താൾ:Pingala.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നുമേ കാണാതെ താൻ , നിന്നാൾ ചെന്നൊരു
പൊൻനിലക്കണ്ണാടി തന്നെതിരിൽ.
ആ മട്ടിൽ ദർപ്പണമെത്രയോ നീളെയ-
പ്പൂമച്ചിനുള്ളിലു,ണ്ടായവയിൽ
ഓരോന്നിൻമുന്നിലും നോക്കിനാൾ വാരൊളി
നീരോളംവെട്ടും തൻ പൂവൽമേനി.
തന്നോടു തുല്യയായ് താൻമാത്രമെന്ന-
യന്നോതും വാക്കേറ്റമർത്ഥഗർഭം !   450

60.ആ വഴിക്കെല്പീല തെറ്റൊന്നു,മെന്നുക-
ണ്ടാവരവർണ്ണിനി തൃപ്തയായി.
പാണിയിൽ തൻകളിപ്പൈതലായ്മേവിന
മാണിക്യവല്ലകീയേന്തി മെല്ലെ.
തൻതളിർപ്പൊൻമടിമെത്തമേൽ ചേർത്തതിൻ
തന്ത്രികളോരോന്നു മീട്ടിമീട്ടി.
കിന്നരകണ്ഠിയാൾ ഗീതത്താലാവീഥി-
കർണ്ണം സുധാപ്ളുതമാക്കി നിന്നാൾ

61.തേന്മാവിൻ ചെന്തളിർ തിന്നു തിന്നാരാവി-
ലാമ്മാറും പഞ്ചമം പാടിപ്പാടി.   460
ഉമ്മരപ്പൂങ്കാവിൽ മേവിടുമാൺകുയിൽ-
തൻമനമഗ്ഗാനമാർദ്രമാക്കി.

62.താഴത്തു വച്ചാൾ തൻവീണയത്തന്ന്വങ്ഗി ;
മാഴക്കണ്ണോടിച്ചാൾ വീഥിനീളെ ;
നിർമ്മർത്യഗന്ധമായ് കണാളശ്‌‌ശൃങ്ഗാടം.
തന്മഞ്ചകോശങ്ങൾപോലേ ശൂന്ന്യം ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/28&oldid=166491" എന്ന താളിൽനിന്ന് ശേഖരിച്ചത്