Jump to content

അമൃതധാര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


അമൃതധാര

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1938)
അമൃതധാര
[ഖണ്ഡകൃതികൾ--ഏഴാം ഭാഗം]



ഉള്ളൂർ, എസ്.പരമേശ്വരയ്യർ



ULLUR PUBLISHERS
ജഗതി, തിരുവനന്തപുരം.


1132

വിഷയസൂചി

പുറം
 

1.
കേരള ഗാനം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
1

2.
രണ്ടപ്പം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
7

3.
പ്രബോധനം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
12

4.
പ്രേമസായൂജ്യം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
18

5.
നർമ്മസല്ലാപം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
22

6.
വിദുരഭിക്ഷു
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
25

7.
ചപ്പും ചിപ്പും
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
49

8.
വിനയം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
51

9.
അമ്മയും മകനും
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
55

10.
കള്ളന്റെ പുനർജ്ജന്മം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
60

11.
സ്വപ്നവും ജീവിതവും
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
71

12.
പനിനീർപ്പൂവ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
75

13.
ഫലിക്കാത്ത പ്രാർത്ഥന
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
80

14.
ഫലിച്ച പ്രാർത്ഥന
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
85

15.
ശുഭപ്രതീക്ഷ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
88

16.
ചേരനും കീരനും
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
92


കേരള ഗാനം

[തിരുത്തുക]

കേരളമെന്നുള്ള പേരാൽ കേവലമിജ്ജഗത്തെങ്ങും
  കേളികേട്ടു വിളങ്ങുന്ന ദേശമെൻ ദേശം.

അച്യുതൻ തന്നംശമെന്നു വിശ്രുതനാം ഭാർഗ്ഗവന്നു
  പശ്ചിമാബ്ധി കാഴ്ചവെച്ച ദേശമെൻ ദേശം.

അർണ്ണവത്തെയാചമിച്ച പുണ്യശാലി തപംചെയ്യും
  പർണ്ണശാല പുലരുന്ന ദേശമെൻ ദേശം.

ശാപകൂപപതിതനാം ശക്രനേയുമുദ്ധരിച്ചു
  ശോഭനൽകിസ്സുഖിപ്പിച്ച ദേശമെൻ ദേശം.

ഭൂധരേന്ദ്രശിഖരത്തിൽക്കേതുദണ്ഡം പ്രതിഷ്ഠിച്ച
  പൂതരാകും ചേരരുടെ ദേശമെൻ ദേശം.

തിങ്കൾ ചൂഡസമനാകും ബ്രഹ്മസൂത്രഭാഷ്യകാരൻ
  ശങ്കരാചാര്യർ ജനിച്ച ദേശമെൻ ദേശം.

വിഷ്ണുഭക്തശിഖാമണി ദക്ഷിണദിഗ് ജയദേവൻ
  കൃഷണലീലാശുകൻ വാണ ദേശമെൻ ദേശം.

ശിഷ്ടജനസമാരാധ്യൻ ശേഷകല്പൻ മഹാകവി
  ഭട്ടുപാദൻ നിവസിച്ച ദേശമെൻ ദേശം.

ചാരുകാവ്യരത്നങ്ങൾതൻ വാരിരാശിയെഴുത്തച്ഛൻ
  ശാരദയെസ്സേവചെയ്ത ദേശമെൻ ദേശം.

വിക്രമം കൊണ്ടൂഴിവെന്നു വീരരവിവർമ്മദേവൻ
  ചക്രവർത്തിപദമാർന്ന ദേശമെൻ ദേശം.

പലവാറും ശൈലാബ്ധീശർ വിലവായ്ക്കും മാമാങ്കത്തിൽ
  നിലവാടുനിന്നുപോന്ന ദേശമെൻ ദേശം.

കുറ്റമറ്റ പയറ്റിനാൽക്കുഞ്ഞുതേനക്കുറുപ്പെങ്ങും
  വെറ്റിപറ്റി വിലസിന ദേശമെൻ ദേശം.

നൃത്യവിദ്യാകുശലർതൻ നിത്യവാസഗൃഹമെന്നു
  പൃഥ്വിയെങ്ങും പുകൾപെറ്റ ദേശമെൻ ദേശം.

രോമകരും യവനരും ചീനരുമായ് വണിഗ്വൃത്തി
  സീമവിട്ടു നടത്തിന ദേശമെൻ ദേശം.

ക്രൈസ്തവർക്കും യഹൂദർക്കും മഹമ്മദമതക്കാർക്കും
  വസ്തുദാനം വഴങ്ങിന ദേശമെൻ ദേശം.

ശീമയിൽനിന്നാദ്യമായിബ് ഭൂമിചുറ്റി വന്ന കപ്പൽ
  ഗാമ കരയ്ക്കടുപ്പിച്ച ദേശമെൻ ദേശം.

സിന്ധുവഴി മദം പൂണ്ടു പൊന്തിവന്നു പോർതുടർന്ന
  ലന്തകളെയമർത്തിയ ദേശമെൻ ദേശം.

സ്വാപദാനശതങ്ങൾതൻ ശോഭനമാം പ്രഭമൂലം
  ലോഭനീയപ്രഭാവമാം ദേശമെൻ ദേശം.


                   II

കേരളമെൻ ജന്മദേശം, കേടുകൾക്കു ദുഷ്പ്രവേശം;
  ഗീരെവർക്കുണ്ടിതു വാഴ്ത്താൻ ലേശൈകദേശം?

വേരിയെതിർവാരി ചേരും ചാരുഫലം ഭൂരി പേറി
  നാരികേളതരുനിര നിൽക്കുകകൊണ്ടും;

നല്ലമുള,കേലമിഞ്ചി നാഗവല്ലി തുടങ്ങിയ
  നല്ല നല്ല വിഭവങ്ങൾ വായ്ക്കുകകൊണ്ടും;

നാകലോകദ്രുമങ്ങൾതൻ സ്വാഗതത്തെക്കൊതിക്കുന്ന
  പൂഗപൂഗമിളങ്കാറ്റിലാടുകകൊണ്ടും;

സ്ഥൂലനീലശിലകൾതൻ കോലമാർന്നു വനങ്ങളിൽ
  കേളിലോലർ ഗജവരർ മേളിക്കകൊണ്ടും;

ഭാനുവിന്റെ കരശ്പർശം പറ്റിടാത്ത മരത്തോപ്പിൽ-
  ത്തേനൊഴുകും കനിയെങ്ങും തിങ്ങുകകൊണ്ടും;

ചന്ദനത്തിൻ പരിമളം നാലുപാടും വീശിവീശി
  മന്ദവായു മനോജ്ഞമായ് ലാത്തുകകൊണ്ടും;

വിണ്ടലത്തിലിരുണ്ടുള്ള കൊണ്ടലുകളണിനിന്നു
  രണ്ടുകാലം കുളിർമാരി പെയ്യുകകൊണ്ടും;

പാരതന്ത്ര്യ ബാധവിട്ടു പാൽമൊഴിമാർ സുഖമാർന്നു
  പൂരുഷർക്കു സമം ജന്മം നയിക്കകൊണ്ടും;

മോടിയോടെ പുഴയിലും കായലിലും സരസന്മാ-
  രോടികളിലാർത്തു പാടിപ്പോകുകകൊണ്ടും;

ഓണമഹോത്സവനാളിൽക്കോടിവസ്ത്രമുടുത്താരും
  പ്രാണനാഥമാരോടൊത്തു കൂടുകകൊണ്ടും;

കങ്കണങ്ങൾ കിലുങ്ങവേ, കൊങ്കരണ്ടും കുലുങ്ങവേ,
  പെൺകൊടിമാർ കരംകൊട്ടിക്കളിക്കകൊണ്ടും;

ദേഹശൗചം നിമിത്തമായ്ത്താണവരുമുയർന്നോരു-
  മേകവംശജാതരെന്നു തോന്നിക്കകൊണ്ടും;

ഒട്ടനേകം ക്ഷേത്രങ്ങളും പള്ളികളും തമ്മിൽത്തമ്മിൽ-
  ത്തൊട്ടു തൊട്ടു കെട്ടുപെട്ടു കിടക്കകൊണ്ടും;

പാടകന്നു കുടിലിലും പാഞ്ഞണഞ്ഞു സരസ്വതി
  പാടിയാടി പ്രഹൃഷ്ടയായ്പ്പാർക്കുകകൊണ്ടും;

കേരളമെൻ ജന്മദേശം ഖേചരർക്കും രമ്യദേശം--
  പാരിലെങ്ങുണ്ടീദൃശമൊരാശാവകാശം?        (68)

                       III

കേരളമേ ! കേരളമേ ! കേരസസ്യകേദാരമേ !
  പാരിതിനെന്നമ്മയല്ലീ ഫാരമതല്ലി ?

ചേണിയലും ജഗതിക്കു റാണിയായ നിൻ പദത്തിൽ-
  പ്പാണികൂപ്പിപ്പതിക്കുന്നു ഭക്തർ നിൻ പുത്രർ;--

നിന്നുടയ പേരുകേൾക്കിൽ മേനി കോരിത്തരിക്കുവോർ;
  നിന്നെയൊന്നു നിനയ്ക്കുകിൽ നിർവൃതികൊൾവോർ.

എൻ ജനനി ! നിൻ പെരുമയെന്നുമുയരട്ടെ;
  നിൻ ജയപ്പൊൻ കൊടിക്കൂറ പാറട്ടെ വാനിൽ.

നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു; നിന്നിൽ ഞങ്ങൾ പുലരുന്നു;
  നിൻ നിയോജ്യർ നിഖിലരും നിന്നുടെ വത്സർ.

ദേവി, നിന്റെ കണ്ണിൽനിന്നു വീണിടൊല്ലൊരശ്രുബിന്ദു
  നീ വിടൊല്ല വെളിക്കൊരു നിശ്വാസധൂമം.

ഞങ്ങളുടെ ശരീരം നീ ; ഞങ്ങളുടെ മനസ്സു നീ ;
  ഞങ്ങളുടെ ചൈതന്യം നീ ; സർവ്വസ്വവും നീ.

ജാതിയൊന്നു, മതമൊന്നു, വർണ്ണമൊന്നു നിൻ വയറ്റിൽ
  ജാതരായ ഞങ്ങൾക്കെല്ലാം--കേരളീയത്വം.

ഉള്ളിലുള്ളോരഴുക്കുകൾ തേച്ചുമാച്ചു കഴുകുവാൻ
  വെള്ളമില്ലേ വേണ്ടുവോളം നിന്നുടെ മെയ്യിൽ ?

നീതിപൂണ്ടും നിബിഡമാം ഭൂതിയാണ്ടും നിരന്തരം
  ഖ്യാതി വേണ്ടുന്നതു നേടി പണ്ടു നിന്മക്കൾ.

തുംഗലക്ഷ്യരവരുടെ മംഗലമാം ജീവരക്തം
  ഞങ്ങളുടെ സിരയിലുമല്പമുണ്ടമ്മേ.

പാതിരായ്ക്കും പ്രഭാപൂരം പാവനരാമവരുടെ
  പാദമുദ്ര പതിഞ്ഞോരു പാതയിൽക്കാണാം.

തോളോടു തോളുരുമ്മിയും കൈകളോടു കൈകൾ കോർത്തും
  നാളിൽ നാളിലാവഴിയിൽ മേളിക്കും ഞങ്ങൾ.

ഞങ്ങളുടെ നിത്യകർമ്മം നിൻ ചരണപരിചര്യ ;
  ഞങ്ങളുടെ ഭാഗ്യലാഭം നിൻ പരിതോഷം.

ഭാവിയെക്കൊണ്ടനവധി പാരിജാതമലർമാല
  ദേവി, നിന്റെ തൃക്കഴുത്തിൽ ചാർത്തിക്കും ഞങ്ങൾ ;

ഏണശാബമിഴിമാർക്കു വാനിൽ നിന്റെ പുകൾപാടാൻ
  വീണമീട്ടൽ പഠിപ്പിക്കും വീരമാതാവേ !        (100)


രണ്ടപ്പം

[തിരുത്തുക]

1. അമ്മ രണ്ടപ്പം കൊടുത്തു--കയ്യി-
      ലമ്മണിക്കുട്ടന്നു തിന്മാൻ.

    ചെങ്കതിരോൻ മറയാറായ്--വാനിൻ
      കുങ്കുമപ്പൊട്ടഴിയാറായ്.

    ഒന്നവൻ തിന്നു ; കളിക്കാൻ--വേറി-
      ട്ടൊന്നുമായ്ച്ചെന്നു നിരത്തിൽ.        (6)

2. കേറിത്തുളച്ചുടൻ പാഞ്ഞു--കാതിൽ-
      ക്കൂരമ്പുപോലൊരു ശബ്ദം.

    "കണ്ണും കരങ്ങളുമുള്ളോരേ ! --അയ്യോ !
      പുണ്യം പുലർന്ന മാളോരേ !

    പൊന്നെജമാന്മാരേ, കാണ്മിൻ--കനി-
      ഞ്ഞെന്നെ, പ്പിറവിക്കുരുടൻ.

    പട്ടിണികൊണ്ടു പൊരിഞ്ഞേ--പിച്ച-
      ച്ചട്ടിയിൽക്കാശൊന്നുമില്ലേ !

    വല്ലതുമിട്ടേച്ചു പോണേ ! --തുള്ളി-
      ക്കല്ലരിക്കഞ്ഞിനീർ മോന്താൻ."        (16)
   
3. അയ്യംവിളിയതു കേട്ടു--പൈതൽ
      നെയ്യപ്പം ചട്ടിയിലിട്ടു.

    തപ്പിയെടുത്തു തിന്നു--പാവ-
      മപ്പൊഴേ കുഞ്ഞിനെ വാഴ്ത്തി,

    "തമ്പുരാനേ, തരും ദൈവം--കൂലി-
       യൻപിലിതി"നെന്നു ചൊല്ലി.        (22)

4. മാറത്തടിച്ചു കരവൂ--ദൂരെ
       വേറിട്ടൊരന്ധനുമപ്പോൾ.

     ഓടിയൊരോട്ടമായ്പ്പാഞ്ഞു--കുട്ടൻ
       വീടണഞ്ഞമ്മയെത്തേടി.

     വേരിയെതിർമൊഴിയാൾതൻ--പട്ടു-
       സാരിപ്പൊൻ തുമ്പത്തു തൂങ്ങി,

     "അമ്മേ,യൊരപ്പ-മൊരപ്പം-കൂടി-
       ച്ചെമ്മേ തരൂ" എന്നിരന്നു.        (30)

5. പോരയോ രണ്ടെണ്ണമുണ്ണി ? --തീനി
       തേറുകിൽ മാന്തമുണ്ടാകും".

     "ഒന്നുകളഞ്ഞു നടാടെ ; --ബാക്കി-
        യൊന്നേ ഞാൻ തിന്നുള്ളു തായേ ?"

     "ഒന്നു നീ തിന്നതു കണ്ടു--ഞാൻ : മ-
       റ്റൊന്നുകൊണ്ടെന്തോന്നു ചെയ്തു ? "       (36)


6. എന്നതിനുത്തരമോതി--വത്സൻ:
       തിന്നതല്ലെന്നമ്മ കണ്ടു.

     ആയതങ്ങെങ്ങോ തുലഞ്ഞൂ--വീണു
       വായവഴിക്കെൻ വയറ്റിൽ.

     പട്ടിണികൊണ്ടു വലഞ്ഞു--പള്ള
        ചുട്ട കുരുടനൊരുത്തൻ

     വാവിട്ടു കേണു ; ഞാൻ മറ്റേ--യപ്പം
       പാവമവന്നു കൊടുത്തു.
 
     ഞാൻ തിന്നൊരപ്പമതത്രേ ! --തായേ.
       മാന്തമതീലുമുണ്ടാമോ ?       (46)



7. ജീവനവന്നു കൊടുക്കേ--യൊരു
       ദേവനെന്നെന്നെ ഞാനോർത്തു.

     ചേലതെന്നോതിയപോലെ--തോന്നി
       മൂളക്കമാർന്ന മരങ്ങൾ.

     മാടിവിളിച്ചതുപോലെ--തോന്നി
       വാടിയിലാടും ചെടികൾ.

     പുഞ്ചിരിക്കൊണ്ടതുപോലെ--തോന്നി
       നെഞ്ചലിവേറിന പൂക്കൾ

     ഉളളംകുളിർപ്പിച്ചപോലെ--തോന്നി
       മെല്ലെയണഞ്ഞ തൈത്തെന്നൽ.

     ആനന്ദക്കണ്ണുനീർ വീണു--മേന്മേൽ
       ഞാനറിയാതെയെന്മാറിൽ.

     തിന്നതുപോലെ ഞാൻ തീർന്നു--തായേ,
       വിണ്ണവർക്കുള്ള തീൻപണ്ടം.

     എന്നെ വിളിച്ചു കരവൂ--വീണ്ടും
       കണ്ണറ്റ മറ്റൊരു പാവം.

     പ്രാണനെക്കാക്കുവാൻ നോക്കാ--മപ്പം
       ഞാനൊന്നവന്നുമിന്നേകി.

     വീണ്ടുമിനിക്കുട്ടെയെൻ നാ--വെന്തു
       വേണ്ടുവതുണ്ടതിന്മീതേ ?       (66)



8. പാൽച്ചോറെനിക്കുണ്ടു നൽകാ--നമ്മ
       വാച്ചോരു കൂറൊടു രാവിൽ.

     വറ്റൊന്നവർക്കേതു നക്കാൻ ?--താങ്ങാ-
       യുറ്റവരാരുണ്ടു നിൽക്കാൻ ?

     ഇല്ലേ കിടാങ്ങളവർക്കും--പിഞ്ചു-
       പള്ളയിൽത്തീയെങ്ങും കത്തി ?

     അഷ്ടിയെനിക്കെന്തിനമ്മേ,--അവർ
       പട്ടിണികൊണ്ടു പിടയ്ക്കേ ? "       (74)



9. കോൾമയിർക്കൊണ്ടുപോയ് പൂമെ--യ്യമ്മ-
       യ്ക്കോമനതന്മൊഴി കേൾക്കെ.

     വണ്ടണിവേണിയാൾ വാക്കൊ--ന്നുടൻ
       തൊണ്ടയിടറിക്കൊണ്ടോതി.

     "എൻ മകനെ, നീ ജയിച്ചു ;--നിന്റെ
       ജന്മം കൃതാർത്ഥമായ്ത്തീർന്നു.

     ഒന്നിനു മൂന്നു ഞാൻ നൽകാ--മപ്പ-
       മെന്നുണ്ണിക്കിങ്ങനെ തിന്മാൻ.

     ചിക്കെന്നെൻ കണ്മണി, വാങ്ങി--യവ-
       യക്കുരുടർക്കു കൊടുക്കൂ,

     ഉമ്മയോരോന്നു വിലയാ--ണതീ-
       യമ്മയ്ക്കു മുൻ കൂട്ടി നൽകൂ."       (86)



10. ഈവണ്ണമോതി മകനെ--യവൾ
       മൂവരു മേന്മേൽ മുകർന്നു.

     മൂന്നപ്പം കൈയിൽ കൊടുത്തൂ--ദൈവം
       മൂന്നു പുമർത്ഥവും പോലെ.

     ആയതവർക്കവൻ നൽകി--ത്തന്റെ
       വായും വയറും നിറച്ചു.

     സ്വർഗ്ഗമാക്കുന്നില്ലേ ചൊല് വിൻ--ക്ഷോണി-
       യിക്കണക്കുള്ള കിടാങ്ങൾ ?       (94)


                                                     


പ്രബോധനം

[തിരുത്തുക]


അവിരതം സുഖ, മവികുലം ശുഭ-
  മെവിടെയുണ്ടതീയുലകിൽ മാനുഷ ?
ചിലേടം പൊങ്ങുന്നു, ചിലേടം താഴുന്നു,
  മലയുമാഴിയുമിയലുമീ മന്നിൽ.

പകലുമാവശ്യമിരവുമാവശ്യ-
  മഹസ്സിൻ ജീവിതമഖണ്ഡമാക്കുവാൻ.
നിഴലുമേൽക്കണം, വെയിലുമേൽക്കണം
  വഴിയിൽ മുന്നോട്ടു നടന്നുപോകുവാൻ.

ജലസമം സൃഷ്ടിക്കുതകിടും ഭൂതം
  ജ്വലനനും ;--ഒന്നു തണുത്ത, തൊന്നുഷ്ണം.
അചലമാം മൃത്തും ചലമാം വായുവു-
  മജന്നു തൻപണിക്കവശ്യമമ്മട്ടിൽ.

അഴുകിപ്പോയതായ് നമുക്കു തോന്നുന്ന--
  തഴകിൻ മറ്റൊന്നിന്നമൃതമാകുന്നു ;
അതിനെയും നമ്മെപ്പടച്ച കയ്യാൽത്താൻ
  വിധി ചമച്ചതെന്നറിയണം നമ്മൾ.

തടിപ്പിലെന്തുള്ളൂ കൊതിച്ചുകൊള്ളുവാൻ ?
  ചടയ്പിലെന്തുള്ളൂ വെറുത്തുതള്ളുവാൻ?
മധുരഗാത്രിമാർക്കഴകല്ലീ തുല്യം
  പൃഥു നിതംബവും പ്രതനുമധ്യവും ?

                           II

നമുക്കു കണ്ടിടാം ജയത്തിൽപ്പോലവേ
  സമഗ്രമാം മെച്ചം പരാജയത്തിലും.
പകയ്പതെന്തിന്നു ? പതിപ്പതു ധാത്രീ--
  ഭഗവതിയുടെ മടിയിലല്ലയോ ?

അവിടുന്നാശ്വാസമരുളുമപ്പുറം :
  നിവർന്നുയർന്നു നാം നിലകൊള്ളും വീണ്ടും.
ഒരുമലർമാതുണ്ടുലകി, ലദ്ദേവി-
  ക്കൊരിടത്തെപ്പൊഴുമീരുന്നാൽപ്പോരുമോ ?

ഭവനം തോറുമാ പ്രമദ പോകട്ടെ
  നവനവാപാങ്ഗചലനലോലയായ്.
ഒരുദിനം നമുക്കരികിലുമവൾ
  വരും ; വരം തരുമുണർന്നിരിക്കുകിൽ.

അമൃതിലോഹരി നമുക്കുമു,ണ്ടതിൻ
  ക്രമത്തിലായതു വിളമ്പും മോഹിനി.
ഒടുവിലാകിലെന്തതു ? തൽ പാത്രത്തി-
  ന്നടിയിൽ വായ്ക്കുവതുറഞ്ഞ സത്തല്ലീ ?

ദിതിജരായിടാതിരിക്കുകിൽ നമ്മെ-
  ത്രിദശപങ് ക്തിയിലിരുത്തിടും.കാലം.
അതുവരെ നമുക്കഴലിലാഴാതെ
  മധുരമാമാശാഫലം ഭുജിച്ചിടാം.        (40)

                         III

ഗണിച്ചിടേണ്ട നാമഥവാ മറ്റൊന്നും ;
  മനസ്സല്ലീ സാക്ഷാന്മനുഷ്യസാമ്രാജ്യം ?
അതു നമുക്കു നാമധീനമാക്കിയാ-
  ലതിന്നു മേലെന്തുണ്ടധീശ്വരപദം ?

വൃഥയാമീയത്തെസ്സുഖമാം പൊന്നാക്കാൻ
  വിദഗ്ദ്ധൻ താൻ മർത്ത്യ,നവൻ രസസിദ്ധൻ.
വിഷത്തെയും നല്ല മരുന്നാക്കാമെന്നു
  ഭിഷക് പ്രവരന്മാർ തെളിച്ചുകാട്ടുന്നു.

ധനത്തിൻ നേട്ടത്താൽ വരാത്തതാം സുഖം
  ധനത്തിൻ ഗത്യാത്താൽ ചിലർക്കു കിട്ടുന്നു;
എഴുനിലമേട തരാത്തൊരാനന്ദ-
  മെളിയ പുൽക്കുടിൽ ചിലർക്കു നൽകുന്നു ;

തനിശ്ശൃങ്ഗാരത്തിൽ ചെടിപ്പു തോന്നിടും
  മനം കരുണത്തിൽപ്പുളകം കൊള്ളുന്നു.
ഇതിന്റെയൊക്കെയും രഹസ്യമോർക്കുകിൽ
  മതി ; നരൻ സുഖി,കുശലി,യപ്പുറം.

ക്ഷണനേരത്തേയ്ക്കു കുപിതനായ്ത്തോന്നാ-
  മനുഗ്രഹിപ്പതിന്നണയുമീശ്വരൻ ;
ചെറിയ നുള്ളൊന്നു തരാം ദയാബ്ധി, തൻ-
  തിരുവടിയെയൊന്നുയർന്നു നാം നോക്കാൻ,

അലറുന്നു മുഖം കറുപ്പിച്ചും കൊണ്ടു
  മഴപൊഴിക്കുവാനുഴറിടും മേഘം ;
ശുഭമാശ്ശബ്ദമോ കൃഷീവലന്മാർക്കു
  വിപഞ്ചിയിൽനിന്നു പൊഴിയും കാകളി.       (64)

                      IV

ജനനം--എന്തോന്നുണ്ടതിങ്കൽ മോദിപ്പാൻ ?
  മരണം--എന്തോന്നുണ്ടതിങ്കൽ ഖേദിപ്പാൻ ?
ഇവിടത്തെജ്ജനിക്കിതരലോകത്തി-
  ലെവിടെയോ പെടും മൃതിയല്ലീ ബീജം ?

ഒരിടം മുങ്ങലുമൊരിടം പൊങ്ങലും--
  ഒരു നീർമുക്കിളിക്കളിയിതോർക്കുകിൽ,
പ്രപഞ്ചജീവിതതടിനിക്കീറ്റില്ലം
  പ്രഭവമ,ല്ലന്തം ശ്മശാനവുമല്ല.

ഇരുകതകെഴും മുറിയൊന്നീയൂഴി,-
  യൊരുവശം ജനി, മറുവശം മൃതി.
തുറന്നതിലൊന്നുമടച്ചുമറ്റൊന്നു-
  മിരുന്നിടുന്നീല വിധി സമദർശി.

എവിടെയോനിന്നു പറന്നുവന്ന നാ-
  മെവിടെയോ നോക്കിപ്പറക്കും പക്ഷികൾ.
വിശാലമായിടും വിഹായസത്തിന്റെ
  വിഭാഗമാമിരുവശവും വിട്ടു നാം

നെടുനാളിക്കൂട്ടിലടിയുവാനെങ്കി-
  ലുടയവനെന്തിന്നരുളി പക്ഷങ്ങൾ ?
പെരുമഴയിലും കൊടുവെയിലിലും-
  മൊരേ കുടതന്നേ തുണ--ശമം--ശമം.        (84)

                    V

അവിരതം സുഖ, മവികുലം ശുഭ-
  മിവയെനൽകും പോൽ ചില ജഗത്തുകൾ !
എനിക്കു മോഹമില്ലശേഷമെങ്ങും വെൺ-
  മണൽ പരക്കുമമ്മരുക്കളിൽപ്പാർക്കാൻ.

തിരകളറ്റൊരക്കടലുകളിലെൻ
  തരി നയിപ്പതിൽത്തരിമ്പുണ്ടോ രസം ?
അവനി, പെറ്റമ്മേ, ഭവദുത്സങ്ഗംതാൻ
  നവനവക്രീഡയ്ക്കുചിതമാം രങ്ഗം.

ഭവതിതൻ മേന്മ മുഴുവൻ വായ്പതു
  വിവിധതയിലും വികലതയിലും.
തലയിൽ സർവജ്ഞനണിവതു തിങ്കൾ-
  ക്കലയെത്താൻ, മുഴുമതിയെയല്ലല്ലോ.

പ്രതിക്ഷണം മോദമരുളുന്നു സുഖ-
  പ്രതീക്ഷയാം സുധ പകർന്നു നൽകി നീ.
പ്രവൃത്തിക്കെന്നെ നീയൊരുക്കുന്നു പേർത്തും
  പ്രവൃദ്ധമായിടും പ്രചോദനത്തിനാൽ

തൊഴിലാളിക്കുള്ളോരുലക നീ മാത്രം ;
  മുതലാളിക്കുള്ളോരുലക മറ്റെല്ലാം.
അശിപ്പതൊന്നല്ലെൻ പിറവിതൻ ലക്ഷ്യം ;
  നശിപ്പതില്ല ഞാനൊരിക്കലുമെങ്ങും.

ഇരുകൈകൊണ്ടുമെൻ ജനനി, നിൻ പരി-
  ചരണം ചെയ്യുവാൻ തരം വന്നാൽപ്പോരും--
അവിതഥമെനിക്കതൊന്നിനാൽ നേടാ-
  മവിരതം സുഖ,മവികലം ശുഭം.        (108)


പ്രേമ സായൂജ്യം

[തിരുത്തുക]

ഉമ്മരപ്പൂങ്കാവിലുല്ലസിച്ചീടുന്ന
  നന്മലരൊന്നിന്നുമോമലാളേ,
എന്നകതാരിലേ മാലെന്തെന്നാരായ് വാ-
  നിന്നില്ല കെല്പു ; ഞാനെന്തു ചെയ്യും ?

പേർത്തുമെൻ കണ്ണിൽനിന്നെപ്പോഴും വീഴുന്ന
  നീർത്തുള്ളി പിച്ചകമാകുമെങ്കിൽ
തങ്കമേ, ഞാനൊരു മാലയായ്ക്കോർത്തതു
  നിങ്കരിക്കൂന്തലിൽ ച്ചാർത്തിയേനെ.        (1)

മാകന്ദക്കൊമ്പിന്മേൽ മത്താടിപ്പാടുന്ന
  കോകിലമൊന്നിന്നുമെന്മനസ്സിൽ
ആതങ്കം വായ്ക്കുവതെന്തെന്നു ചിന്തിപ്പാൻ
  വൈദഗ്ദ്ധ്യമില്ല ; ഞാൻ നിസ്സഹായൻ.

എൻ നെടുവീർപ്പിന്നു തെല്ലതിൻ ഗാനമായ്
  സുന്ദരിമാർമണി, തീരാമെങ്കിൽ
ആയതു നിന്നുടെ കർണ്ണത്തിൽ സ്വാദുവാം
  പീയൂഷം മേൽക്കുമേൽത്തൂകിയേനെ.        (2)

ദൂരത്തു വാനത്തു മിന്നിത്തിളങ്ങുന്ന
  താരകയൊന്നിന്നുമല്പം പോലും
ആമയമെന്നുള്ളിലെന്തെന്നു കാണുവാൻ
  സാമർത്ഥ്യമില്ല ; ഞാൻ ഭാഗ്യഹീനൻ.

എന്നുള്ളിൽക്കുത്തുന്നോരത്തലാം തീക്കൊരു
  പൊന്നൊളിനക്ഷത്രമാകാമെങ്കിൽ
ആയതു കല്യാണി, നിന്മുന്നിലെൻ നില
  മായമറ്റൊട്ടൊട്ടു കാട്ടിയേനെ.        (3)

അല്ലെങ്കിൽത്തെറ്റിപ്പോയ് ചൊന്നതു പക്ഷേ ഞാ-
  നല്ലലിതാരെത്താൻ പീഡിപ്പില !
എന്നഴൽ കണ്ടേറ്റം ഖിന്നത കൈക്കൊണ്ടു
  കണ്ണുനീർ തൂകുന്നു പൂക്കളെങ്ങും ;

നീ കനിയേണമെന്നർത്ഥിച്ചു തേന്മൊഴി,
  കാകളി മൂളുന്നു കോകിലങ്ങൾ ;
നിന്നുടെ നിർദ്ദയവ്യാപാരമീക്ഷിച്ചു
  വിണ്ണിൽ നടുങ്ങുന്നു താരകകൾ.        (4)

നിന്മലർമേനി ഞാൻ കേശാദിപാദാന്തം
  കണ്മണി, വാഴ്ത്തിനേൻ കാവ്യത്തിങ്കൽ,
ഉണ്ടെന്നുമില്ലെന്നും ചൊന്നേൻ നിന്മദ്ധ്യത്തെ-
  ക്കണ്ടേക്കാമെന്നോർത്തു കാണാഞ്ഞാലും ;

ഹൃത്തെന്നൊന്നില്ലെന്നു നിശ്ചയം വായ്ക്കുയാൽ
  സത്യം ഞാനായതു വർണ്ണിച്ചീല,
ഉണ്ടെങ്കിൽ നീയെന്നെ നീതന്നെ വീഴ്ത്തിന
  കുണ്ടിൽ നിന്നെന്നെന്നേ കേറ്റിയേനേ.        (5)

പിന്നെയും തെറ്റിപ്പോയ് ; നീയൊരു ഹൃത്തുള്ളോ-
  ളെന്നറിയാത്തവനല്ലല്ലോ ഞാൻ.
മറ്റുള്ളോരംഗങ്ങളൊക്കെയും പുഷ്പങ്ങൾ ;
  മുറ്റുമോ ഹൃത്തൊരു പാറ വേറെ.

ആയതെന്മാനസസ്ഫടികപാത്രത്തെ-
  യായിരം ചില്ലാക്കിപ്പൊട്ടിച്ചീലേ ?
കാമിനി, സൂക്ഷ്മമായ്ക്കാണുന്നു മൊട്ടമ്പു
  കാമനങ്ങെയ്യാത്ത കാരണം ഞാൻ.        (6)

നിന്നുള്ളമിങ്ങനെ തീർത്തതും തന്നാജ്ഞ-
  യെൻ നെറ്റിയോലയിൽച്ചാർത്തിയതും
താമരപ്പൂവിൽ നിന്നുണ്ടായ ധാതാവ-
  ല്ലോമനേ, മറ്റേതോ ഹിംസാശീലൻ.

അന്നിഷ്ഠൂരൻപോലും പശ്ചാത്താപാർത്തനായ്
  വെണ്ണകൊണ്ടക്കല്ലു മൂടി ; പക്ഷേ,
ധന്യനല്ലാത്തൊരെൻ ദുർല്ലിപി മായ്ക്കുവാൻ
  തന്നെഴുത്താണി മയക്കിയില്ല.        (7)

പെൺകൊടി, ഞാനൊരു പുല്ലായാൽച്ചൂഡയിൽ
  നിങ്കഴൽപ്പൊന്നലർ ചൂടിയേനേ ;
പഞ്ഞിയായ്ത്തീരുകിൽപ്പാവാടയിൽക്കൂടി
  മഞ്ജുവാം നിന്മെയ്യിൽപ്പറ്റിയേനേ ;

നീരാവിയാകുകിൽത്തെന്നൽത്തേരോടിച്ചു
  പാരാതെ നിന്മുഖം ചുംബിച്ചേനേ ;
യാചകനായിപ്പോയ് നിൻ പ്രേമഭിക്ഷാർത്ഥി ;
  നീചതയേതിനുണ്ടെന്നെപ്പോലെ ?        (8)

ഹൃത്താമെൻ മെയ്യിലെസ്സമ്പത്തു കാർവേണി,
  കുത്തിക്കവർന്നു നീ കൊണ്ടുപോയി ;
ചൊല്ലുമോ ഞാനതു ദൈവത്തോടെന്നോർത്തു
  കൊല്ലുവാൻ കോപ്പിട്ടു നില്പുമായി.

ശങ്കയിതെന്തിനമ്മാനസമിപ്പൊഴും
  നിൻ കയ്യിലല്ലീ ? തെല്ലുറ്റുനോക്കൂ,
കേവലം നീയൊഴിഞ്ഞാരെനിക്കുണ്ടൊരു
  ദേവതയീരേഴുപാരിൽ വേറേ ?        (9)

കണ്ണീരിൽ മുങ്ങി ഞാനീറനാം മുണ്ടുമായ്
  നിന്നുടെ വിഗ്രഹമെന്മനസ്സിൽ
ഊണുമുറക്കവും വർജ്ജിച്ചുറപ്പിച്ചു
  മാനിച്ചും ധ്യാനിച്ചുമർച്ചചെയ്തും,

നിന്മയമായ്ത്തന്നെ സർവവുമീക്ഷിച്ചും,
  ജന്മം നയിക്കാണേറെ നാളായ്.
ആയില്ലേ നിൻപാദഭക്തന്നു ദേവി, നീ
  സായൂജ്യം നൽകേണ്ടും സന്മുഹൂർത്തം ?        (10)


നർമ്മസല്ലാപം

[തിരുത്തുക]

1. കുമുദിനിയൊടോതിനാൻ മന്ദവായു :
      "സുമുഖി,യൊരു മുഗ്ദ്ധ നീ തർക്കമില്ല.
    മധുരമൃദുഹാസമെന്തിപ്രകാരം
      വിധുവിനുടെ നേർക്കു നീ തൂകിടുന്നു ?

    ഇവിടെയണയുന്നുവോ വല്ല നാളും
      ഭവതിയുടെ ധൂർത്തനാം പ്രാണനാഥൻ ?
    ഉപരി ഗഗനത്തിലാണങ്ങിരിപ്പ-
      പ്രഭു, വൊരുകുഴിക്കകത്തിങ്ങു നീയും.

    സഖി, തവ മുഖത്തിൽ നിൻ കാന്തപാദം
      പ്രഹരണമിയറ്റിയാൽ മാത്രമായോ ?
    അതിനുടെ തണുപ്പിൽനിന്നാ പ്രിയൻതൻ
      ഹൃദയമവികാരമെന്നോർത്തുകൂടേ ?

    അകലെയെഴുമായവൻ കാണുമോ നി-
      ന്നകതളിരിൽ വായ്പതാം ഗൂഢരാഗം ?
    വരുവതുമെളുപ്പമ,ല്ലേതു രാജാ-
      വൊരുപടി പരിഗ്രഹക്കാരനല്ല !

    അവിടെയുഡുപങ് ക്തിയും മറ്റുമായി-
      ട്ടവിരതമവൻ സുഖം പൂണ്ടു വാഴ് വൂ,
    വെടിയുക ഞെളിച്ചിൽ ; നിൻ കാമുകൻ ത-
      ന്നടിമ ; യധിനാഥയല്ലേതുമേ നീ. "        (20)

2. കുമുദിനിയത്രയും കേട്ടു ചൊന്നാൾ
      സുമധുരമൊരുത്തരം സൂക്ഷ്മമേവം.

    "ഗഗനഭൂവി വാഴ് വു മൽകാന്തനെന്നോ
      തികവിനൊടുരച്ചു നീ യെൻസഖാവേ ?
    അടിയിലൊരു നോക്കു നീ നോക്കുമോ വ-
      ന്നടനമൊരരക്ഷണം നീക്കിനിർത്തി ?

    പ്രതിഫലിതനെന്നു നീയോർത്തിടേണം
      മതി, ഗഗനമായിടും വാപിയിങ്കൽ ;
    സ്ഫടികമയമെൻ ഗൃഹം തന്നെയാണാ-
      വടിവുടയ തിങ്കളിൻ വാസഗേഹം.

    മമ ചരണതാഡനം തൻശിരസ്സാൽ
      ഹിമകിരണനേറ്റുകൊണ്ടത്ര നില്പൂ.
    പ്രണയകലഹം തുലോം ശാന്തമാക്കാ-
      നനുനയപരൻ പ്രിയൻ വ്യാപരിപ്പൂ.

    ഘനമകലെ വിട്ടവൻ കാൽക്കൽ വീഴ് വൂ
      തനതുഡുവധൂടിമാരോടുകൂടി.
    സദയമതുകണ്ടു ഞാൻ തൂകിടുന്നൂ
      മുദധികത വായ്ക്കയാൽ മുഗ്ദ്ധഹാസം.

    അടിമയിതിലാരു ? മൽ പാദധൂളീ-
      ലുഠനപരനിന്ദുവോ ? ഹന്ത ഞാനോ ?
    മികവുമിതുപോലെ താൻ പൂരുഷന്മാർ ;
      പകലവർ പരാക്രമം കാട്ടിടുന്നോർ ;

    ഇരവിൽ നിജകാന്തമാർതൻ പ്രസാദം
      വരുവതിനു ചെയ്യുവോർ ദാസ്യവൃത്തി.
    യുവതിഹൃദയങ്ങൾ നീ കാണുവോന-
      ല്ലെവിടെ യവ ? യെങ്ങു നീ വാതപോതം ?

    കമനനെയധീനനെന്നോർക്കണം നീ
      കമനിയുടെയാനനം സ്മേരമായാൽ."        (48)


വിദുര ഭിക്ഷു

[തിരുത്തുക]

ധിക്കാരിയായോരു ദുര്യോധനൻ തന്റെ
  സൽകാരം കൈക്കൊൾവാൻ നിന്നീടാതെ
ക്ഷത്താവോടൊന്നിച്ചു തൽ പാർശ്വം വിട്ടുപോയ്
  ഭക്താനുയായിയാം പങ്കജാക്ഷൻ.

ഒന്നുമേ മാധവനാഹരിച്ചീലെന്നു
  ചൊന്നീടുന്നില്ല ഞാനങ്ങു നിന്നും,
തേരിൽ വച്ചെന്നേയ്ക്കുമായിട്ടു ദൂരത്തു
  കൗരവലക്ഷ്മിയെക്കൊണ്ടുപോകേ.

ഒന്നുമേ നൽകീല പോകുമ്പോൾക്കാർവർണ്ണൻ
  കന്യകാശുൽക്കമായെന്നുമില്ല,
മേനിതൻ കാളിമ മാനിയാമന്നൃപ-
  ന്നാനനമെങ്ങുമേ തേയ്ക്കുകയാൽ.

                           II

ഓതിനാൻ കൗരവൻ : "കണ്ടില്ലേ കർണ്ണ നീ
  ദൂതൻ തൻ വ്യാപാരം ദുർമ്മര്യാദം ;
ഭാരതസാർവഭൗമാതിഥ്യസമ്പത്തു
  ദൂരത്തു തള്ളുമിത്തുച്ഛനേവൻ !        4

തെണ്ടികൾ പാർത്ഥർ തൻ തെമ്മാടിബ് ഭൃത്യനെ-
  ത്തണ്ടിലേയ്ക്കൊന്നു ഞാൻ കേറ്റിനോക്കി ;
തെറ്റിപ്പോയ് ; ചെറ്റമതർഹിപ്പോനില്ലവൻ ;
  ചെറ്റയ്ക്കു ചെറ്റയേ ചേർച്ചയുള്ളൂ.

അത്താഴമുണ്ണുവാനങ്ങോർക്കുദ്ദീനനാം
  ക്ഷത്താവിൻ കഞ്ഞിയേ ചേലായ്ത്തോന്നൂ.
ഉണ്മയിൽ ശൂദ്രന്റെയാതിഥ്യം കൈക്കൊൾവാ-
  [1]നമ്മഹാശൂദ്രൻ താനല്ലീ യോഗ്യൻ ?

മോരൊന്നേ മോന്തുവാൻ ശീലിച്ച മൂപ്പർക്കു
  ഭാരിച്ച രാജാന്നം ഭക്ഷ്യമാമോ ?
മാളികപ്പൂ മെത്തയേറിയാലെങ്ങനെ
  കാലികൾ മേയ്ക്കുവോൻ കണ്ണടയ്ക്കും ?

കണ്ണന്നായ്ക്കൽപിച്ച സൗധത്തിൽ ഞാൻ രത്ന-
  മൊന്നുമേ വച്ചീല ; വയ്ക്കാൻ മേലാ ;
കട്ടുകൊണ്ടക്കള്ളൻ പോയെങ്കിൽപ്പോയ് ; പിന്നെ-
  പ്പെട്ടകം ശൂന്യമാമത്രേയുള്ളൂ.

കോലകത്തിങ്കൽത്തൻ മേടകണ്ടാ മുഗ്ദ്ധൻ
  കോലരക്കില്ലമെന്നോർത്തിരിക്കാം ;
നഞ്ഞിടും ചോറ്റിൽ ഞാനെന്നുമപ്പാവത്തിൽ-
  നെഞ്ഞു കിടന്നു പിടഞ്ഞിരിക്കാം ;


ഏതുമേ പേടിക്കേണ്ടെന്നെയഗ്ഗോപാലൻ ;
  ദൂതനെക്കൊല്ലുന്നോനല്ലല്ലോ ഞാൻ ;
പോരെങ്കിലായവനെൻ ഗുരുഭൂതനാം
  സീരിതൻ ഭ്രാതാവായ്പ്പോയിതാനും.

അമ്മഹാൻ തന്നുടെയാജ്ഞയാലെന്നോമൽ-
  ക്കണ്മണിയാകിയ ലക്ഷണയെ
ചീളെന്നു കൃഷ്ണജന്നേകി ഞാൻ--അല്ലല്ല,
  കാളിന്ദീവാരിയിൽക്കെട്ടിത്താഴ്ത്തി.

നിർണ്ണയം ഞാനെന്റെയാചാര്യനുള്ള നാൾ
  കണ്ണനെ യാതൊന്നും ചെയ്കയില്ല ;
അക്കഥയോർത്തു താൻ തുള്ളുന്നതപ്പാഴൻ
  ഭർഗ്ഗൻതൻ പാർശ്വത്തിൽ ഭൂതം പോലെ.

ആവട്ടെ ഞാനെന്തു ചെയ്യേണ്ടു തോഴരേ ?
  ദൈവമെൻ കൈരണ്ടും കെട്ടിയിട്ടു.
പോരിലക്കശ്മലൻ നമ്മോടു ചേരാത്ത--
  തോരുമ്പോൾ നമ്മുടെ നല്ലകാലം.

ആയുധം തൊട്ടീടുന്നില്ലപോലജ്ജള-
  നായുധമെന്നവൻ തൊട്ടു പണ്ടും ?
കാലികൾ മേയുന്ന കാടല്ല പോർക്കളം ?
  കോലുകണ്ടോടുന്നോരല്ല യോധർ ;

പേടമാൻ നേർമിഴിമാരുമായ് വട്ടത്തി-
  ലോടക്കുഴൽ വിളിച്ചാടിപ്പാടി,
കാടുകൾ കാട്ടുവോനങ്കത്തിലേൽക്കേണ്ട-
  തേടലരമ്പുകളല്ലയല്ലോ.

മായകൊണ്ടോരോരോ തട്ടിപ്പു കാട്ടുവാ-
  നായവന്നുണ്ടൊരു കെല്പു വേറേ ;
താടിക്കാർ തന്മുന്നിൽ ദൈവമായ്ക്കൂത്താടാൻ
  ധാടിയുമുണ്ടതു സമ്മതിക്കാം.

താപസരെന്നുള്ള വാക്കു ഞാൻ കേൾക്കുമ്പോൾ-
  ക്കോപിഷ്ഠനാവതിൽക്കുറ്റമുണ്ടോ ?
ഏറെയുണ്ടെന്നുടെ ചുറ്റിലും വൃദ്ധന്മാർ
  ചോറിങ്ങും കൂറങ്ങുമെന്നമട്ടിൽ.

പല്ലുകൾ വീഴ്ത്തുവാനില്ലവർക്കൊക്കയും
  തല്ലിക്കൊഴിച്ചു കഴിഞ്ഞു കാലം.
കാലന്റെ പേരേട്ടിലാവകക്കാർക്കുള്ളോ-
  രോലകൾ തീരെപ്പൊടിഞ്ഞും പോയി.

ക്ഷത്താവുമങ്ങനെയുള്ളവൻ താൻ ; പക്ഷേ
  മത്താതന്നിഷ്ടൻ ; ഞാനെന്തു ചെയ്യും ?
ഈരാവിൽ നമ്മളെ ദ്രോഹിക്കാൻ മാർഗ്ഗങ്ങൾ
  നൂറായിരമവർ ചിന്തചെയ്യും.

ചെയ്യട്ടെ ; ദൈവമുണ്ടേതിനും മീതെ ; ഞാൻ
  ജയ്യനല്ലിന്നോളമാർക്കുമാർക്കും.
പാണ്ഡവർക്കായിട്ടു കണ്ണനും കൂട്ടരും
  പാടെത്ര പെട്ടിട്ടുമിക്ഷണവും

കായും വയറുമായ്ക്കാട്ടിൽക്കിടന്നവർ
  കായും കിഴങ്ങുമേ തിന്നുന്നുള്ളു.
അന്നിത്യപ്പട്ടിണിക്കോലങ്ങൾ തന്നുടൽ
  ചെന്നായും നക്കുവാൻ ചെല്ലുന്നീല.

അച്ഛന്റെ നാട്ടിൽപ്പോയ് വാണീടാമാത്മജ,-
  ർക്കച്ഛനും വേണ്ടാത്തോൻ ധർമ്മപുത്രൻ.
കാട്ടിൽപ്പിറന്നവർ ; കാട്ടിൽ വളർന്നവർ ;
  കാട്ടിൽ മരിക്കുകിലാർക്കു ചേതം ?

മേളങ്ങളോരോന്നു കണ്ടീടാം കാലത്തു
  നാളെ"യെന്നിഷ്ടനോടോതി മന്നൻ,
കണ്ണനെക്കാലനെന്നോർത്തുകൊണ്ടർത്തനായ്-
  ത്തന്നുടെ മന്ദിരം നോക്കിപ്പോയാൻ.       92

                             III

ആരാജവീഥിയിൽപ്പുത്തനായ്പ്പുത്തനാ-
  യോരോരോ ഹർമ്മ്യങ്ങൾ കാൺകെക്കാൺകേ,
ഉൾത്താരിൽക്കൗതുകം കൈക്കൊണ്ടു കാർവർണ്ണൻ
  ക്ഷത്താവോടിങ്ങനെ ചോദ്യംചെയ്തു:--

"ആരുടെ ഗേഹമി" തോതിനാനദ്ദിവ്യൻ :
  "കൗരവൻ തന്നുടെ കേളിസൗധം.
ഒട്ടേറെദ്ദാമങ്ങളങ്ങയെബ്ബന്ധിപ്പാൻ
  പൊട്ടനിസ്സൗധത്തിൽ സൂക്ഷിക്കുന്നു.

ഹാ ! നിത്യമുക്തനാണങ്ങെന്നു കാണ്മീല
  ഹാനിയാൽ ഗ്രസ്തനാമന്ധപുത്രൻ.
ഭക്തിയാം രജ്ജുവാൽച്ചിത്തത്തിൽ ബന്ധിക്കാ-
  മുത്തമപൂരുഷനങ്ങെയാർക്കും ;

ആനന്ദധാമാവേ, പാടുപെട്ടീടുകി-
  ലാ നന്ദഗോപൻ തൻ ഗേഹിനിക്കും.
ഇങ്ങെഴും സാധ്വിമാർതൻ ഗളം വേർപെട്ട
  മംഗല്യസൂത്രങ്ങളഗ്ഗുണങ്ങൾ ;

താനും തൻ കൂട്ടരും കെട്ടിഞാന്നീടുവാൻ-
  താനവയിമ്മന്നൻ സംഭരിപ്പൂ.
മാരകനാകുവാനോർക്കുന്നു മാറ്റാർക്കു ;
  സൂരജൻ നില്പതോ തന്നെച്ചുറ്റി !"

ഓതിനാൻ നാഗാരികേതു: "ഞാൻ കാണുന്നു
  മേദിനീപാലൻ തൻ നാഗകേതു--
ഭീമന്റെ താതൻ തൻ സ്പർശത്തിലാടുന്നോ-
  രീമഹാസാമ്രാജ്യധൂമകേതു

രാജകബളനമാശിക്കും മന്നന്നു
  യോജിച്ചതേറ്റമീരാഹുചിഹ്നം,
കെട്ടട്ടെ തോഴരേ, കെട്ടട്ടെയെന്നെയ-
  ദ്ധൃഷ്ടനതാമെങ്കിൽ,ക്കാണാമല്ലോ.

പാറാവെൻ പട്ടടയാകുകിലെന്തു ? ഞാൻ
  പാറാവു പെറ്റവനല്ലീ പണ്ടേ ?
യർമ്മജദൂതനെയല്ലവൻ ബന്ധിപ്പൂ
  ഗർമ്മത്തെ--ഇജ്ജഗൽ പ്രാണൻ ധർമ്മം."

                                   IV

"ആരുടേതിസ്സൗധം ?" അപ്പുറം ചോദിച്ചു
  കാരണപൂരുഷ, നോതി ഭക്തൻ.
"വിശ്വാഭിശാസനഭാജനമായുള്ള
  ദുശ്ശാസനൻ തന്റെ ദുഷ്ടഗേഹം.

മാനത്തെബ് ഭഞ്ജിപ്പാനീമർത്ത്യരക്ഷസ്സി-
  ന്നാണെന്നും പെണ്ണെന്നും ഭേദമില്ല.
അന്നത്തെ രംഗം ഞാനോർക്കുന്നു, കൗരവ്യ-
  ദുർന്നയബീഭത്സനൃത്തരംഗം.

അംഗന, സോദരവല്ലഭ, പുഷ്പിണി-
  യിങ്ങനെയുള്ളോരു തത്ത്വമൊന്നും
അക്ഖലനോർത്തീല, സാധ്വിയാം കൃഷ്ണയെ-
  യഗ്രജവാക്യത്താൽത്തച്ചിഴയ്ക്കേ.

സ്ത്രീയുടെ വസ്ത്രത്തിൻ സ്രംസനം സംസത്തിൽ
  സ്ത്രീപെറ്റ പുരുഷനാരു ചെയ്യും ?
ഭ്രാന്തനിപ്പാപി പാഞ്ഞെന്നഴിച്ചീടുന്നോ
  ഗാന്ധാരിയമ്മതന്നംബരവും ?

ആ മാന്യ,, പാർഷതി, പാഞ്ചാലരാജാവിൻ-
  ഹോമാഗ്നി പെറ്റോരു ധൂമവല്ലി.
തീയുടെ പൈതലിൻ ചേലയിൽ കൈവച്ചോൻ
  തീതന്നെ തൊട്ടു കളിച്ചു നൂനം.

ഓരോരോ പട്ടമങ്ങേകിയതക്കൂട്ട-
  ർക്കോരോ ശവാംശുകമായി മാറും ;
ഓരോരൊ കണ്ണീരുമസ്സതി വീഴ്ത്തിയ-
  തോരോ തിലാഞ്ജലിയായിത്തീരും.

ഓതിനാൻ മാധവൻ : "പോക നാം മുന്നോട്ടി-
  പ്പാതകിതൻ ഗൃഹം വിട്ടു ദൂരെ ;
ഭീമഗദാമിഷം പെട്ടെന്നു തിന്മാനെ-
  ന്നോമനശ്ശസ്ത്രങ്ങളുൽ പതിപ്പൂ."

                            V

ചോദിച്ചു മറ്റൊരു സൗധം കണ്ടഗ്ഗൃഹ-
  മേതെന്നു ഭക്തനോടിന്ദിരേശൻ.
ഓതിനാൻ ദ്വൈപായാനാത്മജൻ : "അച്യുത,
  പൂതനാം ഭീഷ്മർതൻ പുണ്യഗേഹം.

കണ്ണന്റെ പേരിന്നു മേലില്ലദ്ദിവ്യന്നു
  കർണ്ണരസായനം മന്നിലൊന്നും.
ആ മഹാനങ്ങയെച്ചിന്തിക്കും നേരത്തു
  കോൾമയിർക്കൊള്ളുന്നു മേനി നീളെ.

സ്തോത്രങ്ങളോരോന്നു ചൊല്ലുന്ന നേരത്തു
  ഗാത്രത്തിൽക്കമ്പനം വാച്ചിടുന്നു.
വിസ്മരിച്ചീടുന്നു സർവവുമപ്പോഴാ-
  വിശ്രുതൻ, ത്വന്മയൻ, വിശ്വാത്മാവേ.

ആടുന്നു, പാടുന്നു, വീഴുന്നു, കേഴുന്നു,
  തേടുന്നു മേൽക്കുമേൽ ഭക്ത്യുന്മാദം ;
അമ്മട്ടിൽപ്പുത്രനെക്കാണുവാൻ പാഞ്ഞുപാ-
  ഞ്ഞമ്മയുമെത്തുന്നു കണ്ണിലൂടെ.

കേവലം ഭൂവിലപ്പാവനന്നൊപ്പമായ്-
  ത്താവകസേവകനേവനുള്ളൂ ?
എങ്കിലുമമ്മഹാൻ ഭാവിയിൽപ്പാണ്ഡവ-
  രങ്കത്തിലേർപ്പെട്ടാൽ ശത്രുപക്ഷ്യൻ.

തിന്നുന്ന ചോറ്റിന്നു നന്ദി താൻ കാട്ടാഞ്ഞാൽ
  സ്വർന്നദീപുത്രന്നു തുഷ്ടിയില്ല.
പാപിതന്നച്ഛനാണെങ്കിലുമന്ധനെ-
  യാപത്തിലെങ്ങനെ വിട്ടുമാറും ?

ഗാന്ധാരിതന്നുടെ കണ്ണിൽനിന്നശ്രുക്കൾ
  താൻ താഴെ വീഴ് വതു കണ്ടു നിൽക്കും ?
ബാലരാം പാർത്ഥരെയെങ്ങനെ കൊന്നിട്ട-
  ശ്ശിലവാൻ മറ്റൊരു കംസനാകും ?

അമ്പുകളെങ്ങനെയങ്ങയിലേല്പിച്ചു
  തൻ പൂജാബിംബം താൻ തച്ചുടയ്ക്കും ?
മുന്നോട്ടും പിന്നോട്ടും നീങ്ങുവാനാവാതെ
  നിന്നേടം നിൽക്കുന്നു നീതിനിഷ്ഠൻ.

ഹാ ! ധർമ്മസങ്കടമിത്രമേൽ വായ്പതി-
  ല്ലേതൊരു വീരന്നുമീരണത്തിൽ.
ആയുധം കൗരവർക്കായിട്ടു തൊട്ടാലു-
  മാശിസ്സു പാണ്ഡവർക്കേകിടുന്നു.

സ്വച്ഛന്ദമൃത്യു താനെങ്കിലുമാതിഥ്യ-
  മിച്ഛിപ്പീലിന്ദ്രനിൽനിന്നിപ്പോഴും ;
അല്ലെങ്കില്ലെങ്ങനെയങ്ങനെ വേർപ്പെട്ടു
  നല്ലവർ തേടീടുമന്യലോകം ?"        (192)

                               VI

ഭീഷ്മർ--ഹാ ! തന്നുടെ ഭീഷ്മർ--തൻ ദിവ്യമാം
  വേശ്മമതെന്നുള്ള വാക്കു കേൾക്കേ
മറ്റൊരു മട്ടായി മാനസം കണ്ണന്നു ;
  തെറ്റെന്നു തിങ്കളായ്ചചെന്തീ മാറി.

വാരൊളിപ്പൂമേനി കോരിത്തരിക്കവേ,
  തേരിൽനിന്നുത്ഥാനംചെയ്തു ചെമ്മേ,
ഓരോരോ സംഭവമോർക്കവേ മേൽക്കുമേൽ
  ധാരയായ്പ്പായുന്ന കണ്ണുനീരാൽ

ചേണുറ്റ പൂണാരം മാർത്തട്ടിൽ ചാർത്തിക്കൊ-
  ണ്ടാനന്ദവിഗ്രഹനേവമോതി :--
"നൂനമങ്ങെൻ മാർഗ്ഗദർശിതാൻ തോഴരേ !
  കാണേണ്ടതിപ്പോൾ ഞാൻ കണ്ടുവല്ലോ.

ആയില്ല ഭാഗ്യവും ഞാനുമായ് വിശ്ലേഷം ;
  പോയില്ലെൻ കണ്ണിന്റെ പൂർവപുണ്യം.
ഈ മണൽക്കാട്ടിലുമൽഭൂതമിത്തരം
  പൂമലർക്കാവൊന്നു വായ്ക്കുന്നല്ലോ ;

ഇദ്ദുഷ്ടരാക്ഷസസ്ഥാനത്തിലുമൊരു
  സിദ്ധന്റെയാശ്രമം മിന്നുന്നല്ലോ.
രാജർഷേ, ഗംഗേയ, വെന്നാലുമങ്ങുതാ-
  നാജന്മപാവനർക്കഗ്രഗണ്യൻ.

ഭശേന്നു ശൂൽക്കമായുച്ചത്തിൽ മുന്നമ-
  ങ്ങാശകളൊക്കയും ഞെട്ടുംവണ്ണം,
മാനിച്ചു ചെയ്തോരു സത്യത്തിൻ നിർഘോഷം
  മാറ്റൊലിക്കൊള്ളുന്നു മന്നിലിന്നും.

ഭർഗ്ഗൻ തൻ കൺതീയിൽ ഭസ്മമായ്പ്പോകിലും
  ചിക്കെന്നുവീണ്ടും പോന്നുജ്ജീവിക്കെ
ആ മഹായോഗിയെക്കൊണ്ടു തൻ പാതിമെയ്
  കാമിനിക്കേകിച്ചു കാമദേവൻ.

താതൻ തന്നാജ്ഞയാൽ സർവവും സന്ത്യജി-
  ച്ചേതിനും സജ്ജനായ് രാമചന്ദ്രൻ
കാനനം പൂകിനാ, നെങ്കിലുമങ്ങുതൻ
  ജാനകിയെക്കൂടിക്കൊണ്ടുപോയാൻ.

മാന്മിഴിമാരുടെ ചിന്തയും മർത്യർക്കു
  തേന്മഴ പെയ്യുന്നു ചേതസ്സിങ്കൽ.
'സ്ത്രീ' യെന്നൊരച്ചെറുശബ്ദത്തിലില്ലാത്ത
  പീയൂഷം കർണ്ണങ്ങൾക്കേതു വേറേ ?

യാഗങ്ങളെന്തിന്നു ചെയ്യുന്നു മാനുഷർ ?
  നാകത്തിലപ്സരസ്ത്രീകൾ പുൽകാൻ.
അങ്കത്തിലെന്തിന്നു ചാകുന്നു ? കണ്ഠത്തിൽ
  വിൺ കയൽക്കണ്ണിമാർ മാല ചാർത്താൻ !

ആ മട്ടിൽ ശ്രുത്യംബകൂടിയും കമ്രമാം
  കാമത്തെത്തൻ മുന്നിൽ ക്കാട്ടിക്കാട്ടി
ധർമ്മത്തിൻ പാതയിൽ സഞ്ചരിപ്പിക്കുന്നു
  ശർമ്മത്തെയാശിക്കും സർവരേയും.

അങ്ങനെ മായയിൽ മുങ്ങിന മന്നിതി-
  ലങ്ങമ്പോ ! മേലത്തേസ്സാർവ്വഭൗമൻ,
രാജശ്രീ വേണ്ടെന്നു വെച്ചതൊരാശ്ചര്യം ;
  സ്ത്രീജയം ചെയ്തതൊരത്യാശ്ചര്യം.

തന്മിഴിഷ്ഷെല്ലിനാൽ ത്രൈലോക്യം വെല്ലുന്ന
  പെണ്മണിമാരുടെ മധ്യത്തിങ്കൽ
നിത്യോർധ്വരേതസ്സായ് നിൽക്കുന്നുണ്ടങ്ങിന്നും
  നിസ്സംഗൻ, നിഷ്ക്കാമൻ, നിർവികാരൻ.

അമ്മയായ്-അല്ലെങ്കിൽ പെങ്ങളായ്-അല്ലെങ്കിൽ
  തന്മകളായ്-മാത്രം കണ്ടിരിക്കാം,
അല്ലാതെ മറ്റൊരു ഭാവത്തിലങ്ങേതു
  നല്ലാരെക്കാണ്മാനുമന്ധനല്ലോ.

അംഗന കാല്പിടിച്ചർത്ഥിച്ചു നിന്നാലും
  തൻ ഗുരു കോപിച്ചു ശാസിച്ചാലും,
തായ താൻ നേർന്നാലും, താവകസത്യോക്തി
  മായാപിതാമഹരേഖതന്നെ.

എന്നാളുമസ്സത്യം നിർവിഘ്നം കാക്കുമ-
  ങ്ങെന്നുടെ സത്യം ഞാൻ ലംഘിച്ചാലും
സ്രഷ്ടാവിൻ നെറ്റിയിൽക്കൂടിയുമിന്നപ്പോൾ-
  പ്പെട്ടുപോം താനെന്നു ലേഖ്യം കാണും.

കല്പന കൂടാതെ കാലന്നു തൊട്ടീടാ-
  നല്പവുമാവാത്തതങ്ങു മാത്രം
കാർമ്മുകപാണികൾക്കൊക്കയും നേതാവായ്,
  ധാർമ്മികർക്കേവർക്കും ദേശികനായ്,

ആചാരശ്ലക്ഷ്ണനാ,യദ്ധ്യാത്മവേത്താവായ്-
  പ്പൂജാർഹനാരുണ്ടിന്നങ്ങേപ്പോലെ ?
കൗരവമന്നർക്കു മാത്രമ, ല്ലങ്ങോർത്താൽ
  ഭാരതർ ഞങ്ങൾക്കുപോലുമല്ല,

കേവലമീരേഴുലോകത്തിൽ ജാതരാ-
  മേവർക്കും മുത്തച്ഛനേതുകൊണ്ടും.
അങ്ങയാൽ ധന്യമായ് ചന്ദ്രൻ തന്നൻവയ-
  മങ്ങയാൽപ്പൂതനായ് ഭൂതധാത്രി,

അങ്ങയാൽ സംസ്ക്കാരസമ്പന്നരായ് ലോക-
  രങ്ങയാൽ ദക്ഷമായ് ധാതൃപാണി.
പാവനി ഗംഗയ്ക്കും വീരസുകീർത്തിയാൽ
  ധവള്യം വായ്പിക്കും ത്യാഗമൂർത്തേ,

ശിഷ്ടരിൽ ശിഷ്ടനാമങ്ങേയ്ക്കെൻ കൂപ്പുകൈ,
  നിഷ്ഠൂരനൈഷ്ഠികബ്രഹ്മചാരിൻ.
ശസ്ത്രമങ്ങേന്തുന്നു ശത്രുക്കൾക്കെന്നോർത്തു
  വിത്രസ്തരാകുന്നീലേതും ഞങ്ങൾ ;

മാനസം ഞങ്ങൾക്കു തന്നുപോ,യങ്ങതിൽ
  ബാണങ്ങളേല്പിച്ചാലാർക്കു ഖേദം ?
അങ്ങയെക്കൂടിയും വെന്നുവെന്നുള്ള പേ-
  രങ്ങയാൽ നേടട്ടെ പാണ്ഡവന്മാർ."        280

                                VII

അമ്മട്ടിൽ സൗധങ്ങളോരോന്നു നോക്കിയും,
  നർമ്മങ്ങളോരോന്നു സല്ലപിച്ചും,
തേരിങ്കൽ പ്പോയിടും ദേവനും ക്ഷത്താവും
  ദൂരത്തൊരേടത്തു ചെന്നുചേർന്നു.

തൻപുരോഭാഗത്തിൽക്കാർവർണ്ണനങ്ങൊരു
  മൺപുര നില്പതു കണ്ടാൻ ചാരേ,
കൃത്രിമമോടികൾ യാതൊന്നും കൂടാതെ
  സത്യത്തിൽ വിശ്രമസ്ഥാനം പോലെ.

അച്ചെറുപുലക്കുടിൽതന്നിലാണാര്യനാ-
  യച്യുതഭക്തനായ്, ശാന്താത്മാവായ്,
പാവിതലോകനായ്, വാഴ് വതാ വിജ്ഞനാം
  ശ്രീവിദുരാഭിധൻ, ജീവന്മുക്തൻ.

ഏതൊരു ഗേഹമതെന്നജൻ, സർവ്വജ്ഞൻ,
  ചോദിച്ചു ജിജ്ഞാസുവെന്നപോലെ,
പുഞ്ചിരി തഞ്ചിന ചെഞ്ചൊടി തോഴർതൻ
  നെഞ്ചകം വഞ്ചനം ചെയ്തുനിൽക്കേ.

ഓതിനാൻ ധർമ്മാത്മാ "വെന്നെയുമിങ്ങനെ
  ശോധിപ്പതെന്തിനെന്നന്തര്യാമിൻ ?
വസ്തുക്കളേറിയാൽത്തന്നുടേതേതെന്നു
  സശ്രീകന്നോർക്കുവാൻ സാധ്യമല്ല ;

അങ്ങെന്നും വാണീടുമിഗ്ഗൃഹമല്ലെങ്കി-
  ലങ്ങയാൽ വിസ്മൃതമായതെന്തേ ?
മായയാം മാറാല മാറിപ്പോ,യങ്ങയെ
  സ്വീയമാം രൂപത്തിൽക്കണ്ടുപോയ് ഞാൻ.

ഭാവൽകല്ലാതെയെന്തുണ്ടിപ്പാർത്തട്ടിൽ
  സ്ഥാവരജംഗമസഞ്ചയത്തിൽ ?
ആദിത്യനങ്ങേക്കൈ കത്തിക്കും പൊൽത്തിരി ;
  വാർതിങ്കൾ മാൺപെഴും മന്ദഹാസം ;

താരങ്ങളാനന്ദക്കണ്ണുനീർത്തുള്ളിക-
  ളീരേഴുലോകവും ക്രീഡാവസ്തു.
ഉണ്ണികൾതൻ കളിയുള്ളം കുളിർപ്പിച്ചു
  ധന്യനായ്ത്തീരാത്ത താതനുണ്ടോ ?

പിഞ്ചിളം പൈതങ്ങൾ ഞങ്ങളോടങ്ങച്ഛൻ
  കൊഞ്ചിടും കൊഞ്ചലീലോകതന്ത്രം.
പാടിയുമാടിയും ചാടിയുമോടിയും
  കാടുകൾ കാട്ടുമിക്കുട്ടികളെ

വാടിന മെയ്യുമായ്ക്കാണവേ വന്നങ്ങു
  വാരിയെടുത്തണച്ചുമ്മവയ്പൂ.
പൊങ്ങുന്ന നേരത്തു പൊങ്ങുന്നു ഞാനങ്ങേ-
  പങ്കജച്ചെങ്കഴൽ പറ്റിപ്പറ്റി ;

വീണിടും നേരത്തു വീഴുന്നു ചെന്നങ്ങേ-
  ച്ചേണുറ്റ തൃക്കൈയിൽത്തെറ്റിത്തെറ്റി.
ആത്മാവു പുത്രനെന്നോതുന്നുണ്ടാമ്നായ,-
  മാത്മജരങ്ങേയ്ക്കു ഞങ്ങളെല്ലാം ;

അച്ഛനോടൊപ്പമാം മക്കളെന്നുള്ളതു
  നിശ്ചയം, വിത്തുകൽ വൃക്ഷം പോലെ.
അങ്ങയെ മാത്രമേ കാണുന്നതുള്ളൂ ഞാ-
  നെങ്ങനെയെങ്ങോട്ടു നോക്കിയാലും.

കാണിപ്പതങ്ങുതാൻ, കാണുന്നതങ്ങുതാൻ,
  കാഴ്ചയുമങ്ങുതാൻ കാരണാത്മൻ.
ഏതൊരു മൺതരി വൈകുണ്ഠമല്ലങ്ങേ,-
  യ്ക്കേതൊരു നീർത്തുള്ളിയാഴിയല്ല ?

ഏതൊരു നാളിലില്ലേതൊരു നാട്ടിലി-
  ല്ലേതൊരു വസ്തുവിലെൻപുരാനേ ?
ഭൂതവും ഭാവിയുമില്ലാത്ത കാലമ-
  ങ്ങാദിയുമന്തവുമറ്റ രൂപം ;

ജന്മവും മൃത്യുവുമേലാത്ത ജീവിതം ;
  നന്മയും തിന്മയും വിട്ട ഭാവം.
കർമ്മമെന്നങ്ങയെ വാഴ്ത്തുന്നു കർമ്മഠർ ;
  ബ്രഹ്മമെന്നോർക്കുന്നു മാമുനീന്ദ്രർ ;

പ്രേമമെന്നോതുന്നു ഭക്തർ ; അങ്ങേതും താൻ ;
  നാമത്തിന്നങ്ങേയ്ക്കു സീമയുണ്ടോ ?
അങ്ങയെയെന്നിലു, മങ്ങയിലെന്നെയു-
  മങ്ങേക്കണ്ണെൻ കണ്ണായ്ക്കണ്ടുനിൽക്കെ,

ഞാനെന്നൊന്നങ്ങൊഴിഞ്ഞില്ലതാൻ ; അല്ലാതെ
  ഞാനെന്നൊന്നുണ്ടെങ്കിൽ ഞാൻ താനങ്ങും.
അങ്ങയെ ഞാനെന്നു ചൊല് വതിൽച്ചേർച്ചയി-
  ല്ലങ്ങല്ല, ഞാനല്ല,ങ്ങന്യനല്ല ;

ഒക്കയും തീർക്കുന്ന, തൊക്കയും കാക്കുന്ന-
  തൊക്കെയും മായ്ക്കുന്നതൊപ്പമേതോ ?
പാദജനെന്നെന്നെച്ചൊല് വതു നേരെങ്കിൽ
  പാദം ഹാ ! ഭാവൽകമന്യരേക്കാൾ,

ചിന്മാത്രമൂർത്തേ, ഞാനാശ്രയിച്ചീടുവാൻ
  ജന്മാവകാശി താൻ ; തെറ്റെന്തുള്ളൂ ?
എത്രമേൽ മേന്മയപ്പാദത്തിന്നുണ്ടെന്നു
  സത്യത്തിലോതാൻ ഞാൻ ശക്തനല്ല.

ചേലാർന്ന നേർവഴി ഭക്തർക്കു കാട്ടുന്ന
  ബാലാർക്കൻ തൻ ബിംബമാണപ്പാദം ;
ആദിതേയാധിപൻ ചൂടുന്ന പൊന്മുടി
  പാദുകയാകുന്നതാണപ്പാദം ;

എന്മഹിയമ്മതൻ ചെന്തളിർക്കൈക്കൊണ്ടു
  സംവാഹനം ചെയ് വതാണപ്പാദം ;
ത്രൈവിക്രമാവസ്ഥ വാമനമൂർത്തിക്കു
  കൈവളർത്തീടിനതാണപ്പാദം,

വിൺപുഴയാകുന്ന നന്മധുവൂറുന്ന
  സംഫുല്ലസാരസമാണപ്പാദം ;
പാടുപെട്ടീശാനനാരാഞ്ഞു നോക്കീട്ടും
  ചോടെങ്ങും കാണാത്തതാണപ്പാദം ;

കാളിയൻ തൻ ഫണമാണിക്യരംഗത്തിൽ-
  ക്കേളികളാടിയതാണപ്പാദം ;
അക്കഴൽ കുമ്പിട്ടു ചോദിപ്പാനങ്ങേവി-
  ട്ടിക്കുപ്പമാടത്തിന്നീശനേവൻ ?"        (372)

                                    VIII

അഞ്ജനവിഗ്രഹനാ വാക്കു കേലക്കവേ
  പുഞ്ചിരി പിന്നെയും പൂണ്ടു ചൊന്നാൻ :
മാനുഷനല്ലേഞാൻ ? മാപ്പേകൂതോഴരെ
  "മാനുഷരോർമ്മകേടുള്ളോരല്ലേ ?

അങ്ങുമീ ഞാനുമായല്പവും ഭേദമി-
  ല്ലങ്ങു ഞാൻ തന്നെ ; ഞാനങ്ങും തന്നെ.
അങ്ങയിൽ വാഴ് വൂ ഞാ,ങ്ങിതിൽ ; പിന്നെയി-
  തെങ്ങനെയെന്മണിമേടയല്ല ?

വന്നു ഞാനുണ്ണുവാനത്താഴമെൻ വീട്ടി-
  ലന്യാന്നഭക്ഷകനല്ലല്ലോ ഞാൻ.
സ്നേഹിത, ചെല്ലാം നാമുള്ളിലെ,യ്ക്കങ്ങെനി-
  ക്കാഗന്തു ; ഞാനങ്ങേയാതിഥേയൻ.

പാദജൻ പോലുമ,ങ്ങിപ്പരബ്രഹ്മത്തിൻ
  പാദവും ശീർഷവുമാരു കണ്ടു ?
യാതൊരു മൂർത്തിയുമില്ലാത്ത സത്തയെ
  'നേതി' യെന്നാം മട്ടുമോതിയോതി,

പോരാതെ പൂരുഷരൂപത്തിൽക്കാട്ടുന്നു
  വേറിട്ടുപോംവഴി വിട്ട വേദം.
മിഥ്യാഭിമാനത്താൽ മാനുഷരാവാക്യം
  തത്ത്വാവബോധകമെന്നു നണ്ണി,

നിത്യവും തേടുന്നു മത്സരം--എല്ലാമൊ-
  രർത്ഥാലങ്കാരോക്തി ചെയ്ത ചെയ്തി.
സത്യത്തിൽ മാനുഷരേവരുമൊന്നു താൻ ;
  വ്യക്തികൾ വാസനാമാത്രഭിന്നർ ;

ആദിത്യമണ്ഡലം പാരെങ്ങും വർഷിക്കു-
  മേതൊരു രശ്മിയുമേകരൂപം.
പാദജനാണെങ്കിലാകട്ടെ ; തോഴര--
  പ്പാദത്തിൻ മാഹാത്മ്യം കണ്ടറിഞ്ഞോൻ.

നിശ്ചയം ഗംഗതൻ ഭ്രാതാവു താങ്ങു
  വിശ്രുതചാരിത്രൻ, വിദ്യാവൃദ്ധൻ ;
ശ്രീശുകബ്രഹ്മർഷിശ്രേഷ്ഠന്നുമഗ്രജൻ ;
  ഭീഷ്മർക്കു യൊജിച്ച കാരണവൻ.

അങ്ങയാൽക്കാലൻ തൻ സോദരി കാളിന്ദി
  മംഗലഗംഗയായ് മാറിടുന്നു ;
അന്ധനാം മന്നൻ തൻ താമസമാനസ-
  മിന്ദുവിൻ ബിംബമായ് ത്തീർന്നിടുന്നു

അൻപിലിക്കൃഷ്ണനാം ഞാനുമിന്നങ്ങേക്കൈ
  വെൺപട്ടു ചാർത്തിച്ച രാമനേട്ടൻ.
നീതിയാം ഗൗരിതൻ നീഹാരശൈലമേ,
  സാദരമങ്ങേയ്ക്കെൻ ധന്യവാദം.        (412)

                                       IX

"സാമ്പ്രതമാനീതിദേവതതൻ ചൊല്ലു-
  മാംബികേയാത്മജൻ കേൾപ്പീലല്ലോ.
ഏതും ഞാൻ ശക്തനെന്നോർപ്പീലദ്ദുഷ്ടനെ-
  ദ്ദൂതിനാൽ മര്യാദക്കാരനാക്കാൻ.

സ്വല്പവും ബുദ്ധിയുണ്ടെങ്കിൽ ഞാൻ ചെയ്യേണ്ട
  നിഷ്ഫലമാകുമിസ്സന്ധിയത്നം.
എന്നാലും ശക്യമാമുദ്യമമാവോള-
  മെന്നാളും കർത്തവ്യമല്ലീ നമ്മാൽ,

പോരെന്ന പേയുടെ ഘോരമാം വായിലി-
  പ്പാരിടം കൈതെറ്റി വീണിടായ് വാൻ ?
പറ്റിയാൽപ്പറ്റി ; നാം ലോകത്തിൻ ദൃഷ്ടിയിൽ-
  ത്തെറ്റുകാരല്ലല്ലോ ചെറ്റും പിന്നെ.

ശോണിതസിന്ധുവിൽ മജ്ജനംചെയ്തിട്ടു
  വേണമീയൂഴിതൻ പങ്കം നീങ്ങാൻ ;
എന്നാലതാവട്ടെ ;യെങ്ങനെയെങ്കിലും
  വെന്നാവൂ ധർമ്മം താൻ വിശ്വാധാരം.

ഹിംസയെ മറ്റൊരു പോംവഴി കാണാഞ്ഞാൽ
  ഹിംസനം ചെയ് വതു ഹിംസയല്ല ;
ഹിംസയ്ക്കു കീഴ്പെടുമേതൊരഹിംസയും
  ഹിംസതൻ പര്യായശബ്ദം മാത്രം.

ഭീഷ്മരും ദ്രോണരും കർണ്ണനും ശല്യരു-
  മൂഷ്മളവീര്യനാം ദ്രൗണിതാനും
ചൊല്പടി നിൽക്കുന്ന കൗരവനിങ്ങനെ
  മപ്പടിച്ചാർപ്പതിലെന്തു ചിത്രം ?

ഭൗതികശക്തിതൻ പര്യാപ്തികൊണ്ടവ-
  നേതിനും തയ്യാറായ് നിന്നിടുന്നു.
ഒന്നുണ്ടോരൂനമെന്നോർക്കുന്നതില്ലവൻ-
  തന്നുടെ പക്ഷത്തിലല്ല ധർമ്മം.

കേവലമായതു കൈവിട്ടോരക് ഖലൻ
  പീവരമാമൊരു വയ്ക്കോൽപ്പന്തൽ ;
എങ്ങനെ ജൃംഭിച്ചു നിൽക്കിലും തച്ഛക്തി
  മംഗല്യം വേർപെട്ട മങ്കമാത്രം.

തൻ ഗ്രാമം സർവവും വേണ്ടോരാ ലുബ്ധന്നു
  സംഗ്രാമം നൽകാനേ സാധ്യമാകൂ.
എത്രനാൾ ധർമ്മത്തെ ദ്രോഹിക്കും ദുർവൃത്തൻ
  മിത്രനെക്കൂരിരുട്ടെന്നപോലെ ?

ആയുധം തൊട്ടിടേ,ണ്ടാർഭാടം കാട്ടിടേ-
  ണ്ടായോധനത്തിന്നു കോപ്പിടേണ്ട ?
എങ്ങതു നിൽക്കുന്നു സാമ്രാജ്യലക്ഷ്മിയെ-
  യങ്ങുതാൻ ചേർത്തിട്ടേ നീങ്ങൂകാലം.        (452)

                                       X

"പോകട്ടെയാവക ചിന്തകൾ ദൂരത്തു ;
  വേഗത്തിലത്താഴമുണ്ടിടാം നാം ;
ചീളെന്നു നിദ്രയെക്കൈക്കൊള്ളാം ; നീളട്ടെ
  നാളത്തെക്കാര്യങ്ങൾ നാളെയോളം.

കള്ളമല്ലേതും ഞാൻ ചൊൽ വതു, തീയെന്റെ
  പള്ളയിൽ മേൽക്കുമേൽക്കുത്തിടുന്നു ;
താണ്ഡവമാടുന്നു ധാടിയിലങ്ങതു
  ഖാണ്ഡവക്കാട്ടിൽ പ്പണ്ടെന്നപോലെ.

ഞാനൊരു സാപ്പാട്ടുരാമനെന്നുള്ളതു
  നൂനമെൻ തോഴർതൻ പത്നിയോർക്കാം ;
അന്നല്ലാർ നൽകിടും പാലിന്നു തൈരിന്നും
  വെണ്ണയ്ക്കും സ്വാദൊന്നു വേറേതന്നെ.

അല്പവും ശങ്കയില്ലർപ്പിക്കുമസ്സതി-
  യപ്പവും വത്സനും പായസവും
ഭക്തപ്രിയാഭിധയുണ്ടെനിക്കായതു
  ഭക്തത്തിൽ പ്രീതിയാൽ വന്നതത്രേ.

ഊറുന്നു വെള്ളമെൻ നാവിൽ, ഞാനുൾത്തട്ടിൽ-
  പ്പേറുന്നു വൻ കൊതി ഭുക്തി ചെയ് വാൻ
നിൽക്കട്ടെ ദൂരത്തു ദൂതിന്റെ ചിന്തയാം
  സ്വർഗ്ഗത്തെക്കട്ടുറുമ്പൊട്ടുനേരം."

വഞ്ചനമാനുഷനിമ്മട്ടിൽ വാക്കോതി-
  യഞ്ചിതവക്ത്രനായ്ത്തോഴരോടും
അർഘ്യപാദ്യാദികൾ കൈക്കൊൾവാൻ വാതിൽക്കൽ
  നിൽക്കാതെ പാഞ്ഞെത്തി തൽഗൃഹത്തിൽ.

നേരുതാൻ ചൊന്നതു ; തീയുമുണ്ടക്കുക്ഷി
  പേറിടും ബ്രഹ്മാണ്ഡഭാണ്ഡത്തിങ്കൽ.
ഭക്തർക്കു നിത്യാമൃതാർപ്പണം ചെയ് വോന-
  ബ് ഭക്തനിൽ നിന്നമൃതാദാതാവായ്

അങ്ങരുളീടവേ തുഷ്ടമായ് തെല്ലൊന്നു
  തൻ കടം വീട്ടിയപോലെ വിശ്വം.
അല്പമായ്പ്പിന്നെയും സല്ലപിച്ചപ്പുറം
  തല്പത്തെ പ്രാപിച്ചാൻ സാരസാക്ഷൻ,

ഭദ്രയാമിന്ദിരയീർഷ്യയിൽ നോക്കുന്ന
  നിദ്രയാലാലിംഗിതാംഗനായി.
ശേഷമെന്തോതേണ്ടൂ ? ചെറ്റപ്പായൊന്നന്നു
  ശേഷനായ്ത്താങ്ങിപോൽചിൽ പുമാനേ.        (488)



ചപ്പും ചിപ്പും

[തിരുത്തുക]

ഇന്നു നാം 'ചപ്പും ചിപ്പും' എന്നോതും പദാർത്ഥങ്ങ-
  ളൊന്നിനും കൊള്ളുന്നതല്ലെന്നല്ലീ നിനയ്ക്കുന്നു ?

വ്യർത്ഥമായൊന്നും തന്നെ വിശ്വത്തിലില്ലെന്നുള്ള
  തത്വം നാം ധരിക്കാതെ വാഴ് വതാണതിൻ മൂലം.

സദ്യസ്തമാവാം നേട്ടമൊന്നിൽനി,ന്നന്യത്തിൽ നി-
  ന്നുത്തരക്ഷണത്തിങ്കലായിടാം പ്രയോജനം.

"ഇന്നത്തേപ്പൂജാസുമം നാളത്തേപ്പാഴ് നിർമ്മാല്യ-
  മിന്നത്തേക്കോടിച്ചേല നാളത്തെപ്പഴന്തുണി ;

ഇന്നത്തേപ്പൊന്നിൻ മേട നാളത്തേശ്ശവക്കോട്ട-
  യിന്നത്തെയാഗന്തുകൻ നാളത്തേത്തിരസ്കൃതൻ."

എന്നു നാമോർത്തെന്തിന്നു മാഴ്കുന്നു ? കണ്ടീടാമുൾ-
  ക്കണ്ണിനാൽ നോക്കുന്നേരം കാഴ്ചയെന്നാർക്കും വേറെ.

ഇന്നത്തേക്രീഡാരാമമിന്നലെഗ്ഘോരാരണ്യ-
  മിന്നത്തേപ്പുഞ്ചപ്പാടമിന്നലെക്കൊടുങ്കായൽ ;

ഇന്നത്തേ മുക്താരത്നമിന്നലെപ്പയോബിന്ദു-
  വിന്നത്തേപ്ഫലപ്രാപ്തിയിന്നലെ സ്വപ്നഭ്രമം,

മൃത്യുവിന്നാണെങ്കിലെ,ന്തായിക്കൊള്ളട്ടേ ജന്മം ;
  മൃത്യുവും ജന്മത്തിനാണെന്നില്ലേ സമാധാനം ?

പുത്തനാമോരോതരം വസ്തുവായ് പ്രകാശിപ്പൂ
  ചത്തുപോയെന്നോർത്തു നാം ദു:ക്ഷിക്കും സമസ്തവും.

പാരിടം ശ്മശാനമ,ല്ലായതിന്നടിക്കു നാം
  ചാരുവാമേതോ ശില്പശാലയൊന്നത്രേ കാണ്മൂ ;

അങ്ങൊളിഞ്ഞേതോ ശക്തി വായ്പതുണ്ടെല്ലാറ്റിനും
  മംഗളം വളർത്തുവാൻ മഞ്ജുളക്കായ്യും നീട്ടി

പേർത്തുമക്കരം നഞ്ഞാൽത്തീർക്കുന്നു സിദ്ധൗഷധം ;
  കൂർത്തമുള്ളിനെജ്ജപാസൂനമായ് വിടിർത്തുന്നു ;

കൈപ്പിൽനിന്നുണ്ടാക്കുന്നു മാധുര്യം ; നാറ്റത്തിൽനി-
  ന്നുത്ഭവിപ്പിച്ചീടുന്നു സൗരഭ്യം വിശ്വോത്തരം.

തങ്കമായ്,ത്തുരുമ്പിച്ച ലോഹത്തെ മാറ്റീടുന്നു ;
  തങ്കത്തെയൂതിക്കാച്ചിപ്പണ്ടങ്ങൾ നിർമ്മിക്കുന്നു ;

ആ മനോഹരങ്ങളാം ഭൂഷണങ്ങളെക്കൊണ്ടു
  ഭൂമിതൻ പൂമേനിക്കു സൗഭഗം പുലർത്തുന്നു

ചേലിലക്കയ്യിൽച്ചെന്നു വിശ്രമം കൊൾവാൻ ഹംസ-
  തൂലശയ്യയിൽപ്പോലെ, പോകുന്നു ജീവാത്മാക്കൾ ;

വേഷമാം നേപഥ്യത്തിൽ മാറ്റിക്കൊണ്ടെത്തും വീണ്ടും
  ശേഷവും കഥാഭാഗമാടുവാനാനർത്തകർ.

ഇന്നത്തേച്ചപ്പും ചിപ്പുമില്ലാഞ്ഞാൽ നമുക്കെല്ലാം
  പിന്നത്തേക്കൃഷിക്കേതു ദോഹളം ഭ്രാതാക്കളേ ?

ചപ്പുചിപ്പാണെന്നോർത്തു തള്ളുവാൻ പാടില്ലൊന്നും ;
  ചപ്പുചിപ്പിൽനിന്നത്രേ സംഭൂതി സർവത്തിനും.        (40)


1. നിച്ചലും കാണ്മതുണ്ടെത്രയോ പേരെ നാ-
      മുച്ചസ്ഥരാകുന്നതൊട്ടുനേരം,

    ലീലയിൽ ദൈവമൊന്നൂതുമ്പോൾപ്പൊങ്ങുന്ന
      തൂലത്തിൻ തുണ്ടുകളെന്നപോലെ.

    "അമ്പെടാ ! ഞാനേ ഞാൻ !!" എന്നവരപ്പോള-
      ക്കൊമ്പത്തിരുന്നു ഞെളിഞ്ഞീടുന്നു.

    കണ്ണിന്നു കാഴ്ചകേ,ടുള്ളിന്നു വിസ്മൃതി ;
      ചൊന്നാലതുന്മദ,മല്ലുന്മാദം.

2. എന്തിനിക്കുന്തിച്ചുനിൽക്കലെൻഭ്രാതാവേ,
      രണ്ടുമൂന്നങ്ഗുലം പൊങ്ങാൻ മാത്രം ?

    നീരദമേചകകൗശേയം ചാർത്താമോ ?
      താരകപ്പൊന്മുടി ചൂടിടാമോ ?

    വാനവർകോനുമായ് സല്ലാപം ചെയ്യാമോ ?
      വാണിതൻ കാന്തനെദ്ദർശിക്കാമോ ?

    നിൻ കുതികാലിന്നു കോട്ടമുണ്ടെന്നല്ലീ
      ശങ്കിച്ചുപോകുന്നു കണ്ടുനില്പോർ ?

3. ഉത്തമസർവനാമോക്തികൊണ്ടല്ലാതെ
      മധ്യമരാവില്ലീ മന്നിലാരും ;

    ആ മൊഴി വായിൽനിന്നെപ്പൊഴോ വീഴുന്നു;
      പൂമകൾ വീഴുന്നു കൂടെയപ്പോൾ.

    വീരന്നു വായ്ക്കകത്തല്ല തൻ വെറ്റിവാൾ ;
      നേരിന്നു പൊയ്ക്കാലിൽ നിന്നീടേണ്ട ;

    നൃത്തത്തിൽ പാടവം വേഷത്തിൽ വായ്പീല ;
      സിദ്ധികൾ കാട്ടുവാൻ കൊട്ടു വേണ്ട.

    ഒച്ചവച്ചോതീട്ടു കാര്യമി ; ല്ലത്രയ്ക്കു
      സജ്ജനത്തിൻ ചെവി പൊട്ടയല്ല.

    തൻ കഥ താൻ തന്നെ ചൊല്ലിയുമാടേണ്ട !
      വങ്കരല്ലത്രയ്ക്കു ദർശകന്മാർ.

    എത്രയും ലോകത്തിന്നുദ്വേഹേതുക-
      മൗദ്ധത്യം--ഹൃത്തിലേക്കുഷ്ഠരോഗം.

4. മേലോട്ടു പൊക്കിന പാണിക്കു വീഴ്ത്തിടാം
      കീഴോട്ടുമെന്നുള്ളതോർത്തിടാതെ.

    എന്തിനിപ്പൊങ്ങച്ചപ്പേക്കൂത്തു ചങ്ങാതി ?
      നിൻ തല നിന്നോട്ടേ നിൻ കഴുത്തിൽ.

    നിന്നെക്കാളെത്രയോ കേമത്തം വാച്ചവർ
      മണ്ണോടു മണ്ണായി മാഞ്ഞോരില്ലേ ?

    പൗരുഷം--കാണുന്നോ നീയലെക്സാൻഡറെ ?
      ച്ചാരുത--കാണുന്നോ നൂർജിഹാനെ ?

5. മാഹാത്മ്യം വാഴ് വതു മാളികയ്ക്കുള്ളിലും,
      മാനിനിതൻ വൈരമാലയിലും,

    സ്ഥനമാനാദികസമ്പത്തിലുമല്ല ;
      ഞാനെന്നഭാവത്തിൻ നാശമൊന്നിൽ.

    നക്ഷത്രമെണ്ണിയും മേൽക്കുമേൽ വാനത്തു
      ലക്ഷക്കണക്കിന്നു കോട്ടതീർത്തും

    വാഴുകിലെന്തായി ? താഴോട്ടുനോക്കി നീ-
      യൂഴിയെക്കൂപ്പൂ നിൻ തായയാളെ.

6. നമ്രതേ, നിന്നെ ഞാനാശ്രയിച്ചീടുന്നു
      ജന്മം കൃതാർത്ഥമായ്ത്തീർന്നുകൊൾവാൻ.

    ഇമ്മഹിയിങ്കൽ ഞാൻ കാണ്മോളം മാനുഷ-
      ർക്കമ്മതാൻ കല്യാണകാമധേനു.

    എന്നുടെ ഭൂതവും ഭാവിയും കാട്ടുന്ന
      പൊന്നൊളിക്കണ്ണാടിയമ്മ നൽകും ;

    ഞാൻ മറന്നീടുകയില്ലതു നോക്കുമ്പോൾ
      ത്താഴ്മതാൻ മേന്മയെന്നുള്ള തത്വം.

7. കല്ലോലമില്ലാത്തോരാഴിയാമെന്മനം ;
      സ്വർല്ലോകം വേണ്ടാത്തതാമെൻ യാഗം ;

    മൗനത്താൽ വാഗ്മികൾക്കഗ്രിമനാകും ഞാൻ ;
      ബാണമൊന്നെയ്യാതെയൂഴി വെല്ലും
   
    ദൈവത്തിൻ കൈയിലെപ്പാവയായാടാതെ-
      യാവതുമമ്മയെക്കൈവണങ്ങി,

    വേലയ്ക്കു കൂലിയായ് വേലയെത്താൻ കണ്ടു
      കാലം നയിക്കുമാറാകണേ ഞാൻ

    നിത്യം നിന്നാശ്രമദ്വാരത്തിന്നുള്ളിൽ ഞാ-
      നത്യന്തം പ്രഹ്വനായേറീടാവൂ !

    ദേവാവതാരങ്ങൾ കാട്ടുന്ന ശാലീന-
      ഭാവത്തിൻ വൈഭവം കണ്ടീടാവൂ !        (66)


അമ്മയും മകനും

[തിരുത്തുക]

1. ആടിയും പാടിയും മുറ്റ--ത്തെങ്ങു-
      മോടിക്കളിക്കുന്ന കുട്ടൻ ;

    പുഞ്ചിരിതഞ്ചും മൊഴികൊ--ണ്ടാർക്കും
      നെഞ്ചലിയിക്കുന്ന--കുട്ടൻ ;

    അമ്മയുമച്ഛനും കൈമെയ്--മറ-
      ന്നുമ്മവെച്ചീടുന്ന കുട്ടൻ ;

    കുട്ടന്റെയച്ഛൻ മകനെ--യയ്യോ !
      വിട്ടതാ പോകുന്നു വിണ്ണിൽ.        8

2. മാറത്തലച്ചമ്മ വീഴ് വൂ--മേനി-
      യാറാത്ത കണ്ണീരിൽ മുക്കി.

    ഒന്നുമറിയാത്ത കുട്ട--നുടൻ
      മുന്നിൽത്തിടുക്കത്തിലെത്തി.

    തായയെക്കെട്ടിപ്പുണർന്നു ;--പൊട്ടി-
      പ്പായുന്ന കണ്ണീർ തുടച്ചു.

    "അമ്മേ, കരവതെന്തമ്മേ ?--യെന്നാ-
      ണമ്മണിപ്പൈതലിൻ ചോദ്യം.        16

3. ഉത്തരമെന്തു പറയു--മവൾ ?
      പുത്രനെത്താങ്ങിയെടുത്തു.

    "എൻ മകനേ, നിന്റെയച്ഛൻ--തങ്കം,
      നമ്മെ വെടിഞ്ഞെങ്ങോ പോയി."

    "പച്ചപ്പൊളിയിതു" ചൊന്നാൻ--മക-
      "നച്ഛനുറങ്ങുകയല്ലേ ?"

    "അല്ലിതുറക്കമല്ലയ്യോ  !--കുഞ്ഞേ,
      ഇല്ലിതിൽ നിന്നൊരുണരൽ."        24

4. "അമ്മേ, വിളിക്കാം ഞാ,നച്ഛൻ--പെട്ടെ-
      ന്നെൻ വിളികേട്ടാലുണരും."

    "അച്ഛാ, വിളിക്കയാണച്ഛാ,--കുട്ട-
      നൊച്ചകേട്ടൊന്നെഴുനേൽക്കൂ !

    അമ്മയെക്കള്ളിയെന്നോതി--ക്കുറേ
      നമ്മൾക്കു പൊട്ടിച്ചിരിക്കാം."

    എത്ര വിളിക്കുകിലെന്താ--വിളി
      ചത്തപിണമുണ്ടോ കേൾപ്പൂ ?        32

5. പേടിച്ചു തായതൻ മുന്നിൽ--മുഖം
      വാടിത്തളർന്നെത്തിയുണ്ണി.

    "അമ്മ പറഞ്ഞതു നേരാ--ണച്ഛൻ
      നമ്മെ വെടിഞ്ഞതു തന്നെ.

    എങ്ങുപോ, യെങ്ങുപോയ് ? ചൊന്നാ--ലുട-
      നങ്ങു ഞാൻ ചെന്നു വിളിക്കാം.

    പന്തിനും പാവയ്ക്കും വേണ്ടീ--ട്ടൊരു
      ശണ്ഠകൂടില്ലെന്നുമോതാം."        40

6. അമ്മ പറഞ്ഞു : "മകനേ--യങ്ങു
      നമ്മൾക്കു ചെല്ലുവാൻ മേലാ.

    ദൈവം വിളിച്ചിട്ടുപോയ് നി--ന്നച്ഛ-
      നാവതൊന്നില്ലല്ലോ നമ്മാൽ."

    "അച്ഛനില്ലാത്തവനാണോ ദൈവ-"
      "മച്ഛനുമമ്മയുമറ്റോൻ."

    അച്ഛനില്ലാഞ്ഞാലതിന്നു--നമ്മോ-
      ടീച്ചതി ചെയ്യാമോ തായേ ?

    എങ്ങവൻ ചെന്നു മറഞ്ഞു--നമ്മൾ-
      ക്കിങ്ങനെയത്തൽ വരുത്തി ?"

    "വിണ്ണിലിരിപ്പവൻ ദൈവം--കട്ട,
      മണ്ണിലുമുള്ളവൻ തന്നെ.

    എങ്ങും നിറഞ്ഞോരവനെ--നമ്മൾ-
      ക്കെങ്ങൊരേടത്തുണ്ടെന്നോതാം ?"        54

7. കുട്ടനുടനൊരു കല്ലും--കൊണ്ടു
      തട്ടിലൊരോട്ടമായോടി.

    "നിങ്കളിയെന്തിതെന്നുണ്ണി ?"--എന്നു
      മങ്കവനെത്തടുത്തു.

    "വാനത്തൊളികയോ ചെയ്തു--ദൈവം?
      ഞാനതു കണ്ടിരുന്നാലോ ?

    കല്ലുകൊണ്ടൊന്നെറിഞ്ഞോട്ടെ--ഞാനാ-
      ക്കള്ളന്റെ കാലൊടിച്ചോട്ടെ.

    നാളെയും വന്നിടൊല്ലല്ലോ--കട-
      ന്നാളുകളെക്കൊണ്ടുപോകാൻ,

    അല്ലെങ്കിൽ വിട്ടുതരട്ടേ--വേഗം
      നല്ലൊരെന്നച്ഛനെയങ്ങോർ."        66

8. ഏതൊരു മട്ടിൽക്കരയും--തള്ള-
      യേതൊരുമട്ടിൽച്ചിരിക്കും ?

    "തങ്കമേ, ദൈവത്തിൻ മെയ്യിൽ--ച്ചെന്നു
      നിൻ കല്ലു കൊള്ളുകയില്ല :

    വന്നു തിരിച്ചതു വീഴു--മപ്പോൾ
      നിന്നിളം പൂമെയ് മുറിയും.

    കുമ്പിട്ടുനിന്നു തൊഴുതാ--ലവ-
      നൻപിൽ നിന്നച്ഛനായ് ത്തീരും "        74

9. ആ മൊഴി കേൾക്കവേ കുഞ്ഞിൻ--പനീർ-
      പ്പു മുഖമൊന്നു മലർന്നു.

    "തീരുമോ ? നേരു പറയൂ !--തായേ."
      "തീരും ; ഞാനാണയിട്ടോതാം."

    "എന്തുതരുമച്ഛനായാൽ?"--നിന-
      ക്കെന്തും നിനച്ചതു നൽകും."

    "അമ്മയേയും കൊണ്ടുപോമോ--വന്നാ-
      ലമ്മയുമില്ലാത്തോനല്ലേ ?"

    "ഇല്ലില്ല ; കൂപ്പിത്തൊഴുതാ--ലവ-
      നല്ലും പകലും തുണയ്ക്കും."        84

10.'ആവട്ടെ'യെന്നു പറഞ്ഞു--പൈതൽ
      ദൈവത്തോടിങ്ങനെ നേർന്നു.

    "കൂറെന്നിലില്ലാത്തോരച്ഛ--നെങ്ങോ
      ദൂരത്തുപോയ്പോലും ; പോട്ടെ.

    "കൂറുള്ളോരച്ഛനാണങ്ങെ--ന്നമ്മ
      നേരുചെയ്തു ഞാൻ കേട്ടു.

    നിച്ചലുമങ്ങയെകൂപ്പാ--മിനി-
      യച്ഛ്നെനിക്കാരു വേറെ ?"        92

11.നാഥന്റെ കാര്യം മറന്നു--നല്ലാർ.
      പൈതലിൻ പാൽമൊഴി കേൽക്കേ ;

    'ഓമനേ ! യെന്നുവിളിച്ചു--കുഞ്ഞിൻ
      കോമളപ്പൂമെയ് മുകർന്നു.        96


കള്ളന്റെ പുനർജ്ജന്മം

[തിരുത്തുക]

ആ രാവിൽ സുഹൃത്തുക്കൾ നൂറുപേർക്കൊരുക്കുന്നു
  കൂറോടും വിരുന്നൊന്നു വിത്തവാൻ ഗൃഹാധിപൻ ;

ഓരോരോ കാര്യത്തിങ്കലുള്ളൂന്നിത്തിടുക്കത്തിൽ-
  ച്ചാരവേ ചരിക്കുന്നു സർവരും തൽസേവകർ.

തക്കമാണതെന്നോർത്തു മച്ചകം പൊളിച്ചൊരാൾ
  കക്കുവാൻ കടക്കുന്നു കന്നക്കോൽ കൈയിൽപ്പേറി ;

മേശയും കസേരയും കട്ടിലും തട്ടിത്തട-
  ഞ്ഞാശവിട്ടവൻ നില്പാണങ്ങൊന്നും ലഭിക്കാതെ.

താഴെയോ ദീപജ്യോതിസ്സൊന്നിനൊന്നേറിടുന്നു ;
  വീഴും താനിറങ്ങിയാൽത്തൻ ശവക്കുഴിക്കുള്ളിൽ.

പത്മവ്യൂഹാന്ത:സ്ഥനാമന്നിശാചരന്നേതും
  ഛത്മക്കൈ ക്കാണിപ്പീല പിന്നോട്ടു പോരാൻ മാർഗ്ഗം.

                                       II

ഒച്ചയെന്തതെന്നോർത്തു കോണിതന്നറ്റേത്തേറി
  നിശ്ചയം വരുത്തിനാൻ ഗൂഢമായ് ഗൃഹസ്വാമി.

ദൂരത്തങ്ങൊരേടത്തു കാണ്മതുണ്ടേതോ രൂപം
  കൂരിരുൾക്കൂമ്പാരമോ കുട്ടിച്ചാത്തനോ മറ്റോ-

തീടൊളിക്കൺ തീപ്പന്തം കത്തിച്ചു മുന്നോട്ടേയ്ക്കു
  ചാടുവാൻ പിൻ കാലൂന്നി നില്ലക്കയോ കരിമ്പുലി ?

അല്ല, കീൽ തന്നിരുമ്പംഗത്തിലെങ്ങും തേച്ചു
  മെല്ലെയങ്ങണഞ്ഞൊരച്ചങ്ങാതി കള്ളൻ--കള്ളൻ.

ആട്ടെയെന്നുടൻ തന്നെ താഴത്തേക്കിറങ്ങിത്തൻ
  പാട്ടിൽ വന്നെത്തും രണ്ടു ഭൃത്യരോടേതോ ചൊന്നാൻ.

ധ്യാനനിഷ്ഠനേപ്പോലെ വാണൊരമ്മോഷ്ടാവിന്നോ
  കാണുവാൻ കഴിഞ്ഞീല കല്യനാമദ്ദേഹത്തെ.

                                        III

ആ രണ്ടു ഭൃത്യന്മാരും "സ്വാഗതം ഭവാ"നെന്നു
  ചോരനോടോതിത്താഴെയാനയിച്ചദ്ദുഷ്ടനെ

സ്വച്ഛന്ദം കുളിപ്പിച്ചു കോടിമുണ്ടുടുപ്പിച്ചു
  മെച്ചമായലങ്കരിച്ചർഹണാർഹനായ്ത്തീർത്താർ.

തല്ലുകൊള്ളാനും പക്ഷേ ചാവാനും തയ്യാറായ
  കള്ളനക്കൈങ്കര്യ്ത്തിൽക്കാപട്യമത്രേ കണ്ടു.

"തെക്കേതിൽച്ചാമുണ്ഡിക്കീ രാത്രിയിൽത്താനോ ബലി ?
  ചിക്കെന്നദ്ദേവിക്കെന്റെ ദേഹംതാനാഹാരമോ ?

കാലമായ് കൊലച്ചെത്തിമാലയെൻ കഴുത്തിങ്കൽ
  വീഴുവാൻ ; ഞാനിന്നയ്യോ ! രണ്ടു കാൽമരപ്പാട്ടി !"

ആയവൻ ദുസ്സ്വപ്നമൊന്നിമ്മട്ടിൽക്കണ്ടങ്ങുതൻ-
  ഛായതൻ ഛായയ്ക്കൊപ്പം കർശിതാംഗനായ് നിന്നാൻ.

                                         IV

കാണുന്നുണ്ടവൻ മുന്നിൽക്കാളിതൻ കരാളമാം
  കായത്തെ ; ക്കനൽക്കട്ടയ്ക്കൊത്തിടും വട്ടക്കണ്ണം,

ദീർഘമാ, യരാളമായ്, ശോണമായ്, ശിതാഗ്രമായ്
  വായ്ക്കുന്ന വീരപ്പല്ലും, വ്യാത്തമാം വായും പേറി,

അന്ത്രത്താൽ മാല്യം ചൂടി,യാമിഷം ചീന്തിച്ചവ-
  ച്ചന്തമറ്റസൃക് പങ്കമംഗലത്തിലെങ്ങും പൂശി,

അസ്ഥികൊണ്ടലങ്കരി,ച്ചത്യന്തരൌദ്രത്വത്തിൽ
  വർത്തിപ്പൂ തന്നെത്തിന്മാൻ സജ്ജയായദ്ദുർമ്മൂർത്തി.

വ്യാഘ്രിതൻ മുന്നിൽപ്പെടും മാങ്കിടാവിനെപ്പോലെ-
  യാക്കൊടും കോട്ടത്തിങ്കൽ നിൽപ്പൂ താൻ മൃതപ്രായൻ.

വീണിടാറായീ വന്നു വീറെഴും പൂജാരിതൻ-
  ശാണഘർഷണം ചെയ്ത ഖഡ് ഗംതൻ കണ്ഠത്തിങ്കൽ.

                                   V

നൂറ്റിരണ്ടമത്രങ്ങൾ വച്ചതാം തളത്തിങ്കൽ
  മാറ്റിയെ പ്രവേശിപ്പിച്ചപ്പുറം മാറീ ഭൃത്യർ.

നൂറുപേരാഗന്തുക്കൾ ; നിശ്ശങ്കം തദഗ്രത്തിൽ-
  ച്ചോരനെസ്സമാസീനനാക്കിനാൻ ഗൃഹേശ്വരൻ.

താനും തത്സമീപത്തിൽ ഭോജനം ചെയ്തും കൊണ്ട--
  ദ്ദീനനെത്തന്നാലാമ്മട്ടൂട്ടുവാൻ പണിപ്പെട്ടാൻ.

"എന്നെയിക്കൊലച്ചോറു തീറ്റിച്ചു വേണം കൊല്ലാ-
  നെന്നാവാം ചട"ങ്ങെന്നു ചിന്തിച്ചാൻ പടച്ചരൻ.

ഭക്ഷിക്കൂ മുറയ്ക്കെ"ന്നു ചൊല്ലുന്നൂ വിശ, "പ്പെന്തു
  ഭക്ഷണം ശവത്തി"നെന്നോതുന്നൂ മൃതിത്രാസം.

ഗാസം തെല്ലുണ്ടാനന്ത്യമാണതെദന്നാർക്കെത്തപ്ത-
  സീസത്തിൻ മട്ടിൽപ്പായും ബാഷ്പത്തിൽക്കുഴച്ചവൻ.

                                          VI

"ഇദ്ദേഹമാ"രെന്നിഷ്ടർ ചോദിക്കെച്ചൊന്നാൻ "പൂജ്യ-
  നിദ്ദേഹം വിദേശിയാമെൻ സഖാ"വെന്നഗ്ഗൃഹി.

"ഇദ്ദേഹമെന്തിന്നിത്ര ഖേദിപ്പൂ ?"--"ദുര്യോഗത്തിൽ
  സത്തുക്കളാരുംതന്നെ സാന്ത്വനം നൽകായ്കയാൽ."

"ഹാ ! സഖേ, ഭവാനിത്ര മുഗ്ദ്ധനോ ? മനുഷ്യന്നു
  ഹാസഭാജനം മാത്രമാപന്നൻ തത്സോദരൻ.

"ദൈവമുണ്ടാാശ്വാസത്തി"നെന്നവർ ചൊന്നാർ "എന്ത്?
  ദൈവമോ ? തനിക്കുമാ വ്യക്തിക്കുമുണ്ടോ ബന്ധം ?"

എന്നവൻ നിരൂപിക്കെസ്സൽകാരം സമാപ്തമായ് ;
  വന്നവർ തിരിച്ചു തൽഗേഹങ്ങൾ നോക്കിപ്പോയാർ

നിൽക്കുന്നൂ ചോരൻ മാത്രമാതിഥേയർ തന്മുന്നിൽ
  ദു:ഖിച്ചു വക്ത്രം താഴ്ത്തിസ്തബ്ധനായ്, സന്ത്രസ്തനായ്

ഓതിനാൻ ഗൃഹാധീശൻ : ഭ്രാതാവേ, ഭവാനെന്തി-
  ബ് ഭീതി ? ഞാനങ്ങേബ്ബന്ധു ; വിശ്വസിധ്ധിടാമെന്നെ.

ഞാനറഞ്ഞീടുന്നുണ്ടു ചൗര്യമെന്നങ്ങേ വൃത്തി ;
  നൂനമില്ലെനിക്കതോർത്തേതുമേ വെറുപ്പുള്ളിൽ.

ചോരനായ് ജനിപ്പിച്ചില്ലങ്ങയെദ്ദൈവം ; വന്നു
  ചോരത്വം ലോകത്തിന്റെ നീതിതൻ വൈകല്യത്താൽ.

കർമ്മത്തിൽ ഭവാനിന്നു വന്നുപോയ് കറു,പ്പതിൻ
  മർമ്മം ഞാനോർപ്പോളവും ജാഠരാഗ്നിതൻ ധൂമം.

ആരുതാനുന്മത്തന്റെ ചേഷ്ടിതം കാട്ടുന്നീല
  ദാരിദ്ര്യദുർഭൂതത്തിന്നാവേശം വിജൃംഭിച്ചാൽ ?

ആരുതാൻ നിദ്രാശ്ലേഷം നൽകിടും ഗൃഹം വിട്ടു
  പാറാവു തേടും ഹന്ത ! ജീവികാന്തരം വാച്ചാൽ ?

                                            VII

അങ്ങേയ്ക്കും കുഡുംബമീരാജ്യമാ,ണിതിൽ സത്യ-
  മങ്ങേയ്ക്കുമാളോഹരിസ്വത്തിനുണ്ടവകാശം.

അങ്ങേയ്ക്കുമില്ലേ വായും വയറും ? പുലർത്തുവാ-
  നങ്ങേയ്ക്കുമുണ്ടാവില്ലേ ഭാര്യയും കിടാങ്ങളും ?

മോഷണം തുടങ്ങുന്നൂ മാനുഷൻ ദൗർഗ്ഗത്യത്തിൽ ;
  മോഷകൻ ജെയ് ലിൽ പ്പെട്ടാൽ ധന്യമ്മന്യമായ് രാഷ്ട്രം.

കക്കുന്നു വീണ്ടും കള്ളൻ ; കള്ളനെത്തളപ്പിട്ടു
  വയ്ക്കുന്നു രാഷ്ട്രം വീണ്ടും വാശിയാൽത്തുറുങ്കിങ്കൽ.

തള്ളുന്നൂ ചെടിത്തലപ്പല്പാല്പം നഖാഗ്രത്താൽ ;
  കൊള്ളുന്നീലെങ്ങും ചെന്നു കോടാലി തായ് വേരിങ്കൽ.

ചോരനെച്ചൗര്യച്ചേറ്റിലാഴ്ത്തുന്നു സർക്കാർ മുറ്റും ;
  പൗരനാക്കിയാലല്ലീ ഭാവുകം നാട്ടിന്നുള്ളൂ ?

                                 IX

"ആരെയാരാക്ഷേപിക്കാനർഹനിജ്ജഗത്തിങ്ക-
  ലാരുതാനാരായ്ത്തീരില്ലന്തികം മറ്റൊന്നായാൽ ?

സുരനുള്ളേടത്തോളം സ്വർണ്ണഗോളമിബ് ഭൂമി ;
  കൂരിരുൾക്കൂട്ടിൽപ്പെട്ടാൽ തൽക്ഷണം കാലാംഗാരം.

ഞാങ്ങേദ്ദശാസന്ധി വന്നുചേരുകിൽപ്പേർത്തും
  സ്തേനനാവില്ലെന്നാർക്കു ദീർഘദർശനം ചെയ്യാം ?

കന്നക്കോലിതിൻ മൂല്യമായി ഞാൻ കുറേ രൂപ
  തന്നിടാ, മതുംകൊണ്ടു വീട്ടിൽപ്പോയ് സഖേ, ഭവാൻ

വല്ലതും വ്യാപാരമൊന്നാരംഭിക്കുവാൻ നോക്കൂ ;
  നല്ലതാം വഴിക്കൊന്നു കാലെടുത്തുന്നാനോർക്കൂ.

ഘോരമാം ദ്വാന്തത്തിങ്കലങ്ങേയ്ക്കു തെല്ലീ രൂപ്യ-
  താരങ്ങൾ കാണിക്കട്ടേ സന്മാർഗ്ഗം സഹോദര."

                                   X

കാണ്മതൊക്കെയും കൊലച്ചെത്തിമാലയെന്നോർത്ത
  ജാൽമനാവാക്യം കേട്ടാൻ, സുനൃതം, ശ്രോത്രാമൃതം ;

ആസ്യമൊട്ടുയർത്തിത്തന്നാതിഥേയനെപ്പാർത്താൻ ;
  വാത്സല്യരമ്യംതാനബ് ഭാഷിതം പ്രത്യക്ഷരം,

മന്നിലോ താൻ നില്പതെന്നല്പമൊന്നന്ധാളിച്ചാൻ ;
  മന്നിലും വിണ്ണുണ്ടെന്നു തേറിനാൻ പിറ്റേക്ഷണം.

സ്നേഹമാം ശബ്ദത്തിന്നുമർത്ഥമുള്ളതായ്ക്കണ്ടാൻ ;
  മോഹം വിട്ടക്കാഴ്ചയാൽ മോദാശ്രു വാർത്താൻ മേന്മേൽ.

ആ വിധത്തിലും മർത്ത്യസൃഷ്ടിക്കു കോപ്പുള്ളോരു
  ദൈവത്തെസ്സാശ്ചര്യമന്നാദ്യമായ് സ്തോത്രം ചെയ്താൻ

കണ്ഠത്തിൽ വാക്കിൻ രോധം വായ്ക്കയാൽ നിന്നാൻ മുറ്റും
  കണ്ഠനാായ്ക്കൃതജ്ഞത്വമാംഗ്യത്താൽ മാത്രം കാട്ടി.

                                             XI

ചൊല്ലിനൻ പ്രത്യുത്തരം : "സ്വാമിൻ, ഞാൻ മഹപാപി-
  യല്ലിലും കറുത്തതാണെൻ മനം ഹതസ്നേഹം.

ഭൂവിൽ ഞാൻ സമസ്തർക്കും ദ്രോഹമേ ചിട്ടുള്ളൂ ;
  ദേവതാഗാരങ്ങളിൽക്കൊള്ളയ്ക്കേ കേറീട്ടുള്ളൂ.

എത്രയോ വർഷങ്ങളായ് ലോകവും ഞാനും തമ്മിൽ
  ശത്രുക്കളായി,പ്പൊല്ലീസ് വേട്ടയ്ക്കു ലാക്കായി ഞാൻ.

എന്നെയും മനുഷ്യനെന്നോർത്തല്ലോ മഹാത്മാവ,-
  ങ്ങെന്നെയും സോദര്യനായ്ക്കൈക്കൊൾവാനുറച്ചല്ലോ

കാരുണ്യമാർന്നേകീ കണ്ടമാത്രയിൽ സ്മിതം
  ക്ഷീരമായ്, വെള്ളിക്കാശായ്, ഹാരമായ്, നിലാവുമായ്

ആയിരം ജന്മം മരിച്ചഗ്നിശുദ്ധനായ് വേണം
  ഗേയമാമങ്ങേപേരെൻ നാവാൽ ഞാൻ സ്പർശിക്കുവാൻ.

                                             XII

"എത്രയോ കാലം കിടന്നീടിനേൻ തുറുങ്കിൽ ഞാൻ,
  മർത്ത്യന്നു മർത്ത്യൻ തീർക്കും നാരകക്കൊടും കുണ്ടിൽ ;

എങ്കിലും മനുഷ്യർതൻ നൈഷ്ഠൂര്യം കാൺകെക്കാൺകെ-
  ശ്ശങ്കവിട്ടതും സ്വർഗ്ഗമെന്നുതാൻ സങ്കല്പിച്ചേൻ.

മുന്നിലുണ്ടിരുമ്പഴിഗ്ഗാട്ടുകാരെന്നെക്കാക്കാൻ ;
  സന്നദ്ധം ലൂതാഗണം മേലാപ്പു കെട്ടിത്തൂക്കാൻ ;

ധൂളിമെത്തയുണ്ടെനിക്കങ്ങെങ്ങും കിടക്കുവാൻ ;
  മേലത്തിലാമങ്ങളും രാഗങ്ങളാലാപിപ്പാൻ :

മൂട്ടയും ചെള്ളും വരും ചുംബിക്കാൻ ; തത്സൗഹാർദ്ദം
  കാട്ടുവാൻ മറ്റമ്മിണ്ടാപ്രാണികൾക്കുണ്ടോ മാർഗ്ഗം ?

ശീലിച്ചു ശീലിച്ചെനിക്കക്കാരാഗൃഹം തോന്നീ
  കോലകം താനെ,ന്നെന്റെ ജെയ് ലതിൻ ബഹിർലോകം.

                                               XIII

"നേർവഴിക്കാരും തന്നെ സഞ്ചരിപ്പിച്ചീലെന്നെ-
  ക്കേവലം മോഷ്ടാക്കൾതാൻ ബാല്യത്തിലെന്നാചാര്യർ.

ആദിത്യചന്ദ്രന്മാരെന്നാഹാരപ്രത്യൂഹങ്ങ-
  ളേതുമട്ടക്കൂട്ടനെദ്ദർശിക്കാനിച്ഛിക്കും ഞാൻ ?

നൂനമെൻ ഗുഹയ്ക്കുള്ളിൽപ്പോക്കിടും പകൽക്കാലം ;
  കാണുകിൽ തല്ലിപ്പൊല്ലീസ്സെല്ലൊടിച്ചല്ലീ വിടൂ ?

വൻ കാറും പേമാരിയും കാംക്ഷിക്കും രാവിങ്കൽഞാ-
  നെങ്കൃഷിപ്രവൃത്തിക്കുമാരണ്ടുമപ്പോൾ വേണം.

കുറ്റാക്കുറ്റിരുട്ടൊന്നു മാത്രമേ കൂട്ടിന്നുള്ളൂ ;
  മുറ്റും ഞാനതിൽത്തത്തുമങ്ങിങ്ങു മൂങ്ങയ്ക്കൊപ്പം.

വല്ലവീട്ടിലും പുക്കെൻ ചൂതാട്ടം നടത്തിടും ;
  വെല്ലുകിൽ ധനം ; തോൽക്കിൽപ്പിന്നെയും കാരാഗൃഹം

                                      XIV

"കാണുന്നു ബാല്യത്തിലേ ലോകമിമ്മട്ടിൽത്തന്നു
  ഞാനടിച്ചതാം വിലങ്ങിന്നുമെൻ ശരീരത്തിൽ.

ആ വിലങ്ങറുത്തെന്നെയാത്മതന്ത്രനായ്ത്തീർക്കാൻ
  കേവലം കൃതാന്തന്റെ പാണിക്കേ കെല്പുണ്ടാകൂ.

സ്നേഹത്തിൻ സ്വാദെന്തെന്നു ഞാനറിഞ്ഞിട്ടി,ല്ലെനി-
  ക്കൈഹികത്തിലും കാമ്യമല്ലയോ പാരത്രികം ?

അന്ധതാമിസ്രത്തിങ്കൽ ജീവിതം ശീലിച്ചോനെ-
  ന്തന്ധതാമിസ്രം വീണ്ടും ഗേഹമായ് ത്തീർന്നാൽ ഭയം ?

ഓരോന്നു ഞാനിമ്മട്ടിലോർത്തോർത്തു പോക്കീ കാല-
  മാരുമെന്നരാതിയാ, യാർക്കും ഞാൻ വിരോധിയായ്.

ഒറ്റവാക്കൊരാൾ കനിഞ്ഞോതുവാനിരുന്നെങ്കിൽ
  മറ്റൊന്നായ് ഭവിച്ചേനെ മാമകം യാത്രാമാർഗ്ഗം.

                                    XV

പൂജനീയനാമങ്ങേപ്പൂതമാം വാക്കാൽ വന്നു
  മോചനം, മീളാത്തൊരെൻ ശാപത്തിന്നിന്നേദ്ദിനം.

വിശ്വവും ഹരിക്കുന്നോരെന്മനം ഹരിച്ചല്ലോ
  പശ്യതോഹരപ്രഭോ, ഭാവൽക്കം ദിവ്യാപാംഗം.

നൂനമെൻ ഹൃത്താം ദ്യോവിൽ വാച്ചതാമിരുൾക്കൊണ്ട-
  ലാനന്ദബാഷ്പാകാരമാർന്നൊലിച്ചകന്നു പോയ്.

ശിഷ്ടനാം സതീർത്ഥ്യന്റെ ദാരിദ്ര്യം തീർത്താൻ പോലും
  വിഷ്ടപേശ്വരൻ രമാകാന്തനാം കൃഷ്ണൻ മുന്നം.

അജ്ഞാതൻ, പെരുങ്കള്ളൻ, നീചനാമെനിക്കേകീ
  വിജ്ഞനാം ഭവാനിന്നു വിത്തത്താൽ പുനർജന്മം.

എന്നെയും നാല് വർക്കൊപ്പമാക്കുന്നൂ ഭവാ,നെന്റെ
  കുന്നക്കോൽ തനിത്തങ്കയഷ്ടിയായ് മാറ്റീടുന്നു."

                                            XVI

എന്നോരോന്നുരച്ചു തൻ പാദത്തിൽപ്പതിക്കുന്ന
  ഖിന്നനാമാഗന്തുവോടോതിനാനപ്പുണ്യവാൻ :

'ഉത്ഥാനം ചെയ്യു സഖേ, ശേഷിപ്പോരായുസ്സുകൊ-
  ണ്ടെത്താത്തതാവില്ലേതും നവ്യമാം ഭവല്ലക്ഷ്യം.

ശുദ്ധമാമിബ്ബഷ്പത്തിൻ സേകത്താൽ ജനിക്കട്ടെ
  പുത്തനാം കല്പദ്രുവൊന്നുർവിയിൽ സാന്ദ്രച്ഛായം.

ഇന്നുതാൻ കൃതാർത്ഥമായ് ത്തീർന്നിതെൻ ജന്മം മുറ്റു-
  മിന്നുതാൻ സാഫല്യമെൻ വിത്തത്തിന്നുൽഭൂതമായ്

എന്നുരച്ചെടുത്തണച്ചാശ്ലേഷിച്ചാശിസ്സോതി-
  ക്കുന്നക്കോൽ വാങ്ങിച്ചുകൊണ്ടായതിൻ മൂല്യാർത്ഥമായ്

ജാളികപ്പയ്യൊന്നേകി യാത്രയാക്കിനാൻ സാധു-
  ശീലനാമദ്ദേഹത്തെശ്ശിഷ്ടനാം ഗൃഹാശ്രമി.


സ്വപ്നവും ജീവിതവും

[തിരുത്തുക]

എണ്ണമറ്റുള്ള കിനാക്കൾ കാണ്മൂ
  കണ്ണടച്ചൊട്ടുമയങ്ങിയാൽ നാം.

ബന്ധമില്ലൊന്നിനു,മെങ്ങുനിന്നോ
  പൊന്തുന്നുവ,ന്നവ പോയിടുന്നു,

വാനത്തിലോരോ മുകിൽ കണക്കേ,
  വാരിയിലോരോ കുമിളപോലെ.

പേക്കിനാവാണതിൽ മിക്കവാറും ;
  പേടിച്ചുപോമതു കാൺകിലാരും.

നല്ലതുമങ്ങിങ്ങു വല്ലപ്പോഴു-
  മില്ലെന്നു വയ്ക്കേണ്ട ; വന്നുചേരും,

ചണ്ടിലൊളിഞ്ഞൊരു നെല്ലുപോലെ,
  കൊണ്ടലിൽപ്പെട്ടൊരു മിന്നൽ പോലെ.

ചീത്തയോ നല്ലതോ--രണ്ടുമൊപ്പം
  മാത്രയിടകൊണ്ടു മാഞ്ഞിടുന്നു ;

കണ്മിഴിച്ചീടുമ്പോളൊന്നുപോലും
  നമ്മുടെ വെട്ടത്തു നിൽക്കുന്നീല.

ആവൂ ! തുലഞ്ഞതല്ലോ ശല്യമെന്നോ-
  ർത്താവതും നാമപ്പോളാശ്വസിപ്പൂ.

ദുസ്സ്വപ്നം കൊണ്ടൊരു ദു:ഖമില്ല ;
  സൽസ്വപ്നം കൊണ്ടൊരു സൗഖ്യമില്ല

രണ്ടിനും നമ്മളെത്തൊട്ടുകൂടാ ;
  രണ്ടും നമുക്കൊരു തോന്നൽ മാത്രം.

പിച്ചിനാൽ സത്യമെന്നോർത്തുപോയ് നാ-
  മച്ചലച്ചിത്രമൊരല്പനേരം.

ധൂമത്തെക്കണ്ടു കരിങ്കൽത്തൂണായ് ;
  ത്തൂമഞ്ഞുതുള്ളിയെ വൈരക്കല്ലായ് ;

ലജ്ജിച്ചു പോവതിലെന്തു കുറ്റ-
  മച്ചതിയങ്ങനെ പറ്റവേ നാം ?        28

                     II

ഏവർക്കു തർക്കിക്കാം ? നമ്മുടെയി-
  ജ്ജീവിതവും വെറും സ്വപ്നമല്ലീ ?

കണ്ണടയ്ക്കുമ്പൊഴുതക്കിനാവും,
  കൺതുറക്കുമ്പൊഴുതിക്കിനാവും,

ഏലുന്നു ; ചെറ്റതിൽനിന്നിതിന്നു
  നീള, മതല്ലാതെ ഭേദമുണ്ടോ ?

നീളവുമെന്തോ,ന്നീബ്ബിന്ദു രണ്ടും
  കാലപ്രവാഹത്തിൽത്തുല്യകല്പം.

പണ്ടവും, വീടും, പുരയിടവും,
  കണ്ടവും,ഭാര്യയും, കുട്ടികളും,--

നമ്മുടേതെന്നു നാമോർത്തിരിക്കു-
  മിമ്മട്ടിലുള്ളൊരു വസ്തുവേതും,

കാലമാം കൺകെട്ടുകാരൻ കാട്ടും
  ജാലമല്ലെന്നാർക്കു തീർത്തുരയ്ക്കാം ?

കൂടുന്നു വന്നിവയെങ്ങുനിന്നോ ?
  തേടുന്നു പെട്ടെന്നു മറ്റൊരേടം.

നമ്മുടെയാണിവയെന്നിരുന്നാൽ
  നമ്മെ വെടിഞ്ഞവയ്ക്കെങ്ങു മാറാം ?

കിട്ടാഞ്ഞാൽക്കിട്ടിയില്ലെന്നു ദു:ഖം ;
  കിട്ടിയാൽ വേപെടുമെന്നു ദു:ഖം ;

ദു:ഖമോ ദു:ഖം ;സുഖവുമോർത്താൽ
  ദു:ഖത്തിൻ പര്യായം ജീവിതത്തിൽ.

ആപത്തെന്നോർത്തു കരഞ്ഞിടുന്നു ;
  സമ്പത്തെന്നോർത്തു ചിരിച്ചിടുന്നു ;

വാസ്തവമെന്തെന്നറിഞ്ഞിടാതെ
  ഗോഷ്ടികൾ കാട്ടുന്നു ബാലർപോലെ.

ത്വക്കും മനസ്സുമല്ലോർക്കിൽ ദേഹി ;
  തൊണ്ടും ചിരട്ടയുമില്ല കേരം.

എന്നുമുള്ളോരതിന്നില്ല തെല്ലും
  ദ്വന്ദ്വത്തിനാലൊരു ഭാവഭേദം.

കെട്ടിപ്പുണരൽ കൊണ്ടില്ല മോദം ;
  വെട്ടിമുറിക്കൽ കൊണ്ടില്ല ഖേദം.

നാടകം ജീവിത, മങ്ങൊരന്ത-
  ർന്നാടകമന്നന്നു കാണും സ്വപ്നം.

എണ്ണുന്നു സത്യമായ് സ്വപ്നമാരും
  കണ്ണുതുറക്കും വരയ്ക്കു മാത്രം ;

എണ്ണുന്നു സത്യമാജ്ജീവിതവും
  കണ്ണുള്ളിൽ ചൊല്ലും വരയ്ക്കുമാത്രം

ആക്കള്ളിയൊന്നു നാം കാണ്മതെന്നോ
  ജാഗ്രൽസ്ഥിതി നമുക്കന്നു നേടാം.        68


പനിനീർപ്പൂവ്.

[തിരുത്തുക]


ഞാനൊരു മാൺപെഴും ചെമ്പനീർപ്പൂവിനെ-
  ക്കാണവേ ചോദിച്ചേനിപ്രകാരം :

"പുഞ്ചിരിക്കൊള്ളുന്നതെന്തിന്നുപൂവേ, നീ ?
  നിൻ ചെറുജീവിതമെത്ര മോശം !

മാണിക്കക്കല്ലോ നീ ? ബാലാർക്കബിംബമോ ?
  ശോണമാം ദുർഗ്ഗതൻ വിഗ്രഹമോ ?

യാതൊന്നുമല്ലല്ലോ ! പിന്നെയെന്തിങ്ങനെ
  മോദിപ്പാൻ ഹേതു ? നിൻ മുഗ്ദ്ധതയോ ?

പാഴുറ്റ മണ്ണിൽനീ വീഴുവാൻ പോകുന്നു
  താഴത്തു നാളെയെന്നോർമ്മയില്ലേ ?

നീയിത്തരത്തിലിന്നാടി ഞെളിയുവാൻ
  ന്യായമെന്തെന്നെന്നോടോതിടാമോ ?        12

                                II

ഓതിയില്ലുത്തരമൊന്നുമച്ചോദ്യത്തി-
  ന്നാതങ്കമേശാത്തോരാപ്രസൂനം.

എൻ തെറ്റു കാട്ടുവാൻ മേന്മേൽ വിലങ്ങനെ-
  ത്തൻ തലയാട്ടുക മാത്രം ചെയ്തു.

എന്തതിൻ താല്പര്യമെന്നു ഞാൻ ചിന്തിച്ചേൻ ;
  ബന്ധം മനസ്സിലായല്പമപ്പോൾ.

തെറ്റെന്നു വീണ്ടുമപ്പൂവിനോടോതിനേൻ :
  "തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ ;

നിന്നുടെ ജീവിതം മോശമെന്നല്ലീ ഞാൻ
  ചൊന്നതെന്നോമനേ ? മാപ്പുനൽകൂ !

പൂക്കളേ, പൂക്കളേ, പാരിതിൽ നിങ്ങൾക്കു
  പാർക്കുകിലെന്തോന്നു മീതേ ചൊൽ വാൻ ?

ഏതൊരു പാഴ് മണൽക്കാടുതാൻ നിങ്ങളാൽ-
  പ്പൂതമാം നന്ദനമാകുന്നീല !

ഏതൊരു മാലിൽത്താൻ മർത്ത്യർക്കു നിങ്ങളാൽ
  സ്ഫീതമാമാനന്ദം വായ്ക്കുന്നീല !

മുറ്റത്തു നിങ്ങൾക്കു കോലകത്തിങ്കലും
  ചെറ്റപ്പുരയിലുമുല്ലസിക്കാം.

ആരെയുമസ്പൃശ്യരാക്കുകയില്ലെന്ന-
  ല്ലാരിലു പുഞ്ചിരി തൂകുംതാനും.

അശ്മമാം ചിത്തവും നിങ്ങളെക്കാണുമ്പോ-
  ളശ്രമം നിങ്ങളെപ്പോലെയാകും.

പാടുന്ന വണ്ടുകൾക്കൊപ്പമായ്ത്തെന്നലി-
  ലാടുന്ന നിങ്ങളെയാർ മറക്കും ?

ഘ്രാണേന്ദ്രിയത്തിന്നു സാഫല്യം നേടുന്നു
  മാനവർ നിങ്ങൾതന്നന്തികത്തിൽ.

തൻ നറും തേൻ നിങ്ങളേകുന്നു ലോകത്തി-
  ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ

പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം !
  വേണിയിൽ ച്ചൂടിയാലെന്തു ഭംഗി !

ദേവനെപ്പൂജിക്കാം ; വീരനെച്ചാർത്തിക്കാം ;
  പാവത്തിൻ മൗലിക്കും ഭൂഷയാക്കാം ;

കല്യാണകർമ്മത്തിന്നാവശ്യമേവർക്കും
  കല്യാണധാമങ്ങളായ നിങ്ങൾ

മന്നിനീ മാഹാത്മ്യം നൽകുന്ന നിങ്ങളോ
  വിണ്ണിലേപ്പൈതങ്ങൾ ? ആരറിഞ്ഞു ?

അത്രയ്ക്കു നന്മകൾ കാണ്മൂ ഞാൻ നിങ്ങളിൽ,
  സിദ്ധർക്കുമീമന്നിൽ ദുഷ്പ്രാപങ്ങൾ.

നിങ്ങളാം കാവ്യങ്ങൾ മൂലമായ്ക്കാണ്മൂ ഞാ-
  നങ്ങെഴുമാനന്ദപാരമ്യത്തെ.

നിങ്ങളില്ലാത്തോരു മേദിനിയെങ്ങനെ
  മംഗലമുൾക്കൊള്ളും ? മാൺപു പൂണും ?

ആ മഹാവിഷ്ണുവിൻ പ്രേയസിക്കെങ്ങനെ
  പൂമകലെന്നൊരു പേരു വന്നു ?

ആ വൻപൻ ശൃംഗാരയോനിയെയെങ്ങനെ
  പൂവമ്പനെന്നാരും വാഴ്ത്തിടുന്നു ?

പൂക്കളേ, പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ
  പാർക്കുകിൽ നിങ്ങളെൻ ദേവതമാർ.        60

                                           III

പുഞ്ചിരിക്കൊള്ളുക ചെമ്പനിനീർപ്പൂവേ,
  പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ--

ആനന്ദരൂപൻ തൻ വൈഭവമോർത്താലും,
  മാനവൻ തൻ മൗഢ്യം ചിന്തിച്ചാലും.

താഴത്തു നീളെ നീ താങ്ങൊന്നുമെന്നിയേ
  വീഴുമെന്നോതിയോ വിഡ്ഢിയാം ഞാൻ ?

കാലത്തിൻ പാച്ച്ലിലേതുണ്ടു വീഴാതെ
  നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ ?

ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ
  സുന്ദര,മേവർക്കും സ്തോത്രപാത്രം ?

വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു
  വായടച്ചീടുന്നോ വാനം പാടി ?

വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു
  മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ ?

തീരും തൻ ജീവിതമെന്നോർത്തു നിൽക്കുന്നോ
  മാരിപൊഴിക്കാതെ കാളമേഘം ?

പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു
  പാതയിൽത്തങ്ങുന്നോ ഭാനുദേവൻ ?

എന്നോ പുഴയിലിറങ്ങുവാൻ മുണ്ടു നാ-
  മിന്നേ തെറുക്കണമെന്നതുണ്ടോ ?

"ഏതു നിമേഷവുമീശ്വരൻ നൽകുന്നു
  മോദിപ്പാൻ ജീവിക്കു--മോദമേകാൻ ;

ആയതു ജീവിതം ; അല്ലാത്തതൊക്കയു-
  മാത്മവിനാശത്തിൻ രൂപഭേദം.

ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ-
  മാ നീരു കൊല്ലാതെ കൊല്ലും രോഗം."

എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ ;
  നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ.

ഞാനൊരു കല്പാന്തം പാറയായ് നിൽക്കേണ്ട ;
  സൂനമായൊറ്റനാൾ വാണാൽപ്പോരും,

എൻ കുലഗുൽമത്തിൻ ദുർഗ്ഗുണകണ്ടക-
  മെങ്കൽ നിന്നാവതും താഴ്ത്തി നിർത്തി.        92


ഫലിക്കാത്ത പ്രാർത്ഥന

[തിരുത്തുക]




ഉൽക്കടക്രോധം പൂണ്ടു മത്സരിച്ചായോധന-
  വ്യഗ്രരായ് രണ്ടുർവ്വീശർ പൂകിനാരടർക്കളം.

രണ്ടാനപ്പുറത്താണദ്ദേവർതന്നെഴുന്നള്ള-
  ത്തുണ്ടാകാം പെട്ടെന്നവർക്കാറാട്ടും കീലാലത്തിൽ.

അങ്കത്തിൽ ജയിക്കാനോ ചാവാനോ സന്നദ്ധരായ്-
  സംഖ്യവിട്ടവർക്കുണ്ടു രണ്ടാൾക്കും ശസ്ത്രാജീവർ.

മിന്നുന്നൂ പടക്കൊടിക്കൂറകൾ ; മുഴങ്ങുന്നൂ
  ദുന്ദുഭിധ്വാനം ; തുള്ളിച്ചാടുന്നൂ തുരംഗങ്ങൾ.

പാട്ടിലായ്പ്പോയീ ലഗ്നം കാലന്റെ സത്രത്തിന്നു ;
  കൂട്ടിമുട്ടാറായ്പ്പോയീ കൊള്ളിമീൻ രണ്ടും തമ്മിൽ.

സുരനെക്കാണ്മാനില്ല മന്നിൽ നിന്നെഴും ധൂളി
  വാരിഭവ്രാതം പോലെ വാനിടം മറയ്ക്കയാൽ ;

എങ്കിലും മദ്ധ്യാഹ്നമായെന്നോർത്തു ഭൂഭൃത്തേകൻ
  തൻ ഗജസ്കന്ധം വിട്ടു താഴത്തേക്കിറങ്ങിനാൻ,

അർക്കമണ്ഡലത്തേയുമായതിൽ ശോഭിക്കുന്ന
  ചക്രപാണിയാം വിഷ്ണുതന്നെയും വന്ദിക്കുവാൻ.

അത്തക്കം കണ്ടാൻ മറ്റേ മന്നവൻ, മുന്നോട്ടേയ്ക്കു
  സത്വരം പായാൻ തന്റെ സൈന്യത്തോടാജ്ഞാപിച്ചാൻ.

സേതുഭഞ്ജനം ചെയ്ത സിന്ധുവിൻ മട്ട,സ്സേന-
  സാദിയും പദാതിയും-തൽക്ഷണം കുതിച്ചേറി.        20

                                        II

"എങ്ങുപോയസ്മൽസ്വാമൈ ? എന്തുവാൻ വിപത്തയ്യോ ?
  തൻ ഗളം തദ്ദ്ന്തിക്കു ശൂന്യമായ്ക്കാണുന്നല്ലോ !

പെട്ടുവോ ദുർമ്മൃത്യുവിൻ വക്ത്രത്തിൽ ? എന്നാൽപ്പിന്നെ-
  ക്കഷ്ടമേ നാമാർക്കിനിക്കായത്തെ ത്യജിക്കണം ?"

എന്നോർത്തു ശങ്കാഭീതിശോകങ്ങൾക്കധീനമായ്-
  പ്പിന്നോട്ടേയ്ക്കെടുക്കുന്നു നെട്ടോട്ടം മറ്റേസ്സൈന്യം.

"നിൽക്കുവിൻ ! പ്രാർത്ഥിക്കുന്നു തമ്പുരാൻ താഴ"ത്തെന്നു
  ചിക്കെന്നു ഗർജ്ജിക്കുന്നൂ സേനാനിയശ്വാരൂഢൻ.

ഏതുമേ ചെവിക്കൊൾവീലാവാക്യം ഹാഹാ ! സേന ;
  വൈധവ്യം വന്നാൽ സ്ത്രീക്കു ബാഹ്യഭൂവാസാർഹമോ ?

സേനയോടൊപ്പം ദ്വിപശ്രേഷ്ഠനും വിരണ്ടോടി,
  ദീനമാം തദ്രോദനം ദിക്കണ്ണം ഭേദിക്കവേ.

എന്തി,നമ്പൊന്നെയ്യാതെ, കൈവാളൊന്നിളക്കാതെ-
  യന്തകപ്രേഷ്യർക്കല്പം ഭാരവും നൽകീടാതെ,

പ്രാർത്ഥിക്കും രാജാവിനെബ് ബന്ദിയാക്കിനാൻ പാഞ്ഞു
  ശാത്രവക്ഷമാധവൻ തൽക്ഷണം സൗകര്യത്തിൽ.

അത്രമേൽത്തിടുക്കമായ് പുൽകുവാൻ ജയശ്രീക്കു
  രക്തചന്ദനം പൂശും മുൻപിൽത്തദ്വക്ഷസ്സിനെ.

യുദ്ധത്തിൽച്ചിലർക്കുറ്റമിത്രമായ്ത്തീരും സ്വീയ-
  ശക്തിയ, ല്ലരാതിതൻ മൂഢത്വം താൽകാലികം.        40

                                                III

ആ രാവിൽ ക്കിനാവൊന്നു കണ്ടാൻ പോൽ കല്യാണഭം
  കാരാഗാരാന്ത:സ്ഥനാം കാശ്യപീസംക്രന്ദനൻ.

"ധൂർത്തനോ നൃശംസനോ ദൈവമേ ! ഭവാൻ ? പേർത്തും
  പ്രാർത്ഥനാമദ്ധ്യത്തിലിബ് ഭക്തനെച്ചതിച്ചല്ലോ "

ഇമ്മട്ടിൽത്താൻ ചൊന്നതും ബോധിച്ചാൻ തൽ പ്രത്യുക്തി
  കണ്മുന്നിൽക്കാണായ്കിലും, കാർവർണ്ണൻ കഥിച്ചതും.

"വത്സ, നിൻ ദോഷരോപം യുക്തമല്ലല്ലോ ; കേൾക്കൂ
  മത്സമാചാരം കൂടി, ച്ചിന്തിക്കൂ പിന്നീടല്പം.

നിൻപെരുമ്പടക്കൂട്ടം പൊന്തിച്ച ധൂളിക്കുള്ളിൽ
  വൻപെഴും സഹസ്രാം ശുമണ്ഡലം മറഞ്ഞുപോയ് ;

ആയതിന്നകത്തായിപ്പോയ ഞാൻ നിന്നെക്കണ്ടീ-
  ലായതാണപ്പോൾ വന്ന വൈഷമ്യ,മാർക്കെന്താവൂ ?

കേൾക്കയും ചെയ്തീല നിൻ യാച്ഞ ഞാൻ ; രണോർവ്വിയിൽ
  വായ്ക്കുന്നകോലാഹലം വിട്ടതങ്ങുയർന്നീല

ആനതൻ പുറത്തിരുന്നർത്ഥിച്ചുവെന്നാൽപ്പക്ഷേ
  ഞാനതൊന്നല്പം കേൾക്കു,മത്തവ്വും തെറ്റിപ്പോയി.

പോരുമായിരുന്നല്ലോ പോരുതീർന്നസൃക്കിങ്ക-
  ലാരജസ്തോമം മഗ്നമായിട്ടു നിൻ പ്രാർത്ഥനം.

എപ്പോൾ നീയിറങ്ങിയോ നിൻ ഗജസ്കൃന്ധത്തിൽ നി-
  ന്നപ്പോൾ നിൻ ഭവ്യം താഴെ വീണുപോയ് ; തകർന്നു പോയ്        60

                                       IV
കേൾക്കായി വീണ്ടും നഭോവാണി "ഒന്നോർക്കൂ സൗമ്യ ?
  പോർക്കളം താനോ ദേവപൂജയ്ക്കു പറ്റും ക്ഷേത്രം ?

യുദ്ധത്തിൽ നേർത്തീടുവാൻ പ്രത്യർത്ഥി പാഞ്ഞെത്തുമ്പോൾ
  ക്ഷത്രിയന്നായോധനം വിട്ടേതു സന്ധ്യോപാസ്തി ?

ചീർത്തണഞ്ഞെതിർത്തിടും ശാത്രവന്നെപ്പോൾ നില്പൂ
  തീർത്ഥവാരിതൻ ബിന്ദു വാർദ്ധിയായ് പ്പുരോഭൂവിൽ

ചേലെഴും ഫലം നൽകും, പ്രാർത്ഥനം നിസ്സംശയം
  കാലദേശാവസ്ഥാനുരൂപമായനുഷ്ഠിച്ചാൽ.

എന്നെ വിശ്വസിപ്പീല നീ ; യതല്ലെന്നാൽ വീണ്ടു-
  മന്നേരം പ്രാർത്ഥിക്കാൻ ഞാനത്രമേൽ പ്രമത്തനോ ?

ധർമ്മത്തിൻ വശത്തേ ഞാൻ നിൽക്കുവെന്നുറയ്ക്കാതെ-
  യിമ്മട്ടിലെൻ സാഹായ്യം നേടുവാനോർത്തല്ലോ നീ.

കർത്തവ്യം സമസ്തവും ദൈവത്തിൻ തലയ്ക്കേറ്റും
  മുഗ്ദ്ധൻ ഹാ ? ജശ്രീതൻ ദൃഷ്ടിയിൽ ക്ലീബോപമൻ

തീയിൽപ്പോയ് നിമജ്ജിച്ചു ; വെള്ളത്തിൽപ്പാകം ചെയ്തു ;
  വായുവാൽ ഗൃഹം തീർത്തു ; മൃത്തിനാൽ ശ്വസിച്ചു നീ.

വീരരായ് വിക്രാന്തരായ്, വിശ്രുതന്മാരാമെത്ര
  പേരെ നീ രണോർവിക്കു പിൻപുറം കാണ്മാൻ നിർത്തി.

സർവ്വാഭിസാരത്തൊടും സംഗരത്തിന്നായെത്തി ;
  നിർവ്വാദം പക്ഷേ ബുദ്ധി ഗേഹത്തെക്കാക്കാൻ നിർത്തി ;

ആയതിൻ ഫലത്തെ നീ, യായുഷ്മൻ, ഭുജിക്കുന്നു ;
  കായട്ടെ നിന്നുള്ളല്പം കൈവരാൻ കാലജ്ഞാനം."

ഏവമാണദ്ദിവ്യോക്തി, യെന്തു ചെയ്തിടാം ? വാണു
  പാവമത്തുറുങ്കിങ്കൽപ്പശ്ചാത്താപാർത്തൻ ചിരം.        84
                                                      


ഫലിച്ച പ്രാർത്ഥന

[തിരുത്തുക]

ഏറെ നാളായൊരു നാട്ടിൽ ദൈവം-
  മാരി പൊഴിക്കാതിരുന്നു.

തീരെയന്നാടു മറന്നേ-പോയി
  നീരുണ്ട കാർകൊണ്ടലെല്ലാം.

മുറ്റും കുളവും മിണറു-മങ്ങു
  വറ്റി വരണ്ടു കഴിഞ്ഞു.

കാലികൾ ചത്തു മറിഞ്ഞു ; വേര-
  റ്റാലുകൾ കൂടിയും വീണു.

തീയുടെ തോഴർതാൻ കാറ്റെ--ന്നതു
  മായമറ്റാരുമറിഞ്ഞു.

തിങ്കളും രാവിജ്ജൽനങ്ങൾ--ക്കൊരു
  ചെങ്കതിരോനെന്നു തോന്നി.

ഒന്നു നുകരുവാൻ പറ്റീ--ലൊരു
  കണ്ണുനീർത്തുള്ളിയുമാർക്കും.

ക്ഷേത്രത്തിൽച്ചെന്നവരോരോ--വിധം
  പ്രാർത്ഥനയെന്നും നടത്തി.

കണ്ണുതുറന്നീല ദൈവ--മവ-
  ർക്കെണ്ണം വിഫലമായ്ത്തീർന്നു.

അങ്ങനെ പോയ് കാല, മാശ--ച്ചെടി-
  യെങ്ങുമെല്ലാർക്കും കരിഞ്ഞു.

പേർത്തുമൊരു നാളശേഷം--പേരും
  പ്രാർത്ഥനയ്ക്കായ് വീണ്ടും പോയി.

തൻ കുട കൈയിലെടുത്ത--ങ്ങൊരു
  പെൺകിടാവും നടകൊണ്ടു.

"ഓലക്കുട വേണ്ട കുഞ്ഞേ,--നമ്മൾ
  വെയിലിന്നു മുമ്പിങ്ങു പോരും.

ചുട്ടുപഴുത്ത മണലിൽ--നിന്റെ
  പട്ടുകഴൽ പതിയേണ്ട."

അച്ഛനുമമ്മയുമോതും--മൊഴി
  കൊച്ചമ്മു കൈക്കൊണ്ടില്ലേതും.

അൻ പിൽക്കുടയുമായിത്തന്നേ--പൈത-
  ലമ്പലത്തിങ്കൽചെന്നെത്തി.

പ്രാർത്ഥന പെട്ടെന്നു പറ്റീ ; മുകിൽ
  മേത്തരമാം മഴ പെയ്തു.

വാണിയൊന്നപ്പൊഴുതാരും--കേൾക്കെ
  വാനത്തു നിന്നുളവായി.

"പ്രാർത്ഥനയാർക്കും ഫലിക്കാൻ--വേണം
  പ്രാർത്ഥനയിങ്കൽ വിശ്വാസം.

ഛത്രമെടുക്കാഞ്ഞതെന്തേ--നിങ്ങൾ
  നിത്യവും മാരിക്കിരപ്പോർ ?

മാരിവരിമെന്നൊരാളും--തന്നെ
  തീരെ നിനച്ചിരുന്നീല !

വല്ലതും പേരിന്നു കാട്ടി--ക്കൂട്ടി-
  സ്സൊല്ലയൊഴിക്കുവാൻ വന്നു.

തർക്കമില്ലീമഴയിപ്പോൾ--പ്പെയ്ത-
  തിക്കൊച്ചുകുഞ്ഞിനു വേണ്ടി."

ആമൊഴികേട്ടു ജനങ്ങളപ്പൊ-
  ന്നോമനയെപ്പേർത്തും വാഴ്ത്തി.

എങ്ങും നനഞ്ഞു കൊണ്ടോടി--വേഗം
  തങ്ങൾതൻ വീടുകൾ തേടി.

നമ്മുടെ കണ്മണിയാളോ--തെല്ലു-
  മമ്മഴ കൊണ്ടുഴലാതെ,

തേജസ്വിനിയായ് നടന്നാ--ളൊരു
  രാജകുമാരി കണക്കേ.

ആയവൾതൻ നന്മുടിക്കു-മീതെ-
  യായതദണ്ഡമാം ഛത്രം,

കേൾവി പരക്കുക മൂലം--പുത്തൻ
  തൂവെൺനിറത്തോടുകൂടി,

മുറ്റുമഴകിൽ വിളങ്ങി--യൊരു
  കൊറ്റക്കുടയെന്നപോലെ.


ശുഭപ്രതീക്ഷ

[തിരുത്തുക]





കറുപ്പൊരല്പം വാനത്തു
  കാണുന്നുണ്ടെന്നു വെച്ചു നാം
കണ്ണീർ പൊഴിക്കുവാൻ മാത്രം
  കാലമത്രയ്ക്കു മാറിയോ ?        (1)

കരിതേച്ചലറിക്കോട്ടെ
  കാറോരോന്നും കഠോരമായ് ;
കതിരോനെ മറച്ചോട്ടെ ;
  കാട്ടാനെന്തുണ്ടതിന്നുമേൽ ?        (2)

നഷ്ടമെന്തതിനാൽ വന്നു
  നമ്മൾ, ക്കമ്മുദിരത്തിനോ,
കണ്ണിമയ്ക്കുന്നതിൻ മുൻപു
  കഥാശേഷം കളേബരം.        (3)

അറിയുന്നീലണുപ്രായ-
  മല്പായുസ്സംഗ്ഘഗാഘനം
ആകാശത്തിന്റെ വിസ്താര-
  മാദിത്യന്റെ ചിരസ്ഥിതി.        (4)

കത്തിക്കെട്ടുപോം കാറിൻ
  കൈമിന്നൽച്ചുട്ടനങ്ങുകിൽ
പാരിന്നിരുളകറ്റുന്ന
  പകലോനാവതെങ്ങനെ ?        (5)

അടുത്ത നിമിഷത്തിങ്ക-
  ലച്ഛമാം വീണ്ടുമംബരം ;
പ്രകാശിക്കും യഥാപൂർവ്വം
  ഭഗവാൻ ലോകബാന്ധവൻ.        (6)

അകമേ തോന്നിടുന്നുണ്ടോ-
  മനുതാപം ഘനത്തിനും ;
അതാണതു പൊഴിക്കുന്ന-
  തശ്രുധാരയനന്തരം.        (7)

കൈവാളുലയ്ക്കും ; ഗർജ്ജിക്കും
  കടും കോപത്തിലേവനും ;
കാലമല്പം കഴിഞ്ഞീടിൽ-
  ക്കരയും കരുണാർദ്രനായ്.        (8)

അല്ലെങ്കിൽത്തന്നെ നീരാട്ടി-
  ന്നലർമാതെഴുനള്ളവേ
മുന്നകമ്പടി വന്നോരു
  മുകിലത്രയ്ക്കു മോശമോ ?        (9)

കർഷകന്നു നിറയ്പിക്കാൻ
  കണ്ണിലാനന്ദവാരിയെ ;
പച്ചപ്പട്ടാട ചാർത്തിക്കാൻ
  പയോധിമണികാഞ്ചിയെ ;        (10)

അർണ്ണവത്തോടു ചേർത്തീടാ-
  നാപഗാദേവിമാർകളെ ;
സസ്യസമ്പന്നമാക്കീടാൻ
  സർവമർത്ത്യഗൃഹത്തെയും ; -        (11)

വാനിലെത്തുന്ന കാർകൊണ്ടൽ
  വർജ്ജ്യമെന്നാർക്കുരച്ചിടാം ?
അതിന്നു നഞ്ഞു മെയ്യെങ്കി-
  ലമൃതം മാനസം ദൃഢം,        (12)

ഒരു ദുർദ്ദിനമുണ്ടെങ്കി-
  ലൊരുനൂറുണ്ടു നൽദിനം ;
ഒരുവൻ രുഗ്മണനാണെങ്കി-
  ലൊരുപാടുണ്ടുരോഹികൾ.        13)

കരിമ്പിനേക്കാൾക്കമ്പിന്നു
  കാണ്മീലായാമമെങ്ങുമേ ;
വഴിക്കു ചൊവ്വിലധികം
  വളവില്ലൊരിടത്തിലും.        (14)

  


സൈകതാടവിയെക്കാളും
  ശാഡ്വലസ്ഥലമേറിടും ;
സദ്വൃത്തനെയപേക്ഷിച്ചു
  തസ്കരന്മാർ കുറഞ്ഞിടും.        (15)

അത്തരത്തിൽ വിളങ്ങുന്നോ-
  രസ്മജ്ജനനി ഭൂമിയെ
ആവാസയോഗ്യയല്ലെന്നാ-
  ർക്കപഹാസം തുടർന്നിടാം ?        (16)

പതിക്കൊലാ നാമെന്നോർത്തു
  പാതാളത്തെയടയ്പവൻ,
നഭസ്സു, നാഥൻ, കാട്ടുന്നു
  നാമങ്ങോളമുയർന്നിടാൻ.        (17)

പരംസ്മൃതിക്കു സമ്രാട്ടായ്-
  പ്രത്യാശയ്ക്കവകാശിയായ്
ആനന്ദിക്കേണ്ട മർത്ത്യന്നെ-
  ന്താധിവ്യാധിക്കു കാരണം ?        (18)

ആമോദസ്ഥാനമെന്തെന്ത-
  ല്ലാത്മവാനേതു നാളിലും ?
ദു:ഖത്തെയവനീക്ഷിപ്പൂ
  സുഖത്തിൻ രൂപഭേദമായ്.        (19)

മനസ്വി തെളിവായ്ക്കാണ്മൂ
  മഴവില്ലശ്രുബിന്ദുവിൽ ;
ഉരകല്ലായ് നിനയ്പൂ ത-
  ന്നൂക്കിന്നാടൽക്കറുപ്പിനെ.        (20)


ചേരനും കീരനും

[തിരുത്തുക]

<poem>


ഒരുകാലമുലകിന്നു പുകൾവെൺപട്ടണിയിച്ചു   വിരുതെഴും ചേരരുടെ വിജയഭേരി.

പലവട്ടമിടിയോടു പടവെട്ടിപ്പരം വെറ്റി-   പ്പരിവട്ടം പറ്റിയോരപ്പടുപടഹം

ഒരു മുകിൽ തന്നെ ; പക്ഷേയതു മഴപൊഴിക്കുന്ന-   തരികൾതൻ കണ്ണിൽനിന്നാണതത്രേ ഭേദം.

അതിനെക്കാൾത്തന്നലർച്ചയവരമെന്നുരയ്പതു-   ണ്ടതുചുമന്നടർക്കളമണയും കൊമ്പൻ.

ഭടരതിൻ ധ്വനികേട്ടാലുടനടിയവിടേയ്ക്കു   കൊടുങ്കൊലക്കലികൊണ്ടു കുതിച്ചു പായും.

ഉടയതമ്പുരാട്ടിമാരിരുവർ താൻ ചേര,ർക്കൊന്നു   കൊടുങ്ങല്ലൂർ ഭദ്രകാളി ; മറ്റൊന്നബ്ഭേരി.

അതിന്നൊരു ഹേമചൈത്യമരമനയ്ക്കരികത്തു-   ണ്ടതിമാത്രം ഭയദമതരികൾക്കാർക്കും.

നെടുനാളായ്ത്തിങ്ങൾതോറും കരുതിയദ്ദേവതയ്ക്കു-   ണ്ടൊടുവിലേ വെള്ളിയാഴ്ച, യുജ്ജ്വലഘോഷം.

വഴിപോലെ പുഴയിലേക്കെഴുന്നള്ളിച്ചാറാടിച്ചു,   ചുഴലവേ മയിൽപ്പീലി കുത്തി നിരത്തി,

ഇളങ്കൊന്നമലർമാലയണിയിച്ചു, വിഹാരത്തി-   ലിളകൊള്ളി.ച്ചഥർവണസൂക്തങ്ങളോതി,

അളവറ്റ നിണം ചൊരിഞ്ഞഭിഷേകമാചരിച്ചു,   പലമട്ടിൽപ്പലലത്താൽ നിവേദ്യമേകി,

അരുളുമദ്ദുന്ദുഭിക്കു ശമം വീണ്ടുമരചന്മാർ ;   പരമമാം കുലധനമവർക്കാദ്ദൈവം.        (24)


                                          II

മഹമതു വന്നു വന്നു വീണ്ടുമൊരുദിന, മതുകാണ്മാ-   നഹമഹമികകൈക്കൊണ്ടണഞ്ഞു ലോകർ.

'പെരുഞ്ചേരലിരുമ്പൊറ'യരചനും സചിവരു-   മിരുകയ്യും കൂപ്പി മുന്നിൽത്തൊഴുതുനിൽക്കേ

എഴുന്നള്ളിക്കുന്നു വെളിക്കർച്ചകരാപ്പടഹത്തെ-   പ്പുഴനീറ്റിൽക്കൊണ്ടുചെന്നു മുഴുകിക്കുവാൻ.

പുതുമിന്നൽപ്പിണരൊളിപുണരും പൊന്തലക്കെട്ടു   പൊതിഞ്ഞോരു ഗജവരമസ്തകത്തിങ്കൽ

അതുതാങ്ങിയെടുത്തേറ്റിയവർ പിടിക്കുന്നു ; കണ്ടു   കൃതകൃത്യമാവാനാവാം ഗീർവാണനേത്രം.

പടിഞ്ഞാറേക്കടലിൽത്തന്നവഗാഹത്തിന്നു പോകും   പകലവനതുനോക്കി പ്രസന്നനായി

തനിത്തങ്കക്കതിർനിര ചൊരിഞ്ഞനുഗ്രഹിക്കുന്നു   ജനങ്ങൾതൻ നാഥനേയും ജനതയേയും

ചൊടിപെടും ഭടരുടെയകമ്പടിയൊടുകൂടി   നടന്നുചെന്നടർപ്പെരുമ്പറ നീരാട്ടി,

വിരവിൽത്തൻ പ്രജകളൊത്തരികത്തപ്പുഴയ്ക്കുള്ളിൽ   നരവരൻ മുഴുകീടും നിനദം കേട്ടാൽ.

അടവാർന്നു നാഗലോകമടക്കുവാനവിടുന്നു   പടപുറപ്പെടുന്നതായ് ഭ്രമിച്ചുനോക്കി,

"അടിയങ്ങൾ മലനാട്ടിലടിമ പൂകിയോർ പണ്ടേ ;   കുടികൊൾവോർ കാവുതോറും കുശലമേകാൻ ;

വിരമിച്ചീടണങ്ങീ വിജയയാത്രയിൽനി"ന്നെ-   ന്നുരഗങ്ങളുരയ്പതുകണക്കു തോന്നും.

അവ നൽകുമടിയറ നറുമുത്തിൻ നിരയാവാ-   മവിടെവന്നുയരും നീർക്കുമിള നീളേ.

തിരുനീരാട്ടിനു വേണ്ടും ചടങ്ങെല്ലാം കഴിയവേ,   തിരനീക്കിക്കളിക്കിരവണഞ്ഞിരിക്കേ,

പുരുഷാരം തിരിക്കുന്നു പുരം നോക്കിപ്പുതുതായ-   പ്പുഴയിൽ നിന്നൊഴുകും കൈവഴികണക്കേ.

എവിടെയും മന:പ്രീതി,യെവിടെയും മഹോത്സാഹ,-   മവിടമന്നാർക്കുമൊരു വിലാസോദ്യാനം.        (56)


                                 III

ഒരു മഹാൻ വാണിരുന്നു കവിവരനക്കാലത്താ-   പ്പുരുഷനെ 'ക്കീര'നെന്നു വിളിപ്പു ലോകർ.

അതു ശരി ; കീരഗാനസദൃശങ്ങൾ തദുക്തികൾ-   മധുരങ്ങൾ, മസൃണങ്ങൾ, മനോഹരങ്ങൾ.

ദ്രവിഡനദ്ദിവ്യസൂരി ചരിക്കാത്ത ദേശമില്ല ;   കവിതകൊണ്ടിളക്കാത്ത ഹൃദയമില്ല ;

എവിടെനിന്നെന്തുതന്നെ ലഭിച്ചാലുമതൊക്കെയു-   മവിടെവെച്ചവിളംബമകിഞ്ചനർക്കായ്

കൊടുത്തു കൈകഴുകിയഗ്ഗുരുദേവൻ കൃതാർത്ഥനായ്   നടകൊള്ളും വീണ്ടുമോരോ നഗരം നോക്കി.

ചിറകുകൾ വീശി വാനിൽപ്പറക്കുന്ന പൈങ്കിളിക്കു   ചെറുപൊതിച്ചോറും നൂനം ശിലാസമാനം.

കലയെച്ചെന്നോമനിച്ചു തലയിലേറ്റിടുന്നോനു   കമലതൻ കടക്കണ്ണാൽക്കാര്യമെന്തുള്ളു ?

അറികയില്ലപ്പുമാനെ നടകൊണ്ടുമുടകൊണ്ടു-   മൊരുമഹാകവീന്ദ്രനെന്നുൽകിലാരും ;

രസനയാം കുഴലൂതിത്തുടങ്ങിയാൽ മട്ടു മാറും ;   രസികർക്കക്കൊണ്ടൽ വർണ്ണനമ്പാടിക്കണ്ണൻ.        (76)


                           IV

'ഇരുമൊറ'യുടെ ദാനമിരുകുറി വാങ്ങിയോനാ-   ണരിയൊരസ് സൂരിവര്യനതിന്നു മുൻപിൽ.

സ്ഥലമതന്നെങ്കിലുമാസ്സൽകവിക്കു നവംതന്നെ ;   പലേടത്തും സഞ്ചരിക്കും പഥികനല്ലേ ?

അവിടെയന്നെങ്ങുനിന്നോ നടന്നുവന്നെത്തിക്കൂടി-   യശനംചെയ്തതിന്നുമേലരമനയിൽ,

നൃവരൻ തൻ പ്രശസ്തിയൊന്നെഴുതുവാൻ മനസ്സിങ്കൽ   നവനവോല്ലേഖചിത്രം വരച്ചും മാച്ചും,

അടിക്കടി പല ചിന്തും മുരണ്ടുകൊണ്ടണയുന്നു   പടഹദേവതയുടെ ഭവനത്തിങ്കൽ.

അറിഞ്ഞുവോ കവിശിഖാമണിയെന്നപ്പുരുഷനെ-   യതല്ലെങ്കിൽ ക്ലമം കൊണ്ടൊട്ടയർത്തുപോയോ,

നടയിലേശ്ശിപ്പായിമാർ തടഞ്ഞിടാഞ്ഞാവിദേശി   കടന്നുള്ളിൽപ്പരിശ്രാന്തൻ, കവനഭ്രാന്തൻ,

നിയതിക്കു വശഗനാ, യലങ്കരിച്ചൊരുക്കിയ   ശയനത്തിൽക്കുഴൽനീട്ടിക്കിടന്നുറങ്ങി.        (92)



                                               V

അണഞ്ഞു തെല്ലിട കഴിഞ്ഞരചനാവിഹാരത്തി-   ലണിനിൽക്കും ഭടന്മാരാലനുഗതനായ്.

നിരവധി ദീപയഷ്ടിയെരിയുന്നു, മഹം കാണ്മാൻ   സുരപഥം വിട്ടങ്ങെത്തും ജ്യോതിസ്സുപോലെ

ജയജയഘോഷം കൊണ്ടു മുഖരമാകുന്നു പുരം ;   ജഗതിതൻ പ്രിയന്നുള്ളം കുളിർത്തിടുന്നു ;

നടയിൽ വന്നെത്തിടുന്ന ഗജത്തിൽ നിന്നിറങ്ങുന്നു   പടഹത്തെ വഹിച്ചുകൊണ്ടുപാസകന്മാർ.

പടുതയിലതിന്നു മുന്നകമ്പടി നടക്കയാ-   ണുടവാളും പിടിച്ചുകൊണ്ടുലകിൻ നാഥൻ.

പ്രമദം പൂണ്ടവർ ഗർഭഗൃഹത്തിലേ മഞ്ചകത്തിങ്കൽ   സമരദുന്ദുഭി വെയ്ക്കാൻ സമുദ്യമിക്കേ,

ഒരുവസ്തുവതിലെന്തോ കിടപ്പതായ് ക്കണ്ടുപേടി-   ച്ചരണ്ടടി രണ്ടുമൂന്നു പുറകിൽ മാറി.

അകത്തരഞൊടിയിൽപ്പാഞ്ഞതു കണ്ടോരളവുള്ളം   തകർന്നുപോയ് തമ്പുരാനു തരിപ്പണമായ്.

"അരിയെന്ന ശബ്ദമെന്തെന്നറിയാത്തോരെൻ പുരത്തി-   ന്നണിയലായ് വിളങ്ങുമീയാലയത്തിങ്കൽ,

പടയിലെൻ കുലമെന്നും പരിപാലിച്ചരുളുന്ന   പടഹദേവതയുടെ പര്യങ്കത്തിങ്കൽ,

കരുതി ഞാൻ കൊടുക്കേണ്ടോരിരവി,ലീ മഹംകാണ്മാൻ   നിരവധി ജനം വന്നു നിറഞ്ഞു നിൽക്കേ--

ഹര ഹര ! ശേഷമെന്തുപറയേണ്ടൂ ?--നുഴഞ്ഞൊരു   നരകൃമി, നഗ്നജീവി, നരകോൽഗാരം,

പരം വിയർപ്പൊലിപ്പിച്ചു പരിവട്ടമഴുക്കാക്കി,-   ക്കരിമെയ്യാൽ മുറിക്കെങ്ങും കാകോളം പൂശി,

ഭയമെന്ന്യേ നീണ്ടുനിവർന്നുറങ്ങുന്നു കൂർക്കമിട്ടു !   നിയതിതൻ വികൃതിക്കുമതിരില്ലെന്നോ ?

അശുഭമെന്തിതിൽനിന്നു വരുന്നുവോ ദേവി ?യിന്നീ--   യശനിയെൻ ശിരസ്സിങ്കൽപ്പതിച്ചുവല്ലോ.

ഹിമഗിരിശിഖരത്തിൽ ജയസ്തംഭം നാട്ടിപോലു-   മമലമാം ഖ്യാതിപൂണ്ടോരെൻ പിതൃഭൂതർ.

ഇവ,നൊരു ശത്രുകീടം കിടപ്പതു കണ്ടുപോലു-   മവരുടെ വീരഭേരീശയ്യതൻ മീതേ !

അയശസ്സെന്തിതിന്നുമേലരചർക്കു വരാം ? ഹാ ! ഞാ-   നയൽ നാടുവാഴികൾക്കു ഹസനപാത്രം !

അടവിതു പയറ്റിയതധമനാമിവനാവി-   ല്ലടിക്കൊരാളരി കാണുമവശ്യമാരോ !

അവന്റെ ചെന്നിണത്തിങ്കൽ മുഴുകിയാലെനിക്കെന്താ-   യവന്റെ പാഴ്പ്പിണച്ചാമ്പലണിഞ്ഞാലെന്തായ് ?

പരമെൻ വെൺപുകൾമെയ്യിൽപ്പരന്നോരിക്കരിങ്കുഷ്ഠം   മറയുവാൻ മാർഗ്ഗമുണ്ടോ മരിച്ചാൽപ്പോലും ?

അരചൻ തൻ ഹൃദയത്തിലിതുമട്ടിൽപ്പല ചിന്ത   ചെറുമിന്നൽപ്പിണർനിരകണക്കു പാഞ്ഞു.

സമരദുന്ദുഭിയുടെ ശയനീയം പാർത്തുപാർത്ത്-   ശ്ശമധനൻ തൻ ധകാരം സന്ത്യജിച്ചോനായ്.

"കൊലചെയ് വാനൊരു വൈരിയൊരുമ്പെട്ടാല്പ്പൊറുക്കും ഞാൻ ;   കുലത്തിന്നിക്കറ ചേർത്താൽപ്പൊറുക്കയില്ല.

ഉറക്കം ഞാനിവനിപ്പോളുണരലറ്റതായ്ത്തീർക്കും ;   മറക്കരുതിതിൻ ശിക്ഷ മനുഷ്യരാരും.

നരബലി വേണമെന്നു കരുതിയീ ലീലയെന്റെ   പരദൈവം കാട്ടിയെന്നേ പറവാനുള്ളൂ."

ഇവണ്ണമോർത്തധരത്തെ രദനത്താലിറുക്കിയു-   മവയവമാകമാനം വിറകൊള്ളിച്ചും,

കനൽപ്പൊരി കണ്ണിൽനിന്നു തെരുതെരെത്തെറിപ്പിച്ചും,   ജനനാഥൻ, ക്രോധാവിഷ്ടൻ, ഭ്രുമകുടീഭീമൻ,

കമിഴ്ന്നുറങ്ങിടുന്നോരു കവിയുടെ ഗളം നോക്കി   വിമതരെ വെട്ടിയരിഞ്ഞൊടുക്കും ഖഡ് ഗം

മടിവെടിഞ്ഞുലച്ചൂക്കോടുയർത്തിനാൻ--ഒരു ചെറു-   മശമത്തെക്കശക്കുവാൻ മഹേന്ദ്രവജ്രം !        (152)


                                            VI

തിരിഞ്ഞൊന്നു കിടക്കയായ് തപസ്വി തൽക്ഷണ,മപ്പോൾ   ത്തിരിഞ്ഞു തന്നേടും ചിത്രഗുപ്തകരത്തിൽ.

ഒരു നോക്കുമുഖം കാൺകെയുടനെയപ്പുമാനാരെ-   ന്നറികയായ് മന്നോർമന്നനനുശയാർത്തൻ.

വിയർത്തുപോയ് തിരുമേനി,യവിടേയ്ക്കു മുകളിലേ-   ക്കുയർന്നവാൾ തൃക്കൈവിട്ടു തെറിച്ചുപോയി.

ചിലഞൊടിയിട തീരെ സ്തബ്ധനെന്ന മട്ടിൽ നിന്നാ-   നുലകിന്റെ പൂർവ്വപുണ്യമുടലെടുത്തോൻ.

"എവിടെ വെൺചാമരമിങ്ങെടുക്കുവിൻ" എന്നുചൊന്നാൻ   വിവിധമാം വികാരത്തിൻ വിമർദ്ദനത്തിൽ.

വെറുമൊരുഭൃത്യനൊപ്പമതു തന്റെ കയ്യിൽ വാങ്ങി   വിരവിലസ്സാധുവിനെ വീശിനാൻ വീരൻ.

"ഇതെന്തൊരു മഹാശ്ചര്യമിരുമ്പൊറച്ചേരമന്ന-   നിതരനെച്ഛാമരത്താൽ വീശുകയെന്നോ ?

മതിഭ്രമം വന്നുവെന്നോ മനുജേശ,ന്നതല്ലെങ്കി-   ലിതു കുലദേവതയോ മർത്ത്യരൂപത്തിൽ ?

ഇരിക്കട്ടെ നോക്കാ" മെന്നു പരിചരർ നിരൂപിക്കെ-   ക്കുറെക്കഴിഞ്ഞെഴുന്നേറ്റു കുശലി സൂരി.

പവിത്രമച്ചൈത്യ,കതിൽത്താൻ കിടന്ന ചപ്രമഞ്ച,-   മവിടത്തെശ്ശയനീയാദ്യലങ്കാരങ്ങൾ,

രജനിയിൽക്കത്തിനിൽക്കും വിളക്കുക, ളരികത്തായ്   വ്യജനത്താൽത്തന്നെ വീശും വിശ്വംഭരേശൻ,

ജയഭേരി, യർച്ചകന്മാർ, മുതലോരോന്നങ്ങു കണ്ടു   ഭയശങ്കാപരവശൻ പകച്ചുപോയി.

അതുവരെക്കണ്ടീടാത്ത കിനാവതെന്നോർത്തുകൊണ്ട-   സ്സുധി വീണ്ടും സുഷുപ്തിക്കു തുനിയുംനേരം,

"എഴുനേൽക്കൂസഖേ, കീര, വരൂ, പോകാ"മെന്നുരച്ചു   തഴുകിനാൻ തദംഗത്തെദ്ധരാധിനാഥൻ.

അരങ്ങിതൊന്നല്പം കാണ്മിൻ സഹജരേ, കണ്ടു പിന്നെ-   പ്പറയുവിൻ, സത്യമല്ലേ കുചേലവൃത്തം ?

ഇരുവരുമുദന്തങ്ങൾ പരസ്പരം ഗ്രഹിപ്പിക്കെ-   പ്പരമൊരു വചസ്സോതി ഭാരതീദാസൻ.        (184)


                                   VII

"സുവിമലചേരവംശശുകൃതസഞ്ചയസത്തേ,   കവികുലശിഖാവേളകാളാംബുഭൃത്തെ

അലകടൽമണികാഞ്ചിക്കനുകമായ് വിളങ്ങുന്ന   വലരിപുതുല്യകീർത്തേ, വദാന്യമൂർത്തേ,

അവിടുത്തേപ്പവിത്രമാം ദുന്ദുഭിതൻ ശയനത്തി-   ലവിവേകി ഞാനൊരല്പൻ ശുനകപ്രായൻ

ഉറങ്ങിയ പാതകത്തിന്നുടവാൾ കൊണ്ടെന്നെവെട്ടി   നുറുക്കിയേ മതിയാവൂ നൂറ്റെട്ടുജന്മം ;

തടവറ്റെൻ തമ്പുരാനെന്തനുഷ്ഠിച്ചു പക്ഷേ ? ചെങ്കോൽ   പിടിക്കുന്ന തൃക്കരത്തിൽച്ചാമരമേന്തി

ഉണർന്നീടുന്നോളമെന്നെയുടമയിൽ വീശിയില്ലേ ?   കനിവിമ്മട്ടാർക്കു കാണും കഥയിൽപ്പോലും ?

ഉടലെത്ര വിയർത്തില്ല ? കരമെത്ര കഴച്ചില്ല ?   ജഡൻ ഞാനാരവിടുന്നെൻ ദാസായ്ത്തീരാൻ ?

ൻടുനാൽ മേൽ രണ്ടുകൂട്ടം നിലനിൽക്കും മഹിയി,ലെൻ   മടയത്തമൊന്നു, മറ്റൊന്നങ്ങേ മഹത്വം."

ഇതുമട്ടിൽക്കരഞ്ഞോതിക്കഴൽപ്പാട്ടിൽ പ്പതിക്കുന്ന   സുധിയെത്തൻ കയ്യാൽത്താങ്ങിപ്പിടിച്ചുയർത്തി

സവിധത്തിലണച്ചുകൊണ്ടരുൾചെയ്താൻ സരഭസ-   മവനീശൻ, വിശ്വബന്ധു, കാരുണ്യസിന്ധു.        (204)


                                VIII

"ഭഗവതിയെന്നെരക്ഷിച്ചരുളിനാൾ ; ഭാഗ്യവാൻ താൻ   ജഗതിയിൽ ഞാനെൻ കീര, ചെറ്റുണ്ടോ തർക്കം ?

പിളർന്നിരുന്നേനേ രണ്ടായ് നിമിഷത്തിൽ വെട്ടിയങ്ങേ-   ഗ്ഗളമെൻ വാൾ--അല്ലെൻ വംശയശസ്സിൻ കണ്ഠം.

വധിച്ചിരുന്നേനേ ഹാ ! ഞാനങ്ങയെ--യല്ലങ്ങേനാവിൽ   വസിച്ചാടിപ്പാടി വാഴും വാഗ്ദേവതയെ.

ഉടച്ചിരുന്നേനേ പാപിയൂഴിയുടെ സുധാകുംഭം ;   കൊടുത്തിരുന്നേനേ തീയെൻ ഭൂതിസൗധത്തിൽ.

ഇളകൊണ്ടതിന്നെൻ തോഴ, വെറുമൊരു മർത്ത്യനല്ലി-   ത്ത്ലിമത്തിൽ--വേറിട്ടൊരു വീരപടഹം.

പടപ്പെരുമ്പറകൊണ്ടു ഫലമെന്താം ? ഗ്രസിച്ചീടും   ഞൊടിക്കുള്ളിലന്തരിക്ഷമതിൻ നിർഘോഷം ;

അഴകെഴും കവിതയോ കടൽത്തിരമാലപോലെ   മുഴങ്ങിടും കല്പകാലകർണ്ണപുടത്തിൽ.

പ്രഥ പാരം പെറുമങ്ങേ പ്രതിഭയാം പൈങ്കിളിക്കു   വിധിയുടെ സൃഷ്ടിയേതും വിവൃതദ്വാരം ;

ശുഭദയശ്ശുകിയെങ്ങും ചുറ്റിനോക്കിത്തിരിച്ചെത്തി   പ്രപഞ്ചത്തിൻ തത്വം പാടിപ്പഠിപ്പിക്കുന്നു.

അഴലിന്റെ നിഴലാട്ടമറിയാത്തോരുലകങ്ങു   പഴുതറ്റു ചമയ്ക്കുന്നു പരസ്സഹസ്രം.

ചതുർമ്മുഖപാണീയുടെ തലകുനിപ്പീച്ചീടുന്നു ;   പൃഥിവിയെ ദ്ദേവലോകസമമാക്കുന്നു

വിരിഞ്ചനെക്കുമ്പിടാത്ത വിജ്ഞരാകും നരരങ്ങേ   വിരഞ്ഞടിപണിവതിൽ വിസ്മയമുണ്ടോ ?

അവനീശർക്കെന്തുമെച്ച, മസുക്കൾ മെയ് വിടുന്നേര-   മവരും ചെന്നടിയണമാറടിമണ്ണിൽ.

വിറയ്ക്കുന്നില്ല വാളുലച്ചാൽ യമഭടർ ; കോശം കണ്ടാൽ-   ക്കരളിലില്ലവർക്കാശ കൈക്കൂലിവാങ്ങാൻ.

അരചനെന്തടിമയെ,ന്തവരുടെ കമ്പോളത്തി-   ലിരുപിണത്തിനും വിലയ്ക്കില്ലൊരു ഭേദം.

കവികൾതന്നകക്കാമ്പു കനിയാഞ്ഞാൽ നിരാശ്രയ-   മവനീശർതൻ യശസ്സു 'ചാപിള്ള' മാത്രം.

കവികൾ തൻ നാരായത്തിൻ മുനപറ്റിപ്പിടിച്ചുകൊ-   ണ്ടവർക്കുള്ളോരപദാനമാശ്വസിക്കുന്നു.

സപദി വീശിയ,തിന്നു ചമരപുച്ഛമ,ല്ലങ്ങേ-   ക്കൃപനേടാൻ കൊതിക്കുമെൻ കീർത്തികുമാരി.

മുടവുതീർത്തവൾക്കേകൂ വിമാനമൊ,ന്നതിലേറി   ത്തടവ,റ്റപ്പൈതലെങ്ങും ചരിച്ചുകൊൾവാൻ.

അതിന്നർഹയെങ്കിൽപ്പോരുമനുഗ്രഹ,മല്ലെന്നാകിൽ-   പ്പദം രണ്ടുംവെട്ടിവീഴ്ത്തൂ പരിവാദത്താൽ."

ഇവണ്ണമാ നൃപനോതി വയസ്യന്റെ കരം പിടി-   ച്ചവിടംവിട്ടരമനയ്ക്കകത്തു പോയാൻ,

അമിതമാമാനന്ദാശ്രു പൊഴിച്ചുകൊണ്ടത്യാശ്ചര്യ-   സ്തിമിതരായ് ച്ചുറ്റുപാടും ജനങ്ങൾ നിൽക്കേ.

   *    *    *    *    *
   *    *    *    *    *

നമസ്കാരമാദികാവ്യവിധാതാവേ, മഹാത്മാവേ ;   നമസ്കാരം ഭാരതത്തിൻ ജന്മദാതാവേ ;

ഭവദീയഗോത്രമെന്നും പരിലസിക്കട്ടെ, ഞങ്ങൾ-   ക്കവികുലം ശുഭത്തിന്നുമാനന്ദത്തിന്നും.        (252)


                                 ശുഭം ഭൂയാത്.

<references>മഹാശൂദ്രൻ = ഇടയൻ

  1. ഇടയൻ
"https://ml.wikisource.org/w/index.php?title=അമൃതധാര&oldid=144783" എന്ന താളിൽനിന്ന് ശേഖരിച്ചത്