താൾ:മണിമഞ്ജുഷ.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തനിക്കു താണതിൽച്ചവിട്ടി നിൽക്കണം;
തനിക്കെളിയതു ചവച്ചുതുപ്പണം;
അടുക്കളപ്പണിക്കബലമാർ വേണ--
മടിമകളാകാനശക്തരും വേണം;
അധ:സ്ഥരമ്മട്ടിലിരുന്നുകൊള്ളണ--
മുദധിയൂഴിയെ ഗ്രസിക്കുവോളവും;
സ്വതന്ത്രൻ താനൊരാൾ, വിജയി താനൊരാ--
ളിതരർ തൻ കേളിക്കുപകരണങ്ങൾ;
ഒരുകൺ തന്റേതു പൊടിക്കും താൻ; പരൻ
കുരുടനാവതാണതിൻ ഫലമെങ്കിൽ;
ഉയർന്നിടാനുള്ള മടിയാൽത്താഴെ നി--
ന്നുയർന്നവൻ ചാവാനൊളിനഞ്ഞമ്പെയ്യും;
പരിഷ്കൃതിമന്ത്രമുരച്ചുകൊണ്ടിട്ടേ
നരരക്ഷസ്സിനു നരനെത്തിന്നാവൂ.
സ്വദേശമെന്നതും സ്വധർമ്മമെന്നതും
സ്വജാതിയെന്നതും സ്വഭാഷകൂടിയും
കരബലമുള്ള ജനതതിക്കുതൻ
പെരുവയർക്കുഴി നികത്തിടും വഴി;
പലപ്പൊഴും സ്വാർത്ഥം, പലപ്പൊഴും ദൗഷ്ട്യം
പലപ്പൊഴും ദുര, പലപ്പൊഴും ചതി!
ഇതെന്തുതാറുമാ,റിതെന്തു മീന്മുറ--
യിതിന്നു വേണ്ടിയോ ഹരേ! നരോദയം?
ഇരുളിരവിതിന്നുഷസ്സെന്നോ? മോഹ--
പ്പെരുങ്കടലിതിന്നെതിർകരയെങ്ങോ?

vi


"മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം
വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും.
തുറന്നു ചൊല്വേനെത്തുറിച്ചുനോക്കേണ്ട;
പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ.
അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ;
അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം.
ഇതരജീവികൾ കിടക്കട്ടേ; മർത്യ--
ഹ്രുദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ.
ഒരമ്മതൻ മക്കളുലച്ചവാളുമായ്-
പ്പൊരുതും പോർക്കളമവൾതൻ മാറിടം!
ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ-
ക്കിതോ ജനിത്രിതൻ വരിവസ്യാവിധി?
ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ
തിരുവവതാരം ജഗദീശൻ ചെയ്വൂ;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/12&oldid=174056" എന്ന താളിൽനിന്ന് ശേഖരിച്ചത്