Jump to content

ചിത്രശാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചിത്രശാല (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1931)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]


ചിത്രശാല


1931




[ 2 ]
(കേക)

"ഭാരതക്ഷമേ! നിന്റെ പെണ്മക്കളടുക്കള-
ക്കാരികൾ, വീടാം കൂട്ടിൽക്കുടുങ്ങും തത്തമ്മകൾ,
നരന്നു ഗർഭാധാനപാത്രങ്ങ,ളാജന്മാന്തം
പരതന്ത്രകൾ, പശുപ്രായക,ളബലകൾ.
ആടയും പണ്ടങ്ങളും കൊണ്ടു മെയ്യാകെക്കൂടി
മൂടിന യന്ത്രക്കിളിപ്പാവകൾ, വരാകികൾ;
എങ്ങവർ പതിതകൾ സഹധർമ്മിണീഗൃഹ-
മങ്ഗലദേവതാദിനാമങ്ങൾക്കനർഹകൾ?
ഭാരതക്ഷമേ! ഹാ! നിൻ ലാളനം തനിക്കുന്നു
പുരുഷന്മാരിൽ; നീയും സ്ത്രീകൾക്കു മാതാവാമോ?
ഒരു കാൽ നീർക്കെട്ടാർന്നും, മറ്റേക്കാൽ മെലിഞ്ഞിട്ടും,
മരുവും നിനക്കേതു മാർഗ്ഗത്തിൽപ്പുരോഗതി?
അപരിഷ്കൃത താൻ നീ;യറിവറ്റവൾ താൻ നീ;-
യപഥസ്ഥിത താൻ നീ;യനുകമ്പ്യയും താൻ നീ;
നിൽക്കൊല്ലേ സമക്ഷത്തു ലോകരേ!പാപിഷ്ഠയാ-
മിക്കുഷ്ഠരോഗാർത്തയെത്തീണ്ടൊല്ലേ! നശിക്കൊല്ലേ!"
ഇമ്മട്ടിൽക്കടന്നോതിയിന്നലെ ദ്വിപാത്തായൊ-
രമ്മെരിക്കതൻ വിത്താമമ്മേയോദ്ധ്വരശ്ശിണി
അല്പവും ധരിച്ചോളല്ലമ്മതൻ പരമാർത്ഥ-
മപ്പച്ചപ്പരിഷ്കാരക്കാരിയാം ചട്ടക്കാരി!

ii


അമ്മതാമ്മതൻ മൊഴിയമ്പുകൾ ഭരതോർവി-
യമ്മതൻ ചെവിക്കുള്ളിലാഞ്ഞാഞ്ഞു തറയ്ക്കയായ്
ഖേദിച്ചാളപാരമായദ്ദേവിയിമ്മട്ടുള്ള
കാതറൈൻ മേയോവിന്റെ കൈകൊട്ടിക്കളിപ്പാട്ടിൽ

[ 3 ]

ചിന്തിച്ചാൾ: "എങ്ങോ മേവുമിപ്പുത്തൻപെൺപൂമ്പാറ്റയ്-
ക്കെന്തിങ്ങു ബന്ധം വരാൻ; എന്നെക്കൊണ്ടോരോന്നോതാൻ?
മുത്തശ്ശിക്കില്ലേതുമേ സൗന്ദര്യമെന്നിമ്മുഗ്ദ്ധ
മുത്തണിപ്പോർക്കൊങ്കകൾ തുള്ളിച്ചു ജല്പിക്കുന്നു.
കാർമുകിൽ മറച്ചിടും വാനത്തിൽ ജ്യോതിർഗ്ഗണം
കാണ്മതിന്നരിപ്പമെന്നോതുന്നു കണ്ണില്ലാത്തോൾ
പങ്കത്തിൽപ്പുരണ്ടതാം പത്മരാഗത്തെപ്പാർത്തു
ശങ്കവിട്ടുരയ്ക്കുന്നു മഞ്ചാടിയെന്നിശ്ശിശു
ബ്രിട്ടനും ഞാനും തമ്മിൽ ബന്ധുക്കൾ; ഞങ്ങൾക്കുണ്ടാ-
മിഷ്ടത്തിൻ വിവർത്തമാം വാക്തർക്കം മിതഃസ്ഥിതം
അമ്മെരിക്കേ! ഹാ! വെറും മിന്നൽപോലെന്നിൽ പായും
നിന്മക്കൾക്കെന്തിതിങ്കൽ മാധ്യസ്ഥ്യ-ദീക്ഷാന്യായം?
ഹന്ത! ഞാൻ പെണ്മക്കളിൽ പ്രീതിയില്ലാത്തോൾപോലു-
മെന്തബദ്ധമിക്കുട്ടി ധാർഷ്ട്യത്തിൽപ്പുലമ്പിപ്പോയ്!
ആനഖാന്തവും പിന്നെയാശിഖാന്തവും വാച്യം
നീ നിന്റെ മുറ്റം തൂത്താലെത്ര നന്നതെൻ വത്സേ!
ദുർഭള്ളാം വിഷം ചേർന്ന നിൻ സാന്ത്വവാക്യാംഭസ്സാ-
ലല്പവും ശമിക്കുവോന്നല്ലെന്റെയന്തർദ്ദാഹം;
പാരിക്കും വിശപ്പിലും ഞാൻ നിന്റെ കരം വീഴ്ത്തും
കാരുണ്യപ്പിച്ചയ്ക്കായിക്കൈക്കുമ്പിൾ കാണിപ്പീല."

iii


ഹിമവൽ പർവ്വതത്തിൽ നിവസിക്കുന്നുണ്ടൊരു
സമലോഷ്ടാശ്മജാംബൂനദനാം തപോധനൻ;
അരയപ്പെൺപൈതലിൻ മകനായ്പ്പിറന്നു നാ-
ന്മറകൾ പകുക്കുവാൻ സാധിച്ച മഹാഭാഗൻ;
പാരിതിൻ നന്മയ്ക്കായിപ്പഞ്ചമം വേദം മഹാ-
ഭാരതം ഗാനം ചെയ്ത ഭഗവാൻ ശുകഗുരു;
വേറെയും പുരാണോക്തിപീയൂ-ഷം ധരിത്രിയിൽ
ധാരധാരയായ്പ്പെയ്ത സൗജന്യഘനാഘനം;

[ 4 ]

സംസാരപാരാവാരപാരീണൻ; സാക്ഷാദ്രാജ-
ഹംസാധിരൂഢാങ്ഗനാപാദബ്ജധുവ്രതം;
അന്യനെ സ്നേഹിപ്പതേ പുണ്യമൊന്നവനിയി-
ലന്യനെ ദ്വേഷിപ്പതേ പാപമെന്നരുൾചെയ്തോൻ
അർത്ഥകാമാദിക്കെല്ലാം ബീജമാം ധർമ്മത്തെത്താൻ
മർത്ത്യരേ! സേവിപ്പിനെന്നുച്ചത്തിലുൽഘോഷിച്ചോൻ
കൃത്സ്നമാം പുണ്യത്തിനാൽ ഭാരതാംബയാൾ പെറ്റ
കൃഷ്ണദ്വൈപായനാഖ്യ കൈക്കൊള്ളും കൃപാമൂർത്തി;
ക്ഷോണി താൻ കു-ടും-ബമ-ശ്ശാ-ദന; ന്നാ-ദ്ധ്യാ-ത്മി-ക-
ജ്ഞാ-നം-താൻ-ഭണ്ഡാഗാരം മുക്തി താൻ സധർമ്മിണി
ലോകാനുഗ്രഹത്തിനായ് വാഴ്കയാണശ്ശൈലത്തി-
ലേകാന്തബ്രഹ്മദ്ധ്യാനനിഷ്ഠനച്ചിരഞ്ജീവി.

iv


മാതൃഭൂദേവിയാൾതൻ സന്തപ്തദീർഘശ്വാസ- -
മാദിക്കൊന്നലയ്ക്കവേ നീഹാരം നീരാവിയായ്.
തൽക്ഷണം തപോധനൻ നിർവ്വികല്പമായുള്ള
തത്സമാധിയെക്കണ്ടാൻ ഭഗ്നമായ് - നിവൃത്തമായ്.
ആ വികാരത്തിന്നെന്തു ഹേതുവെന്നോർക്കെക്കാണായ്
ദേവിയാമാര്യക്ഷോണി - തന്നമ്മയ്ക്കെഴും താപം.
നില്പതും പാർത്താൻ ദൂരെയമ്മെരിക്കയെപ്പേർത്തും
ദർപ്പത്താലാധ്മാതയാം മേയോവിൻ മാതാവിനെ.
വേഗേന തൽക്കർണ്ണത്തിൽ സ്വാദുവാം വചസ്സുധ
തൂകിനാൻ സർവ്വഭൂതസൗഭാത്രശിക്ഷാഗുരു.
"സ്വാഗതം വിമാതാവേ! ശങ്കവിട്ടിങ്ങോട്ടേക്കൊ-
ന്നാഗമി,ച്ചിവൻ കാട്ടും കാഴ്ചകണ്ടാനന്ദിക്കൂ;
അഞ്ജനം വേറേ വേണ്ട; കണ്ണിൽനിന്നഹങ്കാര-
മഞ്ഞച്ചില്ലെടുത്തങ്ങു മാറ്റിയാൽ മാത്രം മതി.

[ 5 ]

നൂനം ത്വൽപുരോഭൂവിൽ സാധ്വിയാമെന്നമ്മയെ--
യാനനാവഗുണ്ഠനം നീക്കി ഞാൻ നിർത്തിത്തരാം.
കണ്ടിടാമപ്പോൾ തത്വം കണ്ണിന്നു; കൈക്കൊൾകെന്റെ
പണ്ടത്തെച്ചിത്രശാല നൽകുവോരാതിഥ്യത്തെ.
മിക്കതും പാർക്കാമങ്ങേക്കന്നേരമെന്നമ്മയ്ക്കു
മക്കളോ മകളരോ വാത്സല്യം വായ്പോരെന്നായ്."

v
(നതോന്നത)


ആദിയിങ്കൽ മഹർഷിയൊരാലേഖ്യത്തിൻ സമീപത്തിൽ
പ്രീതിപൂണ്ടു നയിച്ചാനപ്പേശലാംഗിയെ;
അരുളിച്ചെയ്കയും ചെയ്താൻ; "അയി! കാൺക പടമിതി--
ലൊരു പു-മാനേയും നീ തൽഭഗിനിയേയും.
മാമലകൾക്കരചന്റെ മക്കളിവരിരുവരു--
മീമഹിളാമണി ഗൗരി,യേട്ടൻ മൈനാകം
കലികൊണ്ടു മപ്പടിച്ചു കലഹത്തിന്നമരേന്ദ്രൻ
കുലിശവുമുലച്ചുലച്ചണഞ്ഞീടവേ
ശത്രുവിന്റെ മാർത്തടമോ സപ്തസപ്തി മണ്ഡലമോ
ശസ്ത്രമെയ്തു പോർക്കളത്തിൽപ്പിളർന്നീടാതെ;
അതിവൃദ്ധൻ ജനകനെത്തുണയ്ക്കാതെ; മഹീഭൃത്തിൻ
സ്വധർമ്മത്തെ സ്വല്പംപോലുമനുഷ്ഠിക്കാതെ;
തൽക്ഷണത്തിലിവൻ പാഞ്ഞു സാഗരത്തിനകം ചാടി
പക്ഷലാഭചരിതാർത്ഥൻ പരമഭീരു.
അവിടെ നാൾ കഴിക്കയാണടിമയായ്ജ്ജലപതി--
ക്കവനതശിരസ്സാമീയധമജന്തു.
ഇവനുടെയവരജ ഭഗവതിയപർണ്ണയോ
കുവലയമിഴിമാർക്കു കുലാലങ്കാരം.
എത്ര കാമൻ തുണച്ചാലു,മേതു കണ പൊഴിച്ചാലു--
മെത്രമാത്രം പരിസരമൊത്തുവന്നാലും.
പൂവൽമേനിപ്പുറത്തൊലിപ്പൂച്ചുകണ്ടു മയങ്ങുന്ന
കേവലനാ വിടനല്ല ദേവൻ ഗിരീശൻ;
എന്നറിഞ്ഞു തനുമദം സന്ത്യജിച്ചു തപസ്സിനാൽ
തന്നകതാർ തനിസ്സത്വസമ്പന്നമാക്കി

[ 6 ]

ആയതിൽതന്നനുകനെയാദരത്തിലണച്ചു ത-
ജ്ജായയായിജ്ജയംപൂണ്ടാൾജ്ജഗജ്ജനിത്രി.
ശൂലിയും തന്മന:സ്ഥൈര്യം തൂക്കിനോക്കാൻ തുനിഞ്ഞല്ലോ
ശൈലരാജപുത്രിയെന്ന തത്വമോർക്കാതെ.
ആ വിഭുവിൻ വാമഭാഗമാത്മശുല്ക്കീഭവിച്ചപ്പോൾ
ദേവിയുമ ഹൈമവതി നിത്യകല്യാണി.
വാമഭാഗത്തിങ്കലല്ലീ ജീവികൾക്കു ഹൃദയം?ഈ--
യോമലാളെയതിന്നീശനീശ്വരിയാക്കി.
ലോകയാത്ര ചെയ്കയാണദ്ദമ്പതിമാരിത്തരത്തി,--
ലേകയോഗക്ഷേമമെങ്ങുണ്ടിതിനുമീതേ!
പ്രേമമാകും ദിവ്യജ്യോതിസ്സന്തർവേദിപ്രതിഷ്ഠിത--
മാമിഷാശനാശ നൂനം ഹാ! തദാഭാസം.

vi



ഇനിയൊരുപടത്തിങ്കലിരുവരുണ്ടിതാ കാണ്മൂ
പനിമതിമുഖിയൊന്നു, പരൻ പുരുഷൻ.
ഇരുവരുമലകടൽ മണികാഞ്ചിയണിയുന്ന
ധരണിതന്നപത്യങ്ങളുടപ്പിറന്നോർ.
മൂത്തതിൽമനുജനു, *മിളയതു മഹിളയും;
പാർത്തലത്തിൻ വിളക്കി, തതുൽപാതകേതു.
പാതിവ്രത്യത്തിടമ്പെന്നു പാരിടത്തിൽ പ്രഥിതയാം
സീതയിവൾ, നരകാഖ്യദാനവനവൻച
ശങ്കവിട്ടു സതികളിൽപ്പതിനാറായിരംപേരെ--
ത്തങ്കരിങ്കൽത്തുറുങ്കിലിട്ടടച്ച പാപി;
അണ്ടർകോനെപ്പോർക്കളത്തിൽക്കൊമ്പുകുത്തിച്ചദിതിതൻ
കുണ്ഡലങ്ങൾ കൂസൽവിട്ടു കൊള്ളചെയ്തവൻ;
വരബലമദമത്തൻ, തനതുപേർ ജനനിക്കു--
മരുളിനോരധർമ്മിഷ്ഠകുലപ്പൈരുമാൾ;
ആ മനുഷ്യകളങ്കത്തെയന്തകന്നു വിരുന്നൂട്ടി
ഭാമ കണ്ടു കൺകുളുർക്കെപ്പാഥോജനാഭൻ.
സീതയെത്ര വിഭിന്നയിശ്ശീലഹീനൻ തങ്കൽനിന്നും!
സീതയത്രേ ജഗതിതൻ ദിവ്യസന്താനം.

[ 7 ]

തൻ പ്രിയൻൻപോമടവി താൻ തന്നയോദ്ധ്യാ രാജധാനി;
തൻപ്രിയൻതൻപുൽക്കുടിൽ താൻ തൻമണിസൌധം;
എന്നു തേറിയിടംവലമേതുമോന്നു തിരിയാതെ
തന്നുടയ സതീവ്രതം ചരിപ്പതിന്നായ്
പരുപരുത്തിരിപ്പൊരു മരവുരിയരുവയർ
തിരുവരമറയുമാറെടുത്തു ചാർത്തി
കായസാദം കരുതാതെ കാനനത്തിപ്പിന്തുടർന്നാൾ
ഛായപോലെ ദയിതനെച്ചാരിത്രധാമം.
കാട്ടിലെഴും കല്ലുംമുള്ളും കാന്തമാർക്കു കുസുമത്തെ-
ക്കാട്ടിലേററം മൃടദുവെന്നു കാട്ടി കല്യാണി.
പ്രേമസംസ്ഥയല്ലീ ദേവി? പിന്നെയങ്ങു രുജ?യവൾ-------
ക്കാമണിത്തേർ പുഷ്പകത്തെക്കാളതിരമ്യം.
പുരുഷന്നു നല്ലനാളിൽത്തൻകളത്രം പകിട്ടേറും
സാരസനിവാസിനി തൻ സപത്നിമാത്രം
ഹാ! കദനം വരുമ്പോൾത്താനാത്മഹൃദയേശ്വരനെ-
യാകമാനം ഗൃഹിണിമാരനുഭവിപ്പു
യാതുധാനപ്പെരുമാൾതൻ ദാജധാനിക്കകം ദൈവം
യാതനയാൽ മഥിച്ചോരു കാലത്തുപോലും
ചാരിത്രമാം തനുത്രത്താൽ ഛാദിതയാമിസ്സതിക്കു
വൈരിയോങ്ങും വാളു തോന്നി വാഴനാരായി
അമ്പിളിയും കതിരോനുമഷ്ടദിക്പാലകന്മാരും
തൻ പ്രിയത്തെക്കൊതിച്ചീടും ദാസരാകട്ടെ
മാമല കൈയിരുപതും മാറിമാറിപ്പന്താടട്ടെ;
നാമധേയം നാരീഗർഭം സ്രവിപ്പിക്കട്ടെ;
താർമകൾ പോയ് മണിമേടത്തങ്കമുറ്റം തളിക്കട്ടെ
കാമദേവൻ വപുസ്സിനു കപ്പമേകട്ടെ
തൻകഴുത്തിൽത്താലിവച്ചോൻ തൻകണവ,നന്യനെത്ര
ലങ്കമുടിചൂടിയാലും തുച്ഛരിൽത്തുച്ഛൻ
എന്നുറച്ചു നിലകൊണ്ടാളീവധൂടി-ഭരതോർവി-
തന്നുടയ ജീവനാഡി-ചൈതന്യമൂർത്തി

[ 8 ]

പാർത്ഥിവനായ്ക്കാണ്മൂ നമ്മൾ ഹാ! ചിലപ്പോൾ രാഘവനെ;
സ്വാർത്ഥചിന്താപരനായും മറ്റു ചിലപ്പോൾ
പൂരുഷൻ തൻ ദിവ്യതയ്ക്ക് പൂർത്തിയില്ല; കരിപ്പുള്ളി
സൂരനിലും സുലഭം താൻ സൂക്ഷിച്ചുപാർത്താൽ
ഭിന്നയതിൽനിന്നു വധുവെന്നു ചൊന്നാളെരികനൽ-
പ്പൊന്നശോകത്തോപ്പു വീണ്ടും പൂകിയിദ്ദേവി
അണയാത്ത മണിവിള,ക്കഴിയാത്ത കുങ്കുമപ്പൊ-
ട്ടണിവാടാമലർമാലയവനിക്കിവൾ

vii


ഇനി വേറിട്ടൊരു ചിത്ര,മിതിലും കണ്ടിടാമൊരു
വയിതമാർ മണിയേയും മനുജനേയും
ഉഗ്രസേന ദേവകാഖ്യസോദരർതന്നപത്യങ്ങ-
ളിക്കംസനുമിളയോളിദ്ദേവകിതാനും
എന്നറിഞ്ഞു തൽഭഗിനിതൻ സുതരിലൊരുവനാൽ
തന്നറുതി വരുമെന്നാത്താമസശീലൻ;
അന്നുതൊട്ടു മറക്കയായറനെറിമുറഎല്ലാ;-
മുന്നമവനൊന്നുമാത്രം-സ്വപ്രാണത്രാണം
ഏതുമൊരു കൂസലെന്യേ വാളുലച്ചാൻ വധിക്കുവാൻ
സോദരിയെ-നവോഢയെ-നിതംബിനിയെ
കൂറുവിട്ടു കുടുക്കിനാൻ കൂട്ടിനുള്ളിലവൾ പെറ്റോ-
രാറു പിഞ്ചുകിടാങ്ങളെക്കശാപ്പുചെയ്താൻ
ചക്രവർത്തിക്കൊരു സാധുസ്ത്രീയോടേതുവിധമെല്ലാ-
മക്രമങ്ങൾ തുടർന്നിടാ,മവ തുടർന്നാൻ
വിശങ്കമക്ഖലൻതന്നെ വിജയിയെന്നുറയ്ക്കവേ
വിശൃംഖലം വിധിയതിൻ വിഭുതകാട്ടി
പിറന്നു തൻ മരുമകൻ-പിതൃപതി-ഭഗിനിതൻ
തുറുങ്കിൽ, മറ്റൊരുദിക്കിൽ പറന്നുപോയി
ഊരിലുള്ളോരുണ്ണികളെയൊക്കെയും കൊന്നൊടുക്കീട്ടും
വൈരിയവൻ വളരുന്നു വാട്ടമില്ലാതെ
വരുവതു വരുമെന്നു കരുതീല; വരായ്‌വതി-
ന്നൊരുപരദേവതയോടിരന്നുമില്ല
പൗരുഷംകൊണ്ടെതിർത്തീലാപ്പാപ്പിയേതും നിയതിയെ-
ബ്ഭീരുതയിൽ വെറുമുച്ചപ്പിച്ചേതോ കാട്ടി

[ 9 ]

തൻനിഴലിൽത്താൻ പതറിക്കണ്ണിമ തെല്ലടയാതെ--
യെണ്ണിയെണ്ണി ഞൊടിയോരോന്നവൻ കഴിച്ചു.
താൻ പടുത്ത നരകത്തിൽ-താൻ വളർത്ത കൊടുന്തീയിൽ
സാമ്പ്രതമദ്രോഹി വീണു ചാകാതെ ചത്തു.
ഭാഗിനേയനരുളിന പഞ്ചതയപ്പാതകിക്കു
ലോകദൃഷ്ടിയിലുമൊരു മോചനമായി.
ശിശുക്കളെ വധിച്ചു തന്നസുക്കളെപ്പുലർത്തുവാൻ
പശുക്കളും കൊതിക്കുമോ പതിതൻ മർത്ത്യൻ!
ഭൂവപുസ്സു പുളകമാം ഭൂഷണത്താലണിയിച്ചു
ദേവദേവ ജനയിത്രി ദേവകീദേവി.
അവിടത്തെത്തിരുവയറവനിക്കു സമർപ്പിച്ചു
ഭവഭയശമനമാം പരമൗഷധം.
കുഞ്ഞുകണ്ണന്നീറ്റുപുര കൽത്തുറുങ്കു; തായ്‌മുലപ്പാൽ
നഞ്ഞുചാറു; മൃതപ്രായർ മാതാപിതാക്കൾ.
മാതുലന്റെ കല്പനയാൽ മർത്യപാശർ ജിഘാം-സുക്കൾ-
മാടുപോലും-ശ്വസിക്കുന്ന മാരുതൻപോലും!
ദേവകൾക്കുമവരിൽത്താൻ സ്നേഹമുള്ളിലെന്നുതോന്നു--
മാവിരിഞ്ചപ്രമുഖർതന്നകൃത്യം കണ്ടാൽ
ആയവർക്കു സകലർക്കും ഹാനിചേർത്തു സുജനങ്ങൾ--
ക്കായർകുലച്ചെറുപൈതലാനന്ദമേകി.
പള്ളിയോടക്കുഴൽവഴി പാലമൃതു മഴപെയ്തു
കല്ലിനേയുമലിയിച്ചു കല്യാണമേഘം.
സത്തുകൾക്കു മഖത്തിങ്കൽ കാൽകഴുകും; തനിക്കൊരാൾ
ഭക്തനായാലവന്നേതു ദാസ്യവും ചെയ്യു-ം;
കേഴുമൊരു സതിക്കേകും പട്ടുസാരി; കൃപണനെ--
യേഴുനിലമാളികയിലേറ്റിപ്പുലർത്തും;
ചമ്മട്ടിയും കയ്യുമായിദ്ധർമ്മക്ഷേത്രപ്പോർക്കളത്തി--
ലമ്മഹാത്മാവർജ്ജുനൻതന്നകം തെളിവാൻ
തേർത്തടത്തിൽ നിന്നുകൊണ്ടു ചെയ്ത ദിവ്യഗാനമിന്നും
പാർത്തലത്തിൽ ദരികളിൽ മാറ്റൊലിക്കൊൾവൂ
നാഥനന്നു നൽകിയോരു നാന്മറപ്പാൽനവനീതം
നാദബ്രഹ്മചൈതന്യത്തിൻ നവാവതാരം

[ 10 ]

വാനിലേറ്റുമെഴുനൂറു കല്പടവുള്ളൊരു കോണി;
മാനസം പോയ് മുഴുകേൺറ്റും ജാഹ്നവിതീർത്ഥം.
കാര്യസാരം കഥിച്ചോരക്കർമ്മയോഗമാർഗ്ഗദർശി——
യാര്യഭൂമിക്കായുഗാന്തമാചാര്യാചാര്യൻ,
"സത്യധർമ്മപദങ്ങളിൽ സഞ്ചരിച്ചോ, നിഹത്തിൽ ഞാൻ
കൃത്യലോപം വരുത്താനെ ജീവിച്ചോ,നെന്നാൽ
എങ്കിടാവു കണ്മിഴിക്കുമിക്ഷണ"മെന്നരുൾചെയ്തു
തങ്കരംകൊണ്ടവനൊന്നു തലോടി നിൽക്കേ
ദൗണിയെങ്ങു? തദസ്ത്രത്തിൻജ്വാലയെങ്ങു? മൃതിയെങ്ങു?
ചേണിയന്ന പ്രീക്ഷിത്തു ജീവിച്ചു വീണ്ടും.
ഗോപൻപോലുമവൻ; ശരി; ഗോക്കൾ മർത്യ,രവരുടെ
താപശാന്തിക്കവൻ തേടി ധാത്രിയിൽ ജന്മം.
ഗോക്കളെയാണവർങ്കാത്ത, തോർമ്മവേണം; പോരമർത്യൻ
ഗ്യാഗ്രമായാൽ—ഫണിയായാൽ—ഗോമായുവായാൽ.
അനൃ—ശംസ്യംകൊണ്ടു വേണം,മാതമദമംകൊണ്ടുവേണം
മാനുഷരപ്പശുപാലമാഹാത്യം കാണ്മാൻ
മങ്‌ഗലാത്മാ മഹായോഗി മരതകമണിവർണ്ണൻ
ഞങ്ങളുടെ വാസുദേവൻ ഞങ്ങൾക്കു ദൈവം
തമ്മ്പുരാൻ തന്നൈര്യ കൈത്താമരതൻ തലോടലി——
ക്കുക്ംബിനിയാം കുബ്ജയുടെ കൂനു നിവർക്കും
മുത്തെടുത്തു ധരിക്കും നാം കശുക്തികയെ മറക്കാമോ?
ദുഗ്ദ്ധമാരു നമുക്കേകും ഗോമാതാവെന്യേ?
ഖ്യാതിയുടെ കലിത്തോപായ്ക്കംസബിത്തിൻ ജനയിത്രി
ഗീതയുടെ പിതാമഹി ജയിച്ചീടുന്നു.

viii



കാൺക വേറിട്ടൊരു ചിത്ര,മതിലുമു—ണ്ടൊരുപുള്ളി——
മാങ്കിശോരമിഴിയാളുമൊരു പുമാനും.
കുണ്ഡിനേശൻ ഭീഷ്മകന്തൻ മക്കളിവ;രേട്ടൻ രുക്മി;
കൊണ്ടല്വേണിയിളവൾ രുക്മിണീദേവി.
ആ മഹീശകിശോരകന്നാദിമുതലാത്മമിത്രം
ദാമഘോഷി ശിശുപാലൻ സജ്ജനദ്രോഹി

[ 11 ]

ഹീനരുമായ് സഹവാസമെത്ര ഹേയം? കടൽതൊടും
വാനവർതൻ പുഴയിലേ വാരിയും ക്ഷാരം
ചേദിപന്നു ഭഗിനിയെ ജ്യേഷ്ഠനാകാൻ നിശ്ചയിച്ചാൻ;
താതനേയും കൊല്ലുമവൻ തന്നോടിടഞ്ഞാൽ
തൃഷ്ണ പണ്ടേ മുകുന്ദനിൽ സ്ത്രീമുടിമുത്തവൾക്ക്കേറി
കൃഷ്ണനുമക്ഖലനുമോ കീരിയും പാമ്പും
കണ്ടതില്ല കഴിവൊന്നും; കണ്ടവന്റെ കൈയിൽ നിന്നും
കണ്ഠപാശം പതിക്കുവാൻ കാലവുമായി
സുന്ദരിക്കു തുണയുണ്ടു രണ്ടുപേ,രൊന്നലരമ്പൻ;
പിന്നെയൊന്നൊരശരണൻ പൂണുനൂൽക്കാരൻ
പോരുമവർ; കാണികൾതൻ കണ്മിഴികളോടു കട്ടു
തേരിലേറ്റീ ദയിതയെദ്ദേവകീപുത്രൻ
കാപ്പുകെട്ടിയിരുന്നോരു കൈ വയറ്റിൽ വെച്ചുചൈദ്യൻ
ഓപ്പയല്ലേ? പെണ്ണിൻ പിൻപോടി രുക്മിയും
"ഗോരസത്തിൽനിന്നു സാരി! സാരിയിങ്കൽനിന്നു നാരി!
ചോരനിവൻ വിളയുന്ന വിളച്ചിൽ കൊള്ളാം!!
കാലിമേയ്ക്കും ചെറുക്കനെക്കാലനൂരിനയച്ചേ ഞാൻ
കാലു കുത്തു പുരിയി"ലെന്നാണയിട്ടോതി
നർമ്മദതൻ തടത്തിൽ പോയ് നാളീകപ്പേമഴ പെയ്താൻ;
നർമ്മരീതിക്കൊരു കണ നാഥനുമെയ്താൻ
പൈങ്കിളിനേർമൊഴിയാൾതൻ പ്രാർത്ഥനയാൽ മീശപോക്കീ-
യൈങ്കുടുമ്മവെച്ചയച്ചാൻ സ്യാലനെദ്ദേവൻ
ഭീരുന്നു കൃതാർത്ഥമായ് ഭോജകടവാസംകൊണ്ടു
വീരവാദ,മവൻ മാനി; ദൈവവും മാനി!
പ്രദ്യുമ്നന്നു നൽകിനാൻ തൻ നന്ദിനിയെബ്ഭഗിനിയാൽ
ദത്തമായ ജീവിതത്തിൻ-നിഷ്കൃതിപോലെ
ചൂതില്വെച്ചു മുസലിയാൽ തോൽവിവന്ന പൊഴുതിലും
പാതകി താൻ ജയിച്ചതായ്പ്പാഴ്പൊളിയോതി
"മന്നനുമായ്ച്ചൂതിനാശ മാട്ടിടയച്ചെറുക്കന്നു;
മണ്ണുതീനിപ്പാമ്പിനാശ വാസുകിയാവാൻ!"

[ 12 ]

എന്നുരച്ചു ചിരിപ്പളവീറപൂണ്ടോരെതിരാളി-
തന്നുലക്കകൊണ്ടു തല തച്ചുപൊളിച്ചു.
ലോലമാംതൻ രസനതാൻ മാരണവാളവന്നെന്നാ;-
യാളറിയാക്കളിയാർക്കുമാപത്തുതന്നെ.
പതിനാറായിരത്തെട്ടു പരമസുന്ദരിമാരാം
പതിവ്രതാമണിമാർതൻ പതി ഭഗവാൻ.
ശീലമലർമാലികയ്ക്കു കെട്ടെപെട്ടു ചെയ്തുപോന്നു
നീലമിഴി രുക്മിണിക്കു നിത്യകൈങ്കര്യം.
വില്ലുകൊണ്ടു പയറ്റാനും വിണ്മരത്തെപ്പിഴുക്കാനും
തെല്ലുമവൾക്കൊരു കൊതി ചേതസ്സിലില്ല.
ഭാമയൊരു കവിത തൻപ്രാണനാഥ,ന്നരിയോരീ--
യോമലാളൊരുപനിഷദ്ദേവതാഭേദം.
ആകെയവളിത്തരത്തിലാത്മകാന്തഹൃദയമാ--
മേകച്ഛത്രസാമ്രാജ്യത്തിന്നീശ്വരിയായി
മരവിടുമൊരുനാളിൽ മലർമകൾ മണവാളൻ
ഹരിയുമായ് ശയനീയമണഞ്ഞീടവേ;
ഇരുവരുമിരുവർ തൻ തിരുവുടലൊളിയമൃ--
തിരുമിഴിമലർകൊണ്ടും നുകർന്നീടവേ;
പരിമൃദുവിശറികൊണ്ടരുവയർ തെരെതെരെ--
പ്പരിമളച്ചെറുതെന്നലിളക്കിടവേ,
അണിയിളങ്കരതളിർത്തരിവളക്കിലുക്കത്തിൽ
മണിയറ മുഖരമായ് ചമഞ്ഞിടവേ;
ഓതി ചിരിച്ചൊരു വാക്യമോഷധീശമുഖിയാമ--
മമാതർകുലമണിയോടു മായാമനുഷ്യൻ.
"ദേവി! കേൾക്കൂ മനസിജദിഗ്വിജയപതാകികേ!
നീ വിദർഭഖനി പെറ്റ ഹീരകമല്ലേ?
ആഴി ചൂഴുമൂഴിവാഴുമായിരം പേർ നിൽക്കെ നീയി--
പ്പാഴിടയക്കുരഹങ്ങന്റെ ഭാര്യയായല്ലോ!
കാറെതിർമെയ്യുടയവൻ; കാലി മേച്ചു കിടന്നവൻ;
താറുമാറായ് നടന്നവൻ ശൈശവത്തിങ്കൽ;
ആയർകുലവധുക്കൾതന്നാടവാരിക്കളിച്ചവൻ;
മായകാട്ടിജ്ജനഹങ്ങളിൽ വ്യാമോഹം ചേർപ്പോൻ,
മങ്കയേയും മാട്ടിനേയും മാമനേയും വധിച്ചവൻ;
വൻകടലിന്നകം വാഴും ദാശാർഹദാശൻ,

[ 13 ]

ഔചിതിതൻ ഗന്ധമെങ്ങുണ്ടസ്മദീയദാമ്പത്യത്തിൽ?
രാജഹംസി ഭവതി; ഞാൻ കൂപമണ്ഡൂകം
വേറെയൊരു ദയിതനെ സ്വീകരിക്കൂ; ജയിക്കട്ടെ
ചാരിതാർത്ഥ്യമിയന്നു നിൻ ദാമ്പത്യധർമ്മം."
ഈ മൊഴി-യല്ലിടിത്തീ-തൻ ഹൃത്തടത്തിന്നകം പാഞ്ഞു
കാമിനിയെക്കഥാശേഷകല്യാണയാക്കി
തയ്യലിന്റെ കൈയിൽ നിന്നു താലവൃന്തം തെറിക്കുന്നു
മയ്യണിഞ്ഞ മിഴിനീരിൽ മഗ്നമാകുന്നു
പൂമൃദുമെയ് വിരയ്ക്കുന്നു; പൂങ്കുഴൽക്കെട്ടഴിയുന്നു
രോമകൂപ പരമ്പര വിയർത്തിടുന്നു
കണ്ണുമങ്ങിത്തലചുറ്റിക്കണ്ണനുടെ കഴൽപ്പാട്ടിൽ
ദണ്ഡപാതം പതിക്കുന്നു ദീനയായ് ദേവി
"തെറ്റിയെന്റെ രുക്മിണി! നിൻ ദിവ്യത ഞാൻ ധരിച്ചീല
ചെറ്റുപോലുമിതേവരെദ്ദൈവതമാനി!
നന്മലരിൽത്തടഞ്ഞാലും നൊന്തിടും നിൻ മൃദുമേനി;
നർമ്മവാക്യം ശ്രവിച്ചാലും വെന്തിടുമുള്ളം."
ഏവമോതിദ്ദയിതയെ ലബ്ധസംജ്ഞയാക്കി ദേവൻ
കേവലമിസ്സതിയല്ലീ ഗേഹിനീരത്നം

ix


അടുത്തുകാൺകൊരു പട,മതിലുമു-ണ്ടരിയോരു-
മടുത്തൂകും മൊഴിയാളും മനുജൻ താനും
സുബലൻതന്നപത്യങ്ങളിരുവരു,മതിലേട്ടൻ
പ്രപഞ്ചത്തിൻ കലിവിത്താം ശകുനി ധൂർത്തൻ
സുതശതജനയിത്രിയിളയവൾ മിഴിയേറ്റ
ധൃതരാഷ്ട്രനൃ-പതിതൻ കുലവധൂടി
ആരറിയില്ലാ,തരായി ശകുനിയെ?യവനത്രേ
കൗരവർതൻ കുലത്തിനു കണ്ഠകോടാലി;
ഉള്ളങ്കാൽതൊട്ടുച്ചിയിലെ രോമംവരെച്ചതുർമ്മുഖൻ
കള്ളംകൊണ്ടു പണിചെയ്ത കാപഥഗാമി;
അമ്പു വില്ലിൽ ശത്രുവിന്റെ മുന്നിൽനിന്നു തൊടുക്കാത്തോ-
നൻപുവിട്ടു പാർഷ്ണിഗ്രാഹപ്രവൃത്തിചെയ്‌വോൻ
സൂതപുത്രൻ സ്വാമിഭക്തിപാരവശ്യംകൊണ്ടു കെട്ടാൻ;

[ 14 ]

ഭ്രാതൃസ്നേഹമൂർച്ഛകൊണ്ടു ദുശ്ശാസനനും;
അമ്മട്ടല്ല മാതുലനാം സൗബലൻതന്നപചാരം
നിർമ്മയൂഖമത്തമിസ്രം നീരന്ധ്രനീലം
മാമനാൽ തൻ മരുമകൻ ജാൽമനായാൽ തൽക്കുടുംബം
നാമമാത്രശേഷമാവാൻ നാളെത്രവേണം!
ഹാ! കനത്ത തദക്ഷം താൻ തൻകഴുത്തിൽക്കരിങ്കല്ലായ്
നാഗകേതു കെട്ടിത്തൂക്കിക്കയത്തിൽത്താണു.
പാതിവ്രത്യപരിപൂതപ്പാൽപ്പയോധിപ്പൈതലെന്നായ്
ഖ്യാതിപെറ്റാൾ തൽഭഗിനി ഗാന്ധാരീദേവി
ഭർത്തൃപരിചര്യകൊണ്ടു നിഗ്രഹാനുഗ്രഹങ്ങൾക്കു
ശക്തയായാൾ തപസ്വിനി സൽപഥദീപം
"അടിമലർ തുണയമ്മേ! യരികളെജ്ജയിക്കുമാ--
റടർനിലം പൂകുമെന്നെയനുഗ്രഹിക്കൂ!"
എന്നുചൊല്ലിക്കഴൽകൂപ്പും തൻ സുതൻ സുയോധനനെ-
ക്കണ്ണുനീരാൽക്കഴിവതും കഴുകിനോക്കി
"എങ്ങുധർമ്മമങ്ങു ജയ,മെന്മകനേ! പരമേതു--
ണ്ടിങ്ങു നിന്നാൽ പ്രാർത്ഥ്യമെന്നാൽ ദേയമിതിങ്കൽ?"
എന്നുമാത്രമുരചെയ്തു യാത്രയാക്കി ഭരതോർവി-
തൻ ദൂഹിതാവിവളാദ്യം-തദംബപിന്നെ
കൂടയുദ്ധം ചെയ്തു കൊന്നാർ പാണ്ഡുപുത്രരവനെയെ-
ന്നാടൽപൂണ്ടു ധരിച്ചോരസ്സാധ്വിതൻ നോട്ടം
ചരണങ്ങൾ പണിയുന്ന സമവർത്തിസുതൻതൻ കൈ-
വിരൽനഖങ്ങളിലാദ്യം പതിച്ചനേരം
അവ വെന്തുകരിയവേ, യലിവാർന്നു പിൻതിരിച്ചാ--
ളവൾ തൻതീക്കനൽമിഴിയവനിൽനിന്നും
ഭാരതാജി നാടകത്തിൻ സൂത്രധാരൻ, പാർത്ഥസൂതൻ
ഘോരദൈത്യ കാളരാത്രി, ഗോവിന്ദമൂർത്തി;
ഭ്രാജമാനഭഗദത്തപാണിമുക്തവൈഷ്ണവാസ്ത്രം
വൈജയന്തീമാലയായ്ത്തൻ മാറിൽ ധരിച്ചോൻ;
ധർമ്മസുതപക്ഷപാതി, ശൗരി തപ്തഹൃദയയാ--
മമ്മഹതിയരുളിന ശാപം നിമിത്തം

[ 15 ]

ഏതുമൊരു പരഭങ്ങ്‌ഗമേശിടാത്ത തനിക്കന്തം
വ്യാധനെയ്‌ത കണകൊണ്ടു വന്നതുകണ്ടാൻ.
ആരുകാൺമൂ സതീധർമ്മപാരിജാതദ്രുമബല, --
മാരു കാൺമൂ മഹാനസമഹഃപ്രഭാവം?

x


വേറെയൊരു പടമിതാ! കാൺകതിലുമിരുപേരെ;
നാരിമുടിപ്പൂൺ പൊരുവൾ നരനപരൻ.
മക്കളിവരിരുവരും മത്സ്യരാജ,ന്നുത്തരാഖ്യ--
നഗ്രജന്മാ, വവരജയുത്തരാദേവി.
കീചകനാൽ ജയംനേടി മത്സ്യഭൂ, വക്കിതവന്നോ
കാശു പോരും! കള്ളു പോരും; കാമിനിപോരും.
പോർമിടുക്കു മകന്റേതെന്നോർത്തു മാനിച്ചവന്നേകി
ഭൂമിഞ്ജയനെന്ന നാമം ഭുജഭവേന്ദ്രൻ.
നടുവിടഘടയുടെ നടുവിലപ്പടുവങ്കൻ
കടലാടി കണക്കൊട്ടു കഴിച്ചുകാലം.
ദുർമ്മൃതിയെന്നാർന്നു മാമൻ, ദൂരെയെന്നു തന്റെ പുലി--
പ്പൊയ്‌മുഖം പോയ് മരുംമകൻ പൂച്ചയായ്‌ത്തീർന്നു.
വൻപനാകും തിഗർത്തേശൻ വൈരശുദ്ധിക്കണയവേ
തൻപടയോടെതിർത്തു പോയ്‌ത്താതനവനെ.
ആത്തരത്തിൽ വിരാടന്റെ ഗോധനത്തെ ഹരിക്കയായ്
ധാർത്തരാഷ്‌ട്രൻ സമസ്‌താഭിസാരസമ്പന്നൻ.
കുന്നുപോലെയുയർന്നുള്ള്അ കോട്ടമതിൽ ചുഴലുന്ന
മന്നനുടെയവരോധമാളികയ്‌ക്കുള്ളിൽ
തൂണുചാരി,യൊരു മിഴി കതകിലു,മൊരു മിഴി
കാണികളാം കാന്തമാർതൻ മേലും, നടത്തി
തൻപൊടിമേൽമീശയിന്മേൽ കൈവിരൽകൾ ചരിപ്പിച്ചു
വൻപിലോരോ വീരവാദം വൈരാടി പേശി.
പടയിലെപ്പകാരത്തിൻ പകുതി കേൾക്കുകിൽപ്പോലും
തുടതുള്ളുമവന്റെയത്തുനിവു കാൺകെ
അമ്മുറിക്കു പുതിയൊരു വെൺകളിച്ചാർത്തണിയിച്ചാൾ
തൻമുറുവൽനിലാവിനാലുത്തരാദേവി.

[ 16 ]

ആരുരുനേർമിഴിയാൾതന്നഗ്രജനെത്തുണച്ചാൻപോയ്
സാരഥിയായ് ബൃഹന്നള, സൗഹാർദ്ദനിഘ്‌നൻ.
ചാരവേ താൻ സാധുകണ്ടാൻ സാഗരത്തിൻ സമതയിൽ
വീരശൂരവിശിഷ്‌ടമാം വിപക്ഷസൈന്യം.
ശാന്തനവൻ ഭാരദ്വാജനശ്വത്ഥാമാവങ്ങ്ഗരാജൻ
ശാരദ്വതൻ സുയോധനൻ ദുശ്ശാസനാദ്യർ;
ഹസ്‌തികൾതൻ ബൃംഹിതങ്ങൾ, ഹയങ്ങൾതൻ ഹേഷിതങ്ങൾ;
പത്തികൾതൻ ഭയങ്കര സിംഹനാദങ്ങൾ.
തേരുരുളുമൊലിയിടി; വാളുലയും പിളർമിന്നൽ;
ഘോരചാപനിര തൂകും കൂരമ്പുമാരി;
ആക്കുമാരനവയെല്ലാമാദ്യമായ്‌ക്കണ്ടംബരന്നു
ശീഘ്രമായ്‌ത്തേർ തിരിക്കുവാൻ ജിഷ്‌ണുവോടോതി.
"മാനമില്ലേ നിനക്കെന്റെ മത്സ്യരാജകുമാര? നീ
ഭൂനതാങ്ങ്‌ഗി പുണരുന്ന പുണ്യവാനല്ലേ?
ആണവാക്കുമറുത്തു നീയാണത്തംവിട്ടങ്ങു ചെന്നാൽ
പാണികൊട്ടിച്ചിരിക്കില്ലേ ഭാമിനീ ലോകം?"
എന്നുരയ്‌ക്കും സാരഥിയോടേവമവനോതി; നിന--
ക്കെന്നെക്കൊല്ലിച്ചെന്തുവേണമെൻ ബൃഹന്നളേ?
മാനമൊന്നുണ്ടുയരത്തിൽ; വാസവൻഠൻ വാസഗേഹം;
മാനവൻ ഞാനിരിപ്പതോ മർത്യലോകത്തിൽ
ആരുവേണം ചിരിക്കട്ടെ;യാരുവേണം കരയട്ടെ;
ആരവരിൽ പ്രതിഭൂവെന്നായുസ്സിന്നാവോ?
ഇത്രനാളും ഭുജിച്ചില്ലേ ഗോരസം ഞാ,നിനിത്തെല്ലു
ശുദ്ധജലം കുടിച്ചാലും ദോഷമെന്തുള്ളൂ;
മാടു വേണ്ടാ! വീടു വേണ്ടാ! നാടു വേണ്ടാ; നമുക്കൊന്നും
കൂടുവിടും പ്രാണനെക്കാൾ കൂടുതലല്ല.
ഭോഗ്യമായിട്ടെത്രകൂട്ടം ഭൂവിലുണ്ടു? നപുംസക--
മാക്കഥ നീയറിവോളല്ലാർക്കെന്തുചെയ്യാം?
ദൂഷ്യമില്ലെൻ ജനിത്രിതൻമുന്നിലെന്നെയണയ്‌ക്കൂ! ഞാൻ
കാശ്യപിതന്നഭിസാരം കാമിപ്പോനല്ല."
അപ്പോളോതി ധനഞ്ജയനാരുതാനെ, ന്നതു കേട്ടേ--
യല്‌പമൊരു ഭയമവന്നകന്നതുള്ളു.
ആഹവത്തിലരിശ്രേണിക്കാകമാനം സവ്യസാചി
മോഹനാസ്ര്തം പ്രയോഗിച്ചു മൂർച്ഛ നല്‌കവേ
ഉത്തരമാം ക്ഷണത്തിങ്കലുത്തരൻ ചെന്നവരുടെ--
യുത്തരീയം കട്ടുകൊണ്ടാനൂർജ്ജിതത്തോടെ.

[ 17 ]

അത്തരത്തിലൊരുവളല്ലങ്ഗനമാർക്കണിയലാ-
മുത്തര;യാവധൂടിതൻ ഗുരു കിരീടി
ചൂതുകളിക്കാരനച്ഛൻ; ദുർവൃത്തർക്കു തൊടുകുറി
മാതുലൻ; തദഭിമതദാത്രി ജനിത്രി
വിഡ്ഢിയേട്ട; നിത്ഥമുള്ള തൽകുടുംബമരുവിങ്കൽ
സ്പഷ്ടമവളൊരുവൾതാൻ ശാദ്വലഭൂമി
ന്‌റുത്തഗീതകലകളിലഞ്ചുവർഷം വിജയന്നു
ചിത്രസേനമുഖർ ചെയ്ത ശിക്ഷാവിശേഷം
വേരിയൊളിമൊഴിയാളാമായവളിൽച്ചെന്നുചേർന്നു
ചാരിതാർത്ഥ്യമാർന്നു; മാത്സ്യം വാനമായ്ത്തീർന്നു
വാസവൻ തൻ പൗത്രനാകുമഭിമന്യുകുമാരനെ-
വാസുദേവഭഗവാൻ തൻ മരുമകനെ-
മാലയിട്ടു മഹിതമാം മതിവംശം തഴപ്പിച്ചാ-
ളാലലനാമണി, യാർക്കുമാദരപാത്രം.

xi


കാണുക നീയിനി വേറിട്ടൊരു പട, മിതിങ്കിലും
മാനിനിമാർമണിയൊന്നു, മറ്റൊന്നു മർത്യൻ
ദ്വിഷ്ടയമൻ ദ്രുപദൻതൻ മക്കളിവ, രതിലേട്ടൻ
ധൃഷ്ടദ്യുമ്ന, നിളയവൾ ദ്രൗപദീദേവി
അഗ്ഘൃതാചീഭരദ്വാജതപഃഫലപരിണാമ;-
മഗ്നിവേശമഹർഷിതന്നഗ്രിമശിഷ്യൻ
ജാമദഗ്ന്യഭഗവാന്തന്നസ്ത്രധനദാനപാത്രം
ചാപനിഗമാകൂപാരപാരാവരീണൻ
വീരലക്ഷ്മിസ്വയംഗ്രാഹപരിഷ്വംഗചാരിതാർത്ഥൻ;
കൗരവർക്കും പാണ്ഡവർക്ക്ം കളരിയാശാൻ;
ദ്രോണരുടെ രോമമാമഗ്ഘോരസിംഹസടതൊടാ-
നാണൊരുവനവനിയിലാരു പിറന്നു?
ആരുമില്ലെന്നിരുന്നാലുമപ്പുമാൻതൻ വധത്തിന്നു
പോരു-വോൻ താനെന്നുറച്ചു ഭോഷൻ പാഞ്ചാല്യൻ.

[ 18 ]

സ്വാർത്ഥമേ! നിൻ മറിമായമെന്തുചൊൽവൂ! വരുത്തീലേ
ശ്രാദ്ധദേവതനയന്നും സത്യഭങ്ഗം നീ?
വില്ലുകൊണ്ടു ലഭിക്കുവാൻ വിഷമമാം വിജയത്തെ-
ക്കല്ലുവെച്ച കളവോതിക്കരസ്ഥമാക്കി
നാലുവിരലവനിയിൽ തടപടത്തേരുരുൾ താഴ്ത്തി-
ക്കാലപുത്രൻ നിജഗുരുകാലനായ്ത്തീർന്നു
ധർമ്മജനിൽ വിശ്വാസത്താൽ-തനയനിൽ വാത്സല്യത്താ-
ലമ്മഹാത്മാവത്തരത്തിലസ്തസത്വനായ്
സാദമുറ്റു യോഗയുക്തൻ തൽക്ഷണത്തിലർക്കബിംബം
ഭേദനം ചെയ്തതിൽ മിന്നി വേറിട്ടൊരർക്കൻ
തേർത്തടത്തിൽ കിടക്കുന്ന ജീവനറ്റ തദ്വപുസ്സി-
ലാർത്തണഞ്ഞു കത്തിയോങ്ങിക്കഴുത്തുവെട്ടി,
അരുതരുതൊരു വിരുതിതിലില്ലെനിരുപാടും
പൊരുതുവോർ തെരുതെരെ വിലക്കിനിൽക്കെ
ധൃഷ്ടദ്യുമ്നൻ ജിതകാശി തൃപതനായിത്തിരിച്ചെത്തി
പിഷ്ടപേഷകൃതകൃത്യൻ, ബീഭത്സവൃത്തൻ
വൻപിനോടശ്ശവത്തിന്റെ മസ്തകത്തിൽക്കഴൽ-വെച്ചു
തൻപഴയ കുടിപ്പക വീട്ടിനാൻ ജാൽമൻ
കുറ്റമല്ല കൊടുംക്രോധക്കോളിലുള്ളമുലഞ്ഞുല-
ഞ്ഞറ്റക്കൈക്കു നടുരാവിലാശരകല്പൻ
പാദതലാഹതികൊണ്ടപ്പാതകിയെക്കൊലചെയ്‌വാൻ
വീതശങ്കമുറച്ച്തു വിഭ്രാന്തൻ ദ്രൗണി
"അരുതിമ്മട്ടപചാര, മവിടുന്നെൻ കഥയൊരു
കരുകൊണ്ടു കഴിക്കുവാൻ കനിയണമേ?"
എന്നിരന്നു കരയുന്ന പാർഷതൻതൻ തനയനെ-
ത്തന്നുടയ കഴൽകൊണ്ടു ചവിട്ടി വീണ്ടും
"ഇല്ലയല്ലോ ഗുരുദ്രോഹിക്കേതു ശസ്ത്രക്രിയകൊണ്ടും
നല്ലലോക"മെന്നു ചൊല്ലി ദ്രോണകുമാരൻ
ഉടനടിയടിച്ചിടിച്ചൊടിച്ചുടച്ചവനുടെ
തടി പൊടിതവിടാക്കിത്തകർത്തുവിട്ടു
പാണ്ഡവേയ പതിപ്രാണ, ഭാരതീയപൗരുഷത്തിൻ-
താണ്ഡവക്കൂത്തരങ്ങുതാന്ദ്രൗപദീദേവി
പെൺവടിവിലാണ്മവന്നു പൃഥിവിയിൽപ്പിറന്നതാ-
ണിമ്മഹിളാമണി, യതിന്നീഷലില്ലീഷൽ

[ 19 ]

പഞ്ചപഞ്ചജനങ്ങൾതൻ ഭാര്യയാകുന്നതിൽഭേദം
പഞ്ചശീർഷപന്നഗത്തിൻ പാണിപീഡനം.
ആക്കൊടിയ നിയതിതൻ ശോധനയിൽ ജയംനേടി
ശ്ലാഘ്യമായ്ത്തൻ ദാരധർമ്മം ചരിച്ചാൾ സാധ്വി.
സാഹോദര്യം പാണ്ഡവർക്കും സുന്ദോപസുന്ദർക്കും തുല്യം
ഗേഹിനിക്കും മോഹിനിക്കും മാത്രം വിശേഷം.
"മായയേതിൻ-മരുന്നേതിൻ-മന്ത്രമേതിൻ മഹിമയാൽ
നീയടക്കിബ്ഭരിക്കുന്നു നിൻ പതികളെ?"
ശോഭനയാമവളോടിച്ചോദ്യമൊരുനാൾ തുടങ്ങി
രൂപവിദ്യാമദമാർന്ന സത്രാജിൽപുത്രി
അരിശത്തീയലിവുനീരിവ രണ്ടുമിടകലർ--
ന്നരുളിന മിഴിക്കടയവളിൽച്ചാർത്തി.
ഓതി ദേവം മൊഴിയേവം; "പാതിവ്രത്യമൊഴിഞ്ഞുണ്ടോ
ഭൂതലത്തിൽ വധുക്കൾക്ക് പൂജ്യമാം വശ്യം?
ദൈവതങ്ങളായ് നിനച്ചെൻ നാഥരെ ഞാൻ ഭജിക്കുന്നു
ദേവതയായ് നിനച്ചവരെന്നെയും നിത്യം.
പാണിയോടു പാണി ചേർന്നാൽപ്പോര! ഹൃത്തു ഹൃത്തിനോടു-
ചേണിയന്നു ചേരുകിൽത്താൻ ദമ്പതീഭാവം.
സത്യമാമസ്സംബന്ധത്തിൽ ശ്രദ്ധവയ്ക്കൂ സഹോദരി!
സത്യഭാമേ!-ചതുർവർഗ്ഗ സന്താനത്തിങ്കൽ."
ഭാരതപ്പോർ ജയിച്ചതു ഫല്ഗുനന്റെ ധനുസ്സല്ല;
മാരുതിതൻ മർമ്മഭിത്താം ഗദയുമല്ല;
ശൗരിയുടെ ചക്രമല്ല, സ്സാധ്വികൾക്കു മുടിപ്പൂൺപാം
കാറൊളിവാർകുഴലിതൻ കൈശികഖഡ്ഗം!
ഹാ!ജഗതീധൂമകേതു നാഗകേതുവരുൾചെയ്തു
രാജസൂയജലാർദ്രമാം ദ്രൗപദീകേശം
എന്നു തൊട്ടു തദനുജ,നന്നു വിട്ടു കൗരവരെ--
പ്പുണ്യലക്ഷ്മി; കടാക്ഷിച്ചു കാസരവാഹൻ.
അന്നഴിഞ്ഞ കബരിക്കു പിന്നെയെണ്ണതടവല--
ക്കന്നനുടെ കലർപ്പറ്റ കണ്ഠരക്തത്താൽ;
പൂഴിയിങ്കലിഴയുമാക്കാളഭോഗിയുടെ ഭുക്തി
പാഴനാമപ്പാതകിതൻ പ്രാണമരുത്താൽ.
ആവധുവിൻ തപശ്ശക്തിയാർക്കുവാഴ്ത്താം? വാസുദേവൻ
ഭാവശുദ്ധയവൾക്കെന്നും പ്രത്യക്ഷദാസൻ.

[ 20 ]

തൻദുകൂലമഴിക്കുവാൻ ധാർത്തരാഷ്ട്രൻ തുടങ്ങവേ
തന്തുവായശാലയായി ചൂതുമണ്ഡപം!
മുറ്റുമവൾക്കുലകിന്നു കുക്ഷിപൂർത്തി വരുത്തുവാൻ
വറ്റുചീരയിലയൊന്നിൻ വഴങ്ങൽ പോരും;
കൈക്കു കേറിപ്പിടിക്കുന്ന കാമുകനെപ്പതിപ്പിക്കാൻ
ദൃക്കിൽനിന്നു തെറിക്കുന്ന തീപ്പൊരിപോരും;
എപ്പോളെപ്പോൾ പ്രിയരുടെ ഹൃത്തിടിയു, മുശിർമങ്ങു--
മപ്പോലപ്പോളഴിഞ്ഞ തൻ കൈശികത്തിങ്കൽ
കടമിഴിമുനചേർത്തമ്മടുമൊഴിയൊഴു-ക്കിനാൾ
ചുടിനിണമവരുടെ സിരകൾതോറും.
ആയവൾതന്നകക്കാമ്പിന്നാടൽകൊണ്ടൊരാടലില്ല;
തീയിലുണ്ടോ കുരുത്തതു വെയ്‌ലത്തു വാടൂ?
ദുശ്ശളേശജടാസുരകീചകാദിശലഭങ്ങൾ--
ക്കശ്ശതപത്രായതാക്ഷിയാഗ്നേയഹേതി.
ദുർന്നയനാം ദ്രോണപുത്രൻ കൂരിരുട്ടിൽ തച്ചുകൊന്ന
തന്നരിയ കിടാങ്ങൾതൻ ശവങ്ങൾ കാൺകേ
കണ്ണുനീരിൽ കുളിച്ചീല: കൈകൾ മാറത്തലച്ചീല;
തൊണ്ണകീറിക്കരഞ്ഞീലദ്ദൂർദ്ദാന്തമൂർത്തി.
ഭീമനെത്തന്നന്തികത്തിലാനയിച്ചു ജഗതിക്കു
രോമഹർഷമരുളീടും വാക്കേവമോതി;-
"അങ്ങു മരുൽസുതനെങ്കി, ലാജിവനസിംഹമെങ്കി,--
ലങ്ങയുടെ പാർഷതിതൻ വല്ലഭനെങ്കിൽ;
മത്തനയമാരകമാം മത്തമതംഗജത്തിന്റെ
മസ്തകസ്ഥമണീ കത്തിയടർത്തു ശീഘ്രം
അഗ്രജന്റെ മുടിക്കണിയാക്കുക; - ഞാൻ കണ്ടിടട്ടേ
കൈക്കലാമോ പുതിയൊരിക്കല്ഹാരപുഷ്പം?"
ഇത്തരത്തിലാർക്കുരയ്ക്കാം കൃഷ്ണ പുകപൊതിഞ്ഞതാം
ശുദ്ധശുചിമഹസ്സുതൻ സൂക്ഷ്മമോർപ്പോളം.
ആരുചൊല്ലുമമ്മഹസ്സിന്നരണിയാം ഭരതോർവി
ഭീരുവെന്നും ദീനയെന്നുമബലയെന്നും?

xii
(കേക)


കണ്ടുവോ നീയിച്ചിത്രമോരോന്നും? പോരെന്നാകി--
ലുണ്ടെനിക്കേറെപ്പടം വേറെയും കാണിക്കുവാൻ.

[ 21 ]

പെൺകിടാങ്ങളിൽ പ്രീതിയെന്നമ്മയ്ക്കെങ്ങെന്നിനി--
ശ്ശങ്കിയാ,യ്കതിന്നുള്ള സാക്ഷ്യമിച്ചിത്രാവലി,
ഇപ്പടങ്ങളിൽപ്പേർത്തും ജ്യേഷ്ഠരെപ്പശ്ചാൽകരി--
ച്ചത്ഭുതം! കനിഷ്ഠമാരാദ്യന്തം വിളങ്ങുന്നു.
എൻ പുരാണേതിഹാസദുഗ്ദ്ധാബ്ധിമഥനത്തിൽ
ജൃംഭിപ്പൂ നഞ്ഞായ്പ്പുമാ,നമൃതായ് വധൂടിയും
കണ്ടേക്കാമങ്ങേവശം മറ്റുമട്ടിലും രേഖ;
രണ്ടിലും തമ്മിൽഭേദം നാരിയെന്നോർത്താൽ മതി.
ഭാരതം പണ്ടേ പരാശക്തിയിൽ പ്രതിഷ്ഠിതം;
ഭാരതം സ്ത്രീജാതിയിൽ ദേവതാബുദ്ധിവ്രതം.
സർവസൗഭൗ-ഗദാത്രി ഞങ്ങൾക്കു ലക്ഷ്മീദേവി;
സർവവിദ്യാധിഷ്ഠാത്രി സാമ്പ്രതം സരസ്വതി.
ഋക്കുകൾ ദർശിച്ചവരിന്നാട്ടിൽ പണ്ടേതന്നെ
മൈക്കണ്ണാൾമണികളും പുരുഷന്മാരെപ്പോലെ.
കാക്ഷീവാൻതാൻ പുത്രിയാം ഘോഷതൊട്ടേറെ സ്ത്രീകൾ
വീക്ഷിച്ച മന്ത്രങ്ങൾതൻ വൈശിഷ്ട്യം വിശ്വോത്തരം.
ഗായത്രിക്കൊപ്പമില്ല ദേവത വേദങ്ങളി--
ലായവൾക്കേതും പുംസ്ത്വാമാപ്തന്മാർ കല്പിച്ചീല.
അക്കാലം വധൂടീമാർ നിശ്ശേഷമുപനയ-
സംസ്കാരവിശുദ്ധന്മാർ തത്സഗർഭ്യരെപ്പോലെ;
ശിഷ്ടയാം ശ്രുത്യംബയെസ്സേവിച്ച ഗുരുകുല--
ക്ലിഷ്ടമാർ തൽസീമന്തനൈപത്ഥ്യസൈരന്ധ്രിമാർ.
ഗാർഗ്ഗിതന്നാദ്ധ്യാത്മികപ്രശ്നങ്ങൾ കേൾക്കെക്കേൾക്കെ-
ശ്ലാഘ്യനാം യാജ്ഞവൽക്ക്യൻ സന്തോഷബാഷ്പംവാർത്താൻ
ഏതുമമ്മഹാനോടു വേറിട്ടൊന്നിരന്നീല
വേദാന്തവിത്തം വിട്ടു മൈത്രേയി തൽപ്രേയസി.
വിലവേററ്റ തത്ത്വമണികൾ ജനകന്നു
സുലഭസുകൃതയാം സുലഭ സമർപ്പിച്ചാൾ.

[ 22 ]

നന്മയിജ്ജഗത്തിനു നൽകിന ചിരന്തന-
ബ്രഹ്മവാദിനിമാരേ! നിങ്ങൾക്കു നമസ്കാരം.
കോമളക്കാൽത്തർകൊണ്ടു പാറയ്ക്കു ജീവൻ ന‌ൽകാൻ
രാമന്നു സാധിക്കുമോ രാമയല്ലതെന്നാകിൽ?
ആപത്തും സമ്പത്തെന്നു തോന്നിപോലവിടേയ്ക്കു
താപസി ശബരിതൻ പ്രാഭൃതം ഭക്ഷിക്കവേ
ലാക്ഷയാൽ തീർത്തോരില്ലം വിട്ടപ്പോൾക്കണ്ടാർ പാർത്ഥർ
രാക്ഷസന്മാരിൽപ്പോലും സ്ത്രീപുംസഗുണഭേദം.
ഭക്ഷിപ്പാൻ ഹിഡിംബനും രക്ഷിപ്പാൻ ഹിഡിംബി- യു- -
മക്ഷിക്കു ലക്ഷീഭവിച്ചാശ്ചര്യമവർക്കേകി.
സിന്ധുരാജാഭിഭൂതൻ സഞ്ജയന്നുപദേശ--
മെന്തുതാൻ വിദുലാഖ്യ തന്മാതാവരുളീല!
തദ്വാക്യം സ്മരിക്കുകിലിപ്പൊഴും മൃതപ്രായ - -
നുത്ഥായി; ജിതൻ ജിഷ്ണു; സാധ്വസം ശശ്വദ്ധൈര്യം.
ഭാരതായോധനത്തിൽ പ്രാരംഭത്തിങ്ക‌ൽ കുന്തി
പൗരുഷം പാലിക്കുവാൻ പുത്രനോടരുൾചെയ്താ‌ൾ.
വിശ്രുതൻ യുധിഷ്ഠിരൻ സമ്രാട്ടായ് വാഴും-നാളിൽ
ശ്വശ്രുവായ് ഗാന്ധാരിയെക്കൽപ്പിച്ചുകാട്ടില്പ്പോയാൾ.
ഭോഗത്തെ കാംക്ഷിപ്പീല സ്വാധ്വിമാർ പരാർത്ഥമാം
ത്യാഗംതാൻ തദ്ധർമ്മമെന്നോതിനാൾ സ്വചര്യയാൽ.
അപ്രമത്തമാർ സ്ത്രീകൾ; പുരുഷന്മാരല്ലെന്നു
വിപ്രപത്ന്യനുഗ്രഹലീലയാൽ കാട്ടി കൃഷ്ണൻ;
അന്തണരനുചാനമാനികൾ; വിശപ്പോർക്കു
ബന്ധുക്കൾ ദയാർദ്രമാം ഹൃത്തെഴും ത‌ൽപത്നിമാർ.
ആയിരക്കണക്കിനുണ്ടിമ്മട്ടിലാഖ്യാനങ്ങൾ
മായമറ്റസ്മദ്വധൂമാഹാത്മ്യം സ്ഥാപിക്കുവാൻ.
ഞങ്ങൾക്കു മാതൃ പ്രിയാ സോദരീ ദുഹിതാക്കൾ
മങ്‌ഗലപ്രതിപാദനോൽകകൾ മാർക്ഷോൽകകൾ,
പ്രജ്ഞയും രസജ്ഞയും വാണിയും കവിതയും
വിജ്ഞന്മാർ സ്ത്രീരൂപത്തിൽ പണ്ടേക്കുപണ്ടേ കണ്ടാർ,

[ 23 ]

പ്രസാദമെങ്കിൽ പുമാൻ ഭാമിനി മലർവാടി;
കാസാരമെങ്കിൽ പുമാൻ കാമിനി കല്ലോലിനി;
അർക്കനാണെങ്കിൽ പുമാൻ തൽപ്രഭയത്രേ വധു;
അഗ്നിയാണെങ്കിൽ പുമാൻ തച്ഛിഖയത്രേ വധു;
സ്‌കന്ധംതാൻ പുമാ-നെങ്കിൽച്ചെന്തളിർ വധു; പുമാൻ
ചെന്തളിരെങ്കിൽ വധു നന്മലർ-മണം-മധു.
ചർമ്മവും രസനയും കണ്‌ഠവും മൃദുലമായ്
നിർമ്മിച്ച ചതുർമ്മുഖൻ ചേതസ്സു കല്ലാക്കുമോ?
ആനനത്തിങ്കൽ വായ്‌ക്കും രോമങ്ങൾപോലും ചൊല്‌വൂ
വാനരൻ പുമാനെന്നും ദേവത വധുവെന്നും,
ചെയ്യുന്നൂധർമ്മം പുമാൻ സ്ര്‌തീവ്യക്തി വ്യഥാഭീതൻ.
അന്തര്യാമിക്കുപോലുമുൽപഥഭ്രാന്തന്മാരെ-
പ്പിന്തിരിപ്പിപ്പാൻ ലജ്ജാദൂതിതാനേകാലംബം.
ആരുതാൻ ത്രയീഗങ്ങ്‌ഗാസാധ്വിമാരല്ലാതെയി--
ബ്‌ഭാരതോർവ്വിയെസ്സാക്ഷാൽപ്പുണ്യഭൂവാക്കീടുവോർ?
മാനുഷന്നുയർച്ചയ്‌ക്കു മാർഗ്ഗമൊന്നുണ്ടെന്നാകിൽ
മാനിനിതാനമ്മാർഗ്ഗം; മറ്റൊന്നില്ലവനിയിൽ,
ദിഗ്‌ജയത്തിനായ് ദൈവംതന്ന വാൾകൊണ്ടങ്ങിങ്ങൊ--
രജ്‌ഞൻ തന്നാത്മഹത്യചെയ്‌കിലാർക്കതിക്ഷതി?
അഷ്‌ടിസിദ്ധികൾ വായ്‌ക്കും യോഗിക്കും പ്രജാനിധി
കിട്ടുവോന്നല്ല നാരീസാഹായ്യം ലഭിക്കാഞ്ഞാൽ,
ഏതെല്ലാം പരിഷ്‌കാരമെത്രമേൽ വ്യാപിച്ചാലും
സ്ര്‌തീതന്നെ വഹിക്കണമമ്മഹാഭാരം--ഗർഭം.
ഈറ്റുനോവനുഭവിച്ചീടണം, ശിശുവിനെ--
പ്പോറ്റണം സ്വർത്ഥം തീരെ വിസ്‌മരിച്ചേകാഗ്രയായ്.
അമ്മഹായജ്‌ഞത്തിന്നു പൂരുഷനപ്രാപ്‌തനെ--
ന്നുണ്മയിൽ സ്രഷ്‌ടാവോർത്തു മാതൃത്വം സ്ര്‌തീക്കേകിനാൻ.
സത്യത്തിൽ തായെന്നൊരാശ്ശബ്‌ദമാമോങ്കാരത്തിൽ
'തത്ത്വമസ്യാ'ദിവാക്യം സർവ്വവും ലയിക്കുന്നു.
വസുധാവലയമേ! വധുവൊന്നിനാൽ താൻ നീ
മസൃണം, മനോഹരം; മഹിതം; മഹാമൂല്യം;
ആ മഹസ്സൊന്നില്ലെങ്കിലക്ഷണം സ്ഥൂലോപലം,

[ 24 ]

പാഴ്മണൽക്കാ,ടന്ധാന്ധു, ഘോരരൗരവഗർത്തം.
ബന്ധുക്കൾ മർത്ത്യന്നുണ്ടു രണ്ടുപേർ സംസാരത്തി,--
ലന്തരാത്മാവൊ, ന്നൊന്നു തൻ പ്രിയപ്രാണേശ്വരി.
ആന്തരപുരുഷന്നുമാവാത്തോരുപദേശം
കാന്ത നൽകുന്നൂ; കാന്തൻ കൈക്കൊണ്ടു നന്നാകുന്നു.
കാന്തോപദേശത്തെത്താൻ കാവ്യത്തിന്നുപമയായ്
സ്വാന്തത്തിൽ സമീക്ഷിച്ചാർ സാഹിതീവേധസ്സുകൾ
ഐഹികം പാരത്രികം രണ്ടിന്നുമുതകുന്നു
ലോകത്തിൽ പുരുഷന്നു കല്യാണി സധർമ്മിണി.
ഏതു രാക്ഷസൻ സ്ത്രീയാൽ ദേവനായ്ത്തീരുന്നതി--
ല്ലേതു താമ്രത്തെ സ്ത്രീക്കു തങ്കമായ് മാറ്റിക്കൂടാ!
ജന്മദാത്രികൾ സ്ത്രീകൾ; കർമ്മനേത്രികൾ സ്ത്രീകൾ;
ശർമ്മഹേതുക്കൾ സ്ത്രീകൾ; ധർമ്മസേതുക്കൾ സ്ത്രീകൾ;
നിങ്ങൾക്കെന്നാരാത്രികം ശക്തിരൂപിണികളെ!
നിങ്ങൾക്കെന്നാശിർവാദം മുക്തിദായിനികളെ!

xii


ആചാരം, ധർമ്മം, ശൗചം, ശാന്തിയീവിഷയങ്ങ--
ളാശാസ്യങ്ങളെന്നോർപ്പൂ ഭാരതമനാരതം.
കർമ്മശൃംഖലകളാൽ ബദ്ധമാം ലോകത്തിന്നു
ജന്മമോക്ഷത്തിൻ മാർഗ്ഗമെന്തെന്നു തിരയുന്നു.
കേവലം ധനം ഭോഗമീരണ്ടു ദൈവങ്ങളെ--
സ്സേവിച്ചു-മത്താടുന്നു പാശ്ചാത്യമഹീതലം.
കൈവന്നതൊന്നും പോര; പിന്നെയും വേണം; മേന്മേ-
ലാവശ്യമേറുംതോറുമാനന്ദമതിന്നുള്ളിൽ!
വ്യാധിയെക്കൈക്കൊള്ളുന്നൂ, ഭേഷജം സേവിച്ചതു
ഭേദമാക്കുന്നു; വീണ്ടും തേടുന്നു ഗദാന്തരം.
ഭ്രാന്തിലക്കദധ്വാവിൽസ്സഞ്ചരിപ്പവർക്കുണ്ടോ
ശാന്തിയെ-ശ്ശശ്വൽസൗഖ്യദാത്രിയെ-ക്കാണ്മാൻതരം?
ഓതുന്നൂ ചിലർ നിത്യം ഭാരതം പരലോക--
പാഥേയത്തിന്നുവേണ്ടിപ്പട്ടിണി കിടപ്പതായ്;
ഓതിടാമതിന്മട്ടു വാരുണി തൻജന്മമ--
പ്പാഥേയസ്മൃതിവിട്ടു ദീപാളികുളിപ്പതായ്
ഐഹികാമുഷ്മികങ്ങളൊപ്പമായ് സാധിക്കുവാൻ
ദേഹിയെദ്ദേഹക്കൂട്ടിലിണക്കി തണ്ടാർമകൻ,
ദേഹത്തെ സ്മരിപ്പീല ഭാരതം വേണ്ടുംപോലെ;
ദേഹിയൊന്നുണ്ടെന്നതേ വാരുണി ചിന്തിപ്പീല,

[ 25 ]

വ്യക്തിയെപ്പൂഗത്തിങ്കൽ ഭാരതം ബന്ധിക്കുന്നു;
വ്യക്തിയെക്കാമചാരിയാക്കുന്നൂ ഹാ! വാരുണി
മാനുഷൻ തുരങ്ഗമം; മാർഗ്ഗമോ നതോന്നതം;
വേണം തൽഗതിക്കൊപ്പം രശ്മിയും പ്രതോദവും
സ്ത്രീകളെക്ഷർഹിക്കയോ ഭാരതം? ശിവ! ശിവ!
ലോകത്തിലെങ്ങുണ്ടിത്ര പാവനം സ്ത്രീസേവനം?
സ്ത്രീകളെദ്ദൈവങ്ങളായ് കല്പിച്ചു തദ്വാസത്തി-
നേകിനാർ സൽക്ഷേത്രങ്ങൾ പൂർവ്വന്മാർ ഗൃഹാഖ്യങ്ങൾ
നേരാരും ഗ്രഹിക്കാതെ തീർന്ന നാളവയ്ക്കുണ്ടായ്
കാരാഗാരത്തിൻ ഛായ കാലത്തിൻ വ്യത്യാസത്താൽ
സ്ത്രീകൾതൻ സംശുദ്ധിയെത്തീവ്രമായ്പ്പാലിക്കുവാൻ
ലോകസങ്ഗ്രഹോൽകരാം തദ്വംശ്യർ തുടങ്ങവേ
വാച്ച തൽപരാശ്രയം മേൽക്കുമേൽ വെളുക്കുവാൻ
തേച്ചപ്പോൾപ്പട്ടിപ്പോയ പാണ്ടെന്ന്യേ മറ്റൊന്നല്ല
ആയതിൻ ദോഷം കാണ്മൂ ഭാരതം പ്രസ്പഷ്ടമായ്;
ന്യായമാം പ്രതിക്രിയയ്ക്കാരംഭിക്കയും ചെയ്‌വു
ഭാരതം തൽസ്ത്രീകളെക്കണ്ടത്ര മദിക്കേണ്ട
ഇന്നത്തെ സ്ഥാനം രണ്ടുദിക്കിലും നന്നല്ലവർ-
ക്കൊന്നടുക്കളയാണെങ്കിൽ, മറ്റേതു കൂത്തമ്പലം!
പാകശാലയും കൊള്ളാം; നൃ-ത്തരംഗവും കൊള്ളാം
പോകട്ടെ രണ്ടിങ്കലും തുല്യമായ് നതാങ്ഗിമാർ
ശ്വഭ്രത്തിൽ കിടപ്പതുമഭ്രത്തിൽ പറപ്പതും
സർപ്പവും പതത്രിയും; മധ്യവർത്തിതാൻ മർത്യൻ
പ്രായമിപ്പൊഴും പാർത്താൽ ശൈശവം ലോകത്തിന്നു;
തീയിലോ വെള്ളത്തിലോ വീഴുകിൽ കണക്കല്ല
ഭാരതം മാറിടുന്നു; മാറട്ടെ; പക്ഷേ തനി-
വാരുണീരൂപത്തെയെന്മാതാവു വരിപ്പീല;
ധർമ്മത്തെയർത്ഥത്തിന്നുമർത്ഥത്തെക്കാമത്തിന്നു-
മമ്മയേതാപത്തിലുമാഹുതി കഴിപ്പീല;
വസ്ത്രത്തെ മാറുംപോലെ വസ്ത്രദൻ ഭർത്താവിനെ
നിസ്ത്രപം യഥാകാമം മാറുവാൻ കൊതിപ്പീല
സസ്യത്തിൻ ധർമ്മം ഭുക്തി, തിര്യക്കിൻ ധർമ്മം ഭോഗ-
മിസ്സത്യം കിനാവിലും ലേശവും മറപ്പീല;
മാനുഷനാത്മാവിനാൽ മാനുഷനെന്നുള്ളൊര-
ജ്ഞാനത്തെയൊഴിക്കുള്ളിൽ തള്ളുവാൻ ത്വരിപ്പീല,

[ 26 ]

സ്വാതന്ത്ര്യമാകുന്നീല മര്യാദാവ്യതിക്രമം
ഭൂതലം സ്വൈരിക്കുള്ളോരാഖേടവനമല്ല;
പാരിടം ചതുർവർഗ്ഗകേദാരം സസ്യാഢ്യമായ് - -
ത്തീരുവാൻ നിർബാധമായ് നീരൊഴുക്കല്ലീ വേണ്ടൂ?
സേതുവില്ലാഞ്ഞാലുണ്ടോ വേനലിൽ ജലാഗമം?
സേതു പോയ്പോയാൽ കുല്യ പാഴ്മണൽത്തൊണ്ടല്ലയോ?
വേലയാലഴകല്ലീ നേടുന്നു കടൽ? തള
കാലിനു കാന്തിക്കല്ലീ കാന്തമാരണിയുന്നു?
കഴലിൻ വളർച്ചയ്ക്കു സമമായ് മാറും പദ- -
കടകം നിഗഡമ,ല്ലതിനാൽ ക്ഷതിയില്ല.
പുരുഷന്നൊപ്പം സ്ത്രീയും സ്വാതന്ത്ര്യം കൈക്കൊള്ളട്ടെ;
പേറട്ടെ സീമാദരം രണ്ടുകൂട്ടരും സമം.
അമ്മെരിക്കയുമമ്മയ്ക്കാചാര്യതന്നേ; പക്ഷേ- -
യമ്മയുമമ്മെരിയ്ക്കക്കാചാര്യൈകാചാര്യതാൻ.
അമ്മയങ്ങയോടർത്ഥകാമങ്ങൾ ഗ്രഹിക്കട്ടേ;
ധർമ്മമോക്ഷങ്ങളങ്ങേയ്ക്കോതിയും ജയിക്കട്ടെ.
അക്കൊള്ളക്കൊടുക്കയ്ക്കു കാലമൊട്ടടുക്കുന്നു;
നി‌ൽക്കുകെൻ വിമാതാവേ! നിന്മനം തെളിയട്ടെ.
വിസ്മേരയായും ഭൃശം വ്രീഡയ്ക്കു വശയായും
മിസ്മേയോമതാമ്മയിത്തത്ത്വങ്ങൾ ധരിക്കട്ടെ!"
വാക്യമിത്തരം ചൊല്ലി വർണ്ണീന്ദ്രൻ മറയവേ-
യാക്കനീയസിയായ രാഷ്ട്രദേവത മേന്മേൽ
തൻ തനൂഭവയുടെ ധാർഷ്ട്യത്തിൽ‌ത്താപംപൂണ്ടു
ഹന്ത! പോയ്ച്ചേർന്നാൾ വീണ്ടുമാത്മീയധാമത്തിങ്കൽ.
റാൾഫ്‌വാർഡോ എമെഴ്സണും തോറോയും വില്യം ജേംസും
വാൾട്‌ഹ്വിറ്റ്മാ, നെല്ലാഹ്വീലർ വികോക്സും ഭവതിയിൽ
ജാതരായ് ജയിച്ചില്ലേ? നവ്യാർദ്ധധാത്രീദേവി!
താദൃശം ത്വന്മാഹാത്മ്യം മേൽക്കുമേൽ വർദ്ധിക്കട്ടെ.

"https://ml.wikisource.org/w/index.php?title=ചിത്രശാല&oldid=70262" എന്ന താളിൽനിന്ന് ശേഖരിച്ചത്