Jump to content

താൾ:Chithrashala.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചപഞ്ചജനങ്ങൾതൻ ഭാര്യയാകുന്നതിൽഭേദം
പഞ്ചശീർഷപന്നഗത്തിൻ പാണിപീഡനം.
ആക്കൊടിയ നിയതിതൻ ശോധനയിൽ ജയംനേടി
ശ്ലാഘ്യമായ്ത്തൻ ദാരധർമ്മം ചരിച്ചാൾ സാധ്വി.
സാഹോദര്യം പാണ്ഡവർക്കും സുന്ദോപസുന്ദർക്കും തുല്യം
ഗേഹിനിക്കും മോഹിനിക്കും മാത്രം വിശേഷം.
"മായയേതിൻ-മരുന്നേതിൻ-മന്ത്രമേതിൻ മഹിമയാൽ
നീയടക്കിബ്ഭരിക്കുന്നു നിൻ പതികളെ?"
ശോഭനയാമവളോടിച്ചോദ്യമൊരുനാൾ തുടങ്ങി
രൂപവിദ്യാമദമാർന്ന സത്രാജിൽപുത്രി
അരിശത്തീയലിവുനീരിവ രണ്ടുമിടകലർ--
ന്നരുളിന മിഴിക്കടയവളിൽച്ചാർത്തി.
ഓതി ദേവം മൊഴിയേവം; "പാതിവ്രത്യമൊഴിഞ്ഞുണ്ടോ
ഭൂതലത്തിൽ വധുക്കൾക്ക് പൂജ്യമാം വശ്യം?
ദൈവതങ്ങളായ് നിനച്ചെൻ നാഥരെ ഞാൻ ഭജിക്കുന്നു
ദേവതയായ് നിനച്ചവരെന്നെയും നിത്യം.
പാണിയോടു പാണി ചേർന്നാൽപ്പോര! ഹൃത്തു ഹൃത്തിനോടു-
ചേണിയന്നു ചേരുകിൽത്താൻ ദമ്പതീഭാവം.
സത്യമാമസ്സംബന്ധത്തിൽ ശ്രദ്ധവയ്ക്കൂ സഹോദരി!
സത്യഭാമേ!-ചതുർവർഗ്ഗ സന്താനത്തിങ്കൽ."
ഭാരതപ്പോർ ജയിച്ചതു ഫല്ഗുനന്റെ ധനുസ്സല്ല;
മാരുതിതൻ മർമ്മഭിത്താം ഗദയുമല്ല;
ശൗരിയുടെ ചക്രമല്ല, സ്സാധ്വികൾക്കു മുടിപ്പൂൺപാം
കാറൊളിവാർകുഴലിതൻ കൈശികഖഡ്ഗം!
ഹാ!ജഗതീധൂമകേതു നാഗകേതുവരുൾചെയ്തു
രാജസൂയജലാർദ്രമാം ദ്രൗപദീകേശം
എന്നു തൊട്ടു തദനുജ,നന്നു വിട്ടു കൗരവരെ--
പ്പുണ്യലക്ഷ്മി; കടാക്ഷിച്ചു കാസരവാഹൻ.
അന്നഴിഞ്ഞ കബരിക്കു പിന്നെയെണ്ണതടവല--
ക്കന്നനുടെ കലർപ്പറ്റ കണ്ഠരക്തത്താൽ;
പൂഴിയിങ്കലിഴയുമാക്കാളഭോഗിയുടെ ഭുക്തി
പാഴനാമപ്പാതകിതൻ പ്രാണമരുത്താൽ.
ആവധുവിൻ തപശ്ശക്തിയാർക്കുവാഴ്ത്താം? വാസുദേവൻ
ഭാവശുദ്ധയവൾക്കെന്നും പ്രത്യക്ഷദാസൻ.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/19&oldid=157846" എന്ന താളിൽനിന്ന് ശേഖരിച്ചത്