭവികവും സുഖവും കലർന്നി--
ശ്രീരാമവർമ്മനൃവരൻ ചിരകാലമേവം
പാരാളുവാൻ പരമപൂരുഷ! പത്മനാഭ!
പാരാതെ നിൻപദയുഗം പണിയുന്നു ഞങ്ങൾ.        27


കുറിപ്പുകൾ[തിരുത്തുക]


  1. ധർമ്മരാജാവിന്റെ പത്നി
  2. നചികേതസ്സ്
"https://ml.wikisource.org/w/index.php?title=കിരണാവലി&oldid=70276" എന്ന താളിൽനിന്ന് ശേഖരിച്ചത്