Jump to content

താൾ:മണിമഞ്ജുഷ.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാതാളത്തിന്നടിയിൽപ്പോയ്പ്പതിക്കണമേ!
എത്തിയല്ലോ കലിമുറ്റിയിന്നിലയിൽ-; മനുവിന്റെ
"ന സ്ത്രീ സ്വാതന്ത്ര്യമർഹതി" നാടുവിട്ടല്ലോ!
ഏവളിവൾ? എന്റെ മകൾ ഭാമയല്ല-മൂവന്തിയിൽ
തേവിടിശ്ശി ചമയുന്ന ധിക്കാരക്കാരി.
ശീലമെന്യേ ശീലയുണ്ടോ, നാണമെന്യേ കാണമുണ്ടോ
ബാലികയാൾക്കൊരു കുലപാലികയാകുവാൻ?
ഓമനപ്പൂന്തിങ്കളെന്നു ഞാൻ നിനച്ചോരിജ്ജ്യോതിസ്സു
ധൂമകേതുവായോ തീർന്നു? ധൂതമെൻ ഭാഗ്യം!
നടക്കട്ടെ പുതുമോടി; നശിക്കട്ടെ പൂർവാചാരം;
ഒടുക്കത്തെപ്പെരുവെള്ളമുടൻവരട്ടെ"
എന്നു ചൊല്ലിപ്പിതൃപാദനിറങ്ങുന്നു; സന്നതാങ്ഗി
തന്നുടയ വിധിയോർത്തു തപിച്ചിടുന്നു
"ഇതുമങ്ങേ ലിഖിതമോ വിധാതാവേ? ജനകന്നു
പതിദേവതയാം ഞാനോ പദവിവിട്ടോൾ?
എൻപ്രിയനെബ്ഭജിക്കുവാൻ ഞാൻ തുടരും സതീവ്രത-
മെൻപിതാവിന്നിത്രമാത്രം ഹിതമല്ലെന്നോ?
കന്യയല്ല, രണ്ഡയല്ല, പരിവ്രാജകയുമല്ല;
തന്വിയാം ഞാൻ ചരിക്കുന്നു തൻ വധൂ ധർമ്മം
സാദരമെൻമേനിയാമിപ്പൊന്മലരാൽ പ്രിയൻ നിൽക്കെ-
യേതു ദേവദേവനെനിക്കാരാദ്ധ്യനാവൂ?
ഹന്ത ഞാനെൻപിതാവിന്നുമപലപനീയയായാ--
ലെന്തുതന്നെയെന്നെ നോക്കിയന്യരോതില്ല?"
എന്നു ചൊല്ലിക്കരയുന്നു കിളിമൊഴി; കുളുർമുല--
ക്കുന്നു രണ്ടും കഴുകുന്നു ചുടുകണ്ണീരിൽ.

vi


മണവാളൻ ഹൈമൻ വന്നാൻ മണിയറയ്ക്കുള്ളിൽ; കണ്ടാൻ
പ്രണയിനി കിടപ്പതു പരവശയായ്.
ദീനയവളാത്മതാപം തൻവപുസ്സാൽ നിവേദിപ്പൂ
മീനവേനൽവരട്ടിന പൂമ്പൊഴിൽപോലെ
എഴുന്നേറ്റാൾ; സമീപിച്ചാൾ, സൽക്കരിച്ചാൾ; സല്ലപിച്ചാൾ
മുഴുമതിമുഖിയെന്നും മുന്നിലെപ്പോലെ
അതിലൊരു കുറവൊന്നുമനുഭൂതമല്ലെന്നാലും
സതിയവൾ തൻസഹജം വെടിഞ്ഞോളെന്നും
പരിതാപമേതിനോടോ പടപൊരുതത്രേ ചെയ്‌വൂ
പരിചര്യ തനിക്കെന്നും, പതിക്കു കാണാം.
"അരുതരുതഴലേതുമരുവയർമണിമുത്തേ!
തിരുവുരുമലരെങ്ങോ? ചിന്താഗ്നിയെങ്ങോ?
ഏതുപിഴയറിയാതെ ചെയ്തുപോയ് ഞാൻ? അതിന്നെത്ര

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/28&oldid=174073" എന്ന താളിൽനിന്ന് ശേഖരിച്ചത്