താൾ:കിരണാവലി.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ആയുസ്സിക്കുഞ്ഞിന്നരുളണേ പാരിന്നു
തായും തകപ്പനുമായുള്ളോനേ!"

നാനാവികാരശബളിതമായിടു-
മാ നാരിമൗലിതന്നാക്രന്ദനം

ആകർണ്ണനംചെയ്തരുളിനാനുത്തരം
ലോകജിത്തായുള്ള ലോകബന്ധു:

"ഹാഹാ! മൽസോദരി! ബാലമൃതിയാൽ നീ
മോഹാന്ധകൂപത്തിൽ വീണുപോയി.

ആതുരയാകും നീ കൺകൊണ്ടു കാണ്മീല;
കാതുകൊണ്ടേതുമേ കേൾക്കുന്നീല;

എന്നേ മറിച്ചു ധരിക്കൊലാ വത്സേ! നീ;
നിന്നെപ്പോൽ ഞാനൊരു മർത്യൻ മാത്രം,

ജീവനഭൈക്ഷമരുളുവാൻ ഞാനൊരു
ദേവന,ല്ലായാലും ചെയ്കയില്ല,

കേവലമൊന്നു ഞാൻ ചോദിച്ചുകൊള്ളട്ടേ;
സാവധാനം നീ ശ്രവിപ്പൂതാക,

ഈ നഗരിക്കകം നമ്മെക്കണക്കെത്ര
മാനവർ മേവുന്നുണ്ടെൻ വിശാഖേ?

ഏഴുലക്ഷം ജനമല്ലേയിദ്ദേശത്തിൽ
വാഴുവ,തങ്ങേപ്പുറം കടന്നാൽ

'കോടാനുകോടി' വിഷയത്തേയും മുറ-
യ്ക്കീടാർന്നതിലെല്ലാം മർത്യരേയും

ധാതാവിൻ സൃഷ്ടിമഹത്ത്വം വിളിച്ചോതി
മാതാവാം ഭൂമി വഹിപ്പതില്ലേ?

പോരാഞ്ഞാലീ മദ്ധ്യലോകത്തിനു ചുറ്റും
ധാരളമായ്പ്പെടും ഗോളങ്ങളിൽ

ബ്രഹ്മാവുതൊട്ടിങ്ങേയറ്റമുറുമ്പോളം,
വന്മാമലതൊട്ടിളംപുല്ലോളം,

വിധ്യണ്ഡഭാണ്ഡവിചണ്ഡപ്രകാണ്ഡത്തിൽ
സത്യസ്വരൂപപ്രതിമകളായ്

ജംഗമസ്ഥാവരാകാരത്തിലേതേതു
മംഗലവസ്തുക്കൾ വായ്പതില്ല?

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/20&oldid=173019" എന്ന താളിൽനിന്ന് ശേഖരിച്ചത്