താൾ:ഭക്തിദീപിക.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"എങ്ങെടാ! കാണട്ടെ, ഞാൻ കാണട്ടെ നിൻദൈവത്തെ-
യെൻകുടുംബൈകദ്രോഹിയാകുമാപ്പാഴ്കീടത്തെ.
ഇപ്പൊഴിക്കൽത്തൂണിലുണ്ടെങ്കിലിറങ്ങട്ടെ-
യപ്പരബ്രഹ്മപ്രഖ്യ കൈക്കൊള്ളും നപുംസകം!"
എന്നുരച്ചീറക്കലിക്കോമരം തുള്ളും പാപി
കണ്ണിണക്കനൽക്കണപ്പേമാരി വാരിത്തൂകി
ഭ്രൂകുടിപ്പോർവിൽ വളച്ചാഞ്ഞു മപ്പടിച്ചാർത്തു
വേഗത്തിൽപ്പാഞ്ഞത്തൂണിൽ മത്തഹസ്തിയെപ്പോലെ
കാൽച്ചവിട്ടേല്പിപതൊട്ടീക്ഷിക്കും വിപ്രൻ; പിന്നെ
വാച്ചിടും മഹോഗ്രമാം സിംഹനാദവും കേൾക്കും;
ഞെട്ടിപ്പോം തെല്ലൊന്നുടൻ; മേഘഗർജ്ജനം മാത്രം
പെട്ടിടും പിന്നീടതിൻ മാറ്റൊലിക്കൊപ്പം കാതിൽ.

8


ആക്കത്തും കനൽക്കട്ടയ്ക്കൊപ്പമായ്ത്തുറിച്ചക-
ണ്ണാക്കൊലക്കട്ടാരിനാ,ക്കാച്ചിളുക്കാളുംഗളം;
ആച്ചന്മലന്മദോഗ്രഭ്രൂ വാത്തിങ്കൾപ്പൊളിദ്ദംഷ്ട്ര-
യാസ്സടാഘടാകല്പഭീമമാമാസ്യച്ഛിദ്രം;
ആക്കൂർത്ത വൈരക്കമ്പിക്കൊത്തു നീണ്ടെഴും രോമ,-
മാക്കൃതാന്താസൃക്പാനരൂപ്യപാത്രമാം നഖം;
ആയിരക്കോടിക്കണക്കർക്കർ ചേർന്നുദിച്ചോര-
ക്കായം---ഉൾക്രോധത്തീതൻ മൂർത്തമാം വിജൃംഭണം
ആകണ്ഠം സിംഹാകാര, മപ്പുറം നരാകാരം,
ഭീകരംരോമാഞ്ചദംമൂർച്ഛനം സന്ദാഹകം
ആർക്കുതാൻ നോക്കാം ഹരേ! താദൃശം ഭവദ്രൂപ-
മാക്കുമാരനാമങ്ങേ പ്രഹ്ലാദന്നേകന്നെന്ന്യേ?"

9
"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/8&oldid=173870" എന്ന താളിൽനിന്ന് ശേഖരിച്ചത്