Jump to content

താൾ:ശരണോപഹാരം.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടെത്താവകസഹചരൻ വാവർ
നിവസിക്കും കോവിലണയുമ്പോൾ
അവിഷമം 'ഹിന്ദു മുസൽമാൻ' മൈത്രിയെ-
ന്നെവനും ബോധ്യമാം - ഭഗവാനേ!       91        (ശരണമയ്യപ്പാ)

പലനിറംപെടും സ്ഫടികദീപങ്ങൾ
പലമട്ടിൽക്കത്തിയെരികിലും
അലഘുദീപ്തിപൂണ്ടവയിൽ മിന്നിടും
ജ്വലമൊന്നല്ലീ? - ഭഗവാനേ!       92        (ശരണമയ്യപ്പാ)

"ഒരു മതം നിങ്ങൾക്കൊരു ദൈവം" - ഭവാൻ
നരരൊടിത്തത്വമരുൾ ചെയ്‌വാൻ
കരുതി വാവരെ പ്രിയസുഹൃത്റ്റാക്കി-
പ്പരിലസിക്കുന്നു - ഭഗവാനേ!       93        (ശരണമയ്യപ്പാ)

വടിവിൽ മാളികബ്ഭഗവതിതന്റെ
യടിമലർകൂപ്പിയടിയങ്ങൾ
പടികളോരോന്നായ്പ്പതിനെട്ടും കേറി
നടയിലെത്തുന്നു - ഭഗവാനേ!       94        (ശരണമയ്യപ്പാ)

പതിനെട്ടായ്ത്തിരിച്ചുപചാരങ്ങളെ
വിദിതവേദ്യന്മാർ വിവരിപ്പു
വിധിവത്തായി ഞങ്ങളവതാൻ ചെയ്‌വതീ-
പ്പദവിന്യാസത്താൽ - ഭഗവാനേ!       95        (ശരണമയ്യപ്പാ)

പതിനെട്ടുണ്ടു പോ, ലുലകിൽ വിദ്യക-
ളതിലഘുക്കൾ താനവയെല്ലാം
ത്വദുപസേവിക്കെന്നറിവൂ ലോകരി-
പ്പദവിക്ഷേപത്താൽ - ഭഗവാനേ!       96        (ശരണമയ്യപ്പാ)

അവിടത്തേത്തിരുനടയിലെത്തിന
ഭവികസമ്പന്നരടിയങ്ങൾ
നവനിധീശനെപ്പരമദാരിദ്ര്യ-
വിവശനായ്ക്കാണ്മു - ഭഗവാനേ!       97        (ശരണമയ്യപ്പാ)

എവിടെയുമങ്ങു ജയജയോൽഘോഷ-
മെവിടെയും ഭക്ത 'ശരണോ'ക്തി
എവിടെയും സുധാമധുരസങ്ഗീതം
ശ്രവണമോഹനം - ഭഗവാനേ!       98        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/16&oldid=174401" എന്ന താളിൽനിന്ന് ശേഖരിച്ചത്