വഞ്ചീശഗീതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വഞ്ചീശഗീതി (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 2 ]
മഹാമഹിമശ്രീ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

സി.എസ്.ഐ, എഫ്.എം.യു, എം.ആർ.എ.എസ്.,
എഫ്.ആർ.എച്ച്.എസ്.
തിരുമനസ്സിലെ അനുമോദനപദ്യങ്ങൾ


'വഞ്ചിമഹീപതിഗീതി'യി-
തഞ്ചിതകവിതാവിലാസചാതുരിയാൽ
നെഞ്ചിലെനിക്കതിവേലം
സഞ്ചിതമാം സമ്മദത്തെയേകുന്നു.       1

ഭാഷയിലർത്ഥാലംകൃതി
പോഷമിയന്നീവിധം ഘടിപ്പിപ്പാൻ
ഏഷകവിരതിവിശാരദ-
നീഷലിതിന്നില്ലൊരീഷലെന്നുള്ളിൽ.       2

പരമേശ്വരയ്യരാം കവി
വരഗുണമാം കാവ്യമാരചിച്ചേവം
നരപതിയിൽ മമതയേയും
സരസതയേയും സ്ഫുടീകരിച്ചു നിജാം.       3

ചെമ്മേ മലയാളത്തൊടു
സമ്മേളിച്ചോരു തമിഴിലിമ്മതിമാൻ
എമ്മേ പരീക്ഷ പാസ്സാ-
യിമ്മേദിനിതന്നിലാരുവാനിതുപോൽ?       4

ഹൌണീവൽ ഗൈർവാണീ
നാണീയസ്സാം പരിശ്രമബലത്താൽ
ക്ഷോണീസുരനുവശത്തായ്
വാണീടുന്നതുമനല്പമത്ഭുതമേ.       5

ഇങ്ങനെ പല യോഗ്യതയും
തിങ്ങിന പരമേശ്വരയ്യരുടെ കാവ്യം
എങ്ങനെ കവിതാവിരുതു വി-
ളങ്ങിനവർക്കനഭിനന്ദ്യമായീടും?       6

[ 3 ]

വാരിധി ചുറ്റും വായ്ക്കും
പാരിതിനെതിരറ്റ ഫാലതിലകമതായ്
ഭാരതമെന്നൊരു ഖണ്ഡം
സാരത തടവിസ്സമുല്ലസിക്കുന്നൂ.       1

അതിനുള്ളിലുണ്ടു കേരള-
മിതി നല്ല യശ്ശസ്സിയന്നിടും ദേശം;
വിധി നിതരാം പ്രകൃതിയതാം
സുതനുവിനായ്ത്തീർത്ത സുരുചിരോദ്യാനം.       2

പാരിൽ തദംശമൊന്നിനു
പേരെത്തിവരുന്നു വഞ്ചിയെന്നു ചിരം;
ദാരിദ്രനദമതിൻ മറു-
തീരത്തതിലുള്ള മനുജർ കയറുന്നു.       3

വരദം നിലമതിൽ നന്മഴ-
യൊരുതെല്ലും തെറ്റിടാതെ പോയ്തവിടം
വരതരുണി ധരണി ചൂടിയ
മരതകമണിമാല്യമായ് ലസിക്കുന്നു.       4

സൗഖ്യദമിദ്ദിക്കിന്നൊരു
മുഖ്യസ്ഥലമുണ്ടു തിരുവനന്തപുരം;
ചക്രമൊടിവിടെ വസിപ്പവ-
രൊക്കെബ്ഭോഗികളിലഗ്രഗണ്യന്മാർ.       5

ശ്രീമദനന്തപുരത്തിൽ
ശ്രീമദമിന്ദ്രന്നു തീർന്നുപോംമട്ടിൽ
സീമ ദയയ്ക്കില്ലാതൊരു
കാമദമാം കല്പവൃക്ഷമമരുന്നു.       6

അതിനിവിടെ രാമവർമ്മാ-
ഭിധ നലമൊടു നൽകിടുന്നു നരരെല്ലാം;
അതിനുടെ ഗുണങ്ങൾ വാഴ്ത്തു-
ന്നതിനാകുന്നില്ല ശേഷമജനുമഹോ!       7

മൂലത്തിലിന്നു സുമനോ-
ജാലത്താൽ സേവ്യമായുദിച്ചാർക്കും
കാലത്തിസ്സന്താനം
ചേലൊത്തനവധി ഫലങ്ങളരുളുന്നു.       8

[ 4 ]

തരുവതിനേതുമിവർക്കി-
ത്തരുവതിനെത്തുന്നു പടുതയും മനവും;
സുരഭിയെയും തൻ പുകഴാൽ
സുരഭിയിതധരീകരിച്ചു വിലസുന്നു       9

നിരവധി ശാഖകളോടിതു
കുറവില്ലാതുച് ശ്രയത്തിലാമോദം
തരുവതിനു മേലുമെന്നും
തിരുവളമരുളട്ടെ ഭാമതൻ രമണൻ       10

സൗന്ദര്യമാം നഭസ്സിൽ
സൗഖ്യമൊടമരും ശശാങ്കമണ്ഡലമോ?
സൗഭാഗ്യമാം സരസ്സിൽ
സൗരഭ്യം പൂണ്ടു വിലസുമംബുജമോ?       11

സൽഗുണമാം ജലനിധിയിൽ
പാർക്കും പ്രഭയാർന്ന രത്നതല്ലജമോ?
സൽകലയാം ശൈവലിനിയിൽ
വായ്ക്കും വരമാം സുവർണ്ണസൈകതമോ?       12

വഞ്ചിക്ഷ്മാവാസികളാൽ
സഞ്ചിതമാം സർവപുണ്യസമുദായമോ?
വഞ്ചിച്ചു വാരിജാക്ഷൻ
പഞ്ചജനാംഗം ധരിച്ചിടും പരിചോ?       13

കരകൗശലവിഷയത്തിൽ
പരമേഷ്ടിക്കുള്ള പരമനൈപുണിയോ?
ധരയുടെ തിരുമംഗല്യാ--
ഭരണത്തിൻ ഭാഗധേയപരിണതിയോ?       14

ഞങ്ങടെ നയനങ്ങൾക്കൊരു-
മംഗലപീയൂഷമിളയിൽ മറ്റുണ്ടോ?
ഞങ്ങടെ ഹൃദംബുജത്തിൻ
മങ്ങലകറ്റുവതിനന്യരവിയുണ്ടോ?       15

ഞങ്ങളുടെ ബാധമുഴുവനു-
മങ്ങലമോടിക്കുമമലമന്ത്രമിതേ;
ഞങ്ങളുടെ കാമമെല്ലാ--
ത്തിങ്ങളുമരുളുന്ന ദിവ്യമണിയുമിതേ.       16

ഞങ്ങളുടെ രുജകളെല്ലാം
നീങ്ങുവതിന്നുള്ളൊരഗദവരവുമിതേ;
ഞങ്ങളുടെ സകലവിത്തവു--
മിങ്ങുലകിൽ ദൈവമാണെ സുദൃഢമിതേ!       17

[ 5 ]

നന്നായ് രസാതലാവന-
മെന്നും ചെയ്തിയലുമീ വിശിഷ്ടാത്മാ
തൂർണ്ണം ചക്ഷുശ്ശ്രവണാ-
നന്ദം നൽകുവതിലെന്തു വൈചിത്ര്യം?       18

മൂലധരണീമണാളൻ
മൂലം മൂർദ്ധാഭിഷിക്തർ മുന്നുള്ളോർ
മൂലയിലും കീർത്തിയെ നിർ-
മ്മൂലയതായ്ക്കണ്ടു മൂർച്ഛയണയുന്നു.       19

അവരമരനാട്ടിൽനിന്നും
ഭൂവി രഭസാൽ പെയ്യുമശ്രു വഞ്ചിക്കായ്
നവരമ്യതനല്കുന്നതു
വിവരംവിട്ടോർക്കു വൃഷ്ടിയായ്ത്തോന്നും.       20

പാർത്ഥിവനിവനുടെ നാട്ടിൽ
പാർത്തിയലും ലക്ഷ്മിതൻ വിലാസമദം
ആർത്തിയൊടെവിടെയുമെത്തി-
ക്കീർത്തിയതാം തൽസപത്നി ചൊല്ലുന്നു.       21

നിദ്രപരതാ, ഗദാശ്രയ-
മിത്യാദിപെടുന്ന നിർഗ്ഗുണൻതന്നിൽ
എത്താതെയോ കുതൂഹല-
മത്താർമാതണവതസ്മദധിപതിയേ?       22

വഞ്ചികരസ്ഥമതാകുകി-
ലഞ്ചിതരസമവിടെ ലക്ഷ്മിയണവതിലും
ഭാർഗ്ഗവസൽക്ഷേത്രത്തിൽ
ഭാർഗ്ഗവി വാഴ് വതിലുമെന്താരാശ്ചര്യം?       23

തൻ തനയതന്നൊടിദ്ധാ-
ത്രീന്ദ്രനമർന്നിടുവതോർത്തു കൊപിച്ചോ
സിന്ധുനടയോളമെത്തി-
ക്ക്രന്ദനമിമ്മട്ടിടുന്നു പകലിരവും?       24

ഇവനുമചലാവനം ദു-
ശ്ച്യവനസ്പർദ്ധയൊടു ചെയ്തിടുന്നതിനാൽ
ഭൂവി നിതരാം തൻപുകഴിനു
ലവണാംബുധി കുറവുകണ്ടെതിർക്കുന്നോ?       25

വമ്പൊടു രത്നാകരതാ-
ഗാംഭീര്യാദികളിൽ മേന്മകണ്ടുഴറി
അംബുധി നെടുവീർപ്പിട്ടോ
സംപൂർണ്ണത്രപയിൽ വെളിയിൽ നില്ക്കുന്നു?       26

[ 6 ]

ശീലയശോരൂപഗുണാ-
ഗ്ര്യാലയമിവനുചിതനിന്ദിരയ്ക്കെന്നായ്
വേലയിൽവച്ചോർത്തു രസ-
ത്താലയമാർക്കുന്നുവോ നിറഞ്ഞുതുള്ളും?       27

ചലയെന്നു പേരുകേട്ടൊരു
മലർമങ്കയിവണ്ണമചലയായിവിടേ
വിലസുവതു തല്പസത്നീ-
തുല വരുവതിനാശ കരളിലുൾക്കൊണ്ടോ?       28

'ഭാ' മുന്നമെത്തി, പുറമേ
'മാ' മന്ദേതരമണഞ്ഞു മനസി മുദാ;
ഈ മന്നിടത്തിലിനിമേൽ
'യാ' മനുജേശനു വരേണ്ടതതുമെത്തി.       29

പിരിയില്ല നൃപനെയിനിമേ-
ലരിയൊരുരമ, ഞാനുമധരയാമപ്പോൾ;
ശരിയല്ലിതെന്നു വച്ചോ
ധരയിവനെച്ചേർന്നു യുവവയസ്സതിലേ?       30

ഭൂമാശ്ശിഷ്ടനിവങ്കൽ
ഭൂമാശ്ലേഷം ഭവിച്ചതവിചിത്രം;
വസുമതി ചേരാതിവനൊടു
വസുമതിയാകില്ലതാണിഹ വിചിത്രം.       31

തന്നുടയ കാന്തമാരെ വി-
ചിന്വന്നായ് ശൗരി തിരുവനന്തപുരം
തന്നിലുരുസംഭ്രമത്തൊടു
വന്നമരുന്നെന്നു ചിലരുരയ്ക്കുന്നു.       32

മറ്റു ചിലർ മൂലനൃപനുടെ-
യറ്റംവിട്ടുള്ള പുകഴ്പരന്നിവിടം
മുറ്റും പാൽക്കടലെന്ന-
പ്പോറ്റി നിനയ്ക്കുന്നതായ് ക്കഥിക്കുന്നു.       33

ഇനിയൊരുകൂട്ടർ ജഗൽസ്ഥിതി
തനിയേ ചെയ്യുന്നൊരിവനിൽ വിശ്വാസാൽ
ദനുജാരിയിവിടെ നിദ്രാ-
പ്രണയം തേടുന്നുവെന്നു ചൊല്ലുന്നു.       34

എന്മതമനന്തനിവനുടെ
നന്മ തനിക്കൊന്നുനോക്കി വർണ്ണിപ്പാൻ
മുന്മുദിതനായ്ക്കടന്നള-
വമ്മധുരിപു പിൻതുടർന്നുവെന്നത്രേ.       35

[ 7 ]

എന്നാലതിന്റെ പഠനമ-
വന്നാകുന്നില്ലതാകിലല്ലാതേ
പന്നഗപതി പോകില്ല, മ-
ഹേന്ദ്രകനിഷ്ഠന്നു പിന്നെയെന്താവൂ?       36

മിണ്ടാതെനിന്നു രസനകൾ
രണ്ടായിരമുള്ളൊരുഗപരിവൃഢനും
തിണ്ടാടുമെന്നുമിങ്ങനെ
കണ്ടാലമ്മട്ടു കാശ്യപീശഗുണം.       37

അതുമല്ല തനിക്കായി-
ക്ഷിതിപാലിക്കുന്ന ഭക്തനസുരാരി
പതിവായ്ദ്ദർശനമരുളി-
പ്‌പൃഥിവിയിൽ നന്ദിക്കു മേന്മകാട്ടുന്നു.       38

ഹര! ഹര! കഥിപ്പതെങ്ങനെ
മുരഹരചരണത്തിൽ മൂലനൃപഹൃദയേ
പെരുകുന്ന ഭക്തി; യതിനൊരു
കരകാണുന്നില്ല കടലിനെന്നവിധം.       39

നരനില്ല ഭക്തി ധാത്രീ-
ശ്വരനായേലേതുമില്ല കലികാലേ;
പറയേണ്ട പശ്ചിമപരി-
ഷ്കരണം ചേർന്നിടുകിലുള്ള പരിണാമം.       40

അമ്മാതിരിയുലകിലുമി-
ദ്ധർമ്മാവനി കാത്തിടുന്ന ധരണിപനിൽ
നിർമ്മായഭക്തി നിറയു-
ന്നമ്മാ! ഹരിതൻ വിലാസമാശ്ചര്യം.       41

മുത്താർന്നൊരീ രസാധിപ-
നെത്തുന്നു സമുദ്രഭാവമെന്നോർത്തോ
അദ്ധന്യനായ വിധുവും
ചിത്രം നന്നായ് വിളങ്ങിടുന്നുള്ളിൽ?       42

വിത്തം മദത്തിനും ഭുജ-
ശക്തി പരോപദ്രവത്തിനും വിലസും
മർത്ത്യരെയുണർത്തുവാനേ-
തിദ്ദിവ്യനൊടൊപ്പമുപനിഷത്തിളയിൽ?       43

ധാത്രി യശോദയതായ് പുരു-
ഷോത്തമനാം ചക്രസേവ്യനവനീശൻ
സദ്‌വൃന്ദാവനതാൽപ-
ര്യത്തൊടു ശംഖപ്രിയത്വമിയലുന്നു.       44

[ 8 ]

പാരിൽ ഭക്തൻ ഭഗവൽ-
സാരൂപ്യമിവണ്ണമാർന്നതത്ഭുതമോ?
ആരിപ്പ്രത്യക്ഷേശനെ
നേരിൽ പണിയാതെ മോക്ഷമിച്ഛിപ്പോർ?       45

ധന്യൻ ലക്ഷ്മണസേവ്യനി-
നാന്വയസംഭൂതി, ഭൂമിജാതേശൻ
ഇന്നവ്യരാമരാജൻ
പുണ്യജനങ്ങൾക്കു മോദമരുളുന്നു       46

ഈരാജാവനവരതം
ചാരുയശസ്സെന്ന ചന്ദ്രികാപൂരം
ചേരുന്നപടി ലസിച്ചി-
പ്പാരാകെപ്പൗർണ്ണമാസിയാക്കുന്നു       47

സർവജ്ഞമൗലിതന്നിൽ
സർവത്ര ലസിക്കുമിക്കലാവാനാൽ
ഉർവിക്കകം തമസ്സിനു
നിർവാദം ഗേഹമില്ല മേലെന്നായ്       48

ഇച്ചന്ദ്രാലോകത്താൽ
നിശ്ചയമെത്തുന്നു കുവലയാനന്ദം
പണ്ഡിതരാജവചസ്സും
മണ്ഡിതമാക്കുന്നിതിൻഗുണം ചിത്രം       49

പേർത്തും നാട്ടാർക്കിബ്‌ഭൂ-
ഭൃത്തേകീടുന്നു ജീവനം മേന്മേൽ;
ഇത്ഥമൊരു ഗൊത്രമില്ല മ-
ഹത്വം പാർത്താൽ ധരാന്തരാളത്തിൽ.        50

ക്ഷത്രപനാകുമിവൻ ന-
ക്ഷത്രപനായിടരുതെന്നു ചിന്തിച്ചോ
അദ്‌ദ്രുഹിണനരുളടാത്തിതു
ഹൃത്തട്ടിങ്കൽക്കളങ്കസമ്പർക്കം?       51

പത്തൊൻപതബ്ദമായി-
പ്പേർത്തും പുകഴാർന്നൊരിമ്മഹിക്കിവനാൽ
എത്തി പുതിയപരിഷ്കൃതി
വാഴ്ത്തും പുരുഷൻ വസിഷ്ഠപൗത്രസുതൻ       52

ധന്യത പെറുമൊരമാത്യരെ
മന്നവനരികത്തണച്ചു മരുവുന്നു
ഉന്നതമാം കൊടുമുടിയെ-
ക്കുന്നുകളല്ലാതെ കുഴികൾ ചൂഴ്ന്നിടുമോ?       53

[ 9 ]

വെള്ളക്കാർ നൽകുന്നു ഹൃ-
ദുല്ലാസം ജിഹ്മഗാരിയിവനെന്നും;
ചൊല്ലാർന്ന തൽ പുരിക്കായ്
മെല്ലെന്നരുളുന്നു ഘനരസത്തേയും        54

ദുരയോടടുത്തിട്ടുമിവൻ
ദുരയിവനൊടടുപ്പതില്ലതാശ്ചര്യം.
അരിയൊരു മായയൊടൊത്തൊരു
ഹരിയും മായമയത്വമണയുന്നു.       55

ശ്രേയസ്സെഴുമിവനിൽജീ-
സീയെസ്സൈ ജീസിയൈയിയെന്നേവം
രണ്ടു ബിരുദം വിളങ്ങു-
ന്നുണ്ടു നഭസ്സീമ്‌നി പുഷ്പവാന്മോർപോൽ        57

ഇവരണ്ടുമാർന്ന രാജ-
പ്രവരന്മാരില്ലനേകമിളതന്നിൽ;
അവരെ ലസിപ്പിച്ചിയലുമൊ-
രിവ രാജിപ്പാനിവങ്കലണയുന്നു.       58

എമ്മാറേയെസ്സോടെ-
ഫെംയൂതൊട്ടുള്ള മുഖ്യപദവികളും
ഇമ്മന്നനിൽ വിലസുന്നിതു
നിർമ്മലപുഷ്പങ്ങൾപോലെ പൂങ്കാവിൽ        58

കൃതവീര്യാത്മജസമമി-
ക്ഷിതിപനു താൻ ഭദ്രദീപവുംമറ്റും
പതിവിനു ചെയ്കിലുമേതും
കൊതിയില്ലധികം കരം ലഭിച്ചിടുവാൻ        59

ദയ മനമതിലാർന്നിവനൊരു
നിയമസമജ്യാവിശേഷമുളവാക്കി;
വസുമതിയിതിനന്നുമുതൽ-
ക്കസമജ്യാഭാവമത്ഭുതം വന്നു        60

അതിധിഷണന്മാരതിലെ
പ്രതിനിധിപദമാർന്ന പുരുഷരതുമൂലം
അതിഹ സുധർമ്മാധർമ്മ-
പ്രതിഷേധം ചെയ്തീടുന്നു യുഗപദഹോ!        61

ഗോഷ്ഠിയശേഷം വിട്ടി-
ഗ്ഗോഷ്ഠിയനല്പം ലസിച്ചു നൂതനമായ്
കോടുകൾ നാട്ടിനു പോവാൻ
കോടുകൾ പലതും ക്രമാൽ ചമക്കുന്നു        62

[ 10 ]

അർത്ഥം നാട്ടിനു മേന്മേൽ
മെത്തുന്നു കവീന്ദ്രവാക്കിനെന്നവിധം;
ഇദ്ദേവകോശപൂർത്തിയു-
മെത്തുന്നതുതൻ പദത്തിനാലധുനാ.       63

അന്യായം നിയതംശ്രീ
ധന്യായതനത്വമാർന്നൊരിന്നൃപനാൽ
ഇന്നായതമല്ലല്പവു-
മെന്നായിത്തീർന്നിടുന്നു രണ്ടുവിധം.       64

കർമ്മസ്ഥിരയാമിതിനെ-
ദ്ധർമ്മസ്ഥിരയാക്കി നൃപതി രണ്ടുവിധം
വന്മുത്തൊടു വിലസുവതബ്-
ബ്രഹ്മത്രിദശേശർപോലുമറിയുന്നു.       65

ഈ രാജപരിസരം ചെ-
റ്റാരാകിലുമല്പമണകിലവനവരെ
പാരാതെ രാജരാജ-
ശ്രീരാജിതരാക്കിടുന്നു സുദൃഢമഹോ!       66

സംഖ്യാവാന്മാർ പൊകിൽ
സംഖ്യാതീതം ധനം കൊടുക്കുമിവൻ
ത‌ൻകത്താൽ കാണ്മോർക്കും
തങ്കത്താൽ ചെയ്തിടുന്നതഭിഷേകം.       67

ഏകാനഖിലവുമിബ്‌ഭൂ-
ലോകാവനജാഗരൂകനമരുമ്പോൾ
ഏകാദശി നോൽക്കുന്നതു
നാകാവ്യാപ്തിക്കുതന്നെ ചിലരവനൗ.       68

ഉപവാസംചെയ്യുന്നോർ-
ക്കുപവാസത്തിനു വഴിയകറ്റി മുദാ
സ്വപുരക്ഷാമത്തിന്നും
നൃപനക്ഷാമം വരുത്തിപോൽ ക്ഷാമം.       69

ഇമ്മാനുഷരെല്ലാരും
സന്മാർഗ്ഗത്തിൽ ചരിച്ചുകാണ്മതിനായ്
മേന്മേൽ കോടതികളെയും
നിർമ്മിപ്പിക്കുന്നു റോഡുകളെയുമിവൻ.       70

തോടുകളെ നാഞ്ചിനാട്ടിൽ
പാടേ തീർക്കുന്നുപോൽ കുടിക്കാർക്കായ്;
മോടിയതവസാനിച്ചാൽ
കൂടും; മുഖമൊന്നവർക്കു വികസിക്കും.       71

[ 11 ]

വിരവൊടു വാദ്ധ്യാന്മാരും
കുറവില്ലാതേറ്റമെഞ്‌ജിനീർമാരും
നിരവധി ജലാശയങ്ങളെ
നരവരനരുളാൽ തെളിച്ചിടുന്നു പരം.       72

ഈ വഞ്ചിയുടെ നടുക്കൊരു
തീവണ്ടിയുമിപ്പൊഴുണ്ടതിൻ ധൂമം
കേവലമലക്ഷ്മിയകമേ
വേവറ്റു വിടുന്ന ദീർഘനിശ്വാസം.       73

കൊളംബാഭ്യുദയത്തിനു
കോളംബ വരുത്തി വണ്ടിതൻവഴിയായ്;
ആലപ്പുഴയും മറ്റും
കാലപ്പിഴയാർന്നു തോൽക്കുമതൊടിനിമേൽ.       74

കണ്ടെഴുതുന്നവരായ് പല-
രുണ്ടതുതൻ കാര്യവും കുറേ നാളിൽ
ഹന്ത! പരീക്ഷകർതൻ ശു-
ഷ്കാന്തി നിമിത്തം ജവേന തീർന്നിടും.       75

പ്രജകൾക്കായ് ജലസൂത്രവു-
മചിരേണ പരിഷ്കരണസമാജമതും
ശുചി നഗരേ പടരുവതും
ശുചി പടരായ്‌വതുമറിഞ്ഞു നൽകി നൃപൻ.       76

നാട്ടിൽ കലാലയം സ-
മ്രാട്ടിപ്പോളേർപ്പെടുത്തി രണ്ടുവിധം
ഒട്ടേറെമുതൽ വരുത്തി-
ത്തുഷ്ട്യാ ചെലവാക്കിടുന്നിതതു വീണ്ടും.       77

അസ്ത്രീകൃതവിദ്യാഭ്യാ-
സത്തിൽക്കുറവോർത്തതെക്കുറയ്ക്കുമിവൻ
അസ്ത്രീകൃതമാമതിനാൽ
പേർത്തും മറ്റുള്ള നൃപരെ വെല്ലുന്നു.       78

അനൃതാദികൾ വർദ്ധിക്കണ-
മനൃതാദികൾ പോണമതിനിവൻ മുറപോൽ
തീർക്കുന്നിതു സാങ്കേതിക-
ദുർഗ്ഗുണപരിഹാരപാഠശാലകളേ.       79

സുരഹിതയായൊരു വാണി-
ക്കസുരഹിതത്വം ഭവിപ്പതോർത്തകമേ
നരപതി തദ്വസിതക്കാ-
യൊരു ഗൃഹമരികത്തു തീർത്തുപോൽ മുന്നേ.       80

[ 12 ]

ഇവനൊരുപന്യാസസദ-
സ്സവികലമുളവാക്കി തിരുവനന്തപുരേ;
അവിടെയധികപ്രസംഗ-
ശ്രവണംചെയ്‌വോർക്കതാകെയൊഴിയുന്നു.       81

നൃഹരിയിഹ പൂർവലേഖാ-
ഗ്രഹണംചെയ്തവതിനു പണികൾ തുടരുകയാൽ
അകമേ സുമനോവൃന്ദം
വികലതവിട്ടുള്ള തോഷമേന്തുന്നു.       82

പൃഥ്വീശനുള്ള വനവും
വിദ്രുമസംശോഭി സിന്ധുസമമെന്നാൽ
പേർത്തും മുക്താഫലത വി-
ചിത്രമവയ്ക്കെത്തിടുന്നു നാൾതോറും.       83

ഗോത്രേശനെന്തിനിളമേൽ
പേർത്തും സ്ഥാപിപ്പതാശുപത്രികളേ?
ഗോത്രാരിയെന്നു നൃപരിൽ
കീർത്തി നിതാന്തം ലഭിച്ചുകൊൾവതിനോ?       84

ആയുർവേദത്തിനു പര-
മായുർവൃദ്ധിയെ വളർത്തുമീ നൃപനെ
ന്യായത്തിനു ധന്വന്തരി
രായുംപകലും മുഷിഞ്ഞുകാത്തിടണം.       85

പതിവായ് ക്കൃഷിപ്രദർശന-
മതുപോൽ കേതുപ്രതിഷ്ഠയിവമൂലം
അതിയായ് ദ്വിധാ വളർത്തു-
ന്നിതു നൃവരൻ ക്ഷേത്രകർമ്മപുഷ്ടി സദാ.       86

ഇമ്മട്ടു നൃപഗുണങ്ങളെ-
യെന്മട്ടുള്ളോർക്കു വാഴ്ത്തുവാനെളുതോ?
ബ്രഹ്മവ്യാസാഹീശ്വരർ
കമ്മറ്റിയിൽവച്ചു വേണമിതുചെയ് വാൻ.       88

ഉദധിയിവനേയുമിവനുടെ
പൃഥിവിയേയും ഭക്ഷ്യമാക്കുമതുവരേയും
ഇതുമട്ടൊരുവനെ നോക്കാൻ
കൊതിയൊടു നക്ഷത്രമെണ്ണുമെന്നുമിവൻ.       89

ധര കാക്കുന്നവർ ലക്ഷം
വരികിലുമിവനേ ധരാനുരൂപവരൻ;
പെറുകിലുമനേകപക്ഷികൾ
ചിറകു ഗരുത്മൽ പദം സുപർണ്ണനുതാൻ.       90

[ 13 ]

നാല്പത്തേഴു ശരത്താ-
യിപ്പുത്തൻരാജഹംസമീമട്ടിൽ
പാർപ്പതിനാൽ സ്ത്രീപുരുഷർ-
ക്കത്ഭുതമൊരുപോൽ നടപ്പു തെളിയുന്നു.       91

മുരഹര! സമാ 'ഗണം'ഭൂ-
ഹരിഹയനിനിയും ലസിച്ചിടാനേവം
പെരികെ രസമാകണം നിൻ
പുരുകരുണാപൂർണ്ണമായ മനതാരിൽ.       92

തനു പാതി ഗൗരിയങ്ങേ-
യ്ക്കനഘനിവന്നെട്ടു ദിശകളും പുകഴാൽ;
കനിവൊടു പൊറുത്തുകൊണ്ടിതു
ദിനവും ശംഭോ! വളർത്തിടുക ശംഭോ!       93

ഹന്ത! വിയൽഗതകീർത്തി ന-
രേന്ദ്രപ്രഥമനിവനവിലോലനതായ്
സന്തതമിളമേൽ വാഴ് വാൻ
കണ്ഠേകാളൻകളത്രമോർക്കണം.       94

കടവും ദാനവുമൊരിടം
പെടുമൊരു വടിവാർന്നിടും വിനായകനും
മടിവിട്ടമൃതവുമിവനായ്
ദൃഢമാം വിർവ്വാണസുഖവുമരുളേണം.       95

കൃത്തികകൾ പോറ്റിയൊടുവിൽ
ശക്തിയൊടും താരകാരിയായ്ത്തീർന്നോൻ
പൃഥ്വിക്കു താരകമിവ-
ന്നെത്തിക്കുക ശക്തി ധരണികാത്തിടുവാൻ.       96

അബലാശാസ്താവിവനുടെ
സുയശോദാരങ്ങൾ പൂർണ്ണപുഷ്കലപോൽ;
തവ നീരസമിതിൽ വരരുതു
ശിവനൊടു വിധു ചേർന്നുദിച്ചദിവ്യതനോ!       97

തൃച്ചക്രപുരംതൊട്ടു നി-
റച്ചക്കന്യാകുമാരിവരെയെവിടേ
ഇച്ഛയ്ക്കു വസതിയാർന്നൊരു
സച്ചിൽഗുണർ ദേവർ കനിയണം നന്ദ്യാ.       98

ശ്രേയസ്സോജസ്സു യശ-
സ്സായുസ്സിവയോടുചേർന്നു മൂലനൃപൻ
ഭൂയസ്സുതരാം ബലവാ-
നായിസ്സുഖമോടു വിജയമാർന്നിടണം.       99

[ 14 ]

വാഴുക വഞ്ചിമഹേന്ദ്രൻ,
കേഴുക തദമിത്രർ, സമ്മദോദധിയിൽ
വീഴുക നാട്ടാർ, മേന്മേൽ
ചൂഴുക സൂയശസ്സു ശുഭ്രമായിവനേ.       100

ഇത്ഥം പരമേശ്വരകവി
തീർത്തൊരു വഞ്ചീശഗീതി മേളമൊടേ
അത്താലാങ്കസഹോദര-
നെത്തിക്കുക രാഗമാർക്കുമേ ചൊൽവാൻ.       101


"https://ml.wikisource.org/w/index.php?title=വഞ്ചീശഗീതി&oldid=64486" എന്ന താളിൽനിന്ന് ശേഖരിച്ചത്