Jump to content

ചിത്രോദയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചിത്രോദയം (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1932)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]
ചിത്രോദയം
1932

[ 2 ]

I

കൈതൊഴാം തൊഴാം ഞങ്ങൾ മാതാവേ! വഞ്ചിക്ഷോണി!
കൈതൊഴാം തൊഴാം ദേവി! കാരുണ്യംസ്വരൂപിണി!

പാരിലെദ്ദിങ്നാരിമാരൊക്കെയും തദ്രാജ്ഞിയാം
ഭാരതാംബതൻ മെയ്യിലർപ്പിക്കും പുകൾപ്പൂക്കൾ
ധന്യങ്ങളായീടുന്നു വിശ്രാന്തി കൈക്കൊൾകയാൽ
തന്നലർക്കഴൽപ്പാട്ടിൽ-തായതൻ തിരുമാറിൽ.

പന്തിക്കപ്പുണ്യോർവിയാം ഹസ്തനി ഭവതിയാം
തൻ തുമ്പിക്കരത്തിനാലാഴിനീർകോരിക്കോരി
സന്തതം വീഴിച്ചല്ലീ മുത്തണിജ്ജയോഷ്ണീഷം
ബന്ധിപ്പൂ സർവക്ഷ്മാഭൃൽസമ്രാട്ടിൻ ശിരസ്സിങ്കൽ?

നാകലോകത്തെത്തൊടും സാഗരമൊരു കൈയാൽ;
നാകത്തോടുരുമ്മിടും സഹ്യദ്രി മറ്റേക്കൈയാൽ;
തന്മെയ്യോടൊപ്പം രണ്ടും ചേർത്തണച്ചിളൊള്ളു-
മമ്മയ്ക്കു തുല്യം പാർത്താൽ താഴ്ചയുമുയർച്ചയും.

[ 3 ]


മർത്ത്യർ മായാമോഹമായിടും മായാപ്പങ്ക-
മദ്വൈതജ്ഞാനാമൃതം വർഷിച്ചു കഴുകുവാൻ
തോലിട്ടൊരുണ്ണിക്കംബി! സാധിച്ചിതവിടുത്തേ-
'ക്കാലടി'പ്പാട്ടിൻ മേന്മ; നന്മുലപ്പാലിൻ വീര്യം.

നീളവേ പോർവില്ലോരോ പാടത്തിൽ; കൊടുങ്കണ
ചോലയിൽ;പ്പാടക്കൊടിയാറ്റിലും നേടാം വേറെ;
വെന്നിത്തേർ മാതാവിന്റെ മാമല നല്കീട്ടല്ലീ
കന്ദർപ്പൻ മഹാരഥർക്കഗ്ര്യനായ്ജ്ജയിക്കുന്നു?

പ്രാർത്ഥിച്ചാൽ തൃക്കാരിയൂർക്ഷേത്രത്തിലെത്താമെന്നു
വാഗ്ദത്തം ചെയ്തിട്ടുള്ള കാർത്തവീര്യാരാതിയിൽ
ഭീയൊടും മാതാവിന്നു സന്താപം വളർത്താതെ-
യായിരം കരം കോലുമാദിത്യൻ ചരിക്കുന്നു.

തന്നധീശന്നു ശുദ്ധി നൽകിന ഭവതിയിൽ
നന്ദിപൂണ്ടാനന്ദാശ്രു കാർനെടുങ്കണ്ണാൽത്തൂകി
മിക്കനാളിലും വാനമമ്മതൻ പൂമേനിയിൽ-
പ്പുൽക്കൊടിപ്പുതുക്കുളിർക്കോൾമയിൽ പുലർത്തുന്നു.

[ 4 ]


വേഴ്ചയിൽ സഹ്യൻ നൽകും വെള്ളിക്കാശുരുക്കിന
കാഴ്ചദ്രവ്യംകൊണ്ടു വന്നീടും പുഴകളെ
സ്ഥായിപൂണ്ടല്പം മുന്നിൽ ചെന്നുനിന്നെതിരേല്പൂ
കായൽപ്പേർ കൈക്കൊള്ളുന്ന കടലിൻ മരുമക്കൾ.

ലോകമാതാവും വാണീദേവിയും ബ്രഹ്മാവിന്റെ
യാഗശാലയായോരു മാതാവിന്നങ്കത്തിങ്കൽ
പണ്ടേയ്ക്കുപണ്ടേ ചെയ്ത സഖ്യത്തെ മാനിച്ചിന്നും
രണ്ടെന്ന ഭാവം വിട്ടു കൈകോർത്തു കളിക്കുന്നു

ഓരോരോ തോപ്പിങ്കലുമമ്മയിൽത്തങ്ങിത്തിങ്ങും
കേരങ്ങൾ-ആറാമത്തെ സ്വർവൃക്ഷമതല്ലികൾ-
ശ്രീയാം തൽസ്വസാവിന്നു ജൈത്രയാത്രയിൽപ്പെടു-
മായാസം പച്ചക്കുട പിടിച്ചു തീർത്തീടുന്നു.

കൈതൊഴാം തൊഴാം ഞങ്ങൾ മാതാവേ! വഞ്ചിക്ഷോണി!
കൈതൊഴാം തൊഴാം ദേവി! കല്യാണപ്രദായിനി!

[ 5 ]

II
[തിരുത്തുക]

വന്ദിക്കാം ഭ്രാതാക്കളേ! വന്ദിക്കാം കരം കൂപ്പി
വന്ദ്യങ്ങൾക്കെല്ലാം വന്ദ്യം വഞ്ചീന്ദ്രസിംഹാസനം.

താൻ തുലോ സർവപ്രജാസ്വാന്തമാം ലോഹത്തിനെ-
ക്കാന്തമിക്ഷ്മാഭൃൽപീഠം കർഷണം ചെയ്തീടുന്നു.
ഈ യശഃകൈലാസത്തിന്നാധാരമചഞ്ചല,-
മീയോജസ്സമേരുവിൻ മാഹാത്മ്യം സനാതനം.

ഇബ്‌ഭദ്രാസനസ്ഥരാം മന്നർക്കു കൂടസ്ഥനായ്
നില്പവൻ കലാനിധി, രാജാവു, ഹിമകരൻ;
നാകത്തേക്കിന്ദ്രൻ വരനാർത്ഥിക്കെത്തദ്വംശജൻ
നാഹുഷൻ 'ഞാൻ വാനാക്കുമെൻനാ'ടെന്നുരച്ചവൻ.

അന്നന്നീരാജ്യം കാക്കും മന്നവർ യശസ്സിനാൽ
മുന്നോരെ മുന്നോരെക്കാൾ മുൻപരാവതുമൂലം
രൂഢിയിൽപ്പോലെ തന്നെ യോഗത്തിങ്കലുമവർ-
ക്കീടുറ്റു യോജിക്കുന്നു കുലശേഖരപദം.

[ 6 ]


ഇക്ഷിതിക്ഷിത്തുകൾക്കു പൂർവഗനൊരു മഹാൻ
ദക്ഷിണാപഥത്തിന്നു ചക്രവർത്തിയായ്ത്തീർന്നോൻ
ചേലാളും തൽക്കീർത്തിയാൽ സൃഷ്ടിച്ചാൻ വിശാലമായ്-
പ്പാലാറ്റിൻ പാർശ്വത്തിങ്കൽ മറ്റൊരു പാലാറ്റിനെ.

ആശ്ചര്യം! പണ്ടേക്കാലമാങ്ഗലേയന്മാർ വെറും
വൈശ്യരായ് വാണീടിന നാളിലുമവരുമായ്
ശ്ലോഘ്യമാം സഖ്യമൊന്നു സന്മുഹൂർത്തത്തിൽച്ചെയ്താർ
ദീർഘദർശികളാകുമിന്നാട്ടിൽ പെരുമാക്കൾ.

പാരം തൽകുലാദ്രിക്കു സിന്ദൂരതിലകമായ്
വീരമാർത്താണ്ഡാഭിധജ്യോതിസ്സു വിദ്യോതിക്കേ
ആചാരാജാർച്ചനം സത്വരമനുഷ്ഠിച്ചാൾ
രാജോഡുക്കളെക്കൊണ്ടു ഭാർഗ്ഗവോർവിയാം ദ്യോവും.

[ 7 ]


ലന്തതന്നന്തസ്സാരം നിശ്ശേഷം പിഴിഞ്ഞെടു-
ത്തന്തമറ്റാത്മീയൗജസ്സുജ്ജ്വലിപ്പിച്ചോരിവൻ
ഏകത്രമത്രമാത്രം ശിരസാനമിപ്പിച്ചാൻ-സാക്ഷാൽ
ലോകൈകശരണ്യനാം ശാർങ്ഗിതൻ തിരുമുൻപിൽ.

പൂമകൾ പുൽകീടിലും മൂന്നടിത്തറയ്ക്കായി
വാമനീഭവിച്ചതന്നാഗന്തു തൃപ്തിപ്പെടാൻ
തല്പത്തിൽ-വിണ്ണാറ്റിന്റെയുത്ഭവസ്ഥലത്തിങ്കൽ-
ഇബ്ബലി സമർപ്പിച്ചാൻ തൻനേട്ടം സമസ്തവും.

അമ്മഹാൻതൻ സ്വസ്രീയൻ ഭാരതിയൈകസ്വത്താം
ധർമ്മത്തിൽ-പൂരുഷാർത്ഥമന്ദാരമൂലത്തിങ്കൽ-
തൽഭരം ന്യാസംചെയ്തു സർവസിദ്ധിയും നേടി
നിർഭയം വിളങ്ങിനാൻ നിർവൃത്തജന്മോദ്ദേശ്യൻ

മഹിഷാധീശന്നു തന്മുന്നിലമ്മാഹാത്മാവിൻ
മഹിഷി വഞ്ചിക്ഷോണി ദുർഗ്ഗയായ്ക്കാണപ്പെട്ടു;
ഏവർക്കും ക്ഷേമം നൽകാൻ ശക്തമായ് നിവിർത്തൊര-
ദ്ദേവൻ തൻ കൊറ്റക്കുടപ്പാല്പാൽകൾഗ്ഗോവർദ്ധനം.

വന്ദിക്കാം ഭ്രാതാക്കളേ! വന്ദിക്കാം കരംകൂപ്പി-
പ്പുണ്യത്തെപ്പുലർത്തുമിപ്പൂജ്യമാം ഭദ്രാസനം.

[ 8 ]

III
[തിരുത്തുക]

മങ്ഗളം മഹാപ്രഭോ! മങ്ഗളം ചിത്രാശുക്തി
ഞങ്ങൾക്കായ് പ്രസാദിച്ച മൗക്തികപ്രകാണ്ഡമേ!

കൊല്ലമൊന്നല്ല മൂന്നായങ്ങയെക്കാത്തീവഞ്ചി
കല്യാണപ്പൂമാലയും കൈയുമായ് നിലകൊൾവൂ;
ചേരുന്നൂ വിഭോ! ചെന്നദ്ദിവ്യസ്രക്കിന്നേദ്ദിനം
ചാരുവാം ഭവൽകണ്ഠമൂലത്തിൽ-തൽസ്ഥാനത്തിൽ.

അങ്ങയാൽ ചാർത്തപ്പെടുമത്യനർഘമാം തിരു-
മങ്ഗല്യം ധരിപ്പതീ മങ്കതൻ മഹാഭാഗ്യം.
യജ്ഞത്തിന്നൊരുങ്ങുവിൻ! ഗാർഹസ്ഥ്യം ചരിക്കുവിൻ!
യജ്ഞേശൻ ലക്ഷ്മീപതി നിങ്ങൾക്കു നിത്യാതിഥി.

യജ്ഞമൊന്നിളാനാഥർക്കന്യാർത്ഥം സുഖത്യാഗം;
സജ്ജനപ്രീത്യർപ്പണം സാരമാം ഗൃഹധർമ്മം.
അപ്പരാർദ്ധ്യാനുഷ്ഠാനപദ്ധതി യഥാകാല-
മിപ്പള്ളിക്കെട്ടിൻഫലം നൽകിടും-പ്രജോദയം.

കുലശേഖരന്മാർക്കു കുശലം നൽകുന്നുപോൽ
കുലദൈവതങ്ങളാം ധർമ്മവും ഗോവിന്ദനും.
ധർമ്മം താൻ പത്മനാഭൻ; പത്മനാഭൻ താൻ ധർമ്മം;
ധർമ്മമെങ്ങങ്ങേ ജയം; ധർമ്മവിഗ്രഹൻ ഹരി.

അവന്തിക്കായിപ്പണ്ടു മഥുരാപുരിവിട്ടു
ഭുവനാധീശൻ പോയീ പുരുഷൻ പുരാതനൻ

[ 9 ]

വാണിയെബ്‌ഭജിക്കുവാൻ; അമ്മട്ടിലവിടുന്നും
സ്യാനന്ദൂരത്തെ വിട്ടു മഹിഷപുരത്തിങ്കൽ

കേരളീയനാമസ്മദാചാര്യൻ പ്രതിഷ്ഠിച്ച
ശാരദാപീഠമിന്നുമന്നാട്ടിൽ വിളങ്ങുന്നു;
ആ ദേശം സ്പഷ്ടദൃഷ്ടമാനസ, നർവാചീന-
വൈദേഹരാജർഷിതൻ വായ്പെഴും വാസസ്ഥാനം.

മുന്നാൾ ത്വൽസമാഖ്യനാം ത്വല്പൂർവ്വനൊരു മഹാൻ
വെന്നാൻപോലങ്ങുള്ളോരെപ്പോരാളിക്കൈവാളിനാൽ;
സ്വച്ഛന്ദമക്കൂട്ടരെ വെന്നുപോല,ങ്ങിന്നാളും
ചക്ഷുസ്സാൽ-സ്മിതത്തിനാൽ-വാക്കിനാൽ-ഹൃദയത്താൽ.

ക്ഷോണിയിൽപ്പലേത്തും ഛിന്നമായ്ക്കിടക്കുന്ന
വാണിതൻ വരങ്ങളാം മൗക്തികരത്നങ്ങളെ
ശേമുഷീസൂത്രത്തിൽക്കോർത്തവിടുന്നണിയുന്നു
കാമനീയകം വായ്ക്കും കണ്ഠത്തിലേകാവലി.

അമ്മനസ്വിനി വെൽവൂ മേൽക്കുമേലവിടുത്തേ-
യമ്മയാം ശ്രീമൽ സേതുപാർവ്വതീമഹാറാണി;
കേരളക്ഷിത്യംബയ്ക്കു രോമാഞ്ചപ്രദായനി;
ഭാരതസ്ത്രീലോകത്തിൻ ഭാവുകചിന്താമണി.

ധീരയാമദ്ദേവിതൻ സംസ്കാരപൂതം ചിത്തം
ക്ഷീരസാഗരം‌പോലെ വിശദം വിശങ്കടം;

[ 10 ]

വിഭവം പലേമട്ടിലുലകിൻ നന്മയ്ക്കായി
വിബുധവ്രജം മേലിലങ്ങുനിന്നാശിക്കുന്നു.

ഏവർക്കും ഭാരത്തിനാൽ ചൂടുവാൻ ഭയം തോന്നു-
മീവഞ്ചിക്ഷിതീന്ദ്രർതൻ തൃക്കിരീടാലങ്കാരം
സാരസനാഭാങ്ഘ്രിയിൽ സാരജ്ഞൻ ഭവൽപൂർവ്വൻ
വീരമാർത്താണ്ഡദേവനർപ്പിച്ച പൊൽപൂവല്ലീ?

മാധവൻ താങ്ങായി നില്‌ക്കും ഭാവൽകവംശത്തിങ്ക-
ലേതിളന്തലയ്ക്കമിപ്പൂമലർ ചുമടല്ല;
ചേലെഴും തൃകൈയേന്തും ചെങ്കോലുമവിടേയ്ക്കു
പീലിക്കെട്ടെന്നേവരൂ വിശ്വത്തെയാവർജ്ജിപ്പാൻ.

അങ്ങേയ്ക്കിന്നെങ്ങും ലോകം ഹർഷാശ്രുഗങ്ഗാംബുവാൽ
മഗ്ങലാഭിഷേകത്തെ മാന്ദ്യംവിട്ടനുഷ്ഠിപ്പൂ:
നൂനമച്ചടങ്ങല്ലീ നിർവ്വഹിക്കുന്നൂ വീണ്ടും
പൗനരുക്ത്യത്തിൻ പരിപാടിയിൽ പുരോഹിതർ?

മങ്ഗലം മഹാത്മാവേ! വഞ്ചിഭൂമഘാവാവേ
മങ്ഗളം മാഹാരാജമൗലിതൻ മണിപ്പൂൺപേ!

IV
[തിരുത്തുക]

പ്രാർത്ഥിക്കാം നമുക്കെല്ലാം പ്രാർത്ഥിക്കാം ദൈവത്തോടി-
പ്പാർത്ഥിവപ്രവേകന്നു സർവ്വാഭീഷ്ടവും നൽകാൻ.

ഭിന്നരല്ലല്ലോ മതജാതികൾ മൂലം നാമീ-
മന്നൻതൻ പ്രജകളും സോദരരേകോദരർ;
ശ്ലാഘ്യമാം രാജ്യസ്നേഹതന്തുവിൽ കോർക്കപ്പെട്ട
പൂക്കൾ നാം, രാജഭക്തിവാസനയ്ക്കാവാസങ്ങൾ.

[ 11 ]


നമ്മൾക്കും ഭാഗ്യത്തിനാൽ ചൈത്രർത്തുവുദിക്കുന്നു;
നമ്മെയും താരാർമണത്തെത്തൈന്നലുണർത്തുന്നു;
നാടെങ്ങും ജനങ്ങൾക്കിന്നുൾപ്പൂവു വിടരുന്നു
നാടെല്ലാമാശാവല്ലി ചെന്തളിരണിയുന്നു

മെയ്യെങ്ങും പൊൻപൂമ്പൊടിക്കോപ്പണിഞ്ഞാടിപ്പാടി-
പ്പയ്യവേ പറക്കുന്നൂ പന്തിയിൽക്കാർവണ്ടുകൾ;
സാനന്ദം കുയിൽക്കുലം പ്രകൃതിപ്രതീക്ഷകൾ
ഗാനത്തിൽപ്പകർത്തുന്നൂ ഭാവനാഗതിക്കൊപ്പം.

ലോകത്തിൻ തപശ്ചര്യാവല്ലിതൻ പരീപാക-
മേകമിച്ചൈത്രോത്സവം ഹൃദ്യങ്ങൾക്കെല്ലാം ഹൃദ്യം.
ഈക്കണിപ്ഫലം നമുക്കേവർക്കും നിസ്സംശയം
ഭാഗ്യലക്ഷ്മിതൻ സ്വയംഗ്രാഹമാം പരിഷ്വങ്ഗം.

നോക്കുവിൻ! ബാല്യത്തൊടും ഭോഗത്തെ ത്യജിച്ചൂഴി
കാക്കുവാൻ തുടങ്ങുമിക്കല്യാണധാമാവിനെ.
സ്വാർത്ഥത്തെ പ്രമാർജ്ജിപ്പാനല്ലയോ പതിക്കുന്നു
മൂർദ്ധാവിലിവിടേയ്ക്കു രാജ്യാഭിഷേകോദകം ?

[ 12 ]


കേവലം പരാർത്ഥമായല്ലയോ ജീവിക്കുന്നു
മാവേലി തൻ നാട്ടിലിപ്രഹ്ലാദൻ സ്വഭൂപ്രിയൻ?
കോടറ്റീ വിശ്വം കാക്കും കേവലാത്മാവിൻ നേർക്കു
കോടിയിൽക്കൂടും കൈകൾ കോരകീഭവിക്കട്ടെ!

ഇച്ചിത്രാതാരോത്ഭവൻ ദേവനെപ്പാലിച്ചാലും
സച്ചിദാനന്ദമൂർത്തേ! സർവലോകകാന്തര്യാമിൻ!
അൻപതിൽപ്പരം ലക്ഷം സാധുഹൃൽക്കേത്രത്തിലി—
ത്തമ്പുരാൻ വാഴ്വൂ —ഭവൽസന്നിധാനത്തിൽ സ്വാമിൻ!

ഞങ്ങൾതന്നാശാങ്കുരം സർവ്വവും ചിത്രോത്ഭവ,—
മങ്ങതിന്നധിഷ്ഠാതാ, വക്ഷയപ്രാണപ്രദൻ.
ഈ വഞ്ചിയങ്ങേവഞ്ചി;യിന്നതിൻ നിയന്താവി—
ദ്ദേവൻ ത്വദ്ദാസൻ; ഞങ്ങളേവരും യാത്രക്കാരർ.

സേവ്യസേവകർ നിങ്ങൾ; ഞങ്ങളിൽ ഭവാനാരു
സേവ്യധർമ്മോപദേശം ചെയ്യുവാനധികാരി?
മേലും ഹാ! സർവ്വാതീതനങ്ങയെ പ്രാർത്ഥിക്കുവാൻ
കാലദേശാവച്ഛിന്നർ ഞങ്ങൾക്കു കഴിവുണ്ടോ?

ആയുരാരോഗ്യൈശ്വര്യശബ്ദങ്ങൾക്കോരോന്നിനു—
മാശയോടടുക്കുമ്പോളവ്യാപ്തിദോഷംവായ്പൂ.
എത്രമേൽ പൂർവ്വക്ഷണം നേർന്നാലുമതൊക്കെയു—
മുത്തരക്ഷണത്തിന്റെ ദൃഷ്ടിയിലപര്യാപ്തം.

[ 13 ]


കരുണാംബുധേ! ഭവന്മണികളേതെല്ലാമെ-
ന്നറിവാനാകുന്നതില്ലലർമാതിനുപോലും.
അർത്ഥിതൻ കൈക്കുമ്പിളിന്നാകൃതിയളന്നല്ല
വിത്തവാൻ ചെയ്യേണ്ടതു വിഭവോചിതം ദാനം.

"ഓരോരോ നവീനമാമുത്തമപരിഷ്ക്കാരം
പേരോലും വഞ്ചിക്ഷമാദേവിതൻ തിരുമെയ്യിൽ
തൽപ്രിയൻ ചാർത്തീടട്ടേയിന്നൃപൻ വിശിഷ്ടയാ-
മപ്പട്ടമഹിഷിതൻ സ്ഥാനത്തിനൊക്കുംവിധം.

ആർജ്ജവം, ശമം, ദമം, കാരുണ്യം, സമഭാവ-
മീച്ചൊന്ന ഗുണങ്ങളാം ഹൃന്നാകതരുക്കളാൽ
ഇദ്ദേവൻ ചൊരിയട്ടേ നിത്യവും ജയംപൂണ്ടു
വർത്തിക്കും വഞ്ചിക്കുമേൽ നന്മപ്പൂമലർമാരി.

ഏതുനാൾ നാരായണൻ ഭൂമിജനരകാന്തം
സാധിച്ചു ദീപാവലി പാരെങ്ങും ജ്വലിപ്പിച്ചു;
അന്നാളിലവതാരമാർന്നൊരീ വിഷ്ണ്വംശജൻ
മന്നന്നുമക്കാര്യമേ സാധ്യമായ് ഭവിക്കട്ടെ!

ഓജസ്സും പ്രസാദവും തുല്യമായ് സൂര്യേന്ദുക്കൾ
യോജിച്ചു ഭൂവിൻദീപ്തിക്കുത്ഭവിച്ചതുപോലെ
രാപ്പകൽഭേദംവെടിഞ്ഞെപ്പോഴും വിളങ്ങട്ടെ-
യപ്പുമാൻ രഥാങ്‌ഗവും ചെമ്പോത്തും വാഴ്ത്തുംവണ്ണം.

[ 14 ]


സ്വാപദാനത്തിൽ മേന്മകൊണ്ടു തൽപൂർവ്വന്മാരാം
ഭൂപരെ സ്മർത്തിവ്യരല്ലെന്നാക്കി നിരന്തരം
ചാർത്തട്ടേ കസ്തൂരിപ്പൊട്ടിന്നൃപൻ തന്നോമന-
ക്കീർത്തിലക്ഷ്മിതൻ തിങ്കൾക്കീറൊളിത്തൂനെറ്റിയിൽ."

ആഗ്രഹാധികപ്രദനങ്ങയോടിമ്മട്ടോരോ
വാക്യത്താൽ ചെയ്യുന്നീല മൂകത്വപ്രഖ്യാപനം.
ഭൂതഭാവന! വിഭോ! പോറ്റുക ചിത്രക്ഷോണീ-
നാഥനെയങ്ങേശ്ശക്തിക്കൊപ്പവും,-അതിന്മേലും.

പ്രാർത്ഥിക്കാം നമുക്കെല്ലാം പ്രാർത്ഥിക്കാം ദൈവത്തോടി-
പ്പാർത്ഥിവപ്രവേകനെപ്പാലിപ്പാൻ പ്രതിക്ഷണം.

"https://ml.wikisource.org/w/index.php?title=ചിത്രോദയം&oldid=70277" എന്ന താളിൽനിന്ന് ശേഖരിച്ചത്