Jump to content

ഭക്തിദീപിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭക്തിദീപിക (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1933)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]



ഭക്തിദീപിക

അഥവാ

ചാത്തന്റെ സദ്‌ഗതി
1933


[ 2 ]
അവതാരിക

'ഭക്തിദീപിക'യിലെ ഇതിവൃത്തം മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയത്തിൽനിന്നു സംഗ്രഹിച്ചിട്ടുള്ളതാകുന്നു. കഥാംശത്തിൽ മൂലഗ്രന്ഥത്തിൽനിന്നു വലിയ വ്യതിയാനമൊന്നും ഞാൻ വരുത്തീട്ടില്ല. സകല മനുഷ്യർക്കും ഒന്നുപോലെ സഞ്ചരിക്കാവുന്ന ഒരു ഘണ്ടാപദമാകുന്നു ഭക്തി മാർഗ്ഗം എന്നുള്ളതു സനാതനധർമ്മത്തിന്റെ മൗലികതത്വങ്ങളിൽ ഒന്നും, അതു ശ്രീമദ്‌ഭാഗവത്തിൽ

യന്നാമധേയശ്രവണാനുകീർത്തനാ-

ദ്യപ്രഹ്വണാദ്യൽസ്‌മരണാദപി ക്വചിൽ
ശ്വാദോപി സദ്യസ്സവനായ കല്പതേ

ഇത്യാദി പദ്യങ്ങളിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ കാവ്യത്തിലെ വിവക്ഷയും പ്രാധാന്യേന അതല്ലാതെ മറ്റൊന്നുമല്ല. ഇതിന് ഒരു ചെറിയ ടിപ്പണി എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും, പദപ്രയോജനം, വ്യങ്ഗ്യഭങ്ഗി, ഇത്യാദിഭാഗങ്ങളെല്ലാം ഭാവുകന്മാർ അനുസന്ധാനദ്വാരാ മാത്രം ആസ്വദിക്കേണ്ടതാകയാൽ ഇവയെ അതിൽ പ്രായേണ സ്പർശിച്ചിട്ടില്ല. ഒരു സഹൃദയനായ എന്റെ അനുജൻ ശ്രീമാൻ എസ്. കൃഷ്ണയ്യർ എം.എ., ബി.എൽ-ന്റെ സാഹായ്യം ഈ കൃതിക്ക് പല പ്രകാരത്തിലും ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ സന്തോഷപുരസ്സരം രേഖപ്പെടുത്തിക്കൊള്ളുന്നു.


തിരുവനന്തപുരം
1108 മകരം 28
എസ്. പരമേശ്വരയ്യർ
[ 3 ]




ഭക്തിഃ കിം ന കരോത്യഹോ!

വനചരോ ഭക്താവതംസായതേ.


ശങ്കരഭഗവൽപാദർ
--ശിവാനന്ദലഹരി


[ 4 ]


1



ദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി-
ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ,
ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി
പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ,
ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ
പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം-
ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ
കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം;
അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും
സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ
താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ
നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.

2


ആരുതാൻ പ്രബുദ്ധനായ്ത്തീരാത്തോൻ ജഗത്തിങ്കൽ

[ 5 ]

ഭാരതപ്രാതസ്സന്ധ്യാഭാനുമാൻ പ്രഹ്ലാദനാൽ?
ഭക്തിയാം കാശിന്നായിബ്ഭുക്തയാം മദ്യം വില്ക്കും
വർത്തകൻ ജഗൽപിതാവെന്നോർപ്പാൻ ലജ്ജിച്ചവൻ;
ആർത്തിപൂണ്ടൊറ്റപ്രാണി ലോകത്തിൽ ശ്വസിപ്പോളം
പേർത്തും താൻ മോക്ഷേച്ഛുവല്ലെന്നോതാൻ മുതിർന്നവൻ;
അച്ഛനും മുത്തച്ഛനും സഞ്ചരിച്ചതാം മാർഗ്ഗ-
മച്ഛമല്ലെന്നാൽ വിടാൻ മാമൂലാൽ മടിക്കാത്തോൻ;
ഭീതിയാം പിശാചിക്കു തീണ്ടുവാൻ സാധിക്കാത്തോൻ;
ചോദനയ്ക്കന്തര്യാമി മാത്രമായ്ജ്ജീവിച്ചവൻ;
ശ്രേഷ്ഠനാമബ്ബാലനെബ്ഭാരതീയരാം നമ്മൾ
ജ്യേഷ്ഠനെന്നോർമ്മിച്ചാവൂ ശ്രേയസ്സിന്നാശിക്കുകിൽ.

3


ചാലവേ സനന്ദനൻ തന്മനോരഥം നേടാൻ
ചോളദേശാന്തഃസ്ഥമാമാരണ്യമൊന്നിൽപ്പുക്കാൻ.
ചീരവാസസ്സായ്, ജടാധാരിയായ്, വെയ്‌ലും മഞ്ഞും
മാരിയും സഹിച്ചു, മെയ് പർണ്ണാംബുക്കളാൽപ്പോറ്റി,
ഏറെനാൾ തപസ്സുചെയ്തക്കാട്ടിൽ വാണാൻ വിപ്രൻ
തീരെത്തന്നാശാവല്ലി മൊട്ടിടാൻ തുടങ്ങാതേ.
ഏങ്ങകം പാകപ്പെടാൻ നാൾ നീങ്ങേണ്ടൊരബ്ഭവ്യ-

[ 6 ]

നെങ്ങജത്രിനേത്രർക്കും മൃഗ്യനാം വിശ്വംഭരൻ?
പാലാഴി ചാരത്തെങ്ങുമ, ല്ലതിൻ നടുക്കെത്താൻ
മേലാർക്കും യഥേച്ഛ, മൊട്ടെത്തിടാമെന്നാൽപ്പോലും
ആയിരം ഫണം വിരിച്ചാടിറ്റും പാമ്പിൽത്തങ്ങും
മായിതൻ പള്ളിക്കുറുപ്പാർക്കുതാൻ ഭഞ്ജിക്കാവൂ?

4


കാമക്രോധാവിഷ്ടനല്ലപ്പുമാൻ, യമാദിയാം
സാമഗ്രി സമ്പാദിച്ചോൻ, സല്ലക്ഷ്യൻ, സൽപ്രസ്ഥാനൻ;
എങ്കിലും വിദ്യാമദം വായ്ക്കകൊണ്ടവന്നല്പം
പങ്കിലും ഹൃൽകന്നരം, മാത്സര്യമോഹഗ്രസ്തം
ഓർത്തുപോമസ്സാധു: "എൻ സ്വാമിക്കിശ്രമം വേണ്ടാ-
ദ്ദൈത്യൻതൻ സദസ്സിൽ ഞാനന്നൊരാളിരിക്കുകിൽ
കേവലം ശിശുപ്രായൻ പ്രഹ്ലാദന്നാകുന്നതോ
ദേവൻതൻ പാരമ്യത്തെ വാദത്താൽ സ്ഥാപിക്കുവാൻ?
ആകട്ടെ, ഞാനിച്ചര്യയ്ക്കപ്പുറം നാട്ടിൽച്ചെന്നു
ലോകത്തിൽ തമസ്തോമം ധ്വംസിക്കാമെൻ സൂക്തിയാൽ"
നോക്കുന്നുണ്ടധോക്ഷജൻ നൂഅമജ്ജല്പാകനെ-
പ്പാൽക്കടൽത്തിരക്കോൾ തൻ പുഞ്ചിരിച്ചാർത്താലേറ്റി

5


ഓർക്കുമദ്വിജൻ വീണ്ടും. "അന്നൃസിംഹമെൻ മുന്നിൽ
വായ്ക്കിൽ ഞാൻ വാങ്ങും വാദിവാരണദ്ധ്വംസം വരം;
സ്വച്ഛന്ദം പിന്നെച്ചെന്നെൻ മേധതൻ ബലത്തിനാൽ
ദിഗ്ജയം ചെയ്യും; വിദ്വച്ചക്രവർത്തിയായ്ത്തീരും;
വാരൊളിപ്പുത്തൻപുകൾപ്പട്ടിനാൽപ്പുതപ്പിക്കും

[ 7 ]

പാരിടപ്പൂമേനിയെൻ വൈഖരീഗങ്ഗാത്സരി,
ധന്യൻ ഞാനനന്തരം നവ്യയൗവനം മെത്തു-
മെൻ യശഃകായം കാണുമെന്നെന്നും സ്വർഗ്ഗസ്ഥനായ്."
ആദിവൈദ്യനെത്തേടിപ്പോകയാണക്കീർത്ത്യർത്ഥി-
യാത്മഹത്യയ്ക്കുള്ളോരു പാരദം വാങ്ങിക്കുവാൻ!
കാണുന്നുണ്ടക്കാഴ്ചയും കാർവർണ്ണൻ മഹാമായ
നാണിക്കുംമട്ടിൽത്തെല്ലു ചില്ലിക്കോൺചുളിപ്പേന്തി!!

6


ആബ്ഭദ്രാസനസ്ഥനാം ദൈത്യേന്ദ്രൻ ഹിരണ്യാഖ്യൻ
വാ‌പുറ്റോരനാത്മീയശക്തിതന്നയശ്ചൈത്യം;
ചാരവേ കിശോരനാം പ്രഹ്ലാദൻ മഹാധീരൻ
ഘോരനാം പിതാവിന്നു ധർമ്മോപദേശം ചെയ്‌വോൻ;
കാറിനും നീർത്തുള്ളിക്കും മദ്ധ്യത്തിൽത്തൂമിന്നലിൻ
നേരെഴും കയാധ്വംബ, ഭീതിയാൽ വിറയ്പവൾ;
തെല്ലകന്നൊരറ്റത്തു ജീവനോടാമന്ത്രണം
ചൊല്ലിടും ശണ്ഡാമർക്കർ ശിഷ്യനാല്പരാജിതർ;
വാളുലച്ചുജാറായി സ്വാമിതൻ കൺകോൺനോക്കി
നീളവേ ചുറ്റും നിൽക്കും ദൈതേയർ സംഖ്യാതീതർ;
ഇത്തരം സദസ്സൊന്നു ഭൈരവം, സുദുഷ്‌പ്രേക്ഷ്യം,
ചിത്തത്തിൽ കാണും ദ്വിജൻ ഗാഢമാം സമാധിയിൽ.

7
[ 8 ]

"എങ്ങെടാ! കാണട്ടെ, ഞാൻ കാണട്ടെ നിൻദൈവത്തെ-
യെൻകുടുംബൈകദ്രോഹിയാകുമാപ്പാഴ്കീടത്തെ.
ഇപ്പൊഴിക്കൽത്തൂണിലുണ്ടെങ്കിലിറങ്ങട്ടെ-
യപ്പരബ്രഹ്മപ്രഖ്യ കൈക്കൊള്ളും നപുംസകം!"
എന്നുരച്ചീറക്കലിക്കോമരം തുള്ളും പാപി
കണ്ണിണക്കനൽക്കണപ്പേമാരി വാരിത്തൂകി
ഭ്രൂകുടിപ്പോർവിൽ വളച്ചാഞ്ഞു മപ്പടിച്ചാർത്തു
വേഗത്തിൽപ്പാഞ്ഞത്തൂണിൽ മത്തഹസ്തിയെപ്പോലെ
കാൽച്ചവിട്ടേല്പിപതൊട്ടീക്ഷിക്കും വിപ്രൻ; പിന്നെ
വാച്ചിടും മഹോഗ്രമാം സിംഹനാദവും കേൾക്കും;
ഞെട്ടിപ്പോം തെല്ലൊന്നുടൻ; മേഘഗർജ്ജനം മാത്രം
പെട്ടിടും പിന്നീടതിൻ മാറ്റൊലിക്കൊപ്പം കാതിൽ.

8


ആക്കത്തും കനൽക്കട്ടയ്ക്കൊപ്പമായ്ത്തുറിച്ചക-
ണ്ണാക്കൊലക്കട്ടാരിനാ,ക്കാച്ചിളുക്കാളുംഗളം;
ആച്ചന്മലന്മദോഗ്രഭ്രൂ വാത്തിങ്കൾപ്പൊളിദ്ദംഷ്ട്ര-
യാസ്സടാഘടാകല്പഭീമമാമാസ്യച്ഛിദ്രം;
ആക്കൂർത്ത വൈരക്കമ്പിക്കൊത്തു നീണ്ടെഴും രോമ,-
മാക്കൃതാന്താസൃക്പാനരൂപ്യപാത്രമാം നഖം;
ആയിരക്കോടിക്കണക്കർക്കർ ചേർന്നുദിച്ചോര-
ക്കായം---ഉൾക്രോധത്തീതൻ മൂർത്തമാം വിജൃംഭണം
ആകണ്ഠം സിംഹാകാര, മപ്പുറം നരാകാരം,
ഭീകരംരോമാഞ്ചദംമൂർച്ഛനം സന്ദാഹകം
ആർക്കുതാൻ നോക്കാം ഹരേ! താദൃശം ഭവദ്രൂപ-
മാക്കുമാരനാമങ്ങേ പ്രഹ്ലാദന്നേകന്നെന്ന്യേ?"

9
[ 9 ]

ആക്കൽത്തൂൺ രണ്ടായ്പ്പിളർന്നാർത്തൊറ്റച്ചാട്ടംകൊണ്ടു
മൂർഖനാം ഹിരണ്യന്റെ മൂർദ്ധാവിൽക്കുതിച്ചേറി,
കെട്ടിയൊന്നമർത്തിയെല്ലത്രയും ഞെരിച്ചങ്ഗ-
മഷ്ടിചെയ്തല്പാല്പമായ്ദ്ദംഷ്ട്രപ്പല്ലാഞ്ഞാഞ്ഞൂന്നി.
മാറിടം നഖങ്ങളാൽ നൂറുകൂറായിക്കീറി,-
ദ്ധാരധാരയായ്ച്ചാടും ചോരനീർ കുടിച്ചാടി
വീരനീരാട്ടാ,ർന്നണിപ്പോർവെറ്റിപ്പൂമാലയായ്
വൈരിതന്നാന്ത്രം ചൂടി ച്ചെഞ്ചുവപ്പൂഴിക്കേറ്റി.
ക്രോധത്തീ കെടായ്കയാൽ പിന്നെയും രോദഃകർണ്ണം
ഭേദിക്കും ഘോരോൽക്രോശം കൈവളർത്തസ്മൽപ്രഭു-
താനും തൻ ഭക്താഗ്ര്യനും മാത്രമായ് ശേഷിച്ചൊരാ
സ്ഥാനത്തിൽ പ്രവേശിപ്പാനന്യനാരൊളർഹൻ?

10


 കണ്ടിടും ദ്വിജൻ ചുറ്റും ഭീതിയാൽ പിന്നോട്ടേയ്ക്കു
മണ്ടിടും നാൽക്കൊമ്പനാൽ മ്ലാനമാം മഹേന്ദ്രനെ;
സംഭ്രമിച്ചങ്ങിങ്ങോട്ടും സാധുവാം ഗജാസ്യനെ-
ത്തൻഭുജം രണ്ടും നീട്ടിത്താണ്ടിടും ഗിരീശനെ;
അങ്ങിടയ്ക്കെങ്ങോ പാഞ്ഞ മാൻകിടാവിനെത്തേടി-
യെങ്ങുമേ കാണായ്കയാൽ ഖിന്നമാം മൃഗാങ്കനെ;
'പോ, മുന്നോട്ടെത്തട്ടെ ഞാൻ വേഗ'മെന്നോതിദ്ദണ്ഡാൽ
പോത്തിനെത്താഡിക്കുന്ന ദീനനാം കൃതാന്തനെ;
പേരിനാൽപ്പോലും വരാം ജീവാപായമെന്നോർത്തു
ദൂരെപ്പുക്കൊളിച്ചിട്ടും ക്ഷുദ്രമാമൃക്ഷൗഘത്തെ;
കാണാതെയൊന്നേയുള്ളൂദാനവസ്തംബേരമ-
പ്രാണാന്തപ്രദാനോൽകമാകുമന്നൃസിംഹത്തെ.

11
[ 10 ]

ആവതും യുവാവിമ്മട്ടാവിദൂരമാം ലാക്കി-
ലാവനാഴിയിൽത്തങ്ങുമമ്പെല്ലാം പിഴച്ചെയ്യും.
നിത്യവും ചിത്രംവരച്ചൊക്കാഞ്ഞു മായ്ക്കും; വീണ്ടും
വർത്തികക്കോൽകൊണ്ടോരോ വർണ്ണകം താളിൽത്തേയ്ക്കും.
ചിന്തോർമ്മിക്ഷീബവ്രജം ചിത്താബ്ധിശുണ്ഡയ്ക്കുള്ളിൽ-
പ്പൊന്തിടും; ഗർജ്ജിച്ചെങ്ങുമാക്രോശിച്ചുടൻ വീഴും.
ആയതില്ലല്ലോ കാലമങ്ങേയ്ക്കും ദ്വിജശ്രേഷ്ഠ!
മായതൻ ജാലംവിട്ടു മാനത്തിൽപ്പറക്കുവാൻ.
ചാരമാകണം വെന്തു ഗർവക്കാ;ടുൾച്ചില്ലിന-
ച്ചാരത്തിൻ തേയ്പാൽ‌വേണം തന്മലം നശിക്കുവാൻ
അങ്ങേയ്ക്കക്കണ്ണാടിയിൽ ദൃശ്യനാമുടൻതന്നെ-
യങ്ങയാലതേവരെച്ഛന്നനാമന്തര്യാമി.

12



ആത്തപോവനത്തിങ്കൽപ്പാർപ്പതുണ്ടൊരേടത്തു
"ചാത്ത"നെന്നോതീടുന്ന കാട്ടാളക്കിടാത്തനും.
ശ്രീയവൻ തന്മേനിയെത്തീണ്ടീട്ടില്ലേതും; "ഹരിഃ
ശ്രീ"യങ്ങേവഴിക്കൊന്നൊട്ടെത്തിയും നോക്കീട്ടില്ല;
എങ്കിലെന്ത,വൻ ധന്യൻ, ദൈവത്തിൻ കാരുണ്യത്താൽ
പങ്കത്തിൻ നിധാനമാം പട്ടണം കാണാത്തവൻ.
നാട്ടിലേക്കാടൊക്കെയും നാട്ടാർതൻ ഹൃത്തിൽത്തങ്ങി-
ക്കൂട്ടമായ്ക്കാമാദിയാം ശ്വാപദം പുലർത്തുന്നു.
വ്യാധനാമവൻതന്റെ ചിത്തമോ നിഷ്കല്മഷം,
ശീതളം, കാട്ടിൽപ്പായുമാറ്റിലെജ്ജലംപോലെ.
വാനത്തിന്നകത്തുള്ള നക്ഷത്രം താനക്കൊമ്പ-
നാനതൻ കുംഭത്തിങ്കൽ മിന്നിടും മുക്താഫലം.

[ 11 ]


13


നോക്കിനാൻ വനേചരൻ ദൂരെനിന്നമ്മട്ടിൽത്തൻ
മാർഗ്ഗത്തിൽത്തപംചെയ്യും വിപ്രനെസ്സകൗതുകം
വിസ്മയാകാരം നേടീ കൗതുകം ക്രമത്തിങ്കൽ;
വിസ്മയം വിശ്വാസമായ്, വിശ്വാസം സമ്പ്രീതിയായ്;
സമ്പ്രീതി ഭക്ത്യാദരസ്നേഹരൂപമായ് മാറീ;
മുമ്പിൽച്ചെന്നവൻകൂടീ മുന്യംഘ്രിപത്മംകൂപ്പാൻ
കാകനിക്കിഴങ്ങിനം കാഴ്ചവച്ചല്പം നീങ്ങി
മൂകനായ്ക്കൈകെട്ടിനിന്നാജ്ഞയെക്കാക്കും നിത്യം;
ഓതുകില്ലൊരക്ഷരം താപസൻ; കടാക്ഷമാം
വേതനംപോലും വേണ്ട വേലയ്ക്കന്നിഷാദനും
"നീയാ"രെന്നൊരിക്കലേ ചോദിച്ചുകേട്ടിട്ടുള്ളൂ;
"നായാടിച്ചെക്കൻ ചാത്തൻ" അത്രയേ മൂളീട്ടുള്ളൂ;

14



ഓതിനാൻ തപസ്വിയെത്തേടിച്ചെന്നൊരിക്കലാ
വ്യാധൻ തത്സമാധിതന്നന്തത്തിൽ ദയാർദ്രനായ്
"തമ്പുരാനൊട്ടേറെനാളായല്ലോ മലഞ്ചുള്ളി-
ക്കമ്പുപോലുണക്കുന്നു പൂമെയ്യിക്കൊടും കാട്ടിൽ.
വീർപ്പടക്കിയും കണ്ണുചിമ്മിയും മനം ചുട്ടു-
മോർപ്പതെന്തങ്ങിമ്മട്ടിലൂണുറക്കൊഴിഞ്ഞെന്നും?
ഇക്കാട്ടിൽത്തങ്ങും വിലങ്ങേതിനെക്കൊതിച്ചങ്ങു
മുക്കാലും പിറപ്പറപ്പിത്തരം പുലർത്തുന്നു?
ഉള്ളമട്ടോതാമല്ലോ വേണ്ടതിക്കാനം മുറ്റു-
മുള്ളങ്കൈനെല്ലിക്കയായ്ക്കാണ്മോനീ വേടച്ചെക്കൻ
ആവനാഴിയും വില്ലുമമ്പുമായ് നായാട്ടിൽ വെ-
ന്നാവിലങ്ങിനെപ്പിടിച്ചേല്പിക്കാമങ്ങേക്കൈയിൽ."

15



കേവലം തിര്യഗ്രുതം-ഭ്രാന്തൻതൻ പ്രലാപമാ-
യാവചസ്സവൻ കേട്ടാനല്പവും രസിക്കാതെ,
ഉത്തരം കാത്തുംകൊണ്ടുനിൽക്കയാണോച്ഛാനിച്ചു
ലുബ്ധകൻ സമീപത്തിൽ - "മാരണം! മാറാശ്ശല്യം!!
എന്തിവൻ കണ്ടൂ പാവ,മെൻതത്വം? കൊള്ളാം വന്ന
ബന്ധു! ഞാൻ തീർണ്ണാർണ്ണവൻ നൂനമിപ്പോതത്തിനാൽ!!
എന്നെക്കൊണ്ടാവാത്തതാണിക്കിടാത്തനാലാവ-
തിന്നു ഞാനിരപ്പാളി! യിച്ചെക്കൻ വിണ്ണോർമരം!;

[ 12 ]

ഞാനിവൻ നൽകും വരം വാങ്ങുവാൻ വന്നോനല്ല;
മാനത്തിൽപ്പരുന്തിന്നു മാക്രിയോ മാർഗ്ഗം കാട്ടാൻ!"
അപ്പുമാനിമ്മട്ടോർത്താസ്സാധുവാമഭ്യാഗത-
ന്നല്പഹാസമാമർഘ്യമാദ്യമായ്സ്സമ്മാനിച്ചാൻ.

16



ഓതിനാൻ പിന്നെ, "ച്ചാത്ത! നിന്നെക്കൊണ്ടെൻ കാമിതം
ബോധിപ്പാൻപോലും മേല; സാധിക്ക പിന്നീടല്ലീ?
ഹാ! കിടപ്പവൻ ഞാനെൻ ലാക്കിൽനിന്നകന്നെങ്ങോ?
നീ കടന്നിടയ്ക്കിതിൽച്ചാടിയാലെന്തോഫലം?
കേവലം വനേചരൻ ബാലൻ നീ മൃഗപ്രായൻ;
ദ്യോവിനെപ്പൊക്കാനാമോ പാതാളം കുതിക്കുകിൽ?
അത്രമേൽത്താണുള്ളതാണാശയെന്നിരുന്നാൽ ഞാ-
നിത്തരം കൊടുത്തപം രാപ്പകൽ ചെയ്യേണമോ?
നീ നടന്നുപോ നിന്റെ കൈനില;യ്ക്കിക്കാര്യത്തിൽ
സ്ഥാനത്തെ സ്പർശിക്കുവോന്നല്ല നിൻ സദുദ്ദേശ്യം!
നന്മ ചെയ്തിടാമല്ലോ വേറെയും; പാവപ്പെട്ട
നിന്മച്ചിക്കൃപപ്പെണ്ണിന്നെൻകണ്ണീർ,ശുദ്ധാത്മാവേ!
                 

17



തെറ്റിപ്പോയ് നിനക്കൂഹമെന്നു ഞാൻ കഥിപ്പീല;
മുറ്റുമെൻ മൃഗദ്രവ്യം ഭ്രാതാവേ! മൃഗംതന്നെ.
ഉണ്മയിൽച്ചൊല്‌വൂ കണ്ടോർ "കാൽമുതൽക്കഴുത്തോള-
മമ്മൃഗം നരാകാരമപ്പുറം സിംഹാകാരം.
ആദിതൊട്ടസ്സത്ത്വത്തെത്തേടുന്നുണ്ടിന്നും നാലു -
വേദാഖ്യകോലും വിശ്വകദ്രുക്കൾ വിനിദ്രങ്ങൾ.
ആ ന്രുസിംഹംതൻ സത്യം സുന്ദരം ശിവം സച്ചി-
ദാനന്ദം സനാതനം ശാന്തിദം സർവാന്തഃസ്ഥം.
പണ്ടെങ്ങാണ്ടൊരിക്കൽത്തൻ മുന്നിലമ്മൃഗത്തിനെ-
ക്കണ്ടാൽപോൽ പ്രഹ്ലാദനാം ബാലകൻ മഹാഭാഗൻ.

[ 13 ]

ഞാനും തൽസാക്ഷാൽകാരമാശിപ്പൂ; നിനക്കാമോ
ദീനനാമെനിക്കേകാനാവില,ങ്ങാവില്ലല്ലോ."

18



ആ വാക്യം സാങ്ഗോപാങ്ഗമർത്ഥചിന്തനംചെയ്‌വാ-
നാവാത്തോനാണെന്നാലുമായുവാവല്പപ്രജ്ഞൻ
സേവ്യമാമതിൻസാരം സേവിച്ചാൻ ഹൃത്താലേതോ
പൂർവ്വജന്മോപാത്തമാം പുണ്യത്തിൻ ബലത്തിനാൽ.
കാൽമുതൽക്കഴുത്തോളം തന്നെപ്പോലൊരാൾ; ബാക്കി-
യാമുകൾഭാഗം മാത്രം കോളരിക്കൊപ്പംമൃഗം;
അമ്മട്ടിൽക്കാണാ,ക്കേൾക്കാ,സ്സത്വമൊന്നത്യാശ്ചാര്യ-
മുണ്മയാ, യൂക്കാ, യൂഴിക്കുന്നമാ, യുണർച്ചയായ്,
ഉണ്ടെന്ന തദ്വാക്യാംശം വീണു ചെന്നവന്നുള്ളിൽ
കൊണ്ടലിൽ തുപ്പൽത്തുള്ളി മുത്തുച്ചിപ്പിയിൽപ്പോലെ.
കോൾമയിർകൊണ്ടു മേനി നായാടി,ക്കമ്പിൻക്കൂട്ട-
മാമൃഗത്തിന്മേൽപ്പായാനായംപൂണ്ടെഴുംപോലെ.

19



മങ്ങലേറ്റോതീ വേടൻ "ഉണ്മയേ ചൊല്ലൂ നല്ലോർ;
എങ്ങെഴാമീയാളുടൽക്കോളരിത്തലജ്ജന്തു?
തൂമഞ്ഞാം പുതപ്പണിഞ്ഞുച്ചിയാൽ മാനം തൊടും
മാമലപ്പരപ്പൊന്നുണ്ടെങ്ങോ വടക്കറ്റം;
വൻപെഴും ചിങ്ങത്താൻമാർ വാഴ്വതങ്ങല്ലാതില്ലെ-
ന്നെൻപഴംകിടാത്തന്മാരോതി ഞാനറിഞ്ഞവൻ.
മാൺപുറ്റൊരിക്കാനത്തിൽത്തമ്പുരാൻതിരഞ്ഞീടു
മാൺപിള്ളശ്ശിങ്കം മറ്റൊന്നായിടാ, മടുത്താവാം -
എങ്ങുമേ വായ്പോന്നെന്നു മാത്രമല്ലങ്ങോതുന്നു
ണ്ടെൻകണക്കേതോ പൈതലെന്നാളോ കണ്ടോന്നെന്നും;
നൂനം ചെന്നാരായുവാൻ ഞാനുമാവിലങ്ങിനെ;
ക്കാണുവാൻ; പിടിക്കുവാൻ, കാഴ്ചയായ്‌വെച്ചേ നില്പൻ.

[ 14 ]
20



ഇത്തരം വേടക്കിടാവോതിടും വാക്കിനൊന്നു-
മുത്തരം കഥിച്ചീല വിസ്മയസ്തബ്ധൻ ദ്വിജൻ.
"ഹാ! ജഡർക്കെന്തൗദ്ധത്യം ഡിംഭർക്കെന്തർമ്മൗഗ്ദ്ധ്യം;
നീചർക്കെന്തഹങ്കാര"മെന്നവൻ നിരൂപിക്കേ
ആഞ്ഞോടി മുന്നേട്ടേക്കക്കൊച്ചനൊട്ടേറെദൂരം
പാഞ്ഞിടാൻ മനസ്സുമായ്പ്പന്തയം വെച്ചോൻപോലെ.
കൂട്ടരെക്കൂട്ടിത്തന്റെ നായ്കളൊത്തെങ്ങും ചെന്നു
കൂട്ടിനാൻ ഘോഷം; കീഴ്മേലാക്കിനാൻ കാടൊക്കെയും
ചേണിലന്നവൻ ചേർത്താൻ തീവ്രമാം പ്രയത്നത്താൽ
തൂണിയോടൊപ്പം ദരീശ്രേണിക്കും ശൂന്യത്വത്തെ.
കാണ്മതിലെങ്ങുംതന്നെ പിന്നെയും ദുരാപമാ-
മാമൃഗം-തന്നുൾത്തട്ടിൽ വാണിടും മായാമൃഗം.

21



"എങ്ങുവാ,നെണ്ടെങ്ങുവാ,നെങ്ങെങ്ങൊരേടം വാ-
നെൻശിങ്കം-എന്നാൺശിങ്കം-എന്നെന്നാൺപിള്ളശിങ്കം?"
എന്നുരച്ചിങ്ങങ്ങവൻ പിന്നെയും പാഞ്ഞാൻ മേന്മേൽ-
ത്തന്നെത്താൻ മറന്നോനായ്, സന്യസ്തർക്കാരാദ്ധ്യനായ്.
കൂട്ടുകാരെല്ലാം വിട്ടാർ; കൂറ്റുകാർ പെൺകെട്ടിന്നു
കൂട്ടിനാർ വട്ടം; മുഴുഭ്രാന്തിനായ് ചികിത്സിച്ചാർ.
ഭ്രാന്തുതാൻ -ഭക്തിഭ്രാന്തു!-സർവേശസാക്ഷാൽക്കാരം
ശാന്തിയെച്ചെയ്യേണ്ടതാം സത്തർതൻ മഹാരോഗം?
കൂകിടും ചുറ്റും ചെക്കർ; നിൻ "ശിങ്ക"മെങ്ങെന്നോതും;
കൈകൊട്ടിച്ചിരിച്ചിടും: കല്ലെടുത്തെറിഞ്ഞിടും.
കാണ്മതില്ലതൊന്നുമേ മർത്ത്യപഞ്ചാസ്യം മാത്ര-
മോർമ്മയിൽത്തങ്ങിത്തിങ്ങിവിങ്ങുമമ്മഹായോഗി.

22



ചെറ്റുചെന്നപ്പോൾ കണ്ടാൻ ലുബ്ധകൻ മഹാധന്യൻ
ചുറ്റുപാടെഴും വസ്തു സർവ്വവും നൃസിംഹമായ്
കാണ്മതോടെല്ലാം "എന്നാൾക്കേളരിച്ചങ്ങാതി! വാ
ഞാൻമുനിക്കേകാം നിന്നെ,യെന്നോതും; വിളിച്ചീടും.
പാറക്കൽ പളുങ്കൊളിക്കണ്ണുനീരൊലിപ്പിക്കും;
പാദപം തളിർക്കൊമ്പാം താലവൃന്തത്താൽ‌വീശും;

[ 15 ]

വീരുത്തു പൈന്തേനൊലിപ്പൂമാരികോരിത്തൂകു;
മാറു വെൺനുരക്കുളിർത്തുമുക്താഹാരം ചാർത്തും;
വണ്ടിനും മുരൾച്ചയാൽ വായ്പെഴും ജയം കുറു;-
മണ്ഡജം പാറിപ്പറ,ന്നാശ്വസിക്കുവാൻ ചൊല്ലും;
മാ,നിടംപെടും കണ്ണാൽ നോക്കിടും; - സമസ്തമ-
ക്കാനനം സജംഗമസ്ഥാവരം കാരുണ്യാർദ്രം;

23


ഹന്ത! നാളിമ്മട്ടൊട്ടുപോകെത്തത്തപസ്സിൻചൂ-
ടന്തരാത്മാവിൽത്തട്ടീ; കാര്യത്തിൻ മട്ടും മാറീ;
ഷഡ്വർഗ്ഗസിന്ധുക്കളില്ലങ്ങതിൻ ശാന്തിക്കൊന്നും;
പെട്ടുപോയ് ഹുതാശനക്കൂട്ടിലന്നൃപഞ്ചാസ്യം
അപ്പൊഴായിടാമങ്ങേയ്ക്കാഗാരനീരിൻ സ്വാദും,
തല്പത്തിൻ കുളുർമ്മയും, വാമമാം കണ്ണിൻ കെല്പും,
വാഹത്തിൻ പക്ഷങ്ങൾ തൻവീശലിൻ ചേലും കാണ്മാൻ
ശ്രീഹരേ! തരംവന്നതെന്നു ഞാൻ നിനയ്ക്കുന്നേൻ
പൊള്ളിപ്പോം പൂമേനി, യെൻ തമ്പുരാനിനിത്തുല്യ-
മുള്ളിലും വെളിക്കുമായ് മിന്നിയേ ശരിപ്പെടൂ
ചാലവേ ഭവാൻ മാറിൽ ചാർത്തുവാനരണ്യപ്പൂ-
മാലയൊന്നതാ കോർപ്പൂ മാൺപെഴും മഹീദേവി

24


ഒറ്റക്കൈ പൊക്കിൾപ്പൊയ്കപ്പൊൽത്തണ്ടാർ വാടായ്‌വാനും
മറ്റേക്കൈ മഞ്ഞത്തളിർപ്പട്ടാട് കത്തായ്വാനും
പിന്നെയൊന്നാഴിപ്പെണ്ണിൻ പൂമേനി പൊള്ളായ്‌വാനു-
മിന്നിയൊന്നണിക്കതിർക്കൗസ്തുഭംപൊട്ടായ്‌വാനും;
ഇമ്മട്ടിൽ ഭുജം നാലും വ്യാപരിപ്പിച്ചും മർത്ത്യ-
സിംഹത്തിൻ പുരാണോക്തമായിടും രൂപം പുണ്ടും,
മേൽക്കുമേൽ സുഷുപ്തിയെക്ഷർഹിച്ചും, സ്വഭക്തരിൽ

[ 16 ]

നൈർഘൃണ്യവാനോ താനെ,ന്നാത്മശോധനം ചെയ്തും
പാർഷദർ ധരിക്കാതെ, പത്മയോടുരയ്ക്കാതെ,
പെട്ടെന്നു വേടച്ചെക്കൻതന്മുന്നിൽക്കുതിച്ചെത്തീ
ശിഷ്ടർതൻ ചിന്താരത്നം, ചിൽപുമാൻ, ജഗൽപതി.

25


ആവതും തന്നാതിഥ്യമാചരിക്കുവാൻ വേഗ-
മാ വനം സന്നദ്ധമായ് ഹസ്തസ്ഥസർവ്വദ്രവ്യം.
സത്വരം പ്രയാണത്തിൻസാദത്തെശ്ശമിപ്പിച്ചു
ഭക്തിമന്ഥരൻ, വായു, സാമോദൻ ബാഷ്പാപ്ലുതൻ.
പാതയിൽപ്പരത്തിനാൾ പച്ചപ്പുൽപ്പൂമ്പട്ടാട
പാദത്തെത്തിരുമ്മുവോൾ, സാധ്വിയാ ധാത്രീദേവി.
ഗോക്കൾതന്നകിട്ടിൽനിന്നെങ്ങുമേ ദുഗ്ദ്ധം പാഞ്ഞു;
ഗോവിന്ദൻ ചെല്ലുന്നേടമൊക്കെയും ദുഗ്ദ്ധേദധി,
തേനിൽനീരാടി,ത്തളിർപട്ടുടു,ത്തോരോതരം
മേനിയിൽപ്പുത്തന്മലർപ്പൊന്മണിപ്പണ്ടം ചാർത്തി,
നല്ലൊരമ്മഹം കണ്ടാർ നിർന്നിമേഷമാം കണ്ണാൽ
വല്ലരീവധുക്കളും വൃക്ഷപൂരുഷൻമാരും.

26


തന്മുന്നിൽക്കണ്ടാൻ സാധു താനത്തേവരെത്തേടു-
മമ്മഹാമൃഗത്തെ-ത്തന്നാകാംക്ഷാസർവസ്വത്തെ,
കണകുളുർത്താസ്യം നനഞ്ഞശ്രുവാൽ, രോമോൽഗമം
തിങ്ങിമെയ്യെങ്ങും, മനം മത്താടിയന്നായാടി
ആദ്യത്തെപ്പകയ്പുവിട്ടപ്പുറം വീണ്ടും നോക്കി-
യാദ്യനാമദ്ദേവനെ;ത്തദ്രൂപം സൗമ്യാൽസൗമ്യം.
വൃത്തക്കൺചെന്തീപ്പൊരിച്ചിന്തലി,ല്ലലർച്ചയി,-
ല്ലുദ്ധതച്ചാഞ്ചാട്ടമി,ല്ലുഗ്രാസ്യപ്പിളർപ്പില്ല;

[ 17 ]

പുരുഷാകാരം പൂണ്ട കാമധേനുവാം; മുഖം
പാരീന്ദ്രചർമ്മത്തിനാൽ ഛന്നമാം കുരങ്ഗമാം
തൻമൃഗാധിപാഭിഖ്യ സാർത്ഥമാക്കുവാനാനാ-
മമ്മട്ടിൽച്ചര്യാഭേദം സ്വീകരിച്ചതസ്സത്ത്വം!

27


 ചൂടില്ലാത്തേജോരാശി, കോളില്ലാപ്പാരാവാര;-
മീടെഴും വിണാറായൊരാഗ്നേയശൈലദ്രവം;
ചാലവേ ശരത്തായ വർഷർത്തു, ശാന്താചാരം
ശീലിച്ച രൗദ്രം; സുധാസത്തായ ഘോരക്ഷ്വേളം
ദീനബാന്ധവൻ, ദയാവിഗ്രഹൻ, സരസ്സിൽ നി-
ന്നാനരെക്കരയ്ക്കേറ്റിപ്പാലിച്ചോനാണാ ഹരി.
അമ്മൃഗേന്ദ്രൻതൻ ദാസദാസൻപോൽ ഗീർവാണേന്ദ്ര-
നപ്പഞ്ചാസ്യൻതൻ സേവാജീവിപോൽ ചതുർമ്മുഖൻ
വിശ്വവും തന്നിൽക്കാട്ടാൻ ദക്ഷനാ വ്യാദീർണ്ണാസ്യ,-
നച്ചിത്രകായപ്രിയൻ ഭൂതേശൻ പശുപതി.
അത്ഭുതം നിരൂപിച്ചാൽ ഹംസാളിസംസേവ്യമാ-
മപ്പുണ്ഡരീകത്തെക്കാൾ മറ്റെന്തുണ്ടാകർക്കശം?

28


 പണ്ടേറ്റം ദുഷ്പ്രാപമാം തദ്രൂ പാമൃതംമേന്മേ-
ലണ്ടർകോൻ നുകർന്നാനന്നായിരം നേത്രത്താലും,
താഴെത്തൻപൂങ്കാവുതാൻ വീണതക്കാടെന്നോർത്
തായിരം ദണ്ഡങ്ങളാലാകർഷിക്കുവോൻ പോലെ.
ദിവ്യസ്ത്രീഗണങ്ങൾ തൻ നീണ്ട മാൻകണ്ണെല്ലാമ-
ന്നവ്യമാം ന്‌റുസിംഹത്തിൻ മേനിയിൽ തുള്ളിച്ചാടീ,
തൻപിതാമഹപ്രിയൻ സ്വാമിയെദ്ദർശിക്കുവാൻ
വെമ്പിടും ബലിക്കേകീ സൂത്രാമാവർദ്ധാസനം.

[ 18 ]

ഭാവനാബലംകൊണ്ടുമാത്രം താൻ വർണ്ണിച്ചോരു
ദേവനെക്കണ്ടാൻ വ്യാസൻ ചക്ഷുസ്സാൽ തദ്രൂപനായ്.
പോരില്ലെന്നറിഞ്ഞല്പം ഖിന്നനാകിലും മർത്ത്യ-
പാരീന്ദ്രൻതന്നെപ്പാടിവാഴ്ത്തിനാൻ വീണാധരൻ.

29



 "ഏറെ നാളായല്ലോ നീയെന്നെക്കാത്തകം വെന്തു
നീറുമാറങ്ങിങ്ങോടി,ക്കാൽനൊന്തു ക്ഷണിക്കുന്നു;
ഞാനിതാ വന്നേൻ മുന്നിൽച്ചങ്ങാതി!യെന്നാലെന്തു
വേണമെന്നോതിക്കൊള്ളൂ; ചെയ്തിടാമതൊക്കെയും;"
എന്നേറ്റം പ്രസന്നനായ്, സ്നിഗ്ദ്ധനായ്, ഹിതൈഷിയാ,-
യന്നൃപഞ്ചാസ്യൻ ഭക്തൻ വ്യാധനോടരുൾചെയ്തു.
ആവതും സുധാരസം മോഹിനീരൂപൻപണ്ടു
ദേവർക്കു നൽകിശ്ശേഷം തൻകണ്ണിലീട്ടിക്കൂട്ടി!
കിന്നരന്മാരെത്തുരങ്ഗാസ്യരായ്പ്പുരാണങ്ങൾ
ചൊന്നതിൽ തെറ്റു,ണ്ടൊരാൾ സിംഹാസ്യൻ തന്മദ്ധ്യത്തിൽ;
അല്ലെങ്കിലീയാർദ്രത്വമെങ്ങുനിന്നപാങ്ഗത്തിൽ?
വല്ലകീനിക്വാണത്തിൻ മാധുര്യം വചസ്സിങ്കൽ?

30



 ഓതിനാൻ പ്രത്യുത്തരം വ്യാധൻ! "എൻ കണ്ണേ! പൊന്നേ!
നീ തെളിഞ്ഞിന്നെങ്കിലും വന്നുചേർന്നല്ലോ മുന്നിൽ.
കാട്ടിൽ നാം വാഴ്വോരല്ലീ ചങ്ങാതി! രണ്ടാൾക്കളും,
കൂട്ടരായ്പ്പൊറുക്കുവാൻ തമ്പുരാൻ കല്പിച്ചവർ?
എങ്ങുനീയൊളിച്ചൊളിച്ചിത്രനാൾത്തങ്ങീ? നിന്നെ-
യെങ്ങും ഞാൻ തിരഞ്ഞല്ലോ ചോട്ടിലും തലപ്പിലും.
കൂടുവിട്ടങ്ങിങ്ങു നീ കൂടുപാഞ്ഞീടുന്നോനോ?
വേടനെക്കുറിച്ചിത്ര കൂറില്ലാതിരിക്കാമോ?

[ 19 ]

ഞാനത്രേ നീ, നീയത്രേ ഞാൻ; നാമുമിക്കാനവും
വാനവും വേറല്ലെന്നു കാണ്മു ഞാൻ കുറേ നാളായ്.
എന്നുടപ്പിറപ്പേ! നീയെൻ ശിങ്കമല്ലേ? മേലി-
ലെന്നെ വിട്ടൊരേടത്തും പോകൊല്ലേ! ചതിക്കൊല്ലേ!

31


ഇങ്ങുവാ നീ കോളരിക്കൂട്ടത്തിൽപ്പെട്ടോനല്ലീ?
യെങ്ങുനിന്നുണ്ടായ് നിനക്കിപ്പതുപ്പകക്കാമ്പിൽ?
തൊണ്ണയിൽക്കോലക്കുയിൽക്കൂടുകെട്ടുണ്ടോ? നിന്റെ
കണ്ണിലേച്ചെന്തീയാരിമ്മട്ടിൽത്തണ്ണീർ വീഴ്ത്തി?
എത്രയോ പയ്യിൽപ്പയ്യാം നിൻമുഞ്ഞിക്കിണങ്ങാത്തൊ-
രിത്തടിപ്പേക്കോലത്തൊ, ലേതുകൈ തുന്നിക്കെട്ടി?
അല്ലെങ്കിൽച്ചിങ്ങത്താനും തന്നുടപ്പിറപ്പിൽക്കൂ-
റില്ലയോ? നീയിക്കോലമെന്നെയോർത്തെടുത്തതാം
നന്നുനന്നേതായാലുമിന്നലയ്ക്കിരി, പ്പടു-
ത്തെന്നുയർക്കാറ്റേ! വാ! വാ! നിന്നെ ഞാൻ തലോടട്ടെ
പേടിക്കേണ്ടെൻ കൈയിലില്ലമ്പൊന്നും; കുറേ നാളായ്
വേടൻതൻതൊഴിൽത്തീണ്ടൽ വിടൊഴിഞ്ഞിരിപോൻ ഞാൻ.

32


തീനിടാം, മേനിച്ചടയ്പൊട്ടുനീങ്ങിയാലെന്തു
വേണമെന്നോതാം; നിനക്കാവതൊട്ടപ്പോൾ ചെയ്യാം.
കാകനിക്കിഴങ്ങിനം പോരയോ തിന്മാൻ? നിന-
ക്കേകുവാനിറച്ചിയില്ലെങ്കിലെൻ മെയ്യല്ലാതെ.
തോന്നുന്നുണ്ടല്ലോ വിലങ്ങൊക്കെയും നീയായ്പ്പിന്നെ
ഞാൻ നിനക്കേകാവതോ തീനിനായ് നിന്നെത്തന്നെ?
വേണ്ടവേണ്ടതെന്നത്രേ ചൊൽവൂ നിൻ നിണച്ചായം
പൂണ്ടിടാച്ചുണ്ടും പല്ലും, നീയുമിന്നെന്നൊടൊത്തോൻ."
എന്നുരച്ചേകീ കുറെസ്സാത്ത്വികാഹാരം വേടൻ;
തന്നുള്ളിൽകൊണ്ടാനതെൻ തമ്പുരാൻ ഭക്തപ്രിയൻ.

[ 20 ]

'വീർക്കുന്നീലല്ലോ പള്ള'യെന്നോതിക്കുറെത്തുറു-
പ്പാഴ്കച്ചിവച്ചാൻ മുന്നി,ലായതും തിന്നാൻ ഹരി.

33



പിന്നെയാവ്യാധൻ ചൊന്നാൻ: ഞാനെനിക്കായിട്ടല്ല
നിന്നെയിങ്ങിപ്പോൾവരാൻ നേർന്നതെൻ ചാർന്നോർമുത്തേ!
അങ്ങൊരാളടുത്തുണ്ടു നാടും തൻ വീടും വെടി-
ഞ്ഞിങ്ങുവന്നിരിക്കുന്നു നിന്നെക്കണ്ടെന്തോ നേടാൻ.
ഉണ്ണുകി,ല്ലുറങ്ങുകി,ല്ലോർക്കുകില്ലൊന്നും വേറെ;
നിന്നെത്താൻ നിനയ്ക്കുന്നു നീണാളായൊരേ നില്പിൽ.
മാട്ടിൻപാൽ കുടിച്ചേറെ മെയ്കൊഴുത്തവൻ, പണ്ടു
കാട്ടിലേക്കല്ലും മുള്ളും കാലിന്മേൽ തറയ്ക്കാത്തോൻ.
നാൾചെന്നായോരോന്നായ്‌വന്നാവതും കടിച്ചുതി-
ന്നാച്ചതപ്പറ്ററ്റുപോയ്; ചോരനീർ വേർമാഞ്ഞുപോയ്;
കോലിലും മെലിഞ്ഞൊരാക്കോലത്തിലിപ്പൊളെല്ലും
തോലുമേ കാണ്മാനുള്ളൂ പാവമേ വെറും പാവം!

34



കണ്ടു ഞാനവൻ നില്പതിക്കണക്കൊട്ടേറെ നാൾ;
വെന്തലിഞ്ഞെന്നുൾക്കട്ടി വെള്ളമായൊലിച്ചുപോയ്
ഓർത്തു ഞാൻ; "അവൻ മറഞ്ഞിക്കാട്ടിൽ മണ്ണായ്പ്പോയാൽ-
പ്പേർത്തുമെൻ തലയ്ക്കല്ലീ വീഴ്വതപ്പിണപ്പിണി?
മന്നിലാർ പിറപ്പീല പണ്ടുമിപ്പൊഴും മേലു-
മുണ്ണുവാൻ-ഉറങ്ങുവാൻ-ഉണ്ടാക്കാൻ-ഒടുങ്ങുവാൻ?
ആവകയ്ക്കാവില്ലെന്നെത്തീർത്തതെൻപുരാൻ, ഞായർ-
ക്കൈവിളക്കെന്നും വാനിൽ കത്തിച്ചെന്നകം കാണ്മോൻ.
ആകയാൽ നായാടി ഞാൻ-നീ വിലങ്ങല്ലീ?-നിന്നെ-
യേകിടാമെന്നോതിനേ,നെന്തിനും മുതിർന്നോനായ്.
ആഞ്ഞതേയുള്ളൂ കുറഞ്ഞോന്നുഞാൻ ചെന്തീതട്ടി-
ക്കാഞ്ഞൊരച്ചെടിക്കൊറ്റക്കൈക്കുമ്പിൾത്തണ്ണീർ വീഴ്ത്താൻ.

35



പോകനാമങ്ങോട്ടെന്റെ പൊന്നുടപ്പിറപ്പേ! വാ,
നീ കട,ന്നെന്തിന്നിത്ര വിമ്മലും വിതുമ്മലും?

[ 21 ]

തള്ളിയിട്ടോടാൻ പറ്റി"ലെന്നുരച്ചവൻ ചാർത്തീ
വള്ളിയാൽ പിണച്ചോരു വൻവടം കഴുത്തിങ്കൽ.
പണ്ടു തൃത്താലിച്ചാർത്തിൽപ്പാൽക്കടൽപ്പെൺപൈതലാൾ
കണ്ഠത്തിൽ സമർപ്പിച്ച കൽഹാരപ്പൂമലയും
ആ യശോദയാൾ തന്റെ മൺതീറ്റി നിർത്താൻ മെയ്യി-
ലായം പൂണ്ടേച്ചേച്ചിട്ട കർഷിപ്പാനിടും വള്ളി-
ച്ചങ്ങലയ്ക്കൊപ്പം സുഖം ശാർങ്ഗിക്കു നൽകീലേതും
ജീവനാഥയെക്കാളും-പോറ്റിടും തായെക്കാളും-
കേവലം നിഷ്കാമരാം ഭക്തർ താൻ ദേവന്നിഷ്ടം.

36


 അപ്പുറം നൃസിംഹത്തെത്തന്മുന്നിൽച്ചേർത്തുംകൊണ്ടു
വിപ്രനെത്തേടിപ്പോയാൻ ശിഷ്ടനാം വനേചരൻ
പുൽക്കയർത്തുമ്പും മുളങ്കമ്പുമുണ്ടോരോ കൈയി-
ലക്കൊച്ചന്നുണ്ടോ പിന്നെയമ്മൃഗത്തിനെബ്ഭയം?
വള്ളിയാൽ വലിക്കവേ നൊന്തുപോം കഴുത്തെന്നോർ-
ത്തല്ലലാർന്നടുത്തുചെന്നൂതിടും തലോലിടും;
പച്ചിലച്ചാറൊട്ടെന്തോ തേച്ചിടും പിഴിഞ്ഞങ്ങു;
പൃച്ഛിക്കും 'പുല്ലോ നീരോ വേണമോ വഴിക്കെന്നായ്;
"എന്മണിച്ചിങ്ങം പാവ"മെന്നോതും; മുഖം കുനി-
ച്ചുമ്മവച്ചിടും, മാറിൽച്ചേർത്തണച്ചാശ്ലേഷിക്കും;
അമ്മട്ടിൽചെന്നെത്തിനാൻ തൻവിലങ്ങുമായ്ദ്ദാന്തൻ
തന്മുന്നിൽ കൃതാർത്ഥനാമപ്പരാർത്ഥൈകസ്വാർത്ഥൻ.

37


 വെന്നുതാൻ വിളങ്ങുന്നൂ ദൈവത്തിൻ ദയാദൃഷ്ടി,-
യന്നോളം ശ്മശാനമായ്ത്തീർന്നീലാത്തപോവനം.
ദൂരെയൊന്നെന്തോ കാണ്മൂ-ധൂമമ,ല്ലുണക്കാർന്ന
ദാരുവിൻ മൂട,ല്ലാരും നേർന്നൊരാളുരുവല്ല;
അസ്ഥിപഞ്ജരംതന്നെ, നിൽക്കുന്നു പാദങ്ങളിൽ;

[ 22 ]

നിശ്ചയം ശ്വാസോച്ഛ്വാസവ്യാപാരം നീങ്ങീട്ടില്ല;
ആയതത്തപസ്വിതാൻ; തന്മേനി പക്ഷേ വെറും
ഛായതൻ ഛായയ്ക്കൊക്കുമത്രമേൽച്ചടച്ചുപോയ്
എങ്കിലെ,ന്തതിന്നന്നുമേകുന്നുണ്ടുൾച്ചൈതന്യ-
'മെൻ ഹിതം ഞാൻ നേടു'മെന്നുള്ളൊരവീരവ്രതം
ജീവനാം പതത്രിതൻ പക്ഷത്തെസ്തംഭിപ്പിച്ചു
മേവുന്നുണ്ടജയ്യമാപ്പൗരുഷോക്തമാം മന്ത്രം

38


 "ആൾശിങ്കം ചാരത്തിതാ നിൽക്കുന്നു; തൃക്കൺപാർക്കാം;
വാശ്ശതും കൊതിച്ചതെൻ തമ്പുരാനിതൊന്നല്ലി?
ആട്ടിനെക്കാളും പാവ,മേതു കുഞ്ഞിനും കളി-
പ്പാട്ടമായങ്ങേയ്ക്കേകാ, മത്രമേൽപ്പച്ചപ്പാവം!
പാർക്കണേ തൃക്ക"ണ്ണെന്നു വാവിട്ടു വേടൻ കൂറും
വാക്കുകേ,ട്ടടച്ച കണ്ണദ്വിജൻ തുറക്കവേ
ചെപ്പടിപ്പിരട്ടല്ല പാതിരാക്കിനാവല്ല-
തുൾപ്പിച്ച,ല്ലധ്യാസമ,ല്ലാശ്ചര്യമത്യാശ്ചര്യം!
ആർക്കുതാൻ കേട്ടാൽത്തോന്നും സത്യമായ്? ത്രയീശീർഷ-
വാക്യങ്ങൾക്കാധാരമാം വൈകുണ്ഠൻ ജഗന്നാഥൻ
കായാധവേദ്യൻ മർത്ത്യപഞ്ചാസ്യൻ നില്പൂമുന്നിൽ
നായാടിക്കിടാത്തന്റെ പൊട്ടിപ്പുൽക്കെട്ടിൽത്തങ്ങി!!

39


 താൻ തീരെ സ്മരിക്കാത്ത വേടൻതൻ വാഗ്ദാനമ-
ദ്ദാന്തൻ തന്നുള്ളിൽ പൊന്തീ സ്നാതമാം ഹംസംപോലെ
സ്തംഭവും രോമാഞ്ചവും സ്വേദവും നേത്രാംബുവും
ജൃംഭിച്ചു ശരീരത്തിൽ; പൂമൊട്ടായ്ക്കൂടീ കരം;
ഹൃൽഗതം വക്തവ്യമായ്ത്തീർന്നീല, തീർന്നാലതും
ഗദ്ഗദപ്രത്യൂഹത്താൽ കണ്ഠം വിട്ടുയർന്നീല.
ആ രീതിവാചംയമൻ കൈക്കൊൾകെക്കാട്ടാളന്റെ
കാരിരുമ്പൊളിക്കായം കാഞ്ചനത്തിടമ്പായി.

[ 23 ]

ഇങ്ഗാലം ഹീരപ്രായം; ഹീരകം താരപ്രയം;
താരകം സൂരപ്രായം; സൂരൻ ഹാ! ഹര്പ്രയൻ.
ആ മട്ടിൽ മാറീ മേനി ലുബ്ധകൻവൻപ്പോ-
ളാന്തരജ്യോതിസ്സുതാൻ ബാഹ്യവും സച്ചിന്മത്രം.
                   

40


ചാലവേ സംസാരമാം രാഹുവിൻ വക്ത്രംവിട്ട-
ബ്ബാലനാം വ്യാധൻ മിന്നീ പാരിതിൻ ത്രയീതനു:
ശോഭനൻ വൈകുണ്ഠനെപ്പിന്നെയന്നൃപഞ്ചാസ്യ
താപനീയശ്രുത്യന്തരത്നത്താൽ സേ്താത്രംചെയ്താൻ.
അത്രനാൾ മണൽത്തിട്ടാം തദ്രസജ്ഞയിൽപ്പാഞ്ഞാ-
ളദ്ദിനം കൂലങ്കഷപ്രായത്തിൽ സരസ്വതി.
ജ്ഞാനിയാമദ്ധന്യൻ തന്നുൽഗതിയ്ക്കുടൻ വന്നൂ
വാനിൽനിന്നത്യത്ഭുതം വൈഷ്ണവം മഹാരഥം.
"വത്സ! നീ മദ്ധാമത്തിൽ വാഴ്"കെന്നു ചൊന്നാൻ ഭക്ത-
വത്സലൻ പ്രപന്നാർത്തിഭഞ്ജനൻ പത്മാധവൻ.
വിപ്രനോ"ടങ്ങേപ്പുണ്യമെൻ മോക്ഷ"മെന്നോതിനാ-
നപ്പുമാൻ കൃതജ്ഞനായപ്പുറം വിമാനസ്ഥൻ.

41


മഞ്ചവേ നേത്രം രണ്ടുമന്തണപ്രവേകന്നു;
പുഞ്ചിരിക്കൊൺകെപ്പേർത്തും പുരുഷൻ പുരാതനൻ;
തൂകവേ ബാഷ്പം സുമവ്യാജത്താൽ പലാശികൾ;
പോകവേ കുറേദൂരംകൂടവേ പതത്രികൾ;
മാറവേ മാർഗ്ഗം വെടിഞ്ഞങ്ങിങ്ങു ജീമൂതങ്ങൾ;
പേറവേ കമ്പം മെയ്യിൽ നിർഭരം നക്ഷത്രങ്ങൾ;
വീഴ്ത്തവേ സുധാരസം പ്രീണനായ് ജൈവാതൃകൻ;
ചാർത്തവേ തങ്കക്കതിർപ്പൂമാല്യം സഹസ്രാംശു;
നേടവേ തന്നായിരം കണ്ണിനും പുണ്യം ശക്ര,-
നാടവേ ഹർഷോന്മത്താരായിടും ബ്രഫ്മർഷിമാർ;

[ 24 ]

നോക്കവേ വക്ത്രം പൊക്കിയാവോളം ചതുർമ്മുഖൻ
മേൽക്കുമേലുയർന്നെത്തീ തദ്രഥം വൈകുണ്ഠത്തിൽ

42


 വാരൊളിത്തനിത്തങ്കവർണ്ണമാ,ർന്നാമൂലാഗ്രം
മേരുവിൻ ശൃങ്ഗംപോലെ മിന്നുമാവനത്തെയും,
പ്രീതനായ് വരം നൽകാൻ പാണിപല്ലവംപൊക്കി
ദ്യോതിക്കും നൃപഞ്ചാസ്യവിഗ്രഹൻ പുരാനെയും,
ചേണിൽക്കണ്ടാഗന്തുവിൻ പാദ്യാംബുവാകും മട്ടി
ലാനന്ദബാഷ്പം വീഴ്ത്തി, യാദ്ധന്യൻ മഹീസുരൻ
സാഷ്ടാങ്ഗം നമസ്കരിച്ചീടിനാൻ താൻ നാട്ടിനും
കാട്ടിനും സമ്രാട്ടെന്ന് കാട്ടിടും വിരാട്ടിനെ
ചിൽപുമാൻ ഒരമോദാശ്രു വ്യാജത്താൽ നേത്രങ്ങളാം
പുഷ്പവാന്മാരെക്കൊ,ണ്ടബ്ഭക്തൻതൻ മൂർദ്ധാവിങ്കൽ
ആകാശഗങ്ഗാജലം വർഷിപ്പിച്ചരുൾചെയ്താ-
"നായുഷ്മൻ! പ്രസാദിച്ചേൻ; പോരും നിൻ തപ" സ്സെന്നായ്,

43


 ഓതിനാനെഴുന്നേറ്റു കൈകൂപ്പിസ്സനന്ദനൻ;
"വേദവേദാന്തൈകാന്തവേദ്യനാം വിശ്വാത്മാവേ!
ആദ്യന്തഹീനം, പൂർണ്ണ,മത്ഭുതം, ശിവം, സച്ചി-
ദാനന്ദാകാരം, ശാന്ത,മദ്വൈതം, വിശ്വോത്തരം,
അക്ഷരം, തുര്യാതീത, മാഗമോൽഗീതം, പ്രത്യ-
ഗക്ഷസംലക്ഷ്യം, പ്രപഞ്ചാധാരം, പരാൽപരം;
നേതി നേതി,യെന്നോതി ശ്രുത്യംബപോലും നീങ്ങും
താദൃശം ഭവദ്രൂപം, ധ്യാതൃധ്യേയൈകാത്മകം;

[ 25 ]

ശ്രീഹരേ! ന്‌റുപഞ്ചാസ്യവിഗ്രഹം, സത്യം, ജഗ-
ന്മോഹനം, മുനിധ്യേയം പ്രഹ്ലാദപ്രിയങ്കരം
ശർമ്മമെന്തിതിന്മീതേ?-കാണുന്നുവല്ലോ മുന്നിൽ-
ച്ചർമ്മചക്ഷുസ്സാൽ, വെറും മർത്ത്യകീടമാം ഞാനും!

44


 ഹോമകുണ്ഡാഗ്നിക്കകം തേടിനേൻ ഭവാനെ ഞാ-
നാ മാരുൽസഖൻ ചൊല്ലീ തല്ലൗല്യം ജിഹ്വാഗ്രത്താൽ,
ക്ഷേത്രത്തിനുള്ളിൽച്ചെന്നു നോക്കിനേൻ; ഏതോ ദേവൻ
മാത്രമായതെൻമുന്നിലങ്ങയെദ്ദർശിപ്പിച്ചു;
തിർത്ഥത്തിൽ സ്നാനം ചെയ്തേൻ; ആവതല്ലന്തഃശുദ്ധി
ചേർത്തിടാനെന്നസ്ഥലം കണ്ണീർവാർത്തെന്നോടോതി,
വ്യോമത്തെയുൽഗ്രീവനായ് വീക്ഷിച്ചേൻ; താരങ്ങളെൻ
ഭീമമാം മൗഢ്യം കണ്ടു സാവജ്ഞസ്മിതം തൂകി
പട്ടണംചുറ്റിപ്പാർത്തേൻ; അങ്ങു ഞാൻ കണ്ടേൻ ലോകർ
മറ്റേതോ ഹിരണ്യാഖ്യമൂർത്തിയെബ്ഭജിപ്പതായ്,
പിമ്പു ഞാൻ പോന്നേൻ വിര,ഞ്ഞിക്കാട്ടിൽത്തിരഞ്ഞുകൊ-
ണ്ടെൻ ഭവവ്യാധിക്കന്തമേകേണ്ടും ദിവ്യൗഷധം.

45


 താവകം സാക്ഷാൽക്കാരം ഹന്ത! ഞാനാശിച്ചല്ലോ;
ദേവഗോഷ്ഠിയിൽപ്പാടാൻ ദർദ്ദുരം കൊതിച്ചല്ലോ!
തന്നെ താനറിഞ്ഞിടാനാവാത്തൊരിബ്‌ബാലകൻ
തന്നഹങ്കാരം-ധാർഷ്ട്യം-സ്വാമിയും പൊറുത്തല്ലോ!
അല്ലെങ്കിൽ ഭൃഗുക്കഴൽപ്പാടെഴുംമാറുള്ളങ്ങേ-
ച്ചൊല്ലെഴും കൃപോദ്രേകമാർക്കുതാൻ പുകഴ്ത്താവൂ?
വേട്ടുവക്കിടാത്തനാം ചാത്തനെപ്പോലും ഭവാൻ
കൂട്ടോടേ ഭവല്പുണ്യലോകത്തിൽക്കയറ്റവേ

[ 26 ]

ഭക്തിതൻ പാരമ്യത്തെപ്പാരിതിൽ പ്രതിഷ്ഠിച്ചു;
മുക്തിതന്നദ്ധ്വാവാർക്കും ഗമ്യമെന്നുൽഘോഷിച്ചു.
അക്കാഴ്ച കണ്ടൊന്നാദ്യമത്ഭുതപ്പെട്ടേൻ ഞാ,ന-
ദ്ദുഷ്കൃതം ഹർഷാശ്രുവാൽ ക്ഷാളിച്ചേൻ പിറ്റേക്ഷണം

46


 തമ്പുരാനയ്യോ! ഞങ്ങൾ തീണ്ടാളായ്നിനച്ചോന്റെ
സമ്പർക്കം പരിത്യാജമായതി,ല്ലതും പോരാ;
ഹാ! കനിഞ്ഞത്രയ്ക്കുമേൽത്താഴുവാൻ തോന്നീ നേടാൻ
വൈകുണ്ഠാലങ്കാരാർഹമാകുമാമഹാരത്നം!
അങ്ങയാൽ ദത്താലംബരായിടും ഭക്തശ്രേഷ്ഠ-
രങ്ങേബ്ഭൂനതാങ്ഗിയാലാകൃഷ്ടരാകുന്നീല,
മായയാൽ മോഹിപ്പീല; അക്ഷ്മിയാൽ മദിപ്പീല;
പോയി പോയെന്നേയ്ക്കുമായ് നീഡംവിട്ടപക്ഷികൾ
അപുനഃപാതസ്പർശമവർതൻ സമുൽക്കർഷ-
മപുനർന്നിദ്രാഗന്ധ,മവർതൻ പ്രജാഗരം;
ആത്തരം പദത്തിങ്കലല്ലയോ ചേർത്തൂ ഭവാൻ
ചാത്തനെ? ബ്ഭവദ്ദയാദേവിക്കെന്നാരാധനം!

47


 രൂപഹീനനാമങ്ങേയ്ക്കോരോ മെയ് കല്പിക്കുന്നു;
നാമഹീനനാമങ്ങേയ്ക്കോരോ പേർ കുറിക്കുന്നു;
സർവ്വവ്യാപിയാമങ്ങേയ്ക്കാലയൽ നിർമ്മിക്കുന്നു;
സർവാന്തഃസ്ഥാനമങ്ങേ സ്വാഭീഷ്ടം കേൾപ്പിക്കുന്നു;
ചിത്താതീതനാമങ്ങേച്ചിത്തത്താൽ ധ്യാനിക്കുന്നു;
ബുദ്ധ്യതീതനാമങ്ങേബ്‌ബുദ്ധിയാൽത്തിരക്കുന്നു;
അബ്ധിശായിയെക്കുംഭവാരിയാൽ നിരാട്ടുന്നു;
ശബ്ദകാണ്ഡാലക്ഷ്യനെ സ്തോത്രത്താൽപ്പുകഴ്ത്തുന്നു;

[ 27 ]

വക്ഷഃസ്ഥലക്ഷ്മീശനെബ്ഭൂഷയാൽ മിനുക്കുന്നു;
കുക്ഷിസ്ഥബ്രഹ്മാണ്ഡനെക്കൊട്ടണച്ചോറൂട്ടുന്നു;
അപ്പുറം തനിക്കില്ല കെല്പെന്നിച്ചടങ്ങോതു-
മല്പനാം നരന്നുമങ്ങാരാധ്യനമ്മാർഗ്ഗത്തിൽ.

48


 ആരു ഞാ,നെൻ പ്രസ്ഥാനമെങ്ങുനി,ന്നേതറ്റം പോയ്-
ച്ചേരണം കർത്തവ്യമെ,ന്തൊന്നുമേ ധരിക്കാത്തോൻ
ഞാൻ പഠിച്ചതാം ശാസ്ത്രസംഹതിക്കെല്ലാമെന്നെ-
സ്സാമ്പ്രതം കുഴക്കുവാൻ മാത്രമേ മിടുക്കുള്ളൂ.
സൃഷ്ടിതൻ രഹസ്യങ്ങൾ മർത്ത്യർതൻക്ഷുദ്രപ്രജ്ഞാ-
മുഷ്ടിയാൽ മേയങ്ങളല്ലെന്നിവയ്ക്കെല്ലാമർത്ഥം!
എങ്കിലും കാണാതെ ഞാൻ കാണുവോ, നങ്ങേത്തന്നെ-
യെങ്കലും ചരാചരദ്രവ്യങ്ങളെല്ലാറ്റിലും;
ഉമ്മവെച്ചുറക്കത്തിലോമനിക്കുന്നുണ്ടെന്നെ-
യമ്മയും പിതാവുമാമങ്ങെന്നും ധരിപ്പവൻ.
ഞാനൊന്നില്ലുണർത്തുവാ,നങ്ങേക്കിദ്ദാസന്നെന്തു
വേണമെന്നറിഞ്ഞിടാം; വേണ്ടതൊക്കെയും നൽകാം."

49


 ഓതിനാൻ തപസ്വിയോടച്യുതൻ വാക്യം കൃപാ-
മേദൂരം ത്രയീശീർഷക്ഷീരാബ്ധിദേവാമൃതം.
"വത്സ! നീ ജയിക്കുന്നു ഭക്തികൊണ്ടെനിക്കുള്ളി-
ലുത്സവം നിവർത്തിച്ച നിൻ ദൂതൻ നിഷാദനാൽ.
ജ്ഞാനവാൻ ധ്യാനത്തിനായ്ത്തേടിപ്പോമേകാന്തമാം
കാനനം നിൻ-അല്ലല്ലെൻ ചാത്തൻതൻ ജന്മസ്ഥലം.
നിഷ്കാമം, നിഷ്കൽമഷം, തത്തപസ്സത്യത്ഭുതം;
തന്നൃകൈങ്കാര്യസക്തിപാരതന്ത്ര്യാകൃഷ്ടനായ്
വന്നു ഞാൻ നിന്നെക്കാണ്മാൻ, നിന്നിഷ്ടം ഫലിപ്പിപ്പാൻ
ആ മഹായോഗിക്കു ഞാനക്രീതദാസൻ താദൃക്-
പ്രേമശൃംഖലാബന്ധം പ്രേഷ്ഠംതാൻ മുക്ത്യംബയ്ക്കും.

[ 28 ]
50


 ഹന്ത! നിൻതീണ്ടാളാരെൻ ബ്രഹ്മോണ്ഡോദരത്തിങ്കൽ?
സന്തതം പരസ്പരാകർഷണം സാധാരണം.
എങ്കരം നിർമ്മിച്ചതാണിച്ചരാചരവ്യൂഹ,-
മെൻഗൃഹം പാർത്താലിവയ്ക്കേതിന്നുമന്തർഭാഗം;
എൻകൈയുമെൻഗേഹവും തദ്ദ്വാരാ ഞാനും-തീണ്ടു-
മെങ്കിലെൻ സൃഷ്ടിക്കുമുണ്ടു തീണ്ടൽ; ഇല്ലതില്ലെങ്കിൽ.
എന്നെത്തന്നുള്ളം വിട്ടുതള്ളുവോൻ: വെളിക്കു ഞാൻ
നിന്നീടാൻ ചുറ്റും ഹിംസക്കൽക്കോട്ട കെട്ടുന്നവൻ;
താൻ ദുഷ്ടൻ സഗർഭ്യരെ'ദ്ദുഷ്ട'രെന്നാക്രോശിപ്പൂ,
ഭ്രാന്തുള്ളോൻ മറ്റുള്ളോരെ ഭ്രാന്തരെന്നോതും പോലെ,
വൃത്തവും ഗ്രാഹ്യത്യാജഭേദത്തെക്കല്പിപ്പീല;
സദ്വൃത്തൻ സമാരാദ്ധ്യൻ; ദുർവൃത്തനുദ്ധർത്തവ്യൻ

51



ഞാനാരെന്നറിഞ്ഞുവോ നീ നന്നായ്? ഭൂദേവിയെൻ
ചേണാളും പുരന്ധ്രിയാൾ; മർത്ത്യരെന്നപത്യങ്ങൾ;
പിച്ചെനിക്കില്ലെൻ തലയ്ക്കാരുമേ തണ്ണീരാടാൻ;
കൊച്ചുപെൺകുഞ്ഞല്ല ഞാൻ പണ്ടത്താൽമെയ് മൂടുവാൻ;
ധൂപത്തിൻ ദൂമത്തിലെൻ നേത്രങ്ങൾ മങ്ങുന്നീല;
ദീപത്താൽ പ്രദീപ്തിയമ്മാർത്താണ്ഡചന്ദ്രർക്കില്ല.
ചക്രമില്ലാത്തോനല്ല പാദോപഹാരം പറ്റാൻ;
കുക്ഷിതീക്ഷിത്ത,ല്ലംഘ്രികൂപ്പാഞ്ഞാൽക്കോപിക്കുവാൻ:
ഊട്ടീടേണ്ടെന്നെസ്സുധാജന്മഭൂവാമെൻ ഗൃഹം;
വാഴ്ത്തേണ്ട രണ്ടായിരം നാവുള്ളോരെൻ തല്പവും.
വാർദ്ധൂഷ്യം കൊതിച്ചുകൊ,ണ്ടർച്ചനം നിക്ഷേപിക്കും
സ്വാർത്ഥത്തിൻ പേരേടീല്ലെൻ വ്യാപാരക്കണക്കിങ്കൽ.

[ 29 ]


52


ക്ഷേത്രമേതാഢ്യർക്കുമെൻ സേവാർഹമാകുന്നീല
പേർത്തും തൽപ്രയോജനം സൂക്ഷ്മമായ് ഗ്രഹിക്കാഞ്ഞാൽ
അങ്ങെഴും ബിംബത്തിങ്കൽക്കണ്ടിടാം ഭക്തർക്കെന്നെ-
ബ്ഭങ്ഗമറ്റരുന്ധതീദർശനന്യായത്തിങ്കൽ
പഞ്ജരത്തിങ്കൽപ്പെടു കീരവും, കോട്ടയ്ക്കുള്ളിൽ-
ത്തഞ്ചിടും രാജാവുമ,ല്ലീശ്വരൻ ക്ഷേത്രാന്തഃസ്ഥൻ
ആ ക്ഷേത്രം ബ്രഹ്മാണ്ഡമായാബ്ബിംബംവിശ്വാത്മാവായ്
വീക്ഷിപ്പാൻവേണ്ടും വിശാലാക്ഷിയെന്നുണ്ടാകുന്നു
അന്നു താൻ മദർച്ചതൻ മർമ്മജ്ഞൻ നരൻ നൂന-
മന്നുതാൻ ദ്വിപാത്താമത്തിര്യക്കിൻ പുംസ്ത്വാദയം
ഭാവശുദ്ധി താൻശുദ്ധി; മൺപാത്രം തീർത്ഥം പേറാം
സൗവർണ്ണപാത്രം തുപ്പൽക്കോളാമ്പിയായും തീരാം

53


 ക്ഷേത്രമൊന്നെന്നേക്കുമായ്ത്തീർത്തിട്ടുണ്ടേവർക്കും ഞാൻ
പേർത്തുമെൻ ലീലാരത്നമണ്ഡപം ഭൂമണ്ഡലം
സൂര്യാദിദീപങ്ങളാൽ ദീപ്തമായ്; ഭൂഭൃൽകൂട-
സ്തൂപികാശതങ്ങളാൽ വ്യോമത്തെച്ചുംബിപ്പതായ്;
നീലാംബുവാഹങ്ങളാൽ സിക്തമായ്; ദ്വിജോത്തംസ-
ജാലത്തിൻ ഗാനങ്ങളാൽ സഞ്ജാതമൗഖര്യമായ്;
സാദ്വിമാർ പയസ്വിനീദേവിമാർ ചരിപ്പതായ്;
സ്തോത്രത്താൽ ഗംഭീരമാംസാഗരം സ്തുതിപ്പതായ്
ഭൂരുഹവ്രാതം ഫലം നേദിക്കുന്നതായ്; ച്ചാരു-
വീരുത്തിൻ വ്രജം പുത്തൻ പൂക്കളാൽപ്പൂജിച്ചതായ്
ആ ക്ഷേത്രം, വിശങ്കടം, ശോഭനം; സ്വച്ഛന്ദ, മ-
ങ്ങാസ്തംബ, മാകല്പന്ത, മാരാലുമാരാധ്യൻ ഞാൻ.

[ 30 ]


54


 എന്നിലിച്ചരാചരം സർവവും കാണുംപോലെ-
യെന്നെയിച്ചരാചരം സർവത്തിങ്കലും കാണ്മേൻ
ദിവ്യദൃ,ക്കെന്നെത്തൊഴാൻ തേടേണ്ടും സ്ഥലം പാരിൽ
ഭവ്യത്തിന്നസ്‌‌പൃശ്യരാം പാവങ്ങളെങ്ങു,ണ്ടങ്ങാം
ദീനൻ മേലവൻ വീഴ്ത്തും കണ്ണീരിലാണെൻ സ്നാനം ;
ദീനൻ മേൽത്തൂകും സ്‌‌മിതം ദീപമെൻ പുരസ്ഥിതം;
ദീനൻതൻ മലർന്നതാം കൈക്കുമ്പിളാണെൻ വഞ്ചി;
ദീനൻതൻ ക്ഷുത്താറ്റിടും ധർമ്മാന്നമെൻ നൈവേദ്യം;
ദീനൻതൻ കാതില്പ്പെടും സാന്ത്വവാക്കാണെൻസ്തോത്രം ;
ദീനനെസ്സേവിപ്പതാണെൻ സേവ , മറ്റൊന്നല്ല.
ഭൂതകാരുണ്യം താനെൻ പൂർണ്ണമാമാരാധനം  ;
സാധുവിൻ സന്തർപ്പണം സായൂജ്യലാഭോപായം.

55


 ക്ഷുൽകൃശന്നൂണേകിയും , നഗനനെപ്പുതപ്പിച്ചും,
ദു:ഖിയെത്തോഷിപ്പിച്ചും , രോഗിയെശ്ശുശ്രൂഷിച്ചും
ആപത്തിൽപ്പെടുന്നോനെയാശ്വസിപ്പിച്ചും, താണു
കൂപത്തിൽക്കിടപ്പോനെക്കൈകൊടുത്തുയർത്തിയും,
അന്യർതൻ സ്‌‌മിതച്ചില്ലിൽത്തൻസുഖം നിരീക്ഷിച്ചു-
മന്യർതൻ ഹർഷാശ്രുമുത്താത്മവിത്തമായ്പ്പൂണ്ടും,
ഹൃത്തിലും ചക്ഷുസ്സിലും വാക്കിലും കർമ്മത്തിലും
ശുദ്ധമാം പ്രേമത്തിന്റെ സാന്നിദ്ധ്യം കാട്ടിക്കാട്ടി;
ലോകത്തെക്കുടുംബമായ്ജ്ജീവിയെസ്സോദര്യനായ് ;
ദേഹത്തെപ്പരാർഥമാം യജ്ഞത്തിൻ സാമഗ്രിയായ്;
ഏവനോ കൽപ്പിച്ചെന്റെ വേലയിൽപ്പങ്കാളിയായ്
മേവിടാനോർപ്പോ, നവന്നെന്നും ഞാൻ വശംവദൻ.

56


 സത്യത്തിൽജ്ജഗത്തു ഞാൻ സംപൂർണ്ണമായിത്തീർത്താൽ
കൃത്യമെന്തെനിക്കൊന്നു ചെയ്യുവാൻവേറിട്ടുള്ളൂ?

[ 31 ]

ലാക്കെന്യേ ലയിച്ചുപോമെന്നിലെന്നിച്ഛാശക്തി;
ദീർഘനിദ്രാധീനനായ്തീരുമെൻദയാസഖി;
ആകയാലെൻ സൃഷ്ടി ഞാനിമ്മട്ടിൽ നിവർത്തിച്ചേൻ;
ലോകത്തിന്നപൂർണ്ണത്വമാണതിന്നന്തസ്സാരം
എൻധർമ്മം ഞാൻ തീർത്തൊരീവിശ്വത്തിന്നുൽകർഷണം;
സന്തതം ഞാ,നക്രീഡാസൗധത്തിൻ സമ്മാർജ്ജകൻ,
മർത്ത്യനെ പ്രജ്ഞാശാലിയാക്കി ഞാൻ നിർമ്മിച്ചേനി-
ക്കൃത്യതിലെന്നെത്തുണച്ചാത്മനിഷ്ക്രയം നേടാൻ.
എൻകരം സർവ്വാദ്ധ്യക്ഷസ്ഥാനത്തിൽപ്പുലർത്തുവോ-
രെൻകിടാവെന്നാ,ലവന്നെൻകൃത്യം തൽകർത്തവ്യം

57


 പ്രേമം താൻ പ്രപഞ്ചത്തിൻ പ്രേഷ്ഠമാം ജീവാധാരം;
പ്രേമത്തിന്നഭാവത്തിൽ ബ്രഹ്മാണ്ഡം നിശ്ചേതനം;
പ്രേമത്താലെൻ ഭൂദേവി പോറ്റുന്നൂ തന്മക്കളെ;
പ്രേമത്താൽ വിജയത്തിങ്കൽ മിന്നുന്നു താരാവലി;
പ്രേമത്താൽ ബാഷ്പോദകം വാർക്കുന്നു വലാഹകം;
പ്രേമത്താൽ മൃദുസ്മിതം തൂകുന്നു പൂങ്കാവനം;
പ്രേമത്താൽ വീശിടുന്നു ഗന്ധവാൻ മന്ദാനിലൻ;
പ്രേമത്താൽപ്പൊഴിക്കുന്നു കോകിലം ഗാനാമൃതം;
പ്രേമത്തിലാണെൻവാസം; പേർത്തുമപ്പരാർദ്ധ്യമാം
ധാമത്തെപ്പാലാഴിയെന്നോതുന്നു കാവ്യാധ്വഗർ,
പ്രേമത്തിൻ ബിന്ദുക്കൾ ഞാൻ കർഷണം ചെയ്യുന്നത-
ദ്ധീമാന്മാർ വർണ്ണിക്കുന്നു പാൽ, വെണ്ണ, തൈരെന്നെല്ലാം.

58


 പുണ്യകൽമഷങ്ങളെപ്പൂർണ്ണമായ്ത്തിരിച്ചുഞാ-
നെൻ നരാപത്യങ്ങൾക്കു കാട്ടുന്നുണ്ടെല്ലായ്പൊഴും
യാതൊന്നാൽ പരോൽകർഷം സാധിക്കാമതേ പുണ്യം;
യാതൊന്നിൻ ഫലം മറിച്ചായേക്കാമതേ പാപം.

[ 32 ]

ധർമ്മമേപുണ്യോപായമാകയാൽസേവ്യം; വേണം
ധർമ്മത്തിൽച്ചരിക്കുവാൻ പ്രേമത്തിൻ പ്രചോദനം.
ഈ മന്നിൽപ്പുമർത്ഥദ്രു, ധർമ്മമൂലാർത്ഥസ്കന്ധ-
കാമശാഖയായ്, മോക്ഷസസ്യമായ്, വിളങ്ങുന്നു.
മുൻപിൽ,ത്താൻ ചുവട്ടിങ്കൽ വീഴ്ത്തിടും ജലംവേണം
പിൻപാർക്കും ഫലോൽക്കരം കൊമ്പത്തു കെട്ടിത്തൂക്കാൻ.
സ്വാർത്ഥത്തീവെച്ചാൽ വെന്തുവെണ്ണീറാം; പ്രേമോദകം
വീഴ്ത്തുകിൽത്തളിർത്തുവാച്ചമ്മരം പൂക്കും കായ്ക്കും.

59



ഞാനധഃസ്ഥിതപ്രേഷ്ഠനെൻഗേഹമേറ്റം നിമ്നം;
നൂനമെൻ ഭക്താഗ്ര്യനാം പ്രഹ്ലാദൻ പാതാളസ്ഥൻ;
മീനകച്ഛപസ്തബ്ധരോമാക്കളായിപ്പണ്ടേ
ഞാനെന്റെ തിര്യക്പ്രേമം വ്യക്തമായ്ക്കാട്ടീടിനേൻ;
എന്റെയിന്നൃപഞ്ചാസ്യരൂപത്തിന്നുദ്ദേശവും
തൻതാഴെത്തിര്യക്കെന്നു മാനുഷൻ ധരിക്കായ്‌വാൻ.
എൻവർണ്ണം സാധുക്കൾതൻ കാർവർണ്ണം എന്നെപ്പേർത്തു
മന്വഹം തലോടുന്നു ശുഭ്രനാം ദുഗ്ദ്ധോദധി:
ആനന്ദിച്ചെന്നെത്തന്റെ മാർത്തട്ടിൽ കിടത്തുന്നു
ചേണെഴും ധാവള്യത്തിൻ കേന്ദ്രമാം ഭോഗീശ്വരൻ.
എൻ കാലിൻ രജസ്സിൽനിന്നുത്ഭവം നേടീടുന്നു
ഗംഗാഖ്യകൈക്കൊണ്ടിടും പുണ്യയാം സ്രോതസ്സിനി

60



അൻപോടുമെന്നിങ്‌ഗിതം വ്യക്തമായ് ഞാൻകാട്ടിനേ -
നെൻപൂർണ്ണാവതാരമാം ശ്രീകൃഷ്ണജന്മത്തിങ്കൽ
ജാതനായ്ത്തുറുങ്കൊന്നിൽച്ചങ്ങലക്കിലുക്കത്തെ-
ക്ഷീതമായ്ക്കേ,ട്ടങ്ങുനിന്നമ്പാടിക്കകം പൂകി,
കേവലം ഗോപാലനായെൻ ബാല്യം കഴിച്ചേൻ ഞാ-
നാവതും വിപത്തുക്കൾക്കാദ്യന്തം ലക്ഷീഭൂതൻ.

[ 33 ]

ഇല്ലെനിക്കാറ്റിൻമണൽത്തിട്ടെന്യേവെൺമാടവും;
പൊള്ളയാ, മുളങ്കമ്പിൻ തുണ്ടെന്യേ വിപഞ്ചിയും
സന്മാർഗ്ഗസഞ്ചാരത്തിൽ ശക്രൻതന്നമർഷവും
ബ്രഫ്മാവിന്നഹന്തയും ക്ഷുദ്രമായ്ഗണിച്ചാൻ ഞാൻ;
ആദരയാൽ മയിൽപ്പീലി മൂർദ്ധാവിൽ ധരിച്ചൊപ്പ-
മേതുവർണ്ണവു മന്നിൽ മാന്യമെന്നുൽഘോഷിച്ചേൻ.

61


ആക്കുചേലാഭിഖ്യനാം നിസ്സ്വൻതൻ ചങ്ങാതി ഞാൻ;
ശീഘ്രമായ് ത്രിവക്രതൻ കൂനെല്ലാം നിവർത്തവൻ;
തേർതെളിച്ചവൻ പോരിൽ സൂതനാ, യാഗന്തുവിൻ
പാദത്തെ ക്ഷാളിച്ചവൻ ദാസനായ് മഖത്തിങ്കൽ;
സമ്രാട്ടിൻ ക്ഷണം ക്ഷണം ത്യാജ്യമായ്ക്കല്പിച്ചുകൊ-
ണ്ടുണ്മാനായ് രാവിൽപ്പോയോൻ ക്ഷത്താവിൻഗൃഹം തേടി;
ഓന്തിനെക്കൂപത്തിൽനിന്നുദ്ധരിച്ചവൻ; ദൂന-
സ്വാന്തയായ്ക്കേഴും സ്ര്തീതൻ മാനത്തെപ്പാലിച്ചവൻ;
പ്രൗഢർതൻ പാർശ്വത്തിങ്കൽച്ചേരാതെയാടൽപ്പെട്ടു
നാടുവിട്ടോടിപ്പോയ ദീനനെത്തുണച്ചവൻ;
ഞാനെന്റെ സർവാർത്ഥവും ത്യാഗം ചെയ്തത്രേ നേടി
താണോർതന്നുയർച്ചയാൽ ധർമ്മത്തിൻ സംസ്ഥാപനം.

62


പോരാഞ്ഞി,ട്ടന്നക്കുരുക്ഷേത്രത്തിൽ ശസ്ത്രാജീവർ
പോരാടാൻ സന്നദ്ധരായ്ക്കോദണ്ഡം കുലയ്ക്കുവേ;
ഭീമമാം ജ്യാഘോഷത്തിൻ ജൃംഭണം ദൂരസ്ഥമാം
വ്യോമത്തിൻ രന്ധ്രത്തിലും മൗഖര്യം വായ്പിക്കവേ;
ഭാരതം ഘോരാജിയാം മാരണപ്പിശാചിന്നു
ഭൈരവപ്പാഴ്ക്കൂത്തരങ്ങാകുവാൻ ഭാവിക്കവേ;
ലോഹിത സ്രോതസ്വിനീ പാണിപീഡനത്തിന്നു
സാഗരം കാപ്പും കെട്ടി സജ്ജനായ് ചാഞ്ചാടവേ
മർത്ത്യർതൻ ദു:ത്തിനും തൽ പ്രാണഗ്രാ സോദ്യതൻ
മൃത്യുവിൻ ദർത്തിനും ശൈഥില്യം വരുംമട്ടിൽ,
കൃഷ്ണൻ ഞാ,നെൻചങ്ങാതിയർജ്ജുനൻതൻകർണ്ണത്തിൽ
ശ്ലക്ഷ്ണമാമെൻ സന്ദേസമോതിനേൻ ഗീതാഭിധം.

[ 34 ]
63


 ഒന്നേ ഞാനോതീട്ടുള്ളു ഗീതയിൽ പ്രധാനമാ-
യെന്നേയ്ക്കും നരന്നതേ താരകം മഹാമന്ത്രം.
യോഗസ്ഥനായിച്ചെയ്ക കർമ്മം നീ സങ്‌ഗംവിട്ടു;
യോഗമോ ലാഭാലാഭതുല്യദർശനം മാത്രം.
കർമ്മങ്ങൾ ചെയ്തേ പറ്റൂ മർത്ത്യന്നു യാവജ്ജീവം;
കർമ്മത്തിൻ ലക്ഷ്യം രണ്ടാം സ്വാർത്ഥവും പരാർത്ഥവും.
സ്വാർത്ഥത്തെ ലാക്കാക്കിയാൽ സങ്‌ഗപങ്കിലം കർമ്മം;
സ്വാർത്ഥമൊന്നറ്റാലറ്റൂ ഷഡ്വർഗ്ഗം യോഗാപഹം
ആകയാൽപ്പരാർത്ഥമായ്ക്കർമ്മം ഞാൻ ചെയ്‌വാൻചൊന്നേൻ;
ലോകത്തിൻ പുരോഗതിക്കില്ലല്ലോ മാർഗ്ഗം വേറെ,
താണോർതൻ സമുൽക്കർഷമൊന്നിനാൽ വേണം പൊങ്ങാൻ
വാനോളം, ധരാതലം പാതാളപാതാശങ്കി.

64



 ചിന്തിക്കാം കിഞ്ചിജ്ഞർ ഞാൻ പ്രേമാത്മാവെന്നാൽച്ചൊടി-
ച്ചെന്തിനായ് ഹിരണ്യനെക്കൊന്നതെന്നിഗ്ഘട്ടത്തിൽ.
ആകവേ നിശാന്തത്തിൽ ധ്വാന്തത്തെധ്വംസിപ്പീലേ
ലോകത്തിന്നുൽബോധനം നൽകുവാൻ വിഭാവസു?
പാഴ്ത്തൃണം കുദ്ദാലത്താൽ ഭഞ്ജനംചെയ്യുന്നീലേ
ക്ഷേത്രത്തെസ്സസ്യാഢ്യമായ്ത്തീർക്കുവാൻ കൃഷീവലൻ?
ധർമ്മത്തിൻ സംസ്ഥാപനം സാദ്ധ്യമ,ല്ലധർമ്മത്തിൻ
മർമ്മത്തെബ്ഭേദിക്കാതെ ലൗകികവ്യാപാരത്തിൽ.
അത്തത്വം വെളിപ്പെടാൻ "ദാനവാന്തകൻ" ഞാനെ-
ന്നർത്ഥവാദാകാരത്തിലോതുന്നൂ പൗരാണികർ
ഒപ്പമായ്നൽകുന്നു ഞാൻ ഭക്തനും ദ്വേഷ്ടാവിനും
മൽപദം; പ്രേമത്തിനെന്തപ്പുറം ലക്ഷ്യം വേണ്ടൂ?

65



 വേദമെന്നുച്ഛ്വാസമായ് വീക്ഷിക്കും വിദ്യാവൃദ്ധ-
രേതുമെന്നന്ത്യോച്ഛ്വാസമല്ലതെന്നോർക്കുന്നീല.

[ 35 ]

ചാലവേ തന്നിത്യോപബൃംഹണം നിർന്നിദ്രൻ ഞാൻ
കാലദേശാവസ്ഥാനുരൂപമായ് സാധിക്കുന്നു
ബാലൻതന്നാഹരവും വസ്ത്രവും യുവാവിന്നു
ശീലിപ്പാനാവില്ലെന്നു കാണ്മീലേ കൗടുംബികൻ?
സ്പഷ്ടമെൻശിഷ്ടോച്ഛ്വാസമെൻ ശേഷനന്നന്നുള്ള
ശിഷ്ടർ തൻ രണ്ടായിരം ജിഹ്വയാലുൽഘോഷിപ്പൂ.
ലോകത്തിൻ ക്രമോന്നതിക്കൊപ്പമായ് സ്ഫുടിക്കുന്ന-
താഗമം.വിടർത്തുന്നൂ വേദം ഞാനാകൽപാന്തം.
കണ്ടിടാം നിർബന്ധമായക്കാഴ്ച്ചയാർക്കും കണ്ണിൽ-
ത്തൊണ്ടിനെപ്പരിപ്പാക്കിത്തോന്നിക്കും രോഗംവിട്ടാൽ.

66


എന്തിനായിങ്ങങ്ങെന്നെത്തേടി നീ, സദാ ഞാൻ നിൻ
സ്വന്തമാം ശരീരാഖ്യാക്ഷത്രത്തിൽ സ്ഫുരിക്കവേ?
എന്തിനായ്ക്കൊടുങ്കാട്ടിൽ പോന്നു നീ, നിൻ സോദര്യ-
ബന്ധം താൻ നിർവാണത്തിൻ ബീജമെന്നോർമ്മിക്കാതെ?
എന്തിനായ്ച്ചടപ്പിച്ചു വിഗ്രഹം, നിന്നാത്മാവിൻ
ബന്ധുവാണതെന്നുള്ള തത്ത്വത്തെ ഗ്രഹിക്കാതെ?
എന്തിനായ് സ്ഫൂണാചാരം കൈക്കൊണ്ടു, നിന്നങ്ഗങ്ങൾ
സന്തതം ലോകോദ്ധൃതിക്കുള്ളതായ്ദ്ധരിക്കാതെ.
എന്തിനായ് "ഞാൻ ഞാൻ" എന്നു ഗർജ്ജിച്ചു കർത്താവു ഞാൻ
ഹന്ത! നീ നിമിത്ത, മെന്നുള്ളുകൊണ്ടുറയ്ക്കാതെ?
ഞാനൊരാൾക്കെന്ന്യേ പാർപ്പാനെൻഗേഹം പര്യാപ്തമോ?
ഞാനും ഹാ! നീയും കൂടിയങ്ങെത്താനധ്വാവുമുണ്ടോ?

67


പാർത്തിടാം നിനക്കിപ്പോൾ സ്പഷ്ടമായ്നിന്നുൾക്കണ്ണാൽ-
ച്ചാത്തനും നിനക്കുമുള്ളന്തരം വിസൃത്വരം.
നിൻപേരിന്നുപായമായെൻ വരം കാംക്ഷിച്ചു നീ;
നിൻപേരിൽ പ്രേമാർദ്രനായെൻ ചാത്തനെന്നെത്തേടി.
ആമയോദർക്കം ഭക്ഷ്യമല്പജ്ഞൻ നീയാശിച്ചു;
സാമരസ്യാന്നം വ്യാധൻ സന്തതം സൗഹിത്യദം.

[ 36 ]

നിർണ്ണയം പൂജിച്ചിടും പുഷ്പത്തിൻ പുറത്തുള്ള
വർണ്ണമ,ല്ലന്തഃസ്ഥമാം ഗന്ധമാണെനിക്കിഷ്ടം.
വേദശാസ്ത്രശ്മങ്ങൾതൻ പീഢനത്തിനാൽ മാത്ര-
മേതുമേ ഗളിപ്പതല്ലെൻ കൃപാസുധാബിന്ദു.
ഭക്തിയാൽ സമ്പ്രാപ്യൻ ഞാ,നാബ്രഹ്മമാചണ്ഡാലം;
ഭക്തിയോ പരാർത്ഥമാം ജീവിതം മദർപ്പിതം

68



പോയിടാം നിനക്കിനി സ്വസ്ഥനായ്; ജീവന്മുക്ത-
നായി നീ; ഭവാദൃശന്മാരാൽത്താൻ ലോകോദ്ധൃതി;
സിദ്ധനാണെന്നാലും നീ തേടണം നിൻമേന്മയ്ക്കൊ-
രദ്വൈതജ്ഞാനോപദേശാർഹനാമാചാര്യനെ.
ഉണ്ടൊരാളമ്മട്ടിൽ നിൻ ഭാഗ്യത്തല്ലിപ്പോൾജ്ജഗൽ-
ബന്ധുവായ്, സർവ്വജ്ഞനായ്, ത്യാഗിയായ്, മഹാത്മാവായ്;
കേരളം-കേരങ്ങൾതൻ കേദാരം-കേശാന്തത്തിൽ
ഭാരതോർവിയാൾ ചാർത്തും പൗഷ്പമാം പരിഷ്കാരം;
ആ നാട്ടിൻ സന്താനമാം ശങ്കരൻ മഹായോഗി
വാനാറ്റിൻതടത്തിങ്കൽ-കാശിയിൽ തപംചെയ്‌വൂ.
അങ്ങുപോയ്തച്ഛിഷ്യനായ് വർദ്ധിക്ക മേന്മേൽ; എന്നെ-
യെങ്ങു നീ വിളിച്ചാലുമുണ്ടു ഞാനുടൻ മുന്നിൽ."

69



എന്നുരച്ചാനന്ദാശ്രുധാരയാൽ വീണ്ടും പരി-
ക്‌ളിന്നനാം തപസ്വിയെ, ത്തൻ പാണി രണ്ടും പൊക്കി
പ്രീതിപൂണ്ടനുഗ്രഹി,ച്ചെത്തിനാൻ സ്വധാമത്തിൽ
വ്യാധൻതൻ വിയോഗാർത്തി തീർത്തിടാൻ നൃകേസരി.
ദേവൻതൻ രൂപാമൃതം പിന്നെയും രണ്ടക്ഷിയും
ദേവൻതൻ വാക്യാമൃതം ശ്രോത്രവും പാനം ചെയ്കേ,
ആപ്താപ്യൻ, ജ്ഞാതജ്ഞേയ, നമ്മഹാൻ നിന്നാൻ, വിശ്വ-
ഗോപ്താവിൻ തിരോധാനം ലേശവും ധരിക്കാതെ
ആഹ്വാനം ചെയ്താൽ വരാമെന്നോതി ദേവൻ; ചുറ്റു
മാഹ്വാനശ്രമംവിട്ടു ദേവനെക്കണ്ടാൻ ഭക്തൻ.

[ 37 ]

ആ നവ്യപ്രഹ്ലാദന്നു ലോകത്തിൽപ്പിന്നീടെല്ലാ
മാനന്ദ മത്യാനന്ദ, മാദ്യന്തം ബ്രഹ്മാനന്ദം.

70


ധന്യനായ്,ക്കൃത്യാകൃത്യവേത്താവാ, യദ്ദിക്കിൽനി-
ന്നന്യനായ്സനന്ദനൻ തൻനാട്ടിൽത്തിരിച്ചെത്തി,
കാശിയിൽ ശ്രീശങ്കരസ്വാമിതന്നന്തേവാസ-
മാചരിച്ചദ്വൈതികൾക്കഗ്രഗണ്യനായ്ത്തീർന്നാൻ;
ഛത്മമറ്റാചാര്യനിൽ ഭക്തിഭാക്കായിപ്പിന്നെ
പ്പത്മപാദാഭിഖ്യയാൽപ്പാരെങ്ങും പ്രകാശിച്ചാൻ;
ശോഭനൻ തൻദേശികൻ മൂലമായ് നൃപഞ്ചാസ്യ
താപനീയശ്രുത്യന്തഭാഷ്യത്തെ നിവർത്തിച്ചാൻ;
ശിക്ഷകന്നായ് തൻപ്രാണനമ്മൂർത്തിപ്രസാദത്താൽ
ദക്ഷിണീകരിച്ചു തന്നാനൃണ്യമാപാദിച്ചാൻ;
ജന്മാന്തകാലത്തിങ്കൽദ്ദിവ്യനായ്, സ്സാക്ഷാൽകൃത
ബ്രഹ്മാവായ്, സ്സച്ചിദ്രൂപസായൂജ്യം സമ്പ്രാപിച്ചാൻ.

മണിമഞ്ജുഷ 1933
"https://ml.wikisource.org/w/index.php?title=ഭക്തിദീപിക&oldid=81295" എന്ന താളിൽനിന്ന് ശേഖരിച്ചത്