താൾ:ഭക്തിദീപിക.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാവനാബലംകൊണ്ടുമാത്രം താൻ വർണ്ണിച്ചോരു
ദേവനെക്കണ്ടാൻ വ്യാസൻ ചക്ഷുസ്സാൽ തദ്രൂപനായ്.
പോരില്ലെന്നറിഞ്ഞല്പം ഖിന്നനാകിലും മർത്ത്യ-
പാരീന്ദ്രൻതന്നെപ്പാടിവാഴ്ത്തിനാൻ വീണാധരൻ.

29 "ഏറെ നാളായല്ലോ നീയെന്നെക്കാത്തകം വെന്തു
നീറുമാറങ്ങിങ്ങോടി,ക്കാൽനൊന്തു ക്ഷണിക്കുന്നു;
ഞാനിതാ വന്നേൻ മുന്നിൽച്ചങ്ങാതി!യെന്നാലെന്തു
വേണമെന്നോതിക്കൊള്ളൂ; ചെയ്തിടാമതൊക്കെയും;"
എന്നേറ്റം പ്രസന്നനായ്, സ്നിഗ്ദ്ധനായ്, ഹിതൈഷിയാ,-
യന്നൃപഞ്ചാസ്യൻ ഭക്തൻ വ്യാധനോടരുൾചെയ്തു.
ആവതും സുധാരസം മോഹിനീരൂപൻപണ്ടു
ദേവർക്കു നൽകിശ്ശേഷം തൻകണ്ണിലീട്ടിക്കൂട്ടി!
കിന്നരന്മാരെത്തുരങ്ഗാസ്യരായ്പ്പുരാണങ്ങൾ
ചൊന്നതിൽ തെറ്റു,ണ്ടൊരാൾ സിംഹാസ്യൻ തന്മദ്ധ്യത്തിൽ;
അല്ലെങ്കിലീയാർദ്രത്വമെങ്ങുനിന്നപാങ്ഗത്തിൽ?
വല്ലകീനിക്വാണത്തിൻ മാധുര്യം വചസ്സിങ്കൽ?

30 ഓതിനാൻ പ്രത്യുത്തരം വ്യാധൻ! "എൻ കണ്ണേ! പൊന്നേ!
നീ തെളിഞ്ഞിന്നെങ്കിലും വന്നുചേർന്നല്ലോ മുന്നിൽ.
കാട്ടിൽ നാം വാഴ്വോരല്ലീ ചങ്ങാതി! രണ്ടാൾക്കളും,
കൂട്ടരായ്പ്പൊറുക്കുവാൻ തമ്പുരാൻ കല്പിച്ചവർ?
എങ്ങുനീയൊളിച്ചൊളിച്ചിത്രനാൾത്തങ്ങീ? നിന്നെ-
യെങ്ങും ഞാൻ തിരഞ്ഞല്ലോ ചോട്ടിലും തലപ്പിലും.
കൂടുവിട്ടങ്ങിങ്ങു നീ കൂടുപാഞ്ഞീടുന്നോനോ?
വേടനെക്കുറിച്ചിത്ര കൂറില്ലാതിരിക്കാമോ?

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/18&oldid=173844" എന്ന താളിൽനിന്ന് ശേഖരിച്ചത്