Jump to content

താൾ:മണിമഞ്ജുഷ.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഭാവനാഗതി

വാനത്ത് വാർതിങ്കളുയർന്നുയർന്നു
പാരത്രയും പാൽക്കടലാക്കിടുന്നു;
അതിങ്കലാറാടിയനേകലോക-
രാനന്ദപീയൂഷമശിച്ചിടുന്നു.

ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി-
ലുലാത്തി നിൽക്കുന്നു യുവാവൊരുത്തൻ;
തൻ കൈയണിക്കുഞ്ഞിനവന്റെ തയ്യൽ
താലോലമേകുന്നു സമീപമെത്തി.

ചിരിച്ചിരുന്നോരു കിടാവു തെല്ലു
ചിണുങ്ങി വെൺതിങ്കളെ നോക്കി നോക്കി;
അച്ഛന്നുമമ്മയ്ക്കുമടുക്കൽ വേണ-
"മമ്മാവനും"; കൊച്ചനതാണു മോഹം.

കടുത്തു ചൊന്നാൾ കളവാണി: "എന്റെ
കൈവല്യവിത്തേ! കവിവാക്കു കേൾക്കൂ!
"കരത്തിൽ വേണം ശശിയെന്ന് ബാലൻ
കരഞ്ഞുകൊണ്ടാലടിതന്നെകൊള്ളും."

അകത്തുപോകാ, മരുതെന്നൊടിമ്മ-
ട്ടലട്ട"ലെന്നമ്മടവാർ ചൊടിച്ചു;
"അമ്മേ! വരില്ലമ്പിളി കൈവരാതെ --
യങ്ങോട്ട് ഞാനെ" ന്നവനും ശഠിച്ചു

കാർവേണിതൻ വാക്കവൾ തൻ പ്രിയന്റെ
കർണ്ണങ്ങളൂ-ടെ കരളിൽക്കടന്നു;
താതന്റെ കൺ വണ്ടുകൾ മാറിമാറി--
ത്തൻ കുഞ്ഞിലും ചന്ദ്രനിലും കളിച്ചു.

പഠിച്ചതാണക്കവിവാക്കു താനും;
പലപ്പൊഴും കേൾക്കുവതാണുതാനും;
എന്നാലുമന്നായതവന്റെ ഹൃത്തി-
ലേതോ വികാരത്തിനു വിത്തുപാകി.

കണ്ണീർ പൊഴിക്കും ശിശുവിന്റെ നേർക്കു
കൈ കൊണ്ടൊരോങ്ങോങ്ങി കയർത്തു നല്ലാർ;
"കാട്ടൊല്ല വിഡ്ഢിത്തര"മെന്നു ചൊല്ലി-
ക്കടന്നതിങ്കൽപ്പിടികൂടി കാന്തൻ.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/36&oldid=174082" എന്ന താളിൽനിന്ന് ശേഖരിച്ചത്