Jump to content

ശരണോപഹാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


ശരണോപഹാരം

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]


ശരണോപഹാരം
1938
[ 2 ]

ശരണമയ്യപ്പാ! ശരണ,മേവരും
ശരണമെന്നടിപണിവോനേ!
ശരണമെന്നെന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണതാരിണ-ഭഗവാനേ!       1

വരിക ശാസ്താവേ! വരിക സൽഗുരോ!
വരിക ധാർമ്മികപ്പെരുമാളേ!
ഒരുകുറി കനിഞ്ഞുഴിക ഞങ്ങളിൽ-
ത്തിരുമിഴിത്തെല്ലാൽ-ഭഗവാനേ!        2        (ശരണമയ്യപ്പാ)

ശബരിമാമലയുടയോനേ! ഞങ്ങൾ-
ക്കഭയമേകിയിപ്പിറവിയെ
സഫലമാക്കുവാൻ വിരുതരീശ്വര-
രപരരില്ലല്ലോ-ഭഗവാനേ!        3        (ശരണമയ്യപ്പാ)

വളരെനാളത്തേബ്‌ഭജനംകൊണ്ടുമു-
ള്ളിളകിടാത്തവരവരെല്ലാം;
ഇളകിയാൽത്തന്നെ കുശലമേകുവാൻ
ബലവും പോരാത്തോർ-ഭഗവാനേ!        4        (ശരണമയ്യപ്പാ)

[ 3 ]

കരുതിടുന്നതില്ലവരെയാരെയും
ശരണമായ് ഞങ്ങളഗതികൾ;
ശരണം നിന്തിരുവടിതാൻ ഞങ്ങൾക്കു
പരമപൂരുഷ! ഭഗവാനേ!        5        (ശരണമയ്യപ്പാ)

പരിമിതം പാരമടിയങ്ങൾക്കുള്ള
പരിമളഹീനം പദസൂനം;
പരിചയിക്കാനുമിടവന്നീലങ്ങേ-
പ്പരിചര്യാവിധി-ഭഗവാനേ!        6        (ശരണമയ്യപ്പാ)

മറകൾക്കപ്പുറം മറയുവോരങ്ങേ-
പ്പെരുമ വാഴ്ത്തുന്നു ജഡർ ഞങ്ങൾ;
ചെറുകിടാങ്ങൾതൻ മൽമൊഴിക്കച്ഛൻ
കുറവുകൂറുമോ-ഭഗവാനേ!        7        (ശരണമയ്യപ്പാ)

കലിയുഗം മുറ്റി; നെറിയെങ്ങും തെറ്റി
തലകീഴായ് മാറി സകലവും
ഉലകിടമിതു മുഴുവനിന്നൊരു
കൊലനിലമായി-ഭഗവാനേ !        8        (ശരണമയ്യപ്പാ)

"അവരവർത്തന്നെയവരവർക്കീശർ;
ഭുവനനാഥനില്ലൊരുവനും;

[ 4 ]

വിവരമില്ലാത്തോരടിമക്കോലങ്ങ-
ളവനെക്കൂപ്പുവോർ-ഭഗവാനേ?        9        (ശരണമയ്യപ്പാ)

ദുരിതം ചെയ്തിടാമെവനും; ഭാവിയി-
ലൊരു കർമ്മത്തിനും ഫലമില്ല;
മറുപിറവിയിലതു ഭുജിക്കേണ്ട
ഭരവുമില്ലാർക്കും-ഭഗവാനേ!        10        (ശരണമയ്യപ്പാ)

ചതിയും കൊള്ളയും പകയുമെത്രനാൾ-
പ്പതിതഭാവത്തിൽക്കഴിയണം?
ഗതിയവയ്ക്കു താൻ വരണം നാം തീർക്കും
പുതിയലോകത്തിൽ-ഭഗവാനേ!"        11        (ശരണമയ്യപ്പാ)

പലരുമിങ്ങനെ മദലഹരിയിൽ
പ്രലപനം ചെയ്തു ഞെളിയുമ്പോൾ,
മലയെന്നും, മാലയിടലെന്നും, മറ്റും
ചിലമൊഴി കേൾപ്പൂ-ഭഗവാനേ!        12        (ശരണമയ്യപ്പാ)

'ശരണമയ്യപ്പ ! ശരണമെന്നുള്ള
സരളമാമങ്ങേസ്തുതിയപ്പോൾ
പരമാദ്ദുഷ്ടർതൻ ചെവിയിൽ ചെന്നെത്തി-
ക്കരളിലേറുന്നു ഭഗവാനേ!        13        (ശരണമയ്യപ്പാ)

[ 5 ]

അവരെവിട്ടുടൻ പഴയ പേക്കിനാ-
വെവിടെയോ മാറി മറയുന്നു;
ശിവദമാസ്തോത്രമവരും കേൾക്കുന്നു.
ചെവിയും കൂർപ്പിച്ചു-ഭഗവാനേ!        14        (ശരണമയ്യപ്പാ)

മുറയും വർണ്ണവും സ്വരവും തെറ്റാതെ,
നിറയും കണ്ണുമാ, യതിനുമേൽ,
കരവും കൂപ്പിനി, ന്നവരുമേറ്റേറ്റ-
ശ്ശരണം പാടുന്നു-ഭഗവാനേ!        15        (ശരണമയ്യപ്പാ)

മതിഹിത, മെത്രതവണ ചൊന്നാലും
മതിവരില്ലങ്ങേത്തിരുനാമം;
മധുരമാമതിന്നെതിരിൽ നിൽക്കുമ്പോൾ
സുധയും തിക്തകം-ഭഗവാനേ!        16        (ശരണമയ്യപ്പാ)

വരിക ശാസ്താവേ! ഭുവനശാസ്താവേ!
വരിക ഞങ്ങൾ തൻ ഹൃദയത്തിൽ
തിരുനായാട്ടിനുണ്ടഭിരുചിയെങ്കി-
ലരുതു താമസം-ഭഗവാനേ!        17        (ശരണമയ്യപ്പാ)

ശബരിമാമലയ്ക്കരികിൽ ശ്വാപദ-
മപദം ക്രൂരതയ്ക്കഖിലവും;

[ 6 ]

സഫലമാവില്ല മൃഗയ, യാനല്ലോ-
രുപവനത്തിങ്കൽ-ഭഗവാനേ!        18        (ശരണമയ്യപ്പാ)

മയിലും മാനും പൈങ്കിളിയും കോലാടും
കുയിലുമാ, യവ പുലരുന്നു;
നിയതമങ്ങേയ്ക്കച്ചരണദാസരിൽ-
ദ്ദയയുമേറുന്നു-ഭഗവാനേ!        19        (ശരണമയ്യപ്പാ)

ദുരയുമീറയും ചതിയും ഭള്ളുമി-
ത്തരമോരോ ഹിംസ്രമൃഗയൂഥം
വരദ! ഞങ്ങൾതൻ ഹൃദയത്തിൽവാണു
പൊറുതിമുട്ടിപ്പൂ-ഭഗവാനേ!        20        (ശരണമയ്യപ്പാ)

തുരഗമേറിവന്നയെയൊക്കെയും
ശരമെയ്തെതു കൊന്നതിശീഘ്രം
തിരുനായാട്ടിങ്കലവിടേയ്ക്കുള്ളൊരു
വിരുതു കാട്ടുക-ഭഗവാനേ!        21        (ശരണമയ്യപ്പാ)

വിബുധർക്കായ് സുധയുതകിയ വിഷ്ണു
സപദി പെറ്റുപോലവിടത്തേ;

[ 7 ]

ഉപകൃതി നല്ലോർക്കരുളുവോരെന്നും
സഫലജന്മാക്കൾ-ഭഗവാനേ        22        (ശരണമയ്യപ്പാ)

സനകപൂജിതൻ ഹരിയെന്നും വീര-
ജനനിയെന്നുള്ള ബിരുദത്താൽ
മനുജർ വാഴ്ത്തുവതവിടത്തേ ക്കൃപാ-
കണികകൊണ്ടല്ലീ-ഭഗവാനേ?        23        (ശരണമയ്യപ്പാ)

ഗരുഡവാഹനൻ, നിഖിലേശൻ, ഗീതാ-
ഗുരുവുമങ്ങയെ പ്രസവിക്കേ,
പുരുഷനും മാതൃപദവി കാമ്യമെ-
ന്നരുളിച്ചെയ്യുന്നു-ഭഗവാനേ!        24        (ശരണമയ്യപ്പാ)

തനതുകൃത്യമാം ഭുവനപാലനം
ഗുണഗരീഷ്ഠമായ്ച്ചമയുവാൻ
ജനയിത്രിക്കുള്ളോരനുഭവം കൂടി-
ഗ്ഘനവർണ്ണൻ നേടി-ഭഗവാനേ !        25        (ശരണമയ്യപ്പാ)

ഇരുവർ ലാളിപ്പാൻ തനയർ പാർശ്വത്തിൽ
മരുവീടുമ്പോഴുമവിരതം,
ഹരനങ്ങേപ്പിതൃപദവിതാൻ നൽകി
പരമമാം ഹർഷം - ഭഗവാനേ!        26        (ശരണമയ്യപ്പാ)

[ 8 ]

വരികെൻ വെള്ളിമാമലയിലേക്കെന്നു
ഹരനെതിരിൽനിന്നരുൾചെയ്കേ,
വരികെന്നുണ്ണി! പാൽക്കടലിലേക്കെന്നു
ഹരി വിളിക്കുന്നു... ഭഗവാനേ!        27        (ശരണമയ്യപ്പാ)

മതി! പിതാക്കളേ ! മതി ഞാൻ കേരള-
ക്ഷിതിയിതിങ്കൽത്താൻ നിവസിപ്പൻ;
പതിതസേവനംവ്രതമെനിക്കെന്നു
സദയനങ്ങോതി-ഭഗവാനേ!        28        (ശരണമയ്യപ്പാ)

"അതിനുതാനുണ്ണിയവതിരിച്ച, ത-
ക്കഥ സുതപ്രേമലഹരിയിൽ
മതിയിലോർത്തീ" ലെന്നരുളി മാറിനാർ
വിധുവുമീശനും- ഭഗവാനേ!        29        (ശരണമയ്യപ്പാ)

ഹരിയെയും പശുപതിയെയും ലോക-
രിരുവരാണെന്നു കരുതയ്‌വാൻ
ഇരുവർക്കും കൂടിത്തനയനായ്ത്തീർന്നു
നിരുപമൻ ഭവാൻ - ഭഗവാനെ!        30        (ശരണമയ്യപ്പാ)

അരിയ കർമ്മവുമറിവും ലോകത്തി-
ലൊരുമിച്ചേ ഫലമുളവാക്കു ;
പരമിത്തത്വം താനവിടത്തേജ്ജന്മ-
ചരിതത്തിൻ പൊരുൾ - ഭഗവാനേ!        31        (ശരണമയ്യപ്പാ)

അവിടെക്കാട്ടിലൊരരുമക്കൈക്കുഞ്ഞായ്
വിവശപൂണ്ടുകരയവേ,
നൃവരൻ പാണ്ഡ്യൻതൻ മിഴികളിൽപ്പെട്ടു
ഭവികദൻ ഭവാൻ - ഭഗവാനേ!        32        (ശരണമയ്യപ്പാ)

ഹരിഹയനീലമണിശിലപോലെ-
യരുളുവോരങ്ങേത്തിരുമേനി
കരൾകുളിർപ്പിക്കും മൃഗമദച്ചാറെ-
ന്നരചനുതോന്നി - ഭഗവാനേ!        33        (ശരണമയ്യപ്പാ)

അനപത്യൻ നൃപനനുരക്തൻ ഭവാൻ
തനയനായ്ത്തീർന്ന നിമിഷത്തിൽ
തനതു ജന്മത്തെസ്സഫലമെന്നോർത്താ
വനതലംവിട്ടാൻ - ഭഗവാനേ!        34        (ശരണമയ്യപ്പാ)

[ 9 ]

മധുരയാം നിജകുലപുരി പുക്കു
മധുരവാണി തൻ ദയിതയ്ക്കായ്
അതുലനങ്ങയെപ്പരിപോഷിപ്പിക്കാൻ
ക്ഷിതിധവൻ നൽകി- ഭഗവാനേ!        35        (ശരണമയ്യപ്പാ)

മണിവർണ്ണൻ മായാമനുജനായ് വൃന്ദാ-
വനതലത്തിൽപ്പണ്ടരുളീലേ?
അനഘനങ്ങുമാ നിലയിൽ ക്രീഡിച്ചു
മണികണ്ഠാഖ്യാനായ്- ഭഗവാനേ!        36        (ശരണമയ്യപ്പാ)

സകലശസ്ത്രാസ്ത്രകുശലനായ് ശുഭം
നഗരവാസികൾക്കുളവാക്കി
അകലുഷനങ്ങു വിലസി മേല്ക്കുമേൽ-
പ്പുകൾ വിളയിച്ചു - ഭഗവാനേ!        37        (ശരണമയ്യപ്പാ)

"കൊതിയെന്തുണ്ണി? ഞാൻ യുവരാജാവാക്കാം
മതിമാൻ നിന്നെ"യെന്നവനീശൻ
കഥനം ചെയ്യവേ കുതിരശ്ശേവുകം
മതെയന്നങ്ങോതി- ഭഗവാനേ!        38        (ശരണമയ്യപ്പാ)

വെറുമൊരു ഭടനവിടുന്നെങ്കിലു-
മരചനുംകൂടിബ്‌ഭയമേകി
ധരണിയിൽദ്ധർമ്മതരു തഴയ്പിച്ചു
ദുരിതമാരകൻ - ഭഗവാനേ!        39        (ശരണമയ്യപ്പാ)

ഉലകിലെങ്ങനെയവിടേയ്ക്കറിയോ
നലമെഴും പുകഴതുപോലേ
തലമകൾക്കൊണ്ടു കരളിലീർഷ്യയും
ഖലനാം മന്ത്രിക്കു- ഭഗവാനേ!        40        (ശരണമയ്യപ്പാ)

"സ്ഥവിരനീനൃപൻ മൃതനാം വേളയി-
ലവനിയെന്റേതായ്ച്ചമയായ്വാൻ
എവിടെയോനിന്നു ശനിയനെപ്പോലെ-
യിവനണഞ്ഞല്ലോ ഭഗവാനേ!        41        (ശരണമയ്യപ്പാ)

എളിയവർക്കൊരു തണലും താങ്ങുമായ്
ഞെളിയുന്നോരുടെ തലതാഴ്ത്തി,
ഇളയരചന്റെ നിലയിച്ചെക്കൻ
വിളയുമാറായി- ഭഗവാനേ!        42        (ശരണമയ്യപ്പാ)

[ 10 ]

നെറിയും നീതിയും നിലനിർത്തിക്കൊണ്ടി-
ത്തറുതലക്കാരൻ വളരുകിൽ
അറുതി തിന്മയ്ക്കു വരു,മെനിക്കുള്ള
പൊറുതിയും മുട്ടും - ഭഗവാനേ!        43        (ശരണമയ്യപ്പാ)

ശരി,യിതിന്നു ഞാൻ മറുകൈ നോക്കുമെ-
ന്നുരചെയ്താച്ചതിക്കൊലയാളി
പെരികെസ്സേവിച്ചു മഹിഷിയെത്തന്നെ
വരദായാക്കിനാൻ - ഭഗവാനേ!        44        (ശരണമയ്യപ്പാ)

കൊടിയ രോഗത്തിൻ പിടിയിൽപ്പെട്ടുതൻ
മടുമൊഴിയാളെന്നറിയവേ
ഝടിതി പാഞ്ഞെത്തി നൃപനദ്ദേവിതൻ
കിടമുറിക്കുള്ളിൽ - ഭഗവാനേ!        45        (ശരണമയ്യപ്പാ)

"തലനോവാണെനി,ക്കതുമാറാനീറ്റ-
പ്പുലിതൻ പാൽ വേണം ഹൃദയേശ!
സുലഭമല്ലതു; ഫലമെന്തോതിയാൽ?
വലയുമാറായ് ഞാൻ" - ഭഗവാനേ!        46        (ശരണമയ്യപ്പാ)

അരുവയർമുത്തിൻ മൊഴിയിതിൻ തത്വ
മരചൻ പ്രേമാന്ധനറിയാതെ
അരുളിനാൻ വേണം പുലിതൻ പാലെന്നു
പരിജനത്തോടു -ഭഗവാനേ!       47        (ശരണമയ്യപ്പാ)

വിടകൊണ്ടാരവർ "തിരുമുൽക്കാഴ്ചയാ-
യുടലിൽനിന്നടർത്തുയിർ വയ്ക്കാം;
അടിയങ്ങൾക്കീറ്റപ്പുലിതൻ വായിൽച്ചെ-
ന്നടിയുവാൻ പണി" - ഭഗവാനേ!        48        (ശരണമയ്യപ്പാ)

വെളിവിലങ്ങപ്പോഴരുളി "കല്പിച്ചാ-
ലെളിയദ്ദാസനിതുനേരം
പുലിയിൽനിന്നല്ല സുരഭിയിൽനിന്നും
വിളയിക്കാം ദുഗ്ദ്ധം' - ഭഗവാനേ!        49        (ശരണമയ്യപ്പാ)

ശരിയെന്നോതുന്നു നൃപനും മന്ത്രിയു-
മിരുവർക്കും ഭാവമിരുവിധം
വിരവിൽപ്പാ,ഞ്ഞപ്പോൾപ്പുലിയും കുട്ടിയു-
മരികിലെത്തുന്നു - ഭഗവാനേ!        50        (ശരണമയ്യപ്പാ)

[ 11 ]

മലഹരൻ ദുദ്ധജലധിശായിയാ-
മളിവർണ്ണൻ പെറ്റ തിരുമകൻ,
പുലിയെക്കൊ,ണ്ടാപ്പുരിയിലോരോരോ
കളി കളിപ്പിപ്പു- ഭഗവാനേ!         51        (ശരണമയ്യപ്പാ)

വിരുതൻ മന്ത്രിതൻ കരളിൻ സ്വാദെന്തെ-
ന്നറിവതിന്നാദ്യമതുതന്നെ
കറുകറെച്ചവച്ചലറിത്തുപ്പുന്നു
വെറകൊണ്ടാപ്പുലി- ഭഗവാനേ !         52        (ശരണമയ്യപ്പാ)

വിരികണ്ണോടുമാ വിളയാട്ടം കാണ്മാൻ
തെരവിൽക്കൂടിയ പുരുഷാരം
തെരുതെരെപ്പുലി,ക്കുയിരാൽ നൽകുന്നു
തിരുവോണസ്സദ്യ- ഭഗവാനേ!         53        (ശരണമയ്യപ്പാ)

നരകയാതനയനുഭവിക്കുന്ന
നരവരോത്തമരമണിയും
ശരണമെൻ വത്സ! ശരണമെന്നേറ്റം
മുറവിളിക്കുന്നു- ഭഗവാനേ!         54        (ശരണമയ്യപ്പാ)

നളിനനേർമിഴിക്കഭയമുളളഴി-
ഞ്ഞുലകിൻ നാഥനങ്ങുടനേകി
"കളി മതി; പോ നീ തിരിയെ" യെന്നീറ്റ -
പ്പുലിയൊടോതുന്നു- ഭഗവാനേ!         55        (ശരണമയ്യപ്പാ)

മണികണ്ഠൻ വെറും മനുജനല്ലെന്നു
നിനവു കൈവന്നു നിഖിലരും
കനിവു തേടുവാനവിടത്തേക്കഴൽ
പണിയുന്നു മേന്മേൽ - ഭഗവാനേ!         56        (ശരണമയ്യപ്പാ)

അപരമേറെയുണ്ടിനിയും താവക -
മപദാനം; നവമതിചിത്രം;
കൃപണരാം ഞങ്ങൾക്കവയെ വർണ്ണിപ്പാൻ
വിഭവമില്ലല്ലോ- ഭഗവാനേ!         57        (ശരണമയ്യപ്പാ)

മൃദിതപാഷണ്ഡനവിടുന്നപ്പുറം
മധുരമാകുമീ മലനാട്ടിൽ
സ്വതനു പഞ്ചധാ പരിലസിപ്പിച്ചു
മുദിതനായ് വാഴ്‌വൂ - ഭഗവാനേ!         58        (ശരണമയ്യപ്പാ)

[ 12 ]

ശുഭമുപോത്തമമവിടുന്നാശ്രമ-
മഭിമതം കൈക്കൊ,ണ്ടലിവോടെ
ശബരിമാമല മുകളിൽ മിന്നുന്നു
സപരിവാരനായ് - ഭഗവാനേ!         59        (ശരണമയ്യപ്പാ)

സപദി കത്തിച്ച മകരദീപത്തിൻ
പ്രഭയിൽ സ്വാമിതൻ തിരുമേനി
ശബരിയാംഗിരി കയറിക്കണ്ടവ-
രപുനസ്സംഭവർ - ഭഗവാനേ!         60        (ശരണമയ്യപ്പാ)

അവിടെ ഞങ്ങൾക്കാശ്ശുഭമുഹൂർത്തത്തി-
ലവനതരായ് വന്നണയണം;
സവിധത്തിൽക്കടന്നടിമലർകൂപ്പി-
ബ്‌ഭവികം നേടണം- ഭഗവാനേ!         61        (ശരണമയ്യപ്പാ)

അതിനു മാലയിട്ടടിയങ്ങൾ ദീർഘ-
വ്രതവും ദീക്ഷിച്ചമരുവുന്നു;
വിധിവത്തായതു നിറവേറാൻ ഭവാൻ
സദയനാകണേ - ഭഗവാനേ!         62        (ശരണമയ്യപ്പാ)

ഭജനലോലരാമടിയങ്ങൾ ചാർത്തും
വൃജിനഹീനമിഗ്ഗളദാമം
വിജയലക്ഷ്‌മിതൻ വരണമാല്യമാ-
യജിത! തീരണേ - ഭഗവാനേ!        63        (ശരണമയ്യപ്പാ)

ശരണം സ്വാമിയേ! ശരണം ശാസ്താവേ!
ശരണമത്ഭുതമഹിമാവേ!
ശരണമില്ലൊന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണമല്ലാതെ- ഭഗവാനേ!        64        (ശരണമയ്യപ്പാ)

പെരുമാറ്റത്തിന്റെ പിശകിനാലെന്നും
ദുരിതം തേടിന രസനകൾ
പരമാപ്പാപത്തിൻ പരിഹാരത്തിന്നു
ശരണം ചൊല്ലട്ടേ- ഭഗവാനേ!         65        (ശരണമയ്യപ്പാ)

ഹൃദയശുദ്ധിതൻ തണലിൽ മണ്ഡല-
വ്രതവിധിയെല്ലാം നിറവേറ്റി
ധൃതിയൊടും ഞങ്ങൾ മലയിലേക്കുള്ള
ഗതി തുടങ്ങുന്നു- ഭഗവാനേ!        66        (ശരണമയ്യപ്പാ)

[ 13 ]

ഇരുമുടിക്കെട്ടു തലയിലേറുമ്പോൾ-
പ്പെരുകിടുമങ്ങേക്കരുണയാൽ
ഇരുളിൻകൂമ്പാരമകമേനിന്നെങ്ങോ
പറപറക്കുന്നു ഭഗവാനേ!        67        (ശരണമയ്യപ്പാ)

തലയിലിച്ചുമടടിയങ്ങൾക്കൊരു
മലരൊടൊത്തിടും ലഘുതയിൽ
വിലസിടുന്നതുവിപുലമാമങ്ങേ-
യലിവിൻ വൈഭവം-ഭഗവാനേ!        68        (ശരണമയ്യപ്പാ)

കരിമുകിൽനിറം കലരും ചേലയൊ-
ന്നരയിൽചാർത്തിക്കൊണ്ടടിയങ്ങൾ
വിരവിൽപ്പോകുന്നു ശരണവുംപാടി-
ഗ്ഗിരിയെലാക്കാക്കി - ഭഗവാനേ!       69        (ശരണമയ്യപ്പാ)

"വിരസനായിടും ജലധി വേഴ്ചയ്ക്കു
തരമല്ലെന്നോർത്തു തടിനികൾ
ഗിരിദരികളിൽ ഭജനം ചെയ്യുവാൻ
തിരിയെപോരുന്നോ? - ഭഗവാനേ!       70        (ശരണമയ്യപ്പാ)

പലമട്ടിത്തരമമരർ ചിന്തിച്ചു
നിലവിട്ടത്ഭുതമിയലവേ
വലിയ സംഘംചേർന്നവിടത്തേദ്ദാസർ
ചലനം ചെയ്യുന്നു - ഭഗവാനേ!       71        (ശരണമയ്യപ്പാ)

എരുമേലിപ്പേട്ട വരെയും പോയിടാ-
മൊരുവിധം ലോക,ർക്കതിനുമേൽ
ഗിരിയും ഘോരമാം വിപിനവും നീളെ-
ത്തരണം ചെയ്യണം - ഭഗവാനേ!       72        (ശരണമയ്യപ്പാ)

ഒരിടം വാനിൻമെയ് തടവുന്നു; വേറി-
ട്ടൊരിടം കീഴുലകിടയുനു
മരവിക്കുന്നു കാൽ കയറിയും നീളെ-
പ്പരമിറങ്ങിയും - ഭാഗവാനേ!       73        (ശരണമയ്യപ്പാ)

അലറുന്നു കടന്നെതിരിൽ വൻപുലി;
നിലവിളിക്കുന്നു കൊലകൊമ്പൻ;
പലതരം ദുഷ്ടമൃഗകുലം തമ്മിൽ-
ക്കലശൽകൂടുന്നു - ഭഗവാനേ!       74        (ശരണമയ്യപ്പാ)

[ 14 ] <poem>

ഇരുളിൻ കോയിമ്മ പുലരുമക്കാട്ടിൽ- പ്പെരികെ മെയ് നീണ്ടും വളവാർന്നും ഒരു വഴിത്താര കിടകൊൾവൂ മുന്നിൽ- ക്കരുനാഗംപോലെ - ഭഗവാനേ!        75        (ശരണമയ്യപ്പാ)


ഘൃണവെടിഞ്ഞെങ്ങും, പ്രകൃതി തൻ വേലിൻ മുനകൾ മുള്ളുകൾ - നെടുനീളെ അണിനിരത്തിടുമതിലേ പോകുവാൻ തുനിവെവർക്കുണ്ടാം? ഭഗവാനേ!        76        (ശരണമയ്യപ്പാ)


ഇതൊരു സാമാന്യവിധിയെന്നാകിലും ജിതഭയരങ്ങേപ്പദഭക്തർ അതിനെത്താൻ ഘണ്ടാപഥമായ്ക്കല്‌പിച്ചു ഗതി തുടരുന്നു - ഭഗവാനേ!       77        (ശരണമയ്യപ്പാ)


അകലുഷരങ്ങേച്ചരണദാസർക്കു ശിഖിരിയയ്യപ്പൻ, ചെറുപുല്ലും; ദ്രുഹിണനയ്യപ്പൻ, കൃമിയുമയ്യപ്പൻ സകലമയ്യപ്പൻ; - ഭഗവാനേ!       78        (ശരണമയ്യപ്പാ)


വടിവെഴും ധ്വാന്തവസനം ചാർത്തിക്കൊ- ണ്ടടവിയും ഭക്തിവിവശയായ് അടിയങ്ങൾക്കൊപ്പമവിടത്തെക്കൂപ്പാ- നടനം ചെയ്യുന്നോ - ഭഗവാനേ!       79        (ശരണമയ്യപ്പാ)


ഇരുൾ ഞങ്ങൾക്കിതു മിഴികൾക്കഞ്ജനം; ദ്വിരദബൃംഹിതം ശുഭഗീതം; ചരണശോണിതം സരണി പൂശിടും സുരഭികുങ്കുമം - ഭഗവാനേ!       80        (ശരണമയ്യപ്പാ)


ധനുവാം മാസത്തിൽ പ്രകൃതി ഞങ്ങളി- ലനിശം തൂകിടും ഹിമബിന്ദു ഗണനം ചെയ്യുന്നു സുരർ തളിക്കുന്ന പനിനീരായ് ഞങ്ങൾ - ഭഗവാനേ!       81        (ശരണമയ്യപ്പാ)


സദയനായ് മുന്നിൽ നടകൊൾവോരങ്ങേ- ക്കുതിരതൻ കുളമ്പടിപോലേ പഥികർ വയ്പോരു വെടി മുഴുങ്ങുന്നു കതിനയിൽനിന്നു ഭഗവാനേ!       82        (ശരണമയ്യപ്പാ)


<poem> [ 15 ] <poem> കഴലിലേക്കഴപ്പൊഴിയുമാറു മെയ് തഴുകും തെന്നലിൻ തുണപറ്റി അഴകിൽ ഞങ്ങളൊഴുകും പമ്പയാം പുഴയിലെത്തുന്നു - ഭഗവാനേ!       83        (ശരണമയ്യപ്പാ)


മലയമായിടുമചലം മാർഗ്ഗത്തിൽ, സുലഭമായങ്ങേക്കൃപനേടാൻ, വലതുകയ്യാമിപ്പുഴയാൽ ഭക്തർക്കു തെളിനീർ നൽകുന്നോ? ഭഗവാനേ!       84        (ശരണമയ്യപ്പാ)


മലരും മാലയദ്രവവുമായ്ക്കാന്ത- മലയാലങ്ങയെ വിബുധന്മാർ ഒളിവിൽഗങ്ഗകൊണ്ടഭിഷേകംചെയ്തു ജലമോ കാണ്മതു - ഭഗവാനേ!       85        (ശരണമയ്യപ്പാ)


ഉരുളൻപാറക്കൽമുഴകളിൽത്തട്ട്- ത്തരിപെടും തണ്ണീർക്കണികകൾ പരിസരസ്ഥലിക്കണിയിപ്പൂ ഹാരം ചെറുമുത്താൽ മാറിൽ - ഭഗവാനേ!       86        (ശരണമയ്യപ്പാ)


പറവകളുടെ രുതവുമങ്ങെഴും കരിയിലകൾതൻ സ്വനിതവും 'ശരണമയ്യപ്പാശരണ'മെന്നതിൻ തരഭേദം താനോ? - ഭഗവാനേ!       87        (ശരണമയ്യപ്പാ)


മൃഗവും പമ്പയാമവിടത്തേക്കൃപാ- ലഹരിയിലൊന്നു മുഴുകിയാൽ വിഗതതൃഷ്ണമായ്ച്ചമയുമെന്നല്ലീ മിഗമം ചൊല്‌വതു? - ഭഗവാനേ!       88        (ശരണമയ്യപ്പാ)


തടവറ്റപ്പുണ്യനദിയിലും, ഭക്തി- തടിനിയിങ്കലുമൊരുപോലെ അടിയങ്ങൾ മുങ്ങിബ്ബഹിരന്തശ്ശുദ്ധർ നടകൊൾവൂ വീണ്ടും - ഭഗവാനേ!       89        (ശരണമയ്യപ്പാ)


പതിനെട്ടാംപടി - പരമദ്ദീർഘമാം പദവിതന്നന്തം, പരിപൂതം അതിൽവന്നെത്തിപ്പോ, യതിൽവന്നെത്തിപ്പോയ് കൃതകൃത്യർ ഞങ്ങൾ - ഭഗവാനേ!       90        (ശരണമയ്യപ്പാ)


<poem> [ 16 ]

അവിടെത്താവകസഹചരൻ വാവർ
നിവസിക്കും കോവിലണയുമ്പോൾ
അവിഷമം 'ഹിന്ദു മുസൽമാൻ' മൈത്രിയെ-
ന്നെവനും ബോധ്യമാം - ഭഗവാനേ!       91        (ശരണമയ്യപ്പാ)

പലനിറംപെടും സ്ഫടികദീപങ്ങൾ
പലമട്ടിൽക്കത്തിയെരികിലും
അലഘുദീപ്തിപൂണ്ടവയിൽ മിന്നിടും
ജ്വലമൊന്നല്ലീ? - ഭഗവാനേ!       92        (ശരണമയ്യപ്പാ)

"ഒരു മതം നിങ്ങൾക്കൊരു ദൈവം" - ഭവാൻ
നരരൊടിത്തത്വമരുൾ ചെയ്‌വാൻ
കരുതി വാവരെ പ്രിയസുഹൃത്റ്റാക്കി-
പ്പരിലസിക്കുന്നു - ഭഗവാനേ!       93        (ശരണമയ്യപ്പാ)

വടിവിൽ മാളികബ്ഭഗവതിതന്റെ
യടിമലർകൂപ്പിയടിയങ്ങൾ
പടികളോരോന്നായ്പ്പതിനെട്ടും കേറി
നടയിലെത്തുന്നു - ഭഗവാനേ!       94        (ശരണമയ്യപ്പാ)

പതിനെട്ടായ്ത്തിരിച്ചുപചാരങ്ങളെ
വിദിതവേദ്യന്മാർ വിവരിപ്പു
വിധിവത്തായി ഞങ്ങളവതാൻ ചെയ്‌വതീ-
പ്പദവിന്യാസത്താൽ - ഭഗവാനേ!       95        (ശരണമയ്യപ്പാ)

പതിനെട്ടുണ്ടു പോ, ലുലകിൽ വിദ്യക-
ളതിലഘുക്കൾ താനവയെല്ലാം
ത്വദുപസേവിക്കെന്നറിവൂ ലോകരി-
പ്പദവിക്ഷേപത്താൽ - ഭഗവാനേ!       96        (ശരണമയ്യപ്പാ)

അവിടത്തേത്തിരുനടയിലെത്തിന
ഭവികസമ്പന്നരടിയങ്ങൾ
നവനിധീശനെപ്പരമദാരിദ്ര്യ-
വിവശനായ്ക്കാണ്മു - ഭഗവാനേ!       97        (ശരണമയ്യപ്പാ)

എവിടെയുമങ്ങു ജയജയോൽഘോഷ-
മെവിടെയും ഭക്ത 'ശരണോ'ക്തി
എവിടെയും സുധാമധുരസങ്ഗീതം
ശ്രവണമോഹനം - ഭഗവാനേ!       98        (ശരണമയ്യപ്പാ)

[ 17 ]

സുകൃതം വെല്ലുന്നു ഭവദീയം;ഗിരി-
ഗുഹകളേ! നിങ്ങളിവമൂലം
മുഖരിതങ്ങളായ് സ്തുതിചെയ്യുന്നല്ലോ
നിഖിലനാഥനെ- ഭഗവാനേ!        99        (ശരണമയ്യപ്പാ)

തപനനൻ തൻ പങ്കമകലുമാറുപോ-
യപരസിന്ധുവിൽ മുഴുകുന്നു.
ശബരിമാമലമകരദീപത്തെ-
സ്സപദിവന്ദിപ്പാൻ- ഭഗവാനേ!        100        (ശരണമയ്യപ്പാ)

കതിരവാ! നീ വാ പഴുതേ ഖദ്യോത-
പദവിപോയതിൽപ്പതറാതെ;
ദ്രുതമിങ്ങെത്തുക പരമനാം പ്രഭാ-
പതിയെക്കൂപ്പുവാൻ- ഭഗവാനേ!        101        (ശരണമയ്യപ്പാ)

ഭുവനമങ്‌ഗലമണിദീപം ഗർഭ-
ഭവനത്തിൽ ജ്വലിച്ചിളകൊൾവു
നിവിരെത്തുമഞ്ഞപ്പുതുനീരാടിച്ചു
സവിധഭൂമിയെ- ഭഗവാനേ!        102        (ശരണമയ്യപ്പാ)

അനവധി ഭക്തരവിടെ നിർമ്മിച്ച
ഘനസാരശ്വേതശിഖരികൾ
അനലസമ്പർക്കം തടവിടുന്നേരം
കനകശൈലങ്ങൾ!- ഭഗവാനേ        103        (ശരണമയ്യപ്പാ)

പരിചൊടദ്ദിക്കിലെരിയും കർപ്പൂര-
ത്തരികളാം സിദ്ധർ, പരിശുദ്ധർ,
അറുതിയിൽച്ചേരും പരമാത്മാവാം നി-
ന്തിരുവടിയോടു- ഭഗവാനേ!        104        (ശരണമയ്യപ്പാ)

അവിടെക്കാണ്മതെന്തെതിരിൽ നാം? സാക്ഷാൽ
സവിതൃകോടിതന്നുദയമോ?
ഭുവനശില്പിതൻ കരനൈപുണ്യത്തി-
ന്നവധിരേഖയോ?- ഭഗവാനേ!        105        (ശരണമയ്യപ്പാ)

കടമിഴിക്കോണിൻ ചലനത്താൽ വിശ്വം
നടനം ചെയ്യിക്കും പ്രഭുതയോ?
ചടുല ഗാത്രിയാം ഭൃഗുസുതോർവിതൻ
നെടിയ ഭാഗ്യമോ? -ഭഗവാനേ!        106        (ശരണമയ്യപ്പാ)

[ 18 ]

മുടികൾ തങ്ങളിൽ, ച്ചടുചടെത്തട്ടി-
യുടയുമാ, റുമ്പർ തിരുമുൻപിൽ
വടികളായ് വീണു പൊടികൾ ചൂടിടു-
മടിമലരിണ- ഭഗവാനേ!        107        (ശരണമയ്യപ്പാ)

കഴൽ പണിഞ്ഞീടും നരർതന്നുള്ളിൽനി-
ന്നൊഴിയും കൂരിരുൾനിര തിങ്ങി
ചുഴലവേ തൊഴും വടിവെഴും ചേല
തഴുകുവോരര- ഭഗവാനേ!        108        (ശരണമയ്യപ്പാ)

മഴവില്ലിന്നു, മാൺമയിലിൻ പീലിക്കും
പിഴ മുഴുപ്പിച്ചു പലമട്ടിൽ
മിഴി കവർന്നിടും മണിയണിപ്പുഴ-
യൊഴുകും മാറിടും- ഭഗവാനേ!        109        (ശരണമയ്യപ്പാ)

വനതലത്തിലേ മൃഗഭയം തീർത്തു
മുനിജനങ്ങൾതന്നഴൽ പോക്കാൻ
കണയും വില്ലുമായ്ത്തിരുനായാട്ടിനു
തുണനില്‌ക്കും കൈകൾ - ഭഗവാനേ!        110        (ശരണമയ്യപ്പാ)

ഒഴിയെഴുന്നപൽക്കൂറുമൊഴികൾ വി-
ട്ടിളകിച്ചെഞ്ചൊടിമലരിങ്കൽ
വിളയും തേൻ നുകർന്നിനിമയാർന്നെത്തും
കുളിവെൺപുഞ്ചിരി- ഭഗവാനേ!        111        (ശരണമയ്യപ്പാ)

കരുണയെന്നപേർ കലരും വിൺപുഴ-
യ്ക്കുറവയായ് ലോകമഖിലവും
കുറവറക്കാത്തു പരിലസിച്ചിടും
തിരുമിഴി രണ്ടും- ഭഗവാനേ!        112        (ശരണമയ്യപ്പാ)

നിറമതിയൊടു പടവെട്ടിപട്ടു-
പരിവട്ടം കൊണ്ടതിരുമുഖം
കരളിൽ വണ്ടിണ്ടയ്ക്കിടർവളർത്തിടും
പുരികുഴൽത്തഴ- ഭഗവാനേ!        113        (ശരണമയ്യപ്പാ)

മുടിയിൽക്കട്ടിപ്പൊൻമുകുടം; പീഠത്തി-
ന്നടിയിൽ നൽച്ചെന്നീർമടുമലർ;
ഇടയിലിത്തരമവിടത്തേപ്പൂമെയ്
വടിവിൽ മിന്നുന്നു-ഭഗവാനേ!        114        (ശരണമയ്യപ്പാ)

[ 19 ]

അടിമുതൽ രമ്യം മുടിയോളം ഹാഹാ!
മുടിമുതൽക്കാന്തമടിയോളം
അടിയങ്ങൾക്കേതൊരവയവം കാണ്മാൻ
പടുതയുണ്ടിതിൽ? -ഭഗവാനേ!       115        (ശരണമയ്യപ്പാ)

ത്രിദശനായ്കൻ തൃണസമൻ; പക്ഷേ
മധുരമാമങ്ങേത്തിരുമേനി
പതിവായ്ക്കാണ്മാൻ തന്നയനലാഭത്തിൽ-
ക്കൊതിയുള്ളോർ ഞങ്ങൾ- ഭഗവാനേ!       116        (ശരണമയ്യപ്പാ)

ഒഴിവില്ലാതെയിപ്പിറവിയാഴിയിൽ
മുഴുകുന്നു ഞങ്ങളുയരുന്നു.
കുഴയുന്നു കൈകാ,ലവിടുന്നേയുള്ളു
തുഴയും തോണിയും - ഭഗവാനോ!       117        (ശരണമയ്യപ്പാ)

ശബരിമേട്ടിൽവാണരുളീടും പോലെ
ചപലർ ഞങ്ങൾതന്നകമേയും
വിഭുതയിൽ വാണു വിഹിതമേകുവാൻ
കൃപ പുലമ്പണേ - ഭഗവാനേ!       118        (ശരണമയ്യപ്പാ)

ധരയിതൊക്കെയും ശബരിമേടെന്നും
സ്ഥിരചരവ്യൂഹമഖിലവും
ഹരിഹരാത്മജമയമെന്നും കാണ്മാൻ
തരണമേ മിഴി-ഭഗവാനേ!       119        (ശരണമയ്യപ്പാ)

പരരും ഞങ്ങളും പലരല്ലേകരി-
പ്പരമതത്വമാം പടവേറി
ത്വരിതം ഞങ്ങളിപ്പിറവിയാം കടൽ
തരണംചെയ്യണേ-ഭഗവാനേ!       120        (ശരണമയ്യപ്പാ)

കരുതിടേണ്ടൊരു വിഷയവും ഭവാൻ;
കരുതിടുന്നോനും ഗുരുഭവാൻ!
കരുതുവാനുള്ളപദവിയുമ്മ് ഭവാൻ;
കരുതലും ഭവാൻ-ഭഗവാനേ!       121        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ! ശരണ,മേതുമോ-
ന്നറിയപ്പോകാത്തൊരടിയങ്ങൾ
പരമങ്ങേക്കൊണ്ടു പലതും ജല്‌പിച്ചു;
പരിഭവിക്കൊല്ലേ-ഭഗവാനേ!       122        (ശരണമയ്യപ്പാ)

[ 20 ]

ശരണമയ്യപ്പാ! വിബുധനേതാവേ!
ശരണം സത്യകജനിതാവേ!
ശരണം വില്ലാളിമുടിമണിപ്പൂൺപേ!
ശരണം സർവ്വേശ! - ഭഗവാനേ!        123        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ സഗുണബ്രഹ്മമേ!
ശരണം ത്രൈലോക്യസുകൃതമേ!
ശരണം ധർമ്മത്തിൻ സതതഗോപ്താവേ!
ശരണം ശാസ്താവേ! - ഭഗവാനേ!        124        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ! ശബരിമാമല
ശരണമാം സാധുജനബന്ധോ!
ശരണമാത്മജ്ഞ വിനുതസൽക്കീർത്തേ!
ശരണം ചിന്മൂർത്തേ! - ഭഗവാനേ!        125        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=ശരണോപഹാരം&oldid=63548" എന്ന താളിൽനിന്ന് ശേഖരിച്ചത്