താൾ:മണിമഞ്ജുഷ.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രോധിക്കൂ! ഭർത്സിക്കൂ! താഡിക്കൂ! തായേ! നീ;
പാതകി ഞാൻ ബാലൻ താവകീനൻ;
ഇക്ഷണം നിൻ കണ്ണും ജിഹ്വയും പാണിയു--
മക്ഷയവാത്സല്യനിഘ്നമാകും
ആഗസ്സിൻ ഛായ നീ താപത്തെ ഗ്രീഷ്മാന്ത-
മേഘത്തിൻ- രൂപത്തിൽ നൽകിയാലും
തീരില്ല വീഴാതെ നിന്നിൽനിന്നന്ത്യത്തിൽ
കാരുണ്യശീതള ബാഷ്പബിന്ദു
എന്നെ നീ ഞാനാവാനല്ലയോ മേല്‌ക്കുമേൽ
പിന്നെയും പിന്നെയും മർദ്ദിക്കുന്നു?
എത്രമേൽ മർദ്ദിച്ചാലെ,ന്തെനിക്കപ്പുറം
മൃത്തിതു സല്പാത്രമായാൽ പോരും.
സാധ്വി! നീ പോയാലുമെന്നുള്ളി, ലാലങ്ക-
ധൂർത്തരാം കാമാദി രാക്ഷസന്മാർ
എത്രമേൽ വായ്ക്കിലുമെൻസീത ജീവിക്കു--
മദ്ദിക്കിൽ വെൺചാമ്പലാവില്ലല്ലോ.
ഒട്ടുമിന്നാന്തരപൂരുഷ"മാ"ശബ്ദം
ദുഷ്ടനെൻ കർണ്ണത്തിലേറുന്നീല
ചെയ്യിക്കൂ കാന്തനെക്കൊണ്ടെനിക്കിന്നൊന്ന--
ക്ഷായത്രീമന്ത്രോപദേശം വീണ്ടും!

IX


കാലമേ! നിൻകരിപ്പൊയ്മുഖം കണ്ടു ഞാൻ
മാലിയെന്നെന്തെല്ലാമോതിപ്പോയി!!
ഈ മുഖം നീക്കിടും നാളെയും വന്നിത--
ന്നീ മഷിപൊന്നാക്കുമാരസജ്ഞൻ.
മെത്തമേൽ വീണേൻ ഞാനിപ്പൊഴുതെങ്കിലു--
മുത്ഥാനോദർക്കം താനെൻ നിപാതം;
പോയതു പോയെങ്കിലെന്തു? ഞാൻ ധന്യൻ താ-
നായതിലേശൈകദേശാധീശൻ.
വാശ്ശതും യൗവനനീർവാർന്നൊരെന്മുഖ--
പ്പാഴ്ജ്ജരത്തോടുകൾ തൻ തടത്തിൽ
നിന്നിടും വെൺനരക്കാശപ്പുല്ലേതും മേ–
ലെൻ വിവേകോദയവൈജയന്തി
നാളെയെന്നുള്ളൊരു നാളെനിക്കുണ്ടെങ്കി--
ലാളൊന്നുമാറി ഞാനാത്മവേദി
ലജ്ജയാം ദേവിയെ ലജ്ജിപ്പിച്ചീടാതെ
സജ്ജനചര്യയ്ക്കു സജ്ജനാവാം.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/8&oldid=174097" എന്ന താളിൽനിന്ന് ശേഖരിച്ചത്