Jump to content

താൾ:മണിമഞ്ജുഷ.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
III


എത്രയോ കിടങ്ങിടയ്ക്കുണ്ടെനിക്കിറങ്ങുവാ-
നെത്രയോ, വഴിക്കുമേൽക്കോട്ടയും കയറുവാൻ.
രണ്ടുമെൻ പുരോഗതിക്കൊപ്പത്തിൽത്തടസ്ഥങ്ങൾ;
രണ്ടിന്നു-മങ്ങേപ്പുറത്തെൻ ലാക്കാം ഭവൽസൗധം.
കാരമുൾ കുത്തിക്കേറ്റിക്കാലിൽ നിന്നൊലിപ്പിപ്പൂ
ചോരയിക്കാന്താരമെന്നോർത്തു ഞാൻഖേദിപ്പീല.
അപ്പുലർ പ്രഭാകാരച്ചെങ്കതിർ പ്രകാശത്തിൽ
മൽപദം തെല്ലെങ്കിലും മുന്നോട്ടു നീങ്ങാമല്ലീ?
അങ്ങയും ഞാനും തമ്മിൽ വാച്ചിടും ദൂരത്തിന്നു
ഭങ്ഗമന്നീക്കംകൊണ്ടു മേല്ക്കുമേൽ വരാമല്ലീ?

IV


ആവതല്ലെനിക്കേതും നിന്ദ്യാമാമീരൂപത്തിൽ-
ദ്ദേവരാൽ ചൂഴപ്പട്ടൊരങ്ങയെ സമീപിപ്പാൻ.‌
എത്രയോ കൊട്ടിത്തട്ടിക്കോട്ടവും കേടും നീങ്ങി-
സ്സുഷ്ഠവായ്ത്തീർന്നിട്ടല്ലീ ഞാനതിന്നൊരുങ്ങേണ്ടു?
പങ്കത്തെക്ഷാളിക്കുവാൻ ബാഷ്പധാരതാൻ വേണം.
പക്വമായാമംതീരാൻ ചെന്തീതാൻ ജ്വലിക്കണം.
എത്രയോ രാകിത്തേച്ചുവേണമങ്ങെന്നെശ്രേഷ്ഠ-
രത്നമാക്കുവാ,നിന്നു ഞാൻ വെറും കാചപ്രായൻ
ആതുരൻ ഞാനല്ലർഹൻ ശോധിപ്പാനെന്നിൽച്ചേരു-
മാദിവൈദ്യനാമങ്ങേശ്ശസ്ത്രത്തിൻ വ്യാപാരത്തെ.

V


ഏകാൻ ഞാൻ ഭവാനോടു ഭീതനായ് പ്രാർത്ഥിപ്പതി-
ല്ലേകാന്തസൗഖ്യങ്ങളാം രാവില്ലാദ്ദിനങ്ങളെ.
ഏതിനാൽ സമുൽക്കർഷം സാധിക്കാമെനിക്കെന്നു
താതനും മാതാവുമാമങ്ങല്ലീധരിക്കുന്നു?
ഏതുരൂപമാണിഷ്ടമാ രൂപം വായ്ക്കുമ്മട്ടി-
ലാദിശില്പിയാമങ്ങെൻമൃൽപിണ്ഡം വിമർദ്ദിക്കൂ!
എത്രമേൽ വിശുദ്ധിയെപ്രാപിച്ചാൽ ത്വൽപൂജയ്ക്കെൻ-
ചിത്തതാർ സ്വീകാര്യമാമത്രമേൽ‌ വിശോധിക്കൂ.
ഇന്നെഴും പോരായ്മകളത്രയും തീർത്തങ്ങെന്നെ-
പ്പിന്നെയും സൃഷ്ടിക്കൂ! ഞാനന്നു താൻ ദ്വിജന്മാവാം.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/15&oldid=174059" എന്ന താളിൽനിന്ന് ശേഖരിച്ചത്