"ഉത്താനപാദന്റെ പുത്രനും, ശിശുവുമായ ധ്രുവൻ ആറുമാസംകൊണ്ടു ഭഗവാൻ ശ്രീനാരായണനെ പ്രസാദിപ്പിച്ചു. പരീക്ഷിത്തെന്ന മഹാരാജാവ് ഏഴുദിവസം കൊണ്ടും പിങ്ഗള എന്ന സ്ത്രീ യാമാർദ്ധംകൊണ്ടും, ആണ് അവിടത്തെ പ്രസാദിപ്പിച്ചത്. അതിനാൽ ഭഗവൽഭക്തി കൂടാതെ തൊണ്ണൂറു വയസ്സായല്ലോ എന്നു എന്നു വിചാരിച്ചു ഞാൻ ദുഃഖിക്കുന്നില്ല. കാരുണ്യനിധിയായ ആ പരമാത്മാവിനെ ഇപ്പോൾ ശരണം പ്രാപിച്ചു ബാക്കിയുള്ള ആയുസ്സുകൊണ്ട് സന്തോഷിപ്പിച്ചുകൊള്ളാം." ഇതത്രേ ഞാൻ ഈ ഖണ്ഡകൃതിക്കു മുദ്രാവാക്യമായി ഉദ്ധരിച്ചിരിക്കുന്ന ചേലപ്പറമ്പു നമ്പൂതിരിയുടെ ശ്ലോകത്തിന്റെ അർത്ഥം. ചേലപ്പറമ്പു നമ്പൂതിരി വളരെക്കാലം വിടനായി കാലയാപനം ചെയ്തിരുന്നുവെന്നും, ഒരിക്കൽ ഗുരുവായൂരമ്പലത്തിൽവെച്ച് ശ്രീമഹാഭാഗവതം ആദ്യന്തം വായിക്കുന്നതു കേൾക്കുവാൻ അദ്ദേഹത്തിനു സംഗതി വന്നു എന്നും,അക്കാലത്തു തൊണ്ണൂറുവയസ്സായിരുന്ന ആ മഹാകവിക്ക് അന്നാണ് ഭഗവദ്ഭക്തി പരിപൂർണ്ണമായതെന്നും, അപ്പോൾ ചൊല്ലിയ ശ്ലോകമാണ് ഇതെന്നും ഒരു ഐതിഹ്യമുണ്ട്. മേല്പുത്തൂർ ഭട്ടതിരി തന്നെ വിടനെന്ന് ആക്ഷേപിക്കുകയും അപ്പോൾ ചേലപ്പറമ്പ് ഈ ശ്ലോകം ചൊല്ലുകയും ചെയ്തു എന്നും ആ സമയത്ത് അടച്ചിരുന്ന ഗുരുവായൂരമ്പലത്തിലെ