Jump to content

താൾ:ഭക്തിദീപിക.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാക്കെന്യേ ലയിച്ചുപോമെന്നിലെന്നിച്ഛാശക്തി;
ദീർഘനിദ്രാധീനനായ്തീരുമെൻദയാസഖി;
ആകയാലെൻ സൃഷ്ടി ഞാനിമ്മട്ടിൽ നിവർത്തിച്ചേൻ;
ലോകത്തിന്നപൂർണ്ണത്വമാണതിന്നന്തസ്സാരം
എൻധർമ്മം ഞാൻ തീർത്തൊരീവിശ്വത്തിന്നുൽകർഷണം;
സന്തതം ഞാ,നക്രീഡാസൗധത്തിൻ സമ്മാർജ്ജകൻ,
മർത്ത്യനെ പ്രജ്ഞാശാലിയാക്കി ഞാൻ നിർമ്മിച്ചേനി-
ക്കൃത്യതിലെന്നെത്തുണച്ചാത്മനിഷ്ക്രയം നേടാൻ.
എൻകരം സർവ്വാദ്ധ്യക്ഷസ്ഥാനത്തിൽപ്പുലർത്തുവോ-
രെൻകിടാവെന്നാ,ലവന്നെൻകൃത്യം തൽകർത്തവ്യം

57


 പ്രേമം താൻ പ്രപഞ്ചത്തിൻ പ്രേഷ്ഠമാം ജീവാധാരം;
പ്രേമത്തിന്നഭാവത്തിൽ ബ്രഹ്മാണ്ഡം നിശ്ചേതനം;
പ്രേമത്താലെൻ ഭൂദേവി പോറ്റുന്നൂ തന്മക്കളെ;
പ്രേമത്താൽ വിജയത്തിങ്കൽ മിന്നുന്നു താരാവലി;
പ്രേമത്താൽ ബാഷ്പോദകം വാർക്കുന്നു വലാഹകം;
പ്രേമത്താൽ മൃദുസ്മിതം തൂകുന്നു പൂങ്കാവനം;
പ്രേമത്താൽ വീശിടുന്നു ഗന്ധവാൻ മന്ദാനിലൻ;
പ്രേമത്താൽപ്പൊഴിക്കുന്നു കോകിലം ഗാനാമൃതം;
പ്രേമത്തിലാണെൻവാസം; പേർത്തുമപ്പരാർദ്ധ്യമാം
ധാമത്തെപ്പാലാഴിയെന്നോതുന്നു കാവ്യാധ്വഗർ,
പ്രേമത്തിൻ ബിന്ദുക്കൾ ഞാൻ കർഷണം ചെയ്യുന്നത-
ദ്ധീമാന്മാർ വർണ്ണിക്കുന്നു പാൽ, വെണ്ണ, തൈരെന്നെല്ലാം.

58


 പുണ്യകൽമഷങ്ങളെപ്പൂർണ്ണമായ്ത്തിരിച്ചുഞാ-
നെൻ നരാപത്യങ്ങൾക്കു കാട്ടുന്നുണ്ടെല്ലായ്പൊഴും
യാതൊന്നാൽ പരോൽകർഷം സാധിക്കാമതേ പുണ്യം;
യാതൊന്നിൻ ഫലം മറിച്ചായേക്കാമതേ പാപം.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/31&oldid=173859" എന്ന താളിൽനിന്ന് ശേഖരിച്ചത്