താൾ:Vancheeshageethi.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വിരവൊടു വാദ്ധ്യാന്മാരും
കുറവില്ലാതേറ്റമെഞ്‌ജിനീർമാരും
നിരവധി ജലാശയങ്ങളെ
നരവരനരുളാൽ തെളിച്ചിടുന്നു പരം.       72

ഈ വഞ്ചിയുടെ നടുക്കൊരു
തീവണ്ടിയുമിപ്പൊഴുണ്ടതിൻ ധൂമം
കേവലമലക്ഷ്മിയകമേ
വേവറ്റു വിടുന്ന ദീർഘനിശ്വാസം.       73

കൊളംബാഭ്യുദയത്തിനു
കോളംബ വരുത്തി വണ്ടിതൻവഴിയായ്;
ആലപ്പുഴയും മറ്റും
കാലപ്പിഴയാർന്നു തോൽക്കുമതൊടിനിമേൽ.       74

കണ്ടെഴുതുന്നവരായ് പല-
രുണ്ടതുതൻ കാര്യവും കുറേ നാളിൽ
ഹന്ത! പരീക്ഷകർതൻ ശു-
ഷ്കാന്തി നിമിത്തം ജവേന തീർന്നിടും.       75

പ്രജകൾക്കായ് ജലസൂത്രവു-
മചിരേണ പരിഷ്കരണസമാജമതും
ശുചി നഗരേ പടരുവതും
ശുചി പടരായ്‌വതുമറിഞ്ഞു നൽകി നൃപൻ.       76

നാട്ടിൽ കലാലയം സ-
മ്രാട്ടിപ്പോളേർപ്പെടുത്തി രണ്ടുവിധം
ഒട്ടേറെമുതൽ വരുത്തി-
ത്തുഷ്ട്യാ ചെലവാക്കിടുന്നിതതു വീണ്ടും.       77

അസ്ത്രീകൃതവിദ്യാഭ്യാ-
സത്തിൽക്കുറവോർത്തതെക്കുറയ്ക്കുമിവൻ
അസ്ത്രീകൃതമാമതിനാൽ
പേർത്തും മറ്റുള്ള നൃപരെ വെല്ലുന്നു.       78

അനൃതാദികൾ വർദ്ധിക്കണ-
മനൃതാദികൾ പോണമതിനിവൻ മുറപോൽ
തീർക്കുന്നിതു സാങ്കേതിക-
ദുർഗ്ഗുണപരിഹാരപാഠശാലകളേ.       79

സുരഹിതയായൊരു വാണി-
ക്കസുരഹിതത്വം ഭവിപ്പതോർത്തകമേ
നരപതി തദ്വസിതക്കാ-
യൊരു ഗൃഹമരികത്തു തീർത്തുപോൽ മുന്നേ.       80

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/11&oldid=172148" എന്ന താളിൽനിന്ന് ശേഖരിച്ചത്