തപിച്ചു നീർത്തുള്ളിയുമാവിയായി--
ത്താരാപഥത്തോളമുയർന്നിടുമ്പോൾൾ;
സച്ചിന്മഹസ്സോടുമരക്ഷണത്തിൽ
സായു-ജ്യമേല്‌പാൻ കഴിവുള്ള മർത്ത്യൻ
അവന്റെ വീര്യം ഗ്രഹിയാതെയെന്തി--
ന്നബദ്ധ, മപ്പല്ലവിയാലപിപ്പൂ? (യുഗ്‌മകം)
എടോ കിടാവേ! ശരി നീ കൊതിപ്പ--
തേണാങ്കബിംബം കരതാരിലാവാൻ.
ആയാലുമാകായ്‌കിലുമെന്തു? നിന്നി--
ലറ്റംവരയ്‌ക്കക്കൊതി നിന്നിടട്ടേ.
പരസ്വമാകേണ്ടതുമായതും നീ
പാടില്ല കാമിപ്പതു, പാപമാകാം;
ആർക്കുള്ള വിത്തം ശശി? ആരവങ്ക--
ലത്യാശയാർന്നാലപരാധിയാവോൻ?
സൽകർമ്മനിശ്രേണി ചമച്ചതിങ്കൽ
"ഛാന്ദോഗ്യർ" കാണിച്ച വഴി[1]ക്കുകേറി
ചന്ദ്രങ്കലെത്താമൊരുനാൾ ശശിക്കെൻ
തങ്കത്തിനൊറ്റശ്ശതകം കഴിഞ്ഞാൽ.
അല്ലെങ്കിൽ വൈജ്‌ഞാനികശാസ്ര്‌തമേകു--
മാകാശയാനം വഴി പാഞ്ഞു വത്സൻ
സജീവനായ്ച്ചന്ദ്രനു കൈകൊടുക്കാം
ശക്രൻ പകച്ചക്ഷതി കണ്ടു നിൽക്കെ
അതല്ലയെന്നാലവദാതമാകു--
മാചാരമാർന്നെന്നരിമക്കിശോരൻ
പ്രശസ്‌തനാകെ, പ്രകടീഭവിക്കാം
പാരിന്നു വേറിട്ടൊരു പാർവണേന്ദു.
അന്നന്നു ലോകത്തിനു വാച്ച താപ--
മന്നന്നു പോക്കുന്ന കരങ്ങളേന്തി
ഉദിച്ചിടാമുണ്ണിയിലൂഴിമാതി--
ന്നുൾപ്പൂ കുളിർപ്പിപ്പതിനുത്സുകത്വം.
വൈരം തമസ്സൊന്നൊടിയന്നു, വക്‌ത്രം
മന്ദസ്‌മിതംകൊണ്ടു മനോജ്‌ഞമാക്കി;
ചരിച്ചിടാമോമന സൽപഥത്തിൽ
സമ്പൂർണ്ണസൗഖ്യം സകലർക്കുമേകി.
- ↑ ഛാന്ദോഗ്യോപനിഷത്തിലെ ധൂമമാർഗ്ഗം