വരികെൻ വെള്ളിമാമലയിലേക്കെന്നു
ഹരനെതിരിൽനിന്നരുൾചെയ്കേ,
വരികെന്നുണ്ണി! പാൽക്കടലിലേക്കെന്നു
ഹരി വിളിക്കുന്നു... ഭഗവാനേ! 27
(ശരണമയ്യപ്പാ)
മതി! പിതാക്കളേ ! മതി ഞാൻ കേരള-
ക്ഷിതിയിതിങ്കൽത്താൻ നിവസിപ്പൻ;
പതിതസേവനംവ്രതമെനിക്കെന്നു
സദയനങ്ങോതി-ഭഗവാനേ! 28
(ശരണമയ്യപ്പാ)
"അതിനുതാനുണ്ണിയവതിരിച്ച, ത-
ക്കഥ സുതപ്രേമലഹരിയിൽ
മതിയിലോർത്തീ" ലെന്നരുളി മാറിനാർ
വിധുവുമീശനും- ഭഗവാനേ! 29
(ശരണമയ്യപ്പാ)
ഹരിയെയും പശുപതിയെയും ലോക-
രിരുവരാണെന്നു കരുതയ്‌വാൻ
ഇരുവർക്കും കൂടിത്തനയനായ്ത്തീർന്നു
നിരുപമൻ ഭവാൻ - ഭഗവാനെ! 30
(ശരണമയ്യപ്പാ)
അരിയ കർമ്മവുമറിവും ലോകത്തി-
ലൊരുമിച്ചേ ഫലമുളവാക്കു ;
പരമിത്തത്വം താനവിടത്തേജ്ജന്മ-
ചരിതത്തിൻ പൊരുൾ - ഭഗവാനേ! 31
(ശരണമയ്യപ്പാ)
അവിടെക്കാട്ടിലൊരരുമക്കൈക്കുഞ്ഞായ്
വിവശപൂണ്ടുകരയവേ,
നൃവരൻ പാണ്ഡ്യൻതൻ മിഴികളിൽപ്പെട്ടു
ഭവികദൻ ഭവാൻ - ഭഗവാനേ! 32
(ശരണമയ്യപ്പാ)
ഹരിഹയനീലമണിശിലപോലെ-
യരുളുവോരങ്ങേത്തിരുമേനി
കരൾകുളിർപ്പിക്കും മൃഗമദച്ചാറെ-
ന്നരചനുതോന്നി - ഭഗവാനേ! 33
(ശരണമയ്യപ്പാ)
അനപത്യൻ നൃപനനുരക്തൻ ഭവാൻ
തനയനായ്ത്തീർന്ന നിമിഷത്തിൽ
തനതു ജന്മത്തെസ്സഫലമെന്നോർത്താ
വനതലംവിട്ടാൻ - ഭഗവാനേ! 34
(ശരണമയ്യപ്പാ)
താൾ:ശരണോപഹാരം.djvu/8
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു