Jump to content

താൾ:കിരണാവലി.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"പകച്ചിറങ്ങിപ്പടവെട്ടിയെന്റ
രണ്ടേട്ടരും പെട്ടരുളിക്കഴിഞ്ഞു;
അങ്കം നടക്കുന്നു മുറയ്ക്കു; തായേ!
ഞാനെന്തു മേൽ വേണ, മതോതിയാലും."       8

എന്നോതി വീർപ്പേറിയിടയ്ക്കു വാക്കു
തട്ടിത്തടഞ്ഞോരു കഴുത്തുയർത്തി
തപ്താശ്രു തങ്ങും മിഴിരണ്ടുമോമൽ-
ത്തങ്കക്കുടം തായുടെ നേർക്കയച്ചു.       9

സന്ധ്യാംബരംപോലെ മകന്റെ നോട്ടം
ശങ്കാതമിസ്രാങ്കമിയന്നു കാൺകേ
തണ്ടാർ തള,ർന്നാമ്പൽവിരിഞ്ഞിടാത്ത
വാപിക്കു നേരായ് ജനനിക്കു വക്ത്രം.       10

ആ വീരമാതാവിനതേവരയ്ക്കു-
മപത്യവാത്സല്യമനോരമങ്ങൾ
ആ ലാക്കിൽ നേത്രങ്ങൾ പകർന്നു കാണാ-
യാക്ഷേപരൂക്ഷേക്ഷണദക്ഷിണങ്ങൾ.       11

വളഞ്ഞ ചില്ലിക്കൊടി ചൊവ്വിൽവച്ചും
വഹ്നിസ്ഫുലിംഗം മിഴികൊണ്ടുതിർത്തും
മകന്റെനേർക്കമ്മ വലിച്ചുവിട്ടാൾ
വാഗ്രൂപമായുള്ളൊരു വജ്രബാണം.       12

"എന്തോതി നീയെന്മകനേ? 'മരിച്ചു
രണ്ടേട്ടരും; ഞാനിനിയെന്തുവേണം?'
എന്നോ നിനക്കമ്മയെയെന്നെനോക്കി-
ച്ചോദിക്കുവാൻ തോന്നിയ ചോദ്യമിപ്പോൾ?       13

ആദ്യം കുലോദ്ധാരകരാകുവാൻ ര-
ണ്ടാണ്മക്കളുണ്ടായ്ച്ചരിതാർത്ഥയാം ഞാൻ
തദ്ദൃഷ്ടിദോഷം മറവാനൊടുക്കം
പെൺപെട്ടയെ പെറ്റൊരു പൊട്ടിയായി!       14

കാഴ്ചയ്ക്കതും പുരുഷനെന്നു തോന്നി;
കാര്യംവരുമ്പോളൊരു ഭീരുമാത്രം!
തങ്കത്തിനും പൂച്ചിനുമുള്ള ഭേദം
ശാണോപലാന്ദോളനവേള കാട്ടി!       15

അന്തഃപുരത്തിന്നകമക്കിടാവു
കണ്ണും നിറച്ചിന്നു കരഞ്ഞിടട്ടേ;
അല്ലതെയെന്തെൻ രസനയ്ക്കുരയ്ക്കാം?
അവീരയാം ഞാനസഹായയല്ലോ.       16

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/37&oldid=173037" എന്ന താളിൽനിന്ന് ശേഖരിച്ചത്