Jump to content

താൾ:മണിമഞ്ജുഷ.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ
ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ
അതിന്നു മുമ്പിലുമതിന്നു പിമ്പിലും
ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം.
യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ;
യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല.
നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ;
അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ
മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം;
തെറിച്ചുപോകാറായ് ശിലകൾ ദൂരവേ.
ഉടയവനെയോർത്തിനിയെന്നാകിലും
വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ!
പരസ്പരപ്രേമസുധാനുലേപത്താൽ
പരമിപ്രാസാദം പ്രകാശമേന്തട്ടെ;
പരോപകാരമാം ഭവപഞ്ചാക്ഷരി
പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.

vii


" മരവുന്നുണ്ടങ്ങു വശംകെട്ടു കരം
തിരുമ്മിയുംകൊണ്ടു ഹതാശനാം വിധി
"ധരയെ നാകത്തിൻ മുകളിലാക്കുവാൻ
കരുതിയല്ലോ ഞാൻ ചമച്ചു മർത്ത്യനെ
വരത്തെ നൽകിന മഹേശനെക്കൊല് വാ--
നൊരുങ്ങിന വൃകനൊരുവിധം ഭേദം;
അതു ഞാനേകിന മനുഷ്യരോ ചിത്ര-
വധം താൻ ചെയ്യുന്നു നിജ ജനനിയെ.
നിലമറന്നൊരിജ്ജളരിനിക്കാട്ടിൽ
വലീമുഖങ്ങൾ തൻ പുറകേ പോകട്ടെ;
പുതിയ സൃഷ്ടിയൊന്നിനിയും ചെയ് വൻ ഞാൻ;
ക്ഷിതിദേവിക്കഴലകന്നിടും മട്ടിൽ."
ഇവണ്ണമോർക്കുന്ന ചിലപ്പോൾ നാന്മുഖൻ;
നവമാം മൃത്തൊട്ടു കരുപ്പിടിക്കുന്നു;
ക്ഷമിക്കുന്നു വീണ്ടും; വയസ്സുപോം തോറും
ശമിക്കുന്നു ശീഘ്രം തദീയരോഷാഗ്നി
കടന്നുപോകട്ടെ കുറച്ചുകൂടിയെ--
ന്നടങ്ങിവാഴുന്നു വിഭൂ പിതാമഹൻ
അധികംനാളൊന്നും നിലനിൽക്കില്ലിനി
വിധിക്കു നിങ്ങളിലിരുന്ന വിശ്വാസം;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/13&oldid=174057" എന്ന താളിൽനിന്ന് ശേഖരിച്ചത്