Jump to content

താൾ:മണിമഞ്ജുഷ.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്ങയാമിലവിനെക്കാത്തല്ലോ ഞാനുംകിളി;
എങ്ങനെ കഴിയേണ്ടൂ മേല്വരും യാമം രണ്ടും?
എന്തിപ്പോൾ ചെയ്യേണ്ടൂ ഞാ;നെങ്ങുചെന്നിരിക്കെണ്ടൂ!
വെന്തിടുന്നല്ലോ മനം; ഭർത്താവേ! ഹാ! ഭർത്താവേ!
എന്നാഥ , നിപ്പൈതലിന്നച്ഛ; നങ്ങൊരു പുമാ,--
നെന്നാലിക്കുഞ്ഞ, ങ്ങയാൽ ഞാനു, മിമ്മട്ടായല്ലോ!
എന്നുരച്ചവശയായ് നിൽക്കുമാസ്സതിതൻ വാ--
ക്കൊന്നുമാബ്ഭൂതത്തിന്റെയുള്ളത്തിലേറുന്നീല.
ഏതു ഭർത്താവ്, ഭാര്യ, പൈതൽ, പട്ടിണി രാത്രി--
യോതുവാനില്ലങ്ങോന്നു മൊക്കെയും പരബ്രഹ്മം.
ഓതിനാൻ ഭദ്രൻ: "ഏതു രാവെടീ നട്ടുച്ചയ്ക്ക്?
നീ തനിക്കമ്പക്കാരി, യല്ലെങ്കിൽ കുടിച്ചവൾ.
രാവേതു പകലേതു നീയേതിക്കിടാവേതി--
ങ്ങീവേളയേത് ഞാനേതോർക്കുന്നോ? കളിക്കുന്നോ?
പണ്ടാരംവയ്ക്കട്ടെ നിൻ പട്ടിണിപ്പാടും നീയു,--
മുണ്ടാക്കീടുന്നോ കൊലപാതകം? ദൂരെപ്പോടീ!
അല്ലെങ്കിൽ വാടീ!തൊണ്ടയ്ക്കകത്ത് തീ കത്തുന്നു;
വല്ലതും കൊണ്ടുവാടീ വായൊന്നു നനയ്ക്കുവാൻ.
ഇങ്ങുവാ പൊന്നേ! കണ്ണേ! കൊണ്ടുവാ! വാവാ! വേഗം;
എങ്ങെടീ എങ്ങെങ്ങെടീ? എങ്ങെങ്ങെങ്ങെടീ കുപ്പി?
വേണമിക്ഷണം കുപ്പി - കുക്കുപ്പി - കുക്കുപ്പിപ്പി--
യാനന്ദം നിത്യാനന്ദ; മാനന്ദം ബ്രഹ്മാനന്ദം!
കൊണ്ടുവാ പോയ്ക്കൊണ്ടുവാ; കൊണ്ടുകൊണ്ടുവാ"യെന്നു
ശണ്ടകൂടുന്നു പാപി ശാപഗ്രസ്തനെപ്പോലെ.
പാടവം പാവത്തിനേതമ്മട്ടിൽ മുന്നിൽക്കേറി-
"ക്കോടയിൽ കുളിച്ചവൻ" കോമരം തുള്ളിടുമ്പോൾ?

VII



പറന്നുപോയീ ദൂരെ പ്രത്യുല്പന്നമാം മതി;
കറങ്ങീ കീഴ്മേൽമറിഞ്ഞുഴിയും ഗഗനവും;
ഒന്നുമേ തോന്നീലാദ്യമുത്തരമോതാൻ; ഉണ്ടായ്‌
പിന്നെയസ്സതിക്കൊരു ഭീമമാം ഭുതാവേശം.
"കുപ്പിയോ? ഹാ! ഭർത്താവേ! പിന്നെയും? തരട്ടെ ഞാൻ.
കുപ്പിയൊ,ന്നെനിക്കങ്ങു നൽകിയ തങ്കക്കുപ്പി?
രക്ഷസ്സ,ങ്ങർദ്ധരാത്രിയീവേള, മനസ്സെങ്കിൽ,
രക്ഷിക്കാമിക്കുപ്പിയെ-യല്ലെങ്കിലുടച്ചിടാം.
കൈവളർത്തട്ടേ ശാന്തിയങ്ങേയ്ക്കീദ്ദഹത്തിന്നു
ഹാ! വിവേകമോ കുഞ്ഞിൻമാറിലെചെഞ്ചോരയോ?
ഈമട്ടിലൊരു നിശയിനിമേൽ ഞാൻ കണ്ടിടൊ--
ല്ലീമട്ടിലൊരുനില വരുത്തൊല്ലാർക്കും വിധി!

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/20&oldid=174065" എന്ന താളിൽനിന്ന് ശേഖരിച്ചത്