താൾ:മണിമഞ്ജുഷ.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാദപാദശതം വേണം പ്രായശ്ചിത്തമായ്?
പ്രാണനാഥേ! തുറന്നോതൂ പരമാർത്ഥം! ശകാരിക്കൂ!
വേണമെങ്കിൽ പ്രഹരിക്കൂ പൊൻതളക്കാലാൽ!"
എന്നുരച്ചു തൻവദനമുറ്റുനോക്കും പ്രിയനോടു
തന്വി ചൊന്നാൾ:-"ഒന്നുമില്ലിതൊന്നുമേയില്ല!
അബലമാർക്കനിയതം ഹസിതവും രുദിതവും -
അബദ്ധത്തിൽ കരഞ്ഞുപൊയ് ചിരിക്കേണ്ടോൾ ഞാൻ.
എന്നുചൊല്ലിക്കുളിരിളംപുഞ്ചിരിപൂണ്ടനുകനെ- -
സ്സുന്ദരിയാൾ സുഖിപ്പിച്ചാൾ സുഖകരമായി
ആ രജനിയത്തരത്തിലങ്ഗനതന്നകപ്പൂമാ- -
ലാരുമാരുമറിയാതെ കഴിഞ്ഞുകൂടി.

vii



അടുത്തനാളന്തിനേരമരികിൽ വന്നച്ഛൻ കണ്ടാൻ
മടുത്തൂകും മൊഴിയാളെ മറ്റൊരുമട്ടിൽ.
കോതിവകഞ്ഞൊതുക്കാത്ത കൂന്തലിങ്കലലരില്ല;
പാതിമതിനുതലിങ്കൽ ചാന്തുപൊട്ടില്ല;
കാതിൽ വൈരക്കമ്മലില്ല; കൈയിൽ മണിവളയില്ല;
കാലിലിളങ്കുയിലൊലിപ്പൊൻ ചിലമ്പില്ല;
ഹാരമില്ല കഴുത്തിങ്കൽ; കാഞ്ചിയില്ല കുടിയിങ്കൽ;
ഹീരരത്നഭൂഷയില്ല നാസികയിങ്കൽ;
ഒട്ടുമൊരു പൊൻനുറുക്കിൻ തൊട്ടുതെറിപ്പേറ്റിടാതെ
കെട്ടുമിന്നും കഴുത്തുമായ്ക്കേവലമയ്യോ!
അരിയ തൻ മലർമെയ്യിലതിന്നേതുമിണങ്ങാത്ത
വെറുമലവലപ്പഴമ്പുടവ ചുറ്റി
പാട്ടിൽ ചിന്താനിമഗ്നയായ്ഭാമ വാഴ്‌വൂ മുഖംതാഴ്ത്തി- -
യേട്ടകേറി ഗ്രസിക്കുന്നോരിന്ദിരപോലെ.
ചാരിതാർത്ഥനായി ദത്തൻ; തനതോമൽത്തനയയിൽ
പരിപൂർണ്ണപ്രത്യയത്താൽ പ്രസന്നനായി;
"കൺകുളിപ്പിച്ചിയലുമിക്കാഴ്ചയാൽ ഞാൻ ജയിക്കുന്നേൻ
എൻകുലത്തിൽ മുതുനന്മയ്ക്കിടിവില്ലിന്നും.
ഭാമയെന്റെ പൈതലല്ലേ? ഭാഗധേയത്തിടമ്പല്ലേ?
പാമരൻ ഞാനവളിലോ പാതകമോതി?
ഭാമേ! നിന്നെബ്ഭജിക്കട്ടെ ഭാവുകങ്ങൾ" എന്നു ചൊന്നാൻ;
ഭാമയതു പാതികേട്ടു; പാതികേട്ടീല
ജനകനും നടകൊണ്ടാൻ ചിബുകത്തിൻ വെളുപ്പിന്നു
പുനരുക്തിയരുളുന്ന പുഞ്ചിരിതൂകി.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/29&oldid=174074" എന്ന താളിൽനിന്ന് ശേഖരിച്ചത്