Jump to content

മണിമഞ്ജുഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമഞ്ജുഷ (കാവ്യസമാഹാരം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1933)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]



മണിമഞ്ജുഷ




1933




അദ്ധ്യായങ്ങൾ (പട്ടികയിൽ ഇല്ലാത്തത്)
[ 2 ]


പ്രേമസംഗീതം

രൊറ്റമതമുണ്ടു -ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു.
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം; ലോകത്തി--
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം.
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്,
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്.

II



പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പു സാർത്ഥകമായ്;
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്കൂ.
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും;
പരൻപുമാനും പ്രകൃതിസഹായൻപ്രപഞ്ചഘടനത്തിൽ.
പേർത്തും തമ്മിൽ പൃഥ്‌വ്യപേ്തജോവായ്വാകാശങ്ങൾ
പിണയ്പുമേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വരിഞ്ഞു നില്പൊരു സു-മമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പുസവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്ന പൂവിനു വണ്ടും വേണം മന്നിതു വിണ്ണാവാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻമലരും ഘനമായ്ത്തോന്നിനദോഹദകാലത്തിൽ
ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാ, വുടപ്പിറന്നോർ ബാന്ധവരിഷ്ടന്മാർ
പ്രേയസി, മക്കൾ, ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

[ 3 ]
III


പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ;
പ്രപഞ്ചമസ്മദ്വചനാമ്രേജനപണ്ഡിതമാം കീരം
പ്രപഞ്ചമസ്‌മൽഭാവവിഡംബന പാടവമാർന്ന നടൻ;
പ്രപഞ്ചഭൂമിയിൽവിതച്ചവിത്തിൻ ഫലത്തെ നാം കൊയ്‌വൂ;
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനുപകരം.
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം,
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം.
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ,-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പ്രഥമാത്മഗുണം പരസ്പരപ്രേമം.
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടി-ടാം;
നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ
മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി.
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമിതിലുപകാരോപനി,ഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം.
ഏകോദരസോദരർ നാമേവരു,മെല്ലാജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനില്പോരനുജരെ നോക്കാനക്ഷികളില്ലാത്തോർ--
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ! ജയിപ്പൂ ജഗദാധാരമൊരത്ഭുതദിവ്യമഹ--
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ് വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുമുണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ; ഉള്ളിലവർ--
ക്കതിൽക്കൊളുത്തിന തിരിതാ-ൻ കത്തുവതന്തഃകരണാഖ്യം.

IV


നമോസ്തുതേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തകഗണമിതിൽ ഞാനുമൊരല്പാങ്ഗം.
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയനെൻകൃത്യം.

[ 4 ]

അരങ്ങുലയ്ക്കാനരചൻ മതിയാമതിനു കൊഴുപ്പേകാ-
നനുചരനാവാ, മണിയാടകളല്ലഭിനയമതു സിദ്ധം.
അകമേ നിലകൊണ്ടതാതുചുവടുക,ളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ.
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷംമുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതുചതുരൻ.
പരാപരാത്മൻ! ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം, പരദുഃഖം ദുഖം;
പരമാർത്ഥത്തില്പ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനും; അവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും; പ്രഭോ! നമസ്കാരം!

മണിമഞ്ജുഷ 1933


        

ദിവ്യദർശനം


ഴിത്തിമിങ്ഗലത്തീൻ പഴമായ് വീഴ്ത്തി-
യാദിത്യബിംബത്തെയന്നും ദൈവം.
തൻതല പൊന്തിച്ചു നില്പായി കൂരിരു-
ട്ടന്തകനേറിന പോത്തുപോലെ.
മങ്ങിന വെണ്മതിക്കീറിനാൽ പാഴ്നിലാ-
‌വങ്ങിങ്ങൊരല്പാല്പമല്ലുതിർത്തു,
രോഷത്തിൻ മൂർച്ഛയിൽ ദംഷ്ട്രയാൽ താൻതൂകും
ഹാസത്തിന്നങ്കുരമെന്നപോലെ.
മിന്നാമിനുങ്ങുകൾ മുറ്റത്തിൽച്ചാഞ്ചാടി
മിന്നിയും മങ്ങിയും മാറി മാറി,
ജന്മവും മൃത്യുവുമെന്തെന്നു ലോകത്തെ-
ത്തന്മയരീതിയിൽക്കാട്ടിക്കാട്ടി.
വ്യാത്തമാം സുപ്തിതൻവക്ത്രത്തിന്നേതുമി-
ല്ലാൾത്തരമബ്ഭൂതം സർവഭക്ഷം;
പാരിടം നിർജ്ജീവപ്രായമായ് തീർന്നുപോയ്
മാരിയാമായതിൽ ഛായതട്ടി.

II



അത്തരമുള്ളോരു രാത്രിയിൽ ഞാനുമെൻ
മെത്തയെ പ്രാപിച്ചേൻ വീതോന്മേഷം;

[ 5 ]

ജാലകമാർഗ്ഗമായ് നോക്കിനേൻ ചുറ്റിലു--
മാലേഖ്യരൂപത്തിൽ വാച്ച ലോകം
കണ്മിഴി ചിമ്മിപ്പോയ് കാറ്റിന്നും; മൂളില
മർമ്മരമുമ്മരനന്മരങ്ങൾ.
ചീവീടും ശബ്ദിച്ചീ,ലോർപ്പോളം ഭീമമി --
ദ്ദൈവികസ്തംഭനസമ്പ്രദായം.
ഇക്കയമാളുവതേതൊരു കാളിയ - -
നിശ്ശാന്തമേതൊരു രൌദ്രദൂതൻ ?
പ്രാകൃതമാകുമീ മൌനവ്രതത്തിന്നു
പാരണയാവതുമേതു ശാപം?

III


ആക്കേൾക്കും ശബ്ദമെന്താസന്നമൃത്യുവി - -
ന്നാക്രന്ദനംപോലെ ദീനദീനം?
ആ മട്ടിൽ താഡിപ്പൂ സാഗരം ഘോരയാം
താമസീദേവിതൻ ജൈത്രഭേരി !
രഞ്ജിപ്പൂ ശബ്ദമൊന്നെന്നരികത്തുമെൻ
നെഞ്ഞിടി മാറ്റൊലിക്കൊണ്ടപോലെ ;
മൽഘടികാരത്തിൻ ഗൌളിച്ചൊല്ലാണതു ;
ടിക് ടിക്കോ , ധിക്ധിക്കോ തിട്ടമില്ല.

IV


ഉറ്റു ഞാൻ വീണ്ടുമതെന്തെന്നു നോക്കവേ
മുറ്റുമെൻ മുന്നിലൊരുത്തമയാൾ
എന്നുൾത്തടംവിട്ടു നില്ക്കയായ്; ഹാ ഹന്ത! ഞാ -
നന്നിൽപ്പു കണ്ടൊ-ന്നു ഞെട്ടിപ്പോയി !
വക്ത്രാബ്ജം താഴ്ത്തിയും ബാഷ്പനീർ വീഴ്ത്തിയും
തപ്തമായ് ദീർഘമായ് നിശ്വസിച്ചും
തൻവലം കൈകൊണ്ടു പൂങ്കവിൾതാങ്ങിയും ,
താമ്രാധരത്തിങ്കൽ പല്ലണച്ചും ,
കൺമുനനഞ്ഞണിക്കൂരമ്പിടയ്ക്കിട -
യ്ക്കെൻ മർമ്മമോരോന്നു നോക്കിയെയ്തും,
ഏതവൾ നഷ്ടയാം വാസരലക്ഷ്മിതൻ‌
പ്രേതത്തിൻ മട്ടിൽ വന്നങ്ങു നില്പോൾ?

V


അന്യയല്ലദ്ദേവി കാരുണ്യമൂർത്തിയാ -
മെന്നന്തര്യാമിതൻ ധർമ്മപത്നി ;

[ 6 ]

ലജ്ജാഭിധാന താൻ: "മാതാവേ! കൈതൊഴാം :-
പശ്ചാത്താപാഹസ്സിൻ പ്രാതസ്സന്ധ്യേ!
അമ്മതൻ പ്രത്യക്ഷദർശനമൊന്നിനാൽ
ജന്മത്തെസ്സാർത്ഥമായ്ത്തീർത്തവൻ ഞാൻ
ത്രസ്തനല്ലെൻ തായാട്ടെത്രമേലമ്മയെ
ക്രുദ്ധയാക്കീടിലും ശർമ്മദാത്രി!
അമ്മതന്നിങ്ഗിതമെന്തെന്നു ചൊൽകയാ-
ണി "മ്മണി" പ്പൈങ്കിളി മൂളിമൂളി.
ഇത്തമിസ്രാഞ്ജനം മൂലമായ് കാണ്മൂ ഞാൻ
തദ്വചഃപേടകതത്വരത്നം.

VI


സത്യം ഹാ! മാതാവേ സത്യമെൻ ജീവിത-
മൗക്തികമാലയിൽ നിന്നു വീണ്ടും -
ചേലാർന്ന മുത്തടർന്നിന്നുമൊന്നന്തിയിൽ
കാലാബ്ധിമദ്ധ്യത്തിൽ വീണുപോയി!
ഭാനുവെൻ ജീവിതപാത്രത്തിൽ നിന്നിന്നും
പാനീയബിന്ദുവൊന്നാവിയാക്കി;
ചുറ്റുമിന്നന്തകൻ തൻ കയറന്മെയ്യിൽ
ചുറ്റുകയായ് പിണഞ്ഞൊന്നുകൂടി.
ഭാവിയെദ്ദൂരെ ഞാൻ കാണവേ,വന്നതു
ഹാ! വർത്തമാനമായ് മുന്നിലെത്തി,
ഭൂതമായ്പ്പായുന്നു പെട്ടെന്നു പിന്നോട്ടേ --
യ്ക്കാതിഥ്യം വൈകിച്ചോനാക്കിയെന്നെ.
കാലത്തിൻ ഹാസത്തിൽ മട്ടിലെന്നാസ്യത്തിൽ
മേളിപ്പൂ വെൺനരയങ്ങുമിങ്ങും;
ആ മൃഗാധീശൻ തൻ വീരപ്പല്ലബ്ജത്തിൽ
ഹേമന്തം വീഴ്ത്തിന മഞ്ഞുത്തുള്ളി!
ചിമ്മിടുമെൻ മിഴി വീണ്ടും തുറന്നിടാ --
മുന്മിഷത്തല്ലെന്നും വന്നുപോകാം!
ബാങ്കിലെന്തുണ്ടിനി ബാക്കിയെന്നാർ കണ്ടു!
ഞാൻ കഷ്ടമത്രമേൽ ദീനദീനൻ?
അർക്കബിംബാഖ്യമാമാരക്തദീപത്തെ --
പ്പൊക്കിയും താഴ്ത്തിയും കാട്ടി നിത്യം
ഹാ! വിധി "ദുർഘടം ദുർഘടം ജീവിത --
ത്തീവണ്ടിപ്പാത"യെന്നല്ലീ ചൊൽവൂ!

VII


എന്തു ഞാനിപ്പകൽ മുപ്പതുനാഴിക
കൊണ്ടെന്നു നേടിയതൊന്നു പാർത്താൽ

[ 7 ]

കാണ്മതില്ലൊന്നുമേ; ചുറ്റിനേൻ വ്യർത്ഥമ--
പ്പാഴ്മണൽക്കാട്ടിലൊരൊട്ടകമായ്.
എന്നമ്മ ഭാരതഭൂദേവി, യസ്സാക്ഷാൽ
സ്വർന്നദീശുദ്ധയാം ധർമ്മലക്ഷ്മി;
ശ്രീകൃഷ്ണബുദ്ധാദിസിദ്ധരെപ്പെറ്റവൾ;
ലോകത്തിന്നദ്ധ്യാത്മജ്യോതിർദ്ദീപം;
ഏതൊരു കുന്നിന്മേൽ വാണവൾ പ,ണ്ടിപ്പോ--
ളേതൊരു കൂപത്തിൽ വീണുപോയോൾ;
ആരുടെ കല്ലേറുകൊള്ളാത്തോൾ, ഹാ കഷ്ട-
മാരുടെ കാൽച്ചവിട്ടേറ്റിടാത്തോൾ!
കാതര്യമില്ലേതു ദുർവാക്കുമോതുവാൻ
കാതറൈൻമേയോയ്ക്കും കൂട്ടുകാർക്കും?
സാദ്ധ്വിയെബ്ഭർത്സിക്കും ധൂർത്തമാരക്കൂട്ട--
രീട്ടിയെദ്ദംശിക്കും വെൺചിതൽകൾ;
എന്നാലുമായവർ തേപ്പതാം പാഴ്പ്പങ്ക--
മെന്നാലൊന്നാമ്മട്ടിൽ ക്ഷാളിച്ചീടാൻ-
തന്നമ്മതൻ ദാസ്യം തീർക്കുവാനേവൻപോയ്-
വിണ്ണിലെപ്പീയൂഷം കൊണ്ടുവന്നു;
ധന്യനത്താർഗ്ഗ്യന്തന്നൈതിഹ്യം ബാല്യത്തിൽ
സ്തന്യത്തോടൊപ്പമായ്പ്പാനംചെയ്തോൻ;-
ഓർത്തീല-ഞാൻ-ഒറ്റക്കണ്ണീർമുത്തെങ്കിലു--
മാദ്ദേവിതൻ കാൽക്കലർപ്പിച്ചീടാൻ
എന്നുടെ ഭൂതികൊണ്ടെന്നമ്മതൻപുകൾ--
ക്കണ്ണാടിതേച്ചു മിനുക്കിടാതെ
പേർത്തും ഞാൻ കൈകൊട്ടിക്കാൺകയാണായതിൽ
സ്വാർത്ഥാപസ്മാരത്തിൻ നഗ്നനൃത്തം!
ഭാരതമേദിനിക്കേതുമേ ദാരിദ്ര്യ--
പാരതന്ത്ര്യാദികളല്ല ഭാരം;
സോദരഘാതികൾ സൂനുക്കൾ താൻ ഭാരം,
സോദരപൂരകർ മാദൃശന്മാർ.

VIII


ഞാനഭിവാദനം ചെയ്യുന്നേൻ മാമക-
മാനസഹം-സികേ! ലജ്ജാദേവി!
നിൻജയം വായ്ക്കട്ടെ പാരെങ്ങും; ഞാൻ നിന--
ക്കഞ്ജലികൂപ്പിടാമാവതോളം!
ആമയമേതെല്ലാം വന്നാലും മാതാവേ!
നീ മൃതയല്ലെന്നാൽ ഞാൻ സനാഥൻൽ
ആശയത്തിങ്കൽ നീയെങ്ങെങ്ങാനുണ്ടെങ്കി--
ലാശയ്ക്കു ബാഹ്യമല്ലെന്റെ ജന്മം

[ 8 ]

ക്രോധിക്കൂ! ഭർത്സിക്കൂ! താഡിക്കൂ! തായേ! നീ;
പാതകി ഞാൻ ബാലൻ താവകീനൻ;
ഇക്ഷണം നിൻ കണ്ണും ജിഹ്വയും പാണിയു--
മക്ഷയവാത്സല്യനിഘ്നമാകും
ആഗസ്സിൻ ഛായ നീ താപത്തെ ഗ്രീഷ്മാന്ത-
മേഘത്തിൻ- രൂപത്തിൽ നൽകിയാലും
തീരില്ല വീഴാതെ നിന്നിൽനിന്നന്ത്യത്തിൽ
കാരുണ്യശീതള ബാഷ്പബിന്ദു
എന്നെ നീ ഞാനാവാനല്ലയോ മേല്‌ക്കുമേൽ
പിന്നെയും പിന്നെയും മർദ്ദിക്കുന്നു?
എത്രമേൽ മർദ്ദിച്ചാലെ,ന്തെനിക്കപ്പുറം
മൃത്തിതു സല്പാത്രമായാൽ പോരും.
സാധ്വി! നീ പോയാലുമെന്നുള്ളി, ലാലങ്ക-
ധൂർത്തരാം കാമാദി രാക്ഷസന്മാർ
എത്രമേൽ വായ്ക്കിലുമെൻസീത ജീവിക്കു--
മദ്ദിക്കിൽ വെൺചാമ്പലാവില്ലല്ലോ.
ഒട്ടുമിന്നാന്തരപൂരുഷ"മാ"ശബ്ദം
ദുഷ്ടനെൻ കർണ്ണത്തിലേറുന്നീല
ചെയ്യിക്കൂ കാന്തനെക്കൊണ്ടെനിക്കിന്നൊന്ന--
ക്ഷായത്രീമന്ത്രോപദേശം വീണ്ടും!

IX


കാലമേ! നിൻകരിപ്പൊയ്മുഖം കണ്ടു ഞാൻ
മാലിയെന്നെന്തെല്ലാമോതിപ്പോയി!!
ഈ മുഖം നീക്കിടും നാളെയും വന്നിത--
ന്നീ മഷിപൊന്നാക്കുമാരസജ്ഞൻ.
മെത്തമേൽ വീണേൻ ഞാനിപ്പൊഴുതെങ്കിലു--
മുത്ഥാനോദർക്കം താനെൻ നിപാതം;
പോയതു പോയെങ്കിലെന്തു? ഞാൻ ധന്യൻ താ-
നായതിലേശൈകദേശാധീശൻ.
വാശ്ശതും യൗവനനീർവാർന്നൊരെന്മുഖ--
പ്പാഴ്ജ്ജരത്തോടുകൾ തൻ തടത്തിൽ
നിന്നിടും വെൺനരക്കാശപ്പുല്ലേതും മേ–
ലെൻ വിവേകോദയവൈജയന്തി
നാളെയെന്നുള്ളൊരു നാളെനിക്കുണ്ടെങ്കി--
ലാളൊന്നുമാറി ഞാനാത്മവേദി
ലജ്ജയാം ദേവിയെ ലജ്ജിപ്പിച്ചീടാതെ
സജ്ജനചര്യയ്ക്കു സജ്ജനാവാം.

[ 9 ]


കീശസന്ദേശം


ടുത്തു പാതിരാ,വടച്ചു വാതിൽ ഞാൻ
കെടുത്തു റാന്തൽ പോയ്ക്കിടന്നു മെത്തയിൽ:
പുകച്ചിൽ വീണ്ടുമെൻ തലയ്ക്കു വായ്ക്കുന്നു:
പകച്ചു നിൽക്കുന്നു ഭഗവതി സുപ്തി.
"വരുവൊരുവഴി മറന്നവൾപോലെ–
യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ?
തിരുവുരു തായയ്ക്കുരുകരുണതാൻ;
വരൂ വരൂ! ദേവീ! തരൂ തരൂ സുഖം."
ഇവണ്ണം നിദ്രയോടിരന്നൊരെൻ മുറി
സുവർണ്ണ വർണ്ണമായ്ച്ചമഞ്ഞു തൽക്ഷണം.
കരിയിരുൾമഴമുകലിൻ മെയ് മിന്നി--
യരിയതുമിന്നൽപ്പിണറണി ചാർത്തി.
ഉറക്കമാർന്നൊരെൻ വിളക്കു തന്നെത്താ--
നുണർന്നുവോ പെട്ടെ, ന്നിതെന്തൊരത്ഭു-തം?
അതല്ല വാനിൽനിന്നണഞ്ഞു തേജസ്സൊ--
ന്നധന്യനാമെന്നെയനുഗ്രഹിക്കയോ?
അതികുതുകി ഞാൻ മിഴിരണ്ടും തുട--
ച്ചതിഥിയാരതെന്നടുത്തു നോക്കിനേൻ.
അലിവിലെൻ മുന്നിൽ വിലസുവതൊരു
വലീമുഖവംശമകുടഹീരകം.
കദളികാടവീനിഖാസി, രാഘവ--
പദസരസിജമധുവ്രതവ്രതി,
അനൂനവൈഭവനണഞ്ഞിതോ മുന്നിൽ
ഹനൂമദാഘ്യനാമശേഷസൽഗുരു?
കുടുകുടെക്കണ്ണീർ പതിപ്പു പൂങ്കവിൾ--
ത്തുടുത്തുടെപ്പൊന്നായ്ക്കഴുകും മാരിയായ്;
അകത്തുകത്തുവോരഴൽക്കൊടും തീ തൻ-
പുക വെളിക്കൊൾവൂ ചുടുനെടുവീർപ്പായ്.
അരുതരുതെന്നു വിലക്കുവാൻ ഞാനെ--
ന്നിരുകരവുമൊന്നിളക്കീടും മുന്നേ
അഹോ!ദയാർദ്രമീ വചനമെന്നൊട--
മ്മഹോപദേശകൻ കപീന്ദ്രനോതിനാൻ:

ii


ശുഭം ഭവിക്കട്ടേജഗത്തി, നേവർക്കു--
മഭംഗുരോദയമവാപ്തമാകട്ടെ.

[ 10 ]

ധരിച്ചുവോ നീ നിന്നതിഥിയാരെന്നു?
ധരിച്ചില്ലെങ്കിൽ ഞാൻ ധരിപ്പിക്കാമിപ്പോൾ
കരുതുക വത്സ! കപിയാമെന്നെ നിൻ
പുരുഷവർഗ്ഗത്തിൻ പിതൃഭൂതനെന്നായ്
പിതാമഹൻ പണ്ടിപ്പൃഥിവി നിർമ്മിച്ചാ--
നതാന്തമാകും തൻ തപോബലത്തിനാൽ,
സമസ്തസമ്പത്തിൻ വിലാസരംഗമായ്,
സമഗ്രഭങ്ഗിതൻ വിലാസരംഗമായ്
അലകടൽപ്പൂമ്പട്ടരയ്ക്കണിയുവോ--
ളചലവക്ഷോജഭരം വഹിപ്പവൾ,
തരംഗിണീഹാ-രലതകൾ ചാർത്തുമ്പോൾ,
തരുവല്ലീപത്രാവലി ധരിപ്പവൾ,
ധ്രുവാദിനക്ഷത്രസുമങ്ങൾ ചൂടുവോൾ,
ദിവാകരേന്ദുക്കൾ വിളക്കെടുപ്പവൾ,
അധോഭുവനത്താൽ മെതിയടിയാർന്നോൾ
ത്രിദിവത്താൽ ദിവ്യകിരീടം പൂണ്ടവൾ;
ധരണിയാമസ്മജ്ജനനി മിന്നുന്നു;
ശരണമാർക്കും തച്ചരണപങ്കജം.

iii


ധരിത്രിയിമ്മട്ടിൽച്ചമച്ചു നാന്മുഖൻ
പെരുത്തു ധന്യനായ്ക്കരുതിനാൻ തന്നെ.
പുതിയൊരമ്പലമിതേതു ദേവൻ തൻ-.
പ്രതിഷ്ഠയാലിനിസ്സനാഥമാകാവൂ?
തനയരേവരെ പ്രസവിച്ചിദ്ദേവി
ജനനസാഫല്യം ക്ഷണത്തിൽ നേടാവൂ?
ക്രമത്തിലിത്ഥമോർത്തജൻ ജനിപ്പിച്ചാൻ
കൃമിസരീസൃപവിഹങ്ഗമങ്ങളെ;
അകമലരതിലതൃപ്തമാകയാൽ
മൃഗങ്ങളെത്തീർത്താൻ വിവിധരൂപത്തിൽ;
അതിലും തുഷ്ടിവിട്ടൊടുവിൽ നിർമ്മിച്ചാൻ
മതിവച്ചീശ്വരൻ വലീമുഖന്മാരെ.
ജനിച്ചു തൽസൃഷ്ടപ്രപഞ്ചസൗധത്തിൽ
തനിപ്പൊൻതാഴികക്കുടങ്ങളായ് ഞങ്ങൾ;
ഭരിച്ചു പാരിതു പലനാൾ മാമകർ;
ധരിത്രി പിന്നെയും "സസേമിരാ" തന്നെ.
"വസുന്ധരേ! വത്സേ! ഭവതിയെ,ങ്ങെങ്ങീ--
യസുന്ദരങ്ങളാം കുരങ്ങിൻ കൂട്ടങ്ങൾ?
ഇവറ്റയെക്കൊണ്ടെന്തുയർച്ച നേടുമോ
ഭവതി? ഞാനെത്ര മടയനായ്പോയി?"

[ 11 ]

ത്വരിതമിത്ഥമോർത്തിയറ്റിനാൻ മന്നിൽ
വിരിഞ്ചൻ മറ്റൊരു വിശിഷ്ടജീവിയെ.
അതാണു മാനുഷൻ; അവന്റെ സൃഷ്ടിയാൽ
കൃതാർത്ഥമാനിയായ്ച്ചമഞ്ഞ ലോകേശൻ
കിരീടവും സിംഹാസനവും ചെങ്കോലും
ധരിത്രിവാഴുവാനവന്നു നൽകിനാൻ.
അടച്ചു നാടുവിട്ടിറങ്ങി ഞങ്ങളു--
മടവിതന്നുള്ളിലടകുടി പൂകി.
വളരെക്കാലമായ്, വളരെക്കാലമാ,-
യിളയിൽ ഞങ്ങൾക്കീയിളിഭ്യപ്പേർ കിട്ടി.
അതുമുതൽ ഞങ്ങൾ ചുഴിഞ്ഞുനോക്കുന്നു
കൃതികൾ നിങ്ങൾതൻ കൃതികളോരോന്നും.

iv


"വിശേഷബുദ്ധിയും, വിചാരശക്തിയും,
വിചിത്രസിദ്ധികൾ പലതു വേറെയും
അജനരുളിപോൽക്കനിഞ്ഞു മാനുഷ--
ന്നവനെത്തൻ പ്രതികൃതിയിൽത്തീർന്നുപോൽ.
ഫലമന്തുണ്ടായി? പയോജയോനിതൻ
പല മനോരഥമെവിടെച്ചെന്നെത്തി?
മരുത്തു, വിദ്യുത്തു, പയസ്സു ധൂമമി--
ത്തരത്തിൽ വാച്ചിടും പ്രകൃതിശക്തികൾ,
നരന്നു കിങ്കരപ്രവൃത്തിചെയ്തു തൽ--
സരണിയിൽ പട്ടാംബരം വിരിക്കുന്നു;
പരിമൃദുമലർനിര വിതറുന്നു!
പരിമളദ്രവത്സരിയൊഴുക്കുന്നു;
പുകക്കപ്പലിന്നു കടലെറുമ്പുചാൽ
ഗഗനവീഥിക്കു ഗരുഡനെയറോപ്ലേയ്ൻ;
വയർലെസ്സർപ്പിക്കും ശ്രുതി മഹാത്ഭുതം;
"സയൻസി"നാൽ മർത്ത്യൻ സമഗ്രവീര്യവാൻ!

v


"സകലവും ഭദ്രം നരന്നു ചുറ്റുപാ,--
ടകക്കാമ്പൊന്നു താനഭദ്രമത്യന്തം;
എതിങ്കൽ വേണമോ വികാസ,മേതുമി--
ല്ലതിങ്കലായതിൻ കണികപോലുമേ.
പഴയവൻ മർത്ത്യൻ ഹൃദയത്തിൽ; പോരാ
പഴയവനെക്കാൾ പതിതൻ മേൽക്കുമേൽ.
എവന്നും താൻ മാത്രം സുഖിച്ചിരിക്കണ--
മെവന്നും മറ്റുള്ളോർ നശിച്ചുപോകണം;

[ 12 ]

തനിക്കു താണതിൽച്ചവിട്ടി നിൽക്കണം;
തനിക്കെളിയതു ചവച്ചുതുപ്പണം;
അടുക്കളപ്പണിക്കബലമാർ വേണ--
മടിമകളാകാനശക്തരും വേണം;
അധ:സ്ഥരമ്മട്ടിലിരുന്നുകൊള്ളണ--
മുദധിയൂഴിയെ ഗ്രസിക്കുവോളവും;
സ്വതന്ത്രൻ താനൊരാൾ, വിജയി താനൊരാ--
ളിതരർ തൻ കേളിക്കുപകരണങ്ങൾ;
ഒരുകൺ തന്റേതു പൊടിക്കും താൻ; പരൻ
കുരുടനാവതാണതിൻ ഫലമെങ്കിൽ;
ഉയർന്നിടാനുള്ള മടിയാൽത്താഴെ നി--
ന്നുയർന്നവൻ ചാവാനൊളിനഞ്ഞമ്പെയ്യും;
പരിഷ്കൃതിമന്ത്രമുരച്ചുകൊണ്ടിട്ടേ
നരരക്ഷസ്സിനു നരനെത്തിന്നാവൂ.
സ്വദേശമെന്നതും സ്വധർമ്മമെന്നതും
സ്വജാതിയെന്നതും സ്വഭാഷകൂടിയും
കരബലമുള്ള ജനതതിക്കുതൻ
പെരുവയർക്കുഴി നികത്തിടും വഴി;
പലപ്പൊഴും സ്വാർത്ഥം, പലപ്പൊഴും ദൗഷ്ട്യം
പലപ്പൊഴും ദുര, പലപ്പൊഴും ചതി!
ഇതെന്തുതാറുമാ,റിതെന്തു മീന്മുറ--
യിതിന്നു വേണ്ടിയോ ഹരേ! നരോദയം?
ഇരുളിരവിതിന്നുഷസ്സെന്നോ? മോഹ--
പ്പെരുങ്കടലിതിന്നെതിർകരയെങ്ങോ?

vi


"മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം
വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും.
തുറന്നു ചൊല്വേനെത്തുറിച്ചുനോക്കേണ്ട;
പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ.
അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ;
അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം.
ഇതരജീവികൾ കിടക്കട്ടേ; മർത്യ--
ഹ്രുദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ.
ഒരമ്മതൻ മക്കളുലച്ചവാളുമായ്-
പ്പൊരുതും പോർക്കളമവൾതൻ മാറിടം!
ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ-
ക്കിതോ ജനിത്രിതൻ വരിവസ്യാവിധി?
ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ
തിരുവവതാരം ജഗദീശൻ ചെയ്വൂ;

[ 13 ]

തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ
ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ
അതിന്നു മുമ്പിലുമതിന്നു പിമ്പിലും
ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം.
യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ;
യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല.
നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ;
അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ
മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം;
തെറിച്ചുപോകാറായ് ശിലകൾ ദൂരവേ.
ഉടയവനെയോർത്തിനിയെന്നാകിലും
വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ!
പരസ്പരപ്രേമസുധാനുലേപത്താൽ
പരമിപ്രാസാദം പ്രകാശമേന്തട്ടെ;
പരോപകാരമാം ഭവപഞ്ചാക്ഷരി
പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.

vii


" മരവുന്നുണ്ടങ്ങു വശംകെട്ടു കരം
തിരുമ്മിയുംകൊണ്ടു ഹതാശനാം വിധി
"ധരയെ നാകത്തിൻ മുകളിലാക്കുവാൻ
കരുതിയല്ലോ ഞാൻ ചമച്ചു മർത്ത്യനെ
വരത്തെ നൽകിന മഹേശനെക്കൊല് വാ--
നൊരുങ്ങിന വൃകനൊരുവിധം ഭേദം;
അതു ഞാനേകിന മനുഷ്യരോ ചിത്ര-
വധം താൻ ചെയ്യുന്നു നിജ ജനനിയെ.
നിലമറന്നൊരിജ്ജളരിനിക്കാട്ടിൽ
വലീമുഖങ്ങൾ തൻ പുറകേ പോകട്ടെ;
പുതിയ സൃഷ്ടിയൊന്നിനിയും ചെയ് വൻ ഞാൻ;
ക്ഷിതിദേവിക്കഴലകന്നിടും മട്ടിൽ."
ഇവണ്ണമോർക്കുന്ന ചിലപ്പോൾ നാന്മുഖൻ;
നവമാം മൃത്തൊട്ടു കരുപ്പിടിക്കുന്നു;
ക്ഷമിക്കുന്നു വീണ്ടും; വയസ്സുപോം തോറും
ശമിക്കുന്നു ശീഘ്രം തദീയരോഷാഗ്നി
കടന്നുപോകട്ടെ കുറച്ചുകൂടിയെ--
ന്നടങ്ങിവാഴുന്നു വിഭൂ പിതാമഹൻ
അധികംനാളൊന്നും നിലനിൽക്കില്ലിനി
വിധിക്കു നിങ്ങളിലിരുന്ന വിശ്വാസം;

[ 14 ]

ധരണിദേവിതൻ കദനം കാണുമ്പോൾ
ഹിരണ്യഗർഭനു ഹൃദയം ഭേദിക്കും.
ഇനിയ മണ്ണോരന്നജന്നു കൈപ്പണി--
ക്കിനിയുമുണ്ടെന്നു കരുതിക്കൊള്ളുവിൻ!
പുതുമട്ടിൽ ഭൂമിക്കധീശരുണ്ടായാൽ
പൃഥിവിയിൽ നരൻ ദ്വിതീയവാനരൻ
അരശുകൈവിട്ടാലണയും മാലെന്തെ--
ന്നനുഭവിക്കുമ്പോളറിഞ്ഞിടാം താനും
അതിന്നിടനൽകി,യടവി പൂകൊല്ലേ!
വിധിതൻ കാരുണ്യം പരീക്ഷ ചെയ്യൊല്ലേ!!
ഇതോതുവാനെന്നെയയച്ചാൻ മാനുഷ--
ഹിതോപദേശത്തിൽ കുതുകി വായുജൻ!"
മറഞ്ഞു വാനരൻ: സഹോദരന്മാരെ!
കുറഞ്ഞൊന്നോർക്കുവിൻ തദീയസന്ദേശം.
മതി മതി കാലം കളഞ്ഞ, തീശനെ
പ്പുതിയൊരുസൃഷ്ടിക്കൊരുക്കല്ലേ നമ്മൾ!

മണിമഞ്ജുഷ 1933




പ്രഭുസമക്ഷം

രേഴുലകങ്ങൾക്കുമീശനാം മഹാപ്രഭോ!
ദൂ-രസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവൽപദം;
എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കൽ--
ത്തങ്കിടുന്നതിനു താൻ താവകം പരിശ്രമം

II


ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ--
നാഞ്ഞല്പം വലിക്കുകിൽപ്പൊട്ടിപ്പോം പൂമാലയാൽ.
ആകയാലാവാം കനിഞ്ഞിമ്മട്ടിൽക്കനം പൂണ്ട
ലോഹശൃങ്ഖലകൊണ്ടു കർഷിപ്പ;തറിഞ്ഞു ഞാൻ
ഇങ്ങെനിക്കെന്തിന്നതോർത്താതങ്കം? എന്മേനിയി--
ലങ്ങേക്കൈചാർത്തീടുന്നതാകല്പമല്ലീ സർവം?
ആത്തളക്കടക്കണ്ണിപെട്ടുരഞ്ഞങ്ങേച്ചെല്ല--
ക്കൈത്തലചെമ്പല്ലവം നൊന്തിടുന്നുണ്ടാം വിഭോ!
ആയതിൻ കിലുക്കം ഞാൻ ഗീതമായ്ച്ചെവിക്കൊള്ളാ--
മായതിൻമുറിപ്പാടെൻ കീർത്തിമുദ്രയായ്ക്കാണാം!

[ 15 ]
III


എത്രയോ കിടങ്ങിടയ്ക്കുണ്ടെനിക്കിറങ്ങുവാ-
നെത്രയോ, വഴിക്കുമേൽക്കോട്ടയും കയറുവാൻ.
രണ്ടുമെൻ പുരോഗതിക്കൊപ്പത്തിൽത്തടസ്ഥങ്ങൾ;
രണ്ടിന്നു-മങ്ങേപ്പുറത്തെൻ ലാക്കാം ഭവൽസൗധം.
കാരമുൾ കുത്തിക്കേറ്റിക്കാലിൽ നിന്നൊലിപ്പിപ്പൂ
ചോരയിക്കാന്താരമെന്നോർത്തു ഞാൻഖേദിപ്പീല.
അപ്പുലർ പ്രഭാകാരച്ചെങ്കതിർ പ്രകാശത്തിൽ
മൽപദം തെല്ലെങ്കിലും മുന്നോട്ടു നീങ്ങാമല്ലീ?
അങ്ങയും ഞാനും തമ്മിൽ വാച്ചിടും ദൂരത്തിന്നു
ഭങ്ഗമന്നീക്കംകൊണ്ടു മേല്ക്കുമേൽ വരാമല്ലീ?

IV


ആവതല്ലെനിക്കേതും നിന്ദ്യാമാമീരൂപത്തിൽ-
ദ്ദേവരാൽ ചൂഴപ്പട്ടൊരങ്ങയെ സമീപിപ്പാൻ.‌
എത്രയോ കൊട്ടിത്തട്ടിക്കോട്ടവും കേടും നീങ്ങി-
സ്സുഷ്ഠവായ്ത്തീർന്നിട്ടല്ലീ ഞാനതിന്നൊരുങ്ങേണ്ടു?
പങ്കത്തെക്ഷാളിക്കുവാൻ ബാഷ്പധാരതാൻ വേണം.
പക്വമായാമംതീരാൻ ചെന്തീതാൻ ജ്വലിക്കണം.
എത്രയോ രാകിത്തേച്ചുവേണമങ്ങെന്നെശ്രേഷ്ഠ-
രത്നമാക്കുവാ,നിന്നു ഞാൻ വെറും കാചപ്രായൻ
ആതുരൻ ഞാനല്ലർഹൻ ശോധിപ്പാനെന്നിൽച്ചേരു-
മാദിവൈദ്യനാമങ്ങേശ്ശസ്ത്രത്തിൻ വ്യാപാരത്തെ.

V


ഏകാൻ ഞാൻ ഭവാനോടു ഭീതനായ് പ്രാർത്ഥിപ്പതി-
ല്ലേകാന്തസൗഖ്യങ്ങളാം രാവില്ലാദ്ദിനങ്ങളെ.
ഏതിനാൽ സമുൽക്കർഷം സാധിക്കാമെനിക്കെന്നു
താതനും മാതാവുമാമങ്ങല്ലീധരിക്കുന്നു?
ഏതുരൂപമാണിഷ്ടമാ രൂപം വായ്ക്കുമ്മട്ടി-
ലാദിശില്പിയാമങ്ങെൻമൃൽപിണ്ഡം വിമർദ്ദിക്കൂ!
എത്രമേൽ വിശുദ്ധിയെപ്രാപിച്ചാൽ ത്വൽപൂജയ്ക്കെൻ-
ചിത്തതാർ സ്വീകാര്യമാമത്രമേൽ‌ വിശോധിക്കൂ.
ഇന്നെഴും പോരായ്മകളത്രയും തീർത്തങ്ങെന്നെ-
പ്പിന്നെയും സൃഷ്ടിക്കൂ! ഞാനന്നു താൻ ദ്വിജന്മാവാം.

[ 16 ]
VI


അങ്ങു ഞാൻ ശിക്ഷപ്പെടാനേതുകോലെടുത്താലു-
മങ്ങേക്കൈ പീയൂഷാർദ്രമെന്നു ഞാൻ ധരിച്ചാവൂ!
ദുഃഖപ്പൊയ്മുഖം കെട്ടി ക്രീഡിക്കും സുഖത്തെയെ-
ന്നുൾക്കണ്ണാലതിൻ സാക്ഷാദ്രൂപത്തിൽ ദർശിച്ചാവൂ!


മൃണാളിനി

ത്തിന്നു മേലായ് മണി; പാരമാരാവിങ്കലും
സുപ്തിയിൽ സുഖം നേടും കാലമായ് സുകൃതികൾ.
അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരർ;
കടക്ക മുന്നോട്ടു നാമിരുട്ടിൽത്തപ്പിത്തപ്പി
അല്പം നിന്നല്പം തിന്മാൻ വെൺചിതലുഴിഞ്ഞിട്ട
കുപ്പമൺചെറ്റപ്പുരയൊന്നതാ! പുരോഭൂവിൽ!
അകമേയല്ലിൻപറ്റം വിഴുങ്ങാൻ ചൂഴ്ന്നങ്ങൊരു
തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു.
ഹാ! പരം തത്രത്യയാമലക്ഷ്മീദേവിക്കതു
ധൂപദീപാരാധനമൊന്നിച്ചു നടത്തുന്നു.
ഇല്ല തീ,യതല്ലാതെ മറ്റെങ്ങും; അടുപ്പത്തു
കല്ലരീ കൈവന്നല്ലീ കായനീരനത്തേണ്ടു?

II


തുറന്നു കിടക്കുമന്നടയിൽ നില്പുണ്ടൊരു
വറുതിപ്പിശാചിക!-അല്ലല്ല, വനിതയാൾ.
ബാധയോ? ശാന്തം പാപം! ദീനയാമത്തന്വിക്കു
ജാതകവേളയെന്യേ മറ്റൊന്നും പിഴച്ചീല.
വ്ധി-സർവ്വവും കീഴ്മേൽ മറിപ്പൊ-ന്നവൾക്കയ്യോ
പതിനെട്ടിങ്കൽപ്രായമെൺപത്തൊന്നാക്കിത്തീർത്തു.
ചാളതൻ ചങ്ങാതിയല്ലമ്മങ്ക ജനനത്തിൽ-
കാലനീരൊഴുക്കുത്തിലങ്ങുചെന്നടിഞ്ഞവൾ.
മാലുകൊണ്ടുഴന്നുഴന്നോമനപ്പൂമെയ് വെറും
തോലുമെല്ലുമായ് മാത്രം ശേഷിച്ചോരത്തയ്യലാൾ
ഒരിക്കൽ തണ്ടാരിൽമാതടിമപ്പണിചെയ്തോ-
ളരക്കൈ രതിയുമായഴകിൽപ്പൊരുതിനോൾ!
കെട്ടുമിൻനുറുക്കൊന്നു കഴുത്തിൽപ്പൂണ്മോളവൾ!
കെട്ടിടാറാമമ്മുറിച്ചിമ്മിണിത്തിരിപോലെ.
ജന്മത്തെപ്പാഴാക്കിനോൾ വേളിയാൽ-മാവെന്നോർത്തു
മുൾമുരുക്കിനെച്ചുറ്റി മുല്ലപോയ് മോഹത്തിനാൽ.

[ 17 ]
III



ഭദ്രനെ, സൗന്ദര്യവാൻ, വിത്തവാൻ, വീരൻ, യുവാ--
വിത്തരത്തിങ്കൽമാത്രമീക്ഷിച്ചോൾ മൃണാളിനി.
ശ്ലാഘ്യമാമച്ചന്ദനമരത്തിന്നകത്തൊരു
മൂർഖപ്പാമ്പിരിപ്പതമ്മുഗ്ദ്ധയാൾ ധരിച്ചീല.
ഒരു കുറ്റമേയുള്ളു-കുടി-അപ്പുമാന്നെല്ലാം
ശരിമ.റ്റടിമാത്രമുടഞ്ഞതപ്പൊൻകുടം.
വിത്ത:മാരോഗ്യം, രൂപം, യശസ്സു വൃത്തം, ശ്രുത--
മിത്തരം സർവസ്വവും മേൽക്കുമേൽ ഹോമിച്ചവൻ
എന്നെന്നും മദ്യസേവയേകതാനനായ്ച്ചെയ്താൻ
നിർന്നിദ്രൻ-നിരാഹാരൻ-നിശ്ചിന്തൻ-നിശ്ചേതനൻ
പാശിതൻ മകൾ കനിഞ്ഞരുളീടിന വരം-
പാശം-ഒന്നവ്വണ്ണമപ്പാപിതൻ കഴുത്തിലും:
നാഥനാമവൻ ചേർത്ത "മംഗല്യ"വിലങ്ങൊന്നു
സാധുവാമത്തയ്യലിൻ ശംഖൊളിക്ഷളത്തിലും!
എന്നാലെന്തസ്സാധ്വിക്കു രാമഭദ്രനബ്ഭദ്രൻ:
തൻ നാഥൻ പൂകും വനമസ്സീതയ്ക്കയോദ്ധ്യതാൻ.
അന്തഃകുഷ്ഠിയായുള്ള തന്നുഗ്രതപസ്സിനെ--
പ്പന്തിയിൽ ഭജിച്ചാളപ്രത്യഗ്രശീലാവതി.
അവനെത്തൻ ദൈവമായന്വഹം ധ്യാനംചെയ്തു--
മവന്നുവേണ്ടി തന്റെ സർവ്വവും ത്യാഗം ചെയ്തും
ഹാ! കഷ്ടമവൾ വീണാളവനാലാകൃഷ്ടയായ്
നാകപൃഷ്ഠത്തിൽനിന്നു നാരകത്തീക്കുണ്ഡത്തിൽ,
ക്ഷുല്പിപാസാധിവ്യാധിചിന്താഖ്യപഞ്ചാഗ്നിക-
ളൊപ്പമാപ്പെണ്ണിൻ മെയ്യുമുള്ളവും ദഹിപ്പിപ്പൂ.
ഒരിക്കൽത്തഴച്ചതാമച്ചെടി പാതിക്കുമേൽ
കരിക്കട്ടയായി-പ്പോയ്: വെണ്ണീറുമാവാറായി.
അത്തരം ദുഃഖം കാണ്മോന്നല്ലല്ലോ താൻ വേട്ടതാം
മത്തപ്രമത്തോന്മത്തമാനുഷജീവച്ഛവം!

IV


കാണ്മതുണ്ടമ്മങ്കതൻ കൈയിണയ്ക്കണിപ്പൂൺപാ--
യാണ്മണിക്കുഞ്ഞൊന്നാർക്കുമാനന്ദത്തങ്കക്കുടം
ആയതോ തേങ്ങിപ്പിടഞ്ഞാർത്തമായ്ക്കരയുന്നു,
വായതാൻ വരണ്ടിട്ടും, വയറ്റിൽ തീകത്തീട്ടും
തന്നിളങ്കിടാവിന്മെയ്ത്താമരത്താരിൽത്തായ
കണ്ണുനീരൊഴുക്കുന്നു; കൈത്തുമ്പാൽ തുടയ്ക്കുന്നു
എന്തുതാനതല്ലാതെ ചെയ്തിടാമപ്പാവത്തി--
ന്നന്ധകൂപത്തിൽ ദൈവം- അന്യായം- അമഴ്ത്തിയാൽ?

[ 18 ]

അക്കൃശത്തിങ്കൾക്കലയ്ക്കെപ്പൊഴോ വളർപക്ഷ--
മഗ്ഗ്രീഷ്മതപ്താപഗയ്ക്കൊപ്പൊഴോ വർഷാഗമം-?
കാത്തുനിൽക്കയാണവൾ വാതിൽക്കൽ കൈക്കുഞ്ഞുമായ്
ധൂർത്തനാം തന്നീശനെ-ക്കാലനെത്തോല്പിപ്പോനെ.

V


വരുന്നു ദൂരെനിന്നു കങ്കാളമൊ,ന്നസ്സത്വം
പുരുഷാകാരത്തിന്റെ പുത്തനാം വിഡംബനം
പാഴ്മദ്യച്ചേറ്റിൽത്താണു പാതിയുംമണ്ണായ്പ്പോയൊ--
രാമർത്ത്യൻ ഭദ്രൻ പേരാ,ലഭദ്രൻ ശീലത്തിനാൽ
വിജ്ഞർക്കു ഹാലാഹലം ഹാല; പാണിനീയത്തിൽ
യജ്ഞദത്തനെച്ചൊല്ലാം യജ്ഞനെന്നില്ലേ വിധി?
പേയമാകയാലതു പേയനയ്, ലോകത്തിന്നു
ഹേയനായ്പ്പോയാൻ, പണ്ടു ഗേയനായ് വാണോരവൻ.
ആടിയും കറങ്ങിയും പാടിയും രജസ്സാൽ മെയ്--
മൂടിയും വരികയാണമ്മധുപാഗ്രേസരൻ
ചാലമേൽ നിന്നക്കാഴ്ച കണ്ടിടും മരങ്ങൾക്കു
ചാലവേ മലർമിഴി കണ്ണീരിൽ മുഴുകവേ,
പാപിക്കു മാർഗ്ഗം കാട്ടും ജീവി, യേതധോലോകം
പ്രാപിക്കുമെന്നോർത്തധ്വദീപങ്ങൾ നടുങ്ങവേ;
കളയുന്നല്ലോ ഭവാൻ നൃ-ജന്മമെന്നങ്ങിങ്ങു
കിളിക്കുഞ്ഞുങ്ങൾപോലും കൃപയാൽ കഥിക്കവേ;
ക്രമമില്ലതെ ദുർവാക്കെപ്പോഴുമുരച്ചാലും
ക്ഷമയെക്കൂടെക്കൂടെയവലംബിക്കുന്നവൻ,
അലയാഴിതാൻ രഥ്യ; തനിക്കല്ലതിനത്രേ
നിലയില്ലായ്കയെന്നു നിനച്ചു നീന്തുന്നവൻ;
ശണ്ഠവേണ്ടവതമ്മിലെന്നോർത്തു പന്ഥാവിന്റെ
രണ്ടുവക്കിലുംകൂടി നടപ്പാൻ കൊതിപ്പവൻ;
കേവലം നീലാംബരൻ; വ്യോമത്തിലദൃശ്യനാം
രേവതീരമണനെപ്പോരിനായ് വിളിപ്പവൻ;
നെറ്റിനെഞ്ഞിവയ്ക്കുമേൽ റോഡ്ഡിലെച്ചരൽക്കല്ലു
പറ്റിച്ച ചെങ്കുങ്കുമപ്പൊട്ടിനാൽ വിളങ്ങുവോൻ;
എത്തിനാനൊരു മട്ടിലിഴഞ്ഞു തന്മാടത്തിൽ-
ശക്തിയ,ല്ലശക്തിതാൻ പൂജയാൽ പ്രസാദിച്ചോൻ.

VI


കൂലിവേലയ്ക്കണവൻ പോയതു പുലർച്ചയ്ക്കു;
ശീലിച്ചോൻ ശീലിക്കാത്തതൊക്കെയും വറുതിയാൽ.
അന്നന്നു പണിയെടുത്ത്ഞ്ചാറു പണം നേടും;-
മന്നന്നദ്രവ്യം മദ്യദ്രാവകം ദ്രവിപ്പിക്കും

[ 19 ]

ഇരന്നോ വേലചെയ്തോ വല്ലമട്ടിലുമന്തി-
ക്കരക്കഞ്ഞിക്കുള്ളരി, യവൻതൻ വധു നേടും;
അതുകൊണ്ടഹർവൃത്തികഴിക്കും രണ്ടാളും, തൻ
നിധിയാം കിടാവിനെത്തയയാൾ പോറ്റുംതാനും.
അമ്മട്ടിൽക്കാലംപോകെ വീഴ്കയായൊരുനാളി-
ലമ്മങ്ക ദീനപ്പായിൽ;-പായേതു?-പുതുമണ്ണിൽ
അന്നു കാലത്തു കാന്തൻ വേലയ്ക്കു പ്പോകെസ്സാധ്വി
ചൊന്നാൾ: "ഹാ! ഭർത്താവേ! ഞാൻ രോഗാർത്ത-യായേനല്ലോ
ഇന്നത്തെക്കഴിച്ചിലിന്നെന്തൊരുവഴി? നമ്മൾ-
ക്കൊന്നുമില്ലല്ലോ കൈയിലൊക്കെയും പൊയ്പോയല്ലോ
ഇന്നങ്ങു നേടും കൂലികൊണ്ടു വല്ലതും വാങ്ങി
വന്നീടേണമേ തിരിച്ചങ്ങാണെ! ദൈവത്താണെ!
കുട്ടിയൊന്നില്ലേ നമു,ക്കല്ലെങ്കിലതിൻകാര്യം
പട്ടിണിയായിപ്പോമേ! പാവത്തെ മറക്കൊല്ലേ!
വരണേ നാഥനന്തിമയങ്ങുംമുൻ-പെ" ന്നോതി-
ക്കരയും കല്യാണിയിൽ കണ്മിഴി പകരാതെ!
"വരട്ടേ; നോക്കാ, മൊരുകുപ്പിയിങ്ങു, ണ്ടിന്നത്തേ-
യിരവിന്നതുപോരുമെന്നു ഞാൻ പക്ഷേ വയ്ക്കാം
കേറാതെ കഴിക്കണം ഷോപ്പിൽ; എൻകാലോ പിന്നിൽ
നൂറാനവലിച്ചാലുമങ്ങോട്ടേ പായൂതാനും
എന്തൊരു ശനി-ബാധ-മാരണം-ആട്ടേ, നോക്കാ--
മന്തിയോടടുക്കട്ടെ, യപ്പൊഴല്ലയോ വേണ്ടു?"
എന്നുരചെയ്തുപോയ, പതിയെക്കാത്തുംകൊണ്ടാ--
ണവൾ നിൽക്കുന്നിണ്ടി-തു വാതിൽക്കൽ കിടാവുമായ്
ആശയും നൈരാശ്യവുമങ്ങിമിങ്ങുമായ് നിന്നു
വാശിയിൽ വടംവലി നടത്തും ഹൃത്തട്ടുമായ്
നിൽക്കുവാനാമായിട്ടു നില്പതല്ലങ്ങസ്സാധു
കൈക്കുഞ്ഞു കരയുവോൾ; കർത്തവ്യം കണ്ടീടാത്തോൾ

VII


വന്നുവന്നീല കാന്തൻ തന്മുന്നിൽ, ഉടൻ ചാടി
തന്വിതൻ മിഴിയിണയവൻതൻ കൈരണ്ടിലും;
ത്സടിതി പിന്നെപറ്റിപ്പിടിച്ചുകേറീ പാഞ്ഞു
മടിയിൽ-തോർത്തിൻ തുമ്പിൽ-കക്ഷത്തിൽ-ചുമൽപ്പാട്ടിൽ;
ഉത്തമാങ്ഗത്തിലെത്താൻ നടുങ്ങി, മുഖത്തിങ്കൽ
സ്തബ്ധമായല്പംനിന്നു തറമേൽ താനേവീണു
ശൂന്യമാണശ്ശരീരം മുഴുവ,നൊരു ചെറു--
ധാന്യത്തിൻ നിഴല്പോലുമങ്ങതിൽ തട്ടീട്ടില്ല!
ഓതിനാൾ ഹതാശയായ് സാധ്വിയാൾ "അയ്യോ!- രാത്രി
പാതിപോയല്ലോ! കുഞ്ഞു പട്ടിണിക്കൂടായല്ലോ!

[ 20 ]

അങ്ങയാമിലവിനെക്കാത്തല്ലോ ഞാനുംകിളി;
എങ്ങനെ കഴിയേണ്ടൂ മേല്വരും യാമം രണ്ടും?
എന്തിപ്പോൾ ചെയ്യേണ്ടൂ ഞാ;നെങ്ങുചെന്നിരിക്കെണ്ടൂ!
വെന്തിടുന്നല്ലോ മനം; ഭർത്താവേ! ഹാ! ഭർത്താവേ!
എന്നാഥ , നിപ്പൈതലിന്നച്ഛ; നങ്ങൊരു പുമാ,--
നെന്നാലിക്കുഞ്ഞ, ങ്ങയാൽ ഞാനു, മിമ്മട്ടായല്ലോ!
എന്നുരച്ചവശയായ് നിൽക്കുമാസ്സതിതൻ വാ--
ക്കൊന്നുമാബ്ഭൂതത്തിന്റെയുള്ളത്തിലേറുന്നീല.
ഏതു ഭർത്താവ്, ഭാര്യ, പൈതൽ, പട്ടിണി രാത്രി--
യോതുവാനില്ലങ്ങോന്നു മൊക്കെയും പരബ്രഹ്മം.
ഓതിനാൻ ഭദ്രൻ: "ഏതു രാവെടീ നട്ടുച്ചയ്ക്ക്?
നീ തനിക്കമ്പക്കാരി, യല്ലെങ്കിൽ കുടിച്ചവൾ.
രാവേതു പകലേതു നീയേതിക്കിടാവേതി--
ങ്ങീവേളയേത് ഞാനേതോർക്കുന്നോ? കളിക്കുന്നോ?
പണ്ടാരംവയ്ക്കട്ടെ നിൻ പട്ടിണിപ്പാടും നീയു,--
മുണ്ടാക്കീടുന്നോ കൊലപാതകം? ദൂരെപ്പോടീ!
അല്ലെങ്കിൽ വാടീ!തൊണ്ടയ്ക്കകത്ത് തീ കത്തുന്നു;
വല്ലതും കൊണ്ടുവാടീ വായൊന്നു നനയ്ക്കുവാൻ.
ഇങ്ങുവാ പൊന്നേ! കണ്ണേ! കൊണ്ടുവാ! വാവാ! വേഗം;
എങ്ങെടീ എങ്ങെങ്ങെടീ? എങ്ങെങ്ങെങ്ങെടീ കുപ്പി?
വേണമിക്ഷണം കുപ്പി - കുക്കുപ്പി - കുക്കുപ്പിപ്പി--
യാനന്ദം നിത്യാനന്ദ; മാനന്ദം ബ്രഹ്മാനന്ദം!
കൊണ്ടുവാ പോയ്ക്കൊണ്ടുവാ; കൊണ്ടുകൊണ്ടുവാ"യെന്നു
ശണ്ടകൂടുന്നു പാപി ശാപഗ്രസ്തനെപ്പോലെ.
പാടവം പാവത്തിനേതമ്മട്ടിൽ മുന്നിൽക്കേറി-
"ക്കോടയിൽ കുളിച്ചവൻ" കോമരം തുള്ളിടുമ്പോൾ?

VII



പറന്നുപോയീ ദൂരെ പ്രത്യുല്പന്നമാം മതി;
കറങ്ങീ കീഴ്മേൽമറിഞ്ഞുഴിയും ഗഗനവും;
ഒന്നുമേ തോന്നീലാദ്യമുത്തരമോതാൻ; ഉണ്ടായ്‌
പിന്നെയസ്സതിക്കൊരു ഭീമമാം ഭുതാവേശം.
"കുപ്പിയോ? ഹാ! ഭർത്താവേ! പിന്നെയും? തരട്ടെ ഞാൻ.
കുപ്പിയൊ,ന്നെനിക്കങ്ങു നൽകിയ തങ്കക്കുപ്പി?
രക്ഷസ്സ,ങ്ങർദ്ധരാത്രിയീവേള, മനസ്സെങ്കിൽ,
രക്ഷിക്കാമിക്കുപ്പിയെ-യല്ലെങ്കിലുടച്ചിടാം.
കൈവളർത്തട്ടേ ശാന്തിയങ്ങേയ്ക്കീദ്ദഹത്തിന്നു
ഹാ! വിവേകമോ കുഞ്ഞിൻമാറിലെചെഞ്ചോരയോ?
ഈമട്ടിലൊരു നിശയിനിമേൽ ഞാൻ കണ്ടിടൊ--
ല്ലീമട്ടിലൊരുനില വരുത്തൊല്ലാർക്കും വിധി!

[ 21 ]

എന്നോതി നൈരാശ്യത്തിൽത്തന്നെത്താൻ മറന്നവൾ
തന്നോമൽക്കിടാവിനെ-തൻ പ്രേമഭണ്ഡാരത്തെ-
മദ്യമത്തനായ് മഹാക്രുദ്ധനായ് നിൽക്കും തന്റെ
ഭർത്താവിൻ കരത്തിങ്കൽ-കാലദംഷ്ട്രയിൽ-ചേർത്താൾ
മുടിമുത്തുതാൻ വത്സേ! മുഗ്ദ്ധകൾക്കു നീ; ഹന്ത!
ചുടലച്ചെന്തീയിലിത്തുമ്പപ്പൂവർച്ചിച്ചല്ലോ!
"കുപ്പിയോ? കൊള്ളാമെടി! നല്ലകുപ്പിയിക്കുപ്പി!"
ആപ്പിശാചേവമോതിപ്പൈതലിൻ കഴുത്തിങ്കൽ
കോർക്കടപ്പെടുക്കുവാൻപോലവേ കൈവയ്ക്കുന്നു;
മേൽക്കുമേൽ വാവിട്ടേങ്ങിപ്പൈതലും കരയുന്നു.
തയ്യലാൾ "ചതിക്കൊല്ലേ! കുഞ്ഞിനെക്കൊല്ലല്ലേ"യെ-
ന്നയ്യവും വിളിയുമായ് താണുകേണിരിക്കുന്നു.

IX


വൈതരണ്യഭിഖ്യാമാറ്റിലെക്കലുഷാംബു;
യാതനാലോകത്തിലെത്തപ്തസീസകുദ്രവം;
മർത്ത്യനെത്തിര്യക്കാക്കും പൈശാചരസായനം;
ബുദ്ധിക്കു സദ്യോമൃത്യു നൽകിടും പടുക്ഷ്വേളം;
ദാഹത്തെ വർദ്ധിപ്പിക്കും മൃഗതൃഷ്ണികാരസം;
മോഹമാം ധൂമദ്വജന്നാഹുതിക്കുള്ളോരാജ്യം;
ശീലത്തിൻ പിണ്ഡക്രിയയ്ക്കുതകും തിലോദകം;
കാലനൂരിലേയ്ക്കുള്ള മോട്ടോറിൻ പെട്രോൾത്തൈലം
പാട്ടിലെത്തുവോർക്കാപത്തേകുന്ന മധുപർക്കം;
ജ്യേഷ്ഠതൻ വിശ്വാധിപത്യാഭിഷേചനതീർത്ഥം;
കീർത്തിസൗധത്തിൽ ശനി വീഴ്ത്തിടും പാഴ്ത്താർമഷി;
ധൂർത്തനാം കലിക്കുള്ള ദുർജയം വരുണാസ്ത്രം;
ഇത്തരം മറ്റെന്തുള്ളു മാനുഷർക്കനർത്ഥമായ്
മദ്യമേ! സർവ്വത്തിലുമാദ്യന്തമവദ്യമേ?
ശ്രീകൃഷ്ണൻ താങ്ങായ്‌നിന്ന യാദവവംശത്തിനെ
നീ കൃതാന്തത്വം പൂണ്ടു നിശ്ശേഷമൊടുക്കീലേ?
പീതങ്ങൾ നിൻബിന്ദുക്കളോരോന്നുമുദന്വാനായ്
പ്രേതസ്വർല്ലോകങ്ങൾക്കു മദ്ധ്യത്തിൽ മർത്ത്യൻ കാണ്മൂ.
പരിചിൽ സരസ്സിലുമാറ്റിലും കിണറ്റിലു--
മരിമപ്പളുങ്കൊളിത്തെളിനീർ തിളങ്ങവേ;
ചെറുനാരങ്ങ--രസപ്പൊന്നുണ്ട--കടതോറും
വരുവിനെന്നു നമ്മെത്തന്മെയ്യാൽ വിളിക്കവേ;
വിടർന്ന മലർതോറും പറന്നു തേനീച്ചകൾ
മടുത്തേനീട്ടിക്കൂട്ടി നമുക്കു നൽകീടവേ,
പച്ചപ്പുൽ തിന്നീടുന്ന പശുക്കളകിടിനാൽ
മെച്ചമാം പാൽ ചുരത്തിതൊഴുത്തിൽ നിന്നീടവേ;

[ 22 ]

തെങ്ങുകൾ പച്ചക്കുടനിഴലിലിളനീരു
തങ്ങും തൻ ശിരസ്സുകൾ നമുക്കായുയർത്തവേ;
ദുർഗന്ധത്തിന്നു നാറും-ദുസ്സ്വാദിന്നോക്കാനിക്കും-
ഇക്കെടുമരവെള്ളം മർത്യനും മോന്തുന്നല്ലോ!
ഹന്ത! ലോകോപകാരവ്രതിയാം കേരത്തിന്റെ
കണ്ഠത്തിൽ ചെത്തുകത്തി ഘാതകനിറക്കുന്നു;
അന്നന്നു കഴുത്തറുത്തന്നന്നു നിണംചാടി--
ച്ചന്നന്നു തഞ്ചുണ്ണാമ്പുമൺപാത്രം നിറയ്ക്കുന്നു;
നുരയും പതയുമായ്ച്ചളിച്ചു നാറുന്നൊര--
മ്മരനീർ തീയിൽവാറ്റി, മർത്ത്യജി-ഹ്വയിൽ വീഴ്ത്തി
ധ്വാന്തത്തെപ്പുലർത്തുന്നു മദ്ധ്യാഹ്നത്തിലും; മുഴു--
ഭ്രാന്തശാലയാക്കുന്നു മാതൃഭൂവക്ഷസ്സിനെ!
ഇപ്പണിക്കായോ നരന്നേകിനാനീശൻ ബുദ്ധി-
കല്പവൃക്ഷത്തിൽനിന്നു കാകോളം ചമയ്ക്കുവാൻ?

X


പൈതലിൻ കഴുത്തിങ്കൽനിന്നു തൻ ഭർത്താവിന്റെ
കൈതട്ടിക്കളഞ്ഞിടും സ്വാധിതൻ മിഴിവഴി
നാലഞ്ചു കണ്ണീർക്കണം വീഴുന്നു തുടരെയ-
പ്പാഴൻതൻ കരത്തിലു,മപ്പുറം മാർത്തട്ടിലും;
ഛിന്നഭിന്നമായ്പ്പോയ തദ്ധൃത്തിൻ ഖണ്ഡംപോലെ;
തന്നിളങ്കിടാവിന്റെ നിസ്താരരത്നംപോലെ;
നൈദാഘകാലാന്തത്തിൽ നൽ-വർഷോപലംപോലെ;
ഭൂതോച്ചാടാനക്ഷമം പ്രോക്ഷണീതീർത്ഥംപോലെ.
പെട്ടെന്നു മിന്നൽപ്പിണർ ഹൃത്തട്ടിലേതോ പാഞ്ഞ
മട്ടിൽ തൻകരം കുഞ്ഞിൻ കണ്ഠത്തിൽനിന്നും നീക്കി;
അതിനെക്കൈയിൽ വാങ്ങിയശ്രുപിന്നെയും വാർക്കും
സതിയിൽ ഭദ്രൻ മിഴിയർപ്പിപ്പൂ നിഷ്പന്ദമായ്
നോക്കുക! സഹോദര! നോക്കുക! നിൻ കണ്ണുകൾ
മേൽക്കുമേലാറാടട്ടെയക്ഷംഗാപ്രവാഹത്തിൽ;
നീ തികച്ചുമേ കാൺക നിൻ മുന്നിൽ നിന്നീടുമ--
പ്പാതിവ്രത്യാധിഷ്ഠാനദേവതാവിശേഷത്തെ
ആ വണ്ടു രണ്ടും ചെന്നു പറ്റട്ടേ പുതുതാമി--
ദ്ദേവിതൻ കഴുത്തിലെപ്പിച്ചകപ്പൂമാലയിൽ
സാധ്വിതൻ വക്ഷസ്സെങ്ങും വ്യാപിക്കുമക്കണ്ണുനീർ
പേർത്തും നീ നിന്നെക്കാണും കണ്ണാടിയായീടട്ടെ.
പാർത്തുകണ്ടാവൂ നീയദ്ധർമ്മമൂർത്തിയേയും ത--
ന്മാർത്തട്ടിന്നകം വാഴും നിന്നെയും വേണ്ടുംപോലെ
നിൻപൂർവപുണ്യമാകും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച
ബിംബമാണതിങ്കൽ നീ കാണും നിൻ പ്രതിബിംബം

[ 23 ]

                      XI
തന്നക്ഷിക്കാന്ധ്യം നീങ്ങിത്തൻ ഗൃഹശ്രീയെബ്ഭദ്ര--
നന്നത്രേ സാക്ഷാൽക്കരിച്ചാദ്യമായ് ജയിപ്പവൻ;
ഏതു കൂരിരുട്ടിന്നുമൊടുവിലുഷസ്സൊന്നു--
ണ്ടേതു കല്‌പാന്തത്തിനുമഗ്രത്തിൽ കൃതയുഗം.
നന്മതൻ നിഴൽതട്ടും തിന്മയ്‌ക്കു കുശലം താ--
നിമ്മന്നിലിന്നല്ലെങ്കിൽ നാളെയോ മറ്റന്നാളോ.
തൻകല വെൺപക്കത്തിൽ ചന്ദ്രന്നു പരിപൂർണ്ണം;
ഗംഗയിൽ ചേർന്നോരോടപ്പാഴ്‌നീരും ഗംഗാജലം.
ഇല്ലധോബിന്ദുവിന്നു താഴെപ്പോയാർക്കും വീഴ്‌ച;
ചെല്ലുന്നു നാമങ്ങെന്നാൽ പിന്നേടമുയർച്ചതാൻ.
ശുദ്ധമേ നഗ്നമാക്കാൻ ദുഷ്‌ക്കാലം തുടങ്ങുംബോൾ
ഹൃത്തലിഞ്ഞീശൻ കാക്കും; ചേലയും മേന്മേൽ തരും.
നോക്കിനാൽ വീണ്ടും വീണ്ടുമമ്മൃണാളിനിയേയു--
മാക്കൊച്ചുതങ്കത്തെയും തന്നെയും നന്നായ് ഭദ്രൻ.
തൻപുമർത്ഥലക്ഷ്യവും തൻ തൽകാലാവസ്ഥയും
തമ്മിലുള്ളോരു ദൂരമീക്ഷിച്ചാൻ ഭയങ്കരം.
ആവതെന്തയ്യോ! ഹാ! ഹാ! ദൈവമേ? കറങ്ങുന്നു
പാവത്തിൻ തല, കത്തിക്കാളുന്നു കരൾത്തടം;
കുഴഞ്ഞീടുന്നു കഴൽ; മങ്ങുന്നു മിഴി; മേന്മേ--
ലൊഴുകീടുന്നു ചുടുവേർപ്പുനീരുടലെങ്ങും.
ക്ഷണത്തിൽക്കണ്ടക്കാഴ്ച, വെച്ചു കുഞ്ഞിനെത്താഴെ,--
യണയ്‌പൂ തന്മെയ്യുമായ്‌ക്കാന്തനെക്കല്യാണിനി.
ഓമലാൾതൻ പുണ്യാങ്ഗസ്‌പർശത്താലവന്നുള്ളിൽ
രോമരന്ധ്രങ്ങൾതോറുമൂറുന്നൂ സുധാരസം.
താൻ പുനർജ്ജന്മലാഭധന്യനായതുപോലെ
സാമ്പ്രതം വിളങ്ങുന്നൂ സർവതോമുഖപ്രജ്‌ഞൻ
പ്രേമമേ! വിശുദ്ധമാം ഹേമമേ! മോക്ഷാപര--
നാമമേ! യോഗക്ഷേമധാമമേ! ജയിച്ചാലും!

                     XII

തന്നെയമ്മട്ടിൽത്താങ്ങിനിന്നിടും തൻ കാന്തയെ--
ത്തൻനറുംപൈമ്പാലിനെ-ത്തൻ തണൽപ്പരപ്പിനെ-
അശ്രുവാലാർദ്രമാമയക്ഷിയുഗ്‌മത്താൽ നോക്കി
നിശ്ചിതാർത്ഥമാം വാക്യമിത്തരം ചൊന്നാൻ ഭദ്രൻ
"മൽപ്രിയേ! മദ്ദീപികേ! മന്മനോമഹാരാജ്‌ഞി!
മൽപ്രാണാധികപ്രാണേ! മൽപൂജാഫലാത്മികേ!
എൻ നാഥേ! മഹാഗുണശാലിനി! മൃണാളിനി!
നിന്നാൽ ഞാൻ സമുത്തീർണ്ണൻ, നിന്നാൽ ഞാൻ സമുത്ഥിതൻ.

[ 24 ]

രണ്ടുണ്ടു പുരുഷന്നു ധർമ്മാധ്വജ്യോതിസ്സുകൾ-
അന്തരാത്മാവൊ,ന്നൊന്നു പത്നിയാൾ ബഹി:പ്രാണൻ
ദീനം പോയ്, ഭ്രമംവിട്ടു, ജാതകപ്പിഴ നീങ്ങി,
ഞാനിതാ ഞാനാകുന്നേൻ വീണ്ടും നിൻ കരുണയാൽ.
ദ്രാഘീയസ്സാമെൻ സ്വപ്നം വിട്ടു ഞാൻ പ്രബുദ്ധനായ്;
രാഹുവിൻ വക്ത്രംവിട്ടു മുക്തനായ് രാകാശശി
സുരലോകമീയൂഴി ഗൃഹത്താൽ; അതില്ലാഞ്ഞാൽ
മരുഭൂ-ശവസ്ഥാനം-പാതാളം-കുംഭീപാകം
കണ്ടകങ്ങളായ്ത്തീർത്താൻ നാന്മുഖൻ പുരുഷരെ--
ക്കണ്ടകം നൊന്തപ്പുറം പൂക്കളായ് വധുക്കളെ
ഇണചേർന്നിണങ്ങീടുമിവയാൽ വിളങ്ങുന്നൂ
പനിനീർമലർതോപ്പിൻ പരിചാർന്നിപ്പാരിടം
വാനിൽനിന്നാഴിയ്ക്കുള്ളിൽ വാരുണി വീഴിച്ചവൻ
വാനിൽവന്നിനൻ നിൽക്കും നാളെയും പുലർച്ചയിൽ
അമ്മഹസ്സെന്നുൽഗതിക്കാദർശമായീടട്ടെ;
ജന്മം ഞാൻ ജയിപ്പിക്കാം; നീയല്ലീ സധർമ്മിണി?
നിന്നാണെ ഞാനൊന്നോതാമെന്നാണെയിക്കുഞ്ഞാണെ--
യിന്നിശീഥത്താണെയെന്നീശന്റെ തൃക്കാലാണെ!
ആരെന്നെയിക്ഷർത്തത്തിൽത്തള്ളി? ആമ്മദിരയാം
മാരിയെ-ക്കൃതാന്തന്റെ കൃത്യതൻ നിഷ്ഠീവത്തെ
പേർത്തും മേൽ സേവിപ്പീലെൻ നാവിനാൽ-ത്വക്കാൽ മൂക്കാൽ
നേത്രത്താൽ-കർണ്ണത്തിനാൽ-പ്രജ്ഞയാൽ-സ്വാന്തത്തിനാൽ
കാണട്ടേ മുന്നോട്ടേയ്ക്കുപോമെന്നെത്തടുത്തിടാൻ
ത്രാണി മറ്റെന്തിന്നുണ്ടിശ്ശത്രുവെൻ കാൽക്കീഴായാൽ?

XII


ഈ മട്ടിൽ പ്രതിജ്ഞചെയ്തപ്പുമാൻ താൻ സൂക്ഷിച്ച
പാഴ്മദ്യക്കുപ്പിയൊന്നു-തന്നൊടുക്കത്തേക്കുപ്പി-
നിരത്തിൻമുക്കിൽ നിൽക്കും കരിങ്കല്ലിന്മേൽ വലി--
ച്ചെറിഞ്ഞാനോടിച്ചെന്നു വലങ്കൈകൊണ്ടാഞ്ഞോങ്ങി
നവ്യഭൂലോകയാത്രാരംഭത്തിലവൻ ചെയ്‌വാൻ
ദിവ്യനാം ഗണേശന്നു തേങ്ങയേറുണ്ടോ വേറെ?
വൈരിയാം മദ്യത്തിനെപ്പോരിൽ വെന്നവൻ താക്കും
ഭേരിതന്നാദ്യധ്വനി, യായതിൻ ധ്വംസധ്വനി
ഹാ! തകർന്നതിന്റെ ചില്ലുദ്വാസത്തിങ്കൽ സുരാ--
ബാധതൻ ബലിക്കൊടപ്പൂപോലെ പതിക്കുന്നു
വായ്പെഴും നൈരാശ്യത്തിൽ പൽക്കണ്ഠസൂത്രം പൊട്ടി-
ച്ചാബ്ഭൂതം താഴത്തേക്കു വലിച്ചങ്ങെറികയോ?
തച്ഛത്മം ധരിച്ചൊരാദ്ധീരൻതൻമുഖം നോക്കി--
യജ്ജ്യേഷ്ഠ വമിക്കയോ ഭാവഗർഭമാം സ്മിതം?

[ 25 ]

ലഗ്നമായ്ക്കാണ്മൂ മുന്നിൽ ദ്രവമൊന്നതേതാ, മ--
ബ്ഭഗ്നതൻ തപ്താശ്രുവോ? പ്രേതത്തിൻ ഹൃദക്തമോ?
മദിരാപിശാചിയോടന്ത്യമാമാമന്ത്രണം
മതിമാൻ ഭദ്രനേവമാചരിച്ചനന്തരം
ഏതകാലമാകിലുമാകട്ടെ; ഭൈക്ഷ്യം നേടി-
പ്രീതനായ് തൻപൈതലിൻ സൗഹിത്യം വളർത്തിനാൻ
ശ്രേഷ്ഠമാമാചാരത്താൽ ചെറ്റുനാൾപോകെത്തീർന്നാ--
നാഢ്യനാ, യരോഗിയായ്, മൈത്രനായ്, മഹാത്മാവായ്.
തിന്മകൾക്കെല്ലാം തിന്മ ലോകത്തിൽ മദിരതാൻ;
നന്മകൾക്കെല്ലാം നന്മ പതിദേവതയും താൻ


ഐക്യഗാഥ

മ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്റെ
മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന--
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ
മാനത്തു വട്ടത്തിൽപ്പാറുമിപ്പക്ഷിതൻ
തേനൊലിക്ഷാനത്തിൻ സാരമെന്തോ?
എന്നയൽനാട്ടിൽനിന്നെൻനാടു വേറെയ--
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു
തൻതിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി--
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിൽ നിന്നിടിദ്ദുന്ദുഭി കൊട്ടിയി-
ക്കാർമുകിലെന്തോന്നു ഗർജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മദ്ധ്യത്തിൽ നിന്നുരയ്പൂ
മന്ദമെൻഹൃ,ത്തതിൻ സ്പന്ദത്താൽച്ചെയ്യുമീ--
മന്ത്രോപദേശത്തിൻ മർമ്മമെന്തോ?
ആപ്പരബ്രഹ്മം താൻ ഞാനെന്നു കൂറുന്നു
രാപ്പകലെന്നോടെന്നന്തര്യാമി


ഭാമ

ണ്ണിയുഷസ്സൊളിചിന്നിയുയർന്നുച്ചയായി;
പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി.

[ 26 ]

ഇക്ഷണത്തിൽക്കാലമാകും വൻകടലിൻ മാറിൽനിന്നി--
ക്കൊച്ചുപകൽനീർക്കുമിള കാണാതെയാമോ?
ആകിലെന്തു? മറയട്ടെ വാസരവുമതിൻദുഷ്ടു--
മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി
ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു;
പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കൽ?
വാടിയ പൂ ചൂടുന്നീല വാർകുഴലിൽ പ്രകൃത്യംബ,
ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല
പ്രതിക്ഷണമസ്സവിത്രി തനയർക്കായ്ത്തൻ കനിവാം
പുതുവെള്ളമൊഴുക്കുന്നു പുഴകൾ തോറും
ചേലിലുമ്പർ മഴവില്ലിൻ ചാറെടുത്തു വാനിടമാം
മാളികയ്ക്കു ചായമിടും കാലമിതല്ലോ!
അതു കാണ്മി,നനുഷ്ഠിപ്പിനവസരോചിതമെന്നു
കഥിക്കുന്നു നമ്മെ നോക്കിക്കിളിക്കിടാങ്ങൾ.

ii


വാനിലേവം പല വർണ്ണമൊന്നിനോടൊന്നുരുമ്മവേ,
ദീനതാപമിളംതെന്നൽ തീർത്തു ലാത്തവേ;
ആഢ്യരത്നാകരോർമ്മിക്കു വിഷ്ണുപദമണിതന്നെ
മാർത്തടത്തിൽ പതക്കമായ് ലാലസിക്കവേ;
വ്യോമവീഥി താരഹാരമണിയവേ; പുരിമങ്ക
ഹേമകാന്തിയെഴും ദീപദാമം ചാർത്തവേ;
വാടി നറുമലർമാല ചൂടീടവേ; കുയിലിനം
പാടിടവേ; വരിവണ്ടു മുരണ്ടീടവേ
കുളിർമതിയമൃതൊളിക്കതിർനിര ചൊരിയവേ;
മലയജരസം മാറിൽ മഹി പൂശവേ;
വാനും മന്നുമൊന്നിനൊന്നു മത്സരിച്ചു ചമയവേ
മാനുഷർക്കു മറ്റെന്തുള്ളു മാമാങ്കോത്സവം?

iii


ഭാമയെന്ന പേരിലൊരു പാർവണേന്ദുമുഖിയുണ്ടു
ഭാമിനിമാർ തൊടും ചെറുഫാലാലങ്കാരം
പതിനെട്ടോടടുത്തിടും വയസ്സവൾ;ക്കന്നുതന്നെ
പതിവ്രതമാർക്കത്തന്വി പരമാദർശം
ചിരകാലമകലത്തു വസിച്ച തൻ ദയിതന്റെ
വരവന്നു കാത്തിരിപ്പൂ വരവർണ്ണിനി
കുളിരിളന്തളിരൊളിതിരളും തൻ കളേബരം
കിളിമൊഴിമുടിമണി കഴുകി വേഗാൽ,
ആട,യണി,യലർമാല,യങ്ഗരാഗമിവകൊണ്ടു

[ 27 ]

മോടിയതിന്നൊന്നിനൊന്നു മുറ്റും വളർത്തി,
വാരുലാവും തന്നുടയ മാളികയിൽ മരുവുന്നു,
മേരുവിങ്കലിളങ്കല്പവല്ലരിപോലെ.
ഏതു ശബ്ദമെങ്ങുനിന്നു പൊങ്ങുകിലു-മതുതന്റെ
നാഥനുടെ വരവൊന്നാനാരിപ്പൂൺപോർപ്പൂ;
ചിന്മയമായ്ജഗത്തെല്ലാം ബ്രഹ്മനിഷ്ഠർ കാണുംപോലെ
തന്മയമായ്ത്തന്നേ കാണ്മൂ സർവവും സാധ്വി

iv



മണിയറയ്ക്കരികിലായ് മങ്കയൊരു ശബ്ദംകേട്ടാൾ;
മണവാളൻ വന്നുവെന്നായ് മത്താടിക്കൊണ്ടാൾ.
ഭാവം മാറി ഹാവമായി; ഹാവം മാറി ഹേലയായി;
പൂവൽമേനി പുളകത്താൽ ഭൂഷിതമായി;
ആരതെന്നു താർമിഴിയാൽ നോക്കീടവേ കാണുംമാറായ്
ഹീരദത്തൻ നിജതാതൻ നില്പതു മുന്നിൽ.
ഒന്നു ഞെട്ടിപ്പിൻവലിഞ്ഞു സങ്കുചിതശരീരയായ്
സുന്ദരാംഗി ജനകൻതൻ പാദം ഗ്രഹിച്ചാൾ
"കൈതൊഴുന്നേൻ പിതാവേ! ഞാൻ, കനിഞ്ഞാലു"മെന്നു ചൊന്നാൾ
ഭീതിയോടും ലജ്ജയോടും സംഭ്രമത്തോടും.
"മതി ഭാമേ! മതി പോകൂ മണിയറയ്ക്കുള്ളിൽ! നിന്റെ
പതിയുണ്ടോ വന്നുവെന്നു പരിശോധിച്ചേൻ;
വേറെയൊന്നുമില്ല ചൊൽവാൻ" എന്നുരച്ചാൻ ദത്തൻ നാവാൽ;
വേറിട്ടൊരു മനോഗതമാനനത്താലും
കോപമുണ്ടു, താപമുണ്ടു, നിന്ദയുണ്ടു, തന്മുഖത്തിൽ;
ഹാ! പിഴച്ചതെന്തു താനെന്നറിഞ്ഞുമില്ല.
ഏകപുത്രി ഹീരന്നവൾ, ഏതുനാളും ജനകനിൽ
കൈകടന്ന കനിവൊന്നേ കാണുമാറുള്ളോൾ;
ഏന്തൊരാപത്തെന്നോർത്തു ബന്ധുരാങ്ഗി നടുങ്ങവേ
പിന്തിരിഞ്ഞു നടകൊണ്ടാൻ ഭീതിദൻ താതൻ.

v



വലിശതനതോന്നതം വക്ത്രമേറ്റം വിറയ്ക്കവേ;
കലിതുള്ളിക്കരൾക്കളമഴിഞ്ഞീടവേ;
ഇറങ്ങുന്നു കോണിവഴി ഹീരദത്തൻ; ചിലതെല്ലാം
പറയുന്നു തന്നോടായിപ്പലിതാപീഡൻ
"പരിഷ്കാരം പോലുമിതു! ഭഗവാനേ! മുടിഞ്ഞോരി-
പ്പരിഷ്കാരത്തിൻ തലയിലി-ടി വീ-ഴണേ!
പാതകപ്പാഴ്ച്ചരക്കേറ്റും പടിഞ്ഞാറൻ പടവിതു

[ 28 ]

പാതാളത്തിന്നടിയിൽപ്പോയ്പ്പതിക്കണമേ!
എത്തിയല്ലോ കലിമുറ്റിയിന്നിലയിൽ-; മനുവിന്റെ
"ന സ്ത്രീ സ്വാതന്ത്ര്യമർഹതി" നാടുവിട്ടല്ലോ!
ഏവളിവൾ? എന്റെ മകൾ ഭാമയല്ല-മൂവന്തിയിൽ
തേവിടിശ്ശി ചമയുന്ന ധിക്കാരക്കാരി.
ശീലമെന്യേ ശീലയുണ്ടോ, നാണമെന്യേ കാണമുണ്ടോ
ബാലികയാൾക്കൊരു കുലപാലികയാകുവാൻ?
ഓമനപ്പൂന്തിങ്കളെന്നു ഞാൻ നിനച്ചോരിജ്ജ്യോതിസ്സു
ധൂമകേതുവായോ തീർന്നു? ധൂതമെൻ ഭാഗ്യം!
നടക്കട്ടെ പുതുമോടി; നശിക്കട്ടെ പൂർവാചാരം;
ഒടുക്കത്തെപ്പെരുവെള്ളമുടൻവരട്ടെ"
എന്നു ചൊല്ലിപ്പിതൃപാദനിറങ്ങുന്നു; സന്നതാങ്ഗി
തന്നുടയ വിധിയോർത്തു തപിച്ചിടുന്നു
"ഇതുമങ്ങേ ലിഖിതമോ വിധാതാവേ? ജനകന്നു
പതിദേവതയാം ഞാനോ പദവിവിട്ടോൾ?
എൻപ്രിയനെബ്ഭജിക്കുവാൻ ഞാൻ തുടരും സതീവ്രത-
മെൻപിതാവിന്നിത്രമാത്രം ഹിതമല്ലെന്നോ?
കന്യയല്ല, രണ്ഡയല്ല, പരിവ്രാജകയുമല്ല;
തന്വിയാം ഞാൻ ചരിക്കുന്നു തൻ വധൂ ധർമ്മം
സാദരമെൻമേനിയാമിപ്പൊന്മലരാൽ പ്രിയൻ നിൽക്കെ-
യേതു ദേവദേവനെനിക്കാരാദ്ധ്യനാവൂ?
ഹന്ത ഞാനെൻപിതാവിന്നുമപലപനീയയായാ--
ലെന്തുതന്നെയെന്നെ നോക്കിയന്യരോതില്ല?"
എന്നു ചൊല്ലിക്കരയുന്നു കിളിമൊഴി; കുളുർമുല--
ക്കുന്നു രണ്ടും കഴുകുന്നു ചുടുകണ്ണീരിൽ.

vi


മണവാളൻ ഹൈമൻ വന്നാൻ മണിയറയ്ക്കുള്ളിൽ; കണ്ടാൻ
പ്രണയിനി കിടപ്പതു പരവശയായ്.
ദീനയവളാത്മതാപം തൻവപുസ്സാൽ നിവേദിപ്പൂ
മീനവേനൽവരട്ടിന പൂമ്പൊഴിൽപോലെ
എഴുന്നേറ്റാൾ; സമീപിച്ചാൾ, സൽക്കരിച്ചാൾ; സല്ലപിച്ചാൾ
മുഴുമതിമുഖിയെന്നും മുന്നിലെപ്പോലെ
അതിലൊരു കുറവൊന്നുമനുഭൂതമല്ലെന്നാലും
സതിയവൾ തൻസഹജം വെടിഞ്ഞോളെന്നും
പരിതാപമേതിനോടോ പടപൊരുതത്രേ ചെയ്‌വൂ
പരിചര്യ തനിക്കെന്നും, പതിക്കു കാണാം.
"അരുതരുതഴലേതുമരുവയർമണിമുത്തേ!
തിരുവുരുമലരെങ്ങോ? ചിന്താഗ്നിയെങ്ങോ?
ഏതുപിഴയറിയാതെ ചെയ്തുപോയ് ഞാൻ? അതിന്നെത്ര

[ 29 ]

പാദപാദശതം വേണം പ്രായശ്ചിത്തമായ്?
പ്രാണനാഥേ! തുറന്നോതൂ പരമാർത്ഥം! ശകാരിക്കൂ!
വേണമെങ്കിൽ പ്രഹരിക്കൂ പൊൻതളക്കാലാൽ!"
എന്നുരച്ചു തൻവദനമുറ്റുനോക്കും പ്രിയനോടു
തന്വി ചൊന്നാൾ:-"ഒന്നുമില്ലിതൊന്നുമേയില്ല!
അബലമാർക്കനിയതം ഹസിതവും രുദിതവും -
അബദ്ധത്തിൽ കരഞ്ഞുപൊയ് ചിരിക്കേണ്ടോൾ ഞാൻ.
എന്നുചൊല്ലിക്കുളിരിളംപുഞ്ചിരിപൂണ്ടനുകനെ- -
സ്സുന്ദരിയാൾ സുഖിപ്പിച്ചാൾ സുഖകരമായി
ആ രജനിയത്തരത്തിലങ്ഗനതന്നകപ്പൂമാ- -
ലാരുമാരുമറിയാതെ കഴിഞ്ഞുകൂടി.

vii



അടുത്തനാളന്തിനേരമരികിൽ വന്നച്ഛൻ കണ്ടാൻ
മടുത്തൂകും മൊഴിയാളെ മറ്റൊരുമട്ടിൽ.
കോതിവകഞ്ഞൊതുക്കാത്ത കൂന്തലിങ്കലലരില്ല;
പാതിമതിനുതലിങ്കൽ ചാന്തുപൊട്ടില്ല;
കാതിൽ വൈരക്കമ്മലില്ല; കൈയിൽ മണിവളയില്ല;
കാലിലിളങ്കുയിലൊലിപ്പൊൻ ചിലമ്പില്ല;
ഹാരമില്ല കഴുത്തിങ്കൽ; കാഞ്ചിയില്ല കുടിയിങ്കൽ;
ഹീരരത്നഭൂഷയില്ല നാസികയിങ്കൽ;
ഒട്ടുമൊരു പൊൻനുറുക്കിൻ തൊട്ടുതെറിപ്പേറ്റിടാതെ
കെട്ടുമിന്നും കഴുത്തുമായ്ക്കേവലമയ്യോ!
അരിയ തൻ മലർമെയ്യിലതിന്നേതുമിണങ്ങാത്ത
വെറുമലവലപ്പഴമ്പുടവ ചുറ്റി
പാട്ടിൽ ചിന്താനിമഗ്നയായ്ഭാമ വാഴ്‌വൂ മുഖംതാഴ്ത്തി- -
യേട്ടകേറി ഗ്രസിക്കുന്നോരിന്ദിരപോലെ.
ചാരിതാർത്ഥനായി ദത്തൻ; തനതോമൽത്തനയയിൽ
പരിപൂർണ്ണപ്രത്യയത്താൽ പ്രസന്നനായി;
"കൺകുളിപ്പിച്ചിയലുമിക്കാഴ്ചയാൽ ഞാൻ ജയിക്കുന്നേൻ
എൻകുലത്തിൽ മുതുനന്മയ്ക്കിടിവില്ലിന്നും.
ഭാമയെന്റെ പൈതലല്ലേ? ഭാഗധേയത്തിടമ്പല്ലേ?
പാമരൻ ഞാനവളിലോ പാതകമോതി?
ഭാമേ! നിന്നെബ്ഭജിക്കട്ടെ ഭാവുകങ്ങൾ" എന്നു ചൊന്നാൻ;
ഭാമയതു പാതികേട്ടു; പാതികേട്ടീല
ജനകനും നടകൊണ്ടാൻ ചിബുകത്തിൻ വെളുപ്പിന്നു
പുനരുക്തിയരുളുന്ന പുഞ്ചിരിതൂകി.

[ 30 ]

വരനുടൻ വന്നുചേർന്നാൻ; വനിതമാർമുടിപ്പൂൺപിൻ
പരവശനില കണ്ടാൻ; പരിതപിച്ചാൻ
"കരഞ്ഞാളിന്നലെ രാവിൽ കരൾനൊന്തെൻ കളവാണി;
പരമാർത്ഥമെന്നിൽ നിന്നു മറച്ചുവച്ചാൾ
നളിനാക്ഷി പൂണ്ടിരുന്നാൽ നവവധൂചിതവേഷം;
കുളിരെനിക്കരുളിനാളകതളിരിൽ.
പേർത്തുമിന്നാമട്ടുവിട്ടെൻ പ്രേമധാമമമരുന്നു
ബൗധസംഘാരാമത്തിലെബ്ഭിക്ഷുണിപോലെ
മതിർഭ്രമമുദിക്കയോ? മറുത താൻ ഗ്രഹിക്കയോ?
പതിയുടെ ചിത്തവൃത്തി പരീക്ഷിക്കയോ?
എന്നു ചിന്തിച്ചമ്പരക്കും തൻ പ്രിയനോടോതി ഭാമ;
"സുന്ദരമോ ദയിതന്നിശ്ശുദ്ധമാം വേഷം?"
"എന്തുചോദ്യമിതു ഭാമേ? നിൻ പ്രിയൻതൻ വധു നീയോ?
നിൻ തുകിലോ? നിന്നണിയോ? നിൻ തിലകമോ?
ശങ്കയെന്തിന്നിത്തരത്തിൽ? തത്വമോർക്കൂ! ഭവതിക്കു
തങ്കമേ! ഞാനെന്നുമെന്നും ദാസാതിദാസൻ.
തന്വി! നിൻ നിരാഭരണസുന്ദരമാം തനുവിതു
മുന്നിലേറ്റം ദയിതന്നു മോഹനമല്ലീ?"
എന്നുരച്ചൊരുമ്മവച്ചാൻ പങ്കിലമാം തന്മുഖത്തിൽ;
തന്നുടയ ചൊടി കൈയാൽ തുടച്ചാൽ പിന്നെ
അതിനൊന്നും മറുപടിയളിവേണിയരുളാതെ
മൃദുമന്ദസ്മിതസിത വിതറി നിന്നാൾ
ആയിരവുമപ്പുറവും ചിന്തയവർക്കുള്ളിലേറ്റി-
യായിരവും ചെന്നുപറ്റിയഹർമ്മുഖത്തിൽ

ix


അത്തരുണിയെത്രമാത്രമാതിഥേയിയെന്നുകാണ്മാ-
നസ്തമനസന്ധ്യയൊന്നു വീണ്ടുമങ്ങെത്തി
ജായയുംതാൻ; പുത്രിയും താൻ! വേണ്ടതെന്തെ-ന്നങ്ങുമിങ്ങു-
മൂയലാടിക്കളിക്കയാണോമലാൾക്കുള്ളം.
പതിയുടൻ വന്നുചേർന്നാൻ; പടുവൃദ്ധൻ ജനകനും,
പ്രതിപത്തിവിമൂഢൻ, തൽപരിസരത്തിൽ.
ഭൃശമവർ മൂന്നുപേരും വിശദമായ് കേൾക്കുംവണ്ണ--
മശരീരിവാക്കൊന്നപ്പോളവതരിച്ചു
"ഹീരദത്ത! ഹീരദത്ത! ഹീനമീനിൻ വ്യവസായം;
നീരലർമിഴിയിവളിൽ നീതികേടില്ല.
നിന്റെ ലോക പരിചയം നിഷ്ഫലമായ്ത്തീർന്നുവല്ലോ,
ഹന്ത! നീ നിൻ പൂർവ്വവൃത്തം മറന്നുവല്ലോ.

[ 31 ]

ഒരു മതിമുഖിയാളെസ്സധർമ്മിണിയാക്കിയോൻ നീ;
തരുണിമക്കളിപ്പൊയ്ക തരണം ചെയ്തോൻ.
ഏതുമട്ടിൽ നിൻപ്രിയയെയന്നു കാണ്മാൻ കൊതിച്ചു നീ;
ഏതുമട്ടിലവൾ നിനക്കന്തിയിൽ മേവി?
സ്മൃതിധർമ്മം നരഹൃത്തു ശരിവരയ്ക്കനുഷ്ഠിച്ചാൽ
മതി,യന്നു മഹിയിതു പകുതിനാകം?
തക്ക മാറിത്തോടയാവാം; തോട മാറിക്കമ്മലാവാം;
അക്കണക്കിൽ വരും മാറ്റമല്പവിഷയം.
കാതണിയാൽ മുഖത്തിന്നു കാന്തിയേറുമെന്ന തത്വ-
മാദരിപ്പൂ പണ്ടുമിന്നും ജായാപതിമാർ.
"അലങ്കുർവീത നിശയാം സദാ ദാരംപ്രതി"യെന്ന
പഴയ സദുപദേശമാപസ്തംബോക്തം.
അണിയണം പുമാനെന്നരുളിനാനമ്മഹർഷി;
വനിതതൻ കഥയുണ്ടോ വചിപ്പാൻ പിന്നെ?
പഴയതു പുകഴ്ത്തുന്നു; പുതിയതു പഴിക്കുന്നു;
പഴയതും പുതിയതുമറിഞ്ഞിടാത്തോർ,
പഴയതു മരാമര, മിടയിലേതിത്തി-ൾക്കണ്ണി;
പഴയതു കലർപ്പറ്റാൽ പുതിയതായി.
പരസ്വം താൻ കുലകന്യ; ജനിതാവിന്നധികാരം
പരിണയത്തോളവും താൻ നിജസുതയിൽ.
വെണ്മതിയും യാമിനിയും വേളികഴിഞ്ഞൊന്നുചേരു-
മംബരത്തിൽ വാഴ്വീലർക്കനൗചിത്യവേദി.
നൂനമവരേതുവിധം ലോകയാത്ര ചെയ്‌വതെന്നു
താനുളിഞ്ഞു നോക്കുന്നീലസ്സഹസ്രപാദൻ.
ഇന്നലത്തേദ്ദിനം തന്റെ സന്തതിയാമിദ്ദിനത്തെ -
ത്തന്നുരുവിൽ വളർത്തുകിൽ താഴും തദ്വംശം
ദിനന്തോറുമുദയത്തിൻ ദിനകരനുണരുന്ന
ജനതയിൽ നവാദർശം ജനിപ്പിക്കുന്നു.
ജീവനറ്റ വകമാത്രം ചീഞ്ഞുമണ്ണിലടിയുന്നു;
ജീവനുള്ളതശേഷവുമുൽഗമിക്കുന്നു
ഹരിദ്വാരത്തിങ്കൽ ഗങ്ഗയൊരുമട്ടിലൊഴുകുന്നു;
പരിചിൽ മറ്റൊരു മട്ടിൽ പ്രയാഗത്തിങ്കൽ;
പല ശാഖാനദികളാം സഖികൾ തൻ സമാഗമ-
മലമതിന്നകവിരിവരുളീടുന്നു.
പേർത്തും പച്ചപ്പട്ടുടുക്കും യൗവനത്തിൽ പിലാവില
വാർദ്ധക്യത്തിൽ മാത്രം ചാർത്തും കാഷായം മെയ്യിൽ.
"തീർന്നിടേണമിക്ഷണത്തിൽ നീയുമെന്നോടൊപ്പ-"മെന്നു
ശീർണ്ണപർണ്ണമോതുന്നീല പല്ലവത്തോടായ്
കാലനേറും കരാളമാം കരിമ്പോത്തിൻ കഴുത്തിലേ
ലോലഘണ്ടാരവമല്ലീ ദത്ത! നീ കേൾപ്പൂ.

[ 32 ]

ഹാ! മറ്റെന്തു ചെവിക്കിമ്പം നിനക്കിപ്പോൾ നിൻകിടാവിൻ
കോമളക്കൈത്തരിവളക്കിലുക്കമെന്യെ?
ഏതു പുരുഷാന്തരവുമായതിന്റെ യോഗക്ഷേമം
സാധിക്കുകിൽ മതി; ഭാവി ഭാവിയെക്കാക്കും.
ബന്ധിക്കൊല്ലേ നാമിന്നത്തെക്കൈയാമത്താൽ നമ്മുടയ
സന്തതിയെസ്സംവർത്താദിത്യോദയത്തോളം.
നൂനമയഞ്ഞതു പൊട്ടും തുണ്ടുതുണ്ടായ്ക്കുറെനാളി --
ലാനൃശംസ്യവ്രതമല്ലീ കാലം ചരിപ്പൂ?
പരിണാമകങ്ങളാകും പരിതഃസ്ഥിതികൾക്കൊപ്പം
പരിപാടി ലോകമെന്നും പരിഷ്കരിക്കും."
ഈ മാതിരിവചസ്സിനാൽ ഭാമ തന്റെ സുതയല്ല,
ജാമാതാവിൻ പ്രിയയെന്നു ധരിച്ചനേരം
പഴയതിൽ ശത്രുവല്ല പുതിയതെന്നുള്ള തത്വം
കിഴവന്നു ബോദ്ധ്യമായി; സുഖവുമായി
കാലോദേശോചിതമാകും കർമ്മാധ്വാവിൽ സഞ്ചരിച്ചാർ
ശ്രീലരാമദ്ദമ്പതിമാർ ശീലനിധിമാർ.



മാറ്

"ഹോയി ഹോയ് ഹോയ്" എന്നൊരാളാട്ടുന്നു വഴിക്കുനി;-
ന്നായതു ചെവിക്കൊൾവീലാഗമിപ്പവനന്യൻ.
"മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലൻ നീ;-
യാരണൻ ഞാൻ" എന്നവർ പിന്നെയും തകർക്കുന്നു.
ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോൻ!
പോകയാണുഷസ്സിന്കൽ ഗംഗയിൽ സ്നാനത്തിനായ് !!
സാമാന്യനല്ലപ്പുമാൻ, സർവ്വജ്ഞൻ, ജിതേന്ദ്രിയൻ,
ശ്രീമച്ഛ്ന്കരാചാര്യരദ്വൈതവിദ്യാഗുരു.
ആയവൻ തർജ്ജിപ്പതോ ലോകബാഹ്യനാമൊരു
നായാടി - ധർമ്മാഭാസം നായാടും വനമൃഗം.
ദുസ്ത്യജം കൂടപ്പിറപ്പായിടും ജാതിദ്ദുർബ്ഭ-
ള്ളത്രമേൽ തനിക്കുതാൻ പോന്നോരാം മഹാന്മാർക്കും.

ii



പുഞ്ചിരിക്കൊണ്ടാവാക്കിന്നുത്തരം ചൊന്നാൻ വന്ന
പഞ്ചമൻ: "ജാതിപ്പിശാചങ്ങെയും വിട്ടീലല്ലോ!
തീണ്ടലോ പരിവ്രാട്ടേ! ജീവിയെജ്ജീവി? ക്കെത്ര-
യാണ്ടുപോയ് ഹാ ഹാ! ലോകമജ്ഞാനച്ചളിക്കുണ്ടിൽ!

[ 33 ]

ഞാനൊന്നും ധരിക്കാത്തോനെന്കിലും ചോദിക്കട്ടെ-
മാനുഷൻ ദേഹത്തിന്കല്ദ്ദേഹിയേപ്പൂണ്മോനല്ലീ?
ഈ രണ്ടിൽത്തീണ്ടേതിന്നു? പാഞ്ചഭൗതികം ദേഹ-
മാരണന്നൊപ്പം തന്നെയന്ത്യജന്നുള്ളോന്നല്ലീ?
താനൊറ്റക്കുശക്കുഴിമൺകുഴച്ചല്ലീ തീർപ്പൂ
മാനുഷർക്കശേഷവും ലോകേശൻ കളേബരം?
പെറ്റിടും മുന്പൊന്നുതാൻ, ചത്തിടും പിൻചെന്നുതാൻ
മറ്റുമിമ്മണ്ണോക്കെയും; തീണ്ടലേതിടയ്ക്കിതിൽ
ദേഹിതോ പിന്നെത്തീണ്ടൽ ദേഹിയെ? ബ്-ഭേദാതീത-
മേകമദ്വയം ദേഹിയെന്നല്ലീ വേദാന്തോക്തി?
കതിരോൻ സുരയിലും സുരനിഗ്നഗയിലും
പ്രതിബിംബിക്കുന്നില്ലേ സമമായ് സമദർശി?
ആരെയാർക്കപ്പോൾ തീണ്ടലേതുപാധിയാൽ? നമ്മ-
ളൗരസാത്മജരല്ലീ ഭൂദേവിക്കഖിലരും?
മൗലികമാമിത്തത്ത്വമോർക്കാതെയല്ലീ ഭവാൻ
ബാലിശം "മാറെ" ന്നുള്ള വാക്കെന്നോടുരയ്ക്കുന്നു?
അങ്ങങ്ങേ മറന്നുപോയ് - കാശിയെ ജ്ജാതിഭ്രാന്തിൽ -
ഗംഗയെ - സ്സാക്ഷാദ്വിശ്വനാഥനെ - ബ്രഹ്മത്തിനെ.
തഞ്ചത്തിലങ്ങാർന്നൊരിസ്സന്യാസിവേഷം കണ്ടു
പുഞ്ചിരിക്കൊൾവൂ കാലം പുലരിവ്യാജത്തിനാൽ

iii



വൈമല്യം വാച്ചിടുമാ വ്യാധൻ തൻ വാക്യം പാഞ്ഞു
വാർമെത്തും ഗങ് ഗയ്ക്കൊപ്പം ഭിക്ഷുവിൻ മനക്കാമ്പിൽ.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠൻ വീണ്ടും സ്വസ്ഥനായി ശമാധീനൻ.
ഓർക്കയും ചെയ്താൻ: "ഹാ ഞാനെന്തയ്യോ പുലമ്പിനേൻ
മൗർഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊൻമേടത്തലയ്ക്കുമേൽ കാക്കതൻ കാഷ്ഠം വീഴാം:
നിമ്നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താർമകൻ തൻകൈക്കളി കണ്ടതാർ? പൊഴിക്കുന്നു
നാന്മറപ്പുന്തേൻമാരി നാവിനാൽ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധർമ്മവ്യാധൻ
വ്യാസനാൽ പ്രകീർത്തിതൻ; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂർണ്ണനായ്ത്തീർക്കുവാനിദ്ദേഹത്തിൻ
സന്നിധാനത്തെദ്ദൈവം കല്പിച്ചാൽ തെറ്റെന്തതിൽ?"
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
"സത്യം താൻ ഭവദ്വാക്യം സർവവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ -
ദ്ദൈവം ഞാൻ സ്ഖലൽപദൻ മർത്ത്യനെന്നോർപ്പിക്കുന്നു.

[ 34 ]

അങ്ങയെദ്ദർശിച്ചാവാമെൻ ശാപവിമോചന -
മങ്ങേക്കൈ തൊട്ടിട്ടാവാമെൻ തേരിൻ പുരോഗതി.
വൈശസം ചെയ്തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി; [1]
യാചിപ്പൻ ക്ഷമാഭിക്ഷ - യായതെൻ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക -
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യൻ.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാൻ പാതിയേ പഠിച്ചുള്ളു.
അങ്ങുതാൻ തദുൽഗ്രന്ഥശിക്ഷകൻ - യാവജ്ജീവ -
മങ്ങേയ്ക്കെൻ സഭാജനമദ്വൈതപ്രവക്താവേ !"
എന്നുരച്ചവൻ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിൻ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്നാനം പുനരുക്തമായ്ത്തീർന്നു.

iv



അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു -
മിത്തരം സംഭാഷണം ചെയ്തകന്നതിൽപ്പിന്നെ.
ധാത്രിയെന്തതിൻ പൊരുളെന്നിന്നുംധരിപ്പീല;
ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
പന്കമറ്റുണ്ടായ് പോലും ഭാരതോർവിയിൽപ്പണ്ടു
ശന്കരാചാര്യർക്കൊരു ചണ്ഡാലമഹാചാര്യൻ;
എന്നതാനീയൈതിഹ്യമർത്ഥവാദാകാരത്തിൽ-
പ്പിന്നാളിൽ സത്യാനൃതമെന്തതിൽച്ചേർന്നീടിലും.
എന്താവാമിതിൻ സാരം? സംഭൂതനെന്നായ് വരാം
മന്താവാം മഹാനേകൻ മാതംഗവംശത്തിന്കൽ.
ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
അദ്ദേശപ്രാന്തത്തിന്കൽ വാണിടും വ്യാധൻപോലു -
മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീർന്നു.
ഉപരിഗ്രന്ഥങ്ങൾ തൻ പഠനം കൊണ്ടല്ലാതെ -
യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
ശുദ്ധനാമദ്ദേഹത്തിൻ മുന്നിൽ - എന്തോതാം? - ഒരു
പുസ്തകം തിന്നും പുഴ പൂജ്യനാം ജഗൽഗുരു!
ആചാര്യൻ തപസ്വിയാമന്നിഷാദനെപ്പറ്റി
രാജാവിൻ മുന്നിൽക്കടന്നാക്രോശം തുടർന്നീല;
ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോൽ കൊണ്ടല്ലതിൻ
മാനമെന്നോർത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.

[ 35 ]

ആത്മജ്ഞനാമാവ്യാധനാചാര്യഗുരുവെങ്കി-
ലാത്മജ്ഞാനാപ്തിക്കേതു തദ്വംശ്യർക്കപാത്രത്വം?

V



ഞാനറിഞ്ഞീടുന്നുണ്ടു ചണ്ഡാലനല്ലപ്പുമാൻ
ദീനബാന്ധവൻ ശിവൻ താനെന്ന ജനശ്രുതി
ശങ്കരൻ ബ്രഹ്മജ്ഞാനി കണ്ടിരുന്നിടാം സാക്ഷാൽ
ശങ്കരൻ തൻ രൂപത്തിലപ്പോളന്നിഷാദനെ
തന്നെപ്പോൽ ചരാചരം സർവവും കാണ്മാനുള്ള
കണ്ണുള്ളോൻ "ശിവോഹ" മെന്നോതുവോനാണമ്മഹാൻ;
അകയാലമ്മട്ടവൻ വ്യാധനെഗ്ഗിരീശനാ-
യാലോകിച്ചിരുന്നിടാമദ്ദിവ്യക്ഷണത്തിങ്കൽ.
അല്ലെങ്കിൽ ഗംഗാധരൻ തന്നെ തൽ പുരോഭുവി-
ലുല്ലസിച്ചതാകട്ടെ, യെങ്കിലും തെറ്റെന്തതിൽ
എന്തിനായ് വിശ്വേശ്വരന്നപ്പരിവ്രാട്ടിൻ മുന്നി-
ലന്ത്യജൻ തൻ വേഷത്തിലാഗമിക്കുവാൻ തോന്നി?
വർണ്ണിയായ് വരാം പണ്ടു ഗൗരി തൻ സമീപത്തി-
ലെന്നമട്ട;തല്ലല്ലോ ചെയ്തതദ്ദയാസിന്ധു
ക്ഷത്രിയൻ കിരീടിതൻ ദോർമ്മദം ശമിപ്പിച്ച
ലുബ്ധകൻ വേണം, വിപ്രൻ, 'കൈപ്പള്ളി'ക്കാന്ധ്യം നീക്കാൻ.
"ആഢ്യനാമെൻ വത്സ! കേൾ; ലോകമാം നിശ്രേണിതൻ
ചോട്ടിലുണ്ടൊട്ടേറെപ്പേരെൻ രൂപം ധരിപ്പവർ.
നിങ്ങൾതൻ സംവാദത്തിലന്ത്യജർ- സാധുക്കളാ-
മെൻ കടക്കിടാങ്ങൾ - ഞാൻ പ്രത്യേകം പോറ്റേണ്ടവർ.
എത്രമേൽ ബ്രഹ്മസൂത്രഭാഷ്യം നീ നിർമ്മിക്കിലു-
മെത്രമേൽ സർവ്വജ്ഞപീഠാരൂഢനായീടിലും
ഇക്കിടാങ്ങളും നിന്റെ സോദരന്മാരെന്നോർത്തേ
ശക്യമായ്ത്തീരൂ നിനക്കെൻ പദം പ്രാപിക്കുവാൻ.
ഇക്കാര്യം കഥിക്കുവാനിമ്മട്ടിൽ വന്നേൻ' എന്നാം
ചിൽക്കാതലാചാര്യന്നു നൽകിയോരുൽബോധനം
തൻ നായ്ക്കു തന്നോടൊപ്പം കേറിടാൻ പാടില്ലാത്തൊ-
രന്നാകമാശിപ്പീല താനെന്നാൻ യുധിഷ്ഠിരൻ.
നമ്മളോ മന്നിൽതന്നെ നമ്മൾതൻ ഭ്രാതാക്കളെ-
ദ്ധർമ്മത്തിൻ പേരിൽത്തല്ലിയോടിപ്പോരദ്വൈതികൾ!
ആകവേ നരബലി ജാതിയാം പിശാചിന്നു
ഹാ! കോടക്കണക്കിന്നു നൽകുവോരഹിംസകർ !!
"മാറെ" ന്നു നാമിന്നോതും വാക്കു നാം നാളെക്കേൽക്കും
നൂറുനൂറിരട്ടിച്ചു നാകത്തിൻ ദ്വാരത്തിങ്കൽ.
മുറ്റുമേ ലോകാചാര്യൻ ശങ്കരൻ പോലും ചൊല്ലി-
തെറ്റേറ്റ വാക്കാണാവാക്കെന്നു നാം മറക്കൊല്ലേ!

[ 36 ]


ഭാവനാഗതി

വാനത്ത് വാർതിങ്കളുയർന്നുയർന്നു
പാരത്രയും പാൽക്കടലാക്കിടുന്നു;
അതിങ്കലാറാടിയനേകലോക-
രാനന്ദപീയൂഷമശിച്ചിടുന്നു.

ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി-
ലുലാത്തി നിൽക്കുന്നു യുവാവൊരുത്തൻ;
തൻ കൈയണിക്കുഞ്ഞിനവന്റെ തയ്യൽ
താലോലമേകുന്നു സമീപമെത്തി.

ചിരിച്ചിരുന്നോരു കിടാവു തെല്ലു
ചിണുങ്ങി വെൺതിങ്കളെ നോക്കി നോക്കി;
അച്ഛന്നുമമ്മയ്ക്കുമടുക്കൽ വേണ-
"മമ്മാവനും"; കൊച്ചനതാണു മോഹം.

കടുത്തു ചൊന്നാൾ കളവാണി: "എന്റെ
കൈവല്യവിത്തേ! കവിവാക്കു കേൾക്കൂ!
"കരത്തിൽ വേണം ശശിയെന്ന് ബാലൻ
കരഞ്ഞുകൊണ്ടാലടിതന്നെകൊള്ളും."

അകത്തുപോകാ, മരുതെന്നൊടിമ്മ-
ട്ടലട്ട"ലെന്നമ്മടവാർ ചൊടിച്ചു;
"അമ്മേ! വരില്ലമ്പിളി കൈവരാതെ --
യങ്ങോട്ട് ഞാനെ" ന്നവനും ശഠിച്ചു

കാർവേണിതൻ വാക്കവൾ തൻ പ്രിയന്റെ
കർണ്ണങ്ങളൂ-ടെ കരളിൽക്കടന്നു;
താതന്റെ കൺ വണ്ടുകൾ മാറിമാറി--
ത്തൻ കുഞ്ഞിലും ചന്ദ്രനിലും കളിച്ചു.

പഠിച്ചതാണക്കവിവാക്കു താനും;
പലപ്പൊഴും കേൾക്കുവതാണുതാനും;
എന്നാലുമന്നായതവന്റെ ഹൃത്തി-
ലേതോ വികാരത്തിനു വിത്തുപാകി.

കണ്ണീർ പൊഴിക്കും ശിശുവിന്റെ നേർക്കു
കൈ കൊണ്ടൊരോങ്ങോങ്ങി കയർത്തു നല്ലാർ;
"കാട്ടൊല്ല വിഡ്ഢിത്തര"മെന്നു ചൊല്ലി-
ക്കടന്നതിങ്കൽപ്പിടികൂടി കാന്തൻ.

[ 37 ]

"താഡിക്കയോ കുട്ടനെ നീ? അതിന്നു
തായാട്ടവൻ കാട്ടിയതാരൊടാവോ?
മാഴ്കുന്നുവെന്നോ മതിയെക്കൊതിച്ചു?
മറ്റെന്തിലെന്നോമന തെറ്റുകാരൻ?

അന്തിക്കണഞ്ഞമ്പിളി വിശ്വമിമ്മ-
ട്ടാകർഷണം ചെയ് വതനീതിയല്ല!
അതിന്റെ ശക്തിക്കടിമപ്പെടുന്നോ‌-
രാരോമലെൻ കുഞ്ഞപരാധിപോലും!

ആകാശ ഗങ്ഗയ്ക്കകമേ കരത്താ-
ലാരീ വെളുത്താമ്പൽ വിടുർത്തിടുന്നോൻ;
ആത്തിങ്കളല്ലീ പിഴയാളി-വത്സ-
നക്ഷിദ്വയം നൽകിനൊരാദിദേവൻ?

ചരിപ്പതെങ്ങമ്മതി; യങ്ങുനിന്നെൻ
തങ്കക്കുടം ധാത്രിയിൽ വന്നിരിക്കാം;
അവന്റെ കൃത്യങ്ങൾ കഴിച്ചു വീണ്ടു-
മങ്ങോട്ട് പോകുന്നതുമായിരിക്കാം..

പ്രാശിച്ചുവോ രോഹിണിതൻ മുലപ്പാൽ
പണ്ടെന്റെ കുട്ടൻ വിധുമണ്ഡലത്തിൽ?
വാരിക്കളിച്ചോ ബുധനോടുകൂടി
വാനപ്പുഴത്തൂമണൽ? ആരുകണ്ടു!

ഹാ! നാം നിനയ്ക്കും വിധമിക്കിടാവി-
ന്നജ്ഞാതനല്ലമ്പിളി,യായിടേണ്ട;
മുഴുക്കെയെൻ പൈതലിനുള്ളിൽനിന്നു
മുജ്ജന്മബന്ധസ്മൃതി മാഞ്ഞിടേണ്ട.

ആ വേഴ്ച ശീതാംശു മറന്നിരിക്കാം;
അല്ലെങ്കിലെന്തിത്ര വരാനമാന്തം?
അധഃപതിച്ചാൽ സ്വജനങ്ങളേയു-
മത്യുച്ചരാവോരറിവീലതന്നെ

അല്ലെങ്കിലും മംഗലദേവതയ്ക്കു-
കൂടപ്പിറപ്പാം കുളിർതിങ്കളിങ്കൽ
ആശാങ്കുരം വായ്പതിനാരെയാർക്കു
കുറ്റപ്പെടുത്താനധികാരമുള്ളൂ?

ആശിക്ക! സൃഷ്ടിയ്ക്കു ജഗൽ പിതാവു--
മാശിച്ചുവെന്നായ്[2] ശ്രുതി പൊങ്ങിടുന്നു;

[ 38 ]

നരന്നു തൻ ജീവിതമാശ, മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.

അഹോ! നികൃഷ്ടം തൃണവും വെറുക്കു --
മാദർശസൗഭാഗ്യമകന്ന ജന്മം;
അതല്ലയല്ലോ നിലയെൻ കിടാവി --
ന്നവന്റെ മാർഗ്ഗങ്ങൾ ശിവങ്ങൾ തന്നെ.

വിളക്കിലല്ലെൻ ശിശുവിന്നു വാഞ്ഛ;
മിന്നാമിനുങ്ങിൽ നിരയിന്കലല്ല
താരോൽകരത്തിന്കലുമല്ല: സാക്ഷാൽ
ചന്ദ്രന്കൽ - ഉമ്പർക്കമൃതൂട്ടുവോൻകൽ!

അത്യുച്ച മത്യുച്ച, മവന്റെ ജന്മം;
അത്രയ്ക്ക് മേന്മയ്കവനർഹനല്ലീ?
ആർക്കും കനിഞ്ഞത്തരമാശനൽകു--
മാദർശസമ്പത്തഭിമാനമല്ലീ?

ആശപ്പെടുന്നോൻ വ്യവസായശാലി;
അദ്ധ്വാനശീലൻ ഫലമാസ്വദിപ്പോൻ;
ആശിച്ചു നാം ജന്മമവന്ധ്യമാക്കാം;
ആശയ്ക്കുതാൻപോലഖിലാർത്ഥസിദ്ധി.

അത്യുൽകടാശാഫലമായ് ജഗത്തി --
ലണുക്കളദ്രീശ്വരരായിടുന്നു
ആശിപ്പതെന്തി, ന്നതു നാളെ നേടാ --
മപാവൃതം മർത്ത്യനതിൻ കവാടം.

ഇന്ദുക്കളോരോ ശതകത്തിൽ നമ്മൾ --
ക്കിന്നുള്ള സമ്പത്തുകൾ മിക്കവാറും;
ഏകാന്തമായ് മാനുഷനിച്ഛവച്ചാ --
ലേതിന്ദു തൽകന്ദുകമിന്നുമാകാ!

അഹോ! ജയിക്കുന്നു ചെറുപ്പ-മാരു-
മസാദ്ധ്യമെന്തെന്നറിയാത്തകാലം,
ആശയ്ക്കു മർത്ത്യന്നതിരിട്ടിടേണ്ടൊ--
രാവശ്യമില്ലാത്ത ദശാവിശേഷം.
 

അസാദ്ധ്യം-ആ വാക്കുലകത്തിലാദ്യ--
മാത്മാവസാദപ്രദമാരുരച്ചു;
അവന്റെ നാവാമസിയേറ്റു മർത്ത്യ--
നാലസ്യകൂപത്തിലധഃപതിച്ചു.

അസാദ്ധ്യം! - ഇസ്സംസൃതിസിന്ധുവിമ്മ--
ട്ടാകല്പകാലം പ്രവഹിച്ചിടുമ്പോൾ;

[ 39 ]

തപിച്ചു നീർത്തുള്ളിയുമാവിയായി--
ത്താരാപഥത്തോളമുയർന്നിടുമ്പോൾൾ;

സച്ചിന്മഹസ്സോടുമരക്ഷണത്തിൽ
സായു-ജ്യമേല്‌പാൻ കഴിവുള്ള മർത്ത്യൻ
അവന്റെ വീര്യം ഗ്രഹിയാതെയെന്തി--
ന്നബദ്ധ, മപ്പല്ലവിയാലപിപ്പൂ?        (യുഗ്‌മകം)

എടോ കിടാവേ! ശരി നീ കൊതിപ്പ--
തേണാങ്കബിംബം കരതാരിലാവാൻ.
ആയാലുമാകായ്‌കിലുമെന്തു? നിന്നി--
ലറ്റംവരയ്‌ക്കക്കൊതി നിന്നിടട്ടേ.

പരസ്വമാകേണ്ടതുമായതും നീ
പാടില്ല കാമിപ്പതു, പാപമാകാം;
ആർക്കുള്ള വിത്തം ശശി? ആരവങ്ക--
ലത്യാശയാർന്നാലപരാധിയാവോൻ?

സൽകർമ്മനിശ്രേണി ചമച്ചതിങ്കൽ
"ഛാന്ദോഗ്യർ" കാണിച്ച വഴി[3]ക്കുകേറി
ചന്ദ്രങ്കലെത്താമൊരുനാൾ ശശിക്കെൻ
തങ്കത്തിനൊറ്റശ്ശതകം കഴിഞ്ഞാൽ.

അല്ലെങ്കിൽ വൈജ്‌ഞാനികശാസ്ര്‌തമേകു--
മാകാശയാനം വഴി പാഞ്ഞു വത്സൻ
സജീവനായ്ച്ചന്ദ്രനു കൈകൊടുക്കാം
ശക്രൻ പകച്ചക്ഷതി കണ്ടു നിൽക്കെ

അതല്ലയെന്നാലവദാതമാകു--
മാചാരമാർന്നെന്നരിമക്കിശോരൻ
പ്രശസ്‌തനാകെ, പ്രകടീഭവിക്കാം
പാരിന്നു വേറിട്ടൊരു പാർവണേന്ദു.

അന്നന്നു ലോകത്തിനു വാച്ച താപ--
മന്നന്നു പോക്കുന്ന കരങ്ങളേന്തി
ഉദിച്ചിടാമുണ്ണിയിലൂഴിമാതി--
ന്നുൾപ്പൂ കുളിർപ്പിപ്പതിനുത്സുകത്വം.

വൈരം തമസ്സൊന്നൊടിയന്നു, വക്‌ത്രം
മന്ദസ്‌മിതംകൊണ്ടു മനോജ്‌ഞമാക്കി;
ചരിച്ചിടാമോമന സൽപഥത്തിൽ
സമ്പൂർണ്ണസൗഖ്യം സകലർക്കുമേകി.

[ 40 ]

താൻ നേടിവെച്ചീടിന ചന്ദനത്തെ--
ത്തൻമാറിടത്തിങ്കലണിഞ്ഞിടാതെ -
അങ്ങുള്ള പാഴ്ചേറഴിയാതെ- മിന്നാ--
മപ്പ,ന്നതന്യർക്കഖിലർക്കു മേകി.

മിഥ്യാഭിജാത്യക്കെടുഗർവു മെയ്‌‌ക്കു
വിലങ്ങുവെച്ചാലതു വെട്ടിമാറ്റി
മകന്നു ചെല്ലാം മനതാരലിഞ്ഞു
മാടത്തിലും മാളികയിൽക്കണക്കേ.

മാസാർദ്ധമാർജ്ജിച്ച വസുക്കൾകൊണ്ടു
മാസാർദ്ധദാനം പതിവായ് നടത്തി
ആചാര്യനാകാമഖിലർക്കുമുണ്ണി-
കന്യാർത്ഥമുള്ളോരസുധാരണത്തിൽ.

തനിക്കു പറ്റും ക്ഷിതിയിങ്കൽനിന്നു
തൻ പൗരുഷത്താലഭിവൃദ്ധി നേടി
താതന്നു കാട്ടാം വ്യവസായ ബന്ധു
ദൈവത്തൊടെന്നും സമശീർഷനെന്നായ് .

ധ്യാനിച്ചിവണ്ണം ശശിയെ ക്രമത്തിൽ
തദ്രൂപനായാൽ സമയം വരുമ്പോൾ
മറഞ്ഞിടാം വത്സനു വംശതന്തു
മായാപ്പുകൾത്തിങ്കളെ മന്നിൽനിർത്തി.

വൻകൂരിരുട്ടിൻ വദനത്തിൽ വീഴും
മർത്ത്യവ്രജത്തിന്നു വലച്ചിൽ നീങ്ങാൻ
കനിഞ്ഞുകാട്ടും വഴി, മുന്നിൽ നിന്നു
കല്പ്പാന്തകാലം വരെയപ്രദീപം.

വിരിഞ്ചനും കാലവശൻ ജഗത്തിൽ
മിന്നാമിനുങ്ങിൻ കളികാട്ടിനിൽക്കെ
എനിക്കു പോരേ ചരിതാർത്ഥനാവാ--
നെൻപുത്രനും പൗത്രനുമേവമായാൽ ?

കണ്ണീരു നീ വാർപ്പതു മേലിൽ നിന്റെ
കാര്യദ്രുമം കായ്‌‌പ്പതിനായിടട്ടേ
കുരച്ചിലിക്കേൾപ്പതു നിൻജയത്തിൽ
കല്യാണശംഖദ്ധ്വനിയായ് വരട്ടെ.

കവേ! ശിശുക്കൾക്കടി ശിക്ഷനൽകാൻ
കല്പ്പിച്ചൊരങ്ങെത്ര കഠോരചിത്തൻ !
താരും ചരൽക്കല്ലുമിണക്കി മാല
സരസ്വതിക്കങ്ങു ചമച്ചുവല്ലോ!!!

[ 41 ]

<poem> പ്രിയേ! നിനക്കുണ്ണികളെപ്പുലർത്താൻ പിതാമഹൻ നല്കിന ബാഹുവല്ലി മകന്റെയീ മാന്തളിർ മേനിയിങ്കൽ വജ്രായുധം പോലെ പതിച്ചിടാമോ?

ചിന്തിച്ചു നോക്കൂ! ദയിതേ നമുക്കു തിങ്കൾക്കിടാവിച്ചെറുപൈതലല്ലീ? ഇത്തിങ്കൾ നേടാൻ കൊതിപൂണ്ട നമ്മെ-- യീശൻ ഹനിപ്പാൻ തുനിയാത്തതെന്തേ?

സത്താകുമാശക്കു ഫലത്തെ നല്കും സർവേശ്വരങ്കൽ സഖി ! വിശ്വസിക്കൂ! തങ്കക്കുടത്തെസ്സകലേന്ദുഭക്തി-- സമ്പന്നനാക്കൂ! ചരിതാർഥനാക്കൂ! "

ആനന്ദബാഷ്പപ്പുതുമുത്തുമാല-- യണിഞ്ഞ പോർകൊങ്കകളോടൂകൂടി മണാളനോതും മൊഴി മങ്ക കേട്ടാൾ , മാറത്തണച്ചാൾ, മകനെപ്പുണർന്നാൾ.

നീവെന്നുകുഞ്ഞേ! നിലവിട്ടൊതുങ്ങി നിന്നമ്മ" യെന്നമ്മടവാരുരയ്ക്കെ "വെൽവാൻ ശരിക്കാരെയു" മെന്നു ചൊൽവൂ വെൺമുത്തൊളിപ്പുഞ്ചിരി തൂകി വത്സൻ .

"അതേ! ജയിക്കായ് വരുമെൻ കിടാവി-- ന്നശേഷലോകത്തെയു" മെന്നു ചൊല്ലി. കുനിഞ്ഞു ചുംബിപ്പു - യുവാവവന്റെ കുഞ്ഞിക്കവിൾത്തട്ടുകൾ നൂറുവട്ടം.

"തഥാസ്തു"വെന്നായ് വിവിധാഗമങ്ങൾ സമാശ്രയിക്കും ദ്വിജരോതിടുന്നു; ചന്ദ്രൻ നഭസ്സിങ്കലതൊക്കെ നോക്കി-- സ്സാകൂതമന്ദസ്മിതമാർന്നിടുന്നു.


അതുമിതും

വിണ്ണാറ്റിൻ വെള്ളത്തോടൊതുന്നു ചാരായം  : "നിന്നിൽ നിന്നെൻ നിലയെത്ര മെച്ചം  ! ആരെയും തീരാത്ത ദാഹത്തിൽ വീഴ്ത്തുവോ-- നാരെയും ഭ്രാന്തിൽ ഞാൻ മത്താടിപ്പോൻ


<poem> [ 42 ]

നിന്നെക്കൊണ്ടെന്താവും?" മൂകമാം ഗംഗാം- ബു
കണ്ണുനീർ തൂകുന്നു കാരുണ്യത്താൽ.

സാധ്വിയോടോതുന്നു ധൂളിപ്പെ"ണ്ണെന്നെ നീ
പാർത്തുവോ? ഞാനെത്ര ഭാഗ്യമുള്ളോൾ!
ഏതു പൂമ്പാറ്റയെൻ മെയ്‌ത്തീയിൽ വേകുന്നീ--
ലേതുകൈക്കോടു ഞാനേകുന്നീല!
ആനന്ദമെന്തു നീ കണ്ടു?" തൻ കാതിൽക്കൈ--
യാനതവക്‌ത്രയായ് വയ്‌പൂ സാധ്വി.

വൈദ്യനോടോതുന്നു പോരാളി: "ഞാനെത്ര
കീർത്തിമാൻ! കൈനിലച്ചുണ്ടെലി നീ.
ഏതൊരു മെയ്യിലും പായുവോന്നെൻ ശസ്ര്‌ത-
മാതുരൻതന്മെയ്യിൽ നിന്റെ ശത്രം
ഞാനല്ലീ നിൻ വൃത്തി പാലിപ്പോൻ?" പുഞ്ചിരി
താനറിഞ്ഞീടാതെ കൊൾവൂ വൈദ്യൻ.

യോഗിയോടോതുന്നു വിത്തേശൻ: "ഞാനത്രേ
യോഗവാൻ; നീയല്ലീ പിച്ചതെണ്ടി?
മേടയും മെത്തയും ധാന്യവും നാണ്യവും
പേടമാൻ നേർമിഴിമാരുമെന്യേ
എന്തിന്നു ജീവിതം?" താപസൻ ലോകത്തി--
ന്നന്ധതയോർത്തുനിന്നംബരപ്പൂ.

ഭൗതികവിജ്‌ഞാനമദ്ധ്യാത്മജ്‌ഞാനത്തോ--
ടോതുന്നു: "സോദര! പോരും ധ്യാനം!
ലോകത്തിന്നുൽഗതി ഞാനല്ലീ സാധിപൂ?
ദേഹിക്കു ദൈവത്തിൻ മേന്മ ചേർപ്പൂ?
പാഴ്‌ക്കിനാവെന്തുണ്ടു നേടുവാൻ?" ആ വാക്കു
കേൾക്കുന്നീലദ്ധ്യാത്മജ്‌ഞാനമേതും.


ആ കണ്ണുനീർ

ക്കണ്ണീർ- അതേ! പണ്ടു നാരദമഹർഷിതൻ
വാഗ്ഗങ്ഗയ്‌ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും
കോൾമയിർക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!
വാല്‌മീകേ! ഭവാനാറ്റിൽ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്
പോകവേ; നീഡദ്രുമപ്പുന്തേനാൽ യഥാകാല--
മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി
വാണിടും യുവക്രൗഞ്ചയുഗ്‌മത്തിൽ ഗൃഹേശനെ-
ബ്ബാണമെയ്‌തന്യായമായ് ലുബ്‌ധകൻ വധിക്കവേ;

[ 43 ]


വൈധവ്യശോകാഗ്നിയാൽ തപ്‌തയാം തൻപത്‌നിതൻ
രോദനം ഭൂദേവിതൻ കർണ്ണങ്ങൾ ഭേദിക്കവേ;
കണ്ടുപോലങ്ങക്കാഴ്ച-യല്ലല്ലക്കൂരമ്പുടൻ
കൊണ്ടുപോൽ, ക്കടന്നങ്ങേക്കണ്ണിലും കാരുണ്യാബ്‌ധേ!
തീക്കനൽദ്രവം കണക്കപ്പൊഴങ്ങുതിർത്തതാ--
മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ!

                       ii

മൗലിയിൽക്കിരീടമായ് മഞ്ഞിൻകുന്നിനെച്ചൂടി
മാറിങ്കൽപ്പൂണാരമായ് വാനോരാറ്റിനെച്ചാർത്തി,
വാണിടും പുണ്യക്ഷോണി കൂടിയും സന്താപത്തിൻ
ഹാനിക്കക്കണ്ണീർക്കണം കാത്തിരിക്കതാൻ ചെയ്‌തു;
ആത്തപ, സ്സാസ്വാദ്ധ്യായ, മാപ്രജ്‌ഞ, യാവിജ്‌ഞാന,-
മാദ്ദി, ക്കാപ്പുഴക്കരപ്പൂങ്കാ, വാനട്ടുച്ചയും
മുന്നവും വായ്-പോ-രങ്ങു മൂല്യമായെന്നേകിയ-
ക്കണ്ണുനീർമു, ത്തന്നു താൻ കാവ്യകൃൽപദം നേടി.
ശ്ശാഘ്യനാം വീണാവാദച്ഛാത്രനാകിലും ഭവാ--
ന്നാക്കണ്ണീർകണ്ണാടി താൻ കാണിച്ചു രാമായണം.
അർക്കൻതൻ കരത്തിനാൽത്തങ്കമിട്ടൊരാ വൈര--
ക്കൽക്കമ്മൽ കാതിൽച്ചാർത്തിക്കാരുണ്യസ്‌മിതം തൂകി,
ഭർത്താവിൻ ശ്രുത്യുക്തിയാൽ കല്‌പിച്ച ജിഹ്വാഗ്രം വി--
ട്ടെത്തിനാൾ നൃത്തംവയ്‌പാൻ വാഗ്‌ദേവിയങ്ങേ നാവിൽ.

                   iii

അക്കണ്ണീർ നടയ്‌ക്കൽനിന്നർത്ഥിക്കൊരാഢ്യൻവീഴ്‌ത്തും
കൈക്കുംബിൾത്തണ്ണീർ ഭള്ളിൻ ശൗല്‌ക്കികേയകംഅല്ല,
അങ്ങും പണ്ടാ-വേടന്റെ വൃത്തിതാൻ കൈക്കൊണ്ടുപോ--
ലങ്ങെക്കൈയമ്പും ഖഗപ്രാണങ്ങൾ ഭക്ഷിച്ചുപോൽ.
നൂതനമങ്ങുതിർ-ത്തൊ-രക്കണ്ണീ, രതിന്മൂലം
സ്വാനുഭൂതിയാൽ ശുദ്ധം--സ്വാനുപാതത്താൽ ശുഭം.
പാർത്തിടാമങ്ങേസ്സൂക്തിയോരോന്നുമദ്ദിവ്യാശ്രു--
തീർത്ഥത്തിൽ മജ്ജിക്കയാൽ സ്‌നിഗ്‌ദ്ധമായ്, പ്രസന്നമായ്
ശാസിച്ചൂ ചെങ്കോലേന്തി ലോകത്തെദ്ധർമ്മം; പിന്നെ-
ബ്‌ഭാഷിച്ചൂ സൗഹാർദ്ദത്തിൽ തന്മാർഗ്ഗം ചരിക്കുവാൻ;
ആന്തരം ഫലിച്ചീല; വേണമായതിന്നോമൽ-
കാന്തതൻ പൂപ്പുഞ്ചിരിക്കൊഞ്ചലും കൺകോണേറും.
അത്തരം കാവ്യാങ്ഗനാരത്‌നത്തെജ്ജനിപ്പിപ്പാൻ
ശക്തനായ്‌ത്തീർന്നൂ ഭവാനക്കണ്ണീരുതിർക്കവേ.

[ 44 ]

ആക്കണ്ണീർ പതിക്കയാലാർദ്രമാം ഭൂഭാഗം താ-
നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.
അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു-
തർപ്പിക്കെജ്ജപിച്ചതാം "മാനിഷാദാ"ദ്യം മന്ത്രം-
ആദ്യത്തെച്ചതുഷ്പാത്താം ഗായത്രി-ധരിത്രിത--
ന്നാർത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.
"ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവൻ
കാണുവോനദ്ധന്യൻതാൻ ക്രാന്തദർശനൻ കവി."
ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ---
ത്തപ്തമാം ബാഷ്പാംബുവിൻ സമ്പാതം പുരാതനം
ആ നറുംതണ്ണീരൂറ്റിൽനിന്നു താൻ പാഞ്ഞീടുന്നു
നൂനമിപ്പൊഴും സാക്ഷാൽ സാഹിതീസരസ്വതി.
ആനൃ-ശംസ്യധർമ്മോപജ്ഞാതാവേ! നമസ്കാര---
മാനന്ദഘണ്ടാമാർഗ്ഗധാതാവേ! നമസ്കാരം!


ഭാവി


ഭാവിയെപ്പരീക്ഷിപ്പാൻ ദീപത്തിൻപുരോഭൂവിൽ
ദൈവജ്ഞൻപരൽവാരി വെച്ചെന്തോ ഗണിക്കുന്നു.
ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ
മേവിടുന്നതെന്നോർത്തു നോക്കുന്നു കൺ ചിമ്മാതെ.
അങ്ങെഴും പരൽക്കൂട്ടം "ഞങ്ങളോ നക്ഷത്രങ്ങ-
ളങ്ങേക്കൈക്കൊതുങ്ങുവാൻ?" എന്നോർത്തു ചിരിക്കുന്നു.
കൂറുന്നു തൽസംഘർഷം "ആമെങ്കിലെണ്ണു ചെന്നു
താരകപ്പരൽവാനാം നീലക്കല്പലകയിൽ!"
ഗൗളിതൻ വാക്കുംകേൾപ്പൂ: "ഹൃത്തിങ്കൽത്തീവച്ചൂതി
നാളത്തെപ്പഴത്തെ നാമിപ്പൊഴേ പുകയ്ക്കേണ്ട.
ജാതകം കുറിച്ചിട്ടുണ്ടീശനൊന്നെല്ലാപേർക്കും-
"ജാതന്നു തിട്ടം മൃത്യു:" വേണ്ടതെന്തതിന്മീതെ?
നന്മയ്ക്കിക്ഷണംതന്നെ മർത്ത്യന്നുലഗ്നം; വേള
തിന്മയ്ക്കില്ലെന്നാളുമീയസ്ഥിരസ്വല്പായുസ്സിൽ."


കാലം


കാലമാം ചതുഷ്പാത്തിൻ പിന്നിൽ നിന്നോതീടുന്നു
"കാലമൊക്കെയും ചെയ്യും ചെയ്യുന്നു" ണ്ടെന്നായ്ച്ചിലർ

[ 45 ]

ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്‌ക്കുന്നു;
"ദൈവാദിഷ്‌ടം താനെനിക്കെൻ ധർമ്മം- പുരോഗതി.
പക്ഷേ ഞാൻ ഗരുത്മാന,ല്ലല്‌പാല്‌പം മുന്നോട്ടു കാൽ
വച്ചുവച്ചിഴഞ്ഞിഴഞ്ഞെൻലക്ഷ്യം നോക്കിപ്പോകും.
എത്രമേൽ ഭാരം മർത്ത്യരെൻ ചുമൽപാട്ടിൽക്കേറ്റു-
മത്രമേൽപ്പതുക്കെയാമെൻയാനം തദുന്മുഖം.
എൻപേരിൽ നിങ്ങൾക്കില്ല വിശ്വാസം; ഉണ്ടെന്നാകി-
ലെൻഭാരം കുറേപ്പേറാൻ നിങ്ങൾക്കും ശിരസ്സില്ലേ?
എന്നെവിട്ടൊഴിഞ്ഞാലും പോരുമിപ്പിട്ടോതാതെ
പിന്നിൽനിന്നെൻ കാൽ കെട്ടും സൂത്രക്കാർ ഭവാദൃശർ.
'കാലമൊക്കെയും ചെയ്യും ! ചെയ്യില്ലേ?' നിങ്ങൾക്കെന്തു
വേലയിമ്മന്നിൽപ്പിന്നെ? ത്തീറ്റിയും തിമിർപ്പുമോ?"


സ്വർഗ്ഗവും നരകവും

നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും
ലോകനായകൻ തീർത്തുമർത്ത്യരോടരുൾചെയ്‌തു;
'എങ്ങോട്ടു പോകും നിങ്ങൾ?' ഏവരും ചൊന്നാരൊപ്പം
'ഞങ്ങൾ പോംവെണ്മാടത്തിൽ; കണ്ടിൽച്ചെന്നെവൻവീഴും?'
'ഒന്നു നില്‌ക്കുവിൻ വത്സർ' എന്നോതി ക്ഷണം തീർത്താൻ
പൊന്നിനാൽക്കുണ്ടിൻ പാത വർഷിച്ചാൻ രത്‌നങ്ങളെ;
കണ്മുനത്തെല്ലാൽ വിശ്വം കാൽക്കീഴിലാക്കും വേശ്യ-
പ്പെൺമണിക്കൂട്ടത്തെയും നിർത്തിനാനെങ്ങും നീളെ.
കണ്ടകം വാരിത്തൂകി വാളിൻ വായ്‌ത്തലയ്‌ക്കൊപ്പം
വിണ്ടലപ്പാതയ്‌ക്കുള്ള വിസ്‌താരം ചുരുക്കിനാൽ;-
ത്യാഗിതന്നധ്വാവെന്നു കൈകാട്ടിത്തൂൺനാട്ടിനാൻ
ഭീകരം മരുപ്രായമമ്മാർഗ്ഗം സുദർഗ്ഗമം.
'പോരുവിൻ വേണ്ടും വഴി' ക്കെന്നജൻ ചൊല്ലും മുന്നേ
നാരകം നരാകീർണ്ണം ! നിർമ്മർത്ത്യഗന്ധം നാകം ! !


താരകോപദേശം

"താഴത്തു നില്‌ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ-
മൂഴിയെക്കണ്ണീരാറ്റിൽ മുക്കൊല്ലേ; മനുഷ്യരേ!"
വ്യോമത്തിൽ സന്ധ്യയ്‌ക്കൊന്നു നോക്കിയാൽക്കാണും നമ്മ-
ളീമട്ടിൽക്കൺകൊണ്ടോരോന്നോതിടും താരങ്ങളെ
എത്രയോ ലക്ഷം ഭുവാം സോദരിതന്നാർത്തി ക-
ണ്ടത്രമേൽ മാഴ്‌കും ദ്യോവിൻ ബാഷ്‌പാംബുബിന്ദുക്കളേ

[ 46 ]

ഓതുന്നു മാലാൽ നാക്കു പൊങ്ങാത്തോരവർ:'ഞങ്ങൾ
പാദത്താൽ മർദ്ദിപ്പീല നിങ്ങളാമധഃസ്ഥരെ
നിങ്ങളെക്കനിഞ്ഞെന്നുംനോക്കുന്നുണ്ടസ്മദ് ദൃഷ്ടി; പുരസ്കൃ
തിക്കായുന്നുണ്ടസ്മദ്‌ദൃഷ്ടി;
നിങ്ങൾതൻ പുരസ്കൃതിക്കായുന്നുണ്ടസ്മൽകരം.
കൺതെളിച്ചവും നിങ്ങൾക്കുൾകുളിർച്ചയും നൽകും
ബന്ധുക്കളുച്ചസ്ഥരാം ഞങ്ങളേതിരവിലും.
നിങ്ങൾക്കും ഞങ്ങൾക്കുമായ് വാച്ചിടും ദൂരം തമ്മിൽ
നിങ്ങൾക്കില്ലല്ലോ! പിന്നെയെന്തിനിപ്പൃഥഗ്ഭാവം?"


കുറിപ്പുകൾ

[തിരുത്തുക]
  1. അന്തേവാസി എന്ന ശബ്ദത്തിന് നിഷാദനെന്നും അർത്ഥമുണ്ട്.
  2. "സോകാമയത, ബഹുസ്യാം പ്രജായേയേതി" (തൈത്തിരിയോപനിഷത്ത്)
  3. ഛാന്ദോഗ്യോപനിഷത്തിലെ ധൂമമാർഗ്ഗം
"https://ml.wikisource.org/w/index.php?title=മണിമഞ്ജുഷ&oldid=70342" എന്ന താളിൽനിന്ന് ശേഖരിച്ചത്