താൾ:Vancheeshageethi.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശീലയശോരൂപഗുണാ-
ഗ്ര്യാലയമിവനുചിതനിന്ദിരയ്ക്കെന്നായ്
വേലയിൽവച്ചോർത്തു രസ-
ത്താലയമാർക്കുന്നുവോ നിറഞ്ഞുതുള്ളും?       27

ചലയെന്നു പേരുകേട്ടൊരു
മലർമങ്കയിവണ്ണമചലയായിവിടേ
വിലസുവതു തല്പസത്നീ-
തുല വരുവതിനാശ കരളിലുൾക്കൊണ്ടോ?       28

'ഭാ' മുന്നമെത്തി, പുറമേ
'മാ' മന്ദേതരമണഞ്ഞു മനസി മുദാ;
ഈ മന്നിടത്തിലിനിമേൽ
'യാ' മനുജേശനു വരേണ്ടതതുമെത്തി.       29

പിരിയില്ല നൃപനെയിനിമേ-
ലരിയൊരുരമ, ഞാനുമധരയാമപ്പോൾ;
ശരിയല്ലിതെന്നു വച്ചോ
ധരയിവനെച്ചേർന്നു യുവവയസ്സതിലേ?       30

ഭൂമാശ്ശിഷ്ടനിവങ്കൽ
ഭൂമാശ്ലേഷം ഭവിച്ചതവിചിത്രം;
വസുമതി ചേരാതിവനൊടു
വസുമതിയാകില്ലതാണിഹ വിചിത്രം.       31

തന്നുടയ കാന്തമാരെ വി-
ചിന്വന്നായ് ശൗരി തിരുവനന്തപുരം
തന്നിലുരുസംഭ്രമത്തൊടു
വന്നമരുന്നെന്നു ചിലരുരയ്ക്കുന്നു.       32

മറ്റു ചിലർ മൂലനൃപനുടെ-
യറ്റംവിട്ടുള്ള പുകഴ്പരന്നിവിടം
മുറ്റും പാൽക്കടലെന്ന-
പ്പോറ്റി നിനയ്ക്കുന്നതായ് ക്കഥിക്കുന്നു.       33

ഇനിയൊരുകൂട്ടർ ജഗൽസ്ഥിതി
തനിയേ ചെയ്യുന്നൊരിവനിൽ വിശ്വാസാൽ
ദനുജാരിയിവിടെ നിദ്രാ-
പ്രണയം തേടുന്നുവെന്നു ചൊല്ലുന്നു.       34

എന്മതമനന്തനിവനുടെ
നന്മ തനിക്കൊന്നുനോക്കി വർണ്ണിപ്പാൻ
മുന്മുദിതനായ്ക്കടന്നള-
വമ്മധുരിപു പിൻതുടർന്നുവെന്നത്രേ.       35

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/6&oldid=172156" എന്ന താളിൽനിന്ന് ശേഖരിച്ചത്