Jump to content

താൾ:ശരണോപഹാരം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിമുതൽ രമ്യം മുടിയോളം ഹാഹാ!
മുടിമുതൽക്കാന്തമടിയോളം
അടിയങ്ങൾക്കേതൊരവയവം കാണ്മാൻ
പടുതയുണ്ടിതിൽ? -ഭഗവാനേ!       115        (ശരണമയ്യപ്പാ)

ത്രിദശനായ്കൻ തൃണസമൻ; പക്ഷേ
മധുരമാമങ്ങേത്തിരുമേനി
പതിവായ്ക്കാണ്മാൻ തന്നയനലാഭത്തിൽ-
ക്കൊതിയുള്ളോർ ഞങ്ങൾ- ഭഗവാനേ!       116        (ശരണമയ്യപ്പാ)

ഒഴിവില്ലാതെയിപ്പിറവിയാഴിയിൽ
മുഴുകുന്നു ഞങ്ങളുയരുന്നു.
കുഴയുന്നു കൈകാ,ലവിടുന്നേയുള്ളു
തുഴയും തോണിയും - ഭഗവാനോ!       117        (ശരണമയ്യപ്പാ)

ശബരിമേട്ടിൽവാണരുളീടും പോലെ
ചപലർ ഞങ്ങൾതന്നകമേയും
വിഭുതയിൽ വാണു വിഹിതമേകുവാൻ
കൃപ പുലമ്പണേ - ഭഗവാനേ!       118        (ശരണമയ്യപ്പാ)

ധരയിതൊക്കെയും ശബരിമേടെന്നും
സ്ഥിരചരവ്യൂഹമഖിലവും
ഹരിഹരാത്മജമയമെന്നും കാണ്മാൻ
തരണമേ മിഴി-ഭഗവാനേ!       119        (ശരണമയ്യപ്പാ)

പരരും ഞങ്ങളും പലരല്ലേകരി-
പ്പരമതത്വമാം പടവേറി
ത്വരിതം ഞങ്ങളിപ്പിറവിയാം കടൽ
തരണംചെയ്യണേ-ഭഗവാനേ!       120        (ശരണമയ്യപ്പാ)

കരുതിടേണ്ടൊരു വിഷയവും ഭവാൻ;
കരുതിടുന്നോനും ഗുരുഭവാൻ!
കരുതുവാനുള്ളപദവിയുമ്മ് ഭവാൻ;
കരുതലും ഭവാൻ-ഭഗവാനേ!       121        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ! ശരണ,മേതുമോ-
ന്നറിയപ്പോകാത്തൊരടിയങ്ങൾ
പരമങ്ങേക്കൊണ്ടു പലതും ജല്‌പിച്ചു;
പരിഭവിക്കൊല്ലേ-ഭഗവാനേ!       122        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/19&oldid=174404" എന്ന താളിൽനിന്ന് ശേഖരിച്ചത്