Jump to content

താൾ:ഭക്തിദീപിക.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
20



ഇത്തരം വേടക്കിടാവോതിടും വാക്കിനൊന്നു-
മുത്തരം കഥിച്ചീല വിസ്മയസ്തബ്ധൻ ദ്വിജൻ.
"ഹാ! ജഡർക്കെന്തൗദ്ധത്യം ഡിംഭർക്കെന്തർമ്മൗഗ്ദ്ധ്യം;
നീചർക്കെന്തഹങ്കാര"മെന്നവൻ നിരൂപിക്കേ
ആഞ്ഞോടി മുന്നേട്ടേക്കക്കൊച്ചനൊട്ടേറെദൂരം
പാഞ്ഞിടാൻ മനസ്സുമായ്പ്പന്തയം വെച്ചോൻപോലെ.
കൂട്ടരെക്കൂട്ടിത്തന്റെ നായ്കളൊത്തെങ്ങും ചെന്നു
കൂട്ടിനാൻ ഘോഷം; കീഴ്മേലാക്കിനാൻ കാടൊക്കെയും
ചേണിലന്നവൻ ചേർത്താൻ തീവ്രമാം പ്രയത്നത്താൽ
തൂണിയോടൊപ്പം ദരീശ്രേണിക്കും ശൂന്യത്വത്തെ.
കാണ്മതിലെങ്ങുംതന്നെ പിന്നെയും ദുരാപമാ-
മാമൃഗം-തന്നുൾത്തട്ടിൽ വാണിടും മായാമൃഗം.

21



"എങ്ങുവാ,നെണ്ടെങ്ങുവാ,നെങ്ങെങ്ങൊരേടം വാ-
നെൻശിങ്കം-എന്നാൺശിങ്കം-എന്നെന്നാൺപിള്ളശിങ്കം?"
എന്നുരച്ചിങ്ങങ്ങവൻ പിന്നെയും പാഞ്ഞാൻ മേന്മേൽ-
ത്തന്നെത്താൻ മറന്നോനായ്, സന്യസ്തർക്കാരാദ്ധ്യനായ്.
കൂട്ടുകാരെല്ലാം വിട്ടാർ; കൂറ്റുകാർ പെൺകെട്ടിന്നു
കൂട്ടിനാർ വട്ടം; മുഴുഭ്രാന്തിനായ് ചികിത്സിച്ചാർ.
ഭ്രാന്തുതാൻ -ഭക്തിഭ്രാന്തു!-സർവേശസാക്ഷാൽക്കാരം
ശാന്തിയെച്ചെയ്യേണ്ടതാം സത്തർതൻ മഹാരോഗം?
കൂകിടും ചുറ്റും ചെക്കർ; നിൻ "ശിങ്ക"മെങ്ങെന്നോതും;
കൈകൊട്ടിച്ചിരിച്ചിടും: കല്ലെടുത്തെറിഞ്ഞിടും.
കാണ്മതില്ലതൊന്നുമേ മർത്ത്യപഞ്ചാസ്യം മാത്ര-
മോർമ്മയിൽത്തങ്ങിത്തിങ്ങിവിങ്ങുമമ്മഹായോഗി.

22



ചെറ്റുചെന്നപ്പോൾ കണ്ടാൻ ലുബ്ധകൻ മഹാധന്യൻ
ചുറ്റുപാടെഴും വസ്തു സർവ്വവും നൃസിംഹമായ്
കാണ്മതോടെല്ലാം "എന്നാൾക്കേളരിച്ചങ്ങാതി! വാ
ഞാൻമുനിക്കേകാം നിന്നെ,യെന്നോതും; വിളിച്ചീടും.
പാറക്കൽ പളുങ്കൊളിക്കണ്ണുനീരൊലിപ്പിക്കും;
പാദപം തളിർക്കൊമ്പാം താലവൃന്തത്താൽ‌വീശും;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/14&oldid=173840" എന്ന താളിൽനിന്ന് ശേഖരിച്ചത്