താൾ:ഭക്തിദീപിക.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'വീർക്കുന്നീലല്ലോ പള്ള'യെന്നോതിക്കുറെത്തുറു-
പ്പാഴ്കച്ചിവച്ചാൻ മുന്നി,ലായതും തിന്നാൻ ഹരി.

33



പിന്നെയാവ്യാധൻ ചൊന്നാൻ: ഞാനെനിക്കായിട്ടല്ല
നിന്നെയിങ്ങിപ്പോൾവരാൻ നേർന്നതെൻ ചാർന്നോർമുത്തേ!
അങ്ങൊരാളടുത്തുണ്ടു നാടും തൻ വീടും വെടി-
ഞ്ഞിങ്ങുവന്നിരിക്കുന്നു നിന്നെക്കണ്ടെന്തോ നേടാൻ.
ഉണ്ണുകി,ല്ലുറങ്ങുകി,ല്ലോർക്കുകില്ലൊന്നും വേറെ;
നിന്നെത്താൻ നിനയ്ക്കുന്നു നീണാളായൊരേ നില്പിൽ.
മാട്ടിൻപാൽ കുടിച്ചേറെ മെയ്കൊഴുത്തവൻ, പണ്ടു
കാട്ടിലേക്കല്ലും മുള്ളും കാലിന്മേൽ തറയ്ക്കാത്തോൻ.
നാൾചെന്നായോരോന്നായ്‌വന്നാവതും കടിച്ചുതി-
ന്നാച്ചതപ്പറ്ററ്റുപോയ്; ചോരനീർ വേർമാഞ്ഞുപോയ്;
കോലിലും മെലിഞ്ഞൊരാക്കോലത്തിലിപ്പൊളെല്ലും
തോലുമേ കാണ്മാനുള്ളൂ പാവമേ വെറും പാവം!

34



കണ്ടു ഞാനവൻ നില്പതിക്കണക്കൊട്ടേറെ നാൾ;
വെന്തലിഞ്ഞെന്നുൾക്കട്ടി വെള്ളമായൊലിച്ചുപോയ്
ഓർത്തു ഞാൻ; "അവൻ മറഞ്ഞിക്കാട്ടിൽ മണ്ണായ്പ്പോയാൽ-
പ്പേർത്തുമെൻ തലയ്ക്കല്ലീ വീഴ്വതപ്പിണപ്പിണി?
മന്നിലാർ പിറപ്പീല പണ്ടുമിപ്പൊഴും മേലു-
മുണ്ണുവാൻ-ഉറങ്ങുവാൻ-ഉണ്ടാക്കാൻ-ഒടുങ്ങുവാൻ?
ആവകയ്ക്കാവില്ലെന്നെത്തീർത്തതെൻപുരാൻ, ഞായർ-
ക്കൈവിളക്കെന്നും വാനിൽ കത്തിച്ചെന്നകം കാണ്മോൻ.
ആകയാൽ നായാടി ഞാൻ-നീ വിലങ്ങല്ലീ?-നിന്നെ-
യേകിടാമെന്നോതിനേ,നെന്തിനും മുതിർന്നോനായ്.
ആഞ്ഞതേയുള്ളൂ കുറഞ്ഞോന്നുഞാൻ ചെന്തീതട്ടി-
ക്കാഞ്ഞൊരച്ചെടിക്കൊറ്റക്കൈക്കുമ്പിൾത്തണ്ണീർ വീഴ്ത്താൻ.

35



പോകനാമങ്ങോട്ടെന്റെ പൊന്നുടപ്പിറപ്പേ! വാ,
നീ കട,ന്നെന്തിന്നിത്ര വിമ്മലും വിതുമ്മലും?

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/20&oldid=173847" എന്ന താളിൽനിന്ന് ശേഖരിച്ചത്