Jump to content

താൾ:ശരണോപഹാരം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെറിയും നീതിയും നിലനിർത്തിക്കൊണ്ടി-
ത്തറുതലക്കാരൻ വളരുകിൽ
അറുതി തിന്മയ്ക്കു വരു,മെനിക്കുള്ള
പൊറുതിയും മുട്ടും - ഭഗവാനേ!        43        (ശരണമയ്യപ്പാ)

ശരി,യിതിന്നു ഞാൻ മറുകൈ നോക്കുമെ-
ന്നുരചെയ്താച്ചതിക്കൊലയാളി
പെരികെസ്സേവിച്ചു മഹിഷിയെത്തന്നെ
വരദായാക്കിനാൻ - ഭഗവാനേ!        44        (ശരണമയ്യപ്പാ)

കൊടിയ രോഗത്തിൻ പിടിയിൽപ്പെട്ടുതൻ
മടുമൊഴിയാളെന്നറിയവേ
ഝടിതി പാഞ്ഞെത്തി നൃപനദ്ദേവിതൻ
കിടമുറിക്കുള്ളിൽ - ഭഗവാനേ!        45        (ശരണമയ്യപ്പാ)

"തലനോവാണെനി,ക്കതുമാറാനീറ്റ-
പ്പുലിതൻ പാൽ വേണം ഹൃദയേശ!
സുലഭമല്ലതു; ഫലമെന്തോതിയാൽ?
വലയുമാറായ് ഞാൻ" - ഭഗവാനേ!        46        (ശരണമയ്യപ്പാ)

അരുവയർമുത്തിൻ മൊഴിയിതിൻ തത്വ
മരചൻ പ്രേമാന്ധനറിയാതെ
അരുളിനാൻ വേണം പുലിതൻ പാലെന്നു
പരിജനത്തോടു -ഭഗവാനേ!       47        (ശരണമയ്യപ്പാ)

വിടകൊണ്ടാരവർ "തിരുമുൽക്കാഴ്ചയാ-
യുടലിൽനിന്നടർത്തുയിർ വയ്ക്കാം;
അടിയങ്ങൾക്കീറ്റപ്പുലിതൻ വായിൽച്ചെ-
ന്നടിയുവാൻ പണി" - ഭഗവാനേ!        48        (ശരണമയ്യപ്പാ)

വെളിവിലങ്ങപ്പോഴരുളി "കല്പിച്ചാ-
ലെളിയദ്ദാസനിതുനേരം
പുലിയിൽനിന്നല്ല സുരഭിയിൽനിന്നും
വിളയിക്കാം ദുഗ്ദ്ധം' - ഭഗവാനേ!        49        (ശരണമയ്യപ്പാ)

ശരിയെന്നോതുന്നു നൃപനും മന്ത്രിയു-
മിരുവർക്കും ഭാവമിരുവിധം
വിരവിൽപ്പാ,ഞ്ഞപ്പോൾപ്പുലിയും കുട്ടിയു-
മരികിലെത്തുന്നു - ഭഗവാനേ!        50        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/10&oldid=174395" എന്ന താളിൽനിന്ന് ശേഖരിച്ചത്