Jump to content

താൾ:Chithrashala.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൻദുകൂലമഴിക്കുവാൻ ധാർത്തരാഷ്ട്രൻ തുടങ്ങവേ
തന്തുവായശാലയായി ചൂതുമണ്ഡപം!
മുറ്റുമവൾക്കുലകിന്നു കുക്ഷിപൂർത്തി വരുത്തുവാൻ
വറ്റുചീരയിലയൊന്നിൻ വഴങ്ങൽ പോരും;
കൈക്കു കേറിപ്പിടിക്കുന്ന കാമുകനെപ്പതിപ്പിക്കാൻ
ദൃക്കിൽനിന്നു തെറിക്കുന്ന തീപ്പൊരിപോരും;
എപ്പോളെപ്പോൾ പ്രിയരുടെ ഹൃത്തിടിയു, മുശിർമങ്ങു--
മപ്പോലപ്പോളഴിഞ്ഞ തൻ കൈശികത്തിങ്കൽ
കടമിഴിമുനചേർത്തമ്മടുമൊഴിയൊഴു-ക്കിനാൾ
ചുടിനിണമവരുടെ സിരകൾതോറും.
ആയവൾതന്നകക്കാമ്പിന്നാടൽകൊണ്ടൊരാടലില്ല;
തീയിലുണ്ടോ കുരുത്തതു വെയ്‌ലത്തു വാടൂ?
ദുശ്ശളേശജടാസുരകീചകാദിശലഭങ്ങൾ--
ക്കശ്ശതപത്രായതാക്ഷിയാഗ്നേയഹേതി.
ദുർന്നയനാം ദ്രോണപുത്രൻ കൂരിരുട്ടിൽ തച്ചുകൊന്ന
തന്നരിയ കിടാങ്ങൾതൻ ശവങ്ങൾ കാൺകേ
കണ്ണുനീരിൽ കുളിച്ചീല: കൈകൾ മാറത്തലച്ചീല;
തൊണ്ണകീറിക്കരഞ്ഞീലദ്ദൂർദ്ദാന്തമൂർത്തി.
ഭീമനെത്തന്നന്തികത്തിലാനയിച്ചു ജഗതിക്കു
രോമഹർഷമരുളീടും വാക്കേവമോതി;-
"അങ്ങു മരുൽസുതനെങ്കി, ലാജിവനസിംഹമെങ്കി,--
ലങ്ങയുടെ പാർഷതിതൻ വല്ലഭനെങ്കിൽ;
മത്തനയമാരകമാം മത്തമതംഗജത്തിന്റെ
മസ്തകസ്ഥമണീ കത്തിയടർത്തു ശീഘ്രം
അഗ്രജന്റെ മുടിക്കണിയാക്കുക; - ഞാൻ കണ്ടിടട്ടേ
കൈക്കലാമോ പുതിയൊരിക്കല്ഹാരപുഷ്പം?"
ഇത്തരത്തിലാർക്കുരയ്ക്കാം കൃഷ്ണ പുകപൊതിഞ്ഞതാം
ശുദ്ധശുചിമഹസ്സുതൻ സൂക്ഷ്മമോർപ്പോളം.
ആരുചൊല്ലുമമ്മഹസ്സിന്നരണിയാം ഭരതോർവി
ഭീരുവെന്നും ദീനയെന്നുമബലയെന്നും?

xii
(കേക)


കണ്ടുവോ നീയിച്ചിത്രമോരോന്നും? പോരെന്നാകി--
ലുണ്ടെനിക്കേറെപ്പടം വേറെയും കാണിക്കുവാൻ.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/20&oldid=157848" എന്ന താളിൽനിന്ന് ശേഖരിച്ചത്