താൾ:Vancheeshageethi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പാരിൽ ഭക്തൻ ഭഗവൽ-
സാരൂപ്യമിവണ്ണമാർന്നതത്ഭുതമോ?
ആരിപ്പ്രത്യക്ഷേശനെ
നേരിൽ പണിയാതെ മോക്ഷമിച്ഛിപ്പോർ?       45

ധന്യൻ ലക്ഷ്മണസേവ്യനി-
നാന്വയസംഭൂതി, ഭൂമിജാതേശൻ
ഇന്നവ്യരാമരാജൻ
പുണ്യജനങ്ങൾക്കു മോദമരുളുന്നു       46

ഈരാജാവനവരതം
ചാരുയശസ്സെന്ന ചന്ദ്രികാപൂരം
ചേരുന്നപടി ലസിച്ചി-
പ്പാരാകെപ്പൗർണ്ണമാസിയാക്കുന്നു       47

സർവജ്ഞമൗലിതന്നിൽ
സർവത്ര ലസിക്കുമിക്കലാവാനാൽ
ഉർവിക്കകം തമസ്സിനു
നിർവാദം ഗേഹമില്ല മേലെന്നായ്       48

ഇച്ചന്ദ്രാലോകത്താൽ
നിശ്ചയമെത്തുന്നു കുവലയാനന്ദം
പണ്ഡിതരാജവചസ്സും
മണ്ഡിതമാക്കുന്നിതിൻഗുണം ചിത്രം       49

പേർത്തും നാട്ടാർക്കിബ്‌ഭൂ-
ഭൃത്തേകീടുന്നു ജീവനം മേന്മേൽ;
ഇത്ഥമൊരു ഗൊത്രമില്ല മ-
ഹത്വം പാർത്താൽ ധരാന്തരാളത്തിൽ.        50

ക്ഷത്രപനാകുമിവൻ ന-
ക്ഷത്രപനായിടരുതെന്നു ചിന്തിച്ചോ
അദ്‌ദ്രുഹിണനരുളടാത്തിതു
ഹൃത്തട്ടിങ്കൽക്കളങ്കസമ്പർക്കം?       51

പത്തൊൻപതബ്ദമായി-
പ്പേർത്തും പുകഴാർന്നൊരിമ്മഹിക്കിവനാൽ
എത്തി പുതിയപരിഷ്കൃതി
വാഴ്ത്തും പുരുഷൻ വസിഷ്ഠപൗത്രസുതൻ       52

ധന്യത പെറുമൊരമാത്യരെ
മന്നവനരികത്തണച്ചു മരുവുന്നു
ഉന്നതമാം കൊടുമുടിയെ-
ക്കുന്നുകളല്ലാതെ കുഴികൾ ചൂഴ്ന്നിടുമോ?       53

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/8&oldid=172158" എന്ന താളിൽനിന്ന് ശേഖരിച്ചത്