താൾ:മണിമഞ്ജുഷ.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു മതിമുഖിയാളെസ്സധർമ്മിണിയാക്കിയോൻ നീ;
തരുണിമക്കളിപ്പൊയ്ക തരണം ചെയ്തോൻ.
ഏതുമട്ടിൽ നിൻപ്രിയയെയന്നു കാണ്മാൻ കൊതിച്ചു നീ;
ഏതുമട്ടിലവൾ നിനക്കന്തിയിൽ മേവി?
സ്മൃതിധർമ്മം നരഹൃത്തു ശരിവരയ്ക്കനുഷ്ഠിച്ചാൽ
മതി,യന്നു മഹിയിതു പകുതിനാകം?
തക്ക മാറിത്തോടയാവാം; തോട മാറിക്കമ്മലാവാം;
അക്കണക്കിൽ വരും മാറ്റമല്പവിഷയം.
കാതണിയാൽ മുഖത്തിന്നു കാന്തിയേറുമെന്ന തത്വ-
മാദരിപ്പൂ പണ്ടുമിന്നും ജായാപതിമാർ.
"അലങ്കുർവീത നിശയാം സദാ ദാരംപ്രതി"യെന്ന
പഴയ സദുപദേശമാപസ്തംബോക്തം.
അണിയണം പുമാനെന്നരുളിനാനമ്മഹർഷി;
വനിതതൻ കഥയുണ്ടോ വചിപ്പാൻ പിന്നെ?
പഴയതു പുകഴ്ത്തുന്നു; പുതിയതു പഴിക്കുന്നു;
പഴയതും പുതിയതുമറിഞ്ഞിടാത്തോർ,
പഴയതു മരാമര, മിടയിലേതിത്തി-ൾക്കണ്ണി;
പഴയതു കലർപ്പറ്റാൽ പുതിയതായി.
പരസ്വം താൻ കുലകന്യ; ജനിതാവിന്നധികാരം
പരിണയത്തോളവും താൻ നിജസുതയിൽ.
വെണ്മതിയും യാമിനിയും വേളികഴിഞ്ഞൊന്നുചേരു-
മംബരത്തിൽ വാഴ്വീലർക്കനൗചിത്യവേദി.
നൂനമവരേതുവിധം ലോകയാത്ര ചെയ്‌വതെന്നു
താനുളിഞ്ഞു നോക്കുന്നീലസ്സഹസ്രപാദൻ.
ഇന്നലത്തേദ്ദിനം തന്റെ സന്തതിയാമിദ്ദിനത്തെ -
ത്തന്നുരുവിൽ വളർത്തുകിൽ താഴും തദ്വംശം
ദിനന്തോറുമുദയത്തിൻ ദിനകരനുണരുന്ന
ജനതയിൽ നവാദർശം ജനിപ്പിക്കുന്നു.
ജീവനറ്റ വകമാത്രം ചീഞ്ഞുമണ്ണിലടിയുന്നു;
ജീവനുള്ളതശേഷവുമുൽഗമിക്കുന്നു
ഹരിദ്വാരത്തിങ്കൽ ഗങ്ഗയൊരുമട്ടിലൊഴുകുന്നു;
പരിചിൽ മറ്റൊരു മട്ടിൽ പ്രയാഗത്തിങ്കൽ;
പല ശാഖാനദികളാം സഖികൾ തൻ സമാഗമ-
മലമതിന്നകവിരിവരുളീടുന്നു.
പേർത്തും പച്ചപ്പട്ടുടുക്കും യൗവനത്തിൽ പിലാവില
വാർദ്ധക്യത്തിൽ മാത്രം ചാർത്തും കാഷായം മെയ്യിൽ.
"തീർന്നിടേണമിക്ഷണത്തിൽ നീയുമെന്നോടൊപ്പ-"മെന്നു
ശീർണ്ണപർണ്ണമോതുന്നീല പല്ലവത്തോടായ്
കാലനേറും കരാളമാം കരിമ്പോത്തിൻ കഴുത്തിലേ
ലോലഘണ്ടാരവമല്ലീ ദത്ത! നീ കേൾപ്പൂ.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/31&oldid=174077" എന്ന താളിൽനിന്ന് ശേഖരിച്ചത്