Jump to content

താൾ:മണിമഞ്ജുഷ.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്ങയെദ്ദർശിച്ചാവാമെൻ ശാപവിമോചന -
മങ്ങേക്കൈ തൊട്ടിട്ടാവാമെൻ തേരിൻ പുരോഗതി.
വൈശസം ചെയ്തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി; [1]
യാചിപ്പൻ ക്ഷമാഭിക്ഷ - യായതെൻ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക -
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യൻ.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാൻ പാതിയേ പഠിച്ചുള്ളു.
അങ്ങുതാൻ തദുൽഗ്രന്ഥശിക്ഷകൻ - യാവജ്ജീവ -
മങ്ങേയ്ക്കെൻ സഭാജനമദ്വൈതപ്രവക്താവേ !"
എന്നുരച്ചവൻ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിൻ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്നാനം പുനരുക്തമായ്ത്തീർന്നു.

iv



അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു -
മിത്തരം സംഭാഷണം ചെയ്തകന്നതിൽപ്പിന്നെ.
ധാത്രിയെന്തതിൻ പൊരുളെന്നിന്നുംധരിപ്പീല;
ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
പന്കമറ്റുണ്ടായ് പോലും ഭാരതോർവിയിൽപ്പണ്ടു
ശന്കരാചാര്യർക്കൊരു ചണ്ഡാലമഹാചാര്യൻ;
എന്നതാനീയൈതിഹ്യമർത്ഥവാദാകാരത്തിൽ-
പ്പിന്നാളിൽ സത്യാനൃതമെന്തതിൽച്ചേർന്നീടിലും.
എന്താവാമിതിൻ സാരം? സംഭൂതനെന്നായ് വരാം
മന്താവാം മഹാനേകൻ മാതംഗവംശത്തിന്കൽ.
ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
അദ്ദേശപ്രാന്തത്തിന്കൽ വാണിടും വ്യാധൻപോലു -
മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീർന്നു.
ഉപരിഗ്രന്ഥങ്ങൾ തൻ പഠനം കൊണ്ടല്ലാതെ -
യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
ശുദ്ധനാമദ്ദേഹത്തിൻ മുന്നിൽ - എന്തോതാം? - ഒരു
പുസ്തകം തിന്നും പുഴ പൂജ്യനാം ജഗൽഗുരു!
ആചാര്യൻ തപസ്വിയാമന്നിഷാദനെപ്പറ്റി
രാജാവിൻ മുന്നിൽക്കടന്നാക്രോശം തുടർന്നീല;
ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോൽ കൊണ്ടല്ലതിൻ
മാനമെന്നോർത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.

  1. അന്തേവാസി എന്ന ശബ്ദത്തിന് നിഷാദനെന്നും അർത്ഥമുണ്ട്.
"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/34&oldid=174080" എന്ന താളിൽനിന്ന് ശേഖരിച്ചത്