താൾ:മണിമഞ്ജുഷ.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെങ്ങുകൾ പച്ചക്കുടനിഴലിലിളനീരു
തങ്ങും തൻ ശിരസ്സുകൾ നമുക്കായുയർത്തവേ;
ദുർഗന്ധത്തിന്നു നാറും-ദുസ്സ്വാദിന്നോക്കാനിക്കും-
ഇക്കെടുമരവെള്ളം മർത്യനും മോന്തുന്നല്ലോ!
ഹന്ത! ലോകോപകാരവ്രതിയാം കേരത്തിന്റെ
കണ്ഠത്തിൽ ചെത്തുകത്തി ഘാതകനിറക്കുന്നു;
അന്നന്നു കഴുത്തറുത്തന്നന്നു നിണംചാടി--
ച്ചന്നന്നു തഞ്ചുണ്ണാമ്പുമൺപാത്രം നിറയ്ക്കുന്നു;
നുരയും പതയുമായ്ച്ചളിച്ചു നാറുന്നൊര--
മ്മരനീർ തീയിൽവാറ്റി, മർത്ത്യജി-ഹ്വയിൽ വീഴ്ത്തി
ധ്വാന്തത്തെപ്പുലർത്തുന്നു മദ്ധ്യാഹ്നത്തിലും; മുഴു--
ഭ്രാന്തശാലയാക്കുന്നു മാതൃഭൂവക്ഷസ്സിനെ!
ഇപ്പണിക്കായോ നരന്നേകിനാനീശൻ ബുദ്ധി-
കല്പവൃക്ഷത്തിൽനിന്നു കാകോളം ചമയ്ക്കുവാൻ?

X


പൈതലിൻ കഴുത്തിങ്കൽനിന്നു തൻ ഭർത്താവിന്റെ
കൈതട്ടിക്കളഞ്ഞിടും സ്വാധിതൻ മിഴിവഴി
നാലഞ്ചു കണ്ണീർക്കണം വീഴുന്നു തുടരെയ-
പ്പാഴൻതൻ കരത്തിലു,മപ്പുറം മാർത്തട്ടിലും;
ഛിന്നഭിന്നമായ്പ്പോയ തദ്ധൃത്തിൻ ഖണ്ഡംപോലെ;
തന്നിളങ്കിടാവിന്റെ നിസ്താരരത്നംപോലെ;
നൈദാഘകാലാന്തത്തിൽ നൽ-വർഷോപലംപോലെ;
ഭൂതോച്ചാടാനക്ഷമം പ്രോക്ഷണീതീർത്ഥംപോലെ.
പെട്ടെന്നു മിന്നൽപ്പിണർ ഹൃത്തട്ടിലേതോ പാഞ്ഞ
മട്ടിൽ തൻകരം കുഞ്ഞിൻ കണ്ഠത്തിൽനിന്നും നീക്കി;
അതിനെക്കൈയിൽ വാങ്ങിയശ്രുപിന്നെയും വാർക്കും
സതിയിൽ ഭദ്രൻ മിഴിയർപ്പിപ്പൂ നിഷ്പന്ദമായ്
നോക്കുക! സഹോദര! നോക്കുക! നിൻ കണ്ണുകൾ
മേൽക്കുമേലാറാടട്ടെയക്ഷംഗാപ്രവാഹത്തിൽ;
നീ തികച്ചുമേ കാൺക നിൻ മുന്നിൽ നിന്നീടുമ--
പ്പാതിവ്രത്യാധിഷ്ഠാനദേവതാവിശേഷത്തെ
ആ വണ്ടു രണ്ടും ചെന്നു പറ്റട്ടേ പുതുതാമി--
ദ്ദേവിതൻ കഴുത്തിലെപ്പിച്ചകപ്പൂമാലയിൽ
സാധ്വിതൻ വക്ഷസ്സെങ്ങും വ്യാപിക്കുമക്കണ്ണുനീർ
പേർത്തും നീ നിന്നെക്കാണും കണ്ണാടിയായീടട്ടെ.
പാർത്തുകണ്ടാവൂ നീയദ്ധർമ്മമൂർത്തിയേയും ത--
ന്മാർത്തട്ടിന്നകം വാഴും നിന്നെയും വേണ്ടുംപോലെ
നിൻപൂർവപുണ്യമാകും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച
ബിംബമാണതിങ്കൽ നീ കാണും നിൻ പ്രതിബിംബം

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/22&oldid=174067" എന്ന താളിൽനിന്ന് ശേഖരിച്ചത്