ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്‌ക്കുന്നു;
"ദൈവാദിഷ്‌ടം താനെനിക്കെൻ ധർമ്മം- പുരോഗതി.
പക്ഷേ ഞാൻ ഗരുത്മാന,ല്ലല്‌പാല്‌പം മുന്നോട്ടു കാൽ
വച്ചുവച്ചിഴഞ്ഞിഴഞ്ഞെൻലക്ഷ്യം നോക്കിപ്പോകും.
എത്രമേൽ ഭാരം മർത്ത്യരെൻ ചുമൽപാട്ടിൽക്കേറ്റു-
മത്രമേൽപ്പതുക്കെയാമെൻയാനം തദുന്മുഖം.
എൻപേരിൽ നിങ്ങൾക്കില്ല വിശ്വാസം; ഉണ്ടെന്നാകി-
ലെൻഭാരം കുറേപ്പേറാൻ നിങ്ങൾക്കും ശിരസ്സില്ലേ?
എന്നെവിട്ടൊഴിഞ്ഞാലും പോരുമിപ്പിട്ടോതാതെ
പിന്നിൽനിന്നെൻ കാൽ കെട്ടും സൂത്രക്കാർ ഭവാദൃശർ.
'കാലമൊക്കെയും ചെയ്യും ! ചെയ്യില്ലേ?' നിങ്ങൾക്കെന്തു
വേലയിമ്മന്നിൽപ്പിന്നെ? ത്തീറ്റിയും തിമിർപ്പുമോ?"
സ്വർഗ്ഗവും നരകവും
നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും
ലോകനായകൻ തീർത്തുമർത്ത്യരോടരുൾചെയ്‌തു;
'എങ്ങോട്ടു പോകും നിങ്ങൾ?' ഏവരും ചൊന്നാരൊപ്പം
'ഞങ്ങൾ പോംവെണ്മാടത്തിൽ; കണ്ടിൽച്ചെന്നെവൻവീഴും?'
'ഒന്നു നില്‌ക്കുവിൻ വത്സർ' എന്നോതി ക്ഷണം തീർത്താൻ
പൊന്നിനാൽക്കുണ്ടിൻ പാത വർഷിച്ചാൻ രത്‌നങ്ങളെ;
കണ്മുനത്തെല്ലാൽ വിശ്വം കാൽക്കീഴിലാക്കും വേശ്യ-
പ്പെൺമണിക്കൂട്ടത്തെയും നിർത്തിനാനെങ്ങും നീളെ.
കണ്ടകം വാരിത്തൂകി വാളിൻ വായ്‌ത്തലയ്‌ക്കൊപ്പം
വിണ്ടലപ്പാതയ്‌ക്കുള്ള വിസ്‌താരം ചുരുക്കിനാൽ;-
ത്യാഗിതന്നധ്വാവെന്നു കൈകാട്ടിത്തൂൺനാട്ടിനാൻ
ഭീകരം മരുപ്രായമമ്മാർഗ്ഗം സുദർഗ്ഗമം.
'പോരുവിൻ വേണ്ടും വഴി' ക്കെന്നജൻ ചൊല്ലും മുന്നേ
നാരകം നരാകീർണ്ണം ! നിർമ്മർത്ത്യഗന്ധം നാകം ! !
താരകോപദേശം
"താഴത്തു നില്‌ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ-
മൂഴിയെക്കണ്ണീരാറ്റിൽ മുക്കൊല്ലേ; മനുഷ്യരേ!"
വ്യോമത്തിൽ സന്ധ്യയ്‌ക്കൊന്നു നോക്കിയാൽക്കാണും നമ്മ-
ളീമട്ടിൽക്കൺകൊണ്ടോരോന്നോതിടും താരങ്ങളെ
എത്രയോ ലക്ഷം ഭുവാം സോദരിതന്നാർത്തി ക-
ണ്ടത്രമേൽ മാഴ്‌കും ദ്യോവിൻ ബാഷ്‌പാംബുബിന്ദുക്കളേ
താൾ:മണിമഞ്ജുഷ.djvu/45
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു