താൾ:ശരണോപഹാരം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> ഇരുളിൻ കോയിമ്മ പുലരുമക്കാട്ടിൽ- പ്പെരികെ മെയ് നീണ്ടും വളവാർന്നും ഒരു വഴിത്താര കിടകൊൾവൂ മുന്നിൽ- ക്കരുനാഗംപോലെ - ഭഗവാനേ!        75        (ശരണമയ്യപ്പാ)


ഘൃണവെടിഞ്ഞെങ്ങും, പ്രകൃതി തൻ വേലിൻ മുനകൾ മുള്ളുകൾ - നെടുനീളെ അണിനിരത്തിടുമതിലേ പോകുവാൻ തുനിവെവർക്കുണ്ടാം? ഭഗവാനേ!        76        (ശരണമയ്യപ്പാ)


ഇതൊരു സാമാന്യവിധിയെന്നാകിലും ജിതഭയരങ്ങേപ്പദഭക്തർ അതിനെത്താൻ ഘണ്ടാപഥമായ്ക്കല്‌പിച്ചു ഗതി തുടരുന്നു - ഭഗവാനേ!       77        (ശരണമയ്യപ്പാ)


അകലുഷരങ്ങേച്ചരണദാസർക്കു ശിഖിരിയയ്യപ്പൻ, ചെറുപുല്ലും; ദ്രുഹിണനയ്യപ്പൻ, കൃമിയുമയ്യപ്പൻ സകലമയ്യപ്പൻ; - ഭഗവാനേ!       78        (ശരണമയ്യപ്പാ)


വടിവെഴും ധ്വാന്തവസനം ചാർത്തിക്കൊ- ണ്ടടവിയും ഭക്തിവിവശയായ് അടിയങ്ങൾക്കൊപ്പമവിടത്തെക്കൂപ്പാ- നടനം ചെയ്യുന്നോ - ഭഗവാനേ!       79        (ശരണമയ്യപ്പാ)


ഇരുൾ ഞങ്ങൾക്കിതു മിഴികൾക്കഞ്ജനം; ദ്വിരദബൃംഹിതം ശുഭഗീതം; ചരണശോണിതം സരണി പൂശിടും സുരഭികുങ്കുമം - ഭഗവാനേ!       80        (ശരണമയ്യപ്പാ)


ധനുവാം മാസത്തിൽ പ്രകൃതി ഞങ്ങളി- ലനിശം തൂകിടും ഹിമബിന്ദു ഗണനം ചെയ്യുന്നു സുരർ തളിക്കുന്ന പനിനീരായ് ഞങ്ങൾ - ഭഗവാനേ!       81        (ശരണമയ്യപ്പാ)


സദയനായ് മുന്നിൽ നടകൊൾവോരങ്ങേ- ക്കുതിരതൻ കുളമ്പടിപോലേ പഥികർ വയ്പോരു വെടി മുഴുങ്ങുന്നു കതിനയിൽനിന്നു ഭഗവാനേ!       82        (ശരണമയ്യപ്പാ)


<poem>

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/14&oldid=174399" എന്ന താളിൽനിന്ന് ശേഖരിച്ചത്