Jump to content

താൾ:മണിമഞ്ജുഷ.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നോതി നൈരാശ്യത്തിൽത്തന്നെത്താൻ മറന്നവൾ
തന്നോമൽക്കിടാവിനെ-തൻ പ്രേമഭണ്ഡാരത്തെ-
മദ്യമത്തനായ് മഹാക്രുദ്ധനായ് നിൽക്കും തന്റെ
ഭർത്താവിൻ കരത്തിങ്കൽ-കാലദംഷ്ട്രയിൽ-ചേർത്താൾ
മുടിമുത്തുതാൻ വത്സേ! മുഗ്ദ്ധകൾക്കു നീ; ഹന്ത!
ചുടലച്ചെന്തീയിലിത്തുമ്പപ്പൂവർച്ചിച്ചല്ലോ!
"കുപ്പിയോ? കൊള്ളാമെടി! നല്ലകുപ്പിയിക്കുപ്പി!"
ആപ്പിശാചേവമോതിപ്പൈതലിൻ കഴുത്തിങ്കൽ
കോർക്കടപ്പെടുക്കുവാൻപോലവേ കൈവയ്ക്കുന്നു;
മേൽക്കുമേൽ വാവിട്ടേങ്ങിപ്പൈതലും കരയുന്നു.
തയ്യലാൾ "ചതിക്കൊല്ലേ! കുഞ്ഞിനെക്കൊല്ലല്ലേ"യെ-
ന്നയ്യവും വിളിയുമായ് താണുകേണിരിക്കുന്നു.

IX


വൈതരണ്യഭിഖ്യാമാറ്റിലെക്കലുഷാംബു;
യാതനാലോകത്തിലെത്തപ്തസീസകുദ്രവം;
മർത്ത്യനെത്തിര്യക്കാക്കും പൈശാചരസായനം;
ബുദ്ധിക്കു സദ്യോമൃത്യു നൽകിടും പടുക്ഷ്വേളം;
ദാഹത്തെ വർദ്ധിപ്പിക്കും മൃഗതൃഷ്ണികാരസം;
മോഹമാം ധൂമദ്വജന്നാഹുതിക്കുള്ളോരാജ്യം;
ശീലത്തിൻ പിണ്ഡക്രിയയ്ക്കുതകും തിലോദകം;
കാലനൂരിലേയ്ക്കുള്ള മോട്ടോറിൻ പെട്രോൾത്തൈലം
പാട്ടിലെത്തുവോർക്കാപത്തേകുന്ന മധുപർക്കം;
ജ്യേഷ്ഠതൻ വിശ്വാധിപത്യാഭിഷേചനതീർത്ഥം;
കീർത്തിസൗധത്തിൽ ശനി വീഴ്ത്തിടും പാഴ്ത്താർമഷി;
ധൂർത്തനാം കലിക്കുള്ള ദുർജയം വരുണാസ്ത്രം;
ഇത്തരം മറ്റെന്തുള്ളു മാനുഷർക്കനർത്ഥമായ്
മദ്യമേ! സർവ്വത്തിലുമാദ്യന്തമവദ്യമേ?
ശ്രീകൃഷ്ണൻ താങ്ങായ്‌നിന്ന യാദവവംശത്തിനെ
നീ കൃതാന്തത്വം പൂണ്ടു നിശ്ശേഷമൊടുക്കീലേ?
പീതങ്ങൾ നിൻബിന്ദുക്കളോരോന്നുമുദന്വാനായ്
പ്രേതസ്വർല്ലോകങ്ങൾക്കു മദ്ധ്യത്തിൽ മർത്ത്യൻ കാണ്മൂ.
പരിചിൽ സരസ്സിലുമാറ്റിലും കിണറ്റിലു--
മരിമപ്പളുങ്കൊളിത്തെളിനീർ തിളങ്ങവേ;
ചെറുനാരങ്ങ--രസപ്പൊന്നുണ്ട--കടതോറും
വരുവിനെന്നു നമ്മെത്തന്മെയ്യാൽ വിളിക്കവേ;
വിടർന്ന മലർതോറും പറന്നു തേനീച്ചകൾ
മടുത്തേനീട്ടിക്കൂട്ടി നമുക്കു നൽകീടവേ,
പച്ചപ്പുൽ തിന്നീടുന്ന പശുക്കളകിടിനാൽ
മെച്ചമാം പാൽ ചുരത്തിതൊഴുത്തിൽ നിന്നീടവേ;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/21&oldid=174066" എന്ന താളിൽനിന്ന് ശേഖരിച്ചത്