പിങ്ഗള

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പിങ്‌ഗള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പിങ്ഗള

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1928)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]


പിങ്ഗള



ഉള്ളൂർ എസ്. പരമേശ്വരയ്യർ





ഉള്ളൂർ പബ്ളിഷേഴ്‌സ്
ജഗതി, തിരുവനന്തപുരം.


All Rights Reserved] വില രൂ. 1 പൈ: 50

പ്രസാധകരുടെ മുദ്രയില്ലാത്ത പുസ്തകം വ്യാജനിർമ്മിതമാകുന്നു.

[ 2 ]



അവതാരിക


"ഉത്താനപാദന്റെ പുത്രനും, ശിശുവുമായ ധ്രുവൻ ആറുമാസംകൊണ്ടു ഭഗവാൻ ശ്രീനാരായണനെ പ്രസാദിപ്പിച്ചു. പരീക്ഷിത്തെന്ന മഹാരാജാവ് ഏഴുദിവസം കൊണ്ടും പിങ്ഗള എന്ന സ്ത്രീ യാമാർദ്ധംകൊണ്ടും, ആണ് അവിടത്തെ പ്രസാദിപ്പിച്ചത്. അതിനാൽ ഭഗവൽഭക്തി കൂടാതെ തൊണ്ണൂറു വയസ്സായല്ലോ എന്നു എന്നു വിചാരിച്ചു ഞാൻ ദുഃഖിക്കുന്നില്ല. കാരുണ്യനിധിയായ ആ പരമാത്മാവിനെ ഇപ്പോൾ ശരണം പ്രാപിച്ചു ബാക്കിയുള്ള ആയുസ്സുകൊണ്ട് സന്തോഷിപ്പിച്ചുകൊള്ളാം." ഇതത്രേ ഞാൻ ഈ ഖണ്ഡകൃതിക്കു മുദ്രാവാക്യമായി ഉദ്ധരിച്ചിരിക്കുന്ന ചേലപ്പറമ്പു നമ്പൂതിരിയുടെ ശ്ലോകത്തിന്റെ അർത്ഥം. ചേലപ്പറമ്പു നമ്പൂതിരി വളരെക്കാലം വിടനായി കാലയാപനം ചെയ്തിരുന്നുവെന്നും, ഒരിക്കൽ ഗുരുവായൂരമ്പലത്തിൽവെച്ച് ശ്രീമഹാഭാഗവതം ആദ്യന്തം വായിക്കുന്നതു കേൾക്കുവാൻ അദ്ദേഹത്തിനു സംഗതി വന്നു എന്നും,അക്കാലത്തു തൊണ്ണൂറുവയസ്സായിരുന്ന ആ മഹാകവിക്ക് അന്നാണ് ഭഗവദ്ഭക്തി പരിപൂർണ്ണമായതെന്നും, അപ്പോൾ ചൊല്ലിയ ശ്ലോകമാണ് ഇതെന്നും ഒരു ഐതിഹ്യമുണ്ട്. മേല്പുത്തൂർ ഭട്ടതിരി തന്നെ വിടനെന്ന് ആക്ഷേപിക്കുകയും അപ്പോൾ ചേലപ്പറമ്പ് ഈ ശ്ലോകം ചൊല്ലുകയും ചെയ്തു എന്നും ആ സമയത്ത് അടച്ചിരുന്ന ഗുരുവായൂരമ്പലത്തിലെ [ 3 ] നട ഭട്ടതിരി കാൺകെതന്നെ തുറന്നു എന്നും കേൾവിയുണ്ട്. ഈ ഐതിഹ്യം മുഴുവൻ ശരിയല്ല. എങ്കിലും ചേലപ്പറമ്പിന്റേതാണ് "അബ്ദാർദ്ധേന" ഇത്യാദി പദ്യം എന്നു വിശ്വസിക്കാം. വിഷ്ണുഭക്തി ആർക്കും വളരെ വേഗത്തിൽ ലഭിക്കാവുന്നതാണെന്നും, അതിനു വയഃക്രമം മുതലായി യാതൊന്നും പ്രതിബന്ധമാകുന്നതല്ലെന്നും മാത്രമേ ഈ മഹാകവി വാക്യത്തിന്റെ സാരമായി നാം ഗ്രഹിക്കേണ്ടതുള്ളൂ.

ധ്രുവന്റെയും പരീഷിത്തിന്റെയും ഉപാഖ്യാനങ്ങൾ സർവവിദിതങ്ങളാണല്ലോ. ഖട്വാംഗൻ സൂര്യ വംശത്തിലെ ഒരു രാജാവായിരുന്നു.

തതോ ദശരഥസ്തസ്മാൽ

പുത്ര ഐഡവിഡസ്തതഃ
രാജാ വിശ്വസഹോ യസ്യ
ഖട്വാംഗശ്ചക്രവർത്ത്യഭൂൽ.

എന്ന ഭാഗവതപദ്യത്തിൽനിന്ന് ഇദ്ദേഹം വിശ്വസഹന്റെ പുത്രനായിരുന്നു എന്നു വെളിവാകുന്നു. ഖട്വാംഗൻ ഒരു ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രനെ സഹായിക്കുവാൻ സ്വർഗ്ഗലോകത്തിൽ ചെന്നിരുന്നു എന്നും, താൻ അസുരന്മാരെ ജയിച്ച അവസരത്തിൽ തനിക്ക് രണ്ടു നാഴിക കൂടിയേ ജീവിതകാലമുള്ളൂ എന്ന് അദ്ദേഹം അറിഞ്ഞു എന്നും, ആ സമയംകൊണ്ടു ഭഗവദ്ധ്യാനംചെയ്തു വിഷ്ണുലോകത്തെ പ്രാപിച്ചു എന്നുമാണ് ഈ ചക്രവർത്തിയെപ്പറ്റിയുള്ള കഥ. [ 4 ] പിങ്ഗള എന്ന വേശ്യയുടെ കഥ ശ്രീമഹാഭാഗവതം ഏകാദശസ്കന്ധം എട്ടാമദ്ധ്യായത്തിലും, ശ്രീമഹാഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തിനാലാമദ്ധ്യായത്തിലും പ്രതിപാദിച്ചു കാണുന്നുണ്ട്. ഭാഗവതത്തിൽ ശ്രീകൃഷ്ണൻ ഉദ്ധവർക്കു മോക്ഷോപദേശം ചെയ്യുന്ന സന്ദർഭത്തിൽ അവധൂതനും യദുവും തമ്മിലുള്ള സംവാദം പ്രാസങ്ഗികമായി ഉദ്ധരിക്കുന്നു:-

അവധൂതം ദ്വിജം കഞ്ചി-

ച്ചരന്തമകതോഭയം
കവീം നിരീക്ഷ്യ തരുണം
യദുഃ പപ്രച്ഛ ധർമ്മവിൽ.

എന്നിങ്ങനെയത്രേ ആ കഥ ഭഗവാൻ ആരംഭിക്കുന്നത്. അവധൂതൻ തന്റെ ബുദ്ധി പെരുമ്പാമ്പു മുതലായ ഒമ്പതു ഗുരുക്കന്മാരിൽ നിന്നാണ് ശിക്ഷിതമായതെന്ന് ഉപന്യസിച്ചുകൊണ്ട് ആ ഗുരുക്കന്മാരിൽ ഒമ്പതാമതായ പിങ്ഗളയുടെ ഇതിഹാസം സംക്ഷേപിച്ച് ഇരുപത്തിരണ്ടു ശ്ലോകംകൊണ്ട് കീർത്തനം ചെയ്യുന്നു. ആകെ ഇരുപത്തിനാലു ഗുരുക്കന്മാരെയാണ് അവധൂതൻ പരിഗണനം ചെയ്യുന്നത്. അവരിൽ എട്ടുപേരെപ്പറ്റി ഏഴാമദ്ധ്യായത്തിലും, ഒമ്പതുപേരെപ്പറ്റി എട്ടാമദ്ധ്യായത്തിലും, ഏഴുപേരെപ്പറ്റി ഒമ്പതാമദ്ധ്യായത്തിലും പ്രസ്താവിക്കുന്നുണ്ട്.

ഭാരതത്തിൽ പുത്രശോകാർത്തനായ സേനജിത്ത് എന്ന രാജാവിനെ സമാശ്വസിപ്പിക്കുവാൻവേണ്ടി ഒരു [ 5 ] ബ്രാഹ്മണൻ പറയുന്ന കഥകളുടെ കൂട്ടത്തിലാകുന്നു പിങ്ഗളോപാഖ്യാനം കാണുന്നത്.

പുത്രശോകാഭിസന്തപ്തഃ

രാജാനം ശോകവിഹ്വലം
വിഷണ്ണമനസം ദൃഷ്ട്വാ
വിപ്രോ വചനമബ്രവിൽ

എന്ന് വ്യാസഭഗവാൻ ആ ഉപാഖ്യാനം ആരംഭിച്ചു ,

അത്ര പിങ്ഗളയാ ഗീതം

തഥാ ശ്രൂയന്തി പാർത്ഥിവ!
യഥാ സാ കൃച്ശ്രകാലേപി
ലേഭേ ധർമ്മം സനാതനം

എന്ന പദ്യത്തിൽ പിങ്ഗളയുടെ ഇതിഹാസം തുടങ്ങുന്നു. ഇതിഹാസം രണ്ടും ഗാഥ ആറും, ഇങ്ങനെ എട്ടു പദ്യങ്ങളെ ഭാരതത്തിലെ പിങ്ഗളോപാഖ്യാനത്തിൽ ഉള്ളൂ. ഭീഷ്മർതന്നെ "അത്രാപ്യുദാഹരന്തിമമിതിഹാസം പുരാതനം" എന്നു പറയുന്നതിൽനിന്നും മഹാഭാരത കാലത്തിൽ - അതായത് ഇന്നേക്ക്മൂവായിരംകൊല്ലങ്ങൾക്കുമുമ്പു - തന്നെ ഈ ജീവന്മുക്തയുടെ അത്യത്ഭുതമായ ജീവചരിത്രം ഭാരതവർഷത്തിൽ ഒരു ഭാസുരദിപം പോലെ പ്രകാശിച്ചിരുന്ന എന്നു വ്യക്തമാകുന്നുണ്ട്.

പിങ്ഗളോപാഖ്യാനം ഒരു കാവ്യമായി ഇതിനു മുമ്പ് ആരും രചിച്ചിട്ടുള്ളതായി അറിവില്ല. ഭാഗവതം [ 6 ] ഏകാദശസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായത്തിലും ഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തേഴാമദ്ധ്യയത്തിലും ഉപന്യസിക്കപ്പെട്ടിട്ടുള്ള ഭിക്ഷുഗീതയെന്ന മങ്കഗീതയെ പുരസ്കരിച്ച് ഒരു കാവ്യം മഹാരാഷ്ട്രഭാഷയിൽ ഏകനാഥകവി നിർമ്മിച്ചിട്ടുണ്ട്.

ശാന്തരസപ്രധാനമായ ഈ ഖണ്ഡകാവ്യം ഭാഷാഭിമാനികൾക്ക് ഉപായനീകരിച്ചുകൊണ്ട് ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു. പിങ്ഗളയ്ക്കുപോലും യാമാർദ്ധത്തിൽ മാർഗ്ഗദർശകമായ് തീർന്ന ആ സനാതനധർമ്മം എന്നെന്നും സർവോൽകർഷേണ വർത്തിക്കുമാറാകട്ടെ.

തിരുവനന്തപുരം
1104-4-9.
ഉള്ളൂർ എസ്. പരമേശ്വരയ്യർ
[ 7 ]


അബ്ദാർദ്ധേന ഹരിം പ്രസന്നമകരോ-
ദൗത്താനപാദിശ്ശിശു:-
സ്സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർദ്ധതഃ പിങ്ഗളാ;
ഖട്വാങ്ഗോ ഘടികാദ്വയേന; നവതി-
പ്രായോപി തന്നവ്യഥേ;
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയ.


ചേലപ്പറമ്പ് നമ്പൂരി.


[ 8 ]

പിങ്ഗള


1. വാസരനാഥന്നു വസ്വന്തം വായ്ക്കവേ,
വാസന്തമാമൊരു സായാഹ്നത്തിൽ,
വാസവദിഗ്വധു രാഗേന്ദുധൂർത്തന്നു
വാസകസജ്ജികകയായ് വസിച്ചു.
കാർവളർകൂന്തലിൽ താരപ്പു ചൂടുമ-
പ്പാർവണചന്ദ്രബിംബാനനയാൾ,
വാരൊളിവെൺകതിർപ്പുഞ്ചിരിച്ചാർത്തിനാൽ
പാരൊരു പാൽക്കടലാക്കിനിന്നു.

2. അമ്മാതിരിക്കുള്ള പൂനിലാവങ്ങെഴും
വെണ്മാടമോരോന്നിൽ വീശിടുമ്പോൾ,  10
ഏതതിലേതിന്നു ഭൂഷണമെന്നത്രേ
ചോദിപ്പൂ വൈദേഹരാജധാനി!

3. അത്തരം മിന്നിടും ഹർമ്മ്യങ്ങൾക്കൊക്കെയു-
മുത്തംസമായൊരു നവ്യസൗധം,
വായ്പതുണ്ടപ്പുരിമങ്കതൻ ഗണ്ഡത്തിൽ
രാപ്പകൽ കർപ്പൂരപൂരംപൂശി.

4. ഉത്തുങ്ഗമാകുമപ്രാസാദശൃങ്ഗത്തിൽ
സപ്തമകക്ഷ്യതൻ ജന്നലൂടെ,
എമ്പാടും മുന്നിലേ രഥ്യയെദ്ദൃഷ്ടിയാൽ
സംഭാവനം ചെയ്‌വതാരതാവോ ?  20

[ 9 ]

രാകേന്ദുമണ്ഡലമൊന്നല്ലി ? രണ്ടെങ്കി-
ലേകം-പ്രതിച്ഛനം-ഏതതിങ്കൽ ?
താഴോട്ടുപോന്നതെന്തമ്പിളി ? കൈവിട്ട
കേഴമാൻ കുഞ്ഞിനെത്തേടുകയോ ?

5. പാഴ്മതിയല്ലതു : വർത്തുളശ്രീയാർന്ന
വാർമഴവില്ലൊളിമിന്നലല്ല :
ഹിരകദീപവുമ: ല്ലൊരു സൌന്ദർയ്യ-
പാരമ്യധാമത്തിൻ ഭാസുരാസ്യം.
തൻകുളിർപ്പുഞ്ചിരിയാമ്പലും മേൽക്കുമേൽ
തൻകടക്കൺകരിംകൂവളവും  30
വീഥിയിൽ വായ്പിക്കയാണമ്മുഖേന്ദു:---ഇ-
തേതൊരു രങ്ഗപുഷ്പാഞ്ജലിയോ ?


II


6.ഉത്തരമൈഥിലവീഥിയിലുണ്ടൊരു
പത്തരമാറ്റൊളിത്തങ്കമെയ്യാൾ :
മാഹേന്ദജാലത്തിൽ മന്മഥൻ വീശിന
മായൂരപിഞ്ഛികയെന്നപോലെ.

7. സർവാങ്ഗഭങ്ഗിക്കു സങ്കേതഭൂമിയായ് ;
യൌവനലീലയ്ക്കു വാരുണിയായ്  :
ലാവണ്യലക്ഷ്മിക്കു വിഭ്രമദോലയായ് :
ഭാവഹാവാദിക്കു കൂത്തരങ്ങായ് ;

പാരിന്നു വേധസ്സിൻ സ്ത്രീസൃഷ്ടികൌശല-
പാരമ്യം കാണിക്കും ദീപികയായ് ;

[ 10 ]

ഭൂങ്ഗാരമേന്തുവാൻ പൂമകൾ നിൽക്കുമ-
ശ്‌ശൃങ്ഗാരാധിഷ്ഠാന ദേവതയാൾ,
വാസന്തിപ്പൂ ചൂടി വാരസ്ത്രീമൌലിയായ്
വാസന്തശ്രീതന്നെ വാച്ചമട്ടിൽ ,
ആരാവിൽത്തന്മണിഹർമ്മ്യത്തിൽ മിന്നുന്നു
മേരുവിലപ്സരസ്സെന്നപോലെ.

8.പിങ്ഗളയെന്നപേരന്വർത്ഥമാവീഥി
മങ്ഗളദേവതയ്ക്കങ്ഗഭാസ്സാൽ  50

കാമുകമാനസനർത്തനയന്ത്ര,മ-
ക്കാഞ്ചനകർഷകമായ കാന്തം.

III

9.മൈഥിലവീഥികൾ-പണ്ടവ സീതതൻ
പാദാബ്ജസ്പർശത്താൽ പാവനങ്ങൾ.
ആ മാർഗ്ഗദർശകജ്യോതിസ്സിൻ പേരാർക്കു
രോമാഞ്ചം കൂടാതെയോതാം ? കേൾക്കാം ?

10. മാതാവേ ! വെന്നാലും മാഹാത്മ്യശാലിനി !
സീതാഖ്യേ ! ചിത്സുമമാദ്ധ്വിധാരേ !
ഭാരതഭൂതലഭാഗ്യാബ്ധിചന്ദ്രികേ !
ചാരിത്രദിഗ്ജയപ്പൊൽപ്പാതകേ !  60

അത്രയ്ക്കു സദ്വൃത്തധാമാവാം രാജേന്ദു-
വൃത്തമപൂരുഷൻ രാമൻ പോലും
അമ്മയ്ക്കൊരർഹനാം ഭർത്താവല്ലെന്നല്ലീ
വല്മീകജന്മാവിൻ വാക്യസാരം ?

[ 11 ]

11.അങ്ങെത്ര കല്ലിലും മുള്ളിലും കാൽവെച്ചു
ഞങ്ങൾക്കു നേർവഴി കാട്ടിത്തന്നു !
തെല്ലങ്ങേശ്‌ശുഭ്രമാമുൾപ്പുവിളക്കീല
വെള്ളിക്കുന്നമ്മാനമാടിയോനും !
എന്തോന്നിൻ സിദ്ധിയാലെന്നമ്മ കത്തുന്ന
ചെന്തിയും ചന്ദനച്ചാറായ് മാറ്റി:--
തൃപ്പാദം കൂപ്പുന്നേൻ ദേവി ! ഞാൻ:- ഇപ്പാരി-
ലപ്പാതിവ്രത്യമേ വെല്‌വുതാക:

12.അമ്മതാൻ-അമ്മതാൻ സ്വർണ്ണദിശുദ്ധയാ-
മിമ്മഹീദേവിയാൾക്കേകപുത്രി !
മാതാവേ ! വെന്നാലും മൽപരദേവതേ !
നിതാനൊരാദർശം ഞങ്ങൾക്കെല്ലാം

IV

13.അത്രിതൻ പത്നിയുമത്യന്തം മാനിച്ചോ-
രദ്ദേവി സീതതൻ ജന്മഭൂമി :-
ആർക്കുതാൻ വാഴ്ത്തിടാമായതിൻ പണ്ടത്തേ-
ശ്ലാഘൈകശ്ലാഘ്യമാം സച്ചരിത്രം !

14.ആജനകാഭിധയ്ക്കാശ്രയിഭൂതനാം
രാഡർഷിസത്തമൻ, ജീവമുക്തൻ ,
പ്രാജ്ഞൻ, പണ്ടേതൊരു ദേശത്തെപ്പാലിച്ചാൻ
യാജ്ഞവൽക്യോദ്ദാലകാദിസേവ്യൻ
മോക്ഷാദ്ധ്വകൌമുദി , മുഗ്ദ്ധാങ്ഗിരൂപയാം
സാക്ഷാദുപനിഷദ്ദേവി , ഗാർഗ്ഗി ,

[ 12 ]

ഏതൊരു ദേശത്തക്കോൾമയിർകൊള്ളിച്ചാൾ
വൈദഗ്ദ്ധ്യംവായ്ക്കും തൻ വാക്യാർത്ഥത്താൽ ;
തല്പത്തിൻ ശുദ്ധിക്കു ലോപം തെല്ലേൽക്കുവേ
ശഷ്പവും കൈചൂണ്ടിക്കാട്ടും മട്ടിൽ   90

ഏറെനാളേതൊരു ദേശത്തിൽ മേവിനാൾ
പാറയായ് ഗൌതമധർമ്മപത്നി :-
അദ്ദേശമാണതു; ചാരിത്രലക്ഷ്മിതൻ
ശുദ്ധാന്തമാണതിൻ രാജധാനി :-
ഹാ ! ചിത്ര , മങ്ങത്രേ വാഴ്വതിക്കുണ്ടോർക്കു
കാശിന്നു മെയ്‌വി-ല്ക്കും തേവിടിശ്ശി !!!

V

ദുഗ്ദ്ധമിരുന്നതാമദ്ധ്വരപാത്രത്തിൽ
മദ്യമിതെങ്ങനെ വന്നുചേർന്നു ?-
അല്ലെങ്കിൽ താറുമാറെന്തുതാൻ ചെയ്‌വീല
ദുർല്ലളിതോല്ലാസിയായ ദൈവം !   100

അങ്കുശമെ,ങ്ങതിന്നൗചിത്യബോധമെ-
ങ്ങെങ്ങതിൻ മാർഗ്ഗത്തിലേകവിഘ്നം ?
ഇമ്മഹീവാപിയിലിച്ഛപോൽ ക്രീഡിക്കു-
മുന്മുത്തയൂഥപൻ ബ്രഹ്മദേവൻ !
കല്യാണമണ്ഡപം കല്ലറയായ് മാറാം ;
കല്യാണക്കുന്നിലുമാഴികേറാം
ചാലെന്നോ തിട്ടെന്നോ ശാശ്വതമായൊന്നു
കാലപ്രവാഹത്തിലില്ലതന്നെ !

[ 13 ]

16.അത്രയ്ക്കു , സീതയാൽ വിണ്ണോളം പൊങ്ങിന
പൃഥ്വിയെപ്പിന്നെയും സ്വസ്ഥിയിൽ  110
നിർത്തുവാൻ ലോകേശൻ വച്ചതുമാവാം ത-
ന്മസ്തകത്തിങ്കലിവേശ്യാഭാരം

17.ഖേയത്തിൻ സാന്നിദ്ധ്യം കോട്ടയ്ക്കു ചുറ്റുംതാൻ
ഛായയോടൊത്തുതാൻ വസ്തു നിൽപൂ ;
ചാലവേ രാപകലൊന്നിടവിട്ടുതാൻ
കാലപ്പൂമാലയിൽ കോർപ്പൂ ദൈവം
അമ്മട്ടിലുള്ളോരിമദ്ധ്യമലോകത്തിൽ
നന്മയെത്തൊട്ടല്പാ തിന്മ പെട്ടാൽ ,
ചന്ദ്രബിംബാങ്കം താനായതു; മാസത്തി-
ലൊന്നുതാൻ പ്രായേണ ദർശരാത്രി !  120

VI

18.തങ്കമെന്നോതിനേൻ പിങ്ഗളതന്മേനി
തങ്കവും പങ്കം തൻസന്നിധിയിൽ.
ആകവേ ധാതാവിൻ നിർമ്മാണസാമഗ്രി
ഹാ ! കവി കാണുവോനല്ലയല്ലോ !

19. ആനങ്ഗബാണങ്ങൾക്കുള്ളിലേ മാനുഷ-
മാനസകാർമ്മണചൂർണ്ണയോഗം
പീയൂഷയൂഷത്തിൽച്ചാലിച്ചോ നാന്മുഖ-
നാ യോഷാരത്നത്തിൻ മൂർത്തിതീർത്തു ?

20.അപ്പുതുവല്ലരി താരുണ്യചൈത്രത്തിൽ
വിഭ്രമപുഷ്പങ്ങളെന്നണിഞ്ഞു;  130

[ 14 ]

അന്നുപാഞ്ഞങ്ങെത്തി കാലദേശാഭിജ്ഞൻ
കന്ദർപ്പൻ ദിഗ്ജയബദ്ധദീക്ഷൻ.
വൈദേഹസാമ്രാജ്യം വാഴേണ്ടോൻ തന്നെയാ-
ണാ ദേഹശൂന്യനാമാത്മയോനി ;
ത്ര്യംബകകാർമൂകം പൊയ്പോകെ മറ്റൊന്നും
തൻപ്രതിബന്ധത്തിന്നില്ലതാനും.

21 അങ്ങെത്തിവേഗത്തിൽ തൃക്കൈയാൽ സ്പർശിച്ചാ-
നങ്ഗജനപ്പുത്തനിക്ഷുചാപം-
ആശ്ലിഷ്ടമർധുർയ്യമാകേശമാപാദ-
മാസ്വാദ്യമാപിപ്രമാചണ്ഡാലം !   140

തന്നെത്താൻ ഞാണൊലിയിട്ടിടും ഗാനത്താൽ;
തന്നെത്താൻ ഭുഗ്നമാം നർത്തനത്താൽ ;
തന്നെത്താനമ്പെയ്യുമോരോരോ ലീലയാൽ:--
അന്നല്ലാർവില്ലൊന്നു വേറേതന്നെ !

22. മന്മഥൻ നിൽക്കട്ടെ സാക്ഷിയായ്; നോക്കട്ടെ
തന്മനം-ആമെങ്കിൽ-പുൺപെടാതെ ;
അമ്മണിപ്പെൺകൊടിക്കേതൂഴിവെല്‌വാനും
കണ്മൂനക്കൂരമ്പിൽപ്പാതി പോരും !

VII

23 ആ വാരനാരിതൻ പേർമാത്രം കേട്ടാലു-
മാവാതെയായിടുമാർക്കുമുള്ളം ;   140

ദൃഷ്ടിവിഷയെന്നു ഞാനബ്ഭുജങ്ഗിയെ-
സ്പഷ്ടമായെന്തിന്നു പിന്നെച്ചൊൽവൂ ?

[ 15 ]

24.ആ നീലക്കാറൊളിപ്പുവണിക്കൂന്തൽക്കെ-
ട്ടാ നിത്യബന്ധുരമാസ്യബിംബം;
ആച്ചാന്തുപൊട്ടണിത്തൂനെറ്റിത്തിങ്കൾക്കി-
റാലാസ്യലോലമാം ചില്ലിവല്ലി :

ആ നീണ്ടിടംപെട്ട മയ്യണിക്കണ്മിഴി-
യാക്കടക്കൺമുനക്കുള്ളനോട്ടം ;
ആത്തുടുപ്പേറിന മാന്തളിർപ്പൂങ്കവി:-
ളാക്കമ്മൽ ചാർത്തിന കർണ്ണപാശം ;   160

ആപ്പവിഴപ്പൊളിത്തേൻചോരിവായ്മല :-
രാമുല്ലമൊട്ടൊളിദന്തപങ് ക്തി ;
നിന്നിടാമമ്മട്ടിൽ നീങ്ങുകില്ലപ്പുറം
കുന്നിൻമേലേറും നാം; കുണ്ടിൽവീഴും
കൂപത്തിൽ ബിംബിച്ച പൂന്തിങ്കൾ കല്ലേറാൽ
ചാപല്യമെത്രമേൽ കാട്ടിക്കൂട്ടും ;
അത്തന്ന്വിതന്നങ്ഗമോരോന്നു കാണുമ്പോ-
ളത്രമേലാടിപ്പോമാർക്കുമുള്ളം !

25.ചാലവേ മുമ്പിൽ ഞാൻ , മുമ്പിൽഞാ,നെന്നോതി ,
നാലുപതിനാറു നൽക്കലകൾ   170

തിങ്കളേ മേൽക്കുമേൽക്കാൽപ്പാട്ടിൽ നിർത്തുമ-
മ്മങ്കയെ മാറാതെ സേവ ചെയ്താർ

അമ്മണിമാളിക കൈനിലയാക്കിന
തന്മകൻ കാമനെക്കണ്ടുപോവാൻ ,

[ 16 ]

ശീഘ്രമായ് വൈകുണ്ഠവക്ഷസ്സു കൈവിട്ടു
പാൽക്കടൽമങ്കയാൾ വന്നുചേർന്നാൾ
തൽസ്നുഷയെന്നോർത്തത്തയ്യലിൽച്ചാർത്തിന
വത്സലഭാവാർദ്രം ദൃഷ്ടിപാതം
പ്രത്യാഹരിച്ചീല തദ്ദർശനാശ്ചര്യ
സ്തബ്ധയാം സാഗരകന്യകയാൾ   180

27.സർവാനവദ്യാങ്ഗസംക്രീഡാരങ്ഗമായ് ;
സർവാലങ്കാരൈകഭൂഷണമായ് .
സർവാന്തസ്സംവനനൗഷധമായ് , സ്മര-
സർവാഭിസാര ,മത്തന്ന്വി മിന്നി.

VIII

28.ഈ വകമോടികളൊക്കെയുമപ്പെണ്ണി-
ന്നാവരണാംശുകം മാത്രമല്ലോ :
അപ്പടം നീങ്ങിയേ കാണാവു നേരില-
ദ്ദർപ്പകമായതൻ ദഗ്ദ്ധരൂപം

29.ആഹാ ! മഹാർഹമാമത്തങ്കക്കൂട്ടിലൊ
രീഹാമൃഗാങ്ഗനയല്ലി വാഴ്വൂ ?   190

ഏതെല്ലാം ബ്രഹ്മാണ്ഡം തിന്നാലും മേല്ക്കുമേൽ
സ്വോദരം ക്ഷുൽക്ഷാമം , ശൂന്യാൽശൂന്യം.
അത്തരമുള്ളൊരു തൃഷ്ണയാ , ണാരുക്മ-
ചൈതന്യത്തിൻ ചാമുണ്ഡി , സർവഹർത്രി !

30.തന്നുയിർക്കാറ്റിനാൽ തർപ്പിക്കാൻ സാധിക്കും
പന്നഗി കണ്ഠാശ്ലേഷാർഹയാക്കും :

[ 17 ]

വിത്തവും വൃത്തവും പ്രാണനും ശ്രേയസ്സു -
മൊത്തുണ്ണുന്നീലല്ലോ വേശ്യപോലെ

31.ഐഹികപാരത്രികാഭ്യദയാർഗ്ഗളം
ദേഹിക്കു തൽസകൃച്ചിന്തപോലും:   200

എങ്കിലും മാനുഷമാനസമർക്കട-
മെങ്ങെത്തി നോക്കിടോല്ല , ങ്ങേ ചാടു !
കാഞ്ഞിരം കല്പദ്രു ഖദ്യോതം തീക്കനൽ:
പാഞ്ഞിടുമിമ്മട്ടതങ്ങുമിങ്ങും.
കത്തുന്ന ചെന്തീ താൻ കൈനാറിപ്പൂക്കുല
ചിത്രപതങ്ഗത്തിൻ ദൃഷ്ടിയിങ്കൽ :
ചർമ്മത്തിന്നപ്പുറം സഞ്ചരിപ്പീലതു
നന്മയും തിന്മയും നിർണ്ണയിപ്പാൻ.

32.നമ്മൾക്കു നമ്മൾതാനേറ്റവുമജ്ഞാത-
രമ്മട്ടിലുള്ളോരിപ്പാരിടത്തിൽ   210
രൂപത്തിലാരുതാൻ മോഹിച്ചു കില്ബിഷ-
കൂപത്തിൽ വീഴ്വീല കീഴ്ക്കാംതൂക്കായ് !

IX

33.എന്തിന്നു വിസ്താരം ? താന്തോന്നി താരമ്പൻ
പന്തിക്കു വീശിനോരാവലയിൽ ,
സമ്പ്രാപ്തർ സമ്പ്രാപ്തർ വീഴ്കയായ് മന്നിലേ-
ത്തമ്പ്രാക്കൾതൊട്ടെഴും പ്രാക്കളെല്ലാം !
ഓരോരോ ശാശ്വതസന്മാർഗ്ഗസേതുക്കൾ
പാരിതിൽ പണ്ടുള്ളോർ തീർത്തതെല്ലാം.

[ 18 ]

നാമാവശേഷമായ്പ്പോകയായ് വല്ലാത്തോ-
രാമാരനിമ്നഗതന്നൊഴുക്കിൽ.

വശ്യത്തിൻ ധാമമാമസ്സർവസർവസ്വ-
പശ്യതോഹർത്രി തൽപാപകർമ്മം
ആജാതി ചെയ്തയായ് സ്വച്ഛന്ദം : മുന്നമേ
രാജാവോ തദ്വക്ത്രദാസദാസൻ !

34.അദ്ധർമ്മപ്പൂങ്കാവിൻ ദാവാഗ്നിധൂമമാം
മൂർധജപാശത്തിൻ കാളിമയും :
അപ്പാപവ്യാളത്തിൻ നിർമ്മോകഖണ്ഡഃ മാ-
മല്പാല്പഹാത്തിൻ പാണ്ഡിമയും
ആമഷിനഞ്ഞണിക്കൺകുടക്കൂരമ്പിൻ
ധീമർമ്മം ഭേദിക്കും തീക്ഷ്ണതയും  :   230

ആ വിശ്വം വെന്നുവെന്നാനന്ദിച്ചാടിടും
ഭ്രൂവല്ലിപ്പോർവില്ലിൻ വക്രതയും ;
ആദ്ദുഷ്ടചേതസ്സിന്നാദർശമായിടും
മാർത്തടപ്പൊൽക്കുന്നിൻ കാഠിന്യവും
ആ മന്നിൻ പാതാളനിശ്രേണിയായിടും
രോമാളിതൻ കരിമ്പാമ്പൊളിയും :-
കണ്ടിടും കൊണ്ടിട്ടുമങ്ങുതാൻ പോയ് വീണാർ
പണ്ഡിതശ്രേഷ്ഠരും മേഷമുഗ്ദ്ധർ.

35.പെണ്ണെന്നൊരെണ്ണത്തെത്തീർത്തല്ലോ നാന്മുഖൻ
പെണ്ണിലും പെണ്ണാക്കി പൂരുഷനേ !   240

[ 19 ]
X

36.നാനാദേശാഗതർ വിത്തേശരോരോരോ
ദിനാരഭാണ്ഡങ്ങൾ കെട്ടിപ്പേറി ,
തത്താദൃശാഭോഗമാർന്നിടുമാ വഴി-
യത്താണിക്കല്ലിന്മേൽ വയ്ക്കയായി

37.ആവളർപൂങ്കുഴൽക്കൊണ്ടലിൽ കേകികൾ;
ആവക്ത്രച്ചെന്താരിൽ ഷൾപദങ്ങൾ
ആ വക്ഷേജാദ്രിയിലേണങ്ങൾ അപ്പാന്ഥ-
രാനാഭികൂപത്തിൽ മണ്ഡൂകങ്ങൾ.

38.ആ വഴി പോയിടും സാധുക്കളെല്ലാമാ-
ലാവണ്യതീർത്ഥത്തിൻ മുങ്ങിപ്പൊങ്ങി.   250

ആവതും പ്രാകൃതമാകാരം കൈക്കൊണ്ടു
കൈവല്യലാഭത്താൽ ധന്ന്യരായാർ !

39."പൊന്നിനാൽ യജ്ഞവും , യജ്ഞത്താൽപുണ്യവും
പുണ്യത്താൽ സ്വർഗ്ഗവുമെന്തിനാവോ ?
അപ്സരസ്ത്രീക്കെങ്കിലാസ്ത്രീതാനല്ലയോ
നില്പതു കൺമുന്നിൽ ? കൈപ്പിടിയിൽ ?
എൻധനം പിന്നെച്ചെന്നങ്ങുതാൻ ചേരട്ടേ;
എന്തിന്നു വേണ്ടാത്ത ദിഗ്ഭ്രമണം ?
ആവട്ടേ ഭുക്തി മുൻ , പപ്പുറം മുക്തിയാം
ഭാ' വിന്നു പിൻപല്ലി 'മാ' വരേണ്ടു ?"   260

ഇമ്മട്ടിലോരോന്നു ചിന്തിച്ചു ശുദ്ധരാം
കർമ്മഠർ, ഹോമധൂമാന്ധിഭൂതർ ,

[ 20 ]

അമ്നായപൂതമാം തജ്ജിഹ്വതർപ്പിച്ചാ-
രാമാങ്കതന്നധരാസവത്താൽ ,

40.പർണ്ണാംബുവായുക്കളല്പാല്പം ഭക്ഷിക്കും
വർണ്ണികൾ നിരൂറും നാക്കുമായി ;
ഭീമരാം ക്രവ്യാദർ-ചെന്നാരദ്ധൂളിതൻ
മെയ്മാംസ , മാനസമാസ്വദിപ്പാൻ
പ്രേക്ഷാവന്മൗലികൾ നിർഗ്ഗുണബ്രഹ്മത്തെ -
സ്സാക്ഷാൽ കരിച്ചോരാം യോഗിമാരും   270
'തത്ത്വമസ്യാ' ദിമവാക്യമപ്പെണ്ണോടു
ശുദ്ധമേ മത്തരായോതിനിന്നാർ .

41."ആർ മഹാവേശ്യയേപ്പുല്കുവോനപ്പാപി
ശാല്‌മലിയായിടും പിൻപിറപ്പിൽ . "
എന്നല്ലേ ലോകോക്തി ? - ആവട്ടേ , വേണ്ടതി-
ല്ലുന്നത ,മത്തരു ദീർഘജീവി.
തെല്ലാടലെന്തിന്നു ? പാഴിലവായോ ഞാൻ
പുല്ലായോ പോകട്ടേ പൂഴിയായോ :
ഉത്തരമൈഥിലവീഥിയിൽ വീണ്ടുമെൻ
വിത്തുപോയ് വീഴില്ലെന്നാരു കണ്ടു" ?   280

ഇങ്ങനേയക്കൂട്ടർ ചിന്തിച്ചസ്സൗധത്തിൽ
തിങ്ങളിൽതിങ്ങളിൽ തിക്കിക്കേറി.
ആബാലം-ആ വൃദ്ധം-അന്ന്യായം!-കൈമുതൽ
ദീപാളിവയ്ക്കുകയായ് കണ്ടമാനം !!

42.ആ വഴിയമ്പലത്തണ്ണീരിൻപാരണ
യേവനും വായ്പിക്കുമന്തർദാഹം.

[ 21 ]

ദൂരത്തു പൂക്കണിക്കൊന്നതാനദ്രവ്യം
ചാരത്തു ചെന്നാൽ താനഗ്നിഹേതി !

43.ദാസിക്കു മറ്റെന്തു നോക്കേണ്ടു ? കൈവശം
കാശുള്ള കാമുകൻ കാമദേവൻ ;   290

പൊന്നെണ്ണ വേർപെട്ട പൂരുഷക്കൊപ്രയോ
പിണ്ണാക്കപ്പേഷകയന്ത്രത്തിങ്കൽ.

44.ആ സർവഗ്രാസയാം യക്ഷിതൻ പിന്നത്തേ
ഹാസത്തിൽ മേളിക്കും ദൃഷ്ടിപാതം
മൃത്യുവാൽ ഗ്രസ്തയാമക്കാമുകാശയ്ക്കു
ദഗ്ദ്ധതിലാഞ്ജലിയെന്നുതോന്നും !
ഉള്ളിൽതീയശ്ശിരശ്ശൂലികൾ,ക്കക്ഷിയിൽ
വെള്ളം ,ഗളത്തിങ്കലർദ്ധചന്ദ്രൻ :-
ആണല്ല പെണ്ണുമല്ലാകാര, മാമട്ടിൽ
നാണംകെട്ടപ്പുറം പിച്ചതെണ്ടാം   300

45.ഐളനെപ്പുൽകിനാളുർവശി വിത്താഢ്യ-
രൈളരെയൊക്കെയുമിവധുടി;
രൂപത്തെക്കാമിച്ചാളത്തയ്യൽ. ഇപ്പെണ്ണോ
രൂപയേ - അത്രയ്ക്കേഭേദമുള്ളു.

46.തിങ്കൾനേർവക്ത്രയാൾ നേടിനാൾ വേഗത്തിൽ
തങ്കവും, രത്നവും കുന്നുകുന്നായ്.
ഹർമ്മ്യങ്ങൾ , വീഥികൾ , ഗ്രാമങ്ങൾ , ദേശങ്ങൾ. -
ഇമ്മട്ടിലായിതച്ശുല്കാദാനം.
ആകല്പമണ്ഡന, മാകൃഷ്ടവഞ്ചന
മാത്മാങ്ഗവിക്രയ , മർത്ഥലാഭം:-   310

[ 22 ]

ഈച്ചതുവർഗ്ഗങ്ങൾക്കേകമാം ശൃങ്ഗാര-
മാസ്മരമാസ്മരവിദ്യയന്നാൾ.

47. അത്തരം ഹേമാദ്രിയെത്രമേൽ പൊന്തിപോ-
ന്നത്രമേൽ കില്ബിഷഗഹ്വരവും ,
ആത്തന്ന്വിതൻ ചുറ്റുംവായ്ക്കയായ് നാൾക്കുനാൾ
വ്യാത്തമാം നാരകവക്ത്രംപോലെ.
* * *

X


48.അമ്മട്ടിൽ വാഴുന്ന പിങ്ഗളതൻമുന്നി,
ലമ്മതൻ കളിത്തോഴിപോലെ ,
പേർത്തും നാം മുൻകണ്ടരീതിയിൽ വന്നെത്തി
ചൈത്രർത്തുപാർവണജ്യൗത്സനികയാൾ.

49.നൽപ്രകൃത്യബയാൾ നൽകിന പണ്ടങ്ങൾ
ശില്പമായ് പ്രത്യങ്ഗം ചാർത്തിച്ചാർത്തി ;
തെന്നലിൻ കാഴ്ചയാം ദിവ്യാങ്ഗരാഗത്തേ-
ത്തന്നണിമെയ്യെങ്ങും പൂശിപ്പൂശി ;
ഉത്ഭിന്നയൗവനയാകുമാ യാമിനി
വിഭ്രമമോരോന്നു തേടിത്തേടി ;
സൂനത്തിൽസൂനത്തിൽ പാഞ്ഞെത്തിയങ്ങുള്ളോ-
രാനന്ദത്തേൻ നുകർന്നാടിയാടി ;
ശ്രൃങ്ഗാരപ്പാട്ടുകൾ ചിട്ടയിൽ മൂളുന്ന
ഭ്രൃങ്കാളിതൻഗതി വാഴ്ത്തി വാഴ്ത്തി ;   330
കാന്തിതൻ കൈവല്യം കാട്ടുന്ന കൈയിലേ-
പ്പൂന്തിങ്കൾക്കണ്ണാടി നോക്കി നോക്കി ;

[ 23 ]

സ്വിയമാം രൂപത്തിൽ തൃപ്തയായ് ദൃപ്തയായ്
പീയുഷപ്പുഞ്ചിരി തൂകിത്തൂകി
ലോകത്തിൻമാനസം ചോരണംചെയ്യുന്ന
മോഹനം-മോഹനം-അസ്സമയം !


XII


50.അത്തരമന്നിശ മർത്ത്യരെ മേൽക്കുമേൽ
തദ്രതിക്കുന്മുഖരാക്കിടവേ;
മാനുഷചിത്തമാമുന്മുത്തദന്തിയെ-
ച്ചേണുറ്റ മൈരേയമൂട്ടിടവേ :   340

തന്മതിയായിടും വൈദ്യുതിരേഖയെ-
പ്പൊന്മണിയൂഞ്ഞാലിലാടിക്കവേ :-
അന്തിക്കു മുത്തൊളിനിഹാരവാരിയിൽ
പന്തിക്കു തൻകേളിനീരാട്ടാടി.
പീയൂഷസിന്ധുവിൽ പൊങ്ങിന ശ്രൃംങ്ഗാര-
സായൂജ്യദേവതയെന്നപോലെ.
ഹേമപട്ടാംബരകൂർപ്പാസകാദിയാൽ
കോമളമെയ്ത്താളി കൂട്ടിക്കൂട്ടി ;
സിന്ദൂരപ്പൊട്ടുതൊ ,ട്ടോരോരോ ദുർല്ലഭ-
ഗന്ധദ് ദ്രവ്യങ്ങൾ പൂശിപ്പൂശി ;   350


കാർമ്മണ ചൂർണ്ണത്താൽ പൂങ്കവിൾക്കണ്ണാടി-
ക്കാമ്മട്ടും കൺപകിട്ടേകിയേകി;
ആനഖമാശിഖമോരോരോ ഹീരക-
മാണിക്യഭൂഷകൾ ചാർത്തിച്ചാർത്തി;

[ 24 ]

ഓമനക്കാറൊളിക്കന്തലിലോരോരോ
തൂമലർമാലകൾ ചൂടിച്ചൂടി ;
ആ നന്മയാകെത്തല്ലാവണ്യലക്ഷ്മി ക-
ണ്ടാനന്ദക്കോൾമയിർ കൊണ്ടപോലെ.
അത്ഭുതം-അത്ഭുതം-പ്രത്യങ്ഗമോരോരോ
വിഭ്രമമുദ്രക്കൈ കാട്ടിക്കാട്ടി ;   350

ശില്പജപ്രകൃതസാമഗ്രി നല്കിടു-
മപ്പരഭാഗങ്ങൾ രണ്ടിനാലും
തൻമലർമേനിക്കു സൗന്ദര്യധോരണി
യെൺമടങ്ങത്തവ്വിലേറ്റിയേറ്റി ;
സർമഥാ സർവോർവിസംമോഹനാസ്ത്രമായ് .
സർവഹൃദുന്മാദനൗഷധമായ് ,
മാന്മഥമാഹാത്മ്യമാകന്ദമഞ്ജരി-
മാംസളമാധ്വികമാധുരിയായ് .
അന്നത്തേ രാവിന്നു ചേരുന്ന മോടിയിൽ ,
തൻ ദർപ്പതുല്യമാം സൗധത്തിങ്കൽ.   370

അഞ്ചിതവിഗ്രഹ മിന്നുന്നു പിങ്ഗള
പഞ്ചേന്ദ്രിയാമൃതപാനപാത്രം !
* * * *

XIII


51.യാമിനിജാഹ്നവി പായുന്നു മുന്നോട്ടു
കൗമുദിഫേനിലവിഗ്രഹയായ് .
പത്തിന്നു മേലായി നാഴിക: പിന്നെയും
തദ്ദിശി തന്നെത്താൻ തന്ന്വി വാഴ്വു .

[ 25 ]

ആ മലർമേനിയാളാരേയും കാണ്മീല
പൂമണിമേടയിൽ പുരുഷരായ് ;
തന്നിളഞ്ചെന്തളിർക്കോമറപ്പൂമെത്ത
മിന്നുന്നു നീർത്തിട്ട മട്ടിൽതന്നെ.   380

52.കാമുകർ-കാമുകർ-ആ മേടതൻ നട-
കാവലേ വേലയായ് നാൾകഴിപ്പോർ-
മത്സ്യധ്വജായതനാഗ്രത്തിൽ വേധസ്സാ-
ലുത്ഷ്യഷ്ട രുക്ഷാക്കൾ നിവിഷാണർ,-
എങ്ങവർ-എങ്ങവർ-ആരാവിലാദ്യന്തം
പിങ്ഗളാധീനരായ് ജീവിക്കേണ്ടോർ ?
ആരെയുമാരെയും കാണ്മി,ലതെന്തൊരു
മാരണം ? ആർ കാട്ടുമിന്ദ്രജാലം ?
മിഷ്ടാന്നമുണ്ണേണ്ട പൊന്നോണനാളിലോ
കഷ്ടമശ്ശുദ്ധോപവാസയോഗം ?   390

എന്തൊരു വിസ്മയം ? അങ്ങനെ പോമോതൻ
യന്ത്രനൂൽപ്പാവകൾ ? കൈക്കിളികൾ ?

53.പാതയിലെന്താവാം പ്രത്യൂഹം ? ഉണ്ടല്ലേ
പാതകളങ്ങെത്താൻ നാലുപാടും
ഉണ്ടികയ്ക്കേതിളവ , ന്നതുമില്ലല്ലോ :
കൊണ്ടിടാം വായ്പയായ് വിത്തമാർക്കും.
മന്നന്നു കോപമേ , തസ്സാധു മൗലിയാൽ
തന്നടിപ്പൂമ്പൊടി ചൂടിടുന്നോൻ  !
കാലമോ ചൈത്രർത്തു: രാത്രിയോ പൗർണ്ണിമ :
കാമനോ കർണ്ണാന്തകൃഷ്ടചാപൻ !   400

[ 26 ]

ചേണെഴും താരകത്തൂമലർ ചിന്നിന
വാനമാം നീലക്കൻമഞ്ചത്തിന്മേൽ,
യാമിനി - സൗഭാഗ്യശാലിനി-പിയൂഷ
ധാമാവാം പ്രേയാനോടൊത്തു വാഴ്വു !

54.ആ വിധമുള്ളോരു വേളയിൽ, കന്ദർപ്പ-
ദേവൻതൻ വേട്ടയാമുത്സവത്തിൽ ,
ഏതെണ്ണയിട്ടാലും-ഏത്രമേൽ തേച്ചാലും-
ഏതിലും കൊള്ളാത്ത പാഴ്ക്കണയായ് ,
നാണിച്ചും , ഖേദിച്ചും , തൂണിക്കു ഭാരമായ് ,
ഗാണിക്യശ്രേണിക്കു ദുർയ്യശസ്സായ്   410

താൻമാത്രം-താൻമാത്രം-ഒറ്റയ്ക്കു വാഴ്കയോ
പൂണ്മാനൊരാണെന്ന്യേ ? ഭൂതിയെന്ന്യേ ?


XIV


55.ഭൂതി- ഹാ !ഭൂതി താരാർജ്ജിപ്പാനല്ലെങ്കി-
ലേതിന്നുവേണ്ടിത്തൻ വേശ്യാജന്മം ?
അർത്ഥവും കാമവുമൊന്നിച്ചു നേടുന്ന
തദ്ധർമ്മം താനല്ലീ ധന്ന്യാൽ ധന്ന്യം ?

56.ഊറ്റത്തിൽ മറ്റൊരു മാളിക തീരേണം
നൂറ്റൊന്നു കക്ഷ്യകൾ വായ്ക്കുംമട്ടിൽ :
ശയ്യാദിസംഭോഗസാമഗ്രി സർവവും
തയ്യാറായിടേണമായവയിൽ :

[ 27 ]

വൈരത്താൽ നിർമ്മിച്ച വസ്തുക്കളാവണ-
മാരമ്യഹർമ്മ്യോപസ്ക്കാരകങ്ങൾ ;
ആവതുമസ്സൗധം മിന്നേണമൈന്ദ്രമാ-
മാ വൈജയന്തത്തിൻ നേർപകർപ്പായ് !

57.അപ്പാണ്ഡ്യരാജ്ഞിതൻ മൗക്തികദാമങ്ങൾ
വില്പാനുണ്ടഞ്ചെട്ടു വീണ്ടുമപ്പോൾ ;
തൽകണ്ഠലഗ്നങ്ങളാകുകിലല്ലാതെ-
യക്കമ്രഭൂഷകൾക്കാഭയുണ്ടോ ?
അപ്പുറം മെയ്പകിട്ടൻപതുമാറ്റേറും ;
കൈപ്പണിക്കോപ്പല്ലീ ശില്പമർമ്മം ?   430

ദീനാരം ലക്ഷംപോലോരോന്നി,ന്നാവട്ടേ :
താനാശവെച്ചുപോയ് വാങ്ങിച്ചാർത്താൻ ,

58.ആശിക്കമാത്രംകൊണ്ടെന്തായി ? വേണ്ടുന്ന
കാശിന്നുതാ , നാർതൻ കാൽപിടിപ്പൂ ?
തൻനിവി തൊട്ടിടാൻ തനകൈക്കു ദുർയ്യോഗം
വന്നിടും വാരസ്ത്രി വാരസ്ത്രീയോ ?
തൻമെയ്സ്യമന്തകമന്നത്തേ രാത്രിയിൽ
പൊൻമലയല്ലയോ പെറ്റിടേണ്ടു ?
അറ്റുവോ ദാതൃത്വമക്കല്പവല്ലിക്കും ?
വറ്റിയോ ദുഗ്ദ്ധമസ്സ്വർഗ്ഗോവിന്നും ?   440

XV


59.തന്നിലെന്തുണ്ടൊരു കുറ്റമെന്നത്തയ്യൽ
പിന്നെയും പിന്നെയും ചിന്തചെയ്താൾ ;

[ 28 ]

ഒന്നുമേ കാണാതെ താൻ , നിന്നാൾ ചെന്നൊരു
പൊൻനിലക്കണ്ണാടി തന്നെതിരിൽ.
ആ മട്ടിൽ ദർപ്പണമെത്രയോ നീളെയ-
പ്പൂമച്ചിനുള്ളിലു,ണ്ടായവയിൽ
ഓരോന്നിൻമുന്നിലും നോക്കിനാൾ വാരൊളി
നീരോളംവെട്ടും തൻ പൂവൽമേനി.
തന്നോടു തുല്യയായ് താൻമാത്രമെന്ന-
യന്നോതും വാക്കേറ്റമർത്ഥഗർഭം !   450

60.ആ വഴിക്കെല്പീല തെറ്റൊന്നു,മെന്നുക-
ണ്ടാവരവർണ്ണിനി തൃപ്തയായി.
പാണിയിൽ തൻകളിപ്പൈതലായ്മേവിന
മാണിക്യവല്ലകീയേന്തി മെല്ലെ.
തൻതളിർപ്പൊൻമടിമെത്തമേൽ ചേർത്തതിൻ
തന്ത്രികളോരോന്നു മീട്ടിമീട്ടി.
കിന്നരകണ്ഠിയാൾ ഗീതത്താലാവീഥി-
കർണ്ണം സുധാപ്ളുതമാക്കി നിന്നാൾ

61.തേന്മാവിൻ ചെന്തളിർ തിന്നു തിന്നാരാവി-
ലാമ്മാറും പഞ്ചമം പാടിപ്പാടി.   460
ഉമ്മരപ്പൂങ്കാവിൽ മേവിടുമാൺകുയിൽ-
തൻമനമഗ്ഗാനമാർദ്രമാക്കി.

62.താഴത്തു വച്ചാൾ തൻവീണയത്തന്ന്വങ്ഗി ;
മാഴക്കണ്ണോടിച്ചാൾ വീഥിനീളെ ;
നിർമ്മർത്യഗന്ധമായ് കണാളശ്‌‌ശൃങ്ഗാടം.
തന്മഞ്ചകോശങ്ങൾപോലേ ശൂന്ന്യം ;

[ 29 ]

കോണിയിലൂടെ താൻ തെല്ലൊന്നിറങ്ങിനാൾ ,
നാണിച്ചു പിന്നെയുമേറിപ്പോയാൾ:
ലാത്തിനാൾ ഹർമ്മ്യത്തിലങ്ങോട്ടുമിങ്ങോട്ടു-
മോർത്തൊന്നും വേണ്ടതു തോന്നിടാതെ:  470

രഞ്ജിതമാക്കിനാൾ നാദത്താൽ നൂപുര-
മഞ്ജീരകങ്കണകാഞ്ചികളെ :
വാങ്ങിനാൾ പിന്നോട്ടു വാതായനം വിട്ടു;
താങ്ങിനാൾ പൂങ്കവിൾ കൈത്തലത്താൽ;
തന്നളകാഭ്രകപാദത്തിലാടിച്ചാ-
ളുന്നമ്രഭുകുടിവീചികളേ
കൺ തുറിച്ചീടിനാൾ , കൈ തിരുമ്മീടിനാൾ
ദന്തങ്ങളർപ്പിച്ചാൾ ചെഞ്ചൊടിയിൽ;   480

താഴോട്ടു നോക്കിനാൾ ഗാത്രിതന്നുൾത്തട്ടിൽ
നൂഴുവാൻ താൻ തയ്യാറെന്നപോലെ;
മേലോട്ടു നോക്കിനാളേതൊരു ദൈവത്തിൻ
മാലതെന്നാരായ്‌വാനെന്നപോലെ:
വീർപ്പിട്ടാൾ മേൽക്കുമേൽ ദീർഘമാ, യുഷ്ണമായ്:
വേർപ്പുമുത്തൊപ്പിനാൾ പട്ടുലേസാൽ.

63.ചേടിയോടോതിനാളിത്തരമോരോന്നു
ചേതസ്സിലുൽക്കണ്ഠ തേടിത്തേടി:-

XVI

64."ആരെടി നില്പതു വാതിൽക്കൽ താഴേ വ?-"
"ന്നാരെയുമാരെയും കാണ്മീലമ്മേ!"

[ 30 ]

"അക്കതകെന്തിനു ചാരി നീ?" "കാമുക-
ർക്കഗ്ഗളമെങ്ങൊന്നും വായ്പീലമ്മേ!"
"എന്തെടി കേൾപ്പതന്നിസ്വനം പൂങ്കാവിൽ
വണ്ടിണ്ട മൂളുന്ന ശബ്ദമമ്മേ!"
"പിന്നെയും കേൾക്കുന്നു ദൂരത്തു ശബ്ദമൊ-
ന്നിന്നതെന്നാമോടി നിർണ്ണയിപ്പാൻ ? "
"പൂന്തെന്നൽ പുൽകിന മാന്തളിർത്തൊത്തിന്റെ
തേൻതെളിമർമ്മരമാണതമ്മേ ! "
"ഒട്ടിങ്ങു ചാരത്തായ്ക്കേൾപ്പതെന്തശ്ശബ്ദം ? "
"കുട്ടിനിയമ്മ തൻ വിക്കലമ്മേ ! "   500

"അമ്മയുറങ്ങിയോ ? പാതിരാവായില്ലേ ? "
"നമ്മളെപ്പോലെയോ മുത്തി ? യമ്മേ ? "
"അങ്ങാരോ ചൊൽവീലേ 'വന്നാലും' എ" "ന്നതു
പൈങ്കിളിപ്പൈതലിൻ തായാട്ടമ്മേ ! "

55."ഇങ്ങനെ പറ്റുവാനെന്തെടി?" ദൈവത്തി-
ന്നിങ്ഗിതമാരുതാൻ കണ്ടതമ്മേ ? "
"ദൈവവും നീയും ! ഹോ ! വായാടി ! ഫോ ! ദൂരെ
നി വേദവേദാന്തവിജ്ഞ തന്നെ ! "
"ഈവണ്ണമോതൊല്ലേ ! പൊന്നമ്മേ ! പൊന്നമ്മേ !
ദൈവത്തെയോർക്കണേ ! പോകാമേ ! ഞാൻ !"   510

66.അങ്ങിനെ ചേടി പോയ് ശയ്യാഗാരത്തിങ്കൽ
പിങ്ഗള പിന്നെയും തന്നെയായി .
"ആരിനി വന്നാലുമിങ്ങോട്ടു കേറ്റേണ്ട ;
തീരട്ടെയൊന്നോടെ സൊല്ല" യെന്നായ് "

[ 31 ]

67.ഏറിടുമീറയാൽ തന്മണിപ്പൂമച്ചിൻ
ദ്വാരം പോയ് ചാരിനാൾ , സാക്ഷയിട്ടാൾ.

രത്നാസനത്ഥയായപ്പുറം ദുഷ്ക്കാല-
ഭഗ്നാശാസൗധയാമാവധൂടി.
ചോർന്ന തൻ ചിന്തകൾ വീഴ്ത്തിനാൾശേഷിച്ച
ശൂന്യതയാം സഖിതൻ ചെവിയിൽ:-   520

XVII

68.ആകാറായ് പാതിര , വാസന്നകല്പമായ്
രാകയാം ശ്യാമയ്ക്കു ഷഷ്ടിപൂർത്തി.
കാമുകർ-കാഞ്ചനപ്പൂക്കുല മിന്നിച്ചു
കാമന്നു കോമരം തുള്ളിടുന്നോർ-
എൻ സൗധമാർജ്ജനിതൻ പരിഷ്വങ്ഗവും
തൻസൗഖ്യസാമ്രാജ്യമായ് നിനയ്പോർ-
കാണ്മാനില്ലിന്നവരാരെയും-എങ്ങെ,ങ്ങാ-
വാൽമാത്രമില്ലാത്ത വാനരങ്ങൾ ?
തെറ്റിയോ താവളം ? ആ വകക്കാർക്കുണ്ടോ
മറ്റൊരു മാമരത്തോപ്പു മന്നിൽ ?   530

എന്തായാലെന്തിനി ? അക്കൂട്ടരെങ്ങോ പോയ്-
പ്പണ്ടാരംവയ്ക്കട്ടേ പാതകികൾ !

69.ഓലക്കമാർന്നുള്ള പൂന്തിങ്കളൂഴിയെ
പ്പാലമൃതിങ്ങനെയൂട്ടിടവേ.

[ 32 ]

നെഞ്ഞാർക്കുമാടിപ്പാൻ തയ്യാറായ് വേശ്യയാ-
മിഞ്ഞാൻ ചമഞ്ഞിങ്ങു നിന്നീടവേ :
നോക്കുന്ന ദിക്കെല്ലാ , മെൻദൈവം മന്മഥൻ
പോർക്കണമാരിയാൽ മൂടിവേ :-
കഷ്ടമിപ്പത്തനമേതൊരു ദാന്തന്റെ
പൊട്ടപ്പൂൽചെറ്റയായ് മാറിപ്പോയി !   540

70.എന്നനങ്ഗാഗമപാഠത്തിന്നാദ്യമാ-
ണിന്നനധ്യായരാ, വെന്തുചെയ്യാം !
ഒന്നുകിൽ ഞാനഭിസാരികയായിടാ-
മല്ലെങ്കിലാർക്കാനുമാളയയ്ക്കാം.

71.വില്ക്കാശും കയ്യുമായ് ഞാൻതന്നെകണ്ടോർ തൻ
തൃക്കാൽ പിടിക്കയോ ? കൊള്ളാം കാർയ്യം !
ഏതൊരു പിച്ചിതു ? മർയ്യാദ ലോകത്തിൽ
പ്രാതിലോമ്യത്തിന്നു , മൊട്ടു വേണ്ടേ ?
ഞാനതു ചെയ്‌വീല : വേശ്യയ്ക്കുമേതാണ്ടു
മാനവും നാണവും വേണമല്ലോ.   550

ഏറിയാലെന്തിങ്ങു വന്നുപോയ് ! പോകട്ടെ
കൂററ്റ ഗോശാലക്കൂറ്റർ കൂട്ടർ !!


XVIII


72."കൂറിനെപ്പറ്റിയെന്തോതിനേൻ ക്രോധത്തിൽ ?
ഏറിപ്പോയ്, നിശ്ചയ,മെൻ ശകാരം !

[ 33 ]

സാധുക്കൾ പുരുഷർ വേശ്യമാർതൻ ചിത്ത-
മേതുമേ കാണുവാൻ കണ്ണില്ലാത്തോർ-
ഇപ്പിറപ്പാറ്റിലേ മീനങ്ങൾ ഞങ്ങളോ
തൽബളിശാമിഷപിണ്ഡികകൾ !

73.യൗവനം , സൗന്ദർയ്യം , ലാവണ്യം , വിഭ്രമ-
മീവകയൊക്കെയും വാച്ചമെയ്യിൽ.   560
ആവരണാങ്ഗരാഗാലങ്കാരങ്ങളാ-
ർന്നാവജ്ജനം ചെയ്‌വൂ വിശ്വം ഞങ്ങൾ !
വൃത്തമോ , രൂപമോ , വംശമോ , കീർത്തിയോ ,
വിദ്യയോ ഞങ്ങൾക്കു വേണ്ട വേണ്ട :
ശയ്യയിൽ ഞങ്ങളെത്തേടവാനേവർക്കും
കയ്യിലേക്കാശൊന്നെ കാർയ്യമുള്ളു.
കാമുകർക്കല്പാല്പമർത്ഥത്തിന്നാടിടു-
മാമിഷപ്പാവകളല്ലി ഞങ്ങൾ ?
മുഗ്ദ്ധരാമക്കൂട്ടർ ഞങ്ങളിൽ ചേരുന്നു
കത്തുന്ന വഹ്നിയിൽ കാഷ്ഠംപോലെ   570
തീക്കനലായിടാം ചെറ്റിട,യപ്പുറം
ശ്വാക്കൾക്കു ശയ്യയാം ചാരമാവാം !

74.അൻപെന്നൊന്നില്ലല്ലോ ഹാ ! ഞങ്ങൾക്കാരിലും
അമ്പിൻമേലമ്പുണ്ടോ കാമനെയ്‌വൂ ?
ഭാസ്വരമായിടും ക്രിത്രിമരാഗത്തിൻ
പാഴ്സ്വരമാലകളല്ലോ ഞങ്ങൾ !

75.പുരുഷർക്കില്ലൊരു കൂറെന്നു ചൊല്‌വൂ ഞാൻ-
നാരകശൃങ്ഗാടദീപസ്തംഭം !

[ 34 ]

ഞാൻ കൊന്ന മർത്യർതൻ പ്രേതത്തിലല്ലയോ
ഞാൻ കാറിത്തുപ്പുന്നു ? ശാന്തം പാപം !   580

XIX

76.പാപമോ ? ഭാമിനിപങ്ഗക്തിയിൽ മറ്റേവൾ
പാപത്തിൻ ബീജോർവി ഞാനല്ലാതെ ?
പേർത്തും ഞാനെത്ര പേർക്കെനങ്ഗസ്പർശത്താ-
'ലുർദ്ധ്വത്തി' ലാക്കിനേനൂർദ്ധ്വയാനം !
ശ്രീലരാംപുരുഷർക്കെത്രപേർക്കെൻ കയ്യാൽ
ശിലാംശുകാക്ഷേപമാചരിച്ചേൻ !
ശ്രീദരാമേവരെപ്പട്ടിണിക്കോലത്തിൽ
വ്യാധിമുദ്രാങ്കിതരാക്കിവിട്ടേൻ !
ഹാ ! നിത്യമേവർതൻ കർദ്ദമക്കൂട്ടാലെൻ
തൂനെറ്റിക്കസ്തൂരിപ്പൊട്ടുതൊട്ടേൻ !   590

ഏവർതൻ ഹൃദ്രക്തം നിഷിഡനംചെയ്തു
യാവകം തേച്ചേനെന്നങ്ഘ്രികളിൽ !
മൽബാഹുവല്ലരി രാപ്പകലെത്രപേ-
ർക്കുൽബന്ധനത്തിനന്നു രജ്ജുവായി !!
സാദ്ധ്വികളേവർതൻ കണ്ണുനീർമുത്തിനാൽ
തീർത്തേനെൻ കണ്ഠാലങ്കാരഹാരം !
അന്നല്ലാർതൻ ശാപനിലാബ്ജപത്രമെൻ
കർണ്ണാവതംസമായെത്ര പൂണ്ടേൻ !

77. അക്രമം-പൂന്തേനിൽ മുക്കിന ഖഡ്ഗമായ് ;
ശർക്കരയാട്ടിന കല്ലുചക്കായ് :   600

[ 35 ]

പിച്ചകമാലയിൽപ്പറ്റിന സർപ്പമായ് ;
പച്ചപ്പുൽ മൂടിന പാഴ്ക്കിണറായ് :-
ധർമ്മവ്യതിക്രമമെന്തെന്തു ചെയ്‌തീല
മന്മഥവഞ്ചനമായയാം ഞാൻ !!"

XX


78.തന്ന്വങ്ഗിയപ്പുറം വേർപ്പണിത്തൂനെറ്റി
തൻവലം കൈത്തലംകൊണ്ടു താങ്ങി.
കാൽപ്പാട്ടിൽ കണ്ണുമായ് മേവനാൾ ദീർഘമാം
വിർപ്പാർന്നു ചിന്താബ്ധിമഗ്നപോലെ.

79.ലോലാക്ഷി തന്മിഴി കാണായിതന്നേരം
സ്ഥൂലാശ്രുമൗക്തികമണ്ഡിതമായ്   610
കൺനിറഞ്ഞങ്ങൊരു മാത്രയാ നിർനിന്നു:...
സുന്ദരിയൊപ്പീല ചേലത്തുമ്പാൽ.

80. ധന്ന്യമായ് പിങ്ഗളേ ! നിന്മിഴി രണ്ടും നീ-
യിന്നവ്യഭൂഷണം ചാർത്തുകയാൽ.
തത്താദൃക്കായിടും മൂല്യത്താൽ താനാത്മ-
നിസ്താരം നേടേണ്ടോൾ ദാസിയാം നീ.
ഉർവിയിൽ തത്വാവബോധത്തിന്നേവർക്കും
നിർവേദം പോലേതു വേറെ വേദം ?
തപ്താശ്രുബിന്ദുവിന്നൊപ്പമായ് ജീവിക്കു
ദൃൿതിമിരൊഷധമില്ലതന്നെ.   620

പോയി നിൻ രാജസപീഡ യിക്കണ്ണിനാൽ
നീയിനിക്കണ്ടിട്ടും കാഴ്ച വേറേ.

[ 36 ]

81.ഇപ്പുഷ്ണലോഡുക്കൾ സോദരിക്കിരാവിൽ
സൽപഥം കാട്ടുവാൻ വന്നതല്ലോ !
സന്താപബാഷ്പത്തിൻ ബിന്ദുക്കളല്ലവ.
സന്താനശാഖിതൻ പൂക്കളത്രെ !
ഉമ്പരാരിച്ചു വീണതോ ? വീഴട്ടേ
നിൻപദമാകിന നിരലരിൽ !


XXI

 
82.ഓർക്കയായോമലാൾ ചേടിതന്നന്ത്യോക്തി :-
"ആക്കൊച്ചുപെണ്ണെന്നോടെന്തോന്നോതി ?-   630
ദൈവത്തെയോർക്കണേ !" - ഇന്നത്തേപ്പോക്കിന്നു
ദൈവമൊന്നില്ലെന്നു തോന്നുന്നീല
കാരണസാമഗ്രി പുഷ്കലമായിട്ടും
കാർയ്യ്യത്തിന്നങ്കുരം കാണ്മിലല്ലോ !

83.ചിത്തം താൻ, ബുദ്ധിതാ , നക്ഷം താൻ ഹസ്തം താൻ
മർത്ത്യന്നു മന്ദാരമെന്നിരുന്നാൽ-
വാരുറ്റോരാശയം വല്ലിക്കു പൂക്കുവാൻ
പൗരുഷം ചൈത്രർത്തുവെന്നിരുന്നാൽ-
ഈ രാവിലെൻഗതിയിങ്ങനെയാകേണ്ട ;
ധാരാളം വേറിട്ടൊന്നാവാം താനും:   640

84.നിശ്ചയം ഞാനിതിൽനിന്നൊന്നു കാണുന്നേ-
നിച്ചിത്രഗുപ്തൻ തൻജന്മനാളിൽ:-
ദൈവികമാമൊരു ചൈതന്യം വേറിട്ടു-
ണ്ടീ വിശ്വഭാണ്ഡത്തിന്നേകാധാരം;

[ 37 ]

ആയതിൻ സാമ്യത്തിൽ ഖദ്യോതമാ,ദിത്യൻ ;
ആയതിൻ വാമ്യത്തിലർക്കൻ കീടം.
മുപ്പാരും ദൈവനുകൂല്യത്തിലാകാശം ;
തൽപ്പാതികൂല്യത്തിലശ്ശകുഡ്യം.

85.ചെറ്റിരുക്കാലികളിരാവിൽ കേറാതെ
ചുറ്റിലും മുൾവേലി കെട്ടിയോനേ !   650
ആവതും കൂപ്പുന്നേൻ നിന്മലർച്ചേവടി
ദൈവമേ ! ശേഷിച്ച പഞ്ചയാം ഞാൻ "

XXII

86.തന്നരികത്തൊരു ശബ്ദമാമാത്രയിൽ
പിന്നെയും പേടമാൻ കണ്ണി കേട്ടാൾ ,
തന്മൊഴി,ക്കമ്മട്ടൊരൊച്ചയാൽ മച്ചകം
സമ്മതം മൂളിയതെന്നപോലെ.

87.ആ രവ,മാണിവിട്ടമ്മച്ചിനുള്ളിലൊ-
രാലേഖ്യം താഴത്തു വീണതത്രേ.
പൊട്ടീല ചില്ലെങ്ങും: തട്ടീല കേടൊന്നും;
പട്ടുവിരിപ്പതു താങ്ങുകയാൽ.   560

88.സ്ഫാരാഭമാമതു രാജാധിരാജനാം
ശ്രീരാമചന്ദ്രൻതൻ ചിത്രമല്ലോ,
മൈഥിലുർക്കത്യന്തമാനന്ദകന്ദമാ-
ക്കോദണ്ഡപാണിതൻ കോമളാങ്ഗം.

[ 38 ]

തദ്ദിവ്യവിഗ്രഹമമ്മട്ടിൽ വന്ദിപ്പ-
തദ്ദിക്കിൽ വാഴ്വോർതൻ സമ്പ്രദായം.
അപ്പടിക്കമ്മുറിതന്നിലുമുണ്ടായി
കൽപ്രതിച്ഛന്ദത്തിൻ സന്നിധാനം.

89.പിങ്ഗളയപ്പടം കൈകൂപ്പിയോളല്ല :
കൺകൊണ്ടു നോക്കിയോളല്ല തെല്ലും :   670

അങ്ങനെയൊന്നിനൊട്ടാശിപ്പോൾ പോലുമ :-
ല്ലങ്ങ,താർ തൂക്കിയോ-തൂങ്ങിപ്പോന്നു ,
പെട്ടെന്നു ചെന്നടുതിതീടിനാൾ പാണിയാൽ :
ദൃഷ്ടിയാൽ വീക്ഷിച്ചാൾ ഭക്തിപൂർവ്വം :
വീഴ്ത്തിനാൾ ബാഷ്പനീർ തന്ന്വിയച്ചിത്രത്തെ-
ച്ചേർത്തണച്ചീടീനാൾ മാർത്തടത്തിൽ .

90.മുന്നിലേ മേശമേൽ മോഹനമച്ചിത്രം
വിന്ന്യസിച്ചൊന്നിലും നോക്കിടാതെ ,
അക്കളവാണിയാളോതിനാൾ പിന്നെയും
ഗദ്ഗദരമ്യമാം വാക്കിവണ്ണം:-   680


XXIII


91."ഏതൊന്നു നേടുവാൻ ഞാനുരുക്കൂട്ടിനേൻ
പാതകബീജമിപ്പണ്യദ്രവ്യം ?
ഭോഗമെന്നൊന്നേതു ഞങ്ങൾക്കു ? വേശ്യകൾ
ലോകത്തിലസ്നേഹദീപികകൾ .

[ 39 ]

മോഹിപ്പു കാമുകർ മേദസ്സിൽ ഞങ്ങളോ
ലോഹത്തിൽ-ഹിരമാമിങ്ഗാലത്തിൽ !

പാവകൻതൻ മുന്നിൽ പാണിതൻപാണിയോ-
ടേവന്നു ചേർക്കുവാൻ യോഗമുണ്ടായ് :
ആയവനാരെങ്കുലെ,ന്തവന്നാകെത്തൻ
കായവും പ്രാണനും തീറുനൽകി :

സന്താന സൽഫലം ദാമ്പാത്യധർമ്മാം
സന്താനശാഖിയിൽനിന്നു നേടി :
തൻപതി , തൻധനം , തൻബലം , തൻഗതി.
തൻപരദൈവതമെന്നു തേറി :
സാവിത്രിതൊട്ടുള്ള സാദ്ധ്വികൾ പോയോരു
പാവനരഥ്യയിൽ പാദം വയ്പോർ :
ഹ്രീമുഖ്യഭൂഷമാർ;ആപ്യാർത്ഥം-ഐഹിക-
മാമുഷ്മികം-രണ്ടു, മാണ്ടുകൊൾവോർ :
ആനന്ദമഗ്നമാ ,രാതിഥ്യവ്യഗ്രമാർ :
മാനവീജിവിതമാർമ്മികമാർ :   700

സ്വച്ഛന്ദനിദ്രമാർ: സ്വർദ്ധുനിശുദ്ധമാർ ;
നിശ്ചലചിത്തമാർ നിസ്പൃഹമാർ :-
ധന്യമാർ-ധന്യമാർ-ആ ദ്വിതിയാശ്രമ-
പുണ്യപതാകകൾ ഭ്രരമമാർ

93.അക്കുലനാരികൾ ബാഹ്യാന്തഃസ്വച്ഛകൾ
ചൊൽക്കൊള്ളും ശാരദനിമ്നഗകൾ :
ഇന്നൊരു നൂറുപേർ ഭർത്താക്കൾ ഞങ്ങൾക്കു :
പിന്നെയോ, പേണുവാനേകനറ്റോർ.

[ 40 ]

ഒന്നുകിൽ വർഷർത്തുകൂലങ്കഷൗഘകൾ ;
അല്ലെങ്കിൽ നൈദാഘസൈകതങ്ങൾ .
ഉള്ളതുമില്ലാതെയാവാൻതാൻ ഞങ്ങളെ-
ക്കള്ളച്ചൂതാടിപ്പൂ കാമദേവൻ !

XXIV


94.രാപ്പകൽത്തിവെട്ടിക്കൊള്ളതാൻ ഞാൻ ചെയ്തേൻ
വായ്പൊരു പിട്ടെല്ലാം കാട്ടിക്കാട്ടി.
കാശു കാശെന്നൊരു ഗാനമേ നിത്യമി-
ക്കാഞ്ചനക്കൂട്ടിലേത്തത്ത പാടു
പാടിനേ , നാടിനേൻ , തേടിനേൻ വീടരേ ;
നേടിനേൻ ഹാടകമാടനേകം .
എന്നിലേച്ചെമ്പാരും കാണരുതെന്നോർത്തോ
പൊന്നിൽ ഞാൻ മുക്കിനേനെൻ ശരീരം ?   720

വല്ലാതെ പാതകസിന്ധുവിൽ താഴാനോ
കല്ലാകും ഭാരമെൻ മെയ്യിൽ പൂണ്ടേൻ ?

95.ദാസിയോ ദാസികൃതാശേഷലോക ഞാൻ ?
ഹാ ! ശരി ! തൃഷ്ണയ്ക്കു ഗർഭദാസി !!
എന്നെയിട്ടാടിക്കും യന്ത്രികയാണവൾ
എന്നുയിർ തിന്നിടും കൃഷ്ണസർപ്പം !
എന്തുതാനേകട്ടെ : പിന്നെയും പിന്നെയും
'കൊണ്ടുവാ കൊണ്ടുവാ' -- എന്നുതന്നെ,
അപ്പിശാചുള്ളിൽ നിന്നാർക്കയാ,ണെന്നിൽനീ-
ന്നിപ്പിണിയെന്നുതാൻവിട്ടുമാറും ?   730

[ 41 ]

96.നിദ്രയും സൗഖ്യവും യാതൊന്നു നല്കീടു-
മദ്രവ്യമൈഹികദ്രവ്യമാർക്കു :
പാഥേയമാവതു യാതൊന്നു ദേഹിക്കു,
പാരത്രികദ്രവ്യമദ്രവീണം.
എങ്ങുമീരണ്ടാലും ചേരാത്തതെൻപൊരു-
ളിങ്ങുമല്ലങ്ങുമല്ലിത് ത്രിശങ്ക !

97.പോരില്ല നിദ്രതയെൻകൺമുന്നിലെങ്ങും തൻ
ചാരിത്ര നാശത്തിൻ ഭീതിമൂലം !
ഉൾസുഖമെന്നതോ ചേതസ്സിൽ വാണിടും
തൃഷ്ണയ്ക്കു തീനിടും ജീവിക്കുണ്ടോ ?   740

ഏതൊരു ലോകത്തിലെത്തുവാൻ വേണ്ടിയി-
ദ്ധാതുവാൽ ഞാനൊരു കോണിതീർപ്പൂ !
നാരകം താനതു പാരിലാരൈശ്വർയ്യ്യ-
ഭാരതത്തേപ്പേറുവോ രൂർദ്ധ്വഗന്മാർ ?

98.നിശ്ചയം പൂഞ്ചായാൽ ഞാൻപോലെ , മൂർദ്ധാവിൽ-
കജ്ജളം പൂണ്ടൊരിദ്ദീപികകൾ.
എമ്പാടുമോതുന്നു , ണ്ടന്ധതാമിസ്രംതാ-
നെൻപ്രാപ്യസ്ഥാനമെന്നിന്നിശയിൽ .

99.ഈ രുക്മകൂടം ഞാനെന്തിന്നു പേറുന്നു
ചേറുണ്ട കിടികയെന്നപോലെ ?   760

വഞ്ചിതലബ്ധമാമിത്തങ്കക്കൂമ്പാരം
വൻചിതച്ചെന്തിയായ്ത്തോന്നിടുന്നു !

[ 42 ]
XXV

100.പാരത്രികാർത്ഥം ! ഹാ ! പാരത്രികാർത്ഥം !- ഞാൻ
നേരത്തെ തെല്ലതൊന്നോർത്തീലല്ലോ ! നൂനമതോർക്കുവാനിദ്ദുഷ്ടചിത്തയാം
ഞാനധികാരിണിയല്ലതാനും

101.നന്മയിൽക്കോലുംപൂണ്ടാടിടുമെന്റെ ക-
ണ്ണുണ്മയിൽപ്പീലിക്കണ്ണായിപ്പോയി !
കാണുവാനുള്ളതു കണ്ടില ഞാനൊന്നും;
കേൾക്കുവാനുള്ളതു കേട്ടുമില്ല.   760

102.കാലത്തുമുച്ചയ്ക്കുമന്തിയ്ക്കും രാവിലും
കാലൻതൻ വെണ്മഴു കയ്പെടാതെ ,
ആയുർദ്രുമൂലത്തിലാഞ്ഞാഞ്ഞു വെട്ടുന്നു
ണ്ടായതു ഹൃൽസ്പന്ദവേദ്യമാർക്കും.

103.നീങ്ങിടാനാവാത്തോരന്തകനമ്മഴു-
വോങ്ങിന കയ്യുമായ് നമ്മോടൊപ്പം
നൂഴുന്നു മാതാവിൻ കർഭാശയത്തിങ്കൽ
വാഴുന്നു കൂടവേ വേർപെടാതെ.
വീഴാതേ തിരല്ലീ വെട്ടേറ്റേറ്റേവർക്കും
പാഴാകും തൽപാഞ്ചഭൗതികാങ്ഗം-   770

ഇശ്വാസമന്ത്യമാ , മന്ത്യത്തിൻ മുന്നേതാം :
നിശ്ചയമാർക്കുമില്ലിന്നതെന്നായ്.
പൂമകനായാലും പുൽപ്പുഴുവായാലും
ചാമിന്നോ നാളെയോ മറ്റന്നാളൊ !

[ 43 ]

104. പ്രസ്ഥാനദിഗ്‌രേഖ മാതൃഗർഭാശയം :
ലക്ഷ്യാഗ്രമേവർക്കും പ്രേതഭൂമി ;
ആ യാത്ര കൺചിമ്മും മുന്നിലും തീർന്നിടാ,-
മായാമമാർന്നതുമാവാമല്പം :
ആ വേളതൻ നീളമെന്തായാലെ,ന്താർക്കു-
മാവദ്ധ്യഭൂമിതാനാപ്യസ്ഥാനം ;   780

ചുറ്റിലും കേട്ടിടാം നെഞ്ഞിടിയാവഴി-
ക്കൊറ്റപ്പെരുമ്പറക്കൊട്ടുപോലെ.

105.യാതൊന്നു ഭോഗമെന്നുള്ളോരു പേരിലാ-
പ്പാതയിൽ മർത്ത്യൻ തൻമുന്നിൽ കാണ്മൂ :
ഹാ ! നഞ്ഞുചേർന്നതാമക്കൊലച്ചോറ്റിങ്ക-
ലാനന്ദഗന്ധാംശമാർക്കുദിക്കും ?

106.അങ്ങോട്ടുമിങ്ങോട്ടും രണ്ടറ്റം നിന്നുകൊ-
ണ്ടംഭോജയോനിയുമന്തകനും.
പിന്നെയും പിന്നെയും കാൽകൊണ്ടു തട്ടുന്ന
കന്ദുകമേതുതാൻ നീരജസ്കം ?   790

107.എത്രമേലെത്രമേൽ മാതാവിൻ സ്തന്യത്താൽ
നിത്യവും ജിഹ്വാഗ്രം ക്ലിന്നമാവു :
അത്രമേലത്രമേലേറുന്നു പാരിതിൽ
മർത്ത്യന്നു തൃഷ്ണയും മാറിടാതെ ,
പിന്നെയും പിന്നെയുമുത്ഭവം , നിർയ്യാണം.
പിന്നെയും പിന്നെയും , പാനം , ദാഹം :-

[ 44 ]

മാലാർക്കു വായ്പീല സംസാരചക്രമാ-
മീലാടശൃംഖലയ്ക്കുള്ളിൽ വീണാൽ
തഞ്ചിടുവോന്നല്ലീ വേശ്യാത്വമേവൾക്കും
പഞ്ചേന്ദ്രിയങ്ങൾക്കു ഭാർയ്യയായാൽ ?  800

XXVI


108.ഹന്താതിഘോരമാമന്തകവ്യാഘ്രത്തിൻ
ദന്താന്തവർത്തിയാം മാംസഖണ്ഡം-
ആമ്മാറു-മെന്നിട്ടും ഞാൻ ഞെളിഞ്ഞിടുന്നു
സാമ്രാജ്യപീഠസ്ഥയെന്നപോലെ.

109.സൗവർണ്ണവർണ്ണ ഞാൻ സൗന്ദർയ്യ്യപൂർണ്ണ ഞാൻ ;
യൗവനയുക്ത ഞാൻ; ലക്ഷ്മിതാൻ ഞാൻ !
ഇമ്മട്ടിലോരോന്നു ചിന്തിച്ചു ഞാ,നെന്തെ-
ന്തുന്മത്തഗോഷ്ടികൾ കാട്ടുന്നീല !
എന്നും ഞാൻ സേവിച്ചേൻ കണ്ണാടിതൻ മുന്നി-
ലെൻ ദഗ്ദ്ധരൂപാഭിമാനമദ്യം :   810

എൻകണ്ണുതുള്ളിച്ചേ നെൻ തലയാട്ടിനേ :-
നെൻകണക്കാരെന്നു ഞാനേ ചൊന്നേൻ :
പെൺകുരങ്ങിൻപടി പല്ലിളിച്ചാടിനേൻ ;
പെൺകഴുതയ്ക്കൊപ്പം മോങ്ങിനേൻ ഞാൻ !

110.പുൽക്കൊടിത്തുമ്പിലേ നിർത്തുള്ളി കാലത്തോ-
ന്നർക്കൻതൻ ചെങ്കതിരേറ്റിട്ടവേൾ.

[ 45 ]

വാർമഴവില്ലിലേ വർണ്ണങ്ങൾ വീശുന്നു ;
കേമമായ് മിന്നുന്നു മാത്രനേരം :
അപ്പുറമാവിയായ് മായുന്നു മദ്രൂപ-
ദർപ്പമേ ! നീയതു കണ്ടതുണ്ടോ ?   820

സ്വപ്നത്തിൽ പാഞ്ഞുപോം ചിത്രത്തിലാരുതാ-
നൾഭ്രമം തേടിടും ഭ്രാന്തിലെന്ന്യേ ?

111.അർക്കനാമഗ്നിയിൽ പ്രത്യഹം ഭക്ഷണം
പക്വമാക്കിടുവോന്നല്ലി കാലം ?
ഇന്നോമൽ ചെന്തളിരേ,തതുതാൻ നാളെ
മണ്ണോടു മണ്ണാകും ശുഷ്കപത്രം.
കൃത്രിമഗ്ഗുണ്ടുകൾ തീർന്നുപോം നേരത്തു
കത്തിച്ച പൂക്കുറ്റി കെട്ടേ പറ്റൂ.
ഇച്ചൊടിമൂവന്തിച്ചോപ്പൊളി മാച്ചിടും
നിശ്ചയം കാലമാം രാവിൻപാണി:   830

കൈശികമാകുമിയല്ലിലും കാലമാം
വാസരത്തിൻ കരം വെള്ളി പൂശും !

112. ലീലയിലാക്ഷേപഗർഭമാം പുഞ്ചിരി
കാലമെൻ മൗലിയിൽ തൂകിത്തൂകി;
"പോരും നീ കട്ടതു പിങ്ഗളേ ! കാല്യമായ്
നേര" മെന്നോതിടും നിർവിളംബം
വിമ്മിയും വിക്കിയുമങ്ങൊരു മുക്കിലു-
ണ്ടമ്മുത്തിയെന്നമ്മ നിദ്രകൊൾവൂ :
അമ്മട്ടിൽ കാലത്താൽത്തീർന്നിടും ധൂർത്തർക്കു
മന്മഥബ്രഹ്മാസ്ത്രമായ ഞാനും !   840

[ 46 ]

എങ്ങനെയെങ്ങനെ മേല്ക്കുമേൽ വിശ്വത്തെ-
ത്തിങ്ങളിൽ തിങ്ങളിൽ വഞ്ചിപ്പു ഞാൻ
അങ്ങനെയങ്ങനെയെന്നെയും വഞ്ചിപ്പു -
സങ്ഗതികൂടാതെയല്ല-കാലം.


XXVII

14.പെട്ടിടുമപ്പുറം പ്രേതമായെന്തേനി
പട്ടടക്കാട്ടിലേപാഴ്ക്കുഴിയിൽ :
അപ്പൊഴുമിപ്പൊഴുമൊന്നാമെന്നങ്ഗത്തി-
ന്നത്ഭുതം ! മാത്രയിൽ വായ്ക്കും മാറ്റം !

115.ചാടുവാക്കോതിയും ചാപലം തേടിയും
കാടുകൾ കാട്ടിയും വാണകൂട്ടർ   850

പോമളവെത്തുന്നു പുൽകുവാനെന്മേനി
ഗോമായുഗൃദ്‌ധ്രാവിധൂർത്തർ വേറെ .
മർത്ത്യരാം കീടങ്ങൾ തിന്നതിന്നുച്ഛിഷ്ടം
മറ്റുള്ള കീടങ്ങൾ തിന്നിടുന്നു.

116.ആടയും തോടയും മേടയും മറ്റുമായ്
നേടിയതൊക്കെയുമിങ്ങുതന്നെ.
ഇമ്മാതിരിക്കുവി,ട്ടപ്പുറം ചെയ്യേണം
മന്മാത്രശേഷ ഞാൻ മൽപ്രയാണം.
അല്ലായ്കിലെന്തുതാനങ്ങെനിക്കിപ്പൊട്ട-
ക്കല്ലാലും പൊന്നാലും കാർയ്യമുള്ളു ?   860

പുല്ലാണെൻ ഭണ്ഡാരം: ഭൂമി വിട്ടപ്പുറം
ചെല്ലാത്ത ചില്ലിതാനുണ്ടതിങ്കൽ !

[ 47 ]

117.എന്നുടെ മേനി ഹാ !- നീഹാരനീരാട്ടി-
ച്ചന്ദനത്താൽ മുഴുക്കാപ്പു ചാർത്തി.
പാവാട ചുറ്റിയും പണ്ടത്താൽ മൂടിയും ,
പൂ വാരിയർച്ചിച്ചും , രാപ്പകൽ ഞാൻ
ആരാധിച്ചീടിനോരദ്ദേവി പോകയായ്
പാരാതെ പുല്കുവാൻ പാവകനെ.
അശ്രാന്തമത്യാശ വച്ചല്ലോ , കഷ്ട,മീ-
വിശ്വാസപാതകമൂർത്തിയിൽ ഞാൻ !   870

118. അസ്ഥിയും , മജ്ജയും , മാംസവും , മേദസ്സും ,
രക്തവും , ശുക്ലവും - ഇത്തരത്തിൽ ,
ധാതുക്കളേഴോളമൊന്നിച്ചു ചേർത്തവ
പീതമാം ചർമ്മത്തിൽ മൂടിദ്ദൈവം ,
ഉച്ചിയിൽ ശ്യാമമാം ശഷ്പത്തിൻ കെട്ടൊന്നും
വക്ഷസ്സിൽ ശോഹത്തിൻ പിണ്ഡം രണ്ടും
ഒട്ടിച്ചുതീർത്തോരിയോട്ടമൺ പാനയിൽ-
പട്ടടച്ചെന്തീതൻ പാഴ്വിറകിൽ
ആരു താൻ രഞ്ജിക്കും ? അന്തർദൃക്കുണ്ടെങ്കിൽ
മാരന്നു മാരൻതാൻ മന്നിലാരും! "   880


XXVIII


119.വീണിതു ബാഷ്പനി , രഞ്ജനമിശ്ര ,മ-
ഗ്ഗാണിക്യ രത്നത്തിൻ മെയ്യിൽ വീണ്ടും;
ക്ഷാളിതപങ്കയായ് ശോഭിച്ചാൾ തന്വിയ-
ക്കാളിന്ദി കൂടിന ഗങ്ഗയിങ്കൽ.

[ 48 ]

120അർത്ഥരൂപാദിയിലാസക്തികൈക്കൊള്ളു-
മത്തൃഷ്ണയായിടും രാക്ഷസിയെ
ഊക്കോടുമുള്ളിൽനിന്നുച്ചാടനം ചെയ്താൾ
ദീർഘോച്ഛ്വാസോൽഗാരധോരണിയാൽ.

121.പോയാലും , പോയാലും , മുന്നോട്ടു സോദരീ !
നീയായിത്തീരേണ്ടും നേരമായ് നീ.   890

കത്തുമിജ്ഞാനമാം ദാവാഗ്നി ഹൃദ്വന-
മത്രയും നീറ്റിയേ ശാന്തമാവു.
തൻബാഹ്യകോശത്തിൻ ഭേദത്താൽ സ്വാതന്ത്ര്യം
സമ്പാദിച്ചുത്ഭവം ധന്യമാക്കി ,
അക്കർമ്മസാക്ഷിക്കു സുപ്രാതമോതേണ്ട
കുക്കുടശാബങ്ങൾ നാമെല്ലാരും.

122.വീണുപോയ്ഘോരമാം പാപാഗ്നിക്കുള്ളിൽ നീ ;
താണുപോയ് പാതാളലോകത്തോളം :
പോകട്ടെ ഹാനിയെ,ന്തദ്ദിക്കും വിശ്വേശ-
ന്നേകച്ഛത്രായത്തമാവതല്ലി ?   900

പാർത്താലുമങ്ങത്രേ സംസാരസർപ്പത്തിൻ
മുർദ്ധാവിൽ മിന്നിടും മോക്ഷരത്നം;
നീയൊന്നും വേറിട്ടു ചെയ്‌വാനില്ലമ്മണി
കയ്യൊട്ടു നീട്ടിയാൽ ഗ്രാഹ്യം ! ഗ്രാഹ്യം !

* * * *

123. ചുറ്റുമങ്ങുള്ളോരു വസ്തുവിലൊന്നിലും
ചെറ്റുമേ ചേരുവാൻ ചിന്തിക്കാതെ.

[ 49 ]

അമ്മുന്നിൽ മിന്നിടും ചിത്രത്തിൽ തന്ന്വങ്ഗി
തൻ മിഴി ലഗ്നമായ് തീർന്നിതപ്പോൾ
ഇന്ദ്രനീലോപലമന്ദൂരയ്ക്കുള്ളിൽ ചെ-
ന്നിന്ദ്രിയവാജികൾ നില്ക്കയായി ;   910

ആളാനതാപിഞ്ഛരബദ്ധമായ്ക്കാണായി
ബാലതാൻ ചിത്തമാം മത്തദന്തി

കൈരണ്ടുകൊണ്ടുമക്കമ്രമാമാലേഖ്യം
ചാരത്തു ചേർത്തതിൽ നോക്കി നോക്കി.
രോമാഞ്ചകഞ്ചുകലോഭനീയാങ്ഗിയാ-
മാ മാൻകിശോരാക്ഷി വീണ്ടുമോതി:-


XXIX


125."ഭൂതാവലംബനഭൂതനാം ഭൂമിതൻ
ധാതാവേ ! ഭർത്താവേ ! ജാമാതാവേ !
മാനുഷസാർത്ഥൈകമാർഗോപദേഷ്ടാവേ !
ഭാനുവംശാംബരഭാനുമാനേ !   920

വാമാക്ഷി മൈഥിലി മാലയിട്ടീടിന
പൂമാതിൻ പുഷ്കലപുണ്യപ്പുൺപേ !
ശ്രീരാമ ! ശ്രീരാമ ! ശ്രീരാമ ! സിദ്ധഭൃ-
ങ്ഗാരാമ ! ലോകാഭിരാമ ! രാമ !

126.യാതൊന്നിൻ തേനൊലിച്ചാലുപോൽ വിൺപുഴ ;
യാതൊന്നു തൊട്ട കൽ സാദ്ധ്വിയുംപോൽ ;

[ 50 ]

താദൃശം പാദാബ്ജം താവകം കൂപ്പൂന്നേൻ
പാതകപാഷാണരൂപിണി ഞാൻ

127വേശസ്ത്രീതൻ മട്ടിലാടും സാഗര-
വീചിതൻ സേതുവാം സീമന്തത്തിൽ  930

സിന്ദൂരധോരണി വായ്പിച്ചതല്ലയോ
സുന്ദരം താൽപദശോണപത്മം ?

128.ആജന്മലോലനാം വാനരൻ , വായുജൻ
രാജിച്ചാൻ യാതൊന്നാൽ നിശ്ചലനായ് ;
അമ്മട്ടിലാകട്ടെയങ്ങേക്കനിവിനാൽ
മന്മനസ്സായിടും മർക്കടവും

129.കാടാമെന്നുൾത്തടമാശയാം താടക
വീടാക്കി വാഴുന്ന വിശ്വഹർത്‌ത്രി
കോദണ്ഡമാണ്ടോനേ ! കൊള്ളട്ടേ ചെന്നൊരു
ശാതമാം സായകം തദ്വാപുസ്സിൽ.   940

130.അങ്ങയാം കൊണ്ടൽ കണ്ടാടിടുമെന്നുടെ
മങ്ഗളമാനസമത്തബർഹി.
നിൽപ്പൂ ഭുജങ്ഗാരിവാഹ ! ഭുജങ്ഗരെ-
പ്പൂൽപുഴുക്കൂട്ടത്തിൽ തള്ളിത്തള്ളി.

131.ഹന്ത ! ഞാൻ കൊസ്തുഭകണ്ഠനാമത്വേ-യെ
ന്നന്തർഗുഹേശനെപ്പിൻനിറുത്തി.
ഭോഗികളാരാരേപ്പുമാലയാക്കീല
ഹാ ! കഷ്ടമാത്മഹത്യോദ്യതയായ് !

[ 51 ]

132.ഈപ്പുണ്യവീഥിയാം ദണ്ഡകാരണ്യത്തിൻ
ശൂർപ്പണഖാശരി ദാന്തയിപ്പോൾ;   950

കാത്താലും വാസിഷ്ഠജ്ഞാനോപദേശത്തിൻ
വേത്താവും വേദ്യവുമായുള്ളോവേ

133.ഇന്നോളം മറ്റാർക്കുമായത്തമാവാത്ത-
തെന്നോതാനുണ്ടോ ഞാ,നെൻ ഹൃദന്തം?
ഞാൻ പരൻപൂരുഷൻ തന്നോടു ചേരേണ്ടോൾ,
സാമ്പ്രതമിരാവിലേതുകൊണ്ടും.
എത്രമേൽപങ്കത്തിൻ താണാലുമെൻ പത്മിൻ:
ത്വദ്വശയല്ലയോ ദിനയാം ഞാൻ ?
കൊമ്പനെപ്പാലിച്ച തൃക്കൈകകൊണ്ടെന്നെയു-
മെൻ പ്രഭോ ! കാത്തിടാനില്ലേ ഞായം ?   960

134.വെന്നാലും വെന്നാലും വൈകുണ്ഠധാമാവേ !
വെന്നാലും വെന്നാലും ചിൽഭൂമാവേ !
വെന്നാലും വെന്നാലും ശ്രീരാമ നാമാവേ !
വെന്നാലും വെന്നാലും വിശ്വാത്മാവേ !! "


XXX

135.ഓതിനാൾ പിന്നെയും തന്വങ്ഗി:- വിത്തവും
സൗധവും ദേഹവും മറ്റുമെല്ലാം
വ്യർത്ഥമാം ഭാരം ഞാനിങ്ങവ തള്ളിയാൽ
സ്വസ്ഥമായ് തീർന്നിടുമെൻ പ്രയാണം

136.വില്പാനും വാങ്ങാനും യാതൊന്നും വായ്ക്കാത്ത-
തപ്പാതയെന്നത്രേ സിദ്ധർ ചൊൽവൂ   970

[ 52 ]

അപ്പരലോകത്തിൽ തൻ പുണ്യമൊന്നു താൻ
കൈപ്പൊതിച്ചോറാർക്കുമെന്നു കേൾപ്പു :
പോകുന്നതെങ്ങനെ ദീനഞാ,നാവക-
യ്ക്കേകമാം വ്രീഹിയും നേടിടാത്തോൾ ?
ദുഷ്കൃതസംഹതി ചൂഴ്ന്നെന്നെബ്ഭക്ഷിക്കു-
മർഗളവഹ്നിയാ,യെന്നും കേൾപ്പൂ
ആരൊരു താരകമാവതെൻ ദേഹിക്കു
ദാരുണമാകുമക്കാന്താരത്തിൽ ? "

137.എന്നവൾ ഞെട്ടിനാൾ തെല്ലൊന്നു; വീണ്ടുമേ
തന്നോടു ചൊല്ലിനാൾ ധൈർയ്യ്യപൂർവ്വം:-   980

"ഭീരുവോ പിന്നെയും പിങ്ഗളേ ? നീ ചെന്നു.
ചേരുന്ന ലോകമേ.തോർത്തുനോക്കു !
നാരകമെന്നതു വാനവർ വാഴുന്ന
മേരുവാം ദുർഗ്ഗത്തിൻ ഖേയമത്രേ.
മന്നിടം താഴ്വര,-യങ്ങുനിന്നക്കുന്നിൽ
പുണ്യമാം കോണിവച്ചാർക്കുമേറാം;
കാലമക്കോണിയെ ഗ്രാസമാക്കിടുമ്പോൾ
മാലുറ്റു പിന്നെയും താഴെ വീഴാം

138.ജീവിയാം നീർപ്പോള നീരാവിയായ്പ്പൊങ്ങി
മേവിടും മാനത്തിൽ ചെറ്റുനേരം;   990

താഴോട്ടു പിന്നെയും നീർത്തുള്ളിയായ് പോരും:
വീഴും വന്നൂഴിയിൽ; പൊങ്ങും വീണ്ടും:
അത്തരമങ്ങോട്ടുമിങ്ങോട്ടും പാവം നീ-
യെത്രമേൽ ചെയ്തു നിൻ യാതായാതം !

[ 53 ]

ഏതെല്ലാം പാഥേയചിത്രാന്നമുണ്ടു ! നീ-
യേതെല്ലാം ശൂണ്ഡയിൽ തൃഷ്ണതീർത്തു !
ഏതെല്ലാംമപ്സരസ്ത്രീയായി ! പാണിയി-
ലേതെല്ലാം ദിൿപാലച്ചെങ്കോലേന്തി !

139.വ്യോമത്തിൽ പാറുമപ്പട്ടത്തിൻ സുത്രാഗ്രം
ഭൂമിയിൽ-കാലത്തിൻകയ്യിൽ-വായ്ക്കേ   1000
ഉൾത്താരിലാർക്കുതാനുത്സേകമുണ്ടാക്കു-
മത്താമ്രചൂഡോഡ്‌ഡിനാവഡീനം ?
ചേലയിൽ മാലിന്യം : മാലയിൽ മ്ലാനത്വം :
ചേലണിപ്പൂ മെയ്യിൽ സ്വേദപൂരം !-
ഇമ്മട്ടിൽ താഴത്തു വീഴ്കയോ നീ നിന-
ക്കമ്മഹർല്ലോകമാണാതിഥേയം !

140.തെല്ലേതും ഭ്രംശത്തിൻ ഭീതിയില്ലദ്ദിക്കിൽ:
നിർല്ലേപരമ്യമന്നീലാകാശം,
അസ്വാപദൂഷിതമങ്ങാർക്കും ജാഗര,-
മസ്തമിച്ചീടാത്തോന്നർക്കബിംബം !   1010
തന്നിലേ വാസന പൊയ്പോയോർക്കെങ്ങുള്ളു
പുണ്യസുധാഘക്ഷ്വേളാശനങ്ങൾ ?"


XXXI


141.പിന്നെയുമോതിനാൾ പിംഗള:- "പാതിയു-
മെന്നാൽ താനാസാദ്യമെൻ നിസ്താരം
ആത്മാവാലാത്മവിന്നുദ്ധാരം കല്പിച്ചോ-
നാത്മാനാത്മാധീശനാദിദേവൻ;

[ 54 ]

മാടി വിളിക്കുന്നു , 'വാ', 'വാ' യെന്നോതുന്നു:
മാർഗ്ഗസ്ഥമാകുമജ്യോതിഷ്‌പുജ്ഞം ;
ചേരുന്നു ധീരയായ് ജീവികൾ ചെന്നങ്ങു
പൗരുഷം കൈക്കൊണ്ടും ഭക്തിപൂണ്ടും   1020

142.പേടിയാമ്മാറുള്ളതിമകുരാലയം :
ഓടിയോ , ലോലമാം മാംസപിണ്ഡം :
ഒൻപതു പൊട്ടലുണ്ടായതിൽ; ആരൊരു
പിൻബലം? പാരമോ ദൂരദൂരം :
എന്നോർത്തുമാഴ്കിടൊല്ലേയവൾക്കു താങ്ങലായ്
തന്നിശദത്തയാം ബുദ്ധിയില്ല ?
പോകാനേയുള്ളു ഞാൻ മുന്നോട്ടു മത്ഭരം
ലോകാധനാഥനിൽ ന്യസ്തമാക്കി.

143.ആരുമായ് ചേരുകിലപ്പുറം വേർപാടി :-
ല്ലാരുമായ് മോദിക്കിൽ ഖേദമില്ല :   1030

ഹാ ! മറ്റു വല്ലഭരെന്തിന്നു ? - മൽപ്രിയ-
നാമട്ടിലുള്ളവ , നന്തർയ്യാമി !
അന്തഃപുരത്തിങ്കലേകാന്തവശ്യനായ്
സന്തതം തന്നീശനുല്ലസിക്കെ.
ആച്ചിന്താരത്നത്തിൻ സ്വാമിനിക്കെങ്ങനെ
വാച്ചിടുമാഗ്രഹം മറ്റൊന്നിങ്കൽ?


XXXII


144.മദ്ധ്യമലോകത്തിൽ-ഭാരതവേഷത്തിൽ-
ഉത്തമൈഥിലിപത്തനത്തിൽ-

[ 55 ]

മാനവജാതിയിൽ-മാനുഷികവർഗ്ഗത്തിൽ-
ഞാനഹോ ! ഭാഗ്യമേ ! ജാതയായി.   1040

145.നാലാശ വെൽകയാൽ ദൃപ്തമാം ലോഭത്തിൻ
ചേലാളും മേടയെയേതുഭൂവിൽ
സർവാശാ ജൈത്രിയാം ശാന്തിതൻ പുല്ക്കുടിൽ
ഖർവാതിഖർവമായ്ക്കണ്ടിടുന്നു :
ചന്ദനംപൂശട്ടെ ! ശസ്ത്രൗഘമെയ്യട്ടെ :
വന്നവർ വന്നവർ: ഒപ്പം രണ്ടും
ഏല്ക്കുവാൻ ശീലിച്ച ഹൃത്തുള്ള മക്കളെ
മേല്ക്കുമേലേതൂഴി പെറ്റിടുന്നു :
വിശ്വത്തെത്തന്നിലും വിശ്വത്തിൽതന്നെയും
ശശ്വത്തായ് കാട്ടുമാറേതു ഭൂമി   1050

അദ്ധ്യാത്മജ്ഞാനമാമത്യാശ്ചർയ്യാഞ്ജനം
നിത്യവും ലോകത്തിൻ ദൃക്കിൽ തേയ്പൂ :
ആ നൃശംസ്യാകല്പം മാനസം : യാതൊന്നി-
ലാനുകൂല്യാകല്പം ലോചനാന്തം :
ദേഹിക്കു സത്യാലങ്കാരം തൻ ജിഹ്വാഗ്രം :
ലോകോപകാരാലങ്കാരം പാണി :-
അഞ്ജലി കൂപ്പുന്നേൻ !- അമ്മട്ടിൽ ശോഭിപ്പോ-
ളെൻ ജനയിത്രിയാൾ ഭാരതോർവി :
ഔപനിഷദോക്തിസന്താനവല്ലികൾ-
ക്കൗപമ്യമില്ലത്തോരാരാമോർവ്വി.   1060

146.ഈ മൃതസഞ്ജീവിന്യൗഷധിത്തോട്ടത്തി-
ലീമട്ടിൽ സംപ്രാപ്തയായവൾ ഞാൻ.

[ 56 ]

കാലാഗാരാവാസകാംക്ഷയാൽ ചെയ്കയോ
ഹാലാഹൃലാശനം ? അയ്യോ ! പാപം !!

147.യാതൊന്നിൻ മൗലിപോലംബികതൻ ഗുരു :
പാദാബ്ജപങ്കംപോൽ സിദ്ധസിന്ധു :
ശ്രീലയാം ദക്ഷിണബാഹുപോൽ ഗണ്ഡകീ -
സാലഗ്രാമങ്ങൾക്കു മാതാവാവോൾ :
ആശ്ചർയ്യവൈഭവൻ യാതൊന്നിൽ മിന്നിനാ-
നാജ്ജനകാഭിധൻ രാജയോഗി-   1070

കോയിക്കൽ വെണ്ണീറായ്പ്പോയതു കാണവേ
പോയില്ലെൻ സ്വത്തൊന്നുമെന്നു ചൊന്നോൻ :
വാചക്നവ്യാകൃതി കൈക്കൊണ്ടു വാഗ്ദേവി
രാജിച്ചാൾ യാതൊന്നിൽ തൽസദസ്സിൽ
ആബ്‌ബൃഹദാരണ്യകോപനിഷത്തിന്നു
വായ്പെഴും വക്ഷസ്സിൽ മാലയാവോൾ:
ബ്രഹ്മഞ്ജനന്നൃപൻതന്നുടെ ഹൃത്തിലേ-
ക്കല്മഷം വേരറാ,നങ്ങുതന്നെ.
എത്തിനാൾ യാതൊന്നില'സ്സുലഭാ'ഖ്യയാ-
ളദ്വൈതസാമ്രാജ്യ സിദ്ധിപോലെ ;   1080

പൂമകൾ യാതൊന്നിൽ പുഷ്കലപുണ്യയാം
ഭൂമിതൻ പുത്രിയായ് ജന്മംതേടി
മാലയിട്ടീടിനാൾ സ്വൈരണീസന്ത്രണേ-
ശീലനായ്ത്താൻ കണ്ട രാഘവനേ:-
അമ്മട്ടിലുള്ളോരു വൈദേഹരാജ്യത്തിൽ
ജന്മം ലഭിക്കയാൽ ധന്യയാം ഞാൻ

[ 57 ]

ഏതൊന്നുപാർത്താലും നേടേണ്ടോൾ തന്നെയെൻ
പൈതൃകസ്വത്താകും ബ്രഹ്മാനന്ദം!


XXXIII


148."മാനസമറ്റോൾ ഞാൻ വാസനപോയോൾ ഞാൻ ;
മായതൻ മാറാല മാറിയോൾ ഞാൻ ;   1090
ഷസ്വർഗ്ഗാതീത ഞാൻ സ്വാതന്ത്ര്യാരൂഢഞാൻ ;
ഇഷ്ടവും ദ്വിഷ്ടവും വിട്ടവൾ ഞാൻ;
സത്യം ഞാൻ; ജ്ഞാനം ഞാൻ; ശക്തി ഞാൻ; ശാന്തി ഞാൻ;

സത്തു ഞാൻ; ചിത്തു ഞാൻ; ആനന്ദം -ഞാൻ.
ബുദ്ധ ഞാൻ; സിദ്ധ ഞാൻ: ശുദ്ധ ഞാൻ; മുക്ത ഞാൻ;

ദഗ്ദ്ധമെൻ സർവസ്വം, ദഗ്ദ്ധം ദഗ്ദ്ധം !
വെന്നേൻ ഞാൻ; വെന്നേൻ ഞാൻ ;വെന്നേൻ ഞാൻ" - എന്നോതി-
യന്യമാം ഭാവനയേതുമെന്ന്യേ.
തന്നിലേ തന്നെക്കണ്ടാനന്ദിച്ചാനന്ദി-
ച്ചുന്നമ്രകന്ധരബന്ധുരയായ്.   1100

ഭൗമമല്ലാത്തൊരു ഭാസുരവർച്ചസ്സിൻ
ധാമമായ്, സംസാരപാരഗയായ് ,
ആ വിശാലാക്ഷിയാൾ മിന്നിനാൾ , മെയ്യാർന്ന
ജീവിതധന്യതയെന്നപോലെ.

149.അപ്പുണ്യവൈതാനപാവക ജ്യോതിസ്സിൻ
വിഷ്ഫുല്ലിങ്ഗോൽകരമെന്നപോലെ.

[ 58 ]

പേർത്തുമബ്ഭാസ്വത്താം ശയ്യാഗാരത്തിലേ
വൈദ്യുതദീപങ്ങൾ കാണുമാറായ് .
ചേതസ്സിൽ തിങ്ങിടും വിക്രിയാവേദത്താൽ
സാധുവാക്കോതുവാൻ സാധിക്കാതെ   1110
അദ്ദീപമോരോന്നും കാട്ടി തന്നാകൃതം
മസ്തകാന്ദോളനംകൊണ്ട് മാത്രം.

150.അപ്പരിവർത്തനവൈഭവം കണ്ടുക-
ണ്ടത്ഭുതസ്തബ്ധമായ് തീർന്നപോലെ
ഏകാന്തമൗഖർയ്യശീലമാമ്മുറി
മൂകാതിമൂകതായചരിച്ചു .

151.മുന്നിലേച്ചിത്രത്തിൻ നേർപകർപ്പായ്ത്തീർന്ന
സുന്ദരിതൻ ശുദ്ധമാനസത്തിൽ
മന്ദഹാസോജ്ജ്വലവക്ത്രനായ് മിന്നിനാൻ
ധന്വിയാം ശ്രീരാമ,നാത്മാരാമൻ !   1120

152.അപ്പുറം തന്നുടെ പർയ്യങ്കശയ്യയി-
ലപ്പുണ്യശാലിനി പോയ്ക്കിടന്നാൾ .
വാരുറ്റ ശൃങ്ഗാരഭാവത്തെത്താഴ്ത്തിനോ-
രാരസമൗലിയാം ശാന്തംപോലെ.

153.വിശ്രാന്തിപൂണ്ടാലും ഭൂതാവേശംവിട്ടു
വിജ്വരയായ്തീർന്ന വീണാവാണി !
പ്രീതിയിൽ നിന്നോട് മേളിപ്പാൻ തയ്യാറായ്.
നേദിഷ്ഠദേശത്തിൽ നിദ്ര നില്പൂ
ഇദ്ദിക്കിൽ സദ്വശയാകുമമ്മാതാവി-
ന്നർദ്ധരാത്രാഗമമാദ്യമല്ലോ   1130

[ 59 ]

അൻപാർന്നോളദ്ദേവി നീണാളായ് വേർപെട്ട
നിൻബാല്യകാലത്തേദ്ധാത്രിയല്ലി ?

154.ജ്ഞാനമാം വിണ്ണാറ്റിലാറാടി മേവും നീ-
ന്നാനന്ദബാഷ്പത്തിൻ ശീകരത്തേ
ആശിസ്സുചൊല്ലിടും മന്ദാനിലാതിഥി-
ക്കാചമനീയമായ് നൽകിയാലും.

155.ജാലകമാർഗ്ഗമായ്ത്തിങ്കളിൻ വെൺകതിർ
ചാലവേ നിൻമെയ്യിൽ വീശിടട്ടേ:
ശക്തിയാലിരാവിൻ ദഗ്ദ്ധനാം കാമൻതൻ-
വിഗ്രഹം നീറിന ഭസ്മംപോലെ.   1140

156.സ്വാപത്തെപ്പൂണ്ടാലും : സോദരിക്കീസ്വാപ
മാപന്നബന്ധുവാം മൃത്യുവല്ലോ :
നീരന്ധ്രഭാസ്സെഴുമാഗാമിജന്മത്തി-
ന്നാരംഭം, നാളത്തേശ്ശയ്യോത്ഥാനം !


XXXIV


157.മൈഥിലപത്തനമണ്ഡനമായുള്ള
സീതോപയന്താവിൻ ക്ഷേത്രത്തിങ്കൽ
നില്ക്കുന്നു പിറ്റേന്നു കാലത്തൊരോമലാൾ
വല്ക്കലവേഷ്ടിതവിഗ്രഹയായ്.
ഭൂതിതൻ ലേപത്താൽ കുന്ദേന്ദുച്ഛായയായ്,
ശ്വേതദ്വീപാധിപദേവതയായ് .   1150

[ 60 ]

കാന്തയാൾ മിന്നുന്നു കായത്തെക്കൈക്കൊണ്ട
ശാന്തമാം സദ്രസമെന്നപോലെ .
അത്തന്വി മൂർദ്ധാവിൽ , ചെഞ്ചിട : കണ്ഠത്തിൽ
രുദ്രാക്ഷം : പാണിയിലക്ഷസൂത്രം :-
ഈവിധമുള്ളോരു വേഷത്തിൽ ശോഭിപ്പൂ
കൈവല്യഭൂഷണഭൂഷിതയായ്.

ഇന്നലെ നാം കണ്ട വേശ്യയാം പിങ്ഗള-
യിന്നൊരു ദേവാധിദേവദാസി !
ആ വിശാലാക്ഷിതൻ ജീവിതത്തിന്നൊരു
രാവിടകൊണ്ടെത്ര മാറ്റം വന്നു !   1160

ധൂർത്തർക്കു കാമക്രയാപണശാലതാൻ
പാർത്തട്ടിലന്നോളം തത്സദനം ;
നിർമ്മായമന്നതോ നിഷ്കിഞ്ചനക്കൊരു
ധർമ്മാന്നസത്രമായ് മാറിക്കാണ്മൂ !

159.അത്ഭുതമെന്തിതി, ലദ്ദേവദാസിയൂ-
മിപ്പുണ്യഭൂമിതൻ പുത്രിയല്ലി ?

* * *


160.എൻ തായേ ! വെന്നാലുമൃഗ്വേദക്ഷേത്രമേ !
ചിന്താതിവർത്തിതാൻ നിൻമാഹാത്മ്യം !!
ഓരോരോ പൂഴിയു ,മമ്മയിൽ മിന്നുന്ന,-
തോരോരോ യോഗീന്ദ്രവിഗ്രഹാണു :   1170

ആദൃതമൗനമാമമ്മ തന്നാകാശം
ശ്രീദക്ഷിണാമൂർത്തിമൂർത്തിഭേദം

[ 61 ]

പണ്ടുപണ്ടൂഴിതൻ ബാല്യത്തിൽ മർത്യരേ
രണ്ടുകാൽപൈക്കളായ് കാൺകെ , ക്കാൺകെ.
ഹ്രിയാർന്ന മാർത്താണ്ഡൻ കോൾമയിർക്കൊണ്ടീലേ
തായതൻ സാവിത്രിമന്ത്രം കേൾക്കേ ?

അഞ്ജനവർണ്ണനെ പ്രത്യക്ഷമാക്കിടു-
മഞ്ചുവയസ്സിലും നിൻകിടാങ്ങൾ
കാണിക്കും പാപിയാം താതന്നു ദൈവത്തെ-
ത്തൂണിലും നാരസിംഹാകാരത്തിൽ ;   1180

ഷോഡശവർഷങ്ങളാകുകിൽ വൻതപ-
മീടുറ്റു ചെ,യ്തതിൻ വൈഭവത്താൽ :
കാലനെക്കൊല്ലിക്കു മീശനെക്കൊണ്ടു;തൻ
ഫാലത്തിൽ ചാർത്തിക്കും രേഖ വേറേ.

163.ഭൂഭൃത്തിൻ പുത്രിയായിന്നു നാം കാണുവോൾ
താപസിയായിടും മാത്രപോയാൽ :
നീരാളം ചാർത്തുന്ന മേനിക്കു കർക്കശ -
ചീരാംശുകത്തിനാൽ മാറ്റു കൂട്ടും .

164.അമ്മേ ! നിൻ സ്തന്യമാം പിയൂഷയൂഷത്തി-
ന്നമ്മട്ടിൽ വായ്തുണ്ടാത്മവീര്യം ;   1190

അമ്മുലപ്പാൽ നുകർന്നാത്മാർത്ഥം നേടിന
നിന്മക്കൾക്കെങ്ങുള്ളു നിത്യഭ്രംശം ?

165.കാമനും , ചൈത്രവും , പൂർണ്ണിമത്തിങ്കളും
തൈമണിത്തെന്നലും വണ്ടിനവും.

[ 62 ]

തങ്ങളാലാവതും നോക്കീട്ടു മെന്തായി ?
പിങ്ഗളയാകുമി വേശ്യപോലും
ഏകയാമാർദ്ധത്തിൽ ബ്രഹ്മോപദേഷ്ടാവായ്
കാകതാലിയത്തെയല്ലി കണ്ടു ?

166.പിങ്ഗളയെന്നല്ല പേരവൾക്കപ്പുറം
മങ്ഗളയെന്നുതാ ,നാനിലയിൽ.  1200

ജീവിച്ചാൾ വിശ്വലോകാനുഗ്രഹത്തിന്ന-
ദ്ദേവിയാൾ ജന്മാന്ധദിവ്യദൃക്കായ്.

167.ഭാഗവതോത്തമശബ്ദഗ്രഹാമൃതം
ലോകോത്തരോത്തരമിച്ചരിത്രം.
പണ്ടവധൂതന്നൊരാചാർയ്യയായോരി-
പ്പൂണ്ഡരീകാക്ഷിയാൾ തന്നുദന്തം,
ഊഴിതന്നോമനവെൺപുകൾമേടയ്ക്കു
താഴികപൊൻകുടം: തർക്കമില്ല.   1208

ശുഭം ഭുയാൽ

"https://ml.wikisource.org/w/index.php?title=പിങ്ഗള&oldid=139872" എന്ന താളിൽനിന്ന് ശേഖരിച്ചത്