Jump to content

താൾ:Chithrashala.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭ്രാതൃസ്നേഹമൂർച്ഛകൊണ്ടു ദുശ്ശാസനനും;
അമ്മട്ടല്ല മാതുലനാം സൗബലൻതന്നപചാരം
നിർമ്മയൂഖമത്തമിസ്രം നീരന്ധ്രനീലം
മാമനാൽ തൻ മരുമകൻ ജാൽമനായാൽ തൽക്കുടുംബം
നാമമാത്രശേഷമാവാൻ നാളെത്രവേണം!
ഹാ! കനത്ത തദക്ഷം താൻ തൻകഴുത്തിൽക്കരിങ്കല്ലായ്
നാഗകേതു കെട്ടിത്തൂക്കിക്കയത്തിൽത്താണു.
പാതിവ്രത്യപരിപൂതപ്പാൽപ്പയോധിപ്പൈതലെന്നായ്
ഖ്യാതിപെറ്റാൾ തൽഭഗിനി ഗാന്ധാരീദേവി
ഭർത്തൃപരിചര്യകൊണ്ടു നിഗ്രഹാനുഗ്രഹങ്ങൾക്കു
ശക്തയായാൾ തപസ്വിനി സൽപഥദീപം
"അടിമലർ തുണയമ്മേ! യരികളെജ്ജയിക്കുമാ--
റടർനിലം പൂകുമെന്നെയനുഗ്രഹിക്കൂ!"
എന്നുചൊല്ലിക്കഴൽകൂപ്പും തൻ സുതൻ സുയോധനനെ-
ക്കണ്ണുനീരാൽക്കഴിവതും കഴുകിനോക്കി
"എങ്ങുധർമ്മമങ്ങു ജയ,മെന്മകനേ! പരമേതു--
ണ്ടിങ്ങു നിന്നാൽ പ്രാർത്ഥ്യമെന്നാൽ ദേയമിതിങ്കൽ?"
എന്നുമാത്രമുരചെയ്തു യാത്രയാക്കി ഭരതോർവി-
തൻ ദൂഹിതാവിവളാദ്യം-തദംബപിന്നെ
കൂടയുദ്ധം ചെയ്തു കൊന്നാർ പാണ്ഡുപുത്രരവനെയെ-
ന്നാടൽപൂണ്ടു ധരിച്ചോരസ്സാധ്വിതൻ നോട്ടം
ചരണങ്ങൾ പണിയുന്ന സമവർത്തിസുതൻതൻ കൈ-
വിരൽനഖങ്ങളിലാദ്യം പതിച്ചനേരം
അവ വെന്തുകരിയവേ, യലിവാർന്നു പിൻതിരിച്ചാ--
ളവൾ തൻതീക്കനൽമിഴിയവനിൽനിന്നും
ഭാരതാജി നാടകത്തിൻ സൂത്രധാരൻ, പാർത്ഥസൂതൻ
ഘോരദൈത്യ കാളരാത്രി, ഗോവിന്ദമൂർത്തി;
ഭ്രാജമാനഭഗദത്തപാണിമുക്തവൈഷ്ണവാസ്ത്രം
വൈജയന്തീമാലയായ്ത്തൻ മാറിൽ ധരിച്ചോൻ;
ധർമ്മസുതപക്ഷപാതി, ശൗരി തപ്തഹൃദയയാ--
മമ്മഹതിയരുളിന ശാപം നിമിത്തം

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/14&oldid=157841" എന്ന താളിൽനിന്ന് ശേഖരിച്ചത്